സ്വന്തം മകള്‍ വിശുദ്ധ ഇസ്ലാം സ്വീകരിച്ചതിന്റെ മാനസികാഘാതത്തില്‍ അമേരിക്കയിലെ ഒരമുസ്ലിം അമ്മ എഴുതിയ ഒരമൂല്യ കൃതിയാണ് ‘ഡോട്ടേഴ്സ് ഓഫ് അനദര്‍ പാത്ത്’. അമേരിക്കന്‍ അന്തരീക്ഷത്തില്‍ ഇസ്ലാം എത്രത്തോളം വേരുപിടിക്കുന്നുണ്ടെന്നതിന്റെ കൃത്യമായ ചിത്രമാണ് കരോള്‍ എല്‍. ആന്വിയെന്ന ഈ അമ്മ പുസ്തകത്തില്‍ വരച്ചിടുന്നത്. പരമ്പരാഗത കൃസ്ത്യാനി കുടുംബ പശ്ചാതലത്തില്‍ നിന്നാണ് അവരുടെ ജൂഡിയെന്ന മകള്‍ ‘ജൂഡി ത്വാഹിറ മുഹമ്മദ് സാദെ’യെന്ന പേര് സ്വീകരിച്ച് ഇസ്ലാമിന്റെ തണലിലേക്ക് കടന്നു വരുന്നത്. കാമ്പസില്‍ വെച്ച് ഇസ്ലാമെന്ന സമാധാനത്തിന്റെയും അവകാശങ്ങളുടെയും ജീവിതരീതി തിരിച്ചറിഞ്ഞ് ഒരു നാള് വീട്ടിലേക്ക് കടന്നു വന്ന മകളോടുള്ള തന്റെ അരിശത്തെ Fidder on the roof എന്ന സിനിമയിലെ ‘തെയ്വ’യെന്ന വിചിത്രസ്വഭാവമുള്ള പിതാവിന്റെ അരിശത്തോടാണ് കരോള്‍ എല്‍. ആന്‍വി സാദൃശ്യപ്പെടുത്തിയത്. മൂന്ന് മക്കളില്‍ മൂത്തവളോട് സകല ബന്ധങ്ങളും വിഛേദിച്ചു കളയുകയാണീ ‘തെയ്വ’ ചെയ്യുന്നത്. തന്റെ സാമ്പ്രദായിക കാഴ്ചപ്പാടുകളോട് യോജിക്കാത്തതിനാല്‍ തന്റെ മറ്റു രണ്ട് മക്കളോടും ഇതുപോലെത്തന്നെ വര്‍ത്തിക്കാനായിരുന്നു ‘തെയ്വ’യുടെ തീരുമാനം.
ജൂഡി പഠിക്കുന്ന അതേ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയര്‍ ഫാക്കല്‍റ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇറാന് സ്വദേശിയും കാഴ്ചയില്‍ വലിയ ഗൗരവക്കാരനുമായിരുന്ന ‘റിസാ’ എന്ന ചെറുപ്പക്കാരന്റെ സാന്നിധ്യമാണ് ജൂഡിയെ മാറ്റിയത്. അദ്ദേഹത്തിന്റെ പെരുമാറ്റവും ശൈലികളും അവളെ ഹഠാതാകര്ഷിച്ചു. പതിയെ ഈ ബന്ധം സ്നേഹത്തില്‍ കലാശിച്ചു. തന്മൂലം വിവാഹത്തിലും. കരോള്‍ പറയുന്നു: ”പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ മകള്‍ ജൂഡി ഇറാന് സ്വദേശിയായ റിസായെ വിവാഹം കഴിക്കുന്നതോടെ അവള് ഇസ്ലാമിക വിധിവിലക്കുകള്‍ ആചരിക്കുവാനും ശരീരമാകെ മൂടിപ്പുതച്ച് നടക്കുവാനും തുടങ്ങിയിരുന്നു”. മകളുടെ ഇസ്ലാമാശ്ലേഷം സഹിക്കവയ്യാത്ത ഒരമ്മയുടെ അരിശം ഈ വാചകങ്ങളില്‍ കാണാം. പലപ്പോഴായി ജൂഡിയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്ന റിസാ, തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താന്‍ മുസ്ലിമാകാന് പോവുകയാണെന്നുമുള്ള ജൂഡിയുടെ തീരുമാനം ഒരിടിത്തീ പോലെയാണ് കരോളിന്നനുഭവപ്പെട്ടിരുന്നത്. അതിശക്തമായ വിരോധമായിരുന്നു അക്കാലങ്ങളില്‍ റിസായോട്. എന്തു പറഞ്ഞാലും ജൂഡി പിന്മാറാനൊരുക്കമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കരോളിനും ഭര്‍ത്താവ് ‘ജോ’വിനും മൗനസമ്മതം നല്‍കേണ്ടി വന്നു. റിസായുടെ സമ്മര്‍ദ്ദമോ പ്രേരണയോ ഒന്നുമായിരുന്നില്ല ജൂഡിയെ ഈയൊരുദ്യമത്തിന് സജ്ജമാക്കിയത്. ഇസ്ലാമിനോടും അതിന്റെ സമാധാനാശയങ്ങളോടും റിസായെന്ന മുസ്ലിമില് പ്രതിഫലിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളോടുമുള്ള അവളുടെ ആഭിമുഖ്യമായിരുന്നു എല്ലാത്തിനും കാരണം!
