ആധുനികതയും നവീകരണവും പിന്നെ പാരമ്പര്യവാദികളും

ആധുനികതയും നവീകരണവും  പിന്നെ പാരമ്പര്യവാദികളും

ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അധീശവര്‍ഗം ന്യായീകരണം കണ്ടെത്താറ് കാടത്തത്തിലാണ്. അപരിഷ്‌കൃതര്‍ എന്നോ അക്രമകാരികള്‍ എന്നോ വിശേഷിപ്പിച്ച് കൈയിലുള്ള ഏറ്റവും പുതിയ ഇനം ആയുധങ്ങള്‍ കൊണ്ട് വകവരുത്തുന്ന രീതിശാസ്ത്രത്തിന്റെ കാളിമ അധിനിവേശത്തിന്റെ/അധീശത്വത്തിന്റെ ചരിത്രപുസ്തകത്തില്‍ എത്ര വേണമെങ്കിലും വായിക്കാം. മുസ്‌ലിം ലോകത്തുടനീളം വന്‍ശക്തികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അരങ്ങേറിവരുന്ന ‘ജിഹാദിവിരുദ്ധ’ നരമേധങ്ങള്‍ക്ക് നീതീകരണം കണ്ടെത്തുന്നത് അവര്‍ ലോകത്തിനു തന്നെ ഭീഷണിയാണ് എന്ന സിദ്ധാന്തത്തിലാണ്. ആധുനികതയെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവാത്ത ഇസ്‌ലാമാണ് എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്നു പരസ്യമായി വാദിക്കാന്‍ വരെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ടിനെ പോലുള്ള ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ ധൈര്യപ്പെടുന്ന സാഹചര്യമുണ്ടിവിടെ. എപ്പോഴാണ് ആധുനികതയും ഇസ്‌ലാമും കണ്ടുമുട്ടിയത് എന്ന ഒരന്വേഷണം നടത്തുന്ന ക്രിസ്‌റ്റോഫര്‍ ബ്ബെല്ലേഗ (ഇവൃശേെീുവലൃ റല ആലഹഹമശഴൗല) ആധുനിക കാലഘട്ടത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി മുസ്‌ലിം ലോകത്തുനിന്ന് അടുത്തിടപെടുകയും സ്വദേശങ്ങളിലേക്കു തിരിച്ചുവന്നു ജ്ഞാനപ്രകാശനത്തിനു തുടക്കം കുറിക്കുകയും ചെത്ത ഫാത്വിമ ആലിയ, മിര്‍സ സ്വാലിഹ്, റിഫ അല്‍ തഹ്ത്വാവി, ഇബ്രാഹീം സിനാസി എന്നിവരുടെ കഥ വിവരിക്കുന്നുണ്ട്. പടിഞ്ഞാറിനെയും അതുവഴി ആധുനികതയെയും ഇസ്‌ലാം കാണാന്‍ തുടങ്ങിയിട്ട് രണ്ടുനൂറ്റാണ്ട് കഴിഞ്ഞുവെന്ന് അദ്ദേഹം പ്രയാസപ്പെട്ട് സമര്‍ഥിക്കുന്നുണ്ട്. 1492വരെ ആധുനിക യൂറോപ്പിന്റെ കളിത്തൊട്ടിലായ സ്‌പെയിന്‍ മുസ്‌ലിം സാംസ്‌കാരിക ഔന്നിത്യത്തിന്റെ കളിക്കളമായിരുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുപോയതുകൊണ്ടോ എന്തോ, വളരെ സഹതാപത്തോടെ മുസ്‌ലിംകള്‍ക്കു വേണ്ടി വാദിക്കുന്ന അദ്ദേഹത്തിന് പടിഞ്ഞാറന്‍ തീവ്രവലതുപക്ഷത്തോട് ഓര്‍മപ്പെടുത്താനുള്ളത് ഇത്രയുമാണ്:

”മുസ്‌ലിം ലോകത്തോട് വോള്‍ട്ടയറെ പഠിപ്പിക്കാനൊന്നും പോകേണ്ട. മുസ്‌ലിം സമുദായത്തെ ആധുനികതക്കും പഴഞ്ചനും മധ്യേനിര്‍ത്തി ഇവിടെയോ അല്ല അവരുടെ സ്വന്തം നാട്ടിലോ എന്നൊക്കെ വാദിക്കാന്‍ നോക്കുന്നത് തെറ്റാണ്. ജീവിതമാണ് ആധുനികം. ആകെ ചെയ്യാനുള്ളത് പരസ്പരം ഒത്തുതീര്‍പ്പാക്കുകയാണ്.”

