അതിവേഗം സഞ്ചരിക്കാനുണ്ടെങ്കില്‍ ഒറ്റക്ക് പുറപ്പെടുക, ബഹുദൂരമാണ് താണ്ടാനുള്ളതെങ്കില്‍ ഒരുമിച്ച് സഞ്ചരിക്കുക എന്നര്‍ഥം വരുന്ന ഇംഗ്‌ളീഷ് പഴമൊഴിയുണ്ട്. അധികാരം നുണയാനുള്ള ആക്രാന്തം കൊണ്ടായിരിക്കണം അതിദ്രുതമാണ് പ്രധാനമന്ത്രി നന്ദ്രേമോഡി ഭരണത്തേരിലേറി യാത്ര നടത്തുന്നത്. അതും ഏകനായി. രാജ്യത്തെ മുഴുവന്‍ ഒരുമിച്ചുകൊണ്ടുപോകണമെന്ന് നരേന്ദ്രമോഡിക്ക് ഇതുവരെ തോന്നിയിട്ടില്ല. 20കോടിയിലേറെ വരുന്ന ന്യൂനപക്ഷസമൂഹത്തെ പൂര്‍ണമായി അകറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യാ മഹാരാജ്യം ഭരിക്കാമെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടെന്നാണ് അധികാരത്തിന്റെ ഈ ആണ്ടറുതിയില്‍ രാജ്യം ഉറച്ചുവിശ്വസിക്കുന്നത്. 31ശതമാനം വോട്ടുമായി രാജ്യം ഭരിക്കാന്‍ ഇറങ്ങിയ ഹിന്ദുത്വശക്തികള്‍ 62ശതമാനത്തിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. തെരഞ്ഞെടുക്കപ്പെട്ട 282 എം പിമാരില്‍ ഒരൊറ്റ മുസ്‌ലിം പോലും ഇല്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അശ്ശേഷം സങ്കോചമില്ലാത്തവരാണ് രാജ്യം വാഴുന്നതെന്ന നാണക്കേടില്‍ അപമാനം തോന്നാത്തത് എന്തു കൊണ്ടാണെന്ന് ഇതുവരെ ഒരു രാഷ്ട്രീയനിരീക്ഷകന്‍ പോലും ചോദിച്ചുകേട്ടില്ല. എന്നിട്ടും ‘ആര്‍ഷഭാരതത്തിന്റെ’ വിശാലമനസ്‌കതയില്‍ നമ്മുടെ പ്രധാനമന്ത്രി ഇടയ്ക്കിടെ വാചാലനാവുന്നു; വിദേശത്തുചെന്ന് ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ഗീര്‍വാണങ്ങള്‍ മുഴക്കുന്നു. ഗാന്ധിയും നെഹ്‌റുവും ആസാദുമൊക്കെ സ്വപ്‌നം കണ്ട, അംബേദ്ക്കര്‍ ഭരണഘടനയില്‍ അക്ഷരങ്ങളിലൂടെ വിഭാവന ചെയ്ത ഇന്ത്യ തച്ചുടക്കാന്‍ സാധിച്ചുവെന്നതാണ് മോഡിയുടെ ഒരു വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. ബഹുസ്വരത എന്ന പദത്തിന്റെ അര്‍ത്ഥം പോലും നഷ്ടപ്പെടുത്തിയതാണ് ഈ ആണ്ടറുതിയില്‍ ന്യൂനക്ഷങ്ങളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും വദനങ്ങളെ മ്ലാനഭരിതമാക്കുന്നത്.
