മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം

മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം

‘റുസാഫയുടെ മധ്യത്തില്‍
നില്‍ക്കുന്ന ഈന്തപ്പനമരം
പശ്ചിമ ദേശത്താണ് അതു പിറന്നത്.
ഈന്തപ്പനകളുടെ നൈസര്‍ഗിക
ഇടങ്ങളില്‍ നിന്നും
എത്രയോ അകലെ;
ഞാന്‍ അതിനോട് പറഞ്ഞു:
നീയും എന്നെപ്പോലെ അന്യനാട്ടില്‍;
ഒരു പരദേശി.
സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്ന്.
പിറന്ന മണ്ണില്‍ നീ ഇന്ന് അപരിചിതയാണ്.
ഞാനും നിന്നെപ്പോലെ,
പിറന്ന നാട്ടില്‍ നിന്നും എത്രയോ
അകലെ…’
അന്തലൂസിയയിലെ ഉമവി ഭരണകൂടസ്ഥാപകന്‍ അബ്ദുര്‍റഹ്മാന്‍ ദാഖില്‍ കുറിച്ചിട്ട വികാരനിര്‍ഭരമായ കവിതയില്‍ അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ പ്രതാപശാലികളായി വാണിരുന്ന ദമസ്‌കസിനെക്കുറിച്ച ഗൃഹാതുരത മുറ്റിയ ഓര്‍മകളാണ് നിറയുന്നത്. ഉമവി രാജവംശത്തെ കൂട്ടക്കുരുതി ചെയ്തുകൊണ്ടാണ് അബ്ബാസികള്‍ അവരുടെ അധികാരം സ്ഥാപിച്ചതും തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയതും. ആര്‍ഭാടങ്ങളിലും ലാസ്യവിനോദങ്ങളിലും അഭിരമിച്ചിരുന്ന ഉമവി കൊട്ടാരങ്ങള്‍ അബ്ബാസികളുടെ വാള്‍തലപ്പുകള്‍ക്കു മുമ്പില്‍ കബന്ധങ്ങള്‍ കുമിഞ്ഞുകൂടിയ ഒരു മോര്‍ച്ചറിയായി മാറിയപ്പോള്‍ അനന്യമായ സ്ഥൈര്യത്തോടെയും അസാമാന്യമായ സാഹസികതയോടെയും കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെട്ട രാജകുമാരനാണ് അബ്ദുര്‍റഹ്മാന്‍. സര്‍വ്വദിക്കുകളിലും അന്വേഷിച്ചു നടന്ന അബ്ബാസി പടയാളികളുടെ കണ്ണുവെട്ടിച്ച് യൂഫ്രട്ടീസ് നദി നീന്തിക്കടക്കുമ്പോള്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. വര്‍ഷങ്ങള്‍ കഴിഞ്ഞ് മണല്‍ക്കാടുകളും അപരിചിതങ്ങളായ ജനപദങ്ങളുമെത്രയോ താണ്ടിയാണ് അദ്ദേഹം ജിബ്രാള്‍ട്ടര്‍ കടന്ന് ഉത്തരാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കു പ്രവേശിക്കുന്നത്.

അബ്ദുര്‍റഹ്മാന്‍ അന്തലൂസില്‍ കടക്കുന്നതിനും എത്രയോ മുമ്പ്, താരിഖുബ്‌നു സിയാദിന്റെ കാലം മുതല്‍ ഒരു ബഹുസ്വര ഇസ്‌ലാമികസമൂഹം അവിടെ പിറവിയെടുത്തിരുന്നു. പക്ഷേ നിലവിലുള്ള ഭരണകൂടവുമായി സന്ധിചെയ്ത് സ്വസ്ഥമായി ജീവിക്കുന്നതിന്നുപകരം സാമര്‍ത്ഥ്യത്തിലൂടെയും സാഹസികതയിലൂടെയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയാണ് അബ്ദുര്‍റഹ്മാന്‍ ചെയ്യുന്നത്. അന്തലൂസിയന്‍ പരുന്ത് എന്ന് അദ്ദേഹം അറിയപ്പെടുന്നത് വെറുതെയല്ല. എല്ലാ തരം പ്രതികൂലാവസ്ഥയെയും അതിജീവിച്ച് അബ്ദുര്‍റഹ്മാന്‍ സാധിച്ച അന്യാദൃശമായ വിജയത്തിളക്കത്തിനു മുമ്പില്‍ അദ്ദേഹത്തിന്റെ എതിരാളിയായ അബ്ബാസി ഖലീഫ മന്‍സൂര്‍ പോലും സ്തംഭിച്ചുപോയിട്ടുണ്ട്.

