”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ, അവന് അതിഥിയെ സല്ക്കരിക്കട്ടെ.” ഇത് നബിതിരുമേനിയുടെ ഒരു ഹദീസിന്റെ ആശയസംഗ്രഹമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുക എന്നത് ഒരു യോഗ്യതയായാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. എന്നല്ല, അത് വിശ്വാസത്തിന്റെ പൂര്ണതയുമാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള കല്പനകള് ധാരാളം കാണാം.
ഈ വിശ്വാസം ഹൃദയത്തിലുറച്ചാല്‍ പിന്നെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്പര്യങ്ങള് ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചും പരന്ന ചിന്തയില്‍ അവര്‍ ജീവിതത്തെ ക്രമീകരിച്ചു നിര്‍ത്തും.
ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന് അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഗമമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം ജ്ഞാനസപര്യയുടെതാണ്; മലയാളിയുടെ ഗ്രാമീണത്തനിമയില്‍ നോക്കുമ്പോള്‍ അത് പള്ളിദര്‍സുകളാണ്. അറിവനുഭവങ്ങളുടെ സ്വാദിനും സുഗന്ധത്തിനും പുറമെ ഇഅ്തികാഫിന്റെ പുണ്യപര്വത്തിലേറി മുഴുവനും ഇബാദതിലായി കഴിച്ചുകൂട്ടാന്‍ പറ്റുന്ന കര്‍മമണ്ഡലം. ജീവിതത്തെ സ്വയം വിചാരണക്ക് വിധേയമാക്കാന്‍ സദാ പ്രേരകമാക്കുന്ന മീസാന്‍ കല്ലുകളുടെ സാമീപ്യം. ഇതെല്ലാം ഈ സംവിധാനത്തിന്റെ മേന്മകളാണ്.
താജുല്‍ഉലമയുടെ പഠനകാലം മുതല്‍ ഈ ധന്യതയുടെ പ്രകാശനം ആ ജീവിതത്തില്‍ പ്രകടമായിരുന്നു. അറിവിനോടുള്ള പ്രണയം, ഭാര്യയോടുപോലും പറയാതെ ബാഖിയാതിലേക്കുള്ള ഒളിച്ചോട്ടം എല്ലാം ഈ യാഥാര്‍ത്ഥ്യത്തെ ശരിവെക്കുന്ന ജീവിതാധ്യായങ്ങളാണ്. പഠനകാലത്ത് ‘നാട്ടില്‍ പോകാ’റുണ്ട് മുതഅല്ലിമുകള്‍. അത് പലപ്പോഴും ക്രമീകൃതമായ നിത്യജീവിതത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പലര്‍ക്കും. എന്നാല്‍ താജുല്‍ഉലമ നാട്ടില്‍ പോയിരുന്നത് നാട്ടിലെ പള്ളിയിലേക്കായിരുന്നു. റമളാനില്‍ ലഭിച്ചിരുന്ന അവധിക്കാലം മുഴുസമയം പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും നാട്ടുകാര്‍ക്ക് ഇമാമും മുര്ശിദുമാവാനുമായിരുന്നു വിനിയോഗിച്ചിരുന്നത്.
അധ്യാപനം ജോലിയായിരുന്നില്ല, അന്വേഷണവും അറിവിനോടുള്ള അടങ്ങാത്ത ദാഹവും അനുഷ്ടാനമായിരുന്നു. പൂര്‍ണമായി മനഃപാഠമുള്ള ഗ്രന്ഥങ്ങളാണെങ്കിലും ക്ലാസുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ട വിഷയത്തില്‍ ഗഹനമായ പരിചിന്തനത്തിന് (മുത്വാലഅ) സമയം മാറ്റിവെച്ചു. കാലഘട്ടത്തിനും കുട്ടികളുടെ വര്‍ദ്ധനവിനും അനുസരിച്ച് പള്ളിദര്‍സ്, കോളേജ് എന്ന രൂപക്രമത്തിലേക്ക് മാറിയപ്പോഴും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അകത്തെ പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നുതന്നെയായിരുന്നു. നാട്ടിലും ഉള്ളാളത്തും യാത്രയിലും വെറുതെയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തെ ആരും കണ്ടില്ല. ‘ഉപ്പ’ എന്നതിനെക്കാള്‍ ‘ശൈഖ്’ എന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയില്‍ മക്കളുടെ ജീവിതത്തില്‍ പോലും അദ്ദേഹം പ്രകടമായി.
