സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയുടെ പ്രബലമായ പോഷക സംഘടനയാണത്. സമസ്തയുടെ കാമ്പും കരുത്തുമുണ്ട് സുന്നി യുവജന സംഘത്തിന്. സമസ്തയുടെ നയപരമായ കണിശത വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ ഒട്ടനേകമാണ്. അതിലൊന്നാണ് ഖാദിയാനിസത്തിനെതിരെയുള്ള പ്രമേയം. മറ്റൊന്നാണ് എംഇഎസിനെതിരെയുള്ള സമസ്തയുടെ തീരുമാനം. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ സമസ്തയെ ബാഹ്യ സമര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചില്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ബാധിക്കുന്നതെന്തോ അത് സമസ്ത ചൂണ്ടിക്കാണിച്ചു. ഒട്ടേറെ പണക്കാരുണ്ടായിരുന്നു ഖാദിയാനികള്‍ക്കിടയില്‍. എംഇഎസ് പണക്കാരുടേത് തന്നെയായിരുന്നു. പക്ഷേ, സമസ്ത ഉലമയുടെ ചരിത്രം ആവര്‍ത്തിച്ചു. ശുദ്ധമായ ആ പരമ്പരയുടെ പവിത്രത സൂക്ഷിച്ചു. ഇസ്‌ലാമിന്റെ താല്‍പര്യങ്ങളെയല്ലാതെ മറ്റൊരു താല്‍പര്യങ്ങളെയും അത് മുഖവിലക്കെടുത്തില്ല.
രണ്ട് പ്രമേയങ്ങള്‍
1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഖാദിയാനികള്‍ക്കെതിരായ പ്രമേയം വരുന്നത്. ആ സമ്മേളനത്തിലെ നാലാം പ്രമേയമായിരുന്നു അത്. കണ്ണൂര്‍ പാലോട്ട് മൂസക്കുട്ടി ഹാജി ആയിരുന്നു അവതാരകന്‍. ശൈഖുനാ പാങ്ങില്‍ എ പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അനുവാദകനും. ഖാദിയാനികളെ എല്ലാ നിലയിലും മാറ്റി നിര്‍ത്താന്‍ മുസ്‌ലിം ബഹുജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു സമസ്ത ആ പ്രമേയത്തിലൂടെ. ഖാദിയാനികള്‍ മുസ്‌ലിംകളല്ല എന്ന് ലോകചരിത്രത്തില്‍ തന്നെ ആദ്യമായി തീരുമാനമെടുത്തത് സമസ്തയാണ്. വഹാബികളും മൗദൂദികളും താത്വികമായി ഇന്നും ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടോ എന്നറിവായിട്ടില്ല. പിന്നെയാണ് പാക്കിസ്ഥാന്‍ അടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ തീരുമാനങ്ങളുമായി വരുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിലുണ്ടായിരുന്ന ഖാദിയാനികള്‍ രാഷ്ട്ര രഹസ്യം ഒറ്റിക്കൊടുക്കുകയും ആ രാജ്യത്തെ ആയുധങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് രഹസ്യമായി എത്തിച്ചു കൊടുക്കുകയും ചെയ്തകാരണത്താലാണ് വളരെ വൈകി ഖാദിയാനികള്‍ മുസ്‌ലിംകളല്ല എന്ന് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചത്. ഇതര അറബ് രാജ്യങ്ങള്‍ക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നു. മുസ്‌ലിം സമുദായത്തില്‍ ഒരു അര്‍ബുദം പോലെ ശല്യം ചെയ്യുന്നതിന് അക്കാലത്ത് സാമ്രാജ്യത്വ ശക്തികള്‍ രൂപീകരിച്ചതായിരുന്നു ഖാദിയാനിസം. മുസ്‌ലിം രാജ്യങ്ങളില്‍ പലപ്പോഴും അത് രാഷ്ട്രീയമായ കുത്തിത്തിരിപ്പുകള്‍ക്ക് മുന്‍ഗണന നല്‍കിയെങ്കിലും മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങളില്‍ അത് വിശ്വാസപരമായ ആശയക്കുഴപ്പത്തിനാണ് മുന്‍ഗണന നല്‍കിയത്.