സ്‌പെയിനിലെ മുസ്‌ലിം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഥാനപതനങ്ങളില്‍ വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന് പാഠങ്ങള്‍ എമ്പാടുമുണ്ട്. മധ്യപൂര്‍വ്വ ദേശത്തെ പല സമകാലീന സംഭവങ്ങളിലും സ്പാനിഷ് മുസ്‌ലിം ചരിത്രത്തിന്റെ തനിയാവര്‍ത്തനം നമുക്ക് ദര്‍ശിക്കാവുന്നതാണ്. വിസിഗോതുകളെ പരാജയപ്പെടുത്തി ക്രിസ്തുവര്‍ഷം 712ല്‍ താരീഖുബ്‌നു സിയാദിന്റെ സൈന്യം ജിബ്രാള്‍ട്ടര്‍ കടന്ന് ഐബീരിയന്‍ ഉപദ്വീപില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഹിജ്‌റ കഴിഞ്ഞ് നൂറ് വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ജബലുതാരിഖിന്റെ സ്പാനിഷ്/ ആംഗല രൂപമാണ് ജിബ്രാള്‍ട്ടര്‍. ബെര്‍ബര്‍ അടിമയായിരുന്ന താരിഖുബ്‌നു സിയാദിന്റെ ചരിത്രത്തിന് മേലുള്ള ശാശ്വതമുദ്രയാണത്.

എങ്ങനെയാണ് വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ചരിത്രത്തിന്റെയും നാഗരികതയുടെയും പാര്‍ശ്വങ്ങളില്‍ അലസരും അപരിഷ്‌കൃതരുമായി അലഞ്ഞിരുന്ന ഒരു നാടോടി സമൂഹത്തിന് പശ്ചിമനാഗരികതയെ ജയിച്ചടക്കാനും മാനവചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മഹത്തായ ഒരു സംസ്‌കൃതിയുടെ സ്രഷ്ടാക്കളാവാനും കഴിഞ്ഞത്?

വര്‍ഗ വംശ ദേശ ഭാഷാവ്യത്യാസങ്ങള്‍ക്ക് അതീതമായി വിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമായ ഒരു ആഗോള സാഹോദര്യം സൃഷ്ടിച്ചെടുത്തതാണ് ഇസ്‌ലാമിന്റെ വിജയരഹസ്യം. അറബികള്‍ക്കും ബെര്‍ബറുകള്‍ക്കും കുര്‍ദുകള്‍ക്കും കറുത്തവര്‍ക്കും വെളുത്തവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പരിഗണന ലഭിച്ച ഭക്തിപ്രചോദിതമായ സാഹോദര്യ ബോധമാണ് ഇസ്‌ലാമിനെ അപ്രതിരോധ്യമാക്കിയത്. ജനദ്രോഹകരങ്ങളായ നികുതികളും അന്യായങ്ങളായ നിയമങ്ങളും റദ്ദു ചെയ്ത് സാമാന്യ ജനങ്ങളോട് ഇസ്‌ലാം പ്രകടിപ്പിച്ച കാരുണ്യവും ഇസ്‌ലാമിനെ അതിവേഗം ഏറ്റവും ജനപ്രിയമായ മതമാക്കിമാറ്റി. പരമതവിശ്വാസികള്‍ക്കു സാമ്പത്തിക സാമൂഹ്യജീവിതത്തിലും വൈജ്ഞാനിക കലാ മേഖലകളിലും രാഷ്ട്രസംവിധാനത്തിലും അര്‍ഹമായ പ്രാതിനിധ്യവും ആദരവും നല്‍കപ്പെട്ടു. യഹൂദരുടെ ചരിത്രത്തിലെ ഏറ്റവും സമ്പന്നവും സുരക്ഷിതവുമായ കാലമായി ഗണിക്കപ്പെടുന്നത് ഇസ്‌ലാമിക സ്‌പെയിനിലെ കാലഘട്ടമാണ്. അബ്രഹാം ബ്‌നു ഇസ്‌റയും യഹൂദലവിയും മുതല്‍ യഹൂദ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന മോസസ് മൈമനോയിഡ്‌സ് വരെയുള്ളവര്‍ പഠിച്ചതും വളര്‍ന്നതും ഇസ്‌ലാമിക സ്‌പെയിനിലാണ്. മൈമനോയ്ഡ്‌സ് ഇബ്‌നുറുശ്ദിനെ ഗുരുവര്യനായി ആദരിച്ചു പോന്നു. അവര്‍ ജീവിച്ചതും വളര്‍ന്നതുമായ കൊര്‍ദോവാ നഗരമായിരുന്നു പുസ്തകങ്ങളുടെ എണ്ണം കൊണ്ടും ശാസ്ത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും കലാകാരന്മാരുടെയും ഗരിമ കൊണ്ടും വൈജ്ഞാനിക സാംസ്‌കാരിക പ്രവൃത്തികളുടെ വ്യാപ്തികൊണ്ടും മധ്യകാലത്തെ ഏറ്റവും സമ്പന്നമായ നഗരം. ഇബ്‌നു ഹസ്മും ഇമാം ഖുര്‍ത്വുബിയും ഇബ്‌നു അറബിയും തുടങ്ങി മഹാന്മാരായ പണ്ഡിതന്മാരുടെയും സാത്വികരുടെയും പരമ്പര തന്നെ അവിടെ ജീവിച്ചിരുന്നു. അക്കൂട്ടത്തില്‍ അവസാനത്തെയാളായിരുന്നു ഇബ്‌നുഖല്‍ദൂന്‍. അന്തലൂസില്‍ ഇസ്‌ലാം കൊളുത്തിവെച്ച വൈജ്ഞാനിക വെളിച്ചമാണ് പിന്നീട് യൂറോപ്പിലാകെ പരന്ന് പശ്ചിമനാഗരികതയെ പ്രബുദ്ധതയിലേക്ക് നയിച്ചതും ആഗോള നവോത്ഥാനത്തിന് കാരണമായതും. ലോകഭാഷകളില്‍ നിന്നും അറബിയിലേക്കുള്ള ക്ലാസിക് ഗ്രന്ഥങ്ങളുടെ മൊഴിമാറ്റം ഇസ്‌ലാമിക നാഗരികതക്ക് അടിത്തറ പാകിയതു പോലെ, അറബിയില്‍ നിന്ന് ലാറ്റിനും ഗ്രീക്കും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഭാഷകളിലേക്ക് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഭാഷാന്തരം പശ്ചിമ നാഗരികതയുടെ പിറവിക്ക് നിമിത്തമായി. കൊര്‍ദോവായിലെയും സെവില്ലിയിലെയും ടോളിഡോയിലെയും ഗ്രാനഡയിലെയും പുസ്തകപ്പുരകളിലും പരീക്ഷണശാലകളിലുമാണ് യൂറോപ്യന്‍ പ്രബുദ്ധതയുടെയും വൈജ്ഞാനിക വിപ്ലവത്തിന്റെയും ബീജാവാപം നടന്നത്. മധ്യകാലത്ത് ലോകം മുഴുവന്‍ പ്രകാശം പരത്തി ജ്വലിച്ചുനിന്ന കൊര്‍ദോവാ നഗരം ഇന്ന് സ്‌പെയിനിലെ അത്രയൊന്നും പ്രസക്തമല്ലാത്ത ഒരു ചെറുപട്ടണമാണ്. പോയകാല പ്രതാപത്തിന്റെ അടയാളങ്ങള്‍ എമ്പാടുമുള്ള, വികലമാക്കപ്പെട്ട ചരിത്രത്തിന്റെ ചിഹ്നങ്ങള്‍ പേറുന്ന, ഭൂതകാലത്ത് എവിടെയോ വെച്ച് വളര്‍ച്ച മുരടിച്ചുപോയ, ജനവാസം കുറഞ്ഞ, അത്രയൊന്നും സമൃദ്ധിയില്ലാത്ത അന്തലൂസിലെ ചെറുപട്ടണം. ഒരു കാലത്ത് ആഗോളതലത്തില്‍ തന്നെ ഏറ്റവും ജനസാന്ദ്രമായിരുന്ന നഗരങ്ങളിലൊന്നായിരുന്നു അത് എന്നത് നമ്മെ വിസ്മയിപ്പിക്കുകയും വിഷാദിപ്പിക്കുകയും ചെയ്യാം. ഖിബ്‌ലയിലേക്ക് ചാഞ്ഞ മിഹ്‌റാബുകളും ശ്രവണസുന്ദരമായ ബാങ്കുവിളികള്‍ മുഴങ്ങിയിരുന്ന മിനാരങ്ങളും അടങ്ങിയിരുന്ന പള്ളികളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങുന്നത് ഖുര്‍ബാനക്കും പ്രാര്‍ത്ഥനക്കും സമയമറിയിച്ചുകൊണ്ടുള്ള പള്ളിമണികളാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും ഛായാചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട മിഹ്‌റാബുകള്‍. ഉമവി ഖലീഫമാരുടെ പേരിലുള്ള മദ
്യശാലകളില്‍ പരിശുദ്ധനാമങ്ങളില്‍ അറിയപ്പെടുന്ന വീഞ്ഞുകള്‍ ലഭിക്കുമ്പോള്‍ ചരിത്രപരമായ മുറിവുകള്‍ക്കു മേല്‍ നിത്യാപമാനത്തിന്റെ ലേപനമായി നമുക്കത് അനുഭവപ്പെടുന്നു. ദമസ്‌കസിലെ ഉമവി മസ്ജിദിന്റെ മാതൃകയില്‍ പണിത ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളില്‍ ഒന്നായിരുന്ന കൊര്‍ദോവയിലെ പ്രധാന മസ്ജിദ് ഇന്ന് പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും കൊണ്ട് സജീവമായ ഒരു ക്രൈസ്തവ ദേവാലയമാണ്. മെസ്‌കിറ്റോ കത്തീഡ്രല്‍ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന്റെ മട്ടുപ്പാവിലേക്കും ഭിത്തികളിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ ചേതോഹരമായ ഖുര്‍ആനിക സൂക്തങ്ങളുടെ ചിത്രപ്പണികള്‍ തെളിഞ്ഞുകാണാം. എഴുനൂറിലേറെ വര്‍ഷങ്ങള്‍ പാശ്ചാത്യദേശത്ത്, ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രസ്ഥാനത്ത് നിലനിന്നിരുന്ന നഗരത്തില്‍ ഇപ്പോള്‍ നിസ്‌കരിക്കാന്‍ വളരെ ചെറിയ ഒരു ഇടമാണ് ബാക്കിയുള്ളത്. ദിക്കുകള്‍ മുഴുവന്‍ പ്രകാശം പരത്തിയ പണ്ഡിതന്മാരുടെയും തത്ത്വജ്ഞാനികളുടെയും പേരില്‍ കൊത്തി വെച്ച ചില ശിലാഫലകങ്ങളും ശില്പങ്ങളുമല്ലാതെ അവരുടെ അടയാളങ്ങളോ ഖബറുകളോ ബാക്കിയില്ല.

എങ്ങനെയാണ് ഏഴുനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശോഭനമായ ഒരു കാലഘട്ടത്തിന് ശേഷം മുസ്‌ലിം ഭരണകൂടവും സമൂഹവും യൂറോപ്പില്‍ ഇത്ര സമൂലമായും സമ്പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടത്? എന്തുകൊണ്ടാണ് കുരിശുപടയുടെ ആക്രമണത്തെ പ്രതിരോധിക്കാനാവാത്ത വിധം മുസ്‌ലിം സമുദായം ദുര്‍ബലരായത്? മനുഷ്യന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനവും ദയാരഹിതവുമായ ദണ്ഡനങ്ങളാണ് ഇന്‍ക്വിസിഷന്റെ പേരില്‍ സ്പാനിഷ് മുസ്‌ലിം സമൂഹം ഏറ്റുവാങ്ങിയത്. ആര്‍ദ്രത നിറഞ്ഞ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔദാര്യത്തിന്റെ പച്ചത്തുരുത്തില്‍ കൂടൂവെച്ചിരുന്ന യഹൂദ സമുദായത്തിനും ഫെര്‍ഡിനാന്റും ഇസബെല്ലയും മതകോടതികളുടെ അസഹിഷ്ണുതയും കാപാലികതയുമായി രംഗത്തുവന്നപ്പോള്‍ ഉത്തരാഫ്രിക്കയിലേക്കും ഉസ്മാനിയ ഭരണത്തിന്റെ ശാദ്വലയിടങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് മോസസ് മൈമനോയിഡ്‌സ് കൈറോവിലേക്ക് താമസം മാറ്റുന്നതും മഹാനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൊട്ടാരവൈദ്യനാവുന്നതും. പ്രതാപികളായി വാണിരുന്ന അന്തലൂസിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സര്‍വനാശത്തിന് നിമിത്തമായത് അവരുടെതന്നെ അലംഭാവവും അന്തഃഛിദ്രതയും ആര്‍ഭാടപൂര്‍ണമായ ജീവിതവുമാണ്.

ഐശ്വര്യത്തിന്റെയും അധികാരത്തിന്റെയും ഉന്മാദത്തില്‍ ഭരണകര്‍ത്താക്കളും സമൂഹവും മൃഗതൃഷ്ണകളുടെ ആഘോഷമായി ജീവിതം ആടിത്തിമിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും പേരിലുള്ള സാഹോദര്യബോധം നഷ്ടപ്പെട്ടു. ജനസാമാന്യവുമായുള്ള ജൈവബന്ധം അറ്റുപോവുകയും ചെയ്തു. ഉമവികളും മുറാബിത്തുകളും മുവഹിദുകളുമായി ഇസ്‌ലാമിക സമൂഹം ശിഥിലീകരിക്കപ്പെടുകയും പരസ്പരം പോരടിക്കുന്ന ചെറു നഗരരാഷ്ട്രങ്ങളായി, ത്വായിഫകളായി സ്വയം ദുര്‍ബലരാവുകയും ചെയ്തപ്പോള്‍ മറുവശത്ത് സര്‍വായുധ വിഭൂഷിതരായ കുരിശുപടയാളികള്‍ അതിര്‍ത്തിക്കകത്തും പുറത്തും നില്‍പ്പുണ്ടെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഉത്തരാഫ്രിക്കയിലെ ഭരണാധികാരിയായിരുന്ന മൂസാ ഇബ്‌നു നുസൈറിന്റെ പടയാളിയായിരുന്ന താരീഖ്ബ്‌നു സിയാദ് ക്രിസ്തുവര്‍ഷം 711ല്‍ ജിബ്രാള്‍ട്ടര്‍ കടന്നതോടെ ആരംഭിച്ച അന്തലൂസിലെ ഇസ്‌ലാമിക സാന്നിധ്യത്തിനു അന്ത്യം കുറിച്ചു കൊണ്ടണ്ടു 1492ല്‍ അവസാനത്തെ ഉമവി രാജകുമാരനായ അബ്ദുല്ല സഗീര്‍ എന്ന അബ്ദാലി ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും മുമ്പില്‍ ഗ്രനേഡയുടെ താക്കോല്‍ ഏല്‍പ്പിച്ച് മൊറോക്കോയിലേക്ക് പലായനം ചെയ്തതോടെ തിരശ്ശീല വീണു. അബ്ദുല്ല സഗീര്‍ അപ്പോള്‍ നഷ്ടസൗഭാഗ്യങ്ങളെ ഓര്‍ത്ത്, എന്നെന്നേക്കുമായി താന്‍ വിടപറയുന്ന തന്റെ പൂര്‍വ്വീകരുടെ ഓര്‍മകളും സ്വപ്‌നങ്ങളും വീണ മണ്ണില്‍ നിന്നു മടങ്ങി പോവുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. അപ്പോള്‍ ഉമ്മ പറഞ്ഞുവത്രേ: ഒരു പുരുഷന്റെ സ്ഥൈര്യത്തോടെ പൊരുതേണ്ട നേരത്ത് അതിനു മുതിരാതിരുന്ന താന്‍ ഇപ്പോള്‍ ദുര്‍ബലയായ ഒരു സ്ത്രീയെ പോലെ നിലവിളിക്കുന്നതു കൊണ്ട് എന്തു കാര്യം! സ്പാനിഷ് ഇസ്‌ലാമിക ചരിത്രത്തിലെ ദുരന്തനായകനായ അബ്ദുല്ല സഗീര്‍ അട്ടഹസിച്ചുകൊണ്ട് മൊറോക്കോവിലേക്ക് പലായനം ചെയ്യുമ്പോള്‍ കൂടെ നിലവിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

അന്തലൂസിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രത്തില്‍ ആധുനിക മുസ്‌ലിം സമൂഹത്തിനും ഭരണകൂടത്തിനും പാഠങ്ങളുണ്ട്. സ്വന്തം സിംഹാസനത്തിന്റെയും കൊട്ടാരത്തിന്റെയും സുരക്ഷിതത്വത്തിനപ്പുറം ഒന്നുംതന്നെ വിഷയമല്ലാത്ത രാജാക്കന്മാര്‍ക്കും, വിഭാഗീയതയും വംശീയതയും മൂര്‍ഛിപ്പിച്ച് സമുദായത്തിന് അകത്തും പുറത്തും വന്‍മതിലുകള്‍ തീര്‍ക്കുന്ന നേതാക്കന്മാര്‍ക്കും, അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ സമയവും ഊര്‍ജവും പാഴാക്കുന്ന പണ്ഡിതന്മാര്‍ക്കും നിശ്ചയമായും പഠിക്കാന്‍ പാഠങ്ങളുണ്ട്. അന്യായങ്ങള്‍ക്കും അരുതായ്മകള്‍ക്കും മുമ്പില്‍ മാപ്പുസാക്ഷികളായി നില്‍ക്കുന്ന സമുദായത്തിന്റെ സാധാരണ പൗരന്മാര്‍ക്കും സ്പാനിഷ് മുസ്‌ലിം ചരിത്രങ്ങളില്‍ നിന്ന് പലതും പകര്‍ത്താനും തിരുത്താനുമുണ്ട്.

സെവില്ലിയുടെ തകര്‍ച്ചയുടെ പശ്ചാതലത്തില്‍ അബു അല്‍ബഖല്‍ അല്‍ റുന്‍ദി എന്ന അന്തലൂസിയന്‍ കവി എഴുതിയ വികാര നിര്‍ഭരവും അര്‍ത്ഥസമ്പുഷ്ടവുമായ കവിത മുസ്‌ലിം ലോകത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യത്തെ ഭംഗിയായി പ്രതിഫലിപ്പിക്കുന്നുണ്ട്. അന്തലൂസ് ശിഥിലമാവുമ്പോള്‍ ഒരു ചെറുത്തുനില്‍പ്പുപോലും സാധിക്കാനാവാത്ത വിധം ദുര്‍ബലമായിപ്പോയ കിരീടവും ചെങ്കോലുമായി നടന്ന യമനിലെ രാജാക്കന്മാരെയും പേര്‍ഷ്യയിലെ സസാനിദുകളെയും ഖഹ്താനുകളെയും ഗദ്ദാറുകളെയും പ്രതിയുള്ള കവിയുടെ വിലാപം സമകാലിക അറബ് ഭരണകൂടങ്ങളെക്കുറിച്ചും അക്ഷരം പ്രതി ശരിയാണ്. ആഗോള സമൂഹത്തിന് ദൈവബോധവും അറിവും നീതിയും നിയമവും പകര്‍ന്നു നല്‍കാന്‍ നിയുക്തമായ സമുദായം ചേരിതിരിഞ്ഞ് തമ്മിലടിക്കാനാണ് ഭാവമെങ്കില്‍ ചരിത്രം നമുക്ക് കരുതി വെച്ചിരിക്കുന്നത് ഇന്‍ക്വിസിഷനേക്കാള്‍ കടുത്ത പീഡനങ്ങളായിരിക്കും. അപ്പോള്‍ നമുക്കൊപ്പം വിലപിക്കാന്‍ മറ്റാരും ഉണ്ടാവില്ല.

Dr.AP Jafar

You must be logged in to post a comment Login