പറഞ്ഞുവരുമ്പോള്‍, അധികാരമേറ്റതിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോദി ഒന്നും മോശമായി പറഞ്ഞിട്ടില്ല. തന്നെ താനാക്കിയ ആര്‍.എസ്.എസ് പരിവാരം തങ്ങള്‍ക്ക് തോന്നിയത് ഞൊടിഞ്ഞപ്പോള്‍ മോഡി അവരെ തടയുകയോ മറിച്ചൊന്ന് പറയാന്‍ ആര്‍ജവം കാട്ടുകയോ ചെയ്തില്ല എന്നിടത്തുനിന്ന് തുടങ്ങുന്നു പാളിച്ചകളുടെ ഘോഷയാത്ര. ഒരു ഭാഗത്ത് പഴയ ഗുജറാത്ത് മുഖ്യമന്ത്രി നല്ല പ്രധാനമന്ത്രി ചമഞ്ഞ് പുതിയൊരു ഇമേജ് പടുക്കാന്‍ കഠിന ശ്രമം നടത്തുന്നു. മറുഭാഗത്ത് സംഘ് പരിവാരം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും അവരില്‍ അരക്ഷിതാവസ്ഥ വിതക്കാനും ഹിന്ദുത്വപദാവലിയിലെ വൃത്തിഹീനമായ പദങ്ങള്‍ എടുത്തുപയോഗിക്കുന്നു. ഭീഷണി മുഴക്കുന്നു; താക്കീതുകള്‍ നല്‍കുന്നു.സര്‍സംഘ് ചാലക് മുതല്‍ സാദാ ഗവേഷണക്കാരന്‍ വരെ സദാ ചിന്തിക്കുന്നത് എങ്ങനെ മുസ്‌ലിംകളെ മാനസികമായി തകര്‍ക്കാമെന്നും ശാരീരികമായി പുറമ്പോക്കിലേക്ക് വലിച്ചെറിയാമെന്നുമാണ്. ഏറ്റവുമൊടുവില്‍ സംഭവിച്ചതില്‍നിന്ന് നമുക്ക് തുടങ്ങാം. പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ബി.ജെ.പിയുടെ ‘മുസ്‌ലിം മുഖവുമായ’ മുഖ്താര്‍ അബ്ബാസ് നഖ്‌വി മൂരിയിറച്ചി തിന്നുന്ന മുസ്‌ലിംകളോട് കല്‍പിച്ചത് കേട്ടില്ല? ഗോമാതാവ് ഹിന്ദുക്കളൂടെ വിശ്വാസത്തിന്റെ ഭാഗമാണ്. ബീഫ് കച്ചവടം വഴിയുള്ള ലാഭചേതക്കണക്കല്ല നോക്കുന്നത്. ഇനി പശുവിറച്ചി തിന്നണമെന്ന് നിന്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോയ്‌ക്കോ! ഇങ്ങനെ പറയാന്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ തറവാട്ട് സ്വത്താണോ ഇന്ത്യാരാജ്യമെന്ന് ഒരൊറ്റ മതേതരവാദിയും ചോദിച്ചുകണ്ടില്ല. ഹിന്ദുത്വവാദികള്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ നാട് വിട്ടോളീന്‍ എന്നു പറയാന്‍ നഖ്‌വിയെ പോലുള്ള ദാസന്മാരെ പ്രേരിപ്പിച്ചത് ഇത്തരം ജല്‍പനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാതുകളാണ് നരേന്ദ്രമോദിയുടേതെന്ന ചിന്തയാവാനേ തരമുള്ളൂ. ഒരു രാജ്യത്തിന്റെ അടിസ്ഥാനരാഷ്ട്രീയ കാഴ്ചപ്പാടുകളുടെ കടക്കാണ് ഇക്കൂട്ടര്‍ കത്തിവെക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ പ്രഫസര്‍ പീറ്റര്‍ റൊണാള്‍ഡ് ഡീസൂസ മോഡിയെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മപ്പെടുത്തിയതിങ്ങനെയായിരുന്നു: ഇന്ത്യ പോലൊരു ബഹുസ ്വര രാജ്യം ആര്‍.എസ്.എസ് ശാഖയില്‍ രൂപപ്പെടുത്തിയ തത്ത്വചിന്തകൊണ്ട് ഒരിക്കലും ഭരിക്കാന്‍ കഴിയില്ലെന്ന്.
