ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

രിസാല ആയിരാം പതിപ്പിനു വേണ്ടി എം എ ഉസ്താദുമായി അഭിമുഖം നടത്തിയത് രണ്ടുവര്‍ഷം മുമ്പായിരുന്നു. 2012 ആഗസ്റ്റില്‍. ഉസ്താദുമായി മുമ്പ് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അന്നത്തെ കൂടിക്കാഴ്ചക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഒരു പകല്‍ മുഴുവന്‍ ഔദാര്യപൂര്‍വം അഭിമുഖത്തിനായി അദ്ദേഹം വിട്ടുതന്നു. മറ്റു സന്ദര്‍ശകരെയൊന്നും അന്ന് സ്വീകരിച്ചില്ല. വളരെ അത്യാവശ്യം ഫോണ്‍കോളുകള്‍ മാത്രം അറ്റന്റ് ചെയ്തു. നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞുള്ള സമയമത്രയും സംസാരിച്ചു. മൂത്രസംബന്ധമായ അസുഖമായിരുന്നു അന്നത്തെ മുഖ്യ ആരോഗ്യപ്രശ്‌നം. ഇടക്കിടെ ടോയ്‌ലറ്റില്‍ പോകണം. ഇടവേളകളില്ലാത്ത സംസാരത്തിനിടയില്‍ ഞാന്‍ ചോദിക്കും:
‘ടോയ്‌ലറ്റില്‍…?’
‘വേണ്ട’ എന്നാകും മിക്കവാറും മറുപടി. നിരന്തരമായ സംസാരം പ്രശ്‌നമാകുമോ എന്നു ഞാന്‍ സംശയിച്ചു. ‘വിശ്രമിക്കണോ’ എന്ന് ഇടക്ക് ചോദിക്കുമ്പോഴും വേണ്ടെന്നായിരുന്നു മറുപടി.
ഉസ്താദിന്റെ ജീവിതം പഠിക്കുകയായിരുന്നു മുഖ്യ ഉദ്ദേശ്യം. പക്ഷേ, അങ്ങനെ ഒരതിരിനുള്ളില്‍ നിന്ന് സംസാരിക്കാന്‍ ഉസ്താദ് ഇഷ്ടപ്പെട്ടില്ല. വീടിനകത്തും പുറത്തുമായി ഇരുന്നും നടന്നും അതിരുകളില്ലാതെ സംസാരിച്ചു. പ്രാസ്ഥാനികവും സാമൂഹികവുമായ നിരവധി വിഷയങ്ങളിലൂടെ അത് പരന്നൊഴുകി. രാഷ്ട്രീയവും അന്താരാഷ്ട്ര ചലനങ്ങളും ചര്‍ച്ചയായി. ഇടക്ക് ചില തുറന്നുപറച്ചിലുകളുണ്ടായി. രഹസ്യങ്ങളുടെ ചില ഏടുകള്‍ തന്നോടൊപ്പം വിസ്മൃതമായിപ്പോകരുതെന്ന് അദ്ദേഹം കരുതിയിരിക്കണം. ഏതായാലും പിരിയാന്‍ നേരം അദ്ദേഹം എനിക്കൊരടക്കം കെട്ടി:

‘ഞാന്‍ ഇതുവരെ സംസാരിച്ചത് ഒരു പത്രപ്രര്‍ത്തകനോടല്ല. സ്‌നേഹിതനോടാണ്.’ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായോ എന്നറിയാനാകണം അദ്ദേഹം എന്റെ കണ്ണിലേക്കുതന്നെ സൂക്ഷിച്ചുനോക്കി. മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലകുലുക്കി. അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ നെഞ്ചിടിപ്പോടെ ഞാന്‍ കാതോര്‍ത്തിരുന്നു; പ്രതിഷേധത്തിന്റെയോ തിരുത്തിന്റെയോ ഒരു വിളി. ഒന്നുമുണ്ടായില്ല. സാധാരണയായി അങ്ങനെയാണ്. ഇഷ്ടപ്പെടാത്ത എന്തെങ്കിലും വന്നാല്‍ ഒരു വിളി. അല്ലെങ്കില്‍ ഒരു കുറിപ്പ് പ്രതീക്ഷിക്കാം. അല്‍മുബാറകില്‍ എഡിറ്ററായിരിക്കെ കാണാന്‍ തുടങ്ങിയതാണ് ഈ വിയോജനക്കുറിപ്പുകള്‍.

വിയോജിക്കുക മാത്രമല്ല, പ്രശംസിക്കുകയും ചെയ്യും. എസ് വൈ എസ് നാല്‍പതാം വാര്‍ഷിക സുവനീറിനുവേണ്ടി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം വിശദമായി എഴുതിയിരുന്നു. ഇതിനുവേണ്ടി ഒന്നുരണ്ട് തവണ അവിടുത്തെ ആശ്രയിക്കുകയും ചെയ്തിരുന്നു. സുവനീര്‍ വായിച്ച ശേഷം തുറന്ന മനസ്സോടെ ഉസ്താദ് പ്രശംസിക്കുകയും ചെയ്തു.

