നാലാം തൂണിന്റെ നിസ്സംഗത

നാലാം തൂണിന്റെ നിസ്സംഗത

അന്തരിച്ച ഔട്ട്‌ലുക് സ്ഥാപക പത്രാധിപര്‍ വിനോദ് മെഹ്ത ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ വേറിട്ട താരമാവുന്നത്, അദ്ദേഹം നിര്‍വ്വഹിച്ച മാധ്യമ പ്രവര്‍ത്തന ധാര്‍മികതയുടെ വെളിച്ചത്തിലാണ്. സ്വതന്ത്രശബ്ദമായി മാധ്യമങ്ങള്‍ക്ക് എത്രത്തോളം ഉയരാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും കാണിച്ചു തന്നാണ് അദ്ദേഹം തന്റെ പത്രാധിപ ദൗത്യം നിറവേറ്റിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനെതിരെ 2006ല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ്യീൗവേ ളീൃ ലൂൗമഹശ്യേ എന്ന പേരില്‍ നാഗരിക മധ്യവര്‍ഗ-സവര്‍ണയുവത്വം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍, തങ്ങളുടെ വായനാസമൂഹം ഈ നാഗരിക മധ്യവര്‍ഗ സമൂഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുകൂടി അതിനെതിരെ നീതിയുടെ പക്ഷത്തു നിന്ന് നിലപാടെടുത്ത ചുരുക്കം ചില മാധ്യമങ്ങളില്‍ ഒന്നായിരുന്നു മെഹ്ത നേതൃത്വം നല്‍കിയ ഔട്ട്‌ലുക്.

ഇന്ത്യയിലെ ആഗോള ഭീമന്മാരിലൊരാളായ രത്തന്‍ടാറ്റ ഉള്‍പ്പെട്ട ടുജി സ്‌പെക്ട്രം അഴിമതിയിലെ നീരറാഡിയ ടേപ്പ് അടങ്ങിയ സംഭാഷണം ഇന്ത്യന്‍ പത്രമാധ്യമ ലോകം ബോധപൂര്‍വ്വം തിരസ്‌കരിക്കാന്‍ കൂട്ടായി തീരുമാനിച്ചപ്പോള്‍ ആ സംഭാഷണം മുഴുവന്‍ പ്രസിദ്ധീകരിച്ച് ടാറ്റയുടെ ആറുകോടി രൂപയുടെ വാര്‍ഷിക പരസ്യാദായം പുല്ലു പോലെ വലിച്ചെറിഞ്ഞു ഈ ലക്‌നൗക്കാരന്‍. ഈ രണ്ട് സംഭവങ്ങള്‍ മതിയാകും വിനോദ് മെഹ്തയുടെ ജനപക്ഷ പത്രപ്രവര്‍ത്തനത്തിന് അടിവരയിടാന്‍.

സമകാലിക കേരളത്തിലെ ചില ജനകീയ സമരങ്ങളോടുള്ള മലയാള പത്രമാധ്യമങ്ങളുടെ പ്രതികൂല സമീപനം പ്രകടമാകുന്ന ഈ വേളയിലാണ് വിനോദ് മെഹ്തയുടെ പത്രപ്രവര്‍ത്തന രീതി പ്രസക്തമാകുന്നത്. വ്യവസായ ഭീമന്മാരും സാധാരണക്കാരും സമന്മാരാണെന്നും ഇവര്‍ക്കിടയിലുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണെന്നുമുള്ള ധാരണ നിലനിന്നെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണായി സാധൂകരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ചുംബനസമരം പോലുള്ള വലതുപക്ഷ ആഭാസ സമരരീതികളെ പറഞ്ഞുപെരുപ്പിക്കുകയും പരസ്യമുതലാളിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ജനകീയ സമരവാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം പറിച്ചെറിയേണ്ടതാണ്.

