മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയും ടിപ്പുസുല്‍ത്താനും കേരളത്തെ വര്‍ഗീയവത്കരിച്ചുവെന്നും ഇവിടുത്തെ ഹൈന്ദവസമൂഹത്തോട് കൊടിയ അപരാധങ്ങള്‍ ചെയ്തുകൂട്ടിയെന്നും തലമുറകളെ പഠിപ്പിക്കുന്ന ചരിത്രകാരന്മാരും പണ്ഡിതന്മാരും രാഷ്ട്രീയനേതാക്കളും കടുത്ത ആത്മവഞ്ചയാണ് കാട്ടുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നതിനെക്കാള്‍ ക്രൂരമായി മറ്റെന്തുണ്ട്? മൈസൂര്‍ രാജാക്കന്മാരുടെ സാമീപ്യവും സാന്നിധ്യവും കേരളത്തില്‍, വിശിഷ്യാ മലബാറില്‍ തുറന്നിട്ട മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ വേഗവും വ്യാപ്തിയും ഉള്‍ക്കൊള്ളാത്തത് കൊണ്ടാണ് ഈ കൃതഘ്‌നത കൈമാറുന്നതെന്ന് കരുതാന്‍ നിവൃത്തിയില്ല. ഇരുവരും മുസ്‌ലിംകളായത് കൊണ്ട് അങ്ങേയറ്റത്തെ മുന്‍വിധിയോടെ ചരിത്രത്തെ സമീപിച്ചപ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ കാണാന്‍ ശ്രമിക്കുകയോ അവയെ നിഷ്പക്ഷ ബുദ്ധിയോടെ വിശകലനം ചെയ്യാന്‍ മെനക്കെടുകയോ ചെയ്തില്ല എന്നതാണ് സത്യം.
മൈസൂര്‍ രാജാക്കന്മാര്‍ ഇവിടെ സാക്ഷാത്കരിച്ച സാമൂഹിക സാംസ്‌കാരിക വിപ്ലവത്തിന്റെ വൈഭവം മനസ്സിലാവണമെങ്കില്‍ 18, 19 നൂറ്റാണ്ടുകളിലെ മലബാറിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥ അഗാധതലത്തില്‍ അപഗ്രഥിക്കപ്പെടുകയും ടിപ്പുവിന്റെ ‘പടയോട്ടം’ കഴിയുമ്പോഴേക്കും ഇവിടെ കെട്ടഴിഞ്ഞു വീണ മാറ്റങ്ങളുടെ വ്യാപ്തി വസ്തുനിഷ്ഠമായി വിലയിരുത്തുകയുമാണ് വേണ്ടത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും അവസ്ഥയില്‍ ചില അന്തരങ്ങള്‍ കാണാമെങ്കിലും നായര്‍ മാടമ്പിമാരുടെയും ഇടപ്രഭുക്കളുടെയും ആധിപത്യത്തിന്‍ കീഴില്‍ കൊടിയ അരാജകത്വവും സാമൂഹിക ജീര്‍ണതകളും തിടംകെട്ടി വാഴുകയായിരുന്നു ആ കാലഘട്ടത്തില്‍ ഇവിടെ. കേരളമിന്ന് വിലപ്പെട്ട പൈതൃകമായി കാത്തുസൂക്ഷിക്കുന്ന കുടുംബവ്യവസ്ഥയോ ലൈംഗിക സദാചാരബോധമോ നമ്മുടെ നാട്ടില്‍ അക്കാലത്ത് അന്യമായിരുന്നു. യൂറോപ്പില്‍ ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ വ്യവസ്ഥക്ക് ഗുണകരമായ ചില മാനങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നുവെങ്കിലും നമ്മുടെ നാട്ടിലെ സ്ഥിതി അതീവ ശോചനീയമായിരുന്നു. നമ്പൂതിരിമാരും നായന്മാരും ചേര്‍ന്നു രൂപപ്പെടുത്തിയ ചൂഷണാധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയില്‍ ജാതീകൃത ഉച്ചനീചത്വങ്ങളില്‍പ്പെട്ട് അധഃസ്ഥിത വിഭാഗം വീര്‍പ്പ്മുട്ടി ജീവിച്ചു. സവര്‍ണരുടെ മേധാവിത്വ നുകത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ ‘പേറ്പായ തൊട്ട് ചുടലവരെ’ പെരുത്തും അനുഭവിച്ചു. എല്ലാം നിഷേധിക്കപ്പെട്ട അടിസ്ഥാനവര്‍ഗത്തിന് മോചനത്തിന്റെ വഴി അങ്ങകലെ പോലും ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ‘ഒസാന്റെ കത്തിക്കോ മാമോദിസ വെള്ളത്തിനോ’ മാത്രമേ തലയിലെഴുത്ത് മാറ്റിയെഴുതാന്‍ തെല്ലെങ്കിലും കഴിഞ്ഞിരുന്നുള്ളൂവെന്ന് ‘സ്വതന്ത്രസമുദായ’ത്തില്‍ ഒ.മാധവന്‍ വിലപിക്കുന്നുണ്ട്. ‘നായര്‍ മേധാവിത്വത്തിന്റെ പതന’ത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച റോബിന്‍ ജെഫ്രി ഈ കാലഘട്ടത്തിലെ കേരളത്തിലെ പൊതുവായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നത് കാണുക:
‘1498ല്‍ കോഴിക്കോട്ട് കപ്പലിറങ്ങിയ കാലത്ത് വാസ്‌കോഡിഗാമക്ക്, പരസ്പരം എതിര്‍ക്കുന്ന ഡസന്‍കണക്കിനു ചെറുചെറു രാജാക്കന്മാരെയും രാജ്യങ്ങളെയും കേരളത്തില്‍ കാണാന്‍ കഴിഞ്ഞുവെങ്കിലും ഈ പ്രദേശത്തിനു അതിപുരാതനമായ ഒരു സാംസ്‌കാരിക ഐക്യം ഉണ്ടായിരുന്നു. ബ്രാഹ്മണ പാരമ്പരൈ്യതിഹ്യം അനുസരിച്ച് കേരളം പരശുരാമസൃഷ്ടിയാണ്. ഇന്ത്യയിലെങ്ങും പാര്‍ക്കാന്‍ ഇടമില്ലാത്തതിനാല്‍ സമുദ്രാധീശനായ വരുണദേവന്റെ അനുവാദം വാങ്ങി പരശുരാമന്‍ ഗോകര്‍ണകത്തുനിന്നും കന്യാകുമാരിയിലേക്കു തന്റെ മഴുചുഴറ്റി എറിയുകയും അത്രയും സ്ഥലത്തെ കടല്‍ പിന്‍വാങ്ങി കേരളം രൂപംകൊള്ളുകയും ചെയ്തു. ഈ പ്രദേശത്തു ജനവാസമുണ്ടാക്കുന്നതിനു വേണ്ടി ഒരു പ്രത്യേക ബ്രാഹ്മണവംശത്തെ – നമ്പൂതിരിമാരെ പരശുരാമന്‍ കൊണ്ടുവന്നു. അവര്‍ക്കായി ഭൂമി മുഴുവന്‍ ദാനം ചെയ്തു. പശ്ചിമഘട്ടത്തിന്റെ അപ്പുറത്തേക്കു അവര്‍ കടന്നുപോവാതിരിക്കാന്‍ വേണ്ടി അതുല്യമായ ആചാരങ്ങളും അദ്ദേഹം ഏര്‍പ്പെടുത്തി. അനന്തരം ആ നമ്പൂതിരിമാരുടെ സേവകരും അംഗരക്ഷകരുമായി പ്രവര്‍ത്തിക്കുന്നതിനു അദ്ദേഹം ശൂദ്രരെ-നായന്മാരെ കൊണ്ടുവന്നു. അവര്‍ക്കു മരുമക്കത്തായം, അല്ലെങ്കില്‍ അമ്മവഴി കുടുംബവും പിന്തുടര്‍ച്ചാവകാശവും വിധിച്ചു. നായന്മാര്‍ക്ക് ആചാരാനുസാരിയായ വിവാഹം പാടില്ലെന്നും അവരുടെ സ്ത്രീകള്‍ നമ്പൂതിരിമാരുടെ അഭിലാഷപൂര്‍ത്തിക്ക് വഴങ്ങിക്കൊള്ളണമെന്നും അദ്ദേഹം കല്‍പിച്ചു.