വിവാഹത്തിന് ശേഷം പ്രത്യേകിച്ച് കരോള്‍ റിസയെ ശ്രദ്ധിച്ചു. അവന് ഓരോ വരവിലും സല്‍ഗുണ സമ്പന്നനായി കാണപ്പെട്ടു. കരോള്‍ വിശദീകരിക്കുന്നു: ”പിന്നീട് ഞാന്‍ റിസായെ മറ്റൊരു നിലയില്‍ നോക്കാന്‍ ശ്രമിച്ചു. അവന്റെ കറുത്ത കണ്ണുകളില്‍ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും പ്രകാശമുണ്ട്. അയാളെ അംഗീകരിക്കണമെന്ന അതി ശക്തമായൊരു വികാരം എന്നില്‍ ആവേശിച്ചു. വിവാഹിതയായി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്ക് ജൂഡി അപ്പാടെ മാറിക്കഴിഞ്ഞിരുന്നു. മുമ്പുള്ളതിനെക്കാളേറെ പക്വമതിയായി. മുടി മുറിക്കാന്‍ ‘ബ്യൂട്ടീഷ്യ’നെ ഏര്‍പ്പാട് ചെയ്യുമ്പോള്‍ പുരുഷന്മാരെ വേണ്ട എന്ന് അവള് പ്രത്യേകം നിഷ്കര്‍ഷിച്ചത് മാറ്റങ്ങളിലൊന്നായിരുന്നു. വേനല്‍ കാലത്ത് പുറംലോകം ചൂടില്‍ പൊരിയുമ്പോഴും നീളന്‍ കാലുറയിട്ടാണ് അവള് നടന്നത്.”
ഒരിക്കല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് ജൂഡിയും കൂടെയുണ്ടായിരുന്നു. ഡാഡി ജോവും അവളും കാറിന്റെ മുന്‍സീറ്റിലാണിരുന്നത്. കരോള്‍ പിറകിലും. യാത്രക്കിടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി ജൂഡി ചോദിച്ചു: ”മോം, ഈ ജീസസ് ആരായിരുന്നുവെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?”
”ഇതു നല്ല മറിമായം. നിനക്കറിയില്ലേ ജീസസ് ആരായിരുന്നുവെന്ന്?” കരോള്‍ തിരിച്ചുചോദിച്ചു. യേശുവിനെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം ആ കൃസ്ത്യന്‍ മാതാവ് മുസ്ലിമായ മകള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
”അപ്പോള്‍ യേശു ദൈവമാണെന്നാണോ?” ജൂഡിയുടെ മറുചോദ്യം.
”അതെ, ദൈവമാണ്, പക്ഷെ മൂന്നിലൊരുവന്‍.” മറുപടി.
