അടിയന്തരാവസ്ഥയില്‍, കാണാതായ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജന് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാന്‍ പിതാവ് ഈച്ചരവാര്യര്‍ നടത്തിയ നിയമയുദ്ധം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത അധ്യായമാണ്. മകന് മരിച്ചുവെന്ന ഫലത്തിലേക്ക് വ്യവഹാരം വഴിതുറന്നു. അപ്പോഴും ശേഷിച്ചു ചോദ്യം, ജഡം എന്തു ചെയ്തുവെന്ന്? ആഭ്യന്തര അടിയന്തരാവസ്ഥയുടെ 40-ാം വാര്‍ഷികം ആചരിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 38 വര്‍ഷം മുമ്പ് ഈച്ചരവാര്യര്‍ ചോദിച്ച് തുടങ്ങിയ ചോദ്യത്തിന് ഇനിയും മറുപടി നല്കാന് സ്റ്റേറ്റിന് സാധിച്ചിട്ടില്ല. രാജന്റെ മൃതദേഹം എന്ത് ചെയ്തുവെന്ന് ഭരണത്തിന് നേതൃത്വം നല്കിയവരോ ആ നേതൃത്വത്തിന്റെ ഹിതം ചെയ്യാന്‍ മത്സരിച്ച അന്നത്തെ പോലീസ് ഉദ്യോഗസ്ഥരോ അവരുടെ ഉത്തരവുകള്‍ അനുസരിച്ച പോലീസുകാരോ മറുപടി നല്‍കിയില്ല. ഇവരില്‍ നിന്നൊരു മറുപടി ലഭിക്കേണ്ടതുണ്ടെന്ന നിര്‍ബന്ധബുദ്ധി നീതിപീഠങ്ങള്‍ കാട്ടിയതുമില്ല. മഹാരാജ്യത്തെ പൗരനെ, രാഷ്ട്രത്തിന്റെ ഉപകരണങ്ങളിലൊന്നായ പോലീസ്, പിടികൂടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിക്കപ്പെട്ടു, പോലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടുവെന്നതും. എന്നിട്ടും മൃതദേഹം എന്തുചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തത് എന്തുകൊണ്ടെന്ന് സ്വയം ചോദിക്കാന്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തിന് സാധിച്ചില്ല. രാജന്റെ ശരീരം കൊക്കയിലെറിഞ്ഞു, പഞ്ചസാര കൂട്ടിക്കത്തിച്ചു എന്ന് തുടങ്ങിയ അഭ്യൂഹങ്ങള്‍, പ്രചാരത്തിലൂടെ വിശ്വാസ്യത നേടിയപ്പോഴും യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ത് എന്ന് ജനത്തെ അറിയിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന തോന്നല്‍ ഭരണകൂടത്തിനോ പോലീസിനോ നീതിപീഠങ്ങള്ക്കോ ഉണ്ടായില്ല.
കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയിട്ട് 23 കൊല്ലമാകും മാര്‍ച്ച് മാസത്തില്‍. കേരള പോലീസും സി ബി ഐയും അന്വേഷിച്ച്, കോടതിയുടെ നിരന്തര ഇടപെടലുകള്‍ക്ക് വിധേയമായി ഒടുവില്‍ രണ്ട് വൈദികന്മാര്ക്കും ഒരു കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു അഭയാ കേസ്. അതിനിടെ രാസപരിശോധനാ റിപ്പോര്‍ട്ടിലെ ഫലം തിരുത്തിയെന്ന കേസ്, അഭയ കൊല്ലപ്പെട്ട കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്റെ ദുരൂഹ മരണം, നാര്‍കോ അനാലിസിസ് ടെസ്റ്റിന്റെ ഫലം രേഖപ്പെടുത്തിയ സി ഡിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം എന്ന് വേണ്ട പല ദിശകളിലേക്ക് കേസിന്റെ ശാഖകള്‍ വളര്‍ന്നു. നാര്‍കോ അടക്കമുള്ള പരിശോധനകള്‍, ആരോപണവിധേയരുടെ സമ്മതത്തോടെ മാത്രമേ നടത്താവൂ എന്ന സുപ്രീം കോടതി വിധി പിന്നീട് പുറത്തുവന്നുവെന്നത് കൂടി അഭയ കേസിന്റെ വിചാരണയില്‍ നിര്‍ണായകമായേക്കും.
പാമൊലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണുള്പ്പെടെ ഉദ്യോഗസ്ഥര്‍ക്കും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണമുയര്‍ന്നിട്ടും ഏതാണ്ട് 23 വര്‍ഷമായി. രൂപ കൊടുത്ത് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പാമൊലിന്‍ ഡോളര്‍ കൊടുത്ത് ഇറക്കിയതിലെ താത്പര്യങ്ങളും ഉയര്‍ന്ന വില നല്‍കിയത് മൂലം ഖജാനയില്‍ നിന്ന് ചോര്‍ന്ന നാലരക്കോടി രൂപയുമാണ് കേസിന് ആധാരം. ഇത്തരമൊരു ആരോപണമുയര്‍ന്നപ്പോള്‍ അന്വേഷിക്കണമോ വേണ്ടയോ എന്നതില്‍ ആദ്യത്തെ തര്‍ക്കം. അന്വേഷണത്തിന്റെ പരിധിയില്‍ ആരൊക്കെ വരണമെന്നതില്‍ പിന്നത്തെ തര്‍ക്കം. അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളുടെ തീര്‍പ്പാക്കല്‍. പിന്നെ അന്വേഷണം തീര്‍ന്ന് പ്രോസിക്യൂഷന് ആരംഭിക്കാനിരിക്കെ, കെ കരുണാകരനെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാമോ ഇല്ലയോ എന്നതിലെ നിയമപോരാട്ടം. പിന്നെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചും കേസ് പുനസ്ഥാപിച്ചുമുള്ള കളി. ഇപ്പോള്‍ വിചാരണയിലേക്ക് നീങ്ങുമ്പോഴും അന്വേഷണം കാര്യക്ഷമമായി നടന്നോ ഉത്തരവാദികളെന്ന് കരുതുന്നവരെയൊക്കെ വിചാരണാ വേദിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ എന്നതില്‍ സംശയങ്ങള്‍ നിലനില്ക്കുന്നു.
ഏത് ക്രിമിനല്‍ പ്രവര്‍ത്തിയും ചെയ്യാന്‍ അറപ്പില്ലാതിരിക്കുകയും ആ ക്രിമിനല്‍ വൃത്തിയെ നിയമത്തിലെ പഴുതുകളും സാധ്യതകളും ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ വലിയ കഴിവാണ് നമ്മുടെ സമൂഹം വളര്‍ത്തിയെടുത്തിരിക്കുന്നത്. അര്‍ഹരായവര്‍ക്ക് നിയമം നിര്‍ദേശിക്കുന്ന പരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല നീതിപീഠത്തിനും അതിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമായ ഭരണ സംവിധാനത്തിനുമുണ്ട്. പക്ഷേ, ഇവിടെ അതും വെള്ളത്തില്‍ വരച്ച വരപോലെയാണ്. ഏത് കേസിലും തരാതരം പോലെ വരുന്ന ഹരജികള്‍ തള്ളുകയോ കൊള്ളുകയോ ചെയ്ത്, ഈ ഹരജികള്‍ക്ക് ആധാരമായ ക്രിമിനല്‍ പ്രവൃത്തിയുടെ ഗൗരവത്തെ കാലക്രമത്തില്‍ കുറച്ച് കൊണ്ടുവരാനോ തെളിവുകള്‍ ദുര്‍ബലമാകുന്ന സാഹചര്യമുണ്ടാക്കാനോ വഴിയൊരുക്കപ്പെടുകയാണുണ്ടാവുക. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് വെളിവാക്കപ്പെട്ട ഒരു യുവാവിന്റെ ശരീരം എന്തുചെയ്തുവെന്ന് അന്വേഷിച്ച് ഉത്തരം നല്കാന് സാധിക്കാത്ത നീതിന്യായ സംവിധാനത്തിന് അത്രത്തോളം വലുപ്പമില്ലാത്ത കേസുകളില്‍ വസ്തുതകള്‍ കണ്ടെത്താന്‍ താത്പര്യമുണ്ടാകുമോ?