ആ ബോധമുള്ളത് കൊണ്ട് തന്നെയാവണം മോദി സ്വയം ആത്മനിയന്ത്രണം പാലിക്കുന്നതായി പുറമേക്ക് നമുക്ക് അനുഭവപ്പെടുമ്പോള്‍ തന്നെ സംഘ്പരിവാര്‍ അംഗങ്ങള്‍ വിഷധൂളികള്‍ പരത്താനും അന്തരീക്ഷം വര്‍ഗീയമയമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂന്നുപതിറ്റാണ്ടുശേഷം കൈവന്ന കേവലഭൂരിപക്ഷം ഹിന്ദുത്വ അജണ്ട സ്വേഷ്ടപ്രകാരം പ്രയോഗവത്കരിക്കാനുള്ള ലൈസന്‍സായി ഇക്കൂട്ടര്‍ കാണുന്നു. സാമൂഹിക, ഭരണ, ഉദ്യോഗസ്ഥ, അക്കാദമിക തലങ്ങള്‍ ഹിന്ദുത്വവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഭരണത്തിന്റെ മറവില്‍ ഒരു ഭാഗത്തൂടെ പുരോഗമിക്കുമ്പോള്‍ അതിന്റെയെല്ലാം മേല്‍നോട്ടം പ്രധാനമന്ത്രിക്കാണെന്ന് കാണാതിരുന്നുകൂടാ. ആത്യന്തികലക്ഷ്യം ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍നിന്ന് പൂര്‍ണമായും പ്രാന്തവത്കരിക്കുക എന്നതിലപ്പുറം ചരിത്രത്തോട് പ്രതികാരം ചെയ്യുക കൂടിയാണ്. ചരിത്രപഠനത്തെ ഹിന്ദുത്വവത്കരിക്കുന്നതില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെയും മറ്റു സ്ഥാനപങ്ങളുടെയും നിയന്ത്രണം ആര്‍.എസ്.എസ് ചിന്താഗതിക്കാരെ കൈയേല്‍പിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം അതാണ് തെളിയിക്കുന്നത്. ആര്‍.എസ്.എസിന്റെ സ്വപ്‌നം ഹിന്ദുരാഷ്ട്രമാണ്. അതിലേക്കുള്ള ഓരോ ചുവടുവെപ്പിലും മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കും. മനോവീര്യം തകര്‍ക്കുകയാണ് ആദ്യപടി. അതിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ‘രാംസാദോന്‍’ (രാമന്റെ അനുയായികളുടെ ) ഭരണമാണോ വേണ്ടത് അതല്ല, ‘ഹറാംസാദോന്‍’ (ജാരസന്തതികളുടെ ) ഭരണമാണോ വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവസരമാണിതെന്ന് ഡല്‍ഹി മഹാനഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ആക്രോശിച്ചത്. ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥിനെ പ്പോലുള്ള വിഷപ്രചാരകരെ കയറൂരിവിട്ടത് നരേന്ദ്രമോഡിയിലെ ആര്‍.എസ്.എസുകാരനാണ്. ‘അവര്‍ നമ്മുടെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ അവരുടെ 100കുട്ടികളെ നമ്മള്‍ തട്ടിയെടുക്കുമെന്ന് ഓര്‍ത്തോളൂ’ എന്ന് ഇയാള്‍ ഭീഷണിമുഴക്കി. ജീവകാരുണ്യമാര്‍ഗത്തില്‍ തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ച മദര്‍തെരേസയെ കുറിച്ച് അപവാദം പ്രചരിപ്പിക്കാന്‍ ആവേശം കാണിച്ചത് സാക്ഷാല്‍ സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് തന്നെയാണ്. മതംമാറ്റം ലക്ഷ്യമിട്ടാണ് മദര്‍ തെരേസ സാമൂഹികസേവനത്തിനിറങ്ങിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുസ്‌ലിം നാമധാരികളായ ഷാറൂഖ്ഖാനും ആമിര്‍ഖാനും സല്‍മാന്‍ ഖാനും ഹിംസയുടെ സംസ്‌കാരമാണ് പ്രചരിപ്പിക്കുന്നതും ഈ താരങ്ങളുടെ ചിത്രം പറിച്ചുകീറാന്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടാല്‍ ഹോളിജ്വാലയില്‍ അവ ചുട്ടെരിക്കുമെന്നും സാധ്വി പ്രാച്ചി പുലമ്പിയത് തന്നെ പിടിച്ചുകെട്ടാന്‍ ഇവിടെ ആരുമില്ല എന്ന ധിക്കാരമനോഭാവത്തോടെയാണ്.
