ഹൃദയങ്ങളെ ഈമാന്‍ കൊണ്ട് സ്ഫുടം ചെയ്യാന്‍ അല്ലാഹു ചില സവിശേഷ ദിനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ആ ദിനങ്ങള്‍ നമ്മുടെ ആത്മീയമായ വൈകാരികതയെ തൊട്ടുണര്‍ത്തുന്നു. തിന്മകള്ക്ക് കൂച്ചുവിലങ്ങിട്ട് സുകൃതങ്ങളെ പരിപോഷിപ്പിക്കുന്നു. മുസ്ലിം ഉമ്മത്തിനു സാഹോദര്യത്തിന്റെയും ഏകത്വത്തിന്റെയും നന്മകളുടെയും പൂക്കാലമാണത്. വിശ്വാസിക്കു ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യുന്ന ഈ മുഹൂര്‍ത്തങ്ങള്‍ വഴിപ്പെടുന്നവര്‍ക്ക് ശക്തമായ പരിചയാണ്. പാപികള്‍ക്കു ഹൃദയം സ്ഫുടം ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ്. ഹൃദയങ്ങളെ പാപവിമുക്തമാക്കാന്‍, ജീവിതത്തില്‍ നന്മകളും സുകൃതങ്ങളും നിറച്ച് പുതിയ അധ്യായങ്ങള്‍ രചിക്കാന്‍.ഇത്തരം വിശുദ്ധമായ മുഹൂര്‍ത്തങ്ങളില്‍ അതിപ്രധാനമാണ് റമളാന്‍. സുകൃതങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസം. ദോഷങ്ങളെ കരിച്ചുകളയുന്ന ദിനങ്ങള്‍. വിശ്വാസിയുടെ സ്ഥാനം ഉയര്‍ത്തപ്പെടുന്ന രാവുകള്‍. സ്വര്‍ഗീയ കമാനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്നു. പിശാചുക്കള്‍ കൂച്ചുവിലങ്ങിടപ്പെടുന്നു. എങ്ങും നന്മയുടെ തെളിച്ചം മാത്രം. ഈ ദിനങ്ങളെ ഊഷ്മളമായി വരവേറ്റവന്ന് അല്ലാഹു നല്കുന്ന പാരിതോഷികം നോക്കൂ:
‘ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും. (ബുഖാരി, മുസ്ലിം)
എന്റെ പ്രിയ കൂട്ടുകാരെ, ഈ ദിനങ്ങള്‍ മുസ്ലിം ഉമ്മത്തിനു സന്തോഷത്തിന്റെ ദിനങ്ങളാണ്. വിശുദ്ധമായ മാസം. സ്നേഹധന്യനായ അതിഥിയെയും കാത്ത് മാസങ്ങള്‍ക്കപ്പുറം വിശ്വാസി തപസ്സിരിക്കുന്നു. ഈ ഉമ്മത്തിന് അല്ലാഹു നല്കിയ അതുല്യമായ അനുഗ്രഹമാണിത്. അതിന്റെ സവിശേഷതകള്‍ കൊണ്ടും സ്രഷ്ടാവ് ഉമ്മത്തിനെ ആദരിച്ചു.
ഇതാ, നിങ്ങളുടെ മുമ്പില്‍ സുവര്ണാവസരങ്ങള്; ഹൃദയത്തെ വിശുദ്ധ സ്നാനം ചെയ്യാന്‍, ആത്മാവിനെ പരിമളമുള്ളതാക്കാന്, സുകൃതങ്ങളെ അധികരിപ്പിക്കാന്‍, മാലാഖമാര്‍ അനുഗ്രഹങ്ങളുമായി ഭൂമിലോകത്തേക്കു യാത്ര തിരിച്ചിരിക്കുന്നു. വിശ്വാസിയെ മാത്രമല്ല, പ്രപഞ്ചത്തെ തന്നെ പുല്കാന്. റമളാന്‍, തഹജ്ജുദിന്റെയും തറാവീഹിന്റെയും യാമങ്ങള്‍. ദിക്റ്, തസ്ബീഹ് കൊണ്ട് മുഖരിതമാവുന്നു. ഖുര്‍ആനിക വചനങ്ങളുടെ ഇടമുറിയാത്ത ഒഴുക്കുകള്‍ ആകാശ സീമകളെ ഭേദിക്കുന്നു.
