അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഭരണഘടന ഭേദഗതി ചെയ്ത് ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കും മുമ്പ് ജവഹര്‍ലാല്‍ നെഹ്റുവടക്കം നേതാക്കള്‍ മതേതരകാഴ്ചപ്പാടുള്ളവരായിരുന്നില്ലേ എന്നാണ് ബി ജെ പി നേതാക്കളുടെ ചോദ്യം. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായ റിപ്പബ്ലിക് ദിനത്തില്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ രാജ്യത്തെ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി വിശേഷിപ്പിക്കുന്ന, ഭരണഘടന നിലവില്‍ വന്ന കാലത്തെ ആമുഖമാണ് ഉപയോഗിച്ചത്. 1976ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥയില്‍ ഭരണഘടന ഭേദഗതി ചെയ്ത്, ജനാധിപത്യ പരമാധികാര മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന് ആമുഖം ഭേദഗതി ചെയ്തിരുന്നു. ഇതാണ് തങ്ങളുടെ ഏക വിശുദ്ധഗ്രന്ഥമെന്ന് അവകാശപ്പെട്ട് പരസ്യം പ്രസിദ്ധം ചെയ്ത നരേന്ദ്ര മോഡി സര്‍ക്കാര്‍, ഭരണഘടനയുടെ പുതുക്കിയ ആമുഖം ഉപയോഗിക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടപ്പോഴാണ് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രവി ശങ്കര്‍ പ്രസാദ് മേല്‍പ്പറഞ്ഞ ചോദ്യം ഉന്നയിച്ചത്.
പരസ്യത്തില്‍ പഴയ ആമുഖം ഉപയോഗിച്ചതില്‍ അപാകമില്ലെന്ന് സ്ഥാപിക്കാനാണ് രവിശങ്കര്‍ പ്രസാദ് ഈ ചോദ്യമുന്നയിച്ചത്. ഭരണഘടനയുടെ ആമുഖം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ വൈജാത്യത്തെയും പൈതൃകത്തെയും ജവഹര്‍ലാല്‍ നെഹ്റുവടക്കമുള്ള നേതാക്കള്‍ ഏത് വിധത്തിലാണ് ചിത്രീകരിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. പരസ്യത്തില്‍ ഭരണഘടനയുടെ പഴയ ആമുഖം ചേര്‍ത്തത്, അത് തയ്യാറാക്കിയ ഉദ്യോഗസ്ഥന് പിണഞ്ഞ കൈയബദ്ധമായി വേണമെങ്കില്‍ കരുതാം. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അച്ചടിച്ച രാജ്യസഭാ കലണ്ടറിന്റെ ആദ്യ പേജില്‍ ഉള്‍പ്പെടുത്തിയതും പഴയ ആമുഖമായിരുന്നു, മുന്‍കാലങ്ങളിലും പഴയ ആമുഖമുപയോഗിച്ച് പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിവയും ന്യായമായി ചൂണ്ടിക്കാട്ടാം. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഇല്ലാത്ത ഭരണഘടനയുടെ ആമുഖം പ്രത്യക്ഷപ്പെടുന്നതിന് മുമ്പില്ലാത്ത അര്‍ഥങ്ങളുണ്ട് എന്നത് മറക്കാതെയാണ് ഇത് പറയുന്നത്. മതേതര, സോഷ്യലിസ്റ്റ് രാജ്യമെന്ന വിശേഷം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശിവസേന പരസ്യമായി ആവശ്യപ്പെടുകയും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ വേണ്ടതുണ്ടെന്ന് ബി ജെ പി നേതാക്കള്‍ പറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
രവിശങ്കര്‍ പ്രസാദിന്റെ ചോദ്യത്തിന്റെ ഉത്തരമാണ് ആദ്യം തേടേണ്ടത്. മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന് ആമുഖത്തില്‍ രേഖപ്പെടുത്തും മുമ്പ് തന്നെ ഈ നേതാക്കള്‍ മതേതര കാഴ്ചപ്പാടുള്ളവരായിരുന്നില്ലായെങ്കില്, രാഷ്ട്രീയ സ്വയം സേവക് സംഘിന് (ആര് എസ് എസ്) അവരുടെ അജണ്ടകള്‍ കുറേക്കൂടി നേരത്തെ പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത്, കോണ്‍ഗ്രസിനെ ഹിന്ദുത്വവത്കരിക്കാന്‍ ആര് എസ് എസ് ശ്രമിച്ചിരുന്നുവെന്നത് വ്യക്തമാണ്. അതിന്റെ അലയൊലികള്‍ ഏറ്റെടുക്കാന്‍ ആളുകള്‍ കോണ്ഗ്രസിലുണ്ടായപ്പോഴാണ് ദ്വിരാഷ്ട്രവാദം ഉന്നയിക്കപ്പെടുന്നത്. വീര സവര്‍ക്കറില്‍ നിന്ന് ഉദയം കൊണ്ട ഈ വാദം പിന്നീട് മുസ്ലിം ലീഗ് ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതൃത്വത്തിലോ സ്വതന്ത്രരാജ്യമായാലുണ്ടാകുന്ന അധികാര സംവിധാനത്തിലോ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാനിടയില്ലെന്ന തോന്നല്‍ രൂഢമൂലമായപ്പോഴാണ് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഈ വാദത്തിലുറക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഹൈന്ദവ ദേശീയതയിലൂന്നി കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്ന അഭിപ്രായം ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. രാജ്യം മതേതരപാത പിന്തുടരുകയാണ് വേണ്ടത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ജഹവര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ളവര്‍.
