മുഹമ്മദ് വലദ് സ്വലാഹി കഥ പറഞ്ഞു തുടങ്ങുന്നത് രണ്ടായിരത്തി അഞ്ചിലാണ്. നീണ്ട പതിമൂന്ന് വര്‍ഷത്തെ കൊടും ക്രൂരതകളുടെ തടവറയനുഭവം വരച്ചിടാന്‍ സ്വലാഹിക്ക് ആലങ്കാരികതകളുടെ അകമ്പടി വേണ്ട. നീറുന്ന നോവുകളില്‍ ചോരയില്‍ മുങ്ങിയ അക്ഷരങ്ങളെമ്പാടുമുണ്ട്. അനുഭവങ്ങളുടെ തീച്ചൂള സമ്മാനിച്ച വൈകാരികത ധാരാളമായിരുന്നു.
നിരപരാധിയാണെന്ന് യു. എസ് ഫെഡറല്‍ കോടതി വിധിച്ചിട്ടും പതിമൂന്ന് വര്‍ഷക്കാലം ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്ന സ്വലാഹിയുടെ ശ്വാസോഛാസങ്ങള്‍ ഗ്വാണ്ടനാമോ ഡയറി എന്ന പേരില്‍ ദ ഗാര്ഡിയന് പുസ്തക രൂപത്തില്‍ തുറന്ന് വെക്കുന്നു.
മുഹമ്മദ് വലദ് സ്വലാഹി
1988ല്‍ ജര്‍മ്മനിയിലെ ഡിസ്ബര്ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പോടെയാണ് സ്വലാഹി എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. 1991ല്‍ റഷ്യന്‍ അനുകൂല സര്‍ക്കാറിനെതിരെ കൊടിപിടിക്കാനാണ് അഫ്ഗാനിസ്ഥാനിലെത്തുന്നത്. അല്‍ഖാഇദയുടെ ഫാറൂഖ് ട്രൈയിനിംഗ് ക്യാമ്പില്‍ നിന്നും നീണ്ട ആഴ്ചകളോളം സ്വലാഹി ആയുധവിദ്യകള്‍ അഭ്യസിച്ചു. 1991 മാര്‍ച്ച് മാസം അല്‍ഖാഇദയില്‍ ചേര്‍ന്ന സ്വലാഹി അബൂ മുസ്അബ് എന്ന സ്ഥാനപ്പേര് സ്വീകരിച്ച ശേഷം ജര്‍മ്മനിയിലേക്ക് തന്നെ തിരിച്ചുപോന്നു.
ഉസാമാ ബിന്‍ലാദന്റെ ഉപദേഷ്ടാവായിരുന്ന മഹ്ഫൂസ് വലീദ്, വലീദ് സ്വലാഹിയുടെ ബന്ധുവും മുന്‍ സഹോദരീ ഭര്‍ത്താവുമാണ്. വലീദ് അല്‍ഖാഇദയുടെ മുഖ്യതീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ശൂറ കൗണ്‍സില്‍ അംഗവുമായിരുന്നു.
ലോകം നടുങ്ങിയ 9/11 ആക്രമണത്തെപ്പറ്റി അല്‍ഖാഇദ ചര്‍ച്ച ചെയ്യുമ്പോള്‍ ആ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചു കൊണ്ട് വലീദും മറ്റു ചില അംഗങ്ങളും ബിന്ലാദന് കത്തെഴുതുകയുണ്ടായി. അവരുടെ എതിര്‍പ്പിനെ വകവക്കാതെ നടത്തിയ ആക്രമണത്തിന് ശേഷം വലീദ് അല്‍ ഖാഇദയുമായുള്ള സകല ബന്ധങ്ങളും വിഛേദിച്ചു.
വലീദ് സുഡാനിലായിരിക്കെ കുടുംബപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ട് തവണ സ്വലാഹിയോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷെ, സ്വലാഹി നടത്തിയ സാമ്പത്തിക ഇടപാട് അല്‍ഖാഇദയെ സഹായിക്കാനായിരുന്നെന്നാണ് യു എസ് ഭാഷ്യം.
സ്വലാഹിക്ക് ജര്‍മ്മനിയില്‍ അനുവദിച്ച വീസ കാലാവധി 1999 നവംബര്‍ മാസം അവസാനിച്ചപ്പോള്‍ കാനഡയിലേക്ക് പോയി. സ്വലാഹി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആളായിരുന്നതിനാല്‍ കാനഡയിലെ ഒരു പ്രമുഖ പള്ളിയില്‍ അദ്ദേഹം റമളാന്‍ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കും ഇമാമായി നിശ്ചയിക്കപ്പെട്ടു.