കേരളത്തിന്റെ പാരമ്പര്യസമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ചിലതിനെ ന്യായീകരിക്കാനുള്ള ശ്രമത്തെയാണ് ഈ ഐതിഹ്യം വെളിപ്പെടുത്തുന്നത്. അതായത്, ഭൂമിയുടെ മേല്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ക്കുള്ള അവകാശം, നായന്മാരുടെ മരുമക്കത്തായ കുടുംബവ്യവസ്ഥ, നമ്പൂതിരിമാരുമായുള്ള അവരുടെ ഉറ്റബന്ധം, അവരുടെ സൈനികമായ പങ്ക്, ജാതിയില്‍ താഴ്ന്നവരെ ചവുട്ടിത്താഴ്ത്തി നായന്മാര്‍ അധീനത്വത്തില്‍ വെക്കുന്നതിനെ അനുമാനം മുഖേന ന്യായീകരിക്കാനും ഈ ഐതിഹ്യം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെല്ലാം തൊട്ടാല്‍ മാത്രമേ അശുദ്ധിയുണ്ടാവൂ. കേരളത്തില്‍ ഈ അശുദ്ധി അകലെനിന്നാലും ഉണ്ടാവും. അടിമജാതിക്കാരനായ ഒരുവനെ നൂറു വാരയകലത്തില്‍വെച്ച് ഒരു നമ്പൂതിരി കണ്ടാല്‍മതി നമ്പൂതിരി അശുദ്ധനായി; പിന്നെ നിരവധി ശുദ്ധികര്‍മങ്ങള്‍ക്ക് അയാള്‍ വിധേയമാവണം’.
ജാതി ഉച്ചനീചത്വങ്ങളുടെ ഈ ഭ്രാന്തന്‍ ഭൂമികയിലേക്കാണ് ഹൈദരലിയും ടിപ്പുസുല്‍ത്താനും തന്റെ പട നയിച്ചുകയറി വരുന്നത്. യുദ്ധത്തിലൂടെ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു ഇവിടങ്ങളില്‍ വാഴാന്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. നാട്ടുരാജാക്കന്മാര്‍ കപ്പം കൊടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചപ്പോള്‍ സമാധാനപരമായി തിരിച്ചുപോയി. ചിറക്കല്‍ രാജാവിനെ പുനര്‍വാഴിച്ചു. മഞ്ചേരിയില്‍ കുരുക്കള്‍മാരുടെ ദുര്‍ഭരണത്തിനെതിരെ മതം നോക്കാതെ സൈനിക നടപടി സ്വീകരിച്ചു. ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ മദണ്ണ, ശ്രീനിവാസറാവു എന്നീ ഗവര്‍ണമാരെ നിയമിച്ചാണ് ഭരണം നിയന്ത്രിച്ചത്. മലബാറിന്റെ ഭരണം അതോടെ ഏകീകരിക്കപ്പെടാന്‍ തുടങ്ങി. സുസംഘടിതമായ ഒരു രാഷ്ട്രീയസംവിധാനത്തിന്‍ കീഴിലേക്ക് നൂതനമായൊരു ഭരണരീതി നടപ്പാക്കാനാണ് തുടക്കത്തിലേ ശ്രമമുണ്ടായത്. യഥാര്‍ഥത്തില്‍ അന്ന് മലബാറില്‍ ഭരണം എന്നൊരു ഏര്‍പ്പാട് തന്നെ ഉണ്ടായിരുന്നില്ല. നികുതി സമ്പ്രദായത്തെ കുറിച്ചോ മറ്റു നിയമങ്ങളെ കുറിച്ചോ ജനം തീര്‍ത്തും അജ്ഞരായിരുന്നുവെന്നും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഗവണ്‍മെന്റായിരുന്നു ഇവിടെ നിലനിന്നിരുന്നതെന്നും