തങ്ങള്‍ തൊട്ടതെല്ലാം പൊന്നാവുമെന്ന പടിഞ്ഞാറന്‍ ലോകത്തിന്റെ വര്‍ത്തമാന കാല അഹന്തക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന മതാവേശം കാണാതിരുന്നുകൂടാ. തൊലി കറുത്തവരും പൊക്കം കുറഞ്ഞവരും സൗകുമാര്യം കുറഞ്ഞവരുമെല്ലാം കാടന്മാരും വെളുത്തു തുടുത്ത തങ്ങള്‍ മാത്രം കേമന്മാരും എന്ന അഹംഭാവമാണ് പോയനൂറ്റാണ്ടുകളില്‍ അമേരിക്കയും ആഫ്രിക്കയും ഏഷ്യന്‍ വന്‍കരയുമെല്ലാം കാടന്മാരുടെ നാടായി കണ്ടു ആക്രമിച്ചു കീഴടക്കാന്‍ ന്യായീകരണമായി നിരത്തിയത്. ആ വിചാരഗതിയുമായി കൊളംബസ് അമേരിക്കയിലും വാസ്‌കോഡിഗാമ കോഴിക്കോട്ടും കപ്പലിറങ്ങിയതോടെയാണ് അധിനിവേശത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്. ആ ചരിത്രത്തോട് ക്രിയാത്മകമായി പ്രതികരിച്ച ഒരു സമൂഹമുണ്ടെങ്കില്‍ അത് മലബാറിലെ മുസ്‌ലിംകളാണ്. ഈ കപ്പലോട്ടക്കാര്‍ കിരാതന്മാരാണെന്നും ഇവരുടെ ഭൗതിക അത്യാര്‍ത്തിയും അഹന്തയും ഭൂമിയിലും കടലിലും തളംകെട്ടി നില്‍ക്കുന്ന നന്മ തുടച്ചുനീക്കുമെന്നും ശക്തമായ പ്രതിരോധം തീര്‍ത്തു ഈ വെല്ലുവിളിയെ ചെറുക്കേണ്ടത് മനുഷ്യനന്മ കാംക്ഷിക്കുന്നവരുടെ കടമയാണെന്നും ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത് കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരാണ്. കൃത്യമായി പറഞ്ഞാല്‍ പൊന്നാനി ആസ്ഥാനമായി ഇസ്‌ലാമിക പ്രബോധന ദൗത്യം ഏറ്റെടുത്ത മഖ്ദൂം തങ്ങന്മാര്‍. ഒരു മൂല്യവിചാരത്തിന്റെയും ഉണര്‍വിന്റെയും തുടക്കമായിരുന്നു അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടല്‍. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തഹ്‌രീളു അഹ്‌ലില്‍ഈമാന്‍ എന്ന യുദ്ധകാവ്യമാവാം സാമ്രാജ്യത്വത്തിന് എതിരായ ലോകത്തിലെ പ്രഥമ രചന. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍മുജാഹിദീനില്‍ എത്തുമ്പോള്‍ അധിനിവേശ വിരുദ്ധ ആഹ്വാനത്തിനു പൂര്‍ണമായ വ്യക്തത കൈവരുന്നു. പറങ്കികള്‍ക്കെതിരെ എന്തിനു വിശ്വാസിസമൂഹം പടയണിചേരണമെന്നും അല്ലാത്തപക്ഷം സാമൂഹിക, സാമ്പത്തിക രംഗത്ത് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ എത്ര ഗുരുതരമായിരിക്കുമെന്നും 16ാം നൂറ്റാണ്ടിലെ കേരളീയ മുസ്‌ലിംകളെ ഓര്‍മപ്പെടുത്തിയ ധിഷണയെ ആധുനികതയുടെ വക്താവായാണോ അതല്ല പഴഞ്ചന്‍ ധാരയുടെ പ്രതിനിധിയായാണോ അവതരിപ്പിക്കുക എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. തുടര്‍ന്നങ്ങോട്ടുള്ള ചരിത്രപ്രയാണത്തിലും നവീനമായ വെല്ലുവിളികളെ അതിജീവിക്കാനുള്ള തന്ത്രങ്ങളാണ് കേരളീയ പണ്ഡിതന്മാരായ ഖാളി മുഹമ്മദും (ഫത്ഹുല്‍മുബീനിലൂടെ) സയ്യിദ് അബ്ദുല്‍ബാരി അല്‍അഹ്മദും (സൈഫുല്‍ബത്താറിലൂടെ) മുന്നോട്ടുവെക്കുന്നത്. ബ്രിട്ടീഷ് കോളനിശക്തികളോട് മുഖാമുഖം ഏറ്റുമുട്ടുന്ന വെളിയങ്കോട് ഉമര്‍ഖാദിയെയാണ് പിന്നീട് നാം കാണുന്നത്. ആലിമുസ്‌ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും കാലമായപ്പോഴേക്കും മലബാര്‍ മുസ്‌ലിംകള്‍ പോരാട്ടഭൂമിയില്‍ സജീവമാവുന്നു. എന്തായിരുന്നു ആ സജീവതയുടെ പിന്നിലെ ചാലകശക്തി?