‘പഴയകാല ചരിത്രവും സംഭവങ്ങളും തേടിപ്പിടിച്ച് പഠിച്ചെഴുതുന്നത് വലിയ അധ്വാനമാണ്. ആരാണ് ഇതിനൊക്കെ ഇപ്പോള്‍ മെനക്കെടുക. നിങ്ങള്‍ ചെയ്തത് വലിയൊരു സേവനമാണ്.’ ആ വാക്കുകളില്‍ നിറയെ സന്തോഷവും പ്രോത്സാഹനവുമുണ്ടായിരുന്നു.
പ്രശംസയുടെ സൗമ്യതപോലെ വിമര്‍ശനത്തിനും കാണും നല്ല മൂര്‍ച്ച. സംയുക്ത കൃതികളുടെ പ്രവൃത്തികള്‍ അവസാനിപ്പിക്കാനിരിക്കെ അങ്ങനെ ഒരു പ്രതിഷേധം ഉണ്ടായി.
ഒരു ദിവസം രാവിലെ മകന്‍ അബ്ദുല്‍വഹാബ് വിളിച്ചു:
‘ഉപ്പ ഒന്ന് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്.’
ഞാന്‍ വിളിച്ചു. അപ്പുറത്ത് ഉസ്താദിന്റെ കടുത്ത സ്വരം;
‘എന്തിനാ ആ കുറിപ്പ് കൊടുത്തത്, എന്നെ കൊച്ചാക്കാനാണോ?’ ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് ഫോണ്‍ വെച്ചു.
ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയുമില്ല. വിളിക്കാന്‍ പറഞ്ഞപ്പോള്‍ വഹാബ് അങ്ങനെ ഒരു സൂചനയും തന്നിരുന്നില്ല.
വീണ്ടും വിളിച്ചുനോക്കി. ഫോണെടുക്കുന്നില്ല. കുറച്ചുകഴിഞ്ഞ് പിന്നെയും വിളിച്ചു. ഇല്ല! ഞാന്‍ നിന്നുപുകഞ്ഞു. തൃക്കരിപ്പൂരിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. പുറപ്പെടും മുമ്പ് മകനെ വിളിച്ചു.
വിളിക്കാന്‍ പറഞ്ഞപ്പോള്‍ വിശേഷിച്ചൊന്നും തോന്നിയില്ലെന്ന് മകന്‍. കാര്യം അറിയാതെ അരിശത്തിനു മുമ്പില്‍ ചെന്ന് കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് വീട്ടില്‍ ചെന്ന് കാര്യമറിയട്ടെ, വേണമെങ്കില്‍ നാളെ വരാമല്ലോ.

സംയുക്ത കൃതി മൂവായിരം പേജുകളുടെയും ഫൈനല്‍ പ്രൂഫ് ഉസ്താദ് വായിച്ച് കറക്ട് ചെയ്തുതന്നിരുന്നു. അതും വഫാതിനു മുമ്പത്തെ ആറു മാസത്തിനുള്ളില്‍. പല തരം രോഗങ്ങളും ചികിത്സയും ആശുപത്രിയും. അതിനിടക്കാണ് ഈ വായനയും തിരുത്തും. 500 പേജ് വീതമുള്ള ഓരോ സെറ്റ് വീതമാണ് അയച്ചുകൊടുക്കുക. അവിശ്വസനീയമായ വേഗത്തില്‍ വായിച്ചു തിരുത്തുകള്‍ കുറിപ്പാക്കി അയച്ചുതരുമായിരുന്നു. തൃക്കരിപ്പൂര്‍ മുജമ്മഇലെ സുലൈമാന്‍ സഅദിയാണ് കുറിപ്പുകള്‍ ടൈപ്പ് ചെയ്ത് മെയിലയച്ചിരുന്നത്.
ഉച്ചക്കുശേഷം സഅദിയുടെ വിളി. മൂന്നാം ഭാഗം ആദ്യ 500 പേജിന്റെ തിരുത്ത് മെയില്‍ ചെയ്തിട്ടുണ്ട്. ഉസ്താദിന്റെ പ്രതിഷേധത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു, അങ്ങനെയാണ് പ്രശ്‌നം പിടികിട്ടുന്നത്.

വ്യാജരേഖ ചമക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് 89’ല്‍ സമസ്തമുശാവറ യില്‍ നിന്ന് ഉസ്താദടക്കം പതിനൊന്ന് പേര്‍ ഇറങ്ങിപ്പോന്നിരുന്നല്ലോ. ഇവരുടെ പേരുകള്‍ സംബന്ധിച്ച് ഒരാശയക്കുഴപ്പം.
‘സമസ്തയുടെ ചരിത്ര’ത്തി ല്‍ ഉസ്താദ് എഴുതിയത് അച്ചടിച്ചു വന്നതില്‍ ചില പിഴവുകള്‍ ഉണ്ടായിരുന്നു. ഉസ്താദിനോട് ചോദിച്ചിട്ടും ഒരു കൃത്യത ലഭിച്ചില്ല. മുതിര്‍ന്ന ഉസ്താദുമാരുമായി സംസാരിച്ച് വ്യക്തത വരുത്തി കുറിപ്പുസഹിതം പ്രൂഫ് ഉസ്താദിന് അയച്ചിരുന്നു. ആ അടിക്കുറിപ്പാണ് ഉസ്താദിനെ ചൊടിപ്പിച്ചത്. കുറിപ്പ് പ്രസിദ്ധീകരണത്തിനുള്ളതാണെന്ന് അവിടുന്ന് ധരിച്ചു. സത്യത്തില്‍ തിരുത്തിന്റെ സോഴ്‌സ് ഉസ്താദിനെ അറിയിക്കാന്‍ വേണ്ടി കുറിപ്പിട്ടതായിരുന്നു. മകനെ വിളിച്ച് ഞാന്‍ വിവരം പറഞ്ഞു. അദ്ദേഹം ഉസ്താദിനെ കാര്യം ധരിപ്പിച്ചു. പ്രശ്‌നവും തീര്‍ന്നു. എന്നിട്ടും എന്റെ ശങ്ക മാറിയില്ല. ആ ആഴ്ച തന്നെയാണ് ഉസ്താദ് മര്‍കസിലെത്തുന്നത്. തിരക്കിനിടയില്‍ ഞാന്‍ അടുത്തുവന്ന് സലാം പറഞ്ഞു. ആ മുഖം പ്രസന്നമായിരുന്നു. ഞാന്‍ വിഷയം പറയാന്‍ ശ്രമിച്ചു. ഉസ്താദ് വിലക്കി. കാര്യം മനസ്സിലായി എന്നര്‍ത്ഥത്തില്‍. പ്രകാശനം വൈകുന്നതില്‍ അസ്വസ്ഥത അപ്പോഴും പ്രകടിപ്പിച്ചു. നവംബര്‍ കഴിഞ്ഞപ്പോഴേ പ്രതിഷേധം വന്നു തുടങ്ങിയിരുന്നു.
പരിശോധനകള്‍ തീര്‍ന്നു കിട്ടുന്നില്ല, ഞാന്‍ ഉണര്‍ത്തിച്ചു.