സഞ്ചാരിയായ ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തുന്നുണ്ട്. ഡച്ച് ഗവര്‍ണര്‍ സ്റ്റീന്‍വാന്‍ അന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥാവിശേഷത്തെ കുറിച്ച് 1743ല്‍ കുറിച്ചിട്ടത് ഇങ്ങനെ: കേരളത്തില്‍ നാല് പ്രധാന രാജസ്ഥാനങ്ങളും 42ചെറുകിട നാടുകളുമുണ്ട്. രാജ്യം നിരവധി നാടുകളായി വിഭജിച്ചു. നാടുകളെ ദേശങ്ങളായി വിഭജിച്ചു. ഈ ദേശങ്ങളെ ചെറിയ ചെറിയ തുണ്ടുകളായി വിഭജിച്ച് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭരിച്ചിരുന്നത്. ഗ്രാമങ്ങള്‍ ബ്രാഹ്മണരുടെയും തറകള്‍ നായന്മാരുടെയും ചേരികള്‍ ഹീനജാതിക്കാരുടെയും ആവാസവ്യവസ്ഥകളായി നിലനില്‍ക്കുമ്പോള്‍ , ആധുനിക ഭരണ സംവിധാനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടായ പൗരന്മാരെ മുന്നില്‍ കണ്ട് കൊണ്ടാണ് മൈസൂര്‍ രാജാക്കന്മാര്‍ പുതിയ ഭരണപരിഷ്‌കാരം നടപ്പാക്കുന്നത്. സാമൂഹികവും ഭരണപരവുമായ ഒരു ഉടച്ചുവാര്‍ക്കലാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. നാടുവാഴികളില്‍നിന്നും ദേശവാഴികളില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ജാതീയമായ ജീര്‍ണതകള്‍ മുഴുവന്‍ ജനങ്ങളുടെമേല്‍ കെട്ടിയേല്‍പിക്കുകയും ചെയ്ത തറകളെയും ഗ്രാമങ്ങളെയും കേന്ദ്രീകൃത ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നതോടെ ഫ്യൂഡല്‍ അരാജകത്വത്തിന്റെ കടക്കാണ് കത്തിവെച്ചത്. ഈ കേന്ദ്രീകൃതഭരണത്തെ നായര്‍ പ്രഭുക്കന്മാരും ഇടപ്രഭുക്കന്മാരും നഖശിഖാന്തം എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തനായ ടിപ്പുവിന്റെ മുമ്പില്‍ അശേഷം വിലപ്പോയില്ല. ഹൈദരലിയും ടിപ്പുവും ഹിന്ദുവിരുദ്ധരാണെന്ന് പ്രചരിപ്പിക്കാന്‍ പ്രധാന കാരണം നായര്‍ മാടമ്പിമാരുടെ ചിറകരിഞ്ഞ് അധഃസ്ഥിത വിഭാഗത്തിന് മാന്യമായ അസ്തിത്വം പ്രദാനം ചെയ്തതിലുള്ള വിദ്വേഷം കൊണ്ടാണ്. ടിപ്പുവിന്റെ സൈന്യം മലബാറിലേക്ക് കയറിവന്നില്ലായിരുന്നുവെങ്കില്‍ ഇരുപതാം നൂറ്റാണ്ടില്‍ പോലും മാറ്റത്തിന്റെ അരുണോദയം ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നില്ല എന്ന് മാത്രമല്ല, ഒരു പ്രാക്തന സംസ്‌കാരത്തിന്റെ വിചിത്ര ആചാരവിശേഷങ്ങളുമായി നമ്മുടെ നാട് ലോകത്തിനു മുന്നില്‍ നാണം കെടുന്നുണ്ടാകുമായിരുന്നു.
