കേരളം എന്നും ഇങ്ങനെയാണ്. എത്ര ഗൗരവതരമായ വിഷയമായാലും, സമൂഹത്തെ എത്ര ആഴത്തില്‍ ബാധിക്കുന്നതായാലും അതിനെ ലഘുവായി, കേവലം ചില വ്യക്തികളോ ഗ്രൂപ്പുകളോ തമ്മിലുള്ള ഒരു മത്സരമാക്കും. ഇതോടെ ജനം ഇരുവശത്തുമായി പിരിഞ്ഞു നിന്ന് ആര്‍ത്തുവിളിക്കും. പ്രശ്‌നം എന്താണെന്ന് എല്ലാവരും മറക്കും. ഐസ്‌ക്രീം പാര്‍ലര്‍പോലെയുള്ള ഒരു വിഷയത്തെ ഒരു നേതാവിന്റെ ധാര്‍മികത മാത്രമാക്കിച്ചുരുക്കിയതു നാം കണ്ടു. മൂന്നാറിലടക്കം വമ്പന്മാര്‍ ഭൂമി കയ്യേറി പാരിസ്ഥിതിക സര്‍വനാശം വരുത്തുന്നവര്‍ക്കെതിരെ ഒരു നടപടിക്ക് മുന്‍സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴും അത് പിണറായി- വിഎസ് തര്‍ക്കമാക്കി മാറ്റി. ലാവ്‌ലിന്‍ അഴിമതിയും ഇതുപോലെ തന്നെ. സോളാര്‍ അഴിമതിയാകട്ടെ ഒരു സ്ത്രീവിഷയമായി താഴ്ന്നു പോയതിനാല്‍ ചര്‍ച്ച ഏറെ നീണ്ടു. ഈ നീണ്ട പട്ടികയില്‍ ഇപ്പോള്‍ മദ്യനയവും ചര്‍ച്ച ചെയ്യപ്പെടുന്നു.
കേരളത്തെ സാമ്പത്തികമായും സാമൂഹ്യമായും ആരോഗ്യപരമായും കാര്‍ന്നുതിന്നുന്നുവെന്ന് എല്ലാവരും സമ്മതിക്കുന്ന ഒന്നാണ് മദ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം. ഇതില്‍ ഒന്നാം സ്ഥാനം ചാലക്കുടിക്കാണോ കരുനാഗപ്പള്ളിക്കാണോ എന്നതാണ് മാധ്യമങ്ങള്‍ മുമ്പ് ഉയര്‍ത്തിയ തര്‍ക്കം. കുടുംബ തകര്‍ച്ചയും റോഡപകടങ്ങളുമടക്കം സമൂഹത്തെ, മദ്യപിക്കാത്തവരെയും സാരമായി ബാധിക്കുന്ന ഒന്നാണിതെന്നാര്‍ക്കുമറിയാം. മദ്യത്തിന്റെ ഉപയോഗം നിരന്തരം വര്‍ദ്ധിക്കുന്നതെന്തുകൊണ്ട് എന്നറിയുന്നവര്‍ തന്നെയാണ് നമ്മെ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും. സമൂഹത്തില്‍ ഒരു ഫാഷനായും രക്ഷപ്പെടലായും ആഘോഷമായും മറ്റും ആരംഭിച്ച് ശീലമായും രോഗമായും ദുരന്തമായും ഇതെങ്ങനെ മാറുന്നുവെന്നു നാം നിരന്തരം കാണുന്നു. എന്നിട്ടും മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ പോകുന്നതെങ്ങനെയാണ്? കേവലം ഉമ്മന്‍ചാണ്ടി – സുധീരന്‍, കോണ്‍ഗ്രസ് പാര്‍ട്ടി- ഭരണനേതൃത്വം തുടങ്ങിയവരുടെ തര്‍ക്കങ്ങളും വിജയ പരാജയങ്ങളുമായി നാം അതിനെ കാണുന്നു. ഏതാണ്ടൊരു കളി കാണുന്നതു പോലെ. മൂന്നാര്‍ വിഷയത്തില്‍ വിഎസ് തോറ്റുവോ ജയിച്ചുവോ എന്നറിയാന്‍ നടന്ന തര്‍ക്കങ്ങള്‍ നമുക്കോര്‍ക്കാം. കേവലം ഒരു ‘കളി’ കാണുന്നതുപോലെ ഈ വിഷയത്തെ കാണുക വഴി, അതിന്റെ സാമൂഹ്യ പ്രാധാന്യം നഷ്ടപ്പെടുകയാണ്. (കളിയില്‍ ഏതു ടീം ജയിച്ചാലും കാണുന്നവരെ അതു കാര്യമായി ബാധിക്കില്ല. വാതുവെപ്പുകാരെയൊഴികെ) എന്നാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. എന്നെയും നിങ്ങളെയും വരാനിരിക്കുന്ന തലമുറകളേയും ബാധിക്കുന്ന ഒരു വിഷയത്തെ പാര്‍ട്ടി, ഗ്രൂപ്പ്, മുന്നണി തര്‍ക്കങ്ങളായി അവതരിപ്പിക്കുന്നത് അരാഷ്ട്രീയവത്കരണമല്ലേ?