മോഡിയുടെ അധികാരലബ്ധി ന്യൂനപക്ഷവിരുദ്ധ നടപടികളുമായി സധൈര്യം മുന്നോട്ടുപോവാനും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ ക്ഷുദ്രവാക്കുകള്‍ മൊഴിയാനും ഹിന്ദുത്വവാദികള്‍ക്ക് അവസരമൊരുക്കിക്കൊടുത്തുവെന്നത് വിസ്മരിക്കാവതല്ല. ജനസംഖ്യയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഏറ്റവുമധികം കേട്ടത് പോയവര്‍ഷമാണ്. ഇവിടെ അംഗബലം അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള മുഖ്യ ഉപാധിയായി മാറുമ്പോള്‍ അതിനെ ചുറ്റിപ്പറ്റിയുള്ള അറുപിന്തിരിപ്പന്‍ ചിന്താഗതികള്‍ ഉയര്‍ന്നുകേള്‍ക്കേണ്ടിവരുന്നു. മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വളരുകയാണെന്നും സമീപഭാവിയില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ മറികടന്നു, ഇവിടെ ഐ.എസ് മോഡല്‍ ‘ഖിലാഫത്ത്’ സ്ഥാപിക്കപ്പെടുമെന്നൊക്കെയുള്ള കുപ്രചാരണങ്ങള്‍ക്ക് സംഘ്പരിവാരം ആക്കം കൂട്ടിയ വര്‍ഷമാണ് കഴിഞ്ഞത്. വി.എച്ച്.പി നേതാവ് സാക്ഷിമഹാരാജ ഹിന്ദുസ്ത്രീകളോട് ചുരുങ്ങിയത് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ ആജ്ഞാപിച്ചത് ഹിന്ദുത്വയുടെ കൈയില്‍വന്ന അധികാരം നിലനിര്‍ത്താനാണ്. ഈയിടെ അമേരിക്കയിലെ ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ ലോകമതങ്ങളുടെ ഭാവി’യെ കുറിച്ച് ചില നിഗമനങ്ങളും അനുമാനങ്ങളും പുറത്തുവിടേണ്ട താമസം സംഘ്പരിവാര്‍ സംഘടനകള്‍ അതേറ്റുപിടിച്ച് പ്രചണ്ഡമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ‘ജനസംഖ്യാ അസന്തുലിതത്വം’ പരിഹരിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അല്ലാത്തപക്ഷം മുസ്‌ലിംകള്‍ ഹിന്ദുക്കളെ കടത്തിവെട്ടുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്രജെയിന്‍ ആവര്‍ത്തിച്ചു. വിഷയം ഏറ്റുപിടിച്ച ശിവസേന ജിഹ്വ ‘സാമ്‌ന’യാവട്ടെ ജനസംഖ്യാ അസന്തുലിതത്വത്തിനു ‘പ്രതിവിധിയായി’ നിര്‍ദേശിച്ചത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധ വന്ധീകരണവും വോട്ടവകാശനിഷേധവും നടപ്പാക്കണമെന്നാണ്. ഏറെ വിവാദമായ ‘ഘര്‍വാപസി’ മോഡിയുഗത്തില്‍ സംഘ്പരിവാരം ആസൂത്രിതമായി നടപ്പാക്കിയ ന്യൂനപക്ഷവിരുദ്ധപദ്ധതിയാണ്. രാജ്യത്ത് ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന സര്‍സംഘ്ചാലകിന്റെ നിലപാടില്‍നിന്ന് ഒരുപടി കടന്നാണ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് മാര്‍ഗ്ഗം കൂട്ടാന്‍ ദേശവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. അതുസൃഷ്ടിച്ച കോലാഹലങ്ങള്‍ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തി. 19ാം നൂറ്റാണ്ടില്‍ ആര്യസമാജ് സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിവെച്ച ശുദ്ധി പ്രസ്ഥാനത്തിന്റെ വകഭേദമായിരുന്നു 21ാം നൂറ്റാണ്ടിലെ ഈ അഭ്യാസങ്ങള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണം ക്രൈസ്തവ ചര്‍ച്ചുകള്‍ക്കും മുസ്‌ലിം പള്ളികളടക്കമുള്ള സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍ മതഭ്രാന്ത് തുറന്നുകാട്ടി. ഇത് ആഗോളസമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തു. അതുകൊണ്ടാണ് റിപ്പബ്‌ളിക്ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിനിറുത്തികൊണ്ട് മതസ്വാതന്ത്ര്യം ഹനിക്കുന്ന നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാവാന്‍ പാടില്ലെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ജനാധിപത്യസര്‍ക്കാറിന്റെ ബാധ്യതയാണെന്നും ഉണര്‍ത്തി നരേന്ദ്രമോഡിക്ക് ഒരു കൊട്ട് കൊടുത്തത്. ഒരു വിദേശഭരണാധികാരി ഇന്ത്യയില്‍വന്ന് മത സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍മിപ്പിക്കേണ്ട ഗതികേടുണ്ടായതിനെ കുറിച്ച് മൗനം ദീക്ഷിക്കുന്ന അതേ ബി.ജെ.പി തന്നെയാണ് ടൈം വാരിക ആവശ്യപ്പെട്ടതനുസരിച്ച് മോദിയെ കുറിച്ച് ഏതാനും സ്തുതിവാചകങ്ങള്‍ ഒബാമ എഴുതിയപ്പോള്‍ അത് മഹാസംഭവമായും വന്‍നേട്ടമായും എടുത്തുദ്ധരിക്കുന്നത്.