”പഞ്ചാബിലെ മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയെ നബിയെന്നും റസൂലെന്നും വിശ്വസിച്ച്, അദ്ദേഹം സ്ഥാപിച്ച നവീനമതമായ അഹ്മദിയ്യത്തില്‍ ബൈഅത്ത് ചെയ്തു ചേരുകയും അവരില്‍ ചേരാതെയും മീര്‍സായുടെ ദഅ്‌വത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന സര്‍വ്വ മുസ്‌ലിംകളെയും കാഫിറുകളാക്കി തള്ളി മുസ്‌ലിംകളുടെ ജുമുഅ നിസ്‌കാരം, ഇമാമും ജമാഅത്തുമായുള്ള നിസ്‌കാരങ്ങള്‍ മുതലായ അമലുകളില്‍ പങ്കെടുക്കാതെ മുസ്‌ലിംകളില്‍ നിന്നു വിശ്വാസപരമായും പ്രവൃത്തിപരമായും ഭിന്നിച്ച് ഒരു പ്രത്യേക മതസ്ഥരായി കഴിഞ്ഞു കൂടുകയും ചെയ്യുന്ന അഹ്മദിയാക്കളെന്നും ഖാദിയാനികളെന്നും അറിയപ്പെടുന്നവരെ” അവര്‍ ഇസ്‌ലാമില്‍ പെട്ടവരല്ലെന്നും അവരെ സമുദായം ബഹിഷ്‌കരിക്കണമെന്നും അവര്‍ക്ക് പെണ്ണ് കെട്ടിച്ചു കൊടുക്കരുതെന്നും അവരെ മുസ്‌ലിം ശ്മശാനത്തില്‍ മറവ് ചെയ്യരുതെന്നുമുള്ള മുന്നറിയിപ്പാണ് ഇത് സംബന്ധിച്ച് സമസ്ത കൈകൊണ്ട നയം. ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തിത്വം നിലനിര്‍ത്താനുള്ളതായിരുന്നു സമസ്തയുടെ ആഹ്വാനം. അല്ലാതെ ഒരു മനുഷ്യന്‍/ പൗരന്‍ എന്ന രീതിയിലുള്ള ബഹിഷ്‌കരണമായിരുന്നില്ല അത്.
പിന്നീട് നിരവധി കോടതികളില്‍ നിന്ന് ഖാദിയാനികള്‍ക്കെതിരെ വിധി തീര്‍പ്പ് വന്നിട്ടുണ്ട്. സമസ്തയുടെ തീരുമാനങ്ങളില്‍ ശത്രുക്കള്‍ നന്നായി മുതലെടുത്ത വിഷയമാണ് ഖാദിയാനികള്‍ക്കെതിരെയെടുത്ത പ്രമേയം. സുന്നീ സമൂഹം ചെയ്ത മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയായിട്ടാണ് ഖാദിയാനീ ബഹിഷ്‌കരണത്തെ വഹാബികളും മൗദൂദികളും അവതരിപ്പിച്ചിട്ടുള്ളത്. സമസ്തയെ മെരുക്കാനും ഒതുക്കാനും ആദര്‍ശപരമായ മറ്റുവഴികള്‍ കാണാതിരിക്കുന്നതു കൊണ്ടാണ് പലപ്പോഴും ആദര്‍ശപ്രതിയോഗികള്‍ പൊതുന്യായങ്ങളുമായി ഇറങ്ങിക്കളിക്കാന്‍ നോക്കാറുള്ളത്. ബഹിഷ്‌കരണം/ ഊരുവിലക്ക് എന്നൊക്കെയുള്ള വാക്കുകളുടെ സഹായത്തോടെയായിരിക്കും പലപ്പോഴും ഇവര്‍ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുക. മലപ്പുറം ജില്ലയിലെ മുത്തന്നൂരില്‍ ഒരു ഖാദിയാനി മരിച്ചപ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു പ്രതിയോഗികള്‍. ഖാദിയാനിയായ കാരണത്താല്‍ മുത്തന്നൂരിലെ മുസ്‌ലിം ശ്മശാനം തടഞ്ഞത് ശരിയാണ്. വഹാബികളും മൗദൂദികളും ഖാദിയാനികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അവര്‍ക്ക് വീര്യം കൂടി. മരണപ്പെട്ട ഖാദിയാനിയെ മദ്ഹബ് അംഗീകരിക്കുന്ന സുന്നിയായി വഹാബികള്‍ കോടതിയില്‍ അവതരിപ്പിച്ചു. വഹാബി മനസ്സുമായി വന്ന വക്കീലിന് പക്ഷേ, മുസ്‌ലിം പക്ഷത്തെ സാക്ഷി ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പല്ലിറുമ്മിയും നിലത്ത് അമര്‍ത്തിച്ചവിട്ടിയുമൊക്കെ വക്കീല്‍ മുസ്‌ലിം പക്ഷത്തെ പേടിപ്പിച്ചു നോക്കി. എല്ലാം വിഫലമായി. ഇകെ ക്രിമിനലാണെന്ന് വരുത്താന്‍ മംഗലാപുരത്ത് നടന്ന ഒരു കൊലക്കേസിന്റെ ഫയല്‍പോലും വഹാബികള്‍ ഖാദിയാനികള്‍ക്ക് വേണ്ടി എത്തിച്ചു കൊടുത്തു. ഖാദിയാനിയകള്‍ക്ക് വേണ്ടി എന്നതിലുപരി സമസ്തക്കെതിരായ വഹാബീ നീക്കമായിരുന്നു ഇത്. അതോടെ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്ന ഖാദിയാനികള്‍ക്കും വഹാബികള്‍ക്കും പൊതുരംഗത്ത് നിന്നു തന്നെ ഉള്‍വലിയേണ്ടി വന്നു.
