മക്കള്‍ക്കു പൂക്കള്‍ നല്‍കി വളര്‍ത്താം

മക്കള്‍ക്കു പൂക്കള്‍  നല്‍കി വളര്‍ത്താം

മക്കള്‍ മിടുക്കരാകണം എന്നാണ് എല്ലാ രക്ഷിതാക്കളും കൊതിക്കുക. പക്ഷെ ആയതിലേക്ക് ഏതു വഴി പോവണം എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. പലരും കരുതിയത് തീറ്റയും കുടിയും ഒപ്പിച്ചു കൊടുത്താല്‍ എല്ലാമായി എന്നാണ്. അതിലപ്പുറം അവരെ വൈകാരികമായി വളര്‍ത്തിയെടുക്കുന്ന കാര്യങ്ങളെ പറ്റി ഒന്നുകില്‍ തീരെ അറിവില്ല. അല്ലെങ്കില്‍ തെറ്റായ അറിവ് വെച്ചു പുലര്‍ത്തുന്നു.
മാതാപിതാക്കളില്‍ നിന്ന് പരിഗണനയും നല്ലവാക്കും കിട്ടണമെന്ന് ദാഹിച്ചുകഴിയവേ അത് നിഷേധിക്കപ്പെടുമ്പോള്‍ മക്കളില്‍ അലോസരങ്ങള്‍ ഉയിര്‍ക്കൊള്ളും. സ്‌നേഹത്തിന് പകരം അവരുടെ മനസ്സില്‍ വെറുപ്പും പകയും പുകഞ്ഞുവരും. അവസാനനാളുകളില്‍ കൈത്താങ്ങേണ്ടവര്‍ അന്നേരം നെഞ്ചിനുകുത്തുന്നവരായി മാറും.

സേതുവിന്റെ കാര്യം തന്നെ ഓര്‍ത്ത് നോക്ക്. വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. വീട്ടിലെ സാങ്കേതിക സാഹചര്യം വളരെ മോശം. ചിമ്മിനി വിളക്കിന്റെ കരിയും പുകയും. പുകഞ്ഞ് നീറുന്ന വയറും മനസ്സും. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു. ഇന്നാണ് റിസള്‍ട്ട്. അതമ്മയ്ക്കറിയാം, എല്ലാവര്‍ക്കുമറിയാം.

ടൗണില്‍ റേഷന്‍കട നടത്തുന്ന കോയസ്സന്‍ മാപ്പിളയുടെ പീടികയില്‍ പത്രമുണ്ട്. മറിച്ച് പരിശോധിച്ചപ്പോള്‍ നല്ല നിലയില്‍ പാസ്സായിട്ടുണ്ട്. വിജയശ്രീലാളിതനായി വീട്ടിലേക്ക് കുതിച്ചോടുന്ന ഒരു പതിനഞ്ചു വയസ്സുകരാന്റെ മനസ്സിലെ പഞ്ചാരക്കടല്‍ ഒന്നോര്‍ത്തു നോക്കൂ. വിജയവാര്‍ത്ത അറിഞ്ഞതും അമ്മ മാറോടണച്ച് നെറ്റിയില്‍ തുരുതുരാ ചുംബിച്ച് വായില്‍ മധുരലഡു വെച്ച് കൊടുത്ത്…അങ്ങനെയൊക്കെയാണല്ലോ സ്വപ്‌നങ്ങളില്‍ ഉണ്ടായിരിക്കുക.

പക്ഷെ, വന്ന് കയറിയതും വീട്ടിലൊരു ചര്‍ച്ച നടക്കുകയായിരുന്നു, അപ്പുനായരുടെ അധ്യക്ഷതയില്‍. പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, എല്ലാം തീരുമാനിക്കുന്നത് ഭഗ്യമാണെന്നായിരുന്നു, ആ ചര്‍ച്ചയുടെ കാതല്‍. ആയതിലേക്ക് തെളിവായി ഒന്നും പഠിക്കാതെ ഇപ്പോള്‍ പണം വാരുന്ന പങ്കുണ്യാരുടെ മകന്‍ രാമുട്ടിയുടേയും എത്രയോ പഠിച്ചിട്ട് ഒന്നുമില്ലാതെ നരകിക്കുന്ന സ്വന്തം ജ്യേഷ്ടന്റെ കഥകളുമാണ് കെട്ടഴിച്ചുവിടുന്നത്. അപ്പോള്‍ അമ്മ പുറത്തിറങ്ങി വന്നു.