ഭരണപക്ഷത്തിന്റെ തെറ്റുകുറ്റങ്ങള്‍ കണ്ട് നിശിത വിമര്‍ശനം നടത്തി തിരുത്തിക്കാനും ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്യാനും ബാധ്യതപ്പെട്ട പ്രതിപക്ഷമാകട്ടെ ഇതിനെ കേവലം ഒരു കൈക്കൂലി പ്രശ്‌നമായി മാറ്റുകയാണ്. കേരളത്തില്‍ മദ്യപാനികളില്‍ നിന്ന് മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു എന്നത് ഒരു വാര്‍ത്തയാക്കേണ്ടതില്ല. ഏത് ഭരണകാലത്തും ഇത്തരത്തില്‍ പണം ഒഴുകാറുണ്ട്. മാണിയും ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും പണം വാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്രീകരിച്ച് അവരുടെ രാജിക്കായി സമരം നടത്തുന്ന പ്രതിപക്ഷം മദ്യനയം എങ്ങിനെയായിരിക്കണമെന്ന് പറയുന്നില്ല. ഒരു രാഷ്ട്രീയ കക്ഷിക്കും ഇതു സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം.
സംസ്ഥാനത്തിന്റെ റവന്യൂവരുമാനം, തൊഴില്‍, ടൂറിസം തുടങ്ങി അഴിമതി വരെ പറയാവുന്നതും പറയാന്‍ കഴിയാത്തതുമായ കാരണങ്ങള്‍ ഇതിന്നുണ്ടാകും. രാഷ്ട്രീയകക്ഷികള്‍ ഉറപ്പിച്ചു പറയുന്ന ചില കാര്യങ്ങള്‍ നമുക്ക് പരിഷോധിക്കാം. സമ്പൂര്‍ണ മദ്യനിരോധനം അപ്രായോഗികമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. ഘട്ടം ഘട്ടമായുള്ള ഉപഭോഗം കുറച്ചുകൊണ്ടുവരലും അതുവഴി മദ്യനിരോധനം സാധ്യമാക്കലുമാണ് കോണ്‍ഗ്രസ് പറയുന്ന ലക്ഷ്യം. ജനങ്ങളെ ബോധവത്കരിച്ച് മദ്യവര്‍ജനം നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം. മദ്യം സംബന്ധിച്ച ഏത് ചര്‍ച്ചയിലും ഈ നിലപാടുകള്‍ ഇവര്‍ പറയും. കേരളത്തില്‍ ഉടനടി സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് വി എം സുധീരന്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടുന്നുണ്ട്. ഇതൊഴിവാക്കണമെന്ന് ആരും ഇന്നുവരെ ആവശ്യപ്പെട്ടിട്ടില്ലല്ലോ? മദ്യനിരോധനം പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ ഒട്ടേറെ വിഷമതകള്‍ ഉണ്ട് എന്നതാണ് ഒരു പ്രധാനവാദം. മദ്യത്തിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും പൂര്‍ണമായി നിരോധിച്ചിട്ടുള്ള ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും, ഇന്ത്യക്ക് പുറത്തുള്ള മറ്റുചില രാജ്യങ്ങളിലും നിരോധനം ലംഘിച്ച് മദ്യം സുലഭമായി ഒഴുകുന്നു. അഥവാ നിയമം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത് ശരിയുമാണ്. ക്രിമിനല്‍ കുറ്റങ്ങളും അഴിമതിയും മറ്റും കര്‍ശനമായി തടയുന്നതിന് ഇന്ത്യയിലും മറ്റെല്ലാ രാജ്യങ്ങളിലും ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. പോലീസ്, കോടതി സംവിധാനങ്ങളുണ്ട്. സര്‍ക്കാര്‍ അതിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നുണ്ട്. എന്നിട്ടും എല്ലാ രാജ്യങ്ങളിലും നിയമലംഘനങ്ങള്‍ വ്യാപകമായി നടക്കുന്നു. ഉദാഹരണത്തിന് സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി ഈ അടുത്ത കാലത്ത് പോലും നിയമങ്ങളും നടപടിക്രമങ്ങളും കര്‍ശനമാക്കി. എന്നിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഈ നിയമങ്ങള്‍ ആവശ്യമില്ല എന്ന് ആരും പറയാറില്ല. ചുരുക്കത്തില്‍ സാമൂഹ്യമായി ഒരു തെറ്റു സംഭവിക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ അത് തടയാന്‍ നിയമം നിര്‍മിച്ച് നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. നടപ്പാക്കുന്നതില്‍ കുറവുണ്ടെങ്കില്‍ അവ പരിഹരിക്കുകയാണ് വേണ്ടത്. നിരോധനം ഒഴിവാക്കുകയല്ല.
സര്‍ക്കാറിന്റെ വരുമാനം കുറയും, തൊഴില്‍ നഷ്ടപ്പെടും തുടങ്ങിയ വാദങ്ങള്‍ക്കും വലിയ പ്രസക്തിയില്ല. സാമൂഹ്യ സുരക്ഷയും ആരോഗ്യവും, കുടുംബസംവിധാനത്തിലെ സ്വസ്ഥതയും അടക്കം നിരവധി നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ മദ്യവില്പനയില്‍ നിന്നുള്ള സാമ്പത്തിക നേട്ടം അത്രവലുതാണെന്ന് പറയാനാകില്ല. മഹാത്മാഗാന്ധി മദ്യത്തിനെതിരായി ശക്തമായ നിലപാടെടുത്തത് കേവലം ഒരു സദാചാര പ്രശ്‌നം എന്ന നിലയ്ക്കല്ല. മറിച്ച് അത് സൃഷ്ടിക്കുന്ന നിരവധി വിപത്തുകളെക്കൂടി പരിഗണിച്ചാണ്. വിദ്യയും വ്യവസായവും അതു വഴി തൊഴിലും സമൂഹത്തില്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ശ്രീനാരായണഗുരു എസ്എന്‍ ഡി പി യോഗം രൂപീകരിച്ചത്. എന്നാല്‍ ഇന്ന് കുറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന പേരില്‍ മദ്യനിരോധനത്തെ എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അതേ സംഘടനയുടെ നേതാക്കളാണ്. മദ്യം ഉത്പാദിപ്പിക്കരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് സംശയരഹിതമായി പറഞ്ഞ ഗുരുദേവന്‍ മദ്യത്തെ ഒരു വ്യവസായമായി കണ്ടിരിക്കാനിടയില്ല എന്ന് തീര്‍ച്ച.