ജഡ്ജിയെ സ്വാധീനിക്കാന്‍ കൊടുത്തയച്ച കൈക്കൂലിപ്പണം കൈയോടെ പിടിച്ചപ്പോള്‍ അതേക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ മൗനം പാലിച്ചുനിന്ന പരമോന്നത നീതിപീഠമുണ്ട് നമുക്ക് മുന്നില്‍. മാര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതി സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ അനുകൂല തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രി, തന്നോട് ആവശ്യപ്പെട്ടുവെന്ന് തുറന്ന കോടതിയില്‍ ഒരു ജഡ്ജി പറഞ്ഞിട്ട്, അതേക്കുറിച്ച് യാതൊരു അന്വേഷണവും ഈ രാജ്യത്ത് നടന്നില്ല. ഇത്തരമൊരു ആക്ഷേപമുയര്‍ന്നിട്ട് അന്വേഷണം നടക്കാത്ത ഏക ജനാധിപത്യമായിരിക്കും ഇന്ത്യയിലേത്. അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനമല്ലെങ്കില്‍ പിന്നെ, ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നടന്ന ശ്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തടസ്സമാകുന്നത് എന്താണ്? അധികാരം, അധികാരം കൈയടക്കുന്നവരുമായുള്ള ബന്ധം, അധികാരകേന്ദ്രങ്ങളുമായി ബന്ധമുള്ളവരുമായുള്ള അടുപ്പം, ഇതൊക്കെ സൃഷ്ടിച്ചെടുക്കാന്‍ പാകത്തിലുള്ള സമ്പാദ്യം ഇവയൊക്കെയാണ് നിയമ വ്യവസ്ഥകളുടെ നടപ്പാക്കല്‍ രീതികളെ നിര്‍ണയിക്കുന്നത് എന്ന് പഠിച്ച് വളരുകയാണ് ഇവിടെ ജനിക്കുന്ന ഓരോരുത്തരും.
നിയമ വ്യവസ്ഥകള്‍ പാലിക്കാനുള്ളതല്ല, മറിച്ച് ലംഘിക്കാനോ ആസൂത്രിതമായി അട്ടിമറിക്കാനോ ഉള്ളതാണെന്ന ബോധ്യമാണ് ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. നഴ്സറി പ്രവേശത്തിന് തലവരി വാങ്ങാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. നഴ്സറി പ്രവേശത്തിന് തലവരിയായി നല്‍കേണ്ടിവന്ന പതിനായിരക്കണക്കിന് രൂപയുടെ കണക്കുകളാകും ഈ പ്രായത്തിലുള്ള കുഞ്ഞ് കേള്‍ക്കുക. തലവരി വാങ്ങുന്നത് നിയമവിരുദ്ധമായിരിക്കെ, അത് നല്‍കുന്നതും നിയമവിരുദ്ധമാകണമല്ലോ? രണ്ട് വ്യവകലനങ്ങള്‍ ചേര്‍ന്നാല്‍ സങ്കലനമാകുമെന്ന ഗണിതശാസ്ത്ര സിദ്ധാന്തം പോലെ, രണ്ട് നിയമവിരുദ്ധതകള്‍ ചേര്‍ന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട തത്വമായി മാറുകയാണ് ഇവിടെ. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം സ്ഥിതിയെ അഭിമുഖീകരിക്കുന്ന ഒരു തലമുറക്ക് നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ലെന്ന ബോധ്യമുണ്ടാകും, കണ്മുന്നില് നടക്കുന്ന നിയമലംഘനങ്ങള്‍ ചോദ്യംചെയ്യപ്പെടേണ്ടതല്ലെന്നും. ഈ പൊതു സ്ഥിതിയില്‍ നിന്ന് ഭിന്നമായി, പാലിക്കാനും പാലിക്കപ്പെടാനുമുള്ളതാണ് നിയമവ്യവസ്ഥയെന്ന് ചിന്തിക്കുന്നവര്‍ പ്രതികരിക്കാന്‍ തയ്യാറാകുമ്പോള്‍ വലിയ അസഹിഷ്ണുതയുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവറ്റക്കൊന്നും വേറെ പണിയൊന്നുമില്ലേ എന്നാകും ഈ പ്രതികരണങ്ങളോടുള്ള സ്വാഭാവിക മറുപടി. 100 പേരുള്ള സമൂഹത്തില്‍ 99 പേരും ഈ സ്വാഭാവിക മറുപടിയുടെ പക്ഷത്തു നില്‍ക്കുന്നവരുമായിരിക്കും.