റമളാന്റെ ആവശ്യകത
വിശ്വാസികളേ! നിഷ്കളങ്കതയും നിര്‍വൃതിയും നേടാനുള്ള ഉള്ദാഹത്തിലേക്ക് മനുഷ്യര്‍ എത്തിച്ചേരുമ്പോള്‍, (കറകളഞ്ഞ വിശ്വാസിയാകാന്‍, പാപപങ്കിലമായ ചുറ്റുപാടില്‍ നിന്നും മോചനം നേടാന്‍, ദേഹത്തെ പരിപാലിച്ചെടുക്കാന്‍) വിശുദ്ധറമളാന്‍ ആത്മീയോത്കര്‍ഷം നേടാന്‍ പര്യാപ്തമായ മുഹൂര്‍ത്തമാണ്. കഴിഞ്ഞ കാലങ്ങളെ വിമലീകരിച്ചെടുക്കാനും നന്മയിലേക്കു തിരിച്ചുപോകാനുമുള്ള സന്ദര്‍ഭം. മനുഷ്യരെല്ലാം ആ മുഹൂര്‍ത്തം ആഗ്രഹിക്കുന്നു. വിശ്വാസത്തെ പുതുക്കാനുള്ള വിദ്യാലയമാണ് റമളാന്‍. സ്വഭാവത്തെ മൃദുലമാക്കി, ആത്മാവിന്റെ കറകളഞ്ഞ്, ശരീരത്തെ വെട്ടിമിനുക്കി, ഇച്ഛകളെ തടഞ്ഞുനിര്‍ത്താനുള്ള അതുല്യനിമിഷങ്ങള്‍.
നോമ്പ്, അല്ലാഹുവിലുള്ള ഭയപ്പാടിനെ കെട്ടിയുറപ്പിക്കുകയാണ്. അവന്റെ നിര്‍ദേശങ്ങളെ ശിരസാവഹിക്കുകയും സ്വന്തം താല്പര്യങ്ങളെ തടഞ്ഞുവെക്കുകയും ചെയ്യുന്നു. അവന്റെ മുമ്പില്‍ വിശ്വാസിയെ സമര്‍പ്പിക്കുകയാണ്. സ്നേഹവും സ്വസ്ഥതയും കൃപയും സാഹോദര്യവുമെല്ലാം അവനില്‍ കേന്ദ്രീകരിക്കുന്നു. ആവശ്യങ്ങളെല്ലാം അവനിലാണ്. വിശന്നവനെ പോറ്റുന്നവനാണവന്. നോമ്പ് ധര്‍മ്മത്തിന്റെയും കുടുംബത്തിന്റെയും കേന്ദ്രമാണ്. സ്വഭാവങ്ങളെ ശുദ്ധീകരിക്കുകയും കാരുണ്യത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. നോമ്പെടുത്താല്‍ ആത്മശുദ്ധിനേടാം. മനസ്സ് ശാന്തമാകും. ശരീരം പാപമുക്തമാകും. കുടുംബബന്ധം ദൃഢപ്പെടും. വികാരങ്ങള്‍ ശാന്തമാകും. തീര്‍ച്ച!
ഇസ്ലാമിക സമൂഹം ഇന്ന് അനിവാര്യമായി ചെയ്യേണ്ടതെന്താണ്? സ്വയം വീണ്ടുവിചാരമുണ്ടായിരിക്കല്, നോമ്പെടുക്കല്‍, അവനില്‍ പൂര്‍ണമായ അര്പ്പണബോധമുണ്ടായിരിക്കല്, ഉല്‍കൃഷ്ടങ്ങളായ നന്മകളെ പുലര്ത്തിപ്പോരല്… ഇവയെല്ലാമാണ്.