ഏറെക്കാലമായി മദ്യവര്‍ജനത്തിനും മദ്യനിരോധനത്തിനും വേണ്ടി പലരും പ്രവര്‍ത്തിക്കുന്നു. അതില്‍ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളുണ്ട്. ഗാന്ധിശിഷ്യന്മാരായ കോണ്‍ഗ്രസുകാരും, സ്വന്തം അണികള്‍ മദ്യപിക്കരുതെന്നു നിര്‍ദേശിക്കുന്ന കമ്യൂണിസ്റ്റുകാരും മതവിശ്വാസം കൊണ്ട് തന്നെ മദ്യം നരകത്തിലേക്കുള്ള പാതയാണെന്ന് വിശ്വസിക്കുന്ന ഇസ്‌ലാം മതവിശ്വാസികളും, മദ്യത്തെ മഹാവിപത്തായിക്കണ്ട ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരും, മദ്യത്തിന്റെ ദോഷങ്ങള്‍ക്കെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തുന്ന ക്രിസ്തുമതവും അതിന്റെ വിശ്വാസികളും ചേര്‍ന്നാല്‍ കേരളത്തിന്റെ ജനസംഖ്യയുടെ മഹാഭൂരിപക്ഷമാകും. എന്നിട്ടും മദ്യനിരോധനം വിയജിക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രശ്‌നം. ഇതിന് കാരണം മുമ്പ് പറഞ്ഞ സ്ഥാപിത താല്‍പര്യങ്ങളാണ്. ആ ശക്തികളെ മറികടക്കാന്‍ ഒരു സര്‍ക്കാറിനും കഴിയാറില്ല.
എന്നാല്‍ തീര്‍ത്തും അവിചാരിതമായി ഒരു സന്ദര്‍ഭം സര്‍ക്കാറിനു വീണുകിട്ടി. 418 ബാറുകള്‍ പൂട്ടാനുള്ള തീരുമാനമായിരുന്നു അത്. ആ ബാറുകള്‍ വീണ്ടും തുറക്കരുതെന്ന മിതമായ ആവശ്യമാണ് വിഎം സുധീരനും മറ്റു മദ്യവിരുദ്ധ പ്രവര്‍ത്തകരും ആവശ്യപ്പെട്ടത്. സര്‍ക്കാറിന് അതു നടപ്പിലാക്കാന്‍ കാര്യമായ തടസ്സങ്ങളൊന്നുമില്ല. (ഫൈവ്സ്റ്റാര്‍ ഒഴിച്ച്) സംസ്ഥാനത്താകെയുള്ളത് 730 ബാറുകള്‍. അതില്‍ ഏതാണ്ട് അറുപത് ശതമാനത്തോളം പൂട്ടിയിടുക അത് ചെറിയ കാര്യമല്ല. മദ്യത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത കുറയ്ക്കുക വഴി ആസക്തി കുറയ്ക്കാമെന്ന് പൊതുവെ എല്ലാ വിദഗ്ധരും സമ്മതിക്കുന്നുണ്ട്. ഈ സുവര്‍ണാവസരം സുധീരന്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. കേരളീയ പൊതു സമൂഹത്തില്‍ അതിനൊരുവിധം പിന്തുണയും കിട്ടി.