‘നീയെവിട്യാടാ ഇത്ര രാവിലെ തന്ന പോയ്യ്യേ?…’ എന്നാണമ്മ ചോദിക്കുന്നത്. അമ്മയ്ക്കറിയാം, റിസല്‍ട്ട് നോക്കാനാണ് പോയതെന്ന്. എന്നിട്ട് കണ്ടില്ലേ വന്നു കയറുമ്പോള്‍ ചോദിക്കുന്ന ഒരു രീതിയും മട്ടവും? ചോദ്യത്തില്‍ പുച്ഛത്തിന്റെ രാശിപ്രഭ, പരിഹാസത്തിന്റെ പുകക്കറ. ഇല്ലെങ്കിലും ഉണ്ടെന്നാണ് സേതുമാധവന് തോന്നുന്നത്.

മുമ്പിതുപോലെ ജനറല്‍ നോളജില്‍ ഫസ്റ്റ് കിട്ടി സമ്മാനമായി ലഭിച്ച പുസ്തകവുമായി വന്നിരുന്നു, സേതു. അച്ഛന്റെ കയ്യിലാണ് അഭിമാനം നിറഞ്ഞ നാണക്കേടോടെ അത് വെച്ച് നീട്ടിയത്. ഒരു മനസ്സില്ലാമനസ്സോടെ അച്ഛനത് വാങ്ങി. കൈകൊണ്ട് തടവി നോക്കിയിട്ടു പറഞ്ഞു. ‘ഇപ്പോഴത്തെ പുസ്തകങ്ങളുടെ ബൈന്റൊന്നും ഒന്നിനും കൊള്ളില്ല!’

സേതു ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. പണവും പത്രാസുമുള്ള മുതലാളിയായിരിക്കുന്നു. ഏതോ ഒരു മഹാമാന്യന്റെ അസംതൃപ്തയായ ഭാര്യയെ കരവലയത്തിലാക്കി കഴിഞ്ഞിരിക്കുന്നു. സല്ലാപങ്ങള്‍ക്കിടെ ഒരു കമ്പി!
‘തുറന്ന് വായിക്കെടാ!’ സേതു കീഴുദ്യോഗസ്ഥനോട് ഉത്തരവിട്ടു.

‘മദര്‍ എക്‌സപയേര്‍ഡ്!!!’
അമ്മ പണിയായെന്ന്.

റൊമാന്‍സുകള്‍ക്കിടെ കാമുകന്റെ മുഖത്തൊരു ഭാവഭേദം. ആ വനിത ചോദിച്ചു. ‘അല്ല, ഇതെന്ത് പറ്റി?’
‘നതിംഗ്’
ഇതായിരുന്നു മറുപടി (?!)
എന്റെ അമ്മ മരിച്ചു, ഞാനോടി നാട്ടില്‍പോട്ടെ എന്നൊന്നുമല്ല, മറിച്ച,് നതിംഗ്!!!

സ്‌നേഹം ഉണ്ടെന്നും അത് ഉള്ളില്‍ പൂഴ്ത്തിവെയ്ക്കുകയേ ചെയ്യൂവെന്നും വാശിപിടിച്ചാല്‍ ഇങ്ങനെയൊക്കെയാണ്. നിങ്ങള്‍ പറയും എം.ടി വാസുദേവന്‍ നായരുടെ ‘കാല’ മെന്ന കഥയിലെ സേതുമാധവനെപറ്റിയല്ലേ നിങ്ങളീ പറയുന്നത് എന്ന്. കഥകളിലെന്തിരിക്കുന്നു എന്നും നിങ്ങളില്‍ ചിലര്‍ ചോദിച്ചേക്കാം. ചില കഥകള്‍ പച്ചജീവിതത്തേക്കാള്‍ ജീവത്തായതാണെന്ന് മറന്ന്‌പോവരുത്. ‘നിങ്ങളാരാങ്കിലും ഒരാളെ ഇഷ്ടപ്പെട്ടുവെന്നാല്‍ അതയാളോട് തുറന്ന് പറയണം’ എന്ന ഹദീസിന്റെ ആശയം ആ വാക്കര്‍ത്ഥങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതിയത്. പേജുകളോളം ഉപന്യസിക്കാവുന്ന ആശയക്കടല്‍ ഒതുക്കിവെച്ച കനത്ത വചനമാണത്.