ഇതുപോലെ പുരോഗമനാശയക്കാര്‍ തടയാന്‍ നോക്കിയ മറ്റൊരു തീരുമാനമായിരുന്നു എംഇഎസ്സിനെതിരെയുള്ള സമസ്തയുടെ തീരുമാനം. സമസ്ത എതിരായി തീരുമാനമെടുത്താല്‍ പിന്നെ കേരളത്തില്‍ അത്തരം സംഘടനകള്‍ക്ക് വേരിറക്കാന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ എംഇഎസ്സിനെതിരെയും തബ്‌ലീഗ് ജമാഅത്തിനെതിരെയുമൊക്കെ തീരുമാനിക്കുമ്പോള്‍ ശത്രുക്കള്‍ ഇങ്ങനെ തടയണവെക്കാന്‍ നോക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ ഒരു പണക്കാരന്‍ ഇഎംഎസ് മന്ത്രിസഭക്ക് ഒരു കോളജിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഒരു വ്യക്തിക്ക് കോളജ് തരാന്‍ ഫണ്ടില്ലെന്നും സംഘടനക്ക് മാത്രമേ കൊടുക്കൂ എന്നും മുഖ്യമന്ത്രി ഇഎംഎസ് മറുപടി കൊടുത്തു. അങ്ങിനെയാണ് ഏതാനും പണക്കാരും ഉദ്യോഗസ്ഥരും ഒത്തുകൂടി മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ഏതൊരു പുതിയ സംഘടനയേയും സമസ്ത നിരീക്ഷിക്കും. ആ നിലക്ക് എംഇഎസിനെ നിരീക്ഷിച്ചപ്പോള്‍ ആപല്‍ക്കരമായ പലതും കണ്ടെത്താന്‍ കഴിഞ്ഞു. ഇസ്‌ലാമിന്റെ കടക്ക് കത്തിവെക്കുന്ന പ്രവണതയാണവരില്‍ നിന്നു ദൃശ്യമായത്.
മുഹമ്മദ് നബി(സ)യെ ഇസ്‌ലാംമത സ്ഥാപകനായും ഉസ്മാന്‍ (റ)നെ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കിയ ആളുമായിട്ടാണ് അവര്‍ സ്വന്തം ജേര്‍ണലില്‍ പരിചയപ്പെടുത്തിയത്: ”ഹസ്രത്ത് ഉസ്മാന്റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്‌കണ്ടിലെ ഉസ്ബക്ക് ചരിത്ര മ്യൂസിയത്തില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ഏറ്റവും പുരാതനമായ അറബി ലിഖിത രേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്‌ലാം മതസ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദുബിന്‍ സാബിത് പ്രവാചകന്റെ വചനങ്ങള്‍ എല്ലാം ശേഖരിച്ച് ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. (എംഇഎസ് ജേര്‍ണല്‍ പുസ്തകം രണ്ട് ലക്കം 5. 1970,സപ്തംബര്‍ 25)
1970ന് ചേര്‍ന്ന മുശാവറ എംഇഎസിനെ കരുതിയിരിക്കണമെന്നും അവരുടെ വഴിപിഴച്ച വിശ്വാസത്തില്‍ അകപ്പെട്ടുപോകരുതെന്നും ബഹുജനങ്ങളെ ഉണര്‍ത്തി. മുശാവറ തീരുമാനത്തെ തുടര്‍ന്ന് മുസ്‌ലിംലീഗ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ എംഇഎസ്സിനെ കൈവെടിഞ്ഞു. പിന്നീട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗശേഷം മുസ്‌ലിംലീഗ് എംഇഎസ്സുമായി അടുക്കുന്നതായി കണ്ടപ്പോള്‍ ലീഗിനെ പ്രത്യേകിച്ചും മുസ്‌ലിം ബഹുജനങ്ങളെ പൊതുവിലും ബോധ്യപ്പെടുത്താനായി സമസ്ത മറ്റൊരു പ്രമേയം കൂടി പാസാക്കുകയുണ്ടായി. 1975 മാര്‍ച്ച് ആറാം തിയ്യതിയായിരുന്നു ഈ പ്രമേയം സമസ്ത അംഗീകരിച്ചത്.
മണപ്പാട്ട് കുഞ്ഞഹമ്മദാജിയും കെ എം സീതി മുഹമ്മദുമാണ് വഹാബികളുടെയും എംഇഎസ്സിന്റെയും പൂര്‍വികര്‍. അവരുടെ ബുദ്ധിയില്‍ തന്നെയാണ് ‘ഹീലതുരിബാ’ എന്ന പലിശ ഫത്‌വ മുതല്‍ എംഇഎസ് പോലുള്ള വിദ്യാഭ്യാസക്കമ്പോളം വരെ ഉദിച്ചു വന്നത്. ആരു തള്ളും, ആരൊക്കെ കൊള്ളും എന്ന ഭീരുത്വം നിറഞ്ഞ ആലോചനകള്‍ ഒരു കാലത്തും സമസ്തയെ പിന്തിരിപ്പിച്ചിട്ടില്ല. തീരുമാനങ്ങളിലെ ഈ കണിശതയും വ്യക്തതയും തന്നെയാണ് അതിന്റെ പ്രബല പോഷക പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജനസംഘത്തെയും ഒരു ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തത്.
വി പി ആലിക്കുട്ടി സഖാഫി
You must be logged in to post a comment Login