അന്നുമിന്നും പത്താം ക്ലാസാണ് വിദ്യാഭ്യാസത്തിന്റെ നാല്‍ക്കവല. അവിടെ നിന്നു വേണം മുന്നോട്ട് ഏതു വഴി സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കേണ്ടത്. എസ് എസ് എല്‍ സിക്ക് 210 മാര്‍ക്ക് നേടി വിജയിക്കാന്‍ കഷ്ടപ്പെട്ട കാര്യമോര്‍ത്ത് പഴമക്കാര്‍ നെടുവീര്‍പ്പിടുന്നത് കണ്ടിട്ടില്ലേ. ഇന്ന് കാലമൊക്കെ മാറി. എസ് എസ് എല്‍ സി ജയിക്കാനല്ല, തോറ്റു കിട്ടാനാണ് ഇപ്പോള്‍ ബുദ്ധിമുട്ട്. അതുകൊണ്ട് തന്നെ പത്തില്‍ വെറുതെ ജയിച്ചാല്‍ പോരാ മികച്ച മാര്‍ക്കോടെ തന്നെ ജയിച്ചുകയറേണ്ടതുണ്ട്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ ഗ്രേഡുകളാണ് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്നത്.
പത്തിന് ശേഷമെടുക്കുന്ന തീരുമാനമാണ് ഒരാളുടെ കരിയറും ഭാവിജീവിതവുമൊക്കെ നിര്‍ണയിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. ‘ജീവിതത്തില്‍ റീടേക്കുകളില്ല’ എന്ന് പറഞ്ഞതുപോലെ ഈ തീരുമാനം പിന്നീട് തിരുത്താന്‍ അവസരമില്ല. ആരെങ്കിലും പറഞ്ഞതുകേട്ട്, അല്ലെങ്കില്‍ കൂട്ടുകാരന്റെ വഴി പിന്തുടര്‍ന്ന് മനസിനിഷ്ടമില്ലാത്ത കോഴ്‌സിന് ചേര്‍ന്ന് പരാജിതരായ എത്രയോ കുട്ടികളുണ്ട്. സംശയമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ എന്‍ജിനീയറിങ് കോളേജുകളില്‍ ഏതിലെങ്കിലുമൊരിടത്ത് കയറിയാല്‍ മതി. എട്ടും പത്തും പരീക്ഷകളില്‍ തോറ്റ് ‘സപ്ലിമെന്ററിയുമായി മല്ലിടുന്ന ചെറുപ്പക്കാരെ ഇഷ്ടം പോലെ കാണാം. പത്തിന് ശേഷം എന്തെന്ന തിരഞ്ഞെടുപ്പില്‍ പിഴവ് സംഭവിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. ഉപരിപഠനത്തിനുള്ള വഴി കണ്ടെത്തും മുമ്പേ ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കുറിക്കുന്നു.
1. അഭിരുചി
ചില കുട്ടികള്‍ക്ക് ചെറുപ്പം തൊട്ടേ സാങ്കേതിക കാര്യങ്ങളോട് വലിയ താത്പര്യമുണ്ടാകും. യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കാനും കളിപ്പാട്ടങ്ങളുടെ യന്ത്രഭാഗങ്ങള്‍ കാണാനും അത് ഊരി നോക്കാനുമൊക്കെ വലിയ ഇഷ്ടമായിരിക്കുമിവര്‍ക്ക്. മറ്റു ചിലര്‍ക്ക് കണക്കിനോടാകും ഇഷ്ടം. ഇംഗ്ലീഷിനും മലയാളത്തിനുമൊക്കെ മോശം മാര്‍ക്ക് നേടിയാലും കണക്കില്‍ നൂറില്‍ നൂറും വാങ്ങും ഇവര്‍. ജനനം തൊട്ടേ രക്തത്തിലലിഞ്ഞുചേര്‍ന്നിരിക്കുന്ന ഇത്തരം ഇഷ്ടങ്ങളെ അഭിരുചി, ജന്മവാസന എന്നൊക്കെ വിളിക്കാം. ഓരോ കുട്ടിയുടെയും അഭിരുചി എന്തെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള കോഴ്‌സുകള്‍ക്ക് അവനെ/അവളെ വിടേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. നന്നായി വരയ്ക്കാനറിയുന്ന, കെട്ടിടങ്ങളുടെ രൂപനിര്‍മിതിയില്‍ താത്പര്യമുള്ള ഒരു കുട്ടിയെ ആര്‍കിടെക്ചര്‍ എന്‍ജിനീയറിങിന് വിടാതെ ഡോക്ടറാവാന്‍ നിര്‍ബന്ധിക്കുന്ന രക്ഷിതാക്കള്‍ ചെയ്യുന്നത് ചില്ലറ ദ്രോഹമല്ല. കുട്ടിയുടെ ഇഷ്ടത്തേക്കാള്‍ മറ്റുള്ളവരുടെ വാക്കിനും കിട്ടാന്‍ പോകുന്ന പെരുത്ത ശമ്പളത്തിനുമൊക്കെ രക്ഷിതാക്കള്‍ മുന്‍ഗണന നല്‍കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡം പഠിക്കാന്‍ പോകുന്നയാളുടെ അഭിരുചി തന്നെയായിരിക്കണം.
2. സാമര്‍ഥ്യം
കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അഭിരുചി പരിശോധിക്കണമെന്ന് മുമ്പേ പറഞ്ഞല്ലോ. നാണയത്തിന്റെ ഒരു വശം മാത്രമേയാകുന്നുള്ളൂ അത്. അഭിരുചിയുണ്ടായതുകൊണ്ട് മാത്രം ഒരു കുട്ടിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനാവില്ല. അത് മുഴുവന്‍ പഠിച്ചുതീര്‍ക്കാനുള്ള ബുദ്ധി അഥവാ സാമര്‍ഥ്യം കൂടി വേണം. വിമാനം പറത്താന്‍ കുഞ്ഞുനാള്‍ തൊട്ടേ ആഗ്രഹിക്കുന്ന കുട്ടികളുണ്ടാകാം, പക്ഷേ ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങിന്റെ അതിസങ്കീര്‍ണമായ പാഠ്യവിഷയങ്ങള്‍ അവന് പഠിച്ചെടുക്കാനായിക്കൊള്ളണമെന്നില്ല. ഇതുവരെ എന്തു പഠിച്ചു, എത്ര മാര്‍ക്ക് നേടി എന്നതൊന്നുമല്ല സാമര്‍ഥ്യം അളക്കാനുളള മാനദണ്ഡം. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാനുമുളള കഴിവിനെ അടിസ്ഥാനമാക്കിയാണ് സാമര്‍ഥ്യം അളക്കുന്നത്. വ്യത്യസ്തമായ ജോലികള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള സാമര്‍ഥ്യമാണ് ആവശ്യം. ചിലര്‍ ഏതുകാര്യവും പെട്ടെന്ന് ചെയ്തുതീര്‍ക്കുന്നവരാകും. മറ്റു ചിലരാകട്ടെ ഒരുപാട് നേരം ചിന്തിച്ചശേഷം കാര്യങ്ങള്‍ ചെയ്യുന്നവരാകും. ഈ രണ്ടു സ്വഭാവക്കാര്‍ക്കും ശോഭിക്കാന്‍ പറ്റുന്ന വ്യത്യസ്ത തൊഴില്‍മേഖലകളുണ്ട്. അത് തിരിച്ചറിഞ്ഞ് അതിലേക്കെത്താന്‍ പറ്റുന്ന വിഷയങ്ങള്‍ വേണം പത്തിന് ശേഷം പഠിക്കാന്‍.
3. താത്പര്യം
പ്രത്യേകമായൊരു വിഷയത്തില്‍ അഭിരുചിയുണ്ട്. പഠിച്ചെടുക്കാനുള്ള ബുദ്ധിസാമര്‍ഥ്യവുമുണ്ട്. എന്നിട്ടും ചില കുട്ടികള്‍ പ്ലസ്ടുവിന് തോറ്റുപോകുന്നത് കണ്ടിട്ടില്ലേ, പഠിക്കാനുള്ള താത്പര്യക്കുറവ് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഈ താത്പര്യക്കുറവിന് പിന്നില്‍ പല ഘടകങ്ങളുമുണ്ടാകാം. വീട്ടിലെ പ്രശ്‌നങ്ങളോ, സ്‌കൂളില്‍ അധ്യാപകരോടുള്ള ശത്രുതയോ, ചീത്ത കൂട്ടുകെട്ടുകളോ അങ്ങനെയെന്തുമാകാം കാരണം. അത് കൃത്യമായി കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ തേടണം. പഠിക്കാനുള്ള താത്പര്യം ജന്മനാ ലഭിക്കുന്ന കാര്യമല്ല. അത് പിന്നീട് വളര്‍ത്തിയെടുക്കേണ്ടതാണ്.
4. വ്യക്തിത്വം
ഒരാളെ പോലെ മറ്റൊരാളില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഓരോ മനുഷ്യനും വ്യത്യസ്തമായ വ്യക്തിത്വങ്ങളാണ്. അതിനാല്‍ തന്നെ എല്ലാ ജോലിയും എല്ലാവര്‍ക്കും ചേരണമെന്നില്ല. ചില കുട്ടികള്‍ അധികമാരോടും സംസാരിക്കാത്ത അന്തര്‍മുഖ വ്യക്തിത്വമുളളവരാകും. ഇവര്‍ എം ബി എ മാര്‍ക്കറ്റിംഗോ പത്രപ്രവര്‍ത്തനമോ പഠിച്ച് തൊഴില്‍ നേടുന്നതിനെക്കുറിച്ചാലോചിച്ചുനോക്കൂ. അവരതില്‍ വിജയിക്കാനിടയില്ലെന്ന് ഉറപ്പിച്ചുപറയാനാകും. അങ്ങനെ ഓരോ വ്യക്തിത്വത്തിനുമിണങ്ങിയ ജോലികളുണ്ട്. അത് തിരിച്ചറിഞ്ഞ് ആ കോഴ്‌സുകള്‍ക്ക് ചേരാന്‍ സഹായകമാകുന്ന വിഷയങ്ങളാണ് പത്തിന് ശേഷം പഠിക്കേണ്ടത്.
റസല്‍
You must be logged in to post a comment Login