കൂട്ടുകാരേ! കടന്നുവരുന്ന റമളാനെ വരവേല്ക്കുമ്പോള് അല്ലാഹുവിനു സ്തുതികളര്‍പ്പിക്കുകയും സദ്വൃത്തികളുമായി നിരന്തരം കൂട്ടുകൂടുകയും വേണം. ആവേശവും ആഹ്ലാദവും മാനസിക സംതൃപ്തിയും ഉണ്ടായിരിക്കണം. തിന്മകളില് നിന്നും മോചിപ്പിച്ചെടുത്ത ശരീരമാകണം നമ്മുടേത്. കടം വീട്ടിത്തീര്‍ക്കുകയും വാക്കുകള്‍ പറഞ്ഞുതീര്‍ക്കുകയും വേണം. രാവിനെയും പകലിനെയും നന്മകള് കൊണ്ടു നിറക്കണം. നോമ്പൊരു ആചാരമായി കണക്കാക്കുന്നവരുണ്ട്. മാമൂലുകളും വാര്‍ഷിക മുറകളുമായി തള്ളുന്നവര്‍. മറ്റുചിലര്‍ റമളാനില്‍ കൂടുതലായി തിന്മ ചെയ്യുന്നു. അല്ലാഹുവോടാണ് രക്ഷ തേടാനുള്ളത്. ഓരോരുത്തരെയും വ്യക്തിപരമായും സമൂഹങ്ങളെ മൊത്തത്തിലും തിന്മയില് വീഴ്ത്താന്‍ ശേഷിയുള്ള പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നെല്ലാം അവനിലാണ് അഭയം.
പ്രിയ നോമ്പുകാരാ, മുസ്ലിം ഉമ്മത്ത് അതിസങ്കീര്‍ണമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. റമളാന്‍ മാസം കൊണ്ട് നമുക്കതിനൊരു മാറ്റം സൃഷ്ടിക്കാനാവണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും ജീവിതത്തില്‍ നിന്ന് വിശുദ്ധവചനത്തിനു കീഴിലായി നമുക്കൊന്നിച്ചു നില്‍ക്കാനാവണം. നമ്മുടെ ഇടപെടലുകളില്‍, ചിന്തകളില്‍, കാഴ്ചപ്പാടുകളില്‍ സമൂലമായ മാറ്റം ഈ മാസം സൃഷ്ടിക്കട്ടെ. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ഖുര്‍ആനും ഹദീസും ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹിക സാംസ്കാരിക വിതാനത്തിലേക്കു നാം ഉയര്‍ന്നുവരണം. നമ്മുടെ മുന്‍ഗാമികള്‍ ഈ ഉമ്മത്തിനെ കെട്ടിപ്പടുത്തതും അതിനു വെള്ളവും വെളിച്ചവും ആവോളം പകര്‍ന്നു നല്കിയതും ഈ മാസത്തിന്റെ അനിര്‍വചനീയമായ ശക്തിയും നിര്‍വൃതിയും അകത്തളത്തില്‍ ആവാഹിച്ചായിരുന്നു. ബദ്റും മക്കാവിജയവും ചില സാക്ഷ്യപത്രങ്ങള്‍ മാത്രം.
