താഴെ ചേര്‍ക്കുന്ന അത്ഭുത വൃത്താന്തങ്ങള്‍ മുഴുവനും അനേകം നിവേദന പരമ്പരകള്‍ വഴി – ചിലതില്‍ പതിനാറുവരെ – സമവായത്തോടെ ഉദ്ധരിക്കപ്പെട്ടവയാണ്. വലിയ ജനക്കൂട്ടത്തിന്റെ മുമ്പാകെ, നടന്നവയാണ് അവയില്‍ അധികവും. സന്നിഹിതരായവരില്‍ സത്യസന്ധരും പ്രശസ്തരുമായ ആളുകളാണ് അവ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉദാഹരണമായി, നാലുപിടി ഭക്ഷണത്തില്‍ പങ്കുചേര്‍ന്ന എഴുപതുപേരില്‍ ഒരാള്‍ സംഭവം ഉദ്ധരിക്കുന്നു, മറ്റാരും അതിനെ ഖണ്ഡിക്കുന്നില്ല. അവരുടെ മൗനം സംഭവത്തെ സ്ഥിരീകരിക്കുന്നു. സത്യവും സത്യസന്ധതയും പ്രബലമായിരുന്ന ആ കാലത്ത് കളവിന്റെ ചെറിയൊരു ലാഞ്ചന പോലുമുണ്ടായിരുന്നെങ്കില്‍ സ്വഹാബികള്‍ അത് നിഷേധിക്കുമായിരുന്നു. നാമിവിടെ ഉദ്ധരിക്കാന്‍ പോവുന്ന സംഭവങ്ങള്‍ നിരവധി പേര്‍ ഉദ്ധരിച്ചതാണ്. അവയ്ക്ക് സാക്ഷ്യം വഹിച്ചവര്‍ മൗനം പാലിക്കുകയും ചെയ്തു. അങ്ങനെ ‘ആശയസമവായം’ ഉള്ളവയാണ് ഇവയെല്ലാം.തന്നെയുമല്ല, ചരിത്ര ഗ്രന്ഥങ്ങളും നബി ജീവചരിത്രങ്ങളും അവ സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആനും അതിലെ സൂക്തങ്ങളും സൂക്ഷിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്കു തൊട്ടു പിന്നാലെ നബിശിഷ്യന്മാര്‍ തിരുദൂതരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉത്സാഹിക്കുകയുണ്ടായി. ശരീഅത്ത് സംബന്ധമായതും അത്ഭുതങ്ങളെ സംബന്ധിക്കുന്നവയുമായ ഹദീസുകളുടെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു. തിരുനബിയുടെ ഏറ്റവും ചെറിയ പ്രവൃത്തികളും അവസ്ഥകളും മൊഴികളും പോലും അവര്‍ അവഗണിച്ചില്ല. ഹദീസ് ഗ്രന്ഥങ്ങള്‍ ഇവയെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തിരുദൂതര്‍ നിയമസംബന്ധമായി നല്‍കിയ നിര്‍ദേശങ്ങളും അവിടുത്തെ അത്ഭുത സിദ്ധികളെക്കുറിച്ചുള്ള വൃത്താന്തങ്ങളും ആ അനുഗൃഹീത നാളുകളില്‍ രേഖപ്പെടുത്തി വെക്കുകയുണ്ടായി. ഏഴ് അബ്ദുല്ലമാര്‍ പ്രത്യേകിച്ചും അവ എഴുതിവെച്ചു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ് (റ) എന്നിവര്‍ മുപ്പതു മുതല്‍ നാല്പതു വരെ വര്‍ഷങ്ങള്‍ക്കു ശേഷം അവ രേഖപ്പെടുത്തിയവരാണ്. തുടര്‍ന്ന് ആയിരക്കണക്കിന് പണ്ഡിതന്മാര്‍ പല തലമുറകളിലായി നബിശിഷ്യന്മാരുടെ മാതൃക പിന്തുടര്‍ന്ന് ഹദീസുകളും അത്ഭുത സംഭവങ്ങളും എഴുതി രേഖയാക്കി. പ്രാമാണിക നിയമവ്യാഖ്യാതാക്കളും ആയിരക്കണക്കിന് ഹദീസ് പണ്ഡിന്മാരും അവ ഉദ്ധരിക്കുകയും എഴുതി സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഹിജ്‌റയുടെ രണ്ടു നൂറ്റാണ്ടിനു ശേഷം ബുഖാരിയും മുസ്‌ലിമുമടങ്ങുന്ന ആറു പ്രാമാണിക സമാഹര്‍ത്താക്കളും ഹദീസുകള്‍ രേഖപ്പെടുത്തി. ഇബ്‌നുല്‍ജൗസിയെപോലുള്ള നിരൂപകന്മാര്‍ എല്ലാ നിവേദനങ്ങളും പരിശോധിച്ചു നെല്ലും പതിരും വേര്‍തിരിച്ചു. വ്യാജ ഹദീസുകളെ തെരഞ്ഞു പിടിച്ചു. പിന്നീട് ജലാലുദ്ദീന്‍ സുയൂത്വി(റ)യെപ്പോലുള്ള പ്രഗത്ഭ പണ്ഡിതന്‍മാര്‍ വ്യാജനിര്‍മിത ഹദീസുകളെയും ആധികാരികങ്ങളായ മൊഴിമുത്തുകളെയും വേര്‍തിരിക്കുകയുണ്ടായി. എഴുപതു തവണ ഉണര്‍ച്ചയില്‍ റസൂലിന്റെ സാന്നിധ്യം അനുഭവിക്കാനും സംഭാഷണം നടത്താനും അനുഗ്രഹം ലഭിച്ച പണ്ഡിതനായിരുന്നു സുയൂത്വി.
ഒന്ന്
സൈനബു(റ)മായുള്ള നബിയുടെ വിവാഹ സമയത്ത് അനസി(റ)ന്റെ ഉമ്മ ഉമ്മുസുലൈം(റ) രണ്ടു പിടി കാരക്ക എണ്ണയില്‍ വറുത്ത് ഒരു പ്രത്യേക ഭക്ഷണം തയാറാക്കി അനസ് വശം നബി(സ)ക്ക് കൊടുത്തയച്ചു. നബി അതു വാങ്ങിവെച്ച ശേഷം ചിലയാളുകളുടെ പേരുകള്‍ പറഞ്ഞ് അവരെയും പിന്നെ വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവരെയും വിളിച്ചു കൊണ്ടുവരാന്‍ അനസി(റ)നോട് ആവശ്യപ്പെട്ടു. അനസ് (റ) നബി പേരു പറഞ്ഞവരെയും വഴിയില്‍ കണ്ടവരെയുമെല്ലാം വിളിച്ചു കൊണ്ടു വന്നു. മുന്നൂറോളം പേരുണ്ടായിരുന്നു അവര്‍. തിരുമേനി പറഞ്ഞു: ”പത്താള്‍വീതമുള്ള വൃത്തങ്ങളായി ആളുകളെ ഇരുത്തുക.” തിരുനബി കുറച്ചു മാത്രമുള്ള ഭക്ഷണത്തില്‍ വിരല്‍ വച്ചു പ്രാര്‍ത്ഥിച്ചു. ഓരോരുത്തരോടും എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും വേണ്ടത്ര കഴിച്ചു. ശേഷം നബി അനസി(റ)നെ വിളിച്ചു ബാക്കി ഭക്ഷണം എടുത്തു കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. അനസ്(റ) പിന്നീട് പറഞ്ഞു: ”ഞാന്‍ കൊണ്ടുവന്നു വെച്ചപ്പോഴായിരുന്നോ എടുത്തു കൊണ്ടുപോയപ്പോഴായിരുന്നോ ജാസ്തിയുണ്ടായിരുന്നത് എന്ന് എനിക്ക് പറയാനാവില്ല.”