അറിഞ്ഞും കണ്ടും പരിചയിച്ചുമുള്ള ശീലങ്ങളെ ആധാരമാക്കിയാണ് പുതിയ സമൂഹം രൂപപ്പെട്ടുവരുന്നത്. ആ സമൂഹത്തിന്റെ പ്രതിനിധിയാണ് തൃശൂരിലെ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിനെപ്പോലുള്ളവര്. പ്രായപൂര്‍ത്തിയാകാത്ത മകനെ കാറോടിക്കാന്‍ പഠിപ്പിക്കുകയും മകന് ആഡംബരക്കാറോടിക്കുന്നത് ദൃശ്യവത്കരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു നിഷാം. ഇത്തരമൊരു സംഗതി, ഇന്ത്യാ മഹാരാജ്യത്ത് കാര്യമായ ശിക്ഷ വിളിച്ചുവരുത്തില്ലെന്ന ഉറപ്പിലാണ് നിഷാം ഇത് ചെയ്തത്. സ്വീകരിക്കപ്പെടാന്‍ ഇടയുള്ള നിയമ നടപടികളെ, പണവും സ്വാധീനവും ഉപയോഗിച്ച് ഇല്ലാതാക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയും. ഗള്‍ഫ് രാജ്യത്തുള്ള സമയത്ത് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ നിഷാം തയ്യാറായിരുന്നില്ല. അവിടെവെച്ച് ഇത്തരമൊരു ദൃശ്യം പകര്‍ത്തി പ്രസിദ്ധംചെയ്താല് ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച്, നിയമനടപടികളുണ്ടായാല്‍ അതിനെ ലഘൂകരിക്കാന്‍ പാകത്തില്‍ ഇടപെടാനുള്ള സാധ്യത തുലോം കുറവാണെന്നതിനെക്കുറിച്ച്, നിഷാമിന് നല്ല ബോധ്യമുണ്ടെന്ന് ചുരുക്കം.
ഇദ്ദേഹം പ്രതിസ്ഥാനത്തുള്ളതോ പ്രതിസ്ഥാനത്തുണ്ടായിരുന്നതോ ആയ പത്തിലധികം കേസുകളുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കോടതിക്കകത്തോ പുറത്തോവെച്ച് ഒത്തുതീര്ന്നിരിക്കുന്നു ചില കേസുകള്‍. മറ്റ് ചിലവയില്‍ പ്രോസിക്യൂഷന് അവസാനിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നു. എങ്ങനെയാണ് ഈ കേസുകള്‍ ഒത്തുതീര്‍ക്കുന്നത് എന്നോ അവസാനിപ്പിക്കുന്നത് എന്നോ അന്വേഷിക്കേണ്ട ചുമതല കോടതിക്കില്ല. പരാതിക്കാരന് കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞാല്‍, അതിനപ്പുറം തേടേണ്ടതുണ്ടോ കോടതിക്ക്? പണവും അധികാരത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണോ പരാതി പിന്‍വലിക്കാന്‍ പരാതിക്കാരന് തയ്യാറാകുന്നത് എന്ന് അന്വേഷിക്കേണ്ട ആവശ്യം കോടതിക്കോ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്ന നിയമപാലന സേനക്കോ ഇല്ല. പണമോ മറ്റ് നഷ്ടപരിഹാരമോ നല്കിയാല് പരാതി പിന്‍വലിക്കാനോ പ്രതിക്ക് മാപ്പു നല്‍കാനോ നിയമപരമായ അധികാരം രാജ്യത്തുണ്ടായിരുന്നുവെങ്കില്‍, ഇത്തരം സംഗതികള്‍ കുറേക്കൂടി സുതാര്യമായി നടക്കുമായിരുന്നു. നഷ്ടപരിഹാരത്തുക നിയമപരമായിത്തന്നെ ആവശ്യപ്പെടാന്‍ ഇരകളുടെ സ്ഥാനത്തുള്ളവര്‍ക്ക് സാധിക്കുമായിരുന്നു. ഇതില്ലാത്ത സാഹചര്യത്തില്‍ ഭീഷണിക്ക് വഴങ്ങുകയോ പ്രതിസ്ഥാനത്തുള്ളവര്‍ ഔദാര്യം പോലെ വെച്ചുനീട്ടുന്ന തുക സ്വീകരിച്ച് വഴങ്ങുകയോ മാത്രമേ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പാകമുള്ളൂ.
ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകിയതിന് ആഡംബരക്കാറുപയോഗിച്ച് ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തുകയും അരിശം തീരാഞ്ഞ് കാര്പാര്ക്കിലേക്ക് കൊണ്ടുവന്ന് ഇരുമ്പുവടികൊണ്ട് തല്ലുകയും ചെയ്തത് മദ്യത്തിന്റെ ലഹരിയിലാണെന്ന് വാദിച്ച് ജയിക്കാന്‍ പാകത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇതിനകം തയ്യാറായിക്കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ മനസ്സിന്റെ സമനില തെറ്റിപ്പെരുമാറിയിട്ടുണ്ട് വെറും കോടീശ്വരന് മാത്രമായ ഈ പ്രതിയെന്ന് വാദിച്ച് സമര്‍ഥിക്കാന്‍ പാകത്തില്‍ പ്രഗത്ഭരായ അഭിഭാഷകരൊക്കെ നിരക്കും കോടതിയില്‍. അതുകൊണ്ട്, തെളിവുകള്‍ കൃത്യമായി ശേഖരിച്ച്, പഴുതകളടച്ച് കേസ് നടത്തി, പ്രതിക്ക് ഉചിതമായ ശിക്ഷ വാങ്ങിനല്കുമെന്നുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഈ ഘട്ടത്തില്‍ സമൂഹത്തോടുള്ള ബാധ്യത നിറവേറ്റല്‍ മാത്രമായി കണ്ടാല്‍ മതി. നിഷാം ചെയ്തത് നിഷ്ഠൂരമായ കൃത്യമാണെന്നും അതിന് പാകത്തിലുള്ള ശിക്ഷ നല്‍കേണ്ടതുണ്ടെന്നുമുള്ള സാമൂഹ്യ ബോധം ഇപ്പോഴും ശേഷിക്കുന്നുണ്ട്. അതുകൂടി ഇല്ലാതാകുന്ന ഒന്നായി സമൂഹം മാറുന്ന കാലത്തേക്കാണ് നമ്മുടെ യാത്ര. അതുകൊണ്ടാണ് രാജ്യം പാസ്സാക്കുന്ന നിയമങ്ങളുടെ വ്യവസ്ഥകളില്‍ പലതും അലങ്കാര ഭാഷമാത്രമാണെന്നും അത് പാലിക്കപ്പെടാനുള്ളതല്ലെന്നും വിദേശരാജ്യത്തിന്റെ തലവന്‍ ഉറപ്പുനല്‍കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സാധിക്കുന്നത്. നിയമ വ്യവസ്ഥകള്‍ കാഴ്ചവസ്തുക്കള്‍ മാത്രമാണെന്ന് പ്രഖ്യാപിക്കാന്‍ മടിയില്ലാത്തയാളെ പ്രധാനമന്ത്രിയായി അംഗീകരിച്ച് ജീവിക്കാന്‍ ജനതക്ക് മടിയില്ലാത്തത്. അത്തരമൊരു ജനതക്കിടയില്‍ അതിജീവിക്കാനുള്ള അവസരം മുഹമ്മദ് നിഷാമിനെപ്പോലുള്ളവര്ക്കാണ്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ചന്ദ്രബോസിനെപ്പോലുള്ളവര് മൃതിക്ക് ശേഷവും ചവുട്ടിമെതിക്കപ്പെടുമെന്ന് ഉറപ്പ്.
രാജീവ് ശങ്കരന്
You must be logged in to post a comment Login