പ്രിയ കൂട്ടുകാരേ, നമുക്കിതാ ആ വിശുദ്ധ മാസം ആഗതമാവാനിരിക്കുന്നു. മുസ്ലിം ഉമ്മത്ത് ആഗോളതലത്തില്‍ അനുഭവിക്കുന്ന മുറിവുകള്‍, വെല്ലുവിളികള്‍ ദാരുണമാണ്. സിയോണിസ്റ്റ് ഭീകരതയില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീനിയന്‍ ജനത എങ്ങനെയായിരിക്കും ഈ വിശുദ്ധമാസത്തെ സ്വാഗതം ചെയ്യുക. പിറന്ന നാട്ടില്‍ നിന്ന്, കളിച്ചു വളര്‍ന്ന വീട്ടകത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവരെ, പ്രിയ കൂട്ടുകാരെ നമുക്ക് മറക്കാനാവില്ല. നമ്മുടെ ആദ്യ ഖിബ്ലയും വിശുദ്ധ ഗേഹവുമായ മസ്ജിദുല്‍അഖ്സയുടെ താഴികക്കുടങ്ങള്‍ ശാന്തിയിലും സ്നേഹത്തിലുമായി എന്നായിരിക്കും ഈ വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കുക?
പട്ടിണിയും പരിവട്ടവും ജീവിതമായി മാറിയ മുസ്ലിം സുഹൃത്തുക്കള്‍ ഈ മാസത്തെ എങ്ങനെ വരവേല്‍ക്കുമെന്ന ആശങ്ക നമ്മുടെ അന്തരാളങ്ങളെ പിടിച്ചുലക്കേണ്ടതല്ലേ?
പ്രിയ നോമ്പുകാരാ, റമളാനില്‍ മുസ്ലിം ഉമ്മത്തിനെ അല്ലാഹു വിശുദ്ധ വഴിയിലൂടെ പരിപാലിക്കുകയാണ്. ഹൃദയങ്ങള്‍ സ്ഫുടം ചെയത്, ശരീരകാമനകളെ നിയന്ത്രിച്ച്, ശാരീരികാലസ്യങ്ങളെ അറുത്തെടുത്ത് വിശ്വസമൂഹം പുതുപുത്തന്‍ നാമ്പുകള്‍ വാസന്തരാവില്‍ കിളിര്‍ത്തു നില്ക്കുന്നതു പോലെ ഉണര്ന്നെഴുന്നേല്ക്കുന്നു.
പൊതു ശത്രുവിനെതിരെ ഒരൊറ്റ ഹൃദയവുമായി വിശുദ്ധമായ കരുത്തുമായി മുസ്ലിം ഉമ്മത്ത് ഉയിര്ത്തെഴുന്നേല്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കിഴക്കുമുതല്‍ പടിഞ്ഞാറുവരെ വ്യാപിച്ചു കിടക്കുന്ന മുസ്ലിം ഉമ്മത്ത് ഈ വിശുദ്ധ മാസത്തിനു മംഗളമോതാനിരിക്കുന്നു. വഴിപ്പെടുന്നവര്‍ക്ക് സുകൃതങ്ങള്‍ അധികരിപ്പിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണിത്. ദോഷികള്‍ക്ക് തൗബയുടെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. സ്വര്‍ഗീയ വാതിലുകള്‍ തുറക്കപ്പെട്ടാല്‍ ഏതു വിശ്വാസിക്കാണ് കാത്തിരിക്കാനാവുക. നരകവാതിലുകള്‍ കൊട്ടിയടക്കപ്പെട്ടാല്‍ ദോഷികള്‍ക്കും സന്തോഷം തന്നെ. നോമ്പിനെ, മുഴുവന്‍ വൈകൃതങ്ങളില്‍ നിന്നും പരിക്കുകളില്‍ നിന്നും സംരക്ഷിച്ച് അതര്‍ഹിക്കുന്ന ആദരവ് കല്‍പ്പിക്കുന്ന വിശ്വാസി; നീ അല്ലാഹുവിന്റെ അതിഥിയാണ്.