രണ്ട്
നബി(സ)യുടെ ആതിഥേയനായിരുന്ന അബൂഅയ്യൂബുല്‍ അന്‍സാരി(റ) പറയുന്നു: തിരുദൂതര്‍ തന്റെ അതിഥിയായിരുന്നപ്പോള്‍ നബിക്കും അബൂബക്കര്‍ സിദ്ദീഖിനുമായി രണ്ടു പേര്‍ക്കുള്ള ഭക്ഷണം തയ്യാറായി. പക്ഷേ, തിരുദൂതര്‍ ആവശ്യപ്പെട്ടു : ”അന്‍സാറുകളില്‍പെട്ട മുപ്പതു പ്രമുഖരെ ക്ഷണിക്കുക.” അബൂഅയ്യൂബ്(റ) പറയുന്നു: ”മുപ്പതുപേര്‍ വന്നു ഭക്ഷണം കഴിച്ചു. അനന്തരം തിരുനബി പറഞ്ഞു: ”ഇനി അറുപതു പേരെ ക്ഷണിക്കുക.” അവരെ വിളിച്ചപ്പോള്‍ അവരും വന്നു ഭക്ഷിച്ചു. നബി കല്‍പിച്ചു: ”എഴുപതു പേരെ കൂടി വിളിക്കുക.” ഞാന്‍ എഴുപതുപേരെ ക്ഷണിച്ചു. അവര്‍ വന്നു. അവര്‍ ഭക്ഷിച്ചു കഴിഞ്ഞതിനു ശേഷവും പാത്രത്തില്‍ ആഹാരം ബാക്കിയുണ്ടായിരുന്നു. വന്നവരെല്ലാം ഇസ്‌ലാം സ്വീകരിച്ചു. ഈ അത്ഭുതം ദര്‍ശിച്ച അവര്‍ നബി(സ്വ)ക്ക് അനുസരണ പ്രതിജ്ഞ ചെയ്തു. രണ്ടുപേരുടെ ഭക്ഷണം നൂറ്റി എണ്‍പത് പേര്‍ കഴിച്ചു.
മൂന്ന്
ഉമറുബ്‌നുല്‍ഖത്താബ്, അബൂഹുറൈറ, സലമത് ബ്‌നു അക്‌വഅ്, അബൂഅംറുല്‍ അന്‍സ്വാരി (റളിയല്ലാഹു അന്‍ഹും) തുടങ്ങി പല നിവേദകര്‍ വഴി ഉദ്ധരിക്കപ്പെട്ട ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഒരു സൈനിക പര്യടനവേളയില്‍ സൈനികര്‍ക്ക് വിശന്നു. അവര്‍ നബിയോട് കാര്യം പറഞ്ഞു: ”നിങ്ങളുടെ സഞ്ചികളില്‍ ശേഷിക്കുന്ന ഭക്ഷണങ്ങളെല്ലാം കൊണ്ടുവരിക.” എന്ന് നബി അവരോടാവശ്യപ്പെട്ടു. ഓരോരുത്തരും ഏതാനും കാരക്കച്ചീളുകള്‍ കൊണ്ടു വന്നു നബിയുടെ മുമ്പില്‍ വെച്ചു. അവയെല്ലാം കൂടി നാലുപിടി കാണുമായിരുന്നു. സലമ: പറയുന്നു: ”ഒരു കുഞ്ഞന്‍ ആടിന്റെ അത്ര അതു വരുമെന്ന് ഞാന്‍ കണക്കാക്കി.” നബി ആവശ്യപ്പെട്ടു: ”എല്ലാവരും തങ്ങളുടെ പാത്രങ്ങള്‍ കൊണ്ടുവരിക.” എല്ലാവരും പാത്രങ്ങളുമായി വന്നു. സൈനികരുടെ എല്ലാ പാത്രങ്ങളിലും കാരക്കകള്‍ നിറഞ്ഞു. എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞ ശേഷവും കുറച്ച് പായയില്‍ ബാക്കിയുണ്ടായിരുന്നു. ഒരു സ്വഹാബി പറഞ്ഞു: ”ആ വര്‍ധനവിന്റെ രീതി കണ്ടപ്പോള്‍ എനിക്കു മനസ്സിലായി, ലോകത്തെ മുഴുവന്‍ ജനങ്ങളും അവിടെ വന്നാലും വേണ്ടത്ര ഭക്ഷണം അവിടെയുണ്ടാവുമായിരുന്നു.”