1999 ഡിസംബറില്‍ മാരക സ്ഫോടക വസ്തുക്കളുമായി കാനഡ അതിര്‍ത്തി വിട്ട് കടക്കവേ പോലീസ് പിടിയിലകപ്പെട്ട അഹ്മദ് റസ്സാം- സ്വലാഹി സേവനമനുഷ്ഠിച്ചിരുന്ന പള്ളിയുടെ പരിധിയിലുള്ള അംഗമായിരുന്നു. ഇതുകൊണ്ടു തന്നെ സ്വാഭാവികമായും റസ്സാമുമായി സ്വലാഹിക്ക് ബന്ധമുണ്ടാവുമെന്ന് പോലീസ് സംശയിച്ചത്. പക്ഷെ സ്വലാഹിക്ക് റസ്സാമിനെ നേരിട്ടറിയുക പോലുമില്ലായിരുന്നു.
കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ആഴ്ചകളോളം സ്വലാഹിയെ നിരീക്ഷിച്ചു. പക്ഷെ അറസ്റ്റ് രേഖപ്പെടുത്താന്‍ ഒരു കാരണം വേണമായിരുന്നു. ജര്‍മ്മന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം, സ്വലാഹിക്ക് ആക്രമണങ്ങളുമായി നേരിട്ടോ പരോക്ഷമായോ യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ല എന്ന് മാത്രമല്ല റസ്സാമും സ്വലാഹിയും തമ്മില്‍ പരസ്പരം അറിയുമെന്നതിന് തെളിവുകളുമില്ല!
2000 ജനുവരി 21ന് സ്വലാഹി തന്റെ സ്വദേശമായ മൗറീത്താനിയയിലേക്ക് തിരിച്ച് പോകുമ്പോഴാണ് യു. എസ് ഗവണ്മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം സെനഗലില്‍ വെച്ച് സ്വലാഹി അറസ്റ്റ് ചെയ്യപ്പെടുന്നത്. അമേരിക്കന്‍ ഏജന്സിക്കറിയേണ്ടത് സ്വലാഹി അറിഞ്ഞിട്ടുപോലുമില്ലാത്ത മില്ലേനിയം പ്ലോട്ട് ആക്രമണങ്ങളുടെ രഹസ്യ നീക്കങ്ങളെപ്പറ്റിയായിരുന്നു. ഒടുക്കം സ്വലാഹി താല്കാലികമായി വിട്ടയക്കപ്പെട്ടു. പിന്നീട് ഒരു വര്‍ഷത്തോളം സ്വലാഹി ഇലക്ട്രിക്കല്‍ എഞ്ചിനീയറായി മൗറീത്താനിയയില്‍ കഴിഞ്ഞു കൂടി.
വേള്‍ഡ് ടൂര്‍
പോലീസ് വന്ന് വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ സ്വലാഹി ജോലി സ്ഥലത്ത് നിന്നും മടങ്ങി വന്ന് കുളിക്കുകയായിരുന്നു. വേഗം വസ്ത്രം മാറ്റി. തന്റെ സ്വന്തം കാറില്‍ തന്നെ മറ്റൊരു ചോദ്യം ചെയ്യല്‍ കൂടി അഭിമുഖീകരിക്കാനായി സ്വലാഹി പോലീസ് സ്റ്റേഷനിലേക്ക് പോവുമ്പോള്‍ ആത്മവിശ്വാസത്തോടു കൂടി തന്റെ ഉമ്മയോടു പറഞ്ഞു: ‘പേടിക്കേണ്ട.. ഞാന്‍ വേഗം തിരിച്ചു വരും.’ പക്ഷെ പിന്നീട് സ്വലാഹി തിരിച്ചു വന്നില്ല. സ്വലാഹി തന്നെ സ്വയം വിശേഷിപ്പിച്ച ‘വേള്‍ഡ് ടൂറി’ന്റെ തുടക്കമായിരുന്നത്.
