‘ഒരു മനുഷ്യന്‍ ഒരു സാമ്രാജ്യത്തിനു എതിരെ’ എന്ന പ്രയോഗം ചരിത്രവിദ്യാര്‍ഥികള്‍ എടുത്തുപ്രയോഗിക്കാറ് അപ്രതിഹതമായ വെല്ലുവിളിക്കെതിരെ പൊരുതി ഒരാള്‍ കാലത്തിന്റെ ഗതി മാറ്റിക്കുറിക്കുന്ന സംഭവത്തെ അടയാളപ്പെടുത്താനാണ്. നമ്മുടെ വര്‍ത്തമാനകാല രാഷ്ട്രീയാനുഭവങ്ങളില്‍ ഈ വിശേഷണത്തിനു ഏറ്റവും അര്‍ഹന്‍ ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയപരീക്ഷണത്തിലൂടെ കടന്നുവന്നു മിന്നിത്തിളങ്ങുന്ന വിജയത്തോടെ ദല്‍ഹിഭരണം പിടിച്ചെടുത്ത അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കും. അദ്ദേഹവും പാര്‍ട്ടിയും കൈവരിച്ച നേട്ടം കേവലമൊരു രാഷ്ട്രീയ വിജയത്തിനപ്പുറമുള്ള മാനം കൈവരിക്കുന്നത് പല കാരണങ്ങളിലാണ്. മൂന്നുപതിറ്റാണ്ടിന്റെ ദേശീയരാഷ്ട്രീയത്തിനു ഒരു തിരുത്തുമായി എട്ടുമാസം മുമ്പ് അധികാരത്തിലേറിയ നരേന്ദ്രമോഡിയുടെ കുതിപ്പിനു തടയിടാനും ഹിന്ദുത്വമുന്നേറ്റം അപ്രതിരോധ്യമാണെന്ന വിശ്വാസം തകര്‍ക്കാനും സാധിച്ചു എന്നതാണ് എടുത്തുപറയേണ്ട സംഗതി. ‘അരാജകത്വവാദി’ എന്ന പരിഹാസ്യത്തോടെ ഒരു വേള സാക്ഷാല്‍ മോഡി ഇകഴ്ത്തിക്കാട്ടിയ കെജ്‌രിവാളാണ് ‘കൊച്ചുഭൂകമ്പം’ സൃഷ്ടിച്ച് (ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ വിശേഷണം ) ചരിത്രം മാറ്റിയെഴുതിയിരിക്കുന്നത്. എഴുപതംഗ നിയമസഭയില്‍ 67അംഗങ്ങളും 54.30ശതമാനം വോട്ടുമായി രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച വിജയമുന്നേറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമാകുന്നത് പല കാരണങ്ങളാലാണ്. ഇതിനു മുമ്പ് ഒരു പാര്‍ട്ടിക്കും ഇങ്ങനെയൊരു വിജയം നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴു സീറ്റും പിടിച്ചെടുത്തത് ബി.ജെ.പിയാണ്. 60അസംബ്ലി മണ്ഡലങ്ങളിലും ഹിന്ദുത്വപാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആപിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ രാഷ്ട്രീയപരീക്ഷണം കൂമ്പടഞ്ഞുവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. പാര്‍ട്ടിക്കകത്തു നീറിപ്പുകഞ്ഞ അഭിപ്രായഭിന്നതയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാം ആ പാര്‍ട്ടിയുടെ കഥകഴിഞ്ഞുവെന്ന് നിരീക്ഷകരെ കൊണ്ട് പറയിച്ചു. ചിലര്‍ ചരമക്കുറിപ്പ് വരെ തയാറാക്കി. എന്നാല്‍, ഫിനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍നിന്ന് അത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ആ പുനരുജ്ജീവനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കുമ്പോഴാണ് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ പതിവുശൈലിയില്‍നിന്ന് വ്യത്യസ്തമായി കാലഘട്ടത്തിന്റെ ആശയാഭിലാഷങ്ങളെ എങ്ങനെ കെജ്‌രിവാളും കൂട്ടരും പ്രതിനിധാനം ചെയ്യുന്നുവെന്ന അടിസ്ഥാനചോദ്യത്തിന് മറുപടി കണ്ടെത്തുന്നത്. ആപിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇപ്രകാരം നമുക്ക് സംഗ്രഹിക്കാം.
1. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആക്രമണോല്‍സുകമായ മുന്നേറ്റവും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഈ വിഷയത്തോടുള്ള വാചാലമായ മൗനവും രാജ്യത്തെ നേരെ ചൊവ്വെ ചിന്തിക്കുന്ന ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. വികസനം വാഗ്ദാനം ചെയ്താണ് മോഡി അധികാരത്തിലേറിയത്. എന്നാല്‍ കഴിഞ്ഞ എട്ടുമാസത്തെ ഭരണം സാധാരണക്കാരനു ഗുണകരമായ ഒരു മാറ്റവും യാഥാര്‍ഥ്യമാക്കിയില്ല. വന്‍വ്യവസായികള്‍ക്കും കോര്‍പ്പറേറ്റ് വമ്പന്‍സ്രാവുകള്‍ക്കും വേണ്ടി മാത്രമാണ് വല്ലതും ചെയ്തത്. എന്നല്ല, ജനക്ഷേമകരമായ തീരുമാനങ്ങളെടുക്കാന്‍ കൈവന്ന അവസരങ്ങളെല്ലാം പാഴാക്കി. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കോര്‍പ്പറേറ്റ് ബ്യൂറോക്രാറ്റ് ചൂഷണത്തിനു ജനങ്ങളെ ഇട്ടുകൊടുക്കുന്ന പഴയരീതി തുടരാനുള്ള കാലാവസ്ഥ ഒരുക്കിവെക്കുകയും ചെയ്തു. ആപ് വക്താവ് യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയത് പോലെ, 49ദിവസത്തെ പാര്‍ട്ടി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ അനുഭവിച്ച സ്വാതന്ത്ര്യവും അഴിമതിവ്യവസ്ഥയില്‍നിന്നുള്ള മുക്തിയും അതിനുമുമ്പ് ഒരിക്കലും അനുഭവിക്കാതിരുന്ന ആനുകൂല്യങ്ങളും (സൗജന്യ കുടിവെള്ളം, പകുതിനിരക്കിന് വൈദ്യുതി തുടങ്ങിയവ) മധുരോദാരമായ ഓര്‍മകളായി ദില്ലിയിലെ സാധാരണക്കാര്‍ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. മോദിയുടെ ഒമ്പത് മാസത്തെ ഭരണം തങ്ങള്‍ക്ക് ഒന്നും നേടിത്തന്നില്ല എന്ന് മാത്രമല്ല, അഹന്തയുടെയും ധിക്കാരത്തിന്റെയും ഭാഷയും വേഷവും ശൈലിയുമാണ് അവര്‍ക്ക് കാണാനും അനുഭവിക്കാനും കഴിഞ്ഞത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അതിഥിയായി എത്തിയപ്പോള്‍ മോദി ധരിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന, തന്റെ പേര് നെയ്‌തെടുത്ത സ്യൂട്ട് പോലും ജനങ്ങളെ അദ്ദേഹത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും അകറ്റിയിട്ടുണ്ട്. ഡല്‍ഹി പൂര്‍ണ സംസ്ഥാനമല്ല; ന്യൂയോര്‍ക്കോ ഷാങ്ഹായോ പോലെ വലിയൊരു മുനിസിപ്പാലിറ്റി മാത്രമാണ്. എന്നാല്‍ ഇവിടുത്തെ രണ്ടുകോടി ജനം ഇന്ത്യയുടെ ഒരു പരിച്‌ഛേദമാണ്. ഇന്ന് ഡല്‍ഹി കാണിക്കുന്ന വഴിയിലൂടെയാണ് നാളെ രാജ്യം സഞ്ചരിക്കുക. എന്നാല്‍, ദില്ലിവാലമാരുടെ പ്രശ്‌നം ജീവിതത്തിന്റെയും നിലനില്‍പിന്റേതുമാണ്. രണ്ടുകോടി ജനങ്ങളില്‍ നാലിലൊന്ന് ചേരിനിവാസികളാണ്. ഏറ്റവും വലിയ മധ്യവര്‍ഗവും ഈ മഹാനഗരത്തിലാണ്. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണാനോ അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാനോ മോഡിസര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ആന്റ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ രാജീവ് കുമാര്‍ ഈ പ്രശ്‌നം പരാമര്‍ശിക്കവെ ചൂണ്ടിക്കാട്ടുന്നത് ഡല്‍ഹിയിലെ അഞ്ചു ലക്ഷം റിക്ഷക്കാര്‍ കാലാകാലമായി നേരിടുന്ന ബുദ്ധിമുട്ടുകളും ചൂഷണവുമാണ്. ഇത്രയും റിക്ഷക്കാരില്‍ അഞ്ചിലൊന്നിന് മാത്രമേ ലൈസന്‍സുള്ളൂ. ബാക്കിയുള്ള പാവങ്ങള്‍ തൊഴില്‍നിയമം ‘ലംഘിച്ച്’ ജീവിക്കുന്നത് പൊലിസിന് ‘ഹഫ്ത’ കൊടുത്താണ്. പ്രതിമാസം പത്തുകോടി രൂപയോളം ഇതുവരുമത്രെ. അടിസ്ഥാനവര്‍ഗത്തെ ഇത്തരം ചൂഷണങ്ങളില്‍നിന്ന് മോചിപ്പിക്കണമെങ്കില്‍ അസാധാരണമായ ഇച്ഛാശക്തിയും ഉദ്യോഗസ്ഥതലത്തില്‍ സമൂലമായ അഴിച്ചുപണിയും അനിവാര്യമാണ്. മോഡിസര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍ ‘വലിയ വലിയ’ കാര്യങ്ങളിലാണ്. ഒരു ഭാഗത്തൂടെ കോര്‍പ്പറേറ്റ് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുകയും ധാരണപത്രം ഒപ്പിടുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് ആര്‍.എസ്.എസ് അധികാരത്തിന്റെ തണലിലും ഒത്താശയിലും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന തിരക്കിലാണ്. ഘര്‍വാപസിയും ഗോദ്‌സെ
പൂജയും ‘ഹറാംസാദാ’ വിഷപ്രസാരണവുമൊക്കെ അന്തരീക്ഷം മലിനപ്പെടുത്തിയതല്ലാതെ സാധാരണക്കാരന് ഒന്നും നേടിക്കൊടുത്തില്ല എന്ന ചിന്ത ജനങ്ങളെ ബി.ജെ.പി വിരുദ്ധരാക്കിയിട്ടുണ്ട്. മത സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസിഡന്റ് ഒബാമ നടത്തിയ അഭിപ്രായപ്രകടനം പോലും മോഡിക്കെതിരായ സാക്ഷിപത്രമായി വിലയിരുത്തപ്പെടുന്നു.
2. പുതിയ തലമുറയെ ആം ആദ്മി പാര്‍ട്ടി എങ്ങനെ വശീകരിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ തന്നെ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയത്തിന്റെ പുതുമയും വ്യതിരിക്തയും വായിച്ചെടുക്കാനാവും. കഴിഞ്ഞ ആറര പതിറ്റാണ്ടായി നാം കണ്ടുമടുത്ത പരമ്പരാഗത ശൈലിയില്‍നിന്ന് മാറി എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ജനകീയരാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചതിലൂടെയാണ് പുതിയ വിപ്ലവപാത വെട്ടിത്തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഒന്നാമൂഴത്തില്‍ വഴിക്കുവെച്ച് അധികാരം വലിച്ചെറിഞ്ഞുപോയത് വലിയ തെറ്റായിപ്പോയെന്ന് പരസ്യമായി കുറ്റസമ്മതം നടത്തുക മാത്രമല്ല, ജനങ്ങളോട് അതിന്റെ പേരില്‍ മാപ്പുപറയാന്‍ മുന്നോട്ടുവരുകയും ചെയ്തപ്പോള്‍ അത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ തന്നെ വലിയ സംഭവമായി. ഒരുഘട്ടത്തില്‍ ആക്ഷേപവും പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ പിന്തിരിഞ്ഞോടിയില്ല. തങ്ങള്‍ കാണിച്ച വഞ്ചനാപരമായ നിലപാടിനോടുള്ള ആത്മാര്‍ഥമായ പ്രതിഷേധമാണ് ഈ അവജ്ഞയുടെ കാരണമെന്ന് തിരിച്ചറിഞ്ഞ് വീണ്ടും വീണ്ടും ദല്‍ഹിയിലെ ചേരികളിലും ബസ്തികളിലും ചെന്ന് വാതിലിനു മുട്ടിക്കൊണ്ടിരുന്നു. ജനം അതോടെ മാപ്പ് കൊടുത്തു എന്നുമാത്രമല്ല, കൂടുതല്‍ ആവേശത്തോടെ പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി. നേതാക്കളുടെ ഭാവഹാവാദികളില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി സഞ്ചരിക്കാനും അവരുടെ വേഷം അണിയാനും അവരുടെ അഭിപ്രായങ്ങള്‍ ആരായാനും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാനും നേതാക്കളും വളണ്ടിയര്‍മാരും എടുത്ത തീരുമാനം ദല്‍ഹിയുടെ മനസ്സിനെ കീഴടക്കാനുള്ള സേതുബന്ധനമായി മാറുകയായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ബിരുദമെടുക്കുകയും ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉയര്‍ന്ന പദവി വഹിക്കുകയും ചെയ്ത കെജ്‌രിവാള്‍ അടക്കം അമരത്തിരിക്കുന്നവരെല്ലാം അഭ്യസ്തവിദ്യരും ആഴത്തില്‍ രാഷ്ട്രീയം മനസ്സിലാക്കിയവരുമാണ്. എന്നാല്‍ വലിയ ആദര്‍ശപരിവേഷമോ പ്രത്യയശാസ്ത്ര ജാടയോ ഇക്കൂട്ടര്‍ കൊണ്ടുനടക്കുന്നില്ല എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. ബി.ജെ.പിയുടെ പിന്നില്‍ വന്‍വ്യവസായികളും പണച്ചാക്കും എമ്പാടുമുണ്ട്. 200കോടി രൂപ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അവര്‍ പൊടിപൊടിച്ചപ്പോള്‍ കെജ്‌രിവാളിനും കൂട്ടര്‍ക്കും ഇരുപത് കോടി പോലും തികച്ചു ചെലവാക്കാന്‍ സാധിച്ചില്ല എന്നാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശം കൈമാറുമ്പോള്‍ അത് നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദൂഷ്യത്തിനെതിരായ യുദ്ധത്തില്‍ ഓരോരുത്തരെയും പങ്ക്‌ചേര്‍ക്കുന്നുണ്ട്.
3. എന്തുകൊണ്ട് ആപ് ഇത്ര തിളങ്ങുന്ന വിജയം കൈവരിച്ചുവെന്ന ചോദ്യത്തിനു ഏറ്റവും സത്യസന്ധമായ ഉത്തരം ജനം മാറിച്ചിന്തിക്കാന്‍ ധൈര്യം കാണിച്ചുവെന്നതാണ്. ഇതുവരെ കോണ്‍ഗ്രസിനും ഒരു പരിധിവരെ ബി.ജെ.പിക്കും വോട്ടുചെയ്ത വിഭാഗങ്ങള്‍ ഇത്തവണ മാറ്റിച്ചവിട്ടിയതാണ് ആപിന്റെ വോട്ടുശതമാനം ഇത്രകണ്ട് ഉയര്‍ത്തിയത്. 2013ലെ തെരഞ്ഞെടുപ്പില്‍ 28സീറ്റും 29.5ശതമാനം വോട്ടുമാണ് ആപിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റും നേടാനായില്ലെങ്കിലും വോട്ട് ശതമാനം 33ആയി ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ 54ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. എവിടുന്ന് ഒഴുകി വന്നു ഇത്രയും ജനസമ്മതി? ഇവിടെയാണ് ജാതിമത സ്പര്‍ധ വളര്‍ത്തി വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കാമെന്നും അതുവഴി ഭൂരിപക്ഷവോട്ടിന്റെ ഏകീകരണം തങ്ങള്‍ക്ക് അനുകൂലമാം വിധം സാക്ഷാത്കരിക്കാമെന്നുമുള്ള