”മൂന്നില്‍ ഒരുവനാണെന്ന പരമര്ശമെങ്ങനെ കൃത്യമാകും?” ജൂഡി പിന്നെയും മറുചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഈ വാക്ക് പിന്നീട് കരോളിന്റെ ഹൃദയത്തില്‍ ഒരസ്വസ്ഥത പടര്‍ത്തി. ജൂഡിയുടെ സംസാരത്തിലുടനീളം യേശുവിനെക്കുറിച്ചുള്ള ഇസ്ലാമിക യാഥാര്‍ത്ഥ്യങ്ങളാണ് പ്രതിധ്വനിച്ചത്. ഇക്കാരണത്താല്‍ ആ വിവാഹ ചടങ്ങിലും പിന്നീട് അത് കഴിഞ്ഞും ഈ അമ്മ തന്റെ മകളില്‍ നിന്ന് അകന്ന് നടക്കാന്‍ ശ്രദ്ധിച്ചു. വര്‍ഷങ്ങളോളം ഈ മാനസിക വിടവ് നീണ്ടു നിന്നു. അവര്‍ തമ്മില്‍ അകലം കൂടിക്കൂടി വന്നു. പിന്നീടുള്ള ബന്ധങ്ങള്‍ ഫോണിലൂടെ മാത്രമായി. പോക്കുവരവുകള്‍ കുറഞ്ഞു. അവളുടെ ഹിജാബ് ധാരണവും പന്നിമാംസ വര്ജ്ജ്യവുമൊക്കെ അകല്‍ച്ച ഏറ്റി.
‘ഡോട്ടേഴ്സ് ഓഫ് അനദര്‍ പാത്ത്’
സ്നേഹമുള്ള ഒരു അമ്മക്കും മകള്‍ക്കും പരസ്പരം വിദ്വേഷം വെച്ച് എത്രകാലം കഴിക്കാനാകും? ഏറെക്കാലം ഇത് തുടരാനാവില്ല. കരോള്‍ അമേരിക്കയില്‍ ഒരന്വേഷണത്തിന് മുന്നിട്ടിറങ്ങി. അമേരിക്കയിലൊട്ടാകെ താനനുഭവിക്കുന്നതു പോലെ എത്ര അമ്മമാര്‍ക്ക് അനുഭവങ്ങളുണ്ട്, ജൂഡിയെപ്പോലെ എത്ര പെണ്‍കുട്ടികള്‍ അമേരിക്കയിലുണ്ട്, എന്തൊക്കെയാവാം ഈ വഴിമാറി നടത്തത്തിന് ഹേതുവാക്കുന്നത്? എന്ന് തുടങ്ങിയ ഒരമുസ്ലിം അമ്മയുടെ അന്വേഷണ തൃഷ്ണയാണ് ‘ഡോട്ടേഴ്സ് ഓഫ് അനദര്‍ പാത്ത്'(മറ്റൊരു വഴിയുടെ പുത്രിമാര്‍) എന്ന പുസ്തകം. കന്സാസിറ്റി ഇസ്ലാമിക് സ്കൂളിലെ അധ്യാപികമാരായ ജമീല കൊലക്കോട്രോണിസ്, സൂസന് എല്‍ സയ്യിദ് എന്നിവരാണ് ഈ സര്‍വ്വേയില്‍ കരോളിന്റെ സഹപ്രവര്‍ത്തകര്‍. ധാരാളം മുസ്ലിം സ്ത്രീകള്‍ ഈ സര്‍വ്വേയില്‍ ഭാഗഭാക്കായി. വിവിധ മുസ്ലിം കോണ്‍ഫ്രന്‍സുകളിലൂടെ 350 ചോദ്യാവലികള്‍ വിതരണം ചെയ്തു. ‘ഒക്ലോമ, കാന്‍സാസ്, മിസ്സൗറി, വെര്‍ജീനിയ’ പോലുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് മറുപടി ലഭിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ‘മെട്രിക്കുലേഷന്‍ തൊട്ട് ഡോക്ടറേറ്റ്’ തലം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുണ്ട്. മത പരിവര്‍ത്തനത്തിന് ശേഷം 6 മാസം പിന്നിട്ടവരും ഇരുപത് വര്‍ഷം പൂര്‍ത്തിയായവരും പങ്കെടുത്തവരിലുണ്ട്. ഇസ്ലാം മതം സ്വീകരിച്ച ഒരു മകളുടെ അമ്മയെന്ന നിലക്ക് ഈ സര്‍വ്വേയിലെ അധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്നത് എന്റെ തന്നെ അനുഭവങ്ങളാണെന്ന് കരോള്‍ വിശദീകരിക്കുന്നുണ്ട്. മക്കളുടെ മതം മാറ്റത്തോടുള്ള മാതാ-പിതാക്കളുടെ പ്രതികരണങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ പൂര്‍ണ്ണ മനസ്സോടെയോ അര്‍ദ്ധമനസ്സോടെയോ അംഗീകരിച്ചവരും തീരെ അംഗീകരിക്കാത്തവരും കൂട്ടത്തിലുണ്ട്. അംഗീകരിച്ചവര്‍ 14 ശതമാനവും നിഷേധാത്മകമായി നിലകൊണ്ടവര്‍ 46 ശതമാനവുമുണ്ട്.