ജോര്‍ദാനിലും അഫ്ഗാനിസ്ഥാനിലും വെച്ചുള്ള മാസങ്ങള്‍ നീണ്ട ‘ചോദ്യം ചെയ്യലുകള്‍’ക്ക് ശേഷം രണ്ടായിരത്തി രണ്ട് ആഗസ്റ്റ് മാസത്തില്‍ 706-ാം നമ്പര്‍ തടവുകാരനായി ഗ്വാണ്ടനാമോയുടെ ഇരുളറകളിലേക്ക് തള്ളുമ്പോള്‍ മറ്റു പല തടവുകാരെപ്പോലെത്തന്നെ സ്വലാഹിക്കുമറിയുമായിരുന്നില്ല താന്‍ ചെയ്ത കുറ്റമെന്താണെന്ന്!
ഗ്വാണ്ടനാമോ: ചുരുളഴിയാരഹസ്യം
‘ഒരിക്കല്‍ ഒരു ഗാര്‍ഡ് വന്ന് എന്നോട് ചോദിച്ചു: ‘നീയെന്താ നിസ്കരിക്കാത്തത്? പോയി നിസ്കരിക്കൂ…’ എന്ത് നല്ല സ്നേഹ മനസ്സിനുടമ! ഞാന്‍ ചിന്തിച്ചു. പക്ഷെ ഞാന്‍ നിസ്കരിക്കാനാരംഭിച്ചപ്പോഴേക്ക് എന്റെ ജീവനേക്കാളുപരി സ്നേഹിക്കുന്ന എന്റെ ഇസ്ലാമിനെ അയാള്‍ കളിയാക്കാന്‍ തുടങ്ങി. അതില്‍പ്പിന്നെ ഞാനൊരുത്തനും ഇസ്ലാമിനെ പരിഹസിക്കാനുള്ള അവസരം മനപൂര്‍വം നല്‍കിയിട്ടില്ല.
ഇങ്ങനെ ലക്ഷക്കണക്കിന് യുദ്ധ പീഢന കൃത്യങ്ങള്‍ ഞാന്‍ കാണിച്ചുതരാം!’
ഇന്നും ചുരുളഴിയാ രഹസ്യമായാണ് ഗ്വാണ്ടനാമോ നിലകൊള്ളുന്നത്. 1893ലാണ് ഗ്വാണ്ടനാമോ ബേയില്‍ അമേരിക്കന്‍ സാന്നിധ്യം തുടങ്ങുന്നത്. നാവിക സൈനിക നിരീക്ഷണ കേന്ദ്രം തുടങ്ങാനായി ക്യൂബ ഈ പ്രദേശം അമേരിക്കക്ക് പാട്ടത്തിന് നല്‍കുന്നത് 1903ലാണ്. പിന്നീട് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പ്രദേശം അമേരിക്ക സ്വന്തമാക്കുന്നത് 1934ല്‍. ഇന്ന് നൂറ്റി ഇരുപത് സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശം യു. എസ് അധീനതയിലാണുള്ളത്.
രഹസ്യ തടവറയാക്കി മാറ്റിയതിന് ശേഷം ഗ്വാണ്ടനാമോയില്‍ എന്ത് നടക്കുന്നു എന്ന് ഇപ്പോഴും പുറത്തറിയുന്നില്ല. നാല്‍പ്പത്തിയെട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള ‘കൊടും ഭീകരരേ’യാണ് ഇതിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നതാണ് കേസ് ഫയലുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ സ്വപ്നം കണ്ടുതുടങ്ങുന്ന പന്ത്രണ്ട് വയസ്സ് പ്രായം മുതല്‍ ജീവിതത്തിന്റെ അവസാന ദശയില്‍ ഒരു നാളം മാത്രമായിക്കഴിയുന്ന എഴുപതു വയസ്സുകാരന് വരെയുള്ള ‘കൊടും ഭീകരരാ’ണ് ഗ്വാണ്ടനാമോയില്‍ താളം തെറ്റിയ മനസ്സും ക്ഷയിച്ച ശരീരവുമായി കഴിയുന്നത്. നീണ്ടവര്‍ഷങ്ങള്‍ ഇരുട്ടറകളിലടച്ച് ഒടുവില്‍ നിരപരാധിയാണെന്നറിഞ്ഞ് ഖേദം പ്രകടിപ്പിച്ച് ജീവിതത്തിന്റെ സജീവ നിമിഷങ്ങളൊക്കെയും പിഴിഞ്ഞെടുത്ത് പ്രതീക്ഷകളില്ലാത്ത ലോകത്തേക്ക് തള്ളിവിടുന്ന ആധുനിക കാടത്തം, അങ്ങനെവേണം ഗ്വാണ്ടനാമോയെ ലളിതമായി പരിചയപ്പെടുത്താന്‍.