നാല്
അബ്ദുറഹ്മാനുബ്‌നു അബൂബകര്‍ സ്വിദ്ദീഖ് (റ) ഉദ്ധരിക്കുന്നു: ഒരു രാത്രിയില്‍ നബിയോടൊപ്പം ഞങ്ങള്‍ നൂറ്റിമുപ്പത് ശിഷ്യന്മാരുണ്ടായിരുന്നു. നാലു പിടി ഗോതമ്പുമാവ് തയ്യാറാക്കി. ഒരാടിനെ അറുത്ത് ഇറച്ചി വേവിക്കുകയും കരളും വൃക്കയും പൊരിക്കുകയും ചെയ്തു. പൊരിച്ചതിന്റെ ഓരോ കഷ്ണം വീതം റസൂല്‍(സ്വ) ഓരോരുത്തര്‍ക്കും കൊടുത്തു. വേവിച്ച ഇറച്ചി രണ്ടു വലിയ പാത്രങ്ങളില്‍ വിളമ്പി. ഞങ്ങളെല്ലാവരും വേണ്ടത്ര കഴിച്ചിട്ടും ബാക്കിയായിരുന്നു. ബാക്കിയുള്ളത് ഞാന്‍ കെട്ടാക്കി ഒട്ടകപ്പുറത്ത് കയറ്റി.
അഞ്ച്
ജാബിര്‍ അല്‍അന്‍സാരി(റ) ഉദ്ധരിക്കുന്നു: ”ഖന്‍ദഖ് യുദ്ധ ദിവസം നാലു കൈകുമ്പിളില്‍ കൊള്ളുന്ന റൊട്ടിയും ഒരാടിന്റെ മാംസവും ആയിരം പേര്‍ ഭക്ഷിച്ചിട്ടും ബാക്കിയായിരുന്നു. എന്റെ വീട്ടിലാണ് അന്ന് ഭക്ഷണം പാകം ചെയ്തത്. ആയിരം പേര്‍ തിന്ന് മടങ്ങിയിട്ടും ഇറച്ചിപാത്രം നിറഞ്ഞു തിളച്ചു കൊണ്ടിരുന്നു. മാവില്‍ നിന്ന് അപ്പം ഉണ്ടാക്കിക്കൊണ്ടിരുന്നു. മാവു കുഴക്കാന്‍ തളിച്ച വെള്ളവും ഇറച്ചിപാത്രവും നബി തന്റെ വായ കൊണ്ട് നനച്ചിരുന്നു, ‘ധാരാളം നല്‍കി അനുഗ്രഹിക്കണമേ’ എന്ന പ്രാര്‍ത്ഥനയോടെ.”
ആറ്
ജാബിര്‍ അല്‍അന്‍സാരി(റ) ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ ഒരാള്‍ നബിയോട് തന്റെ കുടുംബത്തിനായി ഭക്ഷണം ആവശ്യപ്പെട്ടു. നബി അദ്ദേഹത്തിന് അരപാത്രം ബാര്‍ലി നല്‍കി. അദ്ദേഹം അതു വീട്ടില്‍ കൊണ്ടുപോയി. പാത്രത്തില്‍ നിന്ന് ആവശ്യത്തിനെടുത്ത് വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ഭക്ഷണമൊരുക്കി. ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ പാത്രത്തില്‍ നിന്ന് ബാര്‍ലിയെടുത്തു. പാത്രം ഒരിക്കലും കാലിയായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പാത്രത്തില്‍ എത്ര ബാര്‍ലി ബാക്കിയുണ്ടെന്ന് അളന്നു നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അളന്നതില്‍ പിന്നെ പാത്രത്തില്‍ ബാര്‍ലി കുറയാന്‍ തുടങ്ങി. വേഗം അതു തീരുകയും ചെയ്തു. അദ്ദേഹം നബി(സ)യെ ചെന്നു കണ്ട് ഉണ്ടായ അനുഭവം പറഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു: ”നിങ്ങള്‍ അതു അളന്നു നോക്കിയിരുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്കത് മതിയാകുമായിരുന്നു.”
എട്ട്
സമുറതുബിന്‍ ജുന്‍ദുബ് (റ) ഉദ്ധരിക്കുന്നു. നബി(സ്വ)യുടെ സമക്ഷം ഒരു പാത്രം മാംസം കൊണ്ടുവരപ്പെട്ടു. രാവിലെ മുതല്‍ വൈകുന്നേരം വരെ പല സംഘം ആളുകള്‍ വന്നു. അതില്‍ നിന്നു ഭക്ഷിച്ചു.