ഇവിടെയാണ് കേരളം കണ്ടിട്ടുള്ള ഏറ്റവും കുതന്ത്രശാലിയായ ഒരു മുഖ്യമന്ത്രിയുടെ ഇടപെടല്‍ വരുന്നത്. മദ്യലോബികള്‍ക്കുവേണ്ടി മുഖ്യമന്ത്രി ആടിയ നാടകം ആരെയും ചിന്തിപ്പിക്കേണ്ടതാണ്. തന്ത്രങ്ങളില്‍ പ്രഗത്ഭനായിരുന്നു കെ കരുണാകരന്‍ എന്നതു സത്യം. എന്നാല്‍ പത്തു കരുണാകരനു സമമാണ് താനെന്ന് ഉമ്മന്‍ചാണ്ടി ഇവിടെ തെളിയിക്കുകയായിരുന്നു. മദ്യനയത്തെ പരാജയപ്പെടുത്താന്‍ അതിനെ പരസ്യമായി എതിര്‍ക്കുകയല്ല; മറിച്ച് മദ്യവിരുദ്ധരെ മറികടക്കാന്‍ പോന്ന നല്ല നയങ്ങളാണ് തന്റേതെന്ന് സ്ഥാപിക്കുകയാണ് വേണ്ടത് എന്നദ്ദേഹം കണ്ടു. ഏറ്റവുമടുത്ത് നില്‍ക്കുന്നവരെപ്പോലും അറിയിക്കാതെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ‘വിപ്ലവകരമായ’ ഒരു മദ്യനയം അവതരിപ്പിച്ചു. ഇതുവഴി സുധീരനും കൂട്ടരും മദ്യവിരുദ്ധതയില്‍ തന്നേക്കാള്‍ ഏറെ പിന്നിലാണെന്ന് അദ്ദേഹം സ്ഥാപിച്ചു. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു മാത്രമല്ല, പ്രവര്‍ത്തിക്കുന്ന മുന്നൂറ്റി പന്ത്രണ്ടും കൂടി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കുവാനുള്ളതാണ് ഒന്നാമത്തെ തീരുമാനം. സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം പത്ത് ശതമാനം കണ്ടുകുറയ്ക്കലും, ഞായറാഴ്ച മദ്യവില്‍പന നിരോധിക്കലും (ഡ്രൈ ഡേ) ഈ നയത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു.
ഒറ്റനോട്ടത്തില്‍ ഉമ്മന്‍ചാണ്ടി മദ്യവിരുദ്ധതയില്‍ എം പി മന്മഥന്‍സാറിനും ജി കുമാരപിള്ള സാറിനും തുല്യനാണെന്ന തോന്നല്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ അതിരുകടന്ന പ്രഖ്യാപനത്തിന്റെ ലക്ഷ്യം 418 ബാറുകള്‍ തുറപ്പിക്കുകയെന്നതു തന്നെയായിരുന്നു എന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ഈ പുതിയ ‘നയം’ പ്രായോഗികമല്ലെന്നു സ്ഥാപിക്കുക എളുപ്പമായിരുന്നു. കോടതിയുടെ ഇടപെടല്‍ ഉറപ്പ്. മാധ്യമങ്ങളടക്കം മറുകണ്ടം ചാടി. മദ്യലഭ്യത കുറക്കല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വാദം ശക്തമായി. ടൂറിസം, തൊഴില്‍ മേഖലകള്‍ ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. വ്യാപകമായി ഉയര്‍ന്നുവന്ന ചര്‍ച്ച ‘സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല’ എന്ന വിഷയത്തെ ആശ്രയിച്ചായിരുന്നു. വെള്ളാപള്ളി നടേശനും എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരും യോജിച്ചു. മുസ്‌ലിംലീഗ് ‘തന്ത്രപരമായ മൗനം’ പാലിച്ചു. ഏതു പ്രത്യയശാസ്ത്രത്തേക്കാളും പ്രധാനമാണല്ലോ അധികാരം. ഇതിനിടയിലാണ് മാണിക്കുനേരെയുള്ള ആരോപണം ഉയര്‍ന്നത്. ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തുക്കളുമാണെന്ന് മാണിക്കു തന്നെ നന്നായറിയാം. ഈ ഒറ്റവെടിക്ക് പലപക്ഷികളെ കൊല്ലാന്‍ ഉമ്മന്‍ചാണ്ടിക്കായി. മുഖ്യമന്ത്രിസ്ഥാനം മോഹിച്ച് ഇടതുപക്ഷത്തേക്കു ചാഞ്ഞിരുന്ന മരമായിരുന്നു മാണിസാര്‍. കുറച്ചുകാലമെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍, മന്ത്രിസഭ ഇടതുപക്ഷം രൂപീകരിച്ചാല്‍, ആറുമാസത്തിനകം നിയമസഭ പിരിച്ചുവിട്ട് ഇടതു സര്‍ക്കാറുണ്ടാക്കാം. അപ്പോള്‍ തനിക്കു മുഖ്യമന്ത്രിയാകാന്‍ എല്ലാ സാധ്യതകളുമുണ്ടെന്ന അതിമോഹം പിണറായി വിജയനെക്കൊണ്ട് എന്തും ചെയ്യിക്കുമായിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണമാറ്റം ഉറപ്പില്ലെന്ന് ലോകസഭാ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ബിജെപിയുടെ മുന്നേറ്റം എത്രവരെയാകുമെന്നും പറയാനാവില്ല. ഇതിനെല്ലാം പുറമെ പാര്‍ട്ടി സെക്രട്ടറിസ്ഥാനം പോയാല്‍ പിന്നെ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുമാകില്ല. എന്തായാലും ഈ വകമോഹങ്ങളെല്ലാം ഒറ്റയടിക്ക് ഉമ്മന്‍ചാണ്ടി തകര്‍ത്തുകളഞ്ഞു. മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം വന്നതോടെ കേരളാകോണ്‍ഗ്രസിന്റെ ഇടതുപക്ഷത്തേക്കുള്ള വരവിനെ എതിര്‍ക്കുന്ന സിപിഐക്ക് അതൊരായുധമായി. ആദ്യ രണ്ടുമൂന്നുദിവസം ശക്തമായ നിലപാടെടുക്കാതിരുന്ന (ചില ഒഴുക്കന്‍ പ്രസ്താവനകള്‍ ഒഴിച്ച്) സിപിഎമ്മിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം വന്നു. മാണി രാജിവക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സിപിഎമ്മിനെക്കൊണ്ട് നടത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായതോടെ മാണി കുരുക്കിലായി. ഒപ്പം ടി ഒ സൂരജിനെതിരായ വിജിലന്‍സ് നടപടികള്‍ മുസ്‌ലിംലീഗിനുള്ള താക്കീതായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ ഗണേഷ്‌കുമാര്‍ ആരോപണമുന്നയിച്ചതിനു പിന്നിലും ഉമ്മന്‍ചാണ്ടിയായിക്കൂടെന്നില്ല. ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വ്യവസായ മന്ത്രി തന്നെയാണ്.
കോണ്‍ഗ്രസിനകത്ത് തനിക്കനുകൂലമായ തരംഗമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്കൊരു വിഷമവുമില്ല. അഴിമതിയാരോപണം മൂലം നാണക്കേടു തോന്നുന്ന ഏതെങ്കിലും കോണ്‍ഗ്രസ് മന്ത്രി ഇന്നുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്രയധികം നാറുന്ന അഴിമതികള്‍ നടന്നിട്ടും അദ്ദേഹത്തിനൊരു കൂസലുമില്ല. സുധീരന്‍ ‘പ്രായോഗിക വാദി’യല്ലായെന്ന് മിക്ക കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കും. പത്തു പണം പിരിക്കാന്‍ ഏകമാര്‍ഗമായി മദ്യത്തെ കണ്ടവരുണ്ട്. ഏറെക്കാലമായി നാം ശബ്ദം കേള്‍ക്കാതിരുന്ന പല്ലുകൊഴിഞ്ഞ ചില സിംഹങ്ങളും ഗര്‍ജിക്കാന്‍ തുടങ്ങി. വക്കം പുരുഷോത്തമന്‍, എം എം ജേക്കബ് തുടങ്ങിയവര്‍. ആദര്‍ശശാലിയായ വി ഡി സതീശന്‍ വളരെ മുമ്പുതന്നെ താന്‍ മദ്യലോബിക്കൊപ്പമാണെന്നു പ്രഖ്യാപിച്ചിരുന്നു. കഷ്ടിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ മാത്രം സുധീരനൊപ്പം ഇപ്പോഴുമുണ്ട്. ആകെ തടസമായി വന്നത് യുഡിഎഫിന്റെ പരമ്പരാഗത വോട്ട്ബാങ്കായ കത്തോലിക്കാസഭയാണ്. പക്ഷേ, അവര്‍ക്ക് ഏതറ്റംവരെ പോകാനാകുമെന്നു നന്നായറിയാവുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി.