അഫ്ഗാനിയായ ഉബൈദുല്ലയെ അറസ്റ്റ് ചെയ്തുകൊണ്ട് വരുമ്പോള്‍ വയസ്സ് പത്തൊമ്പത്. തന്റെ കുടുംബസ്വത്തില്‍ പെട്ട പറമ്പില്‍ ഒരു കുഴിബോംബും ഒരു നോട്ടുപുസ്തകവും കണ്ടെടുത്തതാണ് കാരണം. തെളിവിനെ വിശ്വസനീയമാക്കുംവിധം പിന്‍സീറ്റില്‍ രക്തക്കറ പുരണ്ട ഒരു വാടക കാറും കൂട്ടത്തില്‍ സംഘടിപ്പിച്ചെടുത്തു. സൈന്യത്തിന്റെ വെടിയേറ്റ അല്‍ഖാഇദ ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ഉപയോഗിച്ച വാഹനമാണിതെന്ന് യു എസ് സൈന്യം തന്നെ തീരുമാനിച്ചു. പന്ത്രണ്ട് വര്‍ഷമായി ഉബൈദുല്ല ഗ്വാണ്ടനാമോയില്‍ കുറ്റം തെളിയിക്കപ്പെടാതെ ഭീകരമായ ഒരു ജീവിതം അടിച്ചേല്പിക്കപ്പെട്ട് കഴിഞ്ഞുകൂടുന്നു.
ഉബൈദുല്ലയുടെ അഭിഭാഷകന് മേജര്‍ ദരീക് പൊടീത് മൂന്ന് പ്രാവശ്യം കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കുകയുണ്ടായി. ”ഞാന്‍ ഉബൈദുല്ലയുടെ കുടുംബത്തോട് വീണ്ടും വീണ്ടും ചോദിച്ചു, കേട്ടതെല്ലാം സത്യമാണോയെന്ന്. ശരിക്കും അല്‍ഖാഇദ സംഘത്തെ പാക്കിസ്ഥാനിലേക്ക് കടത്തിയത് ഉബൈദുല്ലയാണോ എന്ന്. അവരാരും ഒരക്ഷരം മിണ്ടിയില്ല. ഒടുക്കം, ഒരു പ്രായം ചെന്നയാള്‍ പറഞ്ഞതു കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് പ്രസവ സമയമടുത്ത തന്റെ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാനായി ഉബൈദുല്ല കാര്‍ വാടകക്കെടുക്കുന്നത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ കാറില്‍ വെച്ച് തന്നെ ഭാര്യ പ്രസവിച്ചു. ആ പ്രസവ രക്തമാണ് യു എസ് സൈന്യം അല്‍ഖാഇദ ഭീകരരെ വെടിവെച്ച് തുരുത്തിയപ്പോഴുള്ള രക്തമായി സ്ഥിരീകരിച്ചത്! അഫ്ഗാനികള്‍ തങ്ങളുടെ പെണ്ണുങ്ങളെക്കുറിച്ച് ഒന്നും പുറത്ത് പറയില്ല. പ്രത്യേകിച്ച് പ്രസവ കാര്യങ്ങള്‍. അതവരുടെ സംസ്കാരത്തില്‍ നിഷിദ്ധമാണ്.”അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ജനിച്ച പെണ്‍കുട്ടിയെ ഉബൈദുല്ല കാണുന്നത് അവളുടെ പതിനൊന്നാം വയസ്സില്‍. അതും നേരിട്ടല്ല, വീഡിയോ കോളിലൂടെ. ഇങ്ങനെ എത്ര ജന്മങ്ങള്!
ചിലര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അല്‍ ഖാഇദയുടെ ചിഹ്നം ആലേഖനം ചെയ്ത കാഷിയോ എഫ്- 41 (CASIO F-41) വാച്ച് ധരിച്ചതിന്റെ പേരിലാണ്. ബിന്ലാദന് വിലകുറഞ്ഞ ഈ വാച്ചുപയോഗിച്ചായിരുന്നു ടൈം ബോംബുകള്‍ സമയക്രമീകരണം നടത്തിയിരുന്നതത്രെ(?). ഗ്വാണ്ടനാമോ കേസ് ഫയലുകള്‍ സൂചിപ്പിക്കുന്നത് അന്‍പത് തടവുകാരുടെ അറസ്റ്റിന്നാധാരം ഈ വാച്ചിന്റെ ഉടമകളായി എന്നതാണ്. ചെയ്ത കുറ്റമെന്താണെന്നുപോലുമറിയാത്ത നാല്പത്തി ആറ് തടവുകാര്‍ ഗ്വാണ്ടനാമോയില്‍ തടവുകാരായി കഴിയുന്നുണ്ട്. അവര്‍ ഒരു പക്ഷെ ഇനിയൊരിക്കലും വിചാരണക്ക് വിധേയമാക്കപ്പെട്ടെന്ന് വരില്ല. തല്‍ഫലമായി മോചിതരാവാനും കഴിയില്ല.