മതേതര, സോഷ്യലിസ്റ്റ് രാജ്യമായി ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിക്കണമോ വേണ്ടയോ എന്നതില്‍ ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. മതേതര രാജ്യമെന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലെന്നും ആ സങ്കല്‍പ്പത്തിലാണ് ഭരണഘടനക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നുമായിരുന്നു ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായിരുന്ന ബി ആര് അംബേദ്കറുടെ മറുപടി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നും എല്ലാ പൗരന്മാര്ക്കും തുല്യാവകാശം ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നത് അതുകൊണ്ടാണെന്നും അംബേദ്കര്‍ വിശദീകരിച്ചു. ഏത് വിധത്തിലുള്ള സമൂഹത്തില്‍ ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിലാണ് ജീവിക്കേണ്ടത് എന്ന് ഭരണഘടനാബന്ധിതമാക്കേണ്ടതില്ലെന്നുമായിരുന്നു അംബേദ്കറുടെ നിലപാട്. ഇത്തരമൊരു ദര്‍ശനത്തിന്റെയോ ഉന്നതമായ ജനാധിപത്യബോധത്തിന്റെയോ അടിസ്ഥാനത്തിലല്ല, ഈ രണ്ടു വാക്കുകള്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നതില്‍ ചര്‍ച്ചവേണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെടുന്നത്.
1950 ജനുവരി 26ന് പ്രാബല്യത്തിലായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോയ രാജ്യത്തെ മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന് തീര്‍ത്തുതന്നെ വിളിക്കണമെന്ന് ഒരു ഭരണാധികാരിക്ക് തോന്നിയതിന്റെ ഫലമായിരുന്നു 1976ലെ ഭേദഗതി. പാര്‍ലിമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെയും സംസ്ഥാന നിയമസഭകളുടെയും അംഗീകാരത്തോടെയാണ് ഭേദഗതി പ്രാബല്യത്തിലായത്. ബാങ്ക് ദേശസാത്കരണം, പ്രിവി പഴ്സ് നിര്‍ത്തലാക്കല്‍ എന്ന് തുടങ്ങി വിപ്ലവകരമെന്ന് അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായിരുന്നു സോഷ്യലിസ്റ്റ് എന്ന പദത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍. മതേതരരാഷ്ട്രമെന്നത് ആമുഖത്തില്‍ തന്നെ പ്രഖ്യാപിച്ചത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏകാധിപതിയുടെ ദീര്‍ഘവീക്ഷണത്തിന് തെളിവായിരുന്നുവെന്ന് പിന്നീടുള്ള ദശകങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മതേതര, സോഷ്യലിസ്റ്റ് എന്ന് ആമുഖത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ ആ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കള്‍ക്ക് സാധിച്ചിരുന്നു. സാമ്പത്തിക, സാമൂഹിക ക്രമങ്ങളെ ആ മൂല്യങ്ങളുമായി ചേര്‍ന്ന് നില്ക്കും വിധത്തില്‍ രൂപകല്‍പ്പന ചെയ്യാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെ തലപ്പൊക്കമുള്ള നേതാവിന്റെ അഭിപ്രായങ്ങളെപ്പോലും വിഗണിച്ച് മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്റു തയ്യാറായത് അതുകൊണ്ടാണ്.