1969ല്‍ ഇന്ദിരാഗാന്ധി പ്രയോഗിച്ച തന്ത്രമാണ് ഉമ്മന്‍ചാണ്ടി ഇവിടെ പ്രയോഗിച്ചത്. അന്ന് അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയും എഐസിസി പ്രസിഡന്റും തനിക്കെതിരായപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവരെ മൊത്തത്തില്‍ പുറത്താക്കി, പുതിയ പ്രസിഡന്റിനേയും വര്‍ക്കിംഗ് കമ്മിറ്റിയേയും നിയമിച്ചു. കോണ്‍ഗ്രസിന്റെ ജനാധിപത്യഘടന അതോടെ സമ്പൂര്‍ണമായും തകര്‍ന്നു പോയി. ഇതിനായി ഭരണാധികാരം സമര്‍ത്ഥമായി ഉപയോഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കൂടെ നിര്‍ത്തിയാണ് അന്നവര്‍ കളിച്ചത്. ഇവിടെ എംഎല്‍എമാരുടെ ‘അനൗപചാരിക’യോഗം വിളിച്ച് മദ്യനയം തന്നിഷ്ടം പോലെ ഉമ്മന്‍ചാണ്ടി മാറ്റി. പാര്‍ട്ടിയെന്നാല്‍ ഭരണാധികാരം കൈവശമിരിക്കുന്നവരാണെന്ന കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര- സംഘടനാ രീതി അദ്ദേഹം പ്രയോഗിച്ചുവെന്നു മാത്രം.
ഇതുവഴി പാര്‍ട്ടി ‘നിസ്സഹായ’മായി. അഥവാ പ്രസിഡന്റ് വിഎം സുധീരന്‍ നിസ്സഹായനായി. നമ്മുടെ ചര്‍ച്ചകള്‍ ആ വഴിക്കായി. ഉമ്മന്‍ചാണ്ടി നടത്തിയ കപടനാടകത്തിന്റെ അര്‍ത്ഥം തിരിച്ചറിയാത്തവരൊന്നുമല്ല നമ്മുടെ മാധ്യമങ്ങള്‍. എന്നാല്‍ സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ ഈ ചര്‍ച്ചകളെ നിയന്ത്രിക്കുകയാണ്. വിഷയം സുധീരന്‍- ഉമ്മന്‍ചാണ്ടി മാച്ചില്‍ ആര്‍ക്കാണ് ജയം അഥവാ എങ്ങനെ സുധീരന്‍ തോറ്റുവെന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഈ പുതിയ നയം കേരളീയ സമൂഹത്തില്‍ എന്തു പ്രത്യാഘാതം ഉണ്ടാക്കുമെന്നോ, ഇതു നടപ്പിലാക്കാന്‍ എത്ര ജനാധിപത്യ വിരുദ്ധ തന്ത്രങ്ങളാണ് മുഖ്യമന്ത്രി പ്രയോഗിച്ചതെന്നോ ചര്‍ച്ച ചെയ്യാന്‍ ആരുമില്ല. നമ്മുടെ ജീവിതത്തെ ഇത്രമാത്രം ബാധിക്കുന്ന ഒരു വിഷയത്തെ ഒരു കളിമാത്രമായിക്കാണുന്ന ഈ സമീപനം തന്നെയല്ലേ മാറേണ്ടത്!
സി ആര്‍ നീലകണ്ഠന്‍
You must be logged in to post a comment Login