ഒമ്പത്
അശ്ശിഫാഉശ്ശരീഫിന്റെ കര്‍ത്താവ് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു: അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. ”തിരുദൂതര്‍(സ്വ) എന്നോടാവശ്യപ്പെട്ടു: ”പള്ളിച്ചെരുവില്‍ വസിക്കുന്ന സാധുക്കളായ അഭയാര്‍ത്ഥികളെ വിളിച്ചുകൊണ്ടു വരിക. നൂറിലധികം ആളുകളുണ്ട് അവര്‍. ഞാന്‍ പോയി അവരെയെല്ലാം വിളിച്ചു കൊണ്ടു വന്നു. ഞങ്ങളുടെ മുമ്പില്‍ ഒരു തളിക ഭക്ഷണം വിളമ്പി. ഞങ്ങള്‍ക്കു വേണ്ടത്ര ഞങ്ങള്‍ തിന്നു. ശേഷം എഴുന്നേറ്റു. കൊണ്ടു വന്നു വെച്ചപ്പോള്‍ ഉള്ള അത്ര തന്നെ ഭക്ഷണം അതില്‍ ഉണ്ടായിരുന്നു. ഭക്ഷണത്തില്‍ വിരല്‍ പാടുകള്‍ ഉണ്ടായിരുന്നു എന്ന് മാത്രം.”
പത്ത്
നബി തിരുമേനി ഒരിക്കല്‍ അബ്ദുല്‍മുത്തലിബിന്റെ സന്തതികളെ വിളിച്ചുകൂട്ടി. നാല്പതു പേരുണ്ടായിരുന്നു. ഒരൊട്ടകക്കുട്ടിയെ മുഴുവനായും ലിറ്റര്‍ കണക്കിന് പാലും അകത്താക്കാന്‍ ശേഷിയുള്ളവരായിരുന്നു അവര്‍. എന്നാല്‍ ഒരു കൈക്കുടന്ന ഭക്ഷണമേ നബി ഒരുക്കിയിരുന്നുള്ളൂ. എല്ലാവരും വേണ്ടത്ര ഭക്ഷിച്ചു. ഭക്ഷണം ആദ്യം ഉണ്ടായിരുന്നത്ര തന്നെ ബാക്കിയായി. പിന്നീട് അവിടുന്ന് ഒരു മരപ്പാത്രത്തില്‍ പാല്‍ കൊണ്ടുവന്നു. ഏറിയാല്‍ മൂന്നോ നാലോ പേര്‍ക്കുള്ളതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും വയറു നിറയെ കുടിച്ചു.
പതിനൊന്ന്
ഫാത്വിമ(റ)യുമായുള്ള അലി(റ)യുടെ വിവാഹ വേളയില്‍ നബി(സ്വ) ബിലാലി(റ)നോടാവശ്യപ്പെട്ടു. ”കുറച്ചുപൊടി കുഴച്ച് അപ്പം ചുടുക. ഒരു ചെറിയ ഒട്ടകത്തെയും അറുക്കുക.” ബിലാല്‍(റ) പറയുന്നു: ”ഞാന്‍ ഭക്ഷണമൊരുക്കി. നബി(സ) അത് കൈവെച്ച് അനുഗ്രഹിച്ചു. പിന്നീട് സ്വഹാബിമാര്‍ സംഘം സംഘമായി വന്നു. എല്ലാവരും ഭക്ഷിച്ചു. ബാക്കി വന്ന ഭക്ഷണത്തില്‍ നിന്ന് ഓരോ പാത്രം വീതം നബി(സ) തന്റെ പത്‌നിമാര്‍ക്ക് കൊടുത്തയച്ചു. സ്വയം കഴിക്കുകയും അതിഥികളെ കഴിപ്പിക്കുകയും വേണമെന്ന് നബി(സ) അവരോട് പറഞ്ഞു.”
അത്തരമൊരു അനുഗ്രഹീത വിവാഹത്തിന് അത്ര സമൃദ്ധമായ സദ്യ കൂടാതെ കഴിയില്ലല്ലോ.