സര്‍വ്വേയിലെ പ്രതികരണങ്ങളിലൂടെ ഒരോട്ടപ്രദിക്ഷിണം നടത്തിയാല്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നതിന് മുമ്പുള്ള കാലങ്ങളില്‍ മാതാപിതാക്കളില്‍ നിന്നുണ്ടായിട്ടുള്ള സമ്മര്‍ദ്ദങ്ങളാണ് പലരെയും മതം മാറ്റത്തെക്കുറിച്ച് ചിന്തിപ്പിച്ചതെന്ന് കാണാം. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ അവര്‍ സന്ദര്‍ശിക്കുന്ന ചര്‍ച്ചുകളിലെ പാതിരിമാര്‍ക്കോ മതപുരോഹിതന്മാര്ക്കോ സാധിക്കാത്തത് മറ്റൊരു കാരണവും. വംശീയമായ പുറംതള്ളലുകള്‍ക്ക് പാത്രമായ തങ്ങള്‍ക്കെതിരെ വരുന്ന അപഹാസ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ഇസ്ലാമിന് കഴിയുമെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരും സര്‍വ്വേയില്‍ സാന്നിധ്യമറിയിച്ചു. 1960 കളിലും 70കളിലും കറുത്ത വര്‍ഗ്ഗക്കാരിയായി അമേരിക്കയില്‍ ജീവിച്ച ഒരു സ്ത്രീ പറയുന്നു: ”മിസിസിപ്പിയിലും ടെക്സാസിലും മൂപ്പെത്തും മുമ്പേ വംശീയ ഉദ്ഗ്രഥനത്തിന്റെ അനന്തര ഫലങ്ങള്‍ ഏറ്റുവാങ്ങിയ ഞാന്‍ എന്നോട് തന്നെ ചോദിച്ചു: ഈ സമൂഹത്തില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെ റോള്‍ എന്ത്? ഇതിനുത്തരം ചികയുന്ന മിക്കവാറും ജനങ്ങള്‍ ആഫ്രിക്കയിലെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണെന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തി. വാഷിംഗ്ടണ്‍ ഡി.സിയിലെ ഒരു കാത്തലിക് സ്കൂളില്‍ സംസാരവും നാടകാഭിനയവും പഠിപ്പിക്കലായിരുന്നു എന്റെ ജോലി. 1947ല്‍ ഞാന്‍ മുസ്ലിമായി. ഒപ്പം എന്റെ കുറേ ശിഷ്യഗണങ്ങളും. അതോടെ ഞാന്‍ രാജി വെച്ചൊഴിയണമെന്ന് സ്ഥാപനാധികൃതര്‍ എനിക്ക് നോട്ടീസ് നല്കി.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ ദൃഷ്ടിയില് പെട്ടതിനാലോ മുസ്ലിം ജീവിത ശൈലികള്‍ ഹഠാദാകര്ഷിച്ചതിനാലോ ഇസ്ലാമിനെക്കുറിച്ച് മനനം ചെയ്യാന്‍ കാരണക്കാരായവര്‍ കൂട്ടത്തിലുണ്ട്. ‘പഡ്യൂ'(ജൗൃറൗല) യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായിരുന്ന ഒരു സ്ത്രീക്ക് താന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന പാഠഭാഗത്തിലെ ഒരു വാചകമാണത്രെ ഇസ്ലാമാശ്ലേഷ ചിന്തകള്‍ക്ക് മുഖവുര നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിനി പറയുന്നു: ”മധ്യ പൗരസ്ത്യ ദേശങ്ങളുടെ ചരിത്രം പഠിപ്പിക്കുന്നതിനിടെ ഞങ്ങളുടെ പ്രൊഫസര്‍ ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗം വായിച്ചു കേള്‍പിച്ചു. ഇസ്ലാമിക പ്രസരണത്തിന്റെ ശക്തമായ ആയുധമായിരുന്നു ഖുര്‍ആന്‍ എന്നാണ് അദ്ദേഹം വിശദീകരിച്ചു കൊണ്ടിരുന്നത്. എന്തായാലും പ്രൊഫസര്‍ വായിച്ച വാക്കുകള്‍ക്ക് വലിയൊരു ശക്തിയുണ്ടായിരുന്നു”. ഒരു ബോണ്‍സ് നക്ഷത്രവും രണ്ട് പര്‍പ്പിള്‍ മുദ്രയും സൈനിക സേവനത്തിന് ബഹുമതിയായി ലഭിച്ച ഒരു സ്ത്രീ സര്‍വ്വേയില്‍ അനുഭവം പങ്കുവെക്കുകയുണ്ടായി. സഊദി അറേബ്യയിലേക്ക് സൈനികാവശ്യത്തിനായി യാത്ര തിരിക്കുകയും, അവിടെ വെച്ച് കേള്‍ക്കാനിടയായ മുസ്ലിം പ്രാര്‍ത്ഥനയിലെ ‘അല്ലാഹ്’ എന്ന വചനത്തില്‍ ആകൃഷ്ടയായി ഇസ്ലാം സ്വീകരിക്കുകയും ചെയ്ത സ്ത്രീയാണവര്. തന്മൂലം തന്റെ ദാമ്പത്യ ജീവിതം താറുമാറായി. ഇടക്കാലത്ത് ഒരു മുഴുഭ്രാന്തിയായി മാറിയതും അവള് അയവിറക്കുന്നു.
സര്‍വ്വേയില്‍ മുഖ്യമായി പ്രതിപാദിച്ച മറ്റൊന്നാണ് ബന്ധുവീടുകളിലേക്ക് വിരുന്ന് പോകുമ്പോഴുണ്ടാകുന്ന അന്ത:സംഘര്‍ഷങ്ങള്‍. ഇസ്ലാമിക ചിട്ടയില്‍ അറുക്കപ്പെട്ട ഹലാല്‍ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളുവെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. പന്നി മാംസമോ ഹലാലല്ലാത്ത മറ്റു മാംസങ്ങളോ കഴിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല. പലരും ഇത്തരം പ്രതിസന്ധികള്‍ അതിജയിക്കാന്‍ വിരുന്നിന് പോകുമ്പോള്‍ കൂടെ ഹലാല്‍ ഭക്ഷണം കൊണ്ടുപോകാറായിരുന്നു പതിവ്! അമേരിക്കന്‍ മുസ്ലിംകള്ക്ക് പങ്കെടുക്കാന്‍ പറ്റാത്ത നിരവധി ചടങ്ങുകളുണ്ട്. ക്രിസ്തുമസ് ആഘോഷം, ഡാന്‍സ് പോലെ സമയംകൊല്ലി പാര്‍ട്ടികള്‍; ഇവകളിലേക്കൊന്നും മുസ്ലിം മാതാപിതാക്കള്‍ മക്കളെ പറഞ്ഞയക്കില്ല. വീട്ടിലിരിക്കലാണ് അവര്‍ക്ക് ഉചിതമെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചു. പബ്ലിക്ക് സ്കൂള്‍ സംവിധാനങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ വിടുന്നത് മദ്യവും മയക്കുമരുന്നും സെക്സും അക്രമണങ്ങളും നിറഞ്ഞ ഒരു ലോകത്തേക്കാണ്. ചുരുങ്ങിയ പക്ഷം അവരവിടെ സംസാരിക്കുന്നതെങ്കിലും ഇവയെക്കുറിച്ചാകുമെന്ന ആകുലതയാണ് രക്ഷിതാക്കള്‍ക്കുള്ളത്. ‘ഹോം സ്കൂള്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന സംഘടന ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിച്ച് ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നു.
ഫീസ് കൊടുത്തെങ്കിലും ഇസ്ലാമിക സംