മഹാത്മജിയെ വെടിവച്ച് കൊന്ന നാഥുറാം ഗോഡ്സേക്ക് വേണ്ടി ഹിന്ദു മഹാ സഭയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരിവാര്‍ പലയിടങ്ങളിലായി ക്ഷേത്രം നിര്‍മിക്കുകയാണ്. ഒപ്പം വൈ ഐ അസ്സാസിനേറ്റഡ് ഗാന്ധി (ഞാന്‍ എന്ത് കൊണ്ട് ഗാന്ധിയെ വധിച്ചു) എന്ന ഗോഡ്സെയുടെ കോടതി മൊഴി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കറന്‍സികളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണമെന്നും ഹിന്ദുത്വ പരിവാരം ആവശ്യപ്പെട്ടിരിക്കുന്നു. ഗാന്ധിജിയെ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് തമസ്കരിക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്. പ്രധാനമന്ത്രി പദത്തിലേറും മുമ്പ് രാജ്ഘട്ടില്‍ പോയി ഗാന്ധി സമാധിക്കു മുമ്പില്‍ നമസ്കരിക്കുമ്പോള്‍ ഇതായിരിക്കുമോ പ്രധാനമന്ത്രി മോഡി എടുത്ത പ്രതിജ്ഞ? രാജ്യത്തെങ്ങും ഗോഡ്സെ ക്ഷേത്രങ്ങളുണ്ടാക്കി ഗാന്ധിജിയെ കുഴിച്ചുമൂടാമെന്നാണ് ഇവരൊക്കെ വിചാരിക്കുന്നത്. ചരിത്രത്തെ കുഴിച്ചു മൂടാന്‍ ആര്‍ക്കുമാവില്ല. ഇന്ത്യന്‍ ജനതയുടെ മനസ്സുകളില്‍ രാജ്യത്തിന് വേണ്ടി ചോരകൊടുത്ത ഗാന്ധിജി അനശ്വരനായി തന്നെ നില്ക്കും. ഗോഡ്സെക്ക് ദൈവപദവി നല്കുന്നവര് രാജ്യത്തിന്റെ കരളാണ് കടിച്ചു തുപ്പുന്നത്. ഇന്ത്യന്‍ മത നിരപേക്ഷതയെ ഗളഛേദം നടത്താനാണ് ഇവരുടെ തത്രപ്പാട്.
മഹാത്മജിയെ നിറയൊഴിച്ചു കൊന്ന നാതൂറാം വിനായക് ഗോഡ്സെയുടെ വിചാരണ 1948 മേയ് 27-നാണ് തുടങ്ങിയത്. ഏതാണ്ട് ഒമ്പത് മാസം വിചാരണ നീണ്ടു. 1949 നവംബര്‍ എട്ടിന് വധശിക്ഷ പ്രഖാപിച്ചു. അമ്പാല ജയിലില്‍ വച്ച് 1949 നവംബര്‍ 5-ന് തൂക്കിക്കൊല്ലുകയും ചെയ്തു. ഗോഡ്സെ വിശ്വസിച്ചത് മാനവ ധര്‍മത്തിലല്ല. മറിച്ച് ഹിന്ദുത്വ ഫാസിസത്തിലാണ്. തന്റെ വിചാരണ വേളയില്‍ അദ്ദേഹമത് തുറന്ന് പറയുക തന്നെ ചെയ്തു. ഹിന്ദുവല്ലാത്തവരെ സ്നേഹിതരാക്കുന്നവര് ഹിന്ദുമതത്തിന്റെ ശത്രുവാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. അവരെ ‘രാമന് രാവണനെ കൊന്നത് പോലെ, കൃഷ്ണന് കംസനെ വധിച്ചത് പോലെ അര്ജുനന് തന്റെ തന്നെ ആളുകളേയും ഭീഷ്മരേയും കൊന്നത് പോലെ’ കൊല്ലണം. രാമനേയോ, കൃഷ്ണനേയോ, അര്‍ജുനനേയോ ആരും ആക്രമികളായി കാണുന്നില്ല. പക്ഷേ ഗാന്ധി ഇവരെയൊക്കെ അഹിംസയുടെ ആളുകളായി കാണുന്നു. ഗാന്ധിജി തന്റെ സത്യവും അഹിംസയും പറഞ്ഞ് രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. രാജ്യത്തെ മുസ്ലിംകള്ക്ക് വേണ്ടി ഉപവാസം വഴി ഗാന്ധി മുപ്പത് വര്‍ഷത്തോളമായി തന്നെ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് ഗോഡ്സെ. അങ്ങനെയാണ് ഗാന്ധിയെ അവസാനിപ്പിക്കണമെന്ന് അയാള്‍ തീരുമാനിച്ചത്. ആത്മീയതയിലൂടെ ഗാന്ധി അപ്രമാദിത്വം നേടുകയായിരുന്നത്രേ. ഗാന്ധി ചെയ്തത് മുഴുവന്‍ അബദ്ധങ്ങളായിരുന്നു. നിരന്തരമായ അബദ്ധങ്ങള്‍. ഗാന്ധിയുടെ ഹിന്ദു മുസ്ലിം മൈത്രി തന്നെ തികഞ്ഞ അസംബന്ധമാണ്. ഹിന്ദി-ഉര്‍ദു വിവാദമുണ്ടായപ്പോള്‍ ഗാന്ധി ഹിന്ദുസ്ഥാനിക്ക് വേണ്ടി നില കൊണ്ടു. അത് മുസ്ലിംകളെ പ്രീതിപ്പെടുത്താനായിരുന്നു. ഹിന്ദുസ്ഥാനി ഒരു ‘തന്തയില്ലാത്ത’ ഭാഷയാണെന്നും ഗോഡ്സെ പറഞ്ഞു. മുസ്ലിംകളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഗാന്ധി ഹിന്ദിയെ വ്യഭിചരിച്ചു. എല്ലാം ഹിന്ദുക്കളുടെ ചെലവിലായിരുന്നുവെന്നും എല്ലാം പൊട്ടന്മാരായ അനുയായികള്‍ പിന്തുണക്കുകയായിരുന്നെന്നും ഗോഡ്സെ കുറ്റപ്പെടുത്തുന്നു. (ഗോഡ്സെ, വൈ ഐ അസ്സാസ്സിനേറ്റഡ് ഗാന്ധി)
ഗോഡ്സെയുടെ പ്രസ്താവം അദ്ദേഹത്തിന്റെ സൃഷ്ടിയല്ലെന്നും ഗോഡ്സെക്ക് വേണ്ടി ഹിന്ദുത്വത്തിന്റെ ജനയിതാവായ വി.ഡി സവര്‍ക്കര്‍ എഴുതിയതാണെന്നും പറയുന്നുണ്ട്. ഗാന്ധിയാണ് ഇന്ത്യയെ വിഭജിച്ചത്. ഇന്ത്യയുടെ മൂന്നിലൊന്ന് നഷ്ടപ്പെടുത്തിയിട്ട് രാജ്യത്തിന് വേണ്ടി നിരവധി പേര് രക്തം ചിന്തിയെന്ന നെഹ്റുവിന്റെ വീര വാദങ്ങള്‍ അസംബന്ധമാണെന്നും ഗോഡ്സെ തന്റെ വിചാരണ വേളയില്‍ പറഞ്ഞു. എല്ലാം ഗാന്ധിയാണ് ഉത്തരവാദി. എന്നിട്ടും ഇദ്ദേഹത്തെ പലരും ദൈവമാക്കി വാഴ്ത്തുകയാണ്. തന്റെ വാദം സ്ഥാപിക്കുന്നതിന് വേണ്ടി ഹിന്ദുത്വ ചരിത്ര വ്യാഖ്യാനത്തേയും ഗോഡ്സെ കൂട്ടു പിടിക്കുന്നു. ഗാന്ധിജി പാകിസ്ഥാനിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും എന്നാല്‍ ഹിന്ദുക്കള്‍ ഡല്‍ഹിയില്‍ പള്ളികള്‍ പിടിച്ചടക്കിയപ്പോള്‍ അവരെ ഒഴിപ്പിക്കാന്‍ വേണ്ടി ഉപവാസമനുഷ്ഠിച്ചുവെന്നും ഗോഡ്സെ കുറ്റപ്പെടുത്തുന്നു. ഗാന്ധി ഹിന്ദുക്കളെ നിയന്ത്രിച്ചു നിറുത്തുകയും മുസ്ലിംകളെ സ്വതന്ത്രരാക്കി വിടുകയും ചെയ്തുവത്രേ. ജിന്നക്ക് പോലും ഗാന്ധിയുടെ കള്ള ആത്മീയതയില്‍ വിശ്വാസമുണ്ടായിരുന്നില്ലെന്ന് വിചാരണ വേളയില്‍ ഗോഡ്സെ ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയെ കൊന്നതിന്റെ പേരില്‍ തന്നെ എന്ത് വിളിച്ചാലും ചേതമില്ലെന്ന മട്ടിലാണ് ഗോഡ്സെ സംസാരിച്ചത്. എന്നാലും ഇന്ത്യാ രാജ്യം രക്ഷപ്പെടുമല്ലോ? ആയുധ ധാരികളായ പട്ടാളം ഇന്ത്യയെ കാത്തു കൊള്ളും. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ നാശത്തിനും കെടുതിക്കും കാരണക്കാരനായ ഒരുത്തന്റെ ദേഹത്തേക്കാണ് താന്‍ നിറയൊഴിച്ചതെന്ന് ഗോഡ്സെ അഭിമാനിക്കുന്നു. നിയമത്തിലൂടെ ഗാന്ധിയെ വഴിക്ക് വരുത്താന്‍ കഴിയുമായിരുന്നില്ല. അത് കൊണ്ടാണ് തോക്കെടുക്കേണ്ടി വന്നത്. മുസ്ലിംകളെ തൃപ്തിപ്പെടുത്തുന്ന സര്‍ക്കാറാണ് ഇന്ത്യയിലേത്. ഗാന്ധിയുള്ളത് കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. ഇന്ത്യയെ സെക്കുലര്‍ രാജ്യം എന്ന് വിളിക്കുന്ന നെഹ്റു വിരോധാഭാസങ്ങളാണ് വിളിച്ചു പറയുന്നതെന്നും ഗോഡ്സെ മൊഴിയില്‍ പറയുന്നു. പാകിസ്ഥാനെന്ന ദൈവീക രാജ്യം സൃഷ്ടിച്ച് കൊടുത്തത് നെഹ്റുവാണ്. അതിന് ഗാന്ധിയുടെ സഹായവും കിട്ടി.
ഗോഡ്സെയുടെ വഴി
ഗോഡ്സെ മൊഴിയില്‍ പറഞ്ഞത് ആര്‍എസ്എസിന്റേയും ഹിന്ദു മഹാസഭയുടേയും ആശയങ്ങള്‍ തന്നെയാണ്. ഗോഡ്സെയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് കോണ്‍ഗ്രസിലെ ചിലര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളിക്കളയാനും വയ്യ. ഗാന്ധിജിയെ ആദ്യ വട്ടം ആക്രമിച്ചപ്പോള്‍ തന്നെ മതിയായ സംരക്ഷണം നല്‍കേണ്ടതായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ അക്കാര്യം അവഗണിച്ചുവെന്നാണ് പറയുന്നത്. എന്തായാലും ഹിന്ദുത്വ ശക്തികളോട് പട്ടേല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പട്ടേലിനെ ഇപ്പോള്‍ സ്വന്തമാക്കുന്നതും രണ്ടാം പട്ടേലാണ് താനെന്ന ശ്രീ മോഡിയുടെ അവകാശവാദവും ഈ ബന്ധത്തിന്റെ ബാക്കി പത്രമായി കരുതാം. ഹിന്ദുത്വ ബ്രാഹ്മണന്മാര് പൊതുവേ ബ്രിട്ടീഷുകാര്ക്കനുകൂലമായിരുന്നത് കൊണ്ട് വേണ്ടത്ര നേതാക്കളൊന്നും ആര്‍എസ്എസിന്റെ കൈയിലില്ല. അത് കൊണ്ടാണ് തിലകനേയും പട്ടേലിനേയുമൊക്കെ കോണ്‍ഗ്രസില്‍ നിന്നടര്‍ത്തി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് കൂടി ഓര്‍ക്കണം. മുഗളന്മാരെ തുരത്തിക്കൊടുത്തതിന് ബംഗാളി ബ്രാഹ്മണര്‍ക്ക് ബ്രിട്ടീഷുകാരോട് നന്ദിയുണ്ടായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠം എന്ന നോവലില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഗാന്ധിജിയെ അവഗണിക്കുന്നു
തുഷാര്‍ ഗാന്ധി എഴുതിയ പോലെ ആര്.എസ് എസിലും ഹിന്ദു മഹാസഭയിലും ബ്രാഹ്മണര്‍ക്കായിരുന്നു ആധിപത്യം. താണ ജാതിക്കാരെ ബ്രാഹ്മണരോട് കൂട്ടിക്കെട്ടുന്നതിനോട് അവര്‍ക്ക് യോജിപ്പുമുണ്ടായിരുന്നില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് തടസ്സമായത് ഗാന്ധിജിയുടെ വരവാണെന്ന് ആര്‍എസ്എസ് ഹിന്ദു സഭയും ഉറച്ചു വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ഉട്ടോപിയന്‍ ആശയങ്ങള്‍ നടക്കാന്‍ പോണില്ലെന് കോണ്‍ഗ്രസ് സര്‍ക്കാരും മനസ്സിലാക്കി. സാതന്ത്ര്യം ആഘോഷിച്ചത് ഗാന്ധിജിയുടെ അസാന്നിധ്യത്തിലായിരുന്നല്ലോ. താന്‍ ഹിമാലയത്തിലേക്ക് റിട്ടയര്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നതെന്ന് ഗാന്ധിജി വെട്ടിത്തുറന്ന് പറയുക തന്നെ ചെയ്തു.
1934ല്‍ പൂനെയില്‍ നിന്നാണ് ഗാന്ധിജിക്കെതിരെ ആദ്യ വധശ്രമമുണ്ടായത്. അദ്ദേഹത്തിന്റെ കാറിനെ ലക്ഷ്യമാക്കി ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ നിന്ന് മഹാത്മജി രക്ഷപ്പെട്ടു. ഗാന്ധിജിയോടുള്ള രോഷം പ്രകടിപ്പിക്കാന്‍ ആര്‍എസ്എസുകാര്‍ അവരുടെ ചെരിപ്പിനടിയില്‍ ഗാന്ധിജിയുടെ ചിത്രം ഒട്ടിച്ചു വയ്ക്കുമായിരുന്നു. ഘാതകരായ ഗോഡ്സെക്കും, ആപ്തെക്കും ഗാന്ധിജിയെ വധിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന് ഫണ്ടുകള്‍ ലഭ്യമാക്കിയത് ഇവരുടെ ക്യാമ്പുകളില്‍ നിന്നാണത്രേ. ഗാന്ധിജിയെ പിശാചിന്റെയും രാക്ഷസന്റെയും പ്രതീകമായാണ് ആര്‍എസ്എസ് കേമ്പുകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത് (തുഷാര്‍ ഗാന്ധി, ലെറ്റസ് കില്‍ ഗാന്ധി). പതിനാല് വര്‍ഷത്തോളം ഹിന്ദു മഹാസഭക്കാര്‍ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചതാണ്. പല ഗൂഡാലോചനകളിലും പൂനെക്കാരായ നാരായണ ആപ്തെക്കും, ഗോഡ്സെക്കും പങ്കുണ്ടായിരുന്നു. വധ സംഘത്തിന്റെ നേതൃത്വം നാരായണന് ആപ്തെക്കായിരുന്നു. ഘാതകനായ ഗോഡ്സെ സംഘത്തില്‍ മെമ്പര്‍ മാത്രം.
ഗാന്ധി വധത്തിന് ശേഷം ഒരു പാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. പല വട്ടം വധശ്രമമുണ്ടായിട്ടും എന്ത് കൊണ്ട് ഗാന്ധിജിക്ക് ആവശ്യമായ സംരക്ഷണം നല്‍കിയില്ല. വധത്തിന് പത്ത് ദിവസം മുമ്പ് നടത്തിയ മറ്റൊരു വധശ്രമത്തില്‍ പ്രതിയായ മദന്‍ലാല്‍ പഹ്വയെ പിടി കൂടുകയും തന്റെ കൂട്ടാളികളായി ഗോഡ്സേയും ആപ്തെയുമുണ്ടെന്ന് അയാള്‍ മൊഴി കൊടുത്തതുമാണ്. എന്നിട്ടും എന്ത് കൊണ്ട് ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല? ചതിയിലാണ് ഗോഡ്സെ മഹാത്മജിയെ വധിച്ചത്. പ്രാര്‍ഥനക്കെത്തിയ ഒരു അനുയായിയെപ്പോലെ കൈകൂപ്പി ഗാന്ധിജിക്ക് നമസ്തെ പറഞ്ഞ് കൊണ്ടാണ് അയാള്‍ തോക്കെടുത്ത് കാഞ്ചി വലിച്ചത്. ആ സമയത്ത് ഗാന്ധിജിക്ക് ചുറ്റും ആവശ്യമായ സുരക്ഷാ വലയങ്ങളൊന്നും തീര്‍ത്തിരുന്നില്ല. ഒരു പക്ഷേ ഗാന്ധിജി അതിന് സമ്മതിച്ചില്ലെന്ന് പറഞ്ഞ് അധികൃതര്‍ക്ക് രക്ഷപ്പെടാം. വെടി കൊണ്ട് വീണ ഗാന്ധിജിയെ എന്ത് കൊണ്ട് ആശുപത്രിയിലേക്കെടുത്തില്ല? ബോംബെ മുഖ്യന്ത്രി കെറിനും ആഭ്യന്തര മന്ത്രി പട്ടേലിനും വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതാണ്. അതില്‍ ഗോഡ്സെയുടെ പേര് പ്രത്യേകം തന്നെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഗാന്ധിജിയുടെ വധ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഘാതകന് ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞതാണ്. അപ്പോഴേക്കും കൊന്നത് മുസ്ലിംകളാണെന്ന ശ്രുതിയുണ്ടാക്കാന് മാധ്യമങ്ങള്‍ ശ്രമിച്ചു. പലേടത്തും മുസ്ലിംകള്ക്കെതിരെ ആക്രമണം കത്തിപ്പടര്‍ന്നപ്പോള്‍ മാത്രമാണ് കൊന്നത് മുസ്ലിമല്ലെന്നും ഹിന്ദു മത ഭ്രാന്തനാണെന്നുമുള്ള വാര്‍ത്തപുറത്ത് വന്നത്. ആര്‍എസ്എസുകാര്‍ മിഠായി വിതരണം ചെയ്തതൊന്നും വാര്‍ത്തയായതുമില്ല. കൊന്നത് ആറെസ്സെസ്സുകാരനല്ലെന്ന് സ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ ഗോഡ്സെയെ ഒരു മാനസിക രോഗിയാക്കി ചിത്രീകരിച്ചു കൊടുത്തു.
എല്‍.കെ അദ്വാനിയുടെ സ്മരണക്കുറിപ്പുകളില്‍ പോലും പറയുന്നത് ആറെസ്സെസ്സിനെ ഗാന്ധി വധവുമായി ബന്ധപ്പെടുത്തേണ്ടതില്ല എന്നാണ്. അങ്ങനെ തന്നെയാവട്ടെ, പക്ഷേ ആറെസ്സെസ്സുകാര്‍ക്ക് ഗാന്ധിയോട് ആദരവായിരുന്നു എന്ന് കൂടി എഴുതി വിട്ടാലോ. (അദ്വാനി, മൈ കണ്ട്രി മൈ ലൈഫ്). ഇപ്പറഞ്ഞത് സംഘ്പരിവാരം സമ്മതിച്ചു കൊടുക്കുമോ? അങ്ങനെയെങ്കില്‍ അവര്‍ ഗോഡ്സേക്ക് വേണ്ടി ക്ഷേത്രം നിര്‍മിക്കുമോ? എന്തായാലും മരിച്ചയുടനെ ആറെസ്സെസ്സിന്റെ മേധാവി ഗുരുജി ഗോള്‍ വാള്‍ക്കര്‍ നെഹ്റുവിന് അഗാധ ദുഃഖം രേഖപ്പെടുത്തി മദ്രാസില്‍ നിന്ന് കമ്പിയടിച്ചത് കൊണ്ട് ആറെസ്സെസ്സിന് ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്ന് ഉറപ്പിച്ച് കൊടുക്കാം. ‘വിശ്വ വന്ദനീയ’ എന്നാണ് ഗോള്‍ വാള്‍ക്കര്‍ ഗാന്ധിജിയെ ജീവിത കാലത്ത് തന്നെ സംബോധന ചെയ്തതത്രേ. അദ്വാനി തന്നെയാണിത് പറയുന്നത്. എങ്കില്‍ ഇതൊന്ന് ഗോഡ്സേ ക്ഷേത്രമുണ്ടാക്കുന്നരോട് പറഞ്ഞ് കൊടുക്കാന്‍ ആര്‍എസ്എസ് എന്ത് കൊണ്ടാണ് തയാറാവാത്തത്? 1943ല്‍ ഗാന്ധിജി ആര്‍എസ്എസിന്റെ ക്യാമ്പ് സന്ദര്‍ശിച്ചുവെന്നും അവരെ വാഴ്ത്തിയെന്നും അദ്വാനി പറയുന്നു. 1947ല്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപം കൊടുമ്പിരികൊണ്ടപ്പോള്‍ ഗാന്ധിജി ഗുരുജി ഗോള്‍വാള്‍ക്കറെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തുകയും കലാപങ്ങളിലുള്ള ആര്‍എസ്എസ്സുകാരുടെ പങ്ക് അദ്ദേഹത്തോട് പറയുകയും ചെയ്തുവത്രേ. ആര്‍എസ്എസുകാര്‍ അത് ചെയ്യില്ലെന്നും അവരുടെ ലക്ഷ്യം ഹിന്ദുക്കളെ പുനരുദ്ധരിക്കുകയാണെന്നും മറ്റ് മതക്കാരുടെ കാര്യത്തില്‍ അവര്‍ക്കൊന്നും ചെയ്യാനില്ലെന്നും ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയെ തെര്യപ്പെടുത്തി. ഇക്കാര്യം ഗാന്ധിജി തന്റെ പ്രാര്‍ഥനാ യോഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നുവെന്നും അധ്വാനി പറയുന്നുണ്ട്. ഗാന്ധിജി ഗോള്‍വാള്‍ക്കറുടെ മുസ്ലിം സ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകം വായിച്ചിട്ടില്ലായിരിക്കും. വായിച്ചെങ്കില്‍ ഗുരുജി പറഞ്ഞത് അദ്ദേഹം വിശ്വസിക്കാനിടയില്ല. അദ്വാനിയുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യമായതിനാല്‍ നരേന്ദ്ര മോഡിയോ ആറെസ്സെസ്സോ അതൊന്നും വിശ്വസിക്കുകയുമില്ല.
ഗോഡ്സെ ആര്‍എസ്എസ് പ്രചാരകനായിരുന്നു. എന്നാല്‍ ഗാന്ധിജിയെ വധിക്കുന്ന സമയത്ത് അയാള്‍ക്ക് ആര്. എസ്.എസില്‍ അംഗത്വമുണ്ടായിരുന്നില്ല. സംഘത്തിന് തീവ്രത പോരാ എന്ന് അദ്ദേഹം പറയുമായിരുന്നത്രേ. ഹിന്ദു രാഷ്ട്ര എന്ന പേരില്‍ ഒരു മറാത്തി പത്രവും അദ്ദേഹം നടത്തിയിരുന്നു. ഗോഡ്സെ കൂടുതല്‍ തീവ്രതയുള്ള ഒരു സംഘടനയുണ്ടാക്കി. അദ്ദേഹവുമായി നിസ്സഹകരിക്കാന്‍ ആര്.എസ്.എസ് എന്തായാലും തയാറായില്ല. ഗോഡ്സേയെ പിടിക്കുന്ന കാര്യത്തില്‍ പരാജിതനായ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ രാജി വെക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. അതോടൊപ്പം മന്ത്രിസഭയിലെ ഹിന്ദു മഹാസഭാ പ്രതിനിധി ശ്യാം പ്രസാദ് മുഖര്‍ജിയെ പുറത്താക്കണമെന്നും ആവശ്യമുന്നയിച്ചു. ഒന്നിനും അന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ തയ്യാറായില്ല. ആറെസ്സെസ്സിനെ ബേജാറാക്കാന്‍ നെഹ്റുവോ പട്ടേലോ, എന്തിന് മൗലാനാ ആസാദോ തുനിഞ്ഞില്ല. പക്ഷേ പാര്‍ട്ടിയുടെ ശക്തമായ ആവശ്യം നിരസിക്കാന്‍ കഴിയാതെ നെഹ്റു ആറെസ്സെസ്സിനെതിരെ നടപടി തുടങ്ങി. സംഘത്തെ നിരോധിക്കുകയും ഗോള്‍വാള്‍ക്കറടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും ജയിലിലാക്കുകയും ചെയ്തു. ഈ നടപടികള്‍ പട്ടേലിനെ വേദനിപ്പിച്ചിരുന്നു. അദ്ദേഹം ഗുരുജിയുടെ പക്കല്‍ നിന്ന് ആറെസ്സെസ്സിന്റെ ഭരണ ഘടന എഴുതി വാങ്ങി നിരോധം നീക്കി. ആര്.എസ്.എസുകാരായ എല്ലാവരേയും വിട്ടയച്ചു. കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാന്‍ പട്ടേല്‍ ആറെസ്സെസ്സിനെ ക്ഷണിച്ചു. 1949 ഒക്ടോബര്‍ ഏഴിന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആറെസ്സെസ്സുകാരോട് കോണ്‍ഗ്രസില്‍ ചേരാന്‍ ഏക കണ്ഠേന അഭ്യര്‍ഥിക്കുകയും ചെയ്തു.
ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login