ഹിന്ദുത്വനേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നത്. മുസഫര്‍നഗറില്‍ വര്‍ഗീയസംഘര്‍ഷം വിതച്ച് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊയ്ത നേട്ടം തലസ്ഥാനനഗരിയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ക്കിടയില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, അത് തിരിച്ചടിയായി മാറുകയും ചെയ്തുവെന്ന് പല മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതേസമയം, ന്യൂനപക്ഷങ്ങളും അധഃസ്ഥിത പിന്നോക്കവിഭാഗങ്ങളുമാണ് ആപിന്റെ വിജയം ഇത്ര ഗംഭീരമാക്കിയത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പന്ത്രണ്ട് സംവരണ മണ്ഡലങ്ങളിലും കെജ്‌രിവാളാണ് വിജയക്കൊടി പറപ്പിച്ചത്. മുസ്‌ലിംവോട്ടര്‍മാര്‍ 30ശതമാനത്തിനു മുകളിലുള്ള എട്ട് മണ്ഡലങ്ങളില്‍ മുസ്തഫാബാദ് ഒഴികെ ഏഴിടത്തും ആം ആദ്മിയാണ് ആധിപത്യം ഉറപ്പിച്ചത്. മുസ്തഫാബാദില്‍ സംഭവിച്ചത് എക്കാലവും ന്യൂനപക്ഷ വോട്ട് നേരിടാറുള്ള ഒരു ദുരന്തമാണ്. മുസ്‌ലിം വോട്ട് കോണ്‍ഗ്രസിനും ആപിനും ഇടയില്‍ വിഭജിക്കപ്പെട്ടു. അതിനിടയിലൂടെ ബിജെപി ജയിച്ചുകയറി, അതും ആറായിരം വോട്ടിനു. അതേസമയം, സദര്‍ബസാറിലും ഓക്‌ലയിലും ബാലിമറാനിലും മാത്‌യ മഹലിലും സീലാപൂരിലുമൊക്കെ വന്‍ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിയത്. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ച മുസ്‌ലിംകള്‍ ഏകമനസ്സോടെ കെജ്‌രിവാളിന്റെ പടയോട്ടത്തില്‍ കച്ചകെട്ടി ഇറങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഓക്‌ലയില്‍ അമാനുല്ലാ ഖാന്‍ 64523വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിക്കുന്നത്. 62മണ്ഡലങ്ങളിലും കോണ്‍ഗ്രസിനു കെട്ടിവെച്ച പണം നഷ്ടപ്പെട്ടതിനു ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൂടെ നടന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളോടാണ് അവര്‍ നന്ദി പറയേണ്ടത്.
4. കഴിഞ്ഞ ആരറ പതിറ്റാണ്ടിന്റെ ദേശീയ രാഷ്ട്രീയം പരിശോധിച്ചാല്‍ മനസ്സിലാക്കാനാവുന്ന ഒരു സത്യം, കോണ്‍ഗ്രസിനു ഒരു ബദല്‍ എവിടെ കണ്ടോ മതേതര വിശ്വാസികള്‍ ആ ഭാഗത്തേക്ക് ചായാന്‍ ആവേശം കാട്ടുന്നു എന്നതാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ വോട്ടര്‍മാര്‍ ബി.ജെ.പിയെയും മോഡിയെയും നേരിടാന്‍ ഫലപ്രദമായ ശക്തി ആം ആദ്മി പാര്‍ട്ടിയാണെന്ന് മനസ്സിലാക്കി പുതിയ പാത തെരഞ്ഞെടുത്തതാണ് നമ്മുടെ രാജ്യത്തിനു പുതിയൊരു ഉണര്‍വ് പ്രദാനം ചെയ്തത്. നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര കണ്ട് പ്രയോഗവത്കരിക്കാന്‍ കെജ്‌രിവാളിനു സാധിക്കുമോ അതനുസരിച്ചായിരിക്കും പുതിയ ബദലിന്റെ ഭാവി.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login