പന്ത്രണ്ട്
ഇമാം ജഅ്ഫര്‍ സ്വാദിഖ് (റ) തന്റെ പിതാവ് മുഹമ്മദ് ബാഖിറി(റ)ല്‍ നിന്നും അദ്ദേഹം തന്റെ പിതാവ് സൈനുല്‍ ആബിദീനി(റ)ല്‍ നിന്നും അദ്ദേഹം അലി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നത്. ഫാത്വിമ തനിക്കും അലിക്കും ഭക്ഷണമുണ്ടാക്കിയ ശേഷം നബി(സ)യെ ഭക്ഷണത്തിനു ക്ഷണിച്ചു കൊണ്ടുവരാന്‍ അലി(റ)യോട് ആവശ്യപ്പെട്ടു. നബിതിരുമേനി(സ്വ) വന്നു. ഒരു പാത്രം ഭക്ഷണം തന്റെ പത്‌നിമാര്‍ക്ക് കൊടുത്തയക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ഒരു പാത്രം ഭക്ഷണം നബിക്കു വേണ്ടിയും മാറ്റിവെച്ച ശേഷം അലിയും ഫാത്വിമയും മക്കളും പാത്രം ഉയര്‍ത്തി. അതില്‍ ഭക്ഷണം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. വളരെക്കാലം അവരതില്‍ നിന്നു ഭക്ഷിച്ചു.
പതിമൂന്ന്
അബൂദാവൂദ്, അഹ്മദ്ബ്‌നു ഹന്‍ബല്‍, ബയ്ഹഖീ തുടങ്ങിയ പ്രഗത്ഭ പണ്ഡിതര്‍, ദുകൈന്‍ അഹ്മസി ബ്‌നു സഈദില്‍മുസൈനില്‍(റ) നിന്നും നുഐമാനുബ്‌നു മുഖര്‍രിന്‍ അല്‍അഹ്മസി അല്‍മുസൈനില്‍(റ) നിന്നും (ആറു സഹോദരങ്ങളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും തിരുനബിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്ത സഹാബി) അതേ പോലെ ഉമര്‍ബ്‌നുല്‍ഖത്താബില്‍(റ) നിന്ന് ജരീര്‍ വഴി നിരവധി നിവേദകര്‍ വഴിയും ഉദ്ധരിക്കുന്നു: നബി(സ്വ) കല്‍പിച്ചു: ”അഹ്മസി ഗോത്രക്കാരായ നാനൂറ് കുതിരപ്പടയാളികളെ സജ്ജമാക്കുക. യാത്രക്കു വേണ്ട പാഥേയവും ഒരുക്കണം.” ഉമര്‍(റ) ബോധിപ്പിച്ചു : ” ഒരൊട്ടകത്തിന്റെ യത്ര സാധനങ്ങളെ നമ്മുടെ പക്കലുള്ളൂ.” നബി(സ) പറഞ്ഞു: ”അത് അവര്‍ക്ക് കൊടുക്കുക.” ഉമര്‍(റ) ആ അരലോഡ് കാരക്കയുമായി പോയി നാനൂറ് കുതിരപ്പടയാളികള്‍ക്ക് നല്‍കി. അവര്‍ക്കെല്ലാം ആവശ്യമുള്ളത്ര അതുണ്ടായിരുന്നു. ആദ്യം ഉള്ളത്ര ബാക്കിയാവുകയും ചെയ്തു; ഒട്ടും കുറയാതെ.”