ആരാധനാ ക്രമങ്ങളെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വൈകി ഉറങ്ങിയത് നേരത്തേ ഉണരാതിരിക്കാന്‍ കാരണമായില്ല. വാര്‍ദ്ധക്യവും അനാരോഗ്യവും വകവെക്കാതെ പതിനൊന്ന് റക്അത് വിത്റ് എന്നും നിന്നു തന്നെ നിസ്കരിച്ചു. കൃത്രിമ ശ്വാസം നല്കാന് ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് ഐ സി യുവില്‍ കിടത്തിയ ഡോക്ടര്‍ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ നിന്ന് നിസ്കരിക്കുന്ന കാഴ്ച കണ്ട് അമ്പരന്നു. ഹൃദയമറിഞ്ഞ് ചുണ്ടുകള്‍ ഓരോ ദിവസവും ചൊല്ലിത്തീര്‍ത്ത ദിക്റുകള്‍ പലര്‍ക്കും ജീവിതകാലം മുഴുക്കെയും ഉപയോഗപ്പെടുത്തിയാലും എത്തിച്ചേരാനാവാത്ത അത്രയും എണ്ണപ്പെരുപ്പമുള്ളതായി. സമ്മാനങ്ങളെയും മുഖസ്തുതിയെയും വെറുക്കുകയും അത്തരം കാര്യങ്ങളുമായി കടന്നു വന്നവരെ പലപ്പോഴും ശകാരിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. ശരിയെന്ന് ബോധ്യപ്പെട്ടത് പറയാനും തെറ്റുതിരുത്താനും ആളും തരവും നോക്കിയില്ല. തലപ്പാവിന്റെയും പദവിയുടെയും അധികാരത്തിന്റെയും അനുയായികളുടെയും എണ്ണവും വണ്ണവും ആ ഇടപെടലുകളുടെ മാനദണ്ഡമായതേയില്ല.
മഹാനായ അല്ലാഹുവിനോട് താന്‍ നന്ദിയുള്ളവനായോ എന്നാലോചിച്ച് തനിച്ചിരുന്ന് കരഞ്ഞു. ആ പ്രാര്‍ത്ഥനയുടെ ഫലം ഒരു ജനത ഒന്നാകെ അനുഭവിച്ചു. കാരണം അദ്ദേഹം തന്നെ പറയുമ്പോലെ ‘അല്ലാഹുവിനെ മാത്രമേ പേടിച്ചിരുന്നുള്ളൂ, അല്ലാഹുവിനെ ആരെങ്കിലും പേടിച്ചാല്‍ എല്ലാ വസ്തുക്കളും അവനെ ഭയപ്പെടും.’ അല്ലാഹുവിനെക്കുറിച്ച് നന്നായറിയാനുള്ള ഭാഗ്യവും തെളിച്ചവും വന്നുചേര്‍ന്നതിന്റെ പ്രകാശം ആ മുഖത്തും മനസ്സിലും എന്നും ജ്വലിച്ചു നിന്നു. ആ ജീവിതത്തിന്ന് നിസ്തുലമായ ഒരു സ്മാരകം പണിയേണ്ടത് നമ്മുടെയൊക്കെ മനസ്സിലും ജീവിതത്തിലുമാണ്. ഇരുട്ട് നിറഞ്ഞ മനസ്സുകളില്‍ കളങ്കമേശാത്ത ഇലാഹീ സ്നേഹത്തിന്റെ നാളം സദാ കെടാതെയിരിക്കുന്നു എന്നുറപ്പ് വരുത്തിയാവട്ടെ നമ്മുടെ ദൈനംദിന ജീവിതം.
എം ടി ശിഹാബുദ്ദീന് സഖാഫി
You must be logged in to post a comment Login