നരേന്ദ്രമോഡിയുടെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണുമ്പോള്‍ ഇതിനകം 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന അവകാശവാദമാണ് മുന്നോട്ടുവെക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ണാഭമാക്കാനല്ല, തന്റെ മുഖച്ഛായ മിനുക്കാനാണ് മോഡി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. പത്തുലക്ഷത്തിന്റെ കുപ്പായമിട്ട് ഒബാമയുടെ മുന്നില്‍ ഞെളിയാന്‍ മോദി കാണിച്ച ഉല്‍സാഹത്തിനു പിന്നിലും ചൈനീസ് പ്രധാനമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്ത് സ്വയം ചെറുതാവാന്‍ ശ്രമിച്ചതുമെല്ലാം സവിശേഷമായൊരു മനോവ്യാപാരത്തിന്റെ പ്രതിഫലമാണ്. ഇമ്മട്ടിലുള്ള ഗിമ്മിക്കുകളിലുടെ നിര്‍വൃതി കൊള്ളുന്ന ആത്മരതിയാണ് മോഡിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്ന് പല മനഃശാസ്ത്രവിദഗ്ധരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. ‘എന്‍.ആര്‍.ഐ പ്രധാനമന്ത്രി’ എന്ന പരിഹാസത്തിനപ്പുറം മോഡിയുടെ ഉലകം ചുറ്റലിനു വല്ല ക്രിയാത്മക മാനങ്ങളുമുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് ഇതിനകം 370കോടി രൂപ ചെലവഴിച്ച വിദേശയത്‌നങ്ങള്‍ പലതും വൃഥാവിലാണെന്ന് കണ്ടെത്താനാവുന്നത്. ചൈനയുമായി 24കരാറാണ് ഒപ്പുവെച്ചത്. ഈ കരാറുകളില്‍ ഒന്നും കഴമ്പുള്ളതല്ല. അതേസമയം, ചൈനയുമായുള്ള അടിസ്ഥാനപ്രശ്‌നം അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. മക്‌മോഹന്‍ രേഖ അംഗീകരിക്കാന്‍ തങ്ങള്‍ തയാറല്ല എന്ന് പറയുന്നതിനര്‍ഥം അരുണാചല്‍ പ്രദേശത്തിനുമേലുള്ള അവകാശവാദം കൈവെടിയാന്‍ തയാറല്ല എന്നതാണ്. ശ്രീലങ്കയുമായുള്ള ഉഭയകക്ഷിബന്ധം ഊഷ്മളമാക്കാന്‍ സന്ദര്‍ശനം പ്രയോജനപ്പെട്ടുവെന്ന് അവകാശപ്പെടുമ്പോഴും തമിഴരുടെ വിഷയത്തില്‍ ഒരുറപ്പ് നല്‍കാന്‍ ബുദ്ധതീവ്രവാദികളാല്‍ നയിക്കപ്പെടുന്ന സിരിസേന സര്‍ക്കാറിനു സാധിക്കുന്നില്ല. വാജ്‌പേയി സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന നേട്ടം പാകിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ആത്മാര്‍ഥമായ ചില ശ്രമങ്ങള്‍ ഉണ്ടായി എന്നതാണ്. ലാഹോര്‍ ബസ് യാത്രയും ആഗ്ര ഉച്ചകോടിയുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍, ആ ദിശയില്‍ ചെറിയൊരു ചുവടുവെപ്പിനു പോലും മോദി ഇതുവരെ സന്നദ്ധമായിട്ടില്ല. അടുത്തമാസം ബംഗ്‌ളാദേശും മധ്യേഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുമ്പോഴും ഇസ്‌ലാമാബാദ് അജണ്ടയിലേക്ക് കടന്നുവരുന്നില്ല. ഇതിനെല്ലാമുപരി, എഴുപത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവസന്ധാരണം തേടുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നുപോലും നരേന്ദ്രമോഡിയുടെ പര്യടനസ്‌പോട്ടുകളിലൊന്നായി കടന്നുവരുന്നില്ല. അറബ്ഇസ്‌ലാമിക ലോകത്തോട് അത്ര അടുത്താല്‍ മതി എന്ന കാഴ്ചപ്പാട് തന്നെ കാരണം.
നരേന്ദ്രമോദിയുടെ രാഷ്ട്രീയ നയനിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്റെ അധികാരലബ്ധി ആരോഗ്യകരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവരെയെല്ലാം നിരാശരാക്കുന്നതാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണം. എന്നിട്ടും മോഡിയെ വാഴ്ത്താനും പ്രകീര്‍ത്തിക്കാനുമാണ് എഴുത്തുകാരുടെയും മാധ്യമക്കാരുടെയും മല്‍സരം. മലയാളത്തിന്റെ പ്രിയ കഥാകാരി പി.വല്‍സല മോഡി ഭരണത്തിന്റെ ഒന്നാമാണ്ട് ആഘോഷിക്കുമ്പോള്‍ മലയാളികളുടെ മുന്നില്‍ നിരത്തിയ അഭിപ്രായപ്രകടനം കേള്‍ക്കുക: ‘മോഡിക്ക് ഒരു വര്‍ഗീയവാദിയാവാന്‍ കഴിയും എന്ന മീഡിയ പ്രചാരണം ഭോഷ്‌ക്കാണ്. പറഞ്ഞുതേഞ്ഞുപോയ ഒരു പദം മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയവാദികളെ സംബന്ധിച്ച് മതേതരത്വം എന്ന പദം. ഈ പദത്തെ ഇത്രകണ്ട് ചവച്ചരച്ചത് രാഷ്ട്രീയക്കാരാണ്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവോരങ്ങളിലും തദ്ദേശീയരും അന്യസംസ്ഥാനക്കാരും മതേതരവാദികളാണ്. അവര്‍ക്ക് പ്രശ്‌നം ജീവിതം മാത്രം. മോഡി ജനിച്ചു വളര്‍ന്നു ഭരിച്ച ഗുജറാത്ത് പഴയകാലം മുതല്‍ക്ക് ഇന്ത്യന്‍ സെമിറ്റിക് വര്‍ഗങ്ങള്‍ കൂടിക്കഴിയുന്ന പ്രദേശമാണ്. അതുപോലെ മറ്റു സംസ്ഥാനങ്ങളും. ഇവിടെ വര്‍ഗീയ മല്‍സരങ്ങളുടെ പ്രചാരകര്‍ രാഷ്ട്രീയപാര്‍ട്ടികളാണ്. ഒന്നുപോലും ഈ വികാരത്തിനതീതരാണെന്ന് പറയാനാര്‍ക്കു കഴിയും? അതിനായി അവര്‍ പല നടപടികള്‍ സ്വീകരിക്കുന്നു. രാമനെ ലീഗുകാരും മുഹമ്മദിനെ മറ്റു മതക്കാരും സ്ഥാനാര്‍ഥികളാക്കുമ്പോള്‍ എല്ലാവരും മതേതരക്കാര്‍ തന്നെ”. അപ്പോള്‍ യഥാര്‍ഥ മതേതരവാദിയാവണമെങ്കില്‍ ബി.ജെ.പിയെ പോലെ ഒരൊറ്റ മുഹമ്മദിനെയും സ്ഥാനാര്‍ഥിയാക്കരുതെന്ന് ഉപദേശം!
ശാഹിദ്
You must be logged in to post a comment Login