പതിനാല്
ജാബിര്‍(റ)ന്റെ പിതാവ് മരിക്കുമ്പോള്‍ അദ്ദേഹം വലിയ കടത്തിലായിരുന്നു. ജൂതന്മാര്‍ക്കായിരുന്നു അദ്ദേഹം കൊടുക്കാനുണ്ടായിരുന്നത്. പിതാവിന്റെ സമ്പാദ്യം മുഴുവന്‍ ജാബിര്‍(റ) അവര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞു. അവര്‍ സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ തോട്ടത്തില്‍ നിന്ന് വര്‍ഷങ്ങളോളം പിരിവായി കിട്ടുന്ന പഴങ്ങള്‍ മതിയാകുമായിരുന്നില്ല കടം വീട്ടാന്‍. തിരുദൂതര്‍(സ്വ) പറഞ്ഞു: ”തോട്ടത്തിലെ മുഴുവന്‍ പഴങ്ങളും പറിച്ചു കൊണ്ടുവരിക.” അങ്ങനെ ചെയ്തു. നബി ആ പഴ കൂമ്പാരത്തിനു ചുറ്റും നടന്നു. പ്രാര്‍ത്ഥിച്ചു. അനന്തരം ജാബിര്‍(റ) പിതാവിന്റെ കടം മുഴുവന്‍ വീട്ടി. ഒരു വര്‍ഷത്തെ വിളവെടുപ്പിനു തുല്യമായത് ബാക്കിയായിരുന്നു. മറ്റൊരു നിവേദനമനുസരിച്ച് കടക്കാര്‍ക്ക് കൊടുത്തയത്ര ബാക്കിയായി എന്നാണ്.
പതിനഞ്ച്
ഒരു സൈനിക പര്യടന വേളയില്‍ – തബൂക് യുദ്ധസമയത്താണെന്ന് മറ്റൊരു നിവേദനം – സൈനികര്‍ക്ക് വിശന്നു. നബി ചോദിച്ചു: ”ഒന്നുമില്ലേ?” ഞാന്‍ പറഞ്ഞു : ”എന്റെ സഞ്ചിയില്‍ ഒന്നോ രണ്ടോ ഈത്തപ്പഴം കാണും.” പതിനഞ്ചെണ്ണമുണ്ടായിരുന്നു എന്നതാണ് ഒരു നിവേദനം. നബി (സ) പറഞ്ഞു: ”അവ കൊണ്ടു വരൂ.” ഞാന്‍ അവ നബി(സ)യുടെ മുമ്പിലെത്തിച്ചു. നബി(സ)യതില്‍ കൈയിട്ടു ഒരു പിടി വാരി. എന്നിട്ട് അവ ഒരു പാത്രത്തിലിട്ടു. വര്‍ധിപ്പിച്ചു തരാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. പത്തുവീതം ആളുകളെ വിളിച്ചു. എല്ലാവരും തിന്നു. എന്നിട്ടു പറഞ്ഞു : ”നീ കൊണ്ടുവന്നത് കൊണ്ടു പൊയ്‌ക്കോളൂ. തല കീഴായി മറിക്കരുത്. ഞാന്‍ സഞ്ചിയില്‍ കയ്യിട്ടു. അതില്‍ നേരത്തെ ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നു. പിന്നീട് നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും ഉമര്‍(റ)ന്റെയും ഉസ്മാന്‍(റ)ന്റെയും ജീവിത കാലം മുഴുവന്‍ ഞാന്‍ ആ കാരക്കകള്‍ ഭക്ഷിച്ചു. മറ്റൊരു പരമ്പരയിലൂടെ ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. ഇലാഹീ മാര്‍ഗത്തില്‍ വ്യയം ചെയ്യുന്നതിനായി ധാരാളം കാരക്കകള്‍ ഞാന്‍ ഇതില്‍ നിന്നു നല്‍കിയിട്ടുണ്ട്. ഉസ്മാന്‍ (റ) വധിക്കപ്പെട്ട സമയം എന്റെ ഈ സഞ്ചി മോഷണം പോയി.”