‘നവംബറില്‍ കിട്ടണം എന്നു ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ; തിയ്യതി നിങ്ങള്‍ അങ്ങോട്ട് പറഞ്ഞതല്ലേ. സമയക്രമം നോക്കി ഉറപ്പാക്കിവേണ്ടേ ജനങ്ങളോട് വാക്കുപറയാന്‍.’
എനിക്കു മറുപടി ഇല്ലായിരുന്നു. ഏറെ കുറ്റപ്പെടുത്തലുകളുണ്ടായില്ല.
സംയുക്ത കൃതികളുടെ ആവശ്യത്തിനുവേണ്ടി നിരവധി തവണ തൃക്കരിപ്പൂരിലെ വീട്ടില്‍ ചെന്നിട്ടുണ്ട്. വിളിച്ചിട്ടുവരണം എന്നുപറയും. രാവിലെ കണ്ണൂര്‍ എക്‌സ്പ്രസിനു പുറപ്പെട്ടാല്‍ ഒമ്പതുമണിയോടെ തൃക്കരിപ്പൂരിലെത്തും. വരാന്തയിലെ ചാരുകസേരയില്‍ ശാന്തനായി ഇരിക്കുന്നുണ്ടാവും. ചെന്നുകയറിയ പാടേ, ഒരു ചോദ്യമാണ്:
‘ഒന്ന് ഫ്രഷാവണ്ടേ?’

മറുപടിക്കു കാത്തുനില്‍ക്കാതെ അദ്ദേഹം അകത്തേക്ക് പോകും. വരാന്തയുടെ അറ്റത്തുള്ള ഓഫീസ് മുറിയിലെത്തി ഫ്രഷായി തിരിച്ചിറങ്ങി ഒന്ന് ഒച്ചയനക്കും. അപ്പോള്‍ അടുത്ത വിളിവരും.
‘നാസ്തയാകാം.’

പ്രഭാത ഭക്ഷണത്തിന് ഉസ്താദിന് കൃത്യമായ സമയമുണ്ട്. ഒരതിഥിക്കുവേണ്ടി തല്‍ക്കാലം ചിട്ടകള്‍ മാറ്റിവെക്കുകയാണ്. വരുന്ന അതിഥികള്‍ ആരായിരുന്നാലും.
നന്നേ കുറച്ചേ ഉസ്താദ് ഭക്ഷണം കഴിക്കൂ. എന്നാല്‍ കൂടെയിരുന്നയാള്‍ ആവശ്യത്തിന് കഴിച്ചെഴുന്നേല്‍ക്കുന്നതുവരെ സമയം അഡ്ജസ്റ്റ് ചെയ്ത് നീട്ടിക്കൊണ്ടുപോകുന്നത് ഒരു സാമര്‍ത്ഥ്യം തന്നെയാണ്. വിളമ്പിത്തന്നും പ്രോത്സാഹിപ്പിച്ചും അത്യാവശ്യകാര്യങ്ങള്‍ സംസാരിച്ചും തീന്മേശ സജീവമായിരിക്കും.

തന്റെ രചനകളെല്ലാം സ്വന്തം കൈകൊണ്ടെഴുതിയതാണ്. മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുത്തോ ആശയം കൊടുത്തോ എഴുതിപ്പിക്കാറില്ല. എഴുതിയെഴുതി വലതുകൈപ്പടത്തിന് കടുത്ത വേദന വന്നു.

അവസാന നാളുകളില്‍ മലയാളം എഴുതാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അറബി എഴുതാന്‍ പ്രയാസമില്ലതാനും! അറബി എഴുതുന്നതിനെക്കാള്‍ കൈക്ക് ആയാസം മലയാളം എഴുതുമ്പോള്‍ ഉണ്ടാവും. കടുത്ത വേദനയുള്ളതിനാല്‍ വലതുകൈ സന്ദര്‍ശകര്‍ പിടിക്കുന്നത് വലിയ പേടിയായിരുന്നു. സന്ദര്‍ശകരെ സ്വീകരിക്കാന്‍ തന്നെ ഇക്കാലത്ത് മടിച്ചിരുന്നു.