അദ്നാന് ലതീഫി എന്ന ചെറുപ്പക്കാരന് കഴിഞ്ഞ വര്‍ഷം തടവിലായിരിക്കെ മരണപ്പെടുകയുണ്ടായി. മാനസിക സന്തുലിതാവസ്ഥ ക്രമീകരിക്കാനുള്ള മരുന്നിന്റെ ഡോസ് കൂടിയതായിരുന്നു കാരണം. 2001ല്‍ അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടതു മുതല്‍ ജയിലുദ്യേഗസ്ഥന്മാര്ക്ക് ലതീഫി പറഞ്ഞുകൊടുക്കേണ്ടിയിരുന്നത് അല്‍ഖാഇദയുടെ രഹസ്യ നീക്കങ്ങളെക്കുറിച്ചായിരുന്നു. രണ്ട് പ്രാവശ്യം അദ്നാന് ലതീഫിയെ ജയില്‍ മോചിതനാക്കാനുള്ള ഉത്തരവുണ്ടായെങ്കിലും പുറത്തിറങ്ങാന്‍ യു എസ് ഗവണ്മെന്റ് അനുവദിച്ചില്ല. ഒടുക്കം ഒരിക്കലും അന്യായതടങ്കലിന് വിധിക്കപ്പെടാത്ത ലോകത്തേക്ക് അവന് യാത്രപറഞ്ഞു.
അദ്നാന് ലതീഫിയുടെ അഭിഭാഷകനായ ഡേവിഡ് റീമര്‍ ഒരിക്കല്‍ അദ്ദേഹം കാണാനിടയായ കാഴ്ചയെപ്പറ്റി വളരെ സങ്കടത്തോടെ വിശദീകരിക്കുകയുണ്ടായി: ”കരളലിയിക്കുന്ന പല കാഴ്ചകള്‍ക്കും അറിഞ്ഞോ അറിയാതെയോ ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും അലോസരപ്പെടുത്തിയത് അദ്നാന് അന്ന് പൊട്ടിയൊലിക്കുന്ന കൈകളുമായി എന്നെക്കാണാന്‍ വന്നതാണ്.
ശരാശരി നാലുപേര്‍ ദിനേന ജയില്‍ ഹോസ്പിറ്റലില്‍ വിവിധ കാരണങ്ങളാന്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് ഡോ. ടറീസ സാക്ഷ്യപ്പെടുത്തുന്നത്. മിക്കവരും മാനസിക സമ്മര്‍ദ്ദം, വിഭ്രാന്തി, ഭ്രാന്ത് തുടങ്ങിയ പ്രശ്നങ്ങളുമായാണ് അഡ്മിറ്റ് ചെയ്യപ്പെടുന്നത്.
തങ്ങളെ സംബന്ധിച്ചിടത്തോളം, ജയില്‍വാസികള്‍ എന്നതിലുപരി രോഗികളായതിനാല്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ശുശ്രൂഷ നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. പൊതുവെയുള്ള ആരോഗ്യനിലയിലുപരിയായി ഉബൈദുല്ലയെപ്പോലുള്ളവരുടെ വിവരങ്ങള്‍ തിരക്കിയാല്‍ മനുഷ്യ സ്നേഹികളായ ഡോക്ടര്മാരുടെപ്പോലും ഒച്ചയടയും.