കല്യാണ്‍ സില്‍ക്‌സിലെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന തൃശൂരിലെ അസംഘടിത തൊഴിലാളികളുടെ ഇരിപ്പുസമരവും മലപ്പുറം കാക്കഞ്ചേരിയിലെ ആഭരണ നിര്‍മാണശാലക്കെതിരെ ഉണ്ടായ ചെറുത്തുനില്‍പ്പും വാര്‍ത്തയാവാതിരുന്നത് കേരളീയ മാധ്യമങ്ങളുടെ ജനവിരുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ സമകാലിക മാതൃകകളാണ്.

കല്യാണ്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന തൊഴില്‍ സമയത്തിനിടക്ക് ഒന്ന് ഇരിക്കാന്‍ പോലുമുള്ള അവസരമില്ലെന്നും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പലപ്പോഴും ഹനിക്കപ്പെടുകയാണെന്നുമുള്ള സംഭവങ്ങളെ തുടര്‍ന്നാണ് തുച്ഛമായ ശമ്പളത്തില്‍ അവിടെ ജോലി ചെയ്യുന്ന ഏതാനും സ്ത്രീ തൊഴിലാളികള്‍ മാനേജ്‌മെന്റിന് പരാതി നല്‍കുന്നത്. ഒരു ചര്‍ച്ചക്കുപോലും മുതിരാതെ പരാതി നിരസിച്ചെന്ന് മാത്രമല്ല; മാനേജ്‌മെന്റിനെതിരെ ശബ്ദിച്ചുവെന്നതിന്റെ ശിക്ഷയെന്നോണം ആറോളം തൊഴിലാളികളെ കണ്ണൂരും തിരുവനന്തപുരത്തുമുള്ള ഷോറൂമുകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു കല്യാണ്‍ സില്‍ക്‌സ്. തൃശൂരിനും പരിസരപ്രദേശങ്ങളിലുമുള്ള ഈ തൊഴിലാളികള്‍ക്ക് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സ്ഥലംമാറ്റം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. ഇതിനെ തുര്‍ന്നാണ് തൃശൂരിലെ കല്ല്യാണ്‍ സില്‍ക്‌സ് ഷോറൂമിന് എതിര്‍വശത്തായി ഈ തൊഴിലാളികള്‍ ഇരിപ്പുസമരം തുടങ്ങുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ഇരിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയാണ് ഈ തൊഴിലാളികളുടെ കുത്തിയിരുപ്പ് സമരം.

ഉപഭോക്താക്കള്‍ വരുമ്പോള്‍ ഇരിക്കാന്‍ കഴിയില്ല, എന്നാല്‍ അവര്‍ പോയിക്കഴിഞ്ഞാലും ഇരിക്കാനനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാവുന്നില്ലെന്ന് സമരം നടത്തുന്നവര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്ന ഇടം കണ്ടാല്‍ ഒന്നും കഴിക്കാന്‍ തോന്നുകയില്ല. അസുഖം വന്ന് ലീവ് ചോദിച്ചാലും ഒന്നിലധികം തവണ മൂത്രമൊഴിക്കാന്‍ പോയാലുമെല്ലാം ശകാരവും ശിക്ഷയുമാണ്. മറുത്തെന്തെങ്കിലും പറഞ്ഞാല്‍ പിറ്റേന്നുമുതല്‍ ജോലിയില്ലെന്നും അങ്ങനെ ജോലി പോയി എന്നറിഞ്ഞ് തിരിച്ച് വീട്ടില്‍ പോകാനിറങ്ങുമ്പോഴാണ് സ്ഥാപനത്തിലെ ലിഫ്റ്റ് ആദ്യമായി ഉപയോഗിക്കാന്‍ സന്ദര്‍ഭമുണ്ടായതെന്നും തൊഴിലാളികള്‍ പറയുന്നുണ്ട്. നേരത്തെ ഈ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും കല്യാണ്‍ അധികൃതര്‍ ഇപ്പോള്‍ നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറാവാത്തത് അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാലുള്ള വിരോധം കൊണ്ടാവാം.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന മൂത്രപ്പുര സമരമാണ് ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്ക് വേണ്ടി നടന്ന കേരളത്തിലെ ആദ്യത്തെ സമരമെന്നു പറയാം. പത്തും പന്ത്രണ്ടും മണിക്കൂര്‍ ഒരേ നില്‍പ്പില്‍ ജോലി ചെയ്ത്, പ്രഥാമികാവശ്യത്തിന് ഒരു മൂത്രപ്പുര പോലുമില്ലാത്ത സാഹചര്യത്തിലാണ് അന്ന് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (എഎംടിയു) നേതൃത്വത്തില്‍ സമരം നടന്നത്. തൊഴില്‍ നിയമമനുസരിച്ച് വനിതാജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായിരിക്കേ അതിന്റെ നേടിയെടുപ്പായിരുന്നു അവരുടെ ലക്ഷ്യം. മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും പാടെ അവഗണിച്ച മൂത്രപ്പുര സമരത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ ഏറെ അപമാനങ്ങള്‍ നേരിടേണ്ടി വന്നു. ടെക്‌സ്റ്റെയില്‍സ് മുതലാളിമാരുടെ ഭീഷണിയും കൂട്ടത്തില്‍ മാധ്യമ നിസ്സംഗതയെന്ന വലിയ ശിക്ഷ കൂടി സമരത്തിന്നൊരുങ്ങിയവര്‍ ഏറ്റ് വാങ്ങുന്നു.

കല്ല്യാണ്‍ സില്‍ക്‌സ് പോലുള്ള വന്‍കിട ടെക്‌സ്‌റ്റൈല്‍ ഭീമന്മാരുടെ പുറംമോടികള്‍ക്കും പേരിനും അകത്ത് അവകാശ നിഷേധത്തിന്റെയും തൊഴിലാളി വിരുദ്ധതയുടെയും ഒരുപാട് കണങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് ജനം അറിയേണ്ടതു തന്നെയാണ്. തൊഴിലിടങ്ങളിലെത്തുമ്പോള്‍ മനുഷ്യരെ കേവലയന്ത്രങ്ങളായി മാത്രം പരിഗണിക്കുന്ന മുതലാളിത്ത സംസ്‌കാരത്തോടുള്ള ശക്തമായ പ്രതിഷേധമെന്ന നിലയില്‍ ഇരിപ്പു സമരത്തെ വായിച്ചെടുക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഈ പൊരിവെയിലത്ത് എണ്‍പതോളം ദിവസം അവര്‍ക്ക് അവിടെ ഇരിക്കേണ്ടി വന്നതെന്നും ഒരു പ്രശ്‌നപരിഹാര ചര്‍ച്ചക്കുപോലും മാനേജ്‌മെന്റ് അവരെ ക്ഷണിക്കാതിരുന്നതെന്നും അന്വേഷിക്കുമ്പോഴാണ് വന്‍കിടകള്‍ക്കു മുന്നിലുള്ള മാധ്യമങ്ങളുടെ നമസ്‌കാരം നമുക്ക് അടുത്തറിയാനാവുക.

മുഖ്യധാരാ രാഷ്ട്രീയ മേലാളന്മാരുടെയും മാധ്യമങ്ങളുടെയും കണ്ണെത്താത്ത ഇടമെന്ന നിലയില്‍ എണ്‍പത് ദിവസം പിന്നിട്ട ഇരിപ്പു സമരത്തോട് ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ് കാക്കഞ്ചേരിയിലെ ആഭരണ നിര്‍മാണ ശാലക്കെതിരെ തൊണ്ണൂറ് ദിവസത്തോളമായി തുടര്‍ന്ന് വരുന്ന പ്രദേശവാസികളുടെ പ്രതിഷേധ സമരവും. ആഭരണ നിര്‍മാണശാലയില്‍ നിന്ന് രാസമാലിന്യങ്ങള്‍ പുറത്തേക്കൊഴുകുമോ എന്നും അതുമൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം മാറാവ്യാധികള്‍ക്ക് നിമിത്തമായേക്കുമോ എന്നുമുള്ള ആശങ്കകളാണ് പ്രദേശവാസികളെ ഇത്തരമൊരു സമരത്തിന് പ്രേരിപ്പിച്ചത്. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സിന്റെ പരിസ്ഥിതി പ്രത്യാഘാത പാഠങ്ങള്‍ നേരിട്ടറിഞ്ഞ തലമുറ എന്ന നിലയില്‍ അവരുടെ ഈ ചെറുത്തുനില്‍പ്പിന് പ്രസക്തിയേറെയുണ്ട്.

വന്‍കിയ വ്യവസായ സ്ഥാപനങ്ങളുടെ നയനിലപാടുകള്‍ക്ക് എതിരെയാണ് തൊഴിലാളി- ബഹുജന സമരങ്ങള്‍ എന്നത് കൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും പാടെ പൂഴ്ത്തിക്കളയുന്നത്. നാട്ടില്‍ ചെറുസംഭവങ്ങളുണ്ടായാല്‍ പോലും എക്‌സ്‌ക്ലൂസീവിനുവേണ്ടി ഒ ബി വാനുമായി ഓടുന്ന വാര്‍ത്താ ചാനലുകളും പത്രങ്ങളുമാണ് ഇത്രയും ജനകീയവും പ്രസക്തവുമായ സമരസംഭവങ്ങളെ അവഗണിക്കുന്നത്. അതും ചുംബന സമരം പോലുള്ള ആഭാസങ്ങളെ ലൈവിലൂടെയും ആഴ്ചകള്‍ നീളുന്ന മുഖപ്രസംഗ – ലേഖനങ്ങളിലൂടെയും ജനങ്ങള്‍ക്കു മുമ്പിലെത്തിക്കാന്‍ വെമ്പുന്ന മാധ്യമങ്ങള്‍ ഏറെയുള്ള നാട്ടിലാണ് നീതിക്ക് വേണ്ടി നാക്ക് മെനക്കെടീക്കാന്‍ മാധ്യമങ്ങള്‍ മടികാട്ടുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ നാടകം കണക്കെയായിരുന്നു ചുംബന സമരകാലത്ത് ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടന്ന ചില സംഭവവികാസങ്ങളെ കാണാനാവുക. കമിതാക്കള്‍ തമ്മിലുള്ള ചുംബനം വലിയ പ്രാധാന്യത്തോടെ നല്‍കാനും അവര്‍ക്ക് മതേതരനാമം നല്‍കാനും പല പത്രങ്ങളും അവയുടെ ചാനലുകളും വാരാന്ത എഡിഷനുകളും മറന്നില്ല. കേരളത്തില്‍ മുലക്കരത്തിനെതിരെയും മാറുമറക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും മുമ്പ് നടന്ന സമരങ്ങളോട് ചേര്‍ത്തു വായിച്ചാണ് ചാനല്‍ അവതാരകന്മാര്‍ ഈ ആഭാസ സമരത്തെ സമര്‍ത്ഥമായ മാര്‍ക്കറ്റിംഗ് ഉരുപ്പടിയാക്കി മാറ്റിയത്.

ജനകീയ തൊഴിലാളി സമരങ്ങളില്‍ മിക്കതും വിജയിച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. ഈയടുത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരത്തിനും ശുഭപരിസമാപ്തിയാണുണ്ടായത്. ഭരണകൂടത്തില്‍ നിന്നുള്ള നേടിയെടുപ്പിന് വേണ്ടിയായിരുന്നു സമരമെന്നതിനാല്‍ വേണ്ടത്ര മാധ്യമശ്രദ്ധയും പങ്കാളിത്തവും നേടാന്‍ നില്‍പ്പുസമരത്തിനായി. എന്നാല്‍ തുടര്‍ന്നുവന്ന ഇരിപ്പുസമരവും ചെറുത്തുനില്‍പ്പുകളും സ്വകാര്യ വ്യവസായ ഭീമന്മാരുടെ നിയന്ത്രണങ്ങളാല്‍ മാധ്യമങ്ങള്‍ക്ക് തമസ്‌കരിക്കേണ്ടി വന്നിരിക്കുന്നു.