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ടിപ്പുവിന്റെ അധിനിവേശം കേരളസമൂഹത്തില്‍ വഹിച്ച പങ്ക് വിപ്ലവകരമാണ്. നായര്‍ സ്ത്രീകളും അസ്പൃശ്യജാതിക്കാരും മാറ് മറക്കാതെയാണ് സവര്‍ണരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മറക്കാനുള്ള അവകാശത്തിനായി താഴ്ന്ന ജാതിക്കാര്‍ നടത്തിയ റൗക്ക വിപ്ലവം വിപ്ലവകരമായ മാറ്റത്തിനാണ് നാന്ദികുറിച്ചത്. ചാന്നാര്‍ ലഹള സാമൂഹ്യമാറ്റത്തിനുള്ള ഏഴജാതികളുടെ മുറവിളിയുടെ ഫലമായിരുന്നു. അതുപോലെ, മുലക്കരം ഈടാക്കുന്നതിനെതിരെയും താഴ്ന്ന ജാതിക്കാര്‍ക്ക് അലമുറ കൂട്ടേണ്ടിവന്നു. ബ്രാഹ്മണ കുടുംബത്തില്‍നിന്ന് മൂത്തയാള്‍ മാത്രമേ വേളി കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവര്‍ നായര്‍ തറവാട്ടില്‍ സംബന്ധം ഉണ്ടാക്കി കാമപൂര്‍ത്തീകരണത്തിന് വഴി കണ്ടെത്തുകയായിരുന്നു. ഒരു നായര്‍ സ്ത്രീയെ എത്ര പുരുഷന്മാര്‍ക്കും ശയിക്കാം. ബഹുഭര്‍തൃത്വം വ്യാപകമായി നിലനിന്നതോടെ മക്കള്‍ ആരുടേതെന്ന് തീരുമാനിക്കാനുള്ള ബാധ്യത സ്ത്രീയില്‍ നിക്ഷിപ്തമായിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ മനുഷ്യത്വമില്ലാത്ത എല്ലാ നികുതികളും എടുത്തുകളഞ്ഞു എന്ന് മാത്രമല്ല, സദാചാരസങ്കല്‍പങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന അനാചാരങ്ങളെയും അത്യാചാരങ്ങളെയും കടപുഴക്കി എറിയാനുള്ള ആര്‍ജവം കാട്ടുകയും ചെയ്തു. സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്ന പല നടപടികളും ഹൃസ്വകാലത്തെ ഭരണത്തിനിടയില്‍ ഇവര്‍ക്ക് നടപ്പാക്കാന്‍ സാധിച്ചു. ഭരണനിപുണനായ മദണ്ണ മലബാറിനെ 12തുക്രികളായി (താലൂക്ക്) വിഭജിക്കുകയും ഓരോ താലൂക്കിനും തുക്രീദാര്‍മാരെയോ ശിരസ്തിദാര്‍മാരെയോ നിയമിക്കുകയും ചെയ്തു. ഇവര്‍ വഴി അതിവേഗം ഭരണപരിഷ്‌കാരങ്ങള്‍ പ്രയോഗവത്കരിക്കുകയായിരുന്നു.
എന്നാല്‍, ചരിത്രത്തിന്റെ കുഞ്ഞേടുകളില്‍ ടിപ്പുസുല്‍ത്താന്‍ എന്ന ഭരണാധികാരിയുടെ നാമം സുവര്‍ണാക്ഷരങ്ങളില്‍ കൊത്തിവെക്കുക രണ്ടു മുഖ്യവിഷയങ്ങളിലാണ്. ഒന്നാമതായി കാര്യക്ഷമമായ ഭൂപരിഷ്‌കരണവും രണ്ടാമതായി ഗതാഗത രംഗത്ത് സാക്ഷാത്കരിച്ച കുതിപ്പുമാണ്. കേരളത്തിലെ രാജാക്കന്മാര്‍ക്ക് ഭൂമിയുടെമേല്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തില്‍ നികുതി ഈടാക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതം കൂറാം. യാഥാര്‍ഥ്യം അതായിരുന്നു. ഭൂമിയുടെ പരിപൂര്‍ണാവകാശം ജന്മികളുടേതായിരുന്നു. പരമാധികാരത്തിന്റെ ആധാരശിലയായിരുന്നു ഈ ജന്മാവകാശം. നികുതിയും വാടകയും പിരിക്കാനുള്ള സ്വാതന്ത്ര്യത്തിനു പുറമെ കുടിയാന്മാരില്‍നിന്ന് പാട്ടമോ വാരമോ പിരിക്കാനും ഭാഗം സ്വീകരിക്കാനുള്ള അവകാശവും ജന്മിമാര്‍ക്ക് സ്വായത്തമായി ലഭിക്കുന്നു എന്നതാണ് ഈ ജന്മി സമ്പ്രദായത്തിന്റെ പ്രത്യേകതയെന്ന് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ (ഠൃമ്മിരീൃല ടമേലേ ങമിൗമഹ ഢീഹ.111 , ജ.ചമഴമാ അ്യ്യമ) രേഖപ്പെുടത്തുന്നുണ്ട്. സവര്‍ണ മേധാവിത്വത്തിന്റെ വ്യക്തമായ തെളിവായിരുന്നു നികുതിയില്‍നിന്നുള്ള പൂര്‍ണമായ ഈ മോചനം. ഭൂമി മുഴുവന്‍ ബ്രാഹ്ണമരുടേതാണ് എന്ന സങ്കല്‍പത്തിന്റെ ഗുരുതര പ്രത്യാഘാതമായിരുന്നു അത്. രാജാക്കന്മാര്‍ക്ക് സ്വന്തം രാജ്യത്തെ ഭൂമിയില്‍ യാതൊരു അവകാശവും ഇല്ലാത്ത അവസ്ഥ ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ്.