നോമ്പിന്റെ യാഥാര്‍ത്ഥ്യം
വ്രതത്തിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ പലര്‍ക്കും അജ്ഞാതമാണ്. ഭക്ഷണപാനീയങ്ങളില്‍ നിന്നും ശരീരത്തെ തടഞ്ഞുനിര്‍ത്തുക എന്ന ബാഹ്യനിര്വചനമാണ് പലരുടെയും നോമ്പിനുള്ളത്. കണ്ണും കാതും നാക്കും കൈയും കാലും ശരീരം മുഴുക്കെയും വിശുദ്ധമാക്കപ്പെടുമ്പോഴേ വ്രതം പൂര്‍ണമാകൂ. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നു: ആരെങ്കിലും അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കാതെ ഭക്ഷണവും പാനീയവും മാത്രം ഉപേക്ഷിക്കേണ്ട ഒരാവശ്യവും അല്ലാഹുവിനില്ല.
റമളാനില്‍ മുസ്ലിംകള് തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ സുദൃഢമാക്കപ്പെടുന്നു. മുതലാളിയും തൊഴിലാളിയും തമ്മില്‍, സാധാരണക്കാരും പണ്ഡിതന്മാരും തമ്മില്‍, മുതിര്‍ന്നവരും ചെറിയവരും തമ്മില്‍… ഞങ്ങളെല്ലാം ഒന്നാണെന്നുള്ള ബോധ്യപ്പെടുത്തലുകള്‍ പ്രകടമാകുന്നു. ഛിദ്രതയുടെ തരംഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു. വിദ്വേഷത്തിന്റെ തിരമാലകള്‍ സൗഹൃദത്തിന്റെ കപ്പലിനെ ഛിന്നഭിന്നമാക്കാതിരിക്കാനുള്ള മനപ്പൂര്‍വമായ സാമൂഹികമായ ഒരു ഐക്യപ്പെടല്‍ കരസ്ഥമാകുന്നു.
നമ്മുടെ വഴികള്‍ റമളാനില്‍ യഥേഷ്ഠമാണ്. മുസ്ലിം സമൂഹം അതിനെ ഏറ്റെടുത്തു. നന്മയുടെ തേരു തെളിച്ച് നടക്കുന്ന ധര്മവാഹകര്ക്കിതൊരു കൊയ്ത്തുകാലമാണ്. സമൂഹത്തിന് അവര്‍ ഉദ്ദേശിക്കുന്ന ധാര്‍മികപ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ അവര്‍ക്ക് റമളാന്‍ വഴിയൊരുക്കുന്നു. അവസരങ്ങള്‍ നല്കപ്പെട്ടപ്പോള് സമൂഹമത് ഏറ്റെടുത്തു.
അല്ലാഹുവിന്റെ ദാസന്മാരേ, അവനെ ഭയക്കുവീന്. അവന്റെ വിധിവിലക്കുകളും മര്യാദകളും മുറുകെപ്പിടിക്കുവീന്‍. റമളാനിലെ ദിനരാത്രങ്ങള്‍ സജീവമാക്കുവീന്. നോമ്പിനെ നിങ്ങളുടെയും നിങ്ങളുടെ പോരായ്മകളെയും അബദ്ധങ്ങളെയും അകറ്റാനുള്ള മാധ്യമമാക്കുവീന്. പശ്ചാതാപം അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുവിന്‍. അല്ലാഹു നിങ്ങളുടെ ദോഷങ്ങള്‍ പൊറുത്തു തരട്ടേ! കാരുണ്യം ലഭിക്കപ്പെട്ടവരില് ഉള്‍പ്പെടുത്തട്ടേ. നരകമോചനം സാധ്യമാക്കപ്പെട്ടവരില് ചേര്‍ക്കട്ടേ.
ഡോ. അബ്ദുറഹ്മാന് അല്‍സുദൈസി
ഇരുഹറം കാര്യാലയ മേധാവിയാണ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസി. ലേഖനത്തിന് കടപ്പാട്: അല്വഥ്വന്.
വിവ. ശരീഫ് നുസ്വ്രി കുമ്പിടി
You must be logged in to post a comment Login