ഉറങ്ങാന്‍ സമ്മതിക്കാതിരിക്കല്‍, കൊന്നുകളയുമെന്ന ഭീഷണി, ലൈംഗിക പീഢനങ്ങള്‍, വീട്ടുകാരെയും കുടുംബാംഗങ്ങളേയും പീഡിപ്പിക്കുമെന്ന ഭീഷണി, അടച്ചിട്ട ചെറിയ റൂമുകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ റാപ് മ്യൂസിക് പാടിപ്പിക്കല്‍, അഞ്ച് ഡിഗ്രി വരെ താഴ്ന്ന നിലയില്‍ ക്രമീകരിച്ച എ സി റൂമുകളില്‍ മണിക്കൂറുകളോളം പൂട്ടിയിടല്‍, എല്ലാറ്റിനും പുറമെ യു. എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന റൊണാള്‍ഡ് റംസ്ഫെഡ് അനുവദിച്ച പ്രത്യേക രീതിയിലുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി നിരവധി മനുഷ്യത്വ ലംഘനങ്ങള്‍ക്ക് നടുവിലൂടെയാണ് ഓരോ തടവുകാരനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഗ്വാണ്ടനാമോ ഡയറി
സ്വലാഹി ഇംഗ്ലീഷ് ഭാഷ പഠിച്ചു തുടങ്ങുന്നത് ഗ്വാണ്ടനാമോയിലെ ഉദ്യോഗസ്ഥന്മാരോടും ഗാര്‍ഡുകളോടും സംസാരിച്ചു കൊണ്ടാണ്. സ്വലാഹി എഴുതിത്തയ്യാറാക്കിയ നൂറ് പേജുകള്‍ വരുന്ന നീറുന്ന ഓര്‍മകളെ പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ പ്രചോദനം നല്‍കിയത് ഒരിക്കല്‍ സ്വലാഹിയെ സന്ദര്‍ശിക്കാനെത്തിയ അഭിഭാഷകനാണ്. ഹൃദയാന്തരാളങ്ങളില്‍ വിങ്ങിനിന്ന അനുഭവങ്ങളെ സ്വലാഹി പകര്‍ത്തി എഴുതിയപ്പോള്‍ 466 പേജുകളായി. ഇതാദ്യമായാണ് ഇപ്പോഴും തടവറയില്‍ കഴിയുന്ന ഒരാളുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. മുമ്പ് മുഹമ്മദ് അല്‍ റുബാഇഷിയുടെ ഛറല ീേ വേല ടലമ’എന്ന കവിത കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് എതിര്‍പ്പുകള്‍ മൂലം ഒഴിവാക്കുകയുണ്ടായി. മൗറിത്താനിയക്കാരനായ നാല്പത്തിനാലുകാരന് സ്വലാഹി ഗ്വാണ്ടനാമോ രഹസ്യതടവറയിലനുഭവിച്ച ക്രൂര മര്‍ദ്ദനങ്ങളുടേയും പീഡനങ്ങളുടേയും നേര്‍സാക്ഷ്യം പ്രസിദ്ധീകരിക്കപ്പെടുന്നത് യു. എസ് ഗവണ്മെന്റ് നടത്തിയ 2500 തിരുത്തലുകള്‍ക്ക് ശേഷമാണ്. അതും ഏഴു വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍. പുസ്തകം പ്രസിദ്ധീകൃതമാവുന്നതില് മുഖ്യ പങ്ക് വഹിച്ച പ്രമുഖ മനുഷ്യാകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ലാറി സീംസ് തന്നെയാണ് എഡിറ്റിംഗും ആമുഖ രചനയും നിര്‍വ്വഹിച്ചിട്ടുള്ളത്. ദ ഗാര്‍ഡിയനുമായി (സഹകരിച്ച് ബ്രിട്ടീഷ് പ്രസാധകരായ കാനന്‍ ഗേറ്റ് ഇരുപത് രാജ്യങ്ങളിലായി പുസ്തകം ഇക്കഴിഞ്ഞ ആഴ്ച പുറത്തിറക്കിക്കഴിഞ്ഞു.
ഗ്വാണ്ടനാമോ ഡയറിയുടെ പ്രസിദ്ധീകരണം ലോകത്തിലെ മുഖ്യധാരാ മനുഷ്യാവകാശ സംഘടനകള്‍ക്ക് ഉണര്‍വേകിയിട്ടുണ്ട്. സ്വലാഹിയെ ഉടന്‍ തന്നെ വിചാരണക്ക് ഹാജരാക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വ്യത്യസ്തമായ സമര പരിപാടികള്‍ക്ക് വിവിധ സംഘടനകള്‍ തുടക്കംകുറിച്ചു കഴിഞ്ഞു. ലോകത്താര്‍ക്കും ഇനി സ്വലാഹി അനുഭവിച്ച പോലെ ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ദുരനുഭവങ്ങളില്ലാതിരിക്കട്ടെ.
സവാദ് മുണ്ടമ്പ്ര
You must be logged in to post a comment Login