തന്റെ രചനകളില്‍ മറ്റൊരാള്‍ കൈവെക്കുന്നത് പൊതുവെ ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇഷ്ടപ്പെട്ടവരെ അതിനനുവദിക്കും. സംയുക്ത കൃതികളുടെ എഡിറ്റിംഗ് സങ്കീര്‍ണമായിരുന്നു. പ്രത്യേകിച്ച് ആദ്യകാല രചനകള്‍. അമ്പതാണ്ട് പഴക്കമുള്ള ഭാഷയും ശൈലിയും പുതുതലമുറക്ക് രുചിക്കുമോ എന്നായിരുന്നു ആശങ്ക. യുവത്വത്തിന്റെ ആവേശത്തില്‍ എഴുതിയ ചില പദപ്രയോഗങ്ങള്‍ ഇന്നത്തെ സമാദരണീയനായ മുതിര്‍ന്ന പണ്ഡിതന്റെ പദവിക്ക് ചേരുന്നതാണോ എന്നും ഞാന്‍ സംശയിച്ചു. എന്റെ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഉസ്താദ് ചെയ്തത്. പുതുതലമുറക്ക് രുചിക്കും വിധം ഭാഷയും ശൈലിയും പുനഃക്രമീകരിക്കാനും അനുചിതമായ പദപ്രയോഗങ്ങള്‍ മാറ്റാനും തുറന്ന സമ്മതം തന്നു. ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ചിഹ്നങ്ങളുടെ ബഹളമാണ്. കുത്തും കോമയും കോളനും സെമികോളനുമായി വാക്കുകള്‍ക്കിടയില്‍ മസാലപ്പൊടികള്‍ ഏറെക്കാണും. എന്നാല്‍ അറബി ഭാഷക്ക് ഈ മസാലക്കൂട്ട് കുറച്ചേ ആവശ്യമുള്ളൂ. കുത്തോ കോമയോ ഇല്ലാതെ തലങ്ങും വിലങ്ങും ഖണ്ഡികകള്‍ മുറിക്കാതെ എത്ര പേജ് വേണമെങ്കിലും എഴുതിപ്പോകാം. വായനക്കാരനെ അതൊരിക്കലും അലോസരപ്പെടുത്തുകയില്ല. ഉസ്താദിന്റെ വായനാലോകം ഏറിയകൂറും അറബി ആയതുകൊണ്ടാകണം തന്റെ ആദ്യകാല കൃതികളില്‍ ഈ രീതി വ്യാപകമായിക്കാണുന്നുണ്ട്.
ഒറ്റ ഖണ്ഡിക തന്നെ മൂന്നും നാലും പേജ് നീളമുണ്ടാകും. ചിഹ്നങ്ങള്‍കൊടുത്ത് വാചങ്ങള്‍ മുറിച്ച് ചെറുതാക്കാതെ അവ്യയങ്ങള്‍ ചേര്‍ത്ത് നെടുനീളന്‍ വാചകങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഒറ്റവാചകം തന്നെ അരപ്പേജും അതിലധികവും വരും. ഈ രീതി മാറ്റുന്നതിനെക്കുറിച്ചും ഉസ്താദിനോട് സംസാരിച്ചു.

എന്റെ ആശങ്കകള്‍ ഇങ്ങനെ പെരുകിയപ്പോള്‍ അവിടുന്ന് എനിക്ക് പൊതുവായ സമ്മതം തന്നു. അവസാന പ്രൂഫ് വായിച്ച് തിരുത്തിക്കൊള്ളാമെന്ന് ഏല്‍ക്കുകയും ചെയ്തു. പ്രൂഫ് മറ്റാരെക്കൊണ്ടെങ്കിലും വായിപ്പിച്ച് കേട്ടിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ചെറിയൊരു സമയം കൊണ്ട് മുഴുവന്‍ വായിച്ചുതിരുത്തി എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അതിശയിച്ചു.
ഉസ്താദിന്റെ രചനകള്‍ മുഴുവന്‍ സമാഹരിച്ചിട്ടും ഒരൊറ്റ കൈയെഴുത്ത് പ്രതിയും കണ്ടെത്താനായില്ല. അത് വലിയ സങ്കടമായി. പണ്ടു കാലത്ത് പല പ്രസാധകര്‍ പ്രസിദ്ധീകരിച്ച കോപ്പികളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.

ഇനിയൊരിക്കലും കാണുകയില്ല എന്ന് സങ്കടപ്പെട്ട തന്റെ രചനകള്‍ വായനയുടെ മുഖ്യധാരയില്‍ പുതുമോടിയില്‍ തിരിച്ചുവരുന്നതിന്റെ നിറഞ്ഞ സന്തോഷം അവസാന നാളുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശകരോടും സ്‌നേഹജനങ്ങളോടും ഇത് പങ്കുവെച്ചിരുന്നു.
അവസാന കാലത്ത് ഒരു പുതുജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുന്നതിന് രണ്ടുകാരണങ്ങളുണ്ട്. പലരും കരുതുന്നതുപോലെ, സമസ്തയുടെ അമരസ്ഥാനത്ത് നിയുക്തനായതില്‍ അദ്ദേഹം സന്തോഷിച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥന ലഭിക്കാനാണ് ഈ ചുമതലകള്‍ ഏറ്റെടുത്തതെന്ന് പറയുമായിരുന്നു. രണ്ടാമത്തെ കാരണം തീര്‍ച്ചയായും തന്റെ രചനകള്‍ക്ക് പുനര്‍ജന്മം ലഭിച്ചതിലുള്ള സന്തോഷമായിരുന്നു.

നല്ല നേരത്ത് അല്‍പം സ്വാതന്ത്ര്യമെടുത്ത് സംസാരിച്ചിരുന്നു. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ നല്ല സന്തോഷത്തിലാണ്. സൗഹൃദത്തിനിടയില്‍ ആലോചിക്കാതെ ചോദിച്ചുപോയി:
‘പ്രസിഡന്റായതിന്റെ സന്തോഷമാണോ?’
ഉടനെ വന്നു മറുപടി:
‘അല്ല, എന്റെ പുസ്തകങ്ങള്‍ ഇറങ്ങുന്നതിന്റെ സന്തോഷമാണ്.’ കൈവിട്ടുപോയി എന്നുറപ്പിച്ച കുഞ്ഞിനെ തിരികെക്കിട്ടിയ മാതാവിന്റെ സന്തോഷം ഉസ്താദ് അനുഭവിച്ചിരിക്കുന്നു.
ഒരു വര്‍ഷം മുമ്പ് ആരോഗ്യസ്ഥിതി പൊടുന്നനെ മോശമായി. ശബ്ദം നിലച്ചുപോയതുപോലെ. നന്നേ പതുക്കെ മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ചെന്നപ്പോള്‍ ഉസ്താദ് അസ്വസ്ഥനായി. തൊട്ടടുത്ത് സ്റ്റൂളിട്ട് ഇരിക്കാന്‍ പറഞ്ഞു.
എനിക്കും പ്രയാസമായി, എങ്ങനെ ഇത്രയടുത്ത് ചെന്നിരിക്കും.
‘ഞാന്‍ പറഞ്ഞിട്ടല്ലേ; അടുത്തിരുന്നോളൂ.’ അവിടുന്ന് പറഞ്ഞു. ചെവി ചുണ്ടോടടുപ്പിച്ച് വളരെ പതുക്കെ അവിടുന്ന് സംസാരിച്ചു.

‘ഞാന്‍ പറയുന്നത് മനസ്സിലാവുന്നുണ്ടോ’ എന്ന് ഇടക്കിടെ ചോദിച്ചുകൊണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ച സങ്കടകരമായിരുന്നു. പിന്നീട് പതുക്കെ ആരോഗ്യം വീണ്ടെടുത്തു. എഴുത്തുകാരോട് പൊതുവെ ഇഷ്ടമായിരുന്നു. ഫൈസല്‍ അഹ്‌സനി രണ്ടത്താണിയും മറ്റുചില സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒരു തവണ ചെന്നത്. പരിചയപ്പെടുത്തിയപ്പോള്‍ പ്രതികരണം ഇങ്ങനെ:

‘ഇപ്പോള്‍ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം അഹ്‌സനിയെക്കാണാമല്ലോ.’
ടി കെ അലി അശ്‌റഫ് സഖാഫിയും നുഐമാനുമായിരുന്നു മറ്റൊരു തവണ കൂട്ടിന്. അന്ന് വളരെ ദീര്‍ഘമായി സംസാരിച്ചു. നുഐമാന്റെ രചനകളെക്കുറിച്ചും ഓര്‍മിച്ചു. ആരിഫ് ബുഖാരി ചെന്നപ്പോള്‍ പേന സമ്മാനിച്ചു.
‘പണ്ട് ഞങ്ങള്‍ കുറച്ചുപേരേ എഴുതാനുണ്ടായിരുന്നുള്ളൂ. ഇന്ന് സുന്നി എഴുത്തുകാര്‍ ധാരാളമുണ്ട്. പ്രസിദ്ധീകരിക്കാന്‍ ഇടവുമുണ്ട്.’ പുതുതലമുറയിലെ എഴുത്തുകാര്‍ക്കുള്ള തുറന്ന അംഗീകാരമായിരുന്നു ഇത്.
മറ്റൊരിക്കല്‍ കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജിക്കൊപ്പമാണ് ചെന്നത്. വേറെയും സന്ദര്‍ശകരുണ്ടായിരുന്നു, നല്ല തിരക്കും. തിരക്കിനിടയില്‍ എന്നെ പിടിച്ചുനിര്‍ത്തി ഒരു ചോദ്യം:
‘നിങ്ങളെല്ലാം ചേര്‍ന്ന് എന്നെ സമ്പൂര്‍ണനാക്കിയോ?’ ഞാന്‍ പകച്ചുനിന്നു. ലോഗ്യത്തിലാണ്. ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു:
‘വിറക്കുന്ന കൈകൊണ്ടാണെങ്കിലും ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.’ എനിക്കൊരു കാര്യം മനസ്സിലായി. ഒറ്റ നിമിഷത്തില്‍ ഞാന്‍ പറഞ്ഞു:
‘ഇല്ല, അങ്ങനെ തീരുമാനിച്ചിട്ടില്ല. പല പേരുകള്‍ ചര്‍ച്ചക്കു വന്നിട്ടുണ്ട്. സമ്പൂര്‍ണകൃതികള്‍ എന്ന പേരിട്ടിട്ടില്ല.’
ജീവിച്ചിരിക്കുന്ന ഒരാള്‍ രചന തുടരുമ്പോള്‍ ‘സമ്പൂര്‍ണം’ എന്ന പേര് ശരിയാവില്ല. പല പേരുകളും പരിഗണിച്ച ശേഷമാണ് ‘സംയുക്തകൃതികള്‍’ എന്ന പേര് സ്വീകരിച്ചത്. ഉസ്താദിന് അത് ബോധിക്കുകയും ചെയ്തു.
പ്രസാധനത്തിന്റെ അവസാന നാളുകള്‍ കടുത്ത സമ്മര്‍ദങ്ങളില്‍ പെട്ടു. ഒരു വശത്ത് ജനങ്ങളോട് പറഞ്ഞ വാക്ക്. മറുവശത്ത ഉസ്താദിന്റെ ആരോഗ്യനില. രാപ്പകലില്ലാതെ പ്രവൃത്തിയില്‍ മുഴുകിയിരിക്കുമ്പോഴും ശ്രദ്ധ തൃക്കരിപ്പൂരിലായിരുന്നു. ഇതൊന്നു പൂര്‍ത്തിയാക്കി ആ കൈകളില്‍ കൊണ്ടുകൊടുക്കുന്നത് വരെ ഒന്നും സംഭവിക്കരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. റബ്ബ് പ്രാര്‍ത്ഥന കേട്ടു.
താജുല്‍ഉലമാ ഉറൂസിന്റെ തലേന്നാള്‍ പണിതീര്‍ന്ന ഒന്നാം ഭാഗം ഉസ്താദിന് എത്തിക്കാനായിരുന്നു തീരുമാനം. വില്യാപള്ളി ഉസ്താദും അലി അബ്ദുല്ലയും മുസ്തഫ കോഡൂരും അടങ്ങുന്ന ഞങ്ങളുടെ സംഘം വടകര കഴിഞ്ഞ ശേഷം വിവരം കിട്ടി. ഉസ്താദ് മംഗലാപുരം ആശുപത്രിയിലേക്ക് പോയിരിക്കുന്നു. തലേ ദിവസം തന്നെ അങ്ങനെ ഒരു സൂചന ഉണ്ടായിരുന്നു. അന്ന് എട്ടിക്കുളം വരെ പോയി തിരിച്ചുപോന്നു. പിന്നെ ഉസ്താദ് തിരിച്ചുവരുന്നതും കാത്തിരിപ്പായി.
രണ്ടുദിവസം കഴിഞ്ഞ് മകന്‍ വിളിച്ചു:
‘ഉപ്പ നിങ്ങളെ കാണണമെന്നു പറയുന്നുണ്ട്.’
രാവിലെ പോകാനുറച്ചു. വൈകീട്ട് വീണ്ടും വിളി.
‘നാളെ വരണ്ട. സ്ഥിതി മോശമാണ്. സന്ദര്‍ശകരെ സ്വീകരിക്കുന്നില്ല. ഡോക്ടര്‍മാര്‍ വീട്ടില്‍വന്ന് നോക്കുകയാണ്…’
എന്തോ ആപത്ത് മണത്തു. ഉസ്താദിന്റെ കൈയില്‍ ഇതൊന്ന് കൊടുക്കാന്‍ വേണ്ടിയാണ് രണ്ടര വര്‍ഷം കഷ്ടപ്പെട്ടത്. ഇനിയിപ്പോള്‍ അതിനുകഴിയില്ലെന്ന് വന്നാല്‍… ഞാന്‍ സത്യമായും കരഞ്ഞു. മറുതലക്കല്‍ വഹാബിന്റെ ആശ്വാസവാക്കുകള്‍.
‘വിഷമിക്കേണ്ട, രാവിലേക്ക് സ്ഥിതി മാറുമായിരിക്കും. രാത്രി ഒന്ന് സംസാരിക്കാന്‍ പറ്റുമോന്ന് നോക്കട്ടേ.’ ഞാനെന്റെ സീറ്റില്‍ തളര്‍ന്നിരുന്നു. വേവുന്ന മനസ്സുമായി രാത്രിവരെ.
രാത്രി വഹാബ് വിളിച്ചു:
‘ഞാന്‍ സംസാരിച്ചു. തരുവണയോട് വരാന്‍ പറഞ്ഞിട്ടുണ്ട്.’ രാത്രി തന്നെ അലി അബ്ദുല്ലയെ വിളിച്ചു. രാവിലെ പുറപ്പെടാന്‍ ആര്‍ക്കും ഒഴിവില്ല. തനിയെ പുറപ്പെട്ടു.
ചെന്നു കയറുമ്പോള്‍ വരാന്തയിലെ ചാരുകസേര കാലി. അങ്ങനെ ഒരനുഭവം ഒരിക്കലേ ഓര്‍മയുള്ളൂ. ഒരു വക നിവൃത്തിയുണ്ടെങ്കില്‍ ഉസ്താദ് പുറത്തുവന്നിരിക്കും. മനസ്സില്‍ ആശങ്ക നിറഞ്ഞു.
പുറത്ത് കുറച്ചുപേര്‍ കാത്തുനില്‍ക്കുന്നുണ്ട്. തൃശൂരില്‍ നിന്നും വന്നവരാണ്. ആര്‍ക്കും കാണാന്‍ പറ്റിയിട്ടില്ല.
അകത്ത് കിടപ്പുമുറിയിലെ ചാരുകസേരയില്‍ കിടക്കുകയാണ്. അവശതയുണ്ടെങ്കിലും മുഖം പ്രസന്നം. അടുത്ത് കസേരയിട്ട് ഇരിക്കാന്‍ പറഞ്ഞു.
പൊതിഞ്ഞുകൊണ്ടുവന്ന ഒന്നാം ഭാഗം മുന്നില്‍ വെച്ചുകൊടുത്തു. ഒരു കുഞ്ഞിന്റേതുപോലെ മുഖത്ത് സന്തോഷം വന്ന് നിറഞ്ഞു. ചിരിച്ചുകൊണ്ട് പറഞ്ഞു:
‘എല്ലാം നിങ്ങളുടെ പണിയല്ലേ…’ നന്ദിസൂചകം.
പുസ്തകം കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ പേജുകള്‍ മറിച്ചു. കുറച്ചായപ്പോള്‍ കൈ കുഴഞ്ഞു. ഞാന്‍ പേജുകള്‍ മറിച്ചുകൊടുത്തു. സംവിധാനിച്ച രീതി വിശദീകരിച്ചു. പുസ്തകങ്ങള്‍ക്ക് ആമുഖമായി കൊടുത്ത കുറിപ്പുകള്‍ വായിച്ച് കേള്‍പ്പിച്ചു. മറ്റു രണ്ടുവാള്യങ്ങളും ഇതേ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പത്തുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അറിയിച്ചു. അവസാനം വരെ മറിച്ചുകാണിച്ചു.
ഒന്നാംഭാഗത്തിലെ അനുബന്ധത്തില്‍ കേരളത്തില്‍ ഇസ്‌ലാം വന്നതിനെക്കുറിച്ചുള്ള ലേഖനം കണ്ടപ്പോള്‍ പറഞ്ഞു:
‘കോഴിക്കോട് വലിയ ഖാളിയായിരുന്ന ഇമ്പിച്ചിക്കോയതങ്ങളും ഞാനും തര്‍ക്കമുണ്ടായ വിഷയമാണിത്. തങ്ങള്‍ തുഹ്ഫതുല്‍മുജാഹിദീന്‍ വെച്ച് സംസാരിച്ചു. ഞാന്‍ മറ്റ് രണ്ട് തുഹ്ഫകള്‍ വെച്ച് സംസാരിച്ചു. കേരളത്തില്‍ ഇസ്‌ലാം വന്നതിന്റെ ചരിത്രം തുഹ്ഫതുല്‍മുജാഹിദീന്‍ വെച്ച് വിലയിരുത്തിയാല്‍ ശരിയാവുകയില്ല. മഖ്ദൂം തങ്ങളെ കുറച്ചുകാണുകയല്ല; ഇവ്വിഷയത്തില്‍ തുഹ്ഫതുല്‍മുജാഹിദീനെ തീര്‍ത്തും ആശ്രയിച്ചുകൂടാ.’
‘വ്യക്തിത്വങ്ങള്‍, എന്ന ഭാഗം മറിച്ചപ്പോള്‍ കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ് കാണുന്നില്ല. അത് അടുത്ത പതിപ്പില്‍ നിര്‍ബന്ധമായും വേണം. അല്ലെങ്കില്‍ അത് വലിയ നന്ദികേടായിപ്പോകും. ഉസ്താദ് ഓര്‍മിപ്പിച്ചു.
പിരിയാന്‍ നേരം പറഞ്ഞു:
‘ആഖിബത് നന്നാവാനും പരലോകത്ത് രക്ഷപ്പെടാനും വേണ്ടി ദുആ ചെയ്യണം.’ ആ ഇരുപ്പില്‍ അവിടുന്ന് എനിക്കുവേണ്ടി ദീര്‍ഘമായി ദുആ ചെയ്തു. മുഖമുയര്‍ത്തി നോക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു!
എനിക്കു മതിയായി. എനിക്ക് കുന്നോളം കിട്ടി. ദാഹം തീര്‍ന്നു എന്ന് പറയാറില്ലേ; എനിക്കു നീന്തിക്കളിക്കാന്‍ മാത്രം കിട്ടി; ജന്മം സഫലം…
ഒന്നാം ഭാഗം കുറെയൊക്കെ ഉസ്താദ് വായിച്ചും പേരക്കുട്ടികളെക്കൊണ്ട് വായിച്ചിപ്പിച്ചു കേള്‍ക്കുകയും ചെയ്തു.
രണ്ടാം ഭാഗം കൊണ്ടുപോയത് അലി അബ്ദുല്ലയും സുഹൃത്തുക്കളുമാണ്. വാങ്ങി ഒന്ന് മറിച്ചുനോക്കാനേ കഴിഞ്ഞുള്ളൂ.
മൂന്നാം ഭാഗം കൂടി ഉള്‍പെടുന്ന അഞ്ച് സെറ്റുകളുമായി അവസാനം പോയത് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിലാണ്. വീട്ടില്‍ തന്നെ ഒരു ലഘു പ്രകാശന ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു ഉദ്ദേശം. വഫാതിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ച; ഹൈവേ മാര്‍ച്ചിന്റെ സമാപന ദിവസം.
ഉസ്താദ് തീരെ അവശനായിരുന്നു. അടുത്ത് കൊണ്ടുപോയപ്പോള്‍ ഒന്ന് കൈനീട്ടി തൊട്ടു. അത്രതന്നെ. ഇപ്പോള്‍ സങ്കടപ്പെടുകയാണ്. മരിക്കും വരെയും ഒന്നാം ഭാഗം കിടക്കക്കരികില്‍ തന്നെ വച്ചിരുന്നു.
ഒരാളില്‍ നിന്നും ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കുമായിരുന്നില്ല. വളരെ ഇഷ്ടപ്പെട്ടവരില്‍ നിന്നും ചില നല്ല നേരത്ത് എന്തെങ്കിലും സ്വീകരിച്ചാലായി. ഉസ്താദിന്ന് എല്ലാം തന്റെ സ്വന്തം സമ്പാദ്യം കൊണ്ടാവുന്നതായിരുന്നു തൃപ്തി.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ പുറമെ നിന്നു നടത്തിയ ഏതോ ടെസ്റ്റിന്റെ ബില്ല് മകനടച്ചു. ചികിത്സാ മുറിയില്‍ ചെന്നപ്പോള്‍ ശാസന:
”എന്റെ ചികിത്സക്കാവശ്യമുള്ള പണം ഞാന്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ, പിന്നെ നിന്റെ കൈയില്‍ നിന്ന് ബില്ലടച്ചതെന്തിന്?”
ബാഗ് തുറന്നുനോക്കാന്‍ പറഞ്ഞു. ചികിത്സക്കാവശ്യമായ പണം പ്രത്യേകം കെട്ടാക്കി ബാഗില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു!
ചികിത്സാ ചെലവിന്റെ കാര്യത്തില്‍ മാത്രമല്ല ഈ കണിശത. മകന്‍ മറ്റൊരനുഭവം പറയുന്നു.
കാര്യമായ ചികിത്സയെല്ലാം മംഗലാപുരത്താണ് നടത്തിയത്. അഡ്മിറ്റ് ചെയ്താല്‍ ആവശ്യമായ ഒരുക്കത്തോടെയാണ് പുറപ്പെടുക. വളരെ ചെറിയ കാര്യങ്ങളില്‍ വരെ നേരത്തേ ഒരുങ്ങണം. ബ്രഷ് ചെയ്തതിന് ശേഷം പല്ലിടകുത്തുന്ന സുന്നത്ത് പതിവാണ്. അതിനുള്ള ഈര്‍ക്കില്‍ വരെ ചെത്തി പൊതിയാക്കി കൊണ്ടുപോകും.
ഒരിക്കല്‍ ആശുപത്രിയില്‍ ഭക്ഷണം കഴിച്ച് ബ്രഷ് ചെയ്തു നോക്കുമ്പോള്‍ പല്ലിട കുത്താന്‍ ഈര്‍ക്കില്‍ ഇല്ല. എടുക്കാന്‍ മറന്നതാണ്. സംഗതി ഈര്‍ക്കിലാണെങ്കിലും ഉസ്താദിന് അത് പ്രശ്‌നമാണ്.
ഹോട്ടലില്‍ ചെന്ന് വാങ്ങിവരാമെന്ന് പറഞ്ഞുനോക്കി. ഭക്ഷണ സാധനം പോലെ ഈര്‍ക്കില്‍ ഹോട്ടലില്‍ നിന്ന് വിലകൊടുത്താല്‍ കിട്ടുമോ എന്നായി. കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാം എന്നു പറഞ്ഞപ്പോള്‍ അതും സമ്മതമായില്ല. ഏതു സാഹചര്യത്തില്‍ ചെത്തിക്കൂര്‍പ്പിച്ചുകൊണ്ടുവന്നതാണെന്നാര്‍ക്കാണറിയുക.
ഒടുവില്‍ പരിഹാരമായി. ചികിത്സക്കു ചെന്നാല്‍ മംഗലാപുരം ഖാളിയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം കൊണ്ടുവരിക. അത് നേരത്തെത്തന്നെ ഒരവകാശം പോലെ ആ കുടുംബം അനുവാദം വാങ്ങിച്ചതാണ്. ഖാളിയാരുടെ വീട്ടില്‍ ചെന്ന് സമ്മതം വാങ്ങി. ഈര്‍ക്കില്‍ ചെത്തിയെടുക്കാന്‍ സമ്മതിച്ചു.
ഇത്തരം സൂക്ഷ്മതകളുടെ ആകെത്തുകയാണ് തഖ്‌വ. ഇതൊരു പരിധിക്കു മുകളിലേക്ക് ഉയരുമ്പോഴാണല്ലോ അതിനെ വിലായതിന്റെ പദവി എന്ന് പറയുക.
മാര്‍ച്ച് 29ന് സഅദിയ്യ കാമ്പസില്‍ നാല്‍പതാം ദിന പരിപാടികള്‍ക്കു ചെന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഒരാത്മീയ ഗുരുവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നവര്‍ക്ക് മസ്ജിദിനു മുന്നില്‍ ചുമര്‍ കെട്ടിത്തിരിച്ച ആ ഖബ്‌റിടം ഇനി അവഗണിക്കാനാവില്ല. കഴിഞ്ഞ നാല്‍പത് ദിവസങ്ങളായി അവിടെ ഇടവേളകളില്ലാതെ ഇരുപത്തിനാല് മണിക്കൂറും ഖുര്‍ആനോത്തും പ്രാര്‍ത്ഥനയും സിയാറതും നടക്കുകയാണ്. സന്ദര്‍ശകരും ഇതില്‍ പങ്കുചേരുന്നുണ്ട്. ഓത്ത് തുടരാനാണ് കുട്ടികളുടെ ആഗ്രഹം.
ദേളി കുന്നിനു മുകളില്‍ ഇതാ ഒരു വിളക്കുമരം മിഴിതുറന്നിരിക്കുന്നു.
ഒ എം തരുവണ 

You must be logged in to post a comment Login