ചില രക്ഷിതാക്കള്‍ മക്കള്‍ നന്നായിക്കിട്ടാന്‍ ചെയ്യുന്ന പണി മറ്റെന്നുമല്ല, തച്ചു ചാറാക്കുക തന്നെ! കുട്ടികളെ മുറക്ക് മര്‍ദ്ദിച്ചാല്‍ അവര്‍ നേര്‍വഴി പ്രാപിച്ചുകൊള്ളും എന്ന അന്ധവിശ്വാസപ്രകാരം അവര്‍ സ്വന്തം മക്കളെ തല്ലിനാശമാക്കുന്നു. മലയാളികള്‍ കണ്ണുതുടച്ച് വായിച്ചുതീര്‍ത്ത ഒരാത്മകഥയുണ്ട് എന്ന് പറയുമ്പോള്‍ക്ക് തന്നെ നിങ്ങളില്‍ ചിലര്‍ക്ക് വി ടി ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ ഓര്‍മ വന്നിരിക്കും. വി ടി എഴുതുന്നു. ‘അന്നത്തെ വടിപ്പാടുകള്‍ ഇന്നും എന്റെ ഹൃദയത്തില്‍ വടുകെട്ടിക്കിടപ്പുണ്ട്. വെളുക്കാന്‍ തേച്ച് പാണ്ടു പിടിക്കുമ്പോലെ സന്താനങ്ങള്‍ നന്നായിത്തീരാന്‍ ചില അന്ധമതികള്‍ ചെയ്യുന്ന കഠിനതകള്‍ അപകടങ്ങളാണ്, അധിക്ഷേപാര്‍ഹങ്ങളുമാണ്. മര്‍ദ്ദിക്കുന്തോറും പൊന്തിവരുന്ന ഒരു പന്തല്ല ബാലഹൃദയമെന്ന് അക്കൂട്ടര്‍ അറിയുന്നില്ല. ഈ ശാസനാ സമ്പ്രദായം അച്ഛന്റെ നേരെ വെറുപ്പാണ് എന്നില്‍ ഉളവാക്കിത്തീര്‍ത്തത്. ഇദ്ദേഹത്തെ കാണുന്നതു തന്നെ എനിക്കിഷ്ടമല്ലായിരുന്നു. ഇങ്ങനെ വളര്‍ന്ന പ്രതികാരാവേശം നിമിത്തം പിന്നില്‍ നിന്ന് അന്യനറിയാതെ പലപ്പോഴും അദ്ദേഹത്തെ ഞാന്‍ കൊഞ്ഞനം കുത്തിയിട്ടുണ്ട്. കൈ കൊണ്ട് ചക്ക കാട്ടിയിട്ടുണ്ട്. അച്ഛന്‍ ഇല്ലാത്ത അപൂര്‍വ ദിവസങ്ങള്‍ എനിക്ക് ഓണത്തിരുവോണം പോലെയാണ്. അദ്ദേഹം പടികടന്നു പോകുന്നതു കണ്ടാല്‍ ഞാന്‍ തേവരുടെ മുന്നില്‍ കൂപ്പുകൈയ്യോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ‘ഈശ്വരാ, അച്ഛന്‍ ഇനി ഒരിക്കലും മടങ്ങി വരരുതേ, വല്ല പിശാചും വഴിയില്‍ വച്ചു കടിച്ചു തിന്നണേ…’
അച്ഛന്‍ അടിച്ചുകൊണ്ടിരിക്കുന്ന അതേവടി പിടിച്ചുവാങ്ങി പൂതിതീരുവോളം മകന്‍ അച്ഛനെ തിരിച്ചടിക്കുന്ന ഭാഗം ഭംഗിയില്‍ വരച്ചിട്ടിട്ടുണ്ട്, സുഭാഷ് ചന്ദ്രന്‍, ‘മനുഷ്യന് ഒരു ആമുഖത്തില്‍’. സ്‌നേഹത്തിന് സ്‌നേഹവും നല്ലവാക്കിന് നല്ലവാക്കുമല്ലാതെ പകരമില്ലെന്ന് മക്കളുടെ തിരിച്ചടി കിട്ടുന്നതിന്റെ മുമ്പ്തന്നെ നാം തിരിച്ചറിയണം. മക്കളെ അടിച്ചു ശരിയാക്കുകയല്ല, മറിച്ച് അവരെ സ്‌നേഹിച്ച്, സന്തോഷിപ്പിച്ച് വിജയത്തിലേക്കെത്തിക്കുകയാണ് വേണ്ടത്. കുട്ടികളോട് സ്‌നേഹം പ്രകടിപ്പിച്ചാല്‍ അവര്‍ കേടുവരും എന്നചിന്തയില്‍ അശേഷം കഴമ്പില്ല. സ്വര്‍ഗത്തില്‍ ഒരു ആനന്ദഭവനം(ദാറുല്‍ഫറഹ്) ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, ആരമ്പനബി(സ). അതാര്‍ക്കുള്ളതാണെന്നറിയുമോ? ലിമന്‍ ഫര്‍റഹസ്സ്വിബ്‌യാന്‍, കുട്ടികളെ സന്തോഷിപ്പിച്ചവര്‍ക്ക്!

ജീവിതത്തില്‍ വിജയിക്കാന്‍ നമുക്ക് ചില ടാക്റ്റിക്‌സുകള്‍ വേണം. മുത്തുനബി നമുക്കത് കാണിച്ചുതന്നിട്ടുണ്ട്. നേരെചൊവ്വേ കിട്ടാത്തതിനെ അടിച്ച് പൊട്ടിച്ച്, ഇരുവരും നശിക്കുന്നതിന് പകരം, രീതിമാറ്റി കാര്യം വിജയിപ്പിച്ചെടുക്കുക എന്നതായിരിക്കണം അതിന്റെ കാതല്‍. കുത്താന്‍ വരുന്നതിനെ കുത്തിക്കൊല്ലുക എന്ന അതിവാദത്തിന്റെയും കുത്താന്‍ വരുന്നതിനോട് വേദമോതുക എന്ന അന്തങ്കമ്മിത്തരത്തിന്റെയും ഇടയില്‍ കിടക്കുന്നു, ബുദ്ധിയും പക്വതയും കലര്‍ന്നുപരന്ന ആ ടാക്റ്റിക് പോയിന്റ്. തിരുജീവിതത്തില്‍, നമ്മെ അമ്പരപ്പിച്ചുകളയുന്ന അത്തരം സംഭവങ്ങള്‍ നമുക്ക് കണ്ടെടുക്കാന്‍ പറ്റും.

ഒരു ദിവസം തിരുനബിയും സ്വഹാബാ കിറാമും ഒന്നിച്ചിരിക്കുന്നു. അന്നേരം ഒരു ഗ്രാമീണവാസി കടന്നുവന്നു. വല്ലതും തരണമെന്നാവശ്യപ്പെട്ടു. തിരനബി (സ) ഉടനെ അയാള്‍ക്ക് എന്തോ കൊടുത്തു. എന്നിട്ടു ചോദിച്ചു, ഞാന്‍ താങ്കളോട് ഔദാര്യപൂര്‍വമല്ലേ പെരുമാറിയത്?

അയാള്‍ പറഞ്ഞു, ഇല്ല! നിങ്ങള്‍ ചെയ്തത്ര നന്നായൊന്നുമില്ല. ഇതു കേട്ട അനുചരന്‍മാര്‍ കോപിച്ചു കൊണ്ട് അയാളുെട നേര്‍ക്ക് അടുത്തു. നബി തിരുമേനി ആംഗ്യം മുഖേന അടങ്ങിയിരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അനന്തരം അവിടുന്ന് വീട്ടില്‍ നിന്ന് എന്തോ കുറേക്കുടി എടുത്തു കൊണ്ടു വന്ന് അയാള്‍ക്കു കൊടുത്തു. എന്നിട്ട് അവിടുന്ന് തന്റെ ചോദ്യം ആവര്‍ത്തിച്ചു: ഇപ്പോള്‍ ഞാന്‍ നല്ലനിലക്കല്ലേ പെരുമാറിയത്?

അതെ, തീര്‍ച്ചയായും! ഗ്രമീണന്‍ തുടര്‍ന്നു. അല്ലാഹു താങ്കള്‍ക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ.

അന്നേരം തിരുനബി (സ) അരുളി: താങ്കളുടെ വാക്കുകള്‍ എന്റെ അനുയായികളുടെ മനസ്സില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ അവരുടെ മുമ്പില്‍ വച്ചു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു. എങ്കില്‍ അവരുടെ മനസ്സിലുളള ഇഷ്ടക്കേട് നീങ്ങിക്കിട്ടും.

ആട്ടെ, അയാളേറ്റു. അടുത്ത ദിവസം രാവിലെ തിരുമേനി (സ) അനുചരന്‍മാരോടൊരുമിച്ചിരിക്കുമ്പോള്‍ ഗ്രാമീണന്‍ കടന്നു വന്നു. തിരുമേനി (സ) ചോദിച്ചു:

ഇദ്ദേഹം കഴിഞ്ഞ ദിവസം എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം ചോദിച്ചത് വീണ്ടും ഞാന്‍ അദ്ദേഹത്തിനു കൊടുത്തു. അതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടുന്ന് അദ്ദേഹത്തെ നോക്കി ചോദിച്ചു:

‘അങ്ങനെതന്നെയല്ലേ?’
‘അതെ’ അയാള്‍ പറഞ്ഞു: അല്ലാഹു താങ്കള്‍ക്കും കുടുംബത്തിനും അനുഗ്രഹം ചെയ്യട്ടെ.
ഇതുകേട്ട് തിരുമേനി(സ) അരുളി: എന്റെയും ഈ ഗ്രാമീണന്റെയും അവസ്ഥ, കൈവിട്ടു പോയ ഒരു ഒട്ടകത്തിന്റെ ഉടമയുടേതു പോലെയാണ്. ജനം ആ ഒട്ടകത്തിന്റെ പിറകെക്കൂടി. ഒട്ടകമാവട്ടെ വിറളിപൂണ്ട് കൂടുതല്‍ കൂടുതല്‍ അകന്ന് പോവുകയാണുണ്ടായത്. അപ്പോള്‍ അതിന്റെ ഉടമ അവരെ വിളിച്ചു പറഞ്ഞു: ദയവായി ഒട്ടകത്തിനെ അതിന്റെ പാട്ടിനു വിട്ടേക്കൂ. അതിന്റെ കാര്യം ഞാന്‍ നോക്കിക്കൊളളാം. അതിനോട് ഏറ്റവും കൃപയുളളവനും അതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനും ഞാന്‍ തന്നെയാണ്.

ശേഷം ഒട്ടകത്തിന്റെ ഉടമസ്ഥന്‍ അതിന്റെ നേര്‍ക്ക് നടന്നു. അയാള്‍ ഒരു പിടി പുല്ല് പറിച്ചു നീട്ടിക്കൊണ്ട് അതിനെ വിളിച്ചു. അത് മെല്ലെമെല്ലെ അടുത്തു വന്നു. അവസാനം ഒട്ടകം അയാളുടെ മുമ്പില്‍ മുട്ടുകുത്തി. അപ്പോള്‍ അയാള്‍ അതിന്റെ പുറത്തെ ജീനിയുറപ്പിച്ച് അതില്‍ കയറുകയും ചെയ്തു.

ആലോചിച്ചു നോക്കൂ, ഈ മനുഷ്യന്‍ ആദ്യം എന്തോ പറഞ്ഞപ്പോള്‍ നിങ്ങളദ്ദേഹത്തിന്റെ പിറകേ കൂടി . അന്നേരം ഞാനദ്ദേഹത്തെ നിങ്ങള്‍ക്ക് വിട്ടുതന്നിരുന്നുവെങ്കില്‍ നിങ്ങളയാളെ ശരിയാക്കിക്കളയും. അയാള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും.
അടിച്ചാലോടുന്നതിനെ പുല്ലുകാട്ടി മെരുക്കുന്ന ഈ തിയറി ജീവിതത്തിലാകമാനം നമുക്ക് പാഠമാവട്ടെ. സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ പൂ കാണിച്ച് പിടിക്കാന്‍ നമുക്കാവണം.

കണ്ണാടിയോട് ചോദിക്കുക:
നിങ്ങളുടെ അഭാവവും അതിലേറെ നിങ്ങളുടെ കാലഗതിയും നിങ്ങളുടെ മക്കള്‍ കാത്തിരിക്കും വിധം ക്രൂരരാണോ നിങ്ങള്‍?
എന്നെങ്കിലും സ്വന്തം മക്കള്‍ കയറിയടിച്ചേക്കുമെന്ന ഭീതി നിങ്ങളെയാരെയെങ്കിലും അലട്ടുന്നുണ്ടോ?

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login