1766തൊട്ട് ഹൈദരലി നടപ്പാക്കിത്തുടങ്ങിയ ഭൂപരിഷ്‌കരണം കൃഷിക്കാര്‍ക്കും ഭരണകൂടത്തിനും ഒരുപോലെ ഗുണകരവും സവര്‍ണമേല്‍ക്കോയ്മയില്‍ നിന്നുളള്ള വിടുതിയുടെ തുടക്കവുമായിരുന്നു. ആദ്യപടിയായി ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ നടപടി എടുത്തു. തരിശു ഭൂമിയും ക്ഷേത്രങ്ങളുടെ സ്വത്തും കരങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. നികുതിഭാരം കൃഷിക്കാരുടെ പിരടിയില്‍ വെച്ചുകെട്ടിയില്ല. ബ്രിട്ടീഷ്‌കാര്‍ ബംഗാളിലും മറ്റും നടപ്പാക്കിയ റയ്ത്ത്‌വാരി സമ്പ്രദായത്തോട് സമാനമായ വ്യവസ്ഥകളാണ് മൈസൂര്‍ രാജാക്കന്മാര്‍ നടപ്പാക്കിയത്. ഹൂസൂര്‍ നികുതി എന്നാണ് ഇതിനെ വിളിച്ചിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പോലും കേരളത്തില്‍ ചക്രങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. 1844ലാണ് കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറികള്‍ കയറ്റിയ കാളവണ്ടികള്‍ ആദ്യമായി തൃശൂരിലെത്തുന്നതത്രെ. നദികളും കുന്നുകളും നിറഞ്ഞ മലബാറിന്റെ ഭൂപ്രകൃതി നല്ല നിരത്തുകളെ കുറിച്ച് ചിന്തിക്കാന്‍ പോലും അന്നത്തെ രാജാക്കന്മാരെ അശക്തരാക്കിയിരുന്നു. അതേസമയം, ഹൈദരലി മലബാറില്‍ ആദ്യമായി ചെയ്തത് മേഖലയെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകള്‍ പണിയുകയും കനാലുകള്‍ പണിയുകയുമാണ്. തളിപ്പറമ്പിനെയും ഏഴിമലയെയും ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ റോഡും താമരശ്ശേരി വഴി മൈസൂരിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന വിശാലമായ റോഡും കോഴിക്കോടുനിന്ന് കൊച്ചിയിലേക്കുള്ള സുല്‍ത്താന്‍ റോഡുമൊക്കെ ടിപ്പുസുല്‍ത്താന്‍ നമ്മുടെ നാട്ടിന്റെ നാഡികളെ എങ്ങനെയാണ് ബന്ധിപ്പിച്ചുനിറുത്തിയത് എന്ന് ഓര്‍മിപ്പിക്കുന്നു. രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ ദേശീയപാതകള്‍ ഇപ്പോഴും ഉപയോഗയോഗ്യമാണ് എന്ന് മാത്രമല്ല, ആധുനിക കേരളീയ ഭരണാധികള്‍ക്ക് ഈ മേഖലയില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിലയിരുത്തപ്പെടുമ്പോഴാണ് ആ ചരിത്രനായകരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നമുക്ക് നമിക്കേണ്ടിവരുന്നത്.
ശാഹിദ്
You must be logged in to post a comment Login