പതിനാറ്
വിശപ്പു കാരണം അബൂഹുറയ്‌റ(റ) നബി(സ്വ)യോടൊപ്പം വീട്ടിലേക്കു നടന്നു. അവിടെ സമ്മാനമായി കൊണ്ടുവന്ന ഒരു പാത്രം പാലുണ്ടായിരുന്നു. നബി(സ) അബൂഹുറൈറ(റ)യോടു പറഞ്ഞു: ”അഹ്‌ലുസ്സുഫ്ഫയിലെ മുഴുവന്‍ ആളുകളെയും വിളിക്കൂ.” അബൂഹുറൈറ(റ) പറയുന്നു: എനിക്കു തനിച്ച് കുടിക്കാനുള്ള പാലേ അതുണ്ടായിരുന്നുള്ളൂ. എന്നിക്കായിരുന്നു അതിന് ഏറെ ആവശ്യം. ”എന്നിരുന്നാലും നബി(സ) ആവശ്യപ്പെട്ടതായതിനാല്‍ ഞാന്‍ അഹ്‌ലുസ്സുഫ്ഫയെ വിളിച്ചു കൊണ്ടുവന്നു. നൂറിലധികം പേരുണ്ടായിരുന്നു അവര്‍. അവര്‍ക്കെല്ലാം പാല്‍ കൊടുക്കാന്‍ തിരുദൂതര്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പാല്‍പാത്രം ഓരോരുത്തര്‍ക്കായി കൈമാറി. എല്ലാവരും വേണ്ടത്ര കുടിച്ചു. ഒടുവില്‍ നബി(സ) പറഞ്ഞു. ”ബാക്കിയുള്ളത് നിനക്കും എനിക്കുമാണ്.” ഞാന്‍ കുടിക്കുമ്പോള്‍ ‘ഇനിയും കുടിക്കൂ ‘ എന്ന് നബി(സ) പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാന്‍ പറഞ്ഞു : ”അങ്ങയെ അയച്ചവന്‍ മഹാനാണെന്ന് ഞാന്‍ സത്യം ചെയ്യുന്നു. എനിക്കിനി കുടിക്കാന്‍ വയ്യ.” ബാക്കിയുള്ളത് അവിടുന്ന് കുടിച്ചു. അല്ലാഹുവിനെ സ്തുതിച്ചും അവന് നന്ദി പറഞ്ഞുകൊണ്ടുമാണ് നബി അത് പാനം ചെയ്തത്.”
പാല്‍പോലെ മാധ്യരുമേറിയതാണ് ഈ അത്ഭുതം. ബുഖാരി ഉള്‍പ്പെടെ എല്ലാ പ്രമാണിക ഗ്രന്ഥങ്ങളും ഇത് ഉദ്ധരിക്കുന്നുണ്ട്. അഹ്‌ലുസുഫ്ഫയില്‍ പെട്ട പ്രഗത്ഭനായ നബി ശിഷ്യന്‍ അബൂഹുറൈറയാണ് ഇത് ഉദ്ധരിച്ചത്. അഹ്‌ലുസ്സുഫയിലെ മറ്റെല്ലാവരും ഇതിനു സാക്ഷിയാണ്.
കൃഷിയും ജലവും ദുര്‍ലഭമായ മരുഭൂ പ്രദേശമാണ് അറേബ്യന്‍ ഉപദ്വീപ്. ഇക്കാരണത്താല്‍ നബി(സ്വ)യുടെ ഒപ്പം ജീവിച്ച അനുയായികള്‍ ഏറെ ഇല്ലായമകള്‍ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും ദാഹം അവരെ പ്രയാസപ്പെടുത്തി. ഇക്കാരണത്താല്‍ നബി(സ)യില്‍ നിന്നുണ്ടായ അത്ഭുത പ്രവൃത്തികളില്‍ അധികവും ഭക്ഷണവും വെള്ളവുമായി ബന്ധപ്പെട്ടതായിരുന്നു. തിരുദൂതനാണെന്നതിനുള്ള തെളിവ് എന്നതിനേക്കാള്‍ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം എന്ന നിലക്കും അല്ലാഹുവിന്റെ സമ്മാനം എന്ന നിലക്കുമാണ് ഇവ സംഭവിച്ചത്. കാരുണ്യവാനായ അല്ലാഹു തന്റെ റസൂലിനു നല്‍കുന്ന സ്‌നേഹവിരുന്നായിരുന്നു അത്. ഈ അത്ഭുതങ്ങള്‍ ദര്‍ശിച്ചവരിലധികവും നേരത്തെ തന്നെ വിശ്വാസികളായിരുന്നു. എന്നാല്‍ അവ ദര്‍ശിച്ചതോടെ അവരുടെ വിശ്വാസം കൂടുതല്‍ ദൃഢവും പ്രകാശപൂര്‍ണവുമായി.
ബദീഉസ്സമാന്‍ സഈദ് നൂര്‍സി
വിവര്‍ത്തനം : എ കെ അബ്ദുല്‍മജീദ്
You must be logged in to post a comment Login