സെക്യുലര്‍, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കെന്ന് ആമുഖത്തിലും അതിന് പാകത്തിലുള്ള വ്യവസ്ഥകള്‍ ഭരണഘടനയിലും നിലനില്‍ക്കെ ഇവ മൂന്നും നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് വെല്ലുവിളിക്കപ്പെടുന്നു. അടല്‍ ബിഹാരി വാജ്പയ് പ്രധാനമന്ത്രിയായിരുന്ന ആറ് വര്‍ഷങ്ങളില്‍ ബഹുസ്വരസംസ്കാരത്തെ ഇല്ലാതാക്കി, ഹൈന്ദവ ദേശീയതക്ക് പ്രാമുഖ്യം നല്കാന് പലവിധ ശ്രമങ്ങള്‍ നടന്നിരുന്നു. പാഠ്യപദ്ധതിയെയും ചരിത്രത്തെയും കാവിയില്‍ മുക്കുക എന്നതായിരുന്നു അന്നത്തെ ശ്രമങ്ങളില്‍ പ്രധാനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രഥയാത്രയും അതിന്റെ പാര്‍ശ്വത്തില്‍ സംഘടിപ്പിച്ച സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നതിലും ബി ജെ പിയെ അധികാരത്തിന്റെ പാതയില്‍ എത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചതാണ്. എന്നാല്‍ എന്‍ ഡി എക്ക് നേതൃത്വം നല്കി വാജ്പയി അധികാരത്തിലിരിക്കെ, സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണം ശക്തമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കുറവായിരുന്നു. ഗുജറാത്ത് വംശഹത്യ വിഘാതമില്ലാതെ നടക്കാന്‍ പാകത്തില്‍ സൈന്യത്തെ നിയോഗിക്കുന്നത് വൈകിപ്പിച്ചുവെന്നത് മറക്കുന്നില്ല. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് സമയമായെന്ന് സംഘ് പരിവാര നേതാക്കളാരും അന്ന് പ്രഖ്യാപിച്ചിരുന്നുമില്ല.
സഖ്യകക്ഷികളുടെ പിന്തുണകൂടാതെ അധികാരത്തില്‍ തുടരാനാകില്ലെന്ന പരിമിതിയാണ് അന്ന് സംഘര്‍ഷാവസ്ഥകളുടെ സൃഷ്ടിയില്‍ നിന്ന് വാജ്പേയി സര്‍ക്കാറിനെയും സംഘ് പരിവാറിനെയും പിന്തിരിപ്പിച്ചിരുന്നത്. നരേന്ദ്ര മോഡി സര്‍ക്കാറിന് അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നില്ല. ജനതാ പരിവാറിന്റെ പുനരേകീകരണമോ അവരോടൊപ്പം നില്ക്കാന് സാധ്യതയുള്ള പ്രാദേശിക പാര്‍ട്ടികളോ വെല്ലുവിളി ഉയര്‍ത്തുമെന്ന് അവര്‍ കരുതുന്നുമില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയൊരുക്കി, ഭരണഘടന മാറ്റിയെഴുതാന്‍ പാകത്തിലുള്ള ശക്തി കൈവരിക്കുകയാണ് പരിവാറിന്റെ ഉദ്ദേശ്യം. ‘ലവ് ജിഹാദ്’ മുതല്‍ ‘ഘര്‍ വാപ്പസി’ വരെയും പാഠ്യപദ്ധതിയുടെ കാവിവത്കരണം മുതല്‍ നവീന ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഋഷിവര്യന്മാരുടെ കാലത്തുണ്ടായിരുന്നുവെന്ന അവകാശവാദം വരെയും നീളുന്ന പരിപാടികളൊക്കെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഹൈന്ദവതയുടെ മേല്‍ക്കോയ്മയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത് എന്ന് ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ്. അത്തരമൊരു വികാരസൃഷ്ടി സാധ്യമായാല്‍ ഹൈന്ദവ ദേശീയതയിലേക്ക്, ബഹുസ്വര സംസ്കാരത്തെ ചുരുക്കിയെടുക്കാമെന്ന് പരിവാരം കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് അവസരമൊരുങ്ങിയെന്നും സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അടിക്കടി ആവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ് ആരംഭിക്കുകയും മന്മോഹന് സിംഗ് ധനമന്ത്രിയായതോടെ വേഗമാര്‍ജിക്കുകയും ചെയ്ത സാമ്പത്തിക പരിഷ്കരണ പരിപാടികള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുത്തക മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ പാകത്തില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു. ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിപ്പിച്ചാണ് യു പി എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതെങ്കില് ദരിദ്രനെ ഓരങ്ങളില്‍ നിന്ന് പോലും ഒഴിവാക്കാന്‍ പാകത്തിലാണ് മോഡി സര്‍ക്കാറിന്റെ നയങ്ങള്‍. ഇവിടെ സോഷ്യലിസ്റ്റ് എന്ന ചിന്തക്ക് പോലും പ്രസക്തിയില്ലെന്ന് ചുരുക്കം. ജനാധിപത്യ രീതികളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് മതേതര, സോഷ്യലിസ്റ്റ് ചിന്തകളെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. മൂലധനത്തിന് അരങ്ങൊരുക്കാന്‍ നിയമഭേദഗതി കൊണ്ടുവന്നത് മുഴുവന്‍ ഓര്‍ഡിനന്‍സ് മുഖാന്തിരമാണ്. ആണവ ബാധ്യതാ നിയമം നിലനില്‍ക്കെ, അതില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇളവ് നല്കുന്ന തീരുമാനം ഭരണകൂടം കൈക്കൊണ്ടപ്പോള്‍ പാര്‍ലിമെന്റിന്റെ പരമാധികാരം മാത്രമല്ല, ജനായത്തത്തിന്റെ അടിസ്ഥാനം തന്നെയാണ് ഇളക്കിയത്.
മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കെന്ന സങ്കല്‍പ്പം ഇപ്പോള്‍ ഭരണഘടനയുടെ ആമുഖത്തില്‍ മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരം വാക്കുകള്‍ ഇനിയും നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് ചര്‍ച്ച ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്. ഈ വാക്കുകളെ പുറംതള്ളണമെന്ന് ശിവസേന ആവശ്യപ്പെടുന്നത്. ഈ വാക്കുകളില്ലാതിരുന്ന കാലത്ത് മതേതര, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കള്ക്കുണ്ടായിരുന്നില്ലേ എന്ന് രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നത് ഇനി ഇത്തരം വാക്കുകളുണ്ടെങ്കിലും കാര്യമൊന്നുമില്ലെന്ന അഹങ്കാരത്തോടെയാണ്.
വന്‍ പദ്ധതികളുടെ പ്രഖ്യാപനത്താലും നാടകീയ മുഹൂര്‍ത്തങ്ങളാലും നരേന്ദ്ര മോഡി സൃഷ്ടിക്കുന്ന ‘ഹൈപ്പി’ല്‍ മനംമയങ്ങി പലരും യാഥാര്‍ഥ്യം കാണാതിരിക്കുന്നു. തിരിച്ചറിയുന്നവരില്‍ പലരും അത് പറയാന്‍ മടിക്കുന്നു. ഹൈപ്പിന്റെ മായികലോകമോ ഭീതിയുടെ അന്തരീക്ഷമോ ആണ് ഉദ്ദിഷ്ടകാര്യങ്ങള്‍ നടപ്പാക്കിയെടുക്കാനുള്ള ശരിയായ കാലാവസ്ഥയെന്ന് ഗുജറാത്തിനെ അറിഞ്ഞവര്‍ക്ക് വേഗം മനസ്സിലാകും. വംശഹത്യാനന്തരം സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷവും വികസനക്കുതിപ്പിന്റെ അയഥാര്‍ഥ മായികലോകവുമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. മോഡി സംവിധാനം ചെയ്ത സകലനാടകങ്ങള്ക്കും അരുനിന്ന് അമേരിക്കന്‍ മൂലധനത്തിന് ലാഭമെടുക്കാന്‍ വഴിതുറന്നെടുത്ത ബരാക് ഒബാമ പക്ഷേ, ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളി യഥാവിധി മനസ്സിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാന്‍. സന്ദര്‍ശനം അവസാനിപ്പിക്കും മുമ്പ് നടത്തിയ പ്രസംഗത്തില്‍, ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഇന്ത്യയില്‍ നിലനില്‍ക്കുമെന്നും മത സംഘര്‍ഷമില്ലാത്ത രാജ്യത്ത് മാത്രമേ സമ്പല്‍ സമൃദ്ധിയുണ്ടാകൂ എന്നും ഒബാമ പറഞ്ഞത് അതുകൊണ്ടാണ്. അത്തരമൊരു അവസ്ഥയിലേ മൂലധനത്തിന്റെ ഒഴുക്കുണ്ടാകൂ എന്ന് കൂടിയാണ് ഒബാമ പറഞ്ഞുവെച്ചത്. ഈ സന്ദേശം ആര്‍ക്ക് മനസ്സിലായില്ലെങ്കിലും മോഡി സര്‍ക്കാറിനും സംഘ് പരിവാറിനും ശരിക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍ എടുത്ത് പറയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തയ്യാറാക്കിയ പരിപാടിയില്‍ നിന്ന് മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒബാമയുടെ വാക്കുകള്‍ മാത്രം അവര്‍ ഒഴിവാക്കിയത്.
രാജീവ് ശങ്കരന്
You must be logged in to post a comment Login