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനു കേവലം പ്രാദേശികമായ കാരണങ്ങള്‍ മാത്രമായിരുന്നില്ല അടിസ്ഥാനം. സ്വത്വത്തെ കുറിച്ചുള്ള, സ്വന്തം സംസ്‌കൃതിയെ കുറിച്ചുള്ള ആകുലതകളാണ് മുസ്‌ലിം മനസ്സുകളെ പ്രക്ഷുബ്ധമാക്കുന്നത്. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ വേരുകള്‍ തേടുന്ന നിഷ്പക്ഷമായ ഏത് അന്വേഷണവും ഈ സ്വത്വപ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണാം. ഉസ്മാനിയ്യ ഖിലാഫത്തിനെ വിപാടനം ചെയ്യാനുള്ള ബ്രിട്ടീഷ് നേതൃത്വത്തിനെതിരായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. 1921ലെ മാപ്പിളസമരങ്ങള്‍ നേതൃതലത്തിലുള്ള ചിലരുടെ വിവേകപൂര്‍ണമല്ലാത്ത സമീപനം മൂലം വിജയം കാണാതെ വന്നപ്പോള്‍ മാറിച്ചിന്തിക്കാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു. സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞു. ഉല്‍പതിഷ്ണുക്കള്‍ ചമഞ്ഞ് അമരത്തുണ്ടായിരുന്ന ചില മൗലവിമാര്‍ നിര്‍ണായക ഘട്ടത്തില്‍ ബ്രിട്ടീഷ് ക്രൗര്യങ്ങള്‍ക്ക് മുന്നില്‍ മാപ്പിളമാരെ ഇട്ടുകൊടുത്തു കൊച്ചിയിലേക്കോ തിരുവിതാംകൂറിലേക്കോ തടി സലാമത്താക്കി. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഭയവിഹ്വലരായ മുസ്‌ലിം സമൂഹത്തിനു ആത്മധൈര്യം പകരാനും മനോവീര്യം കൂടുതല്‍ തകരാതെ നോക്കാനും വരയ്ക്കല്‍ മുല്ലക്കോയ തങ്ങളെപ്പോലുള്ള ആത്മീയനേതാക്കള്‍ രംഗത്തിറങ്ങി. ഒളിവില്‍ പോയവര്‍ അവിടെയിരുന്നു പുനര്‍വിചിന്തനം നടത്തിയപ്പോള്‍ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം യാഥാസ്ഥിതികതയിലാണ് കണ്ടെത്തിയത്. പടിഞ്ഞാറന്‍ ലോകത്തോടുള്ള അന്ധമായ എതിര്‍പ്പ് ഒഴിവാക്കണമെന്നും പാശ്ചാത്യവിദ്യാഭ്യാസവും സംസ്‌കാരവും കരഗമതമാക്കിയാലേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ചിന്തിക്കാനും ആലോചിക്കാനും തുടങ്ങി. കൊടുങ്ങല്ലൂരിലെ ചില പ്രമാണിമാരുടെ തമ്മില്‍ത്തല്ല് ഒഴിവാക്കാന്‍ അക്കാലത്ത് രൂപം കൊടുത്ത ഐക്യസംഘം എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനം മലബാറിലേക്കു കൂടി വികസിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായി. 1924മേയില്‍ ആലുവയില്‍ ചേര്‍ന്ന ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ‘കേരള ജംഇയ്യത്തുല്‍ഉലമ’ എന്ന സംഘടനക്ക് രൂപം നല്‍കി. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ശിലാസ്ഥാപനമായിരുന്നു അത്. അത്തരമൊരു കൂട്ടായ്മയുടെ ചരിത്രപശ്ചാത്തലം ബഹുമാന്യനായ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഹൃസ്വമായി വിവരിക്കുന്നതിങ്ങനെ:

‘ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ചില നേതാക്കളെ സ്വീകരിക്കാന്‍ ഈറോഡിലേക്കു പോയ മലബാറിലെ നേതാക്കളില്‍ ചിലര്‍ മുതലെടുപ്പ് നടത്താനും ഒരു പണ്ഡിതസംഘടനക്കു രൂപം നല്‍കാനും മുതിരുകയായിരുന്നു. ആ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ മൗലാനാ മുഹമ്മദ് അബ്ദുല്‍ബാരി തങ്ങളെ പോലുള്ള മഹാപണ്ഡിതന്മാരും ഉണ്ടായിരുന്നു. അവിടെവെച്ച് കെ.എം മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ ഒരു സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൗലാനാ അബ്ദുല്‍ബാരി തങ്ങള്‍ അതിനെ എതിര്‍ത്തുകൊണ്ട് ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി: കേരളത്തില്‍ നമ്മുടെ മശാഇഖുകള്‍, ഉസ്താദുമാര്‍, സാദാത്തുക്കള്‍ തുടങ്ങിയവരൊക്കെയുണ്ട്. അവരുമായി കൂടിയാലോചന നടത്തുന്നതിനു മുമ്പായി ഇത്തരമൊരു തീരുമാനം ഉചിതമല്ല. അവരുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങിയശേഷം അത്തരം ഒരു സംഘടനക്കു രൂപം നല്‍കാവുന്നതാണ്.

എന്നാല്‍, പ്രസ്തുത അഭിപ്രായം വകവെക്കാതെ തിരക്കിട്ട് ഒരു ഉലമ സംഘനടക്ക് നൂപം നല്‍കി. അതാണ് നേരത്തെ പരാമര്‍ശിച്ച ‘കേരള ജംഇയ്യത്തുല്‍ഉലമ.’

തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവത്ത നവീന ആശയങ്ങളുമായി ഒരു വിഭാഗം പണ്ഡിതന്മാര്‍ മുന്നോട്ടുപോയപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് ബാധ്യതയാണെന്ന് മനസ്സിലാക്കിയ സുന്നി പണ്ഡിതന്മാര്‍ ജാഗ്രത കാട്ടിയതിന്റെ പരിണതിയാണ് ഇന്നീ കാണുന്ന സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതിനു കീഴിലുള്ള സുന്നി യുവജനസംഘം തുടങ്ങിയ പോഷകഘടകങ്ങളും. മഹാപണ്ഡിതനും അറബി സാഹിത്യത്തില്‍ നിപുണനുമായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മുന്‍കൈ എടുത്തു 1925ല്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ചേര്‍ന്ന ഉലമ – ഉമറ സമ്മേളനത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സുന്നിപണ്ഡിത കൂട്ടായ്മക്ക് ബീജാവാപം നല്‍കുന്നത്. കേരളീയ മുസ്‌ലിം സമൂഹത്തില്‍ സുന്നിസരണിയുടെ സംഘടിത നീക്കത്തിന്റെ പ്രോദ്ഘാടനമായിരുന്നു അത്. സുന്നി യുവജന സംഘം സംഘടനയുടെ അറുപതാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ സമസ്ത കടന്നുപോയ തൊണ്ണൂറ് വര്‍ഷത്തെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നത് ഉചിതമായിരിക്കും. ആധുനികതയുടെ പേരിലുള്ള നവീകരണവും മതത്തിന്റെ ജൈവചൈതന്യം കാത്തുസുക്ഷിക്കാനുള്ള ഭൂരിഭാഗത്തിന്റെ ത്വരയും ഏറ്റുമുട്ടിയപ്പോള്‍ രൂപം കൊണ്ട സുന്നി ആശയധാരയെ ഒരു ചട്ടക്കൂട്ടിനുള്ളില്‍ പരാവര്‍ത്തനം ചെയ്യാന്‍ മാത്രമല്ല, അതൊരു അവസരമായി എടുത്തു മതപരവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ ക്രിയാത്മകമായി മുന്നേറാന്‍ സാധിച്ചുവെന്നതിന്റെ നിദര്‍ശനമാണ് കേരളീയ സുന്നി സമൂഹം നേടിയെടുത്ത നേട്ടങ്ങളെല്ലാം. മതത്തിന്റെ ആത്മീയ ചൈതന്യം നിലനിര്‍ത്തുന്നതോടൊപ്പം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവുന്ന ഒരു മനസ് വളര്‍ത്തിയെടുക്കാന്‍ സമസ്തക്ക് കഴിഞ്ഞു. അതാണ് അതിന്റെ പ്രസക്തി. തീവ്രവാദ ആശയങ്ങളില്‍നിന്നും അതു സൃഷ്ടിച്ചെടുക്കുന്ന കാലുഷ്യങ്ങളില്‍നിന്നും കേരളീയ സമൂഹത്തെ രക്ഷിച്ചെടുക്കുന്നതില്‍ സുന്നി പണ്ഡിതന്മാര്‍ നല്‍കിയ സംഭാവന വില മതിക്കാനാവില്ല. സലഫിസവും വഹാബിസവും ആഗോളതലത്തില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ മതത്തിന്റെ സ്വച്ഛന്ദ ഭാവത്തെയും ആത്മീയ ശോഭയെയും അതിന്റെ തനിമയില്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ പ്രസക്തി എത്ര വിവരിച്ചാലും അമിതമാവില്ല.

ശാഹിദ്‌

You must be logged in to post a comment Login