സ്വകാര്യമാധ്യമ മുതലാളികളും കുത്തക വ്യാപാരികളും തമ്മിലുള്ള വര്‍ഗഐക്യം മൂലം ഉടലെടുക്കുന്ന ഇത്തരം തമസ്‌ക്കരണങ്ങള്‍ കേരളീയാന്തരീക്ഷത്തില്‍ ആപേക്ഷികമായി കൂടുതലാണോ എന്ന് സംശയിക്കേണ്ടതുണ്ട്. എന്തെന്നാല്‍ വന്‍വ്യവസായികളായ രഹേജ ഗ്രൂപ്പ് നടത്തുന്ന ഔട്ട്‌ലുക്ക് മാസികക്ക് ടാറ്റ മുതലാളിയോടുള്ള സഹകുത്തകകളുടെ തനിനിറം തുറന്നുകാട്ടിയ റാഡിയ ടേപ്പ് പ്രസിദ്ധീകരിക്കാന്‍ വര്‍ഗതാല്‍പര്യം തടസ്സമായില്ലല്ലോ. അദാനി-മോഡി അവിഹിത ബന്ധം മുതലാളിത്ത ടിവി ചാനലുകളിലൊക്കെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

മാധ്യമ മുതലാളിമാര്‍ മാത്രമല്ല; ഇടതുപക്ഷം ഉള്‍പ്പടെയുള്ള ജനപിന്തുണയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക വ്യാപാര വ്യവസായ ഭീമന്മാര്‍ക്കെതിരെയുള്ള തൊഴിലാളി-പൊതുജന സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നുവെന്നതാണ് സത്യം. ഇനി കാണുന്നുവെങ്കില്‍ തന്നെ സമരങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവ റിപ്പോര്‍ട്ട് ചെയ്യാനും നിയമസഭ പോലുള്ള നിയമനിര്‍മാമന കേന്ദ്രങ്ങളില്‍ അവ ഉന്നയിക്കാനും മാധ്യമ രാഷ്ട്രീയ മേലാളന്മാര്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ മുഖ്യപ്രശ്‌നം പരസ്യത്തില്‍ നിന്നു ലഭിക്കുന്ന വന്‍ വരുമാനമാണെങ്കില്‍ പ്രവര്‍ത്തന ഫണ്ടിലേക്കുള്ള സംഭാവനയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിടുന്നത്.

അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ കച്ചവട ഭീമന്മാരെ ഇത്രമേല്‍ ഭയന്ന് അവരുടെ ഉച്ഛിഷ്ടവും കാത്ത് കഴിയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയുന്ന ഏക ധര്‍മം വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങളെയും മറ്റും അതേപടി പകര്‍ത്തുക എന്നത് മാത്രമാണ്. കുത്തകകള്‍ നല്‍കുന്ന വാര്‍ഷിക പരസ്യാദായത്തിന്മേല്‍ കണ്ണും നട്ടിരിക്കുന്ന, അതുകണ്ട് ദിനം പുലര്‍ത്തിപോരുന്ന മാധ്യമങ്ങള്‍ക്ക് ഇതിലപ്പുറമെന്ത് ചെയ്യാനാവും. ആഭാസങ്ങളെ ശീതീകരിച്ച് ആഴ്ചകളോളം വച്ചു ചൂടാക്കി വിറ്റു തീര്‍ക്കുകയും ജനങ്ങളിലേക്ക് എത്തിക്കേണ്ട അനിവാര്യമായ പ്രശ്‌നങ്ങളെ വ്യവസായ ഭീമന്മാരെയോര്‍ത്ത് തമസ്‌കരിക്കുകയും ചെയ്യുന്ന ഈ നവമുതലാളിത്ത മാധ്യമ കൂട്ടുകെട്ടിനിടയില്‍ അനീതിയെയും നിഷേധങ്ങളെയും കുറിച്ച് ഒന്നു വാതുറക്കാന്‍ പോലുമായില്ലെങ്കില്‍ ചിതലരിച്ച ഈ നാലാംതൂണുകള്‍ എന്തിന് ചുംബനത്തെയും പീഡനത്തെയും പറ്റി വാതോരാതെ സംസാരിക്കണം!

മുബശ്ശിര്‍ മുഹമ്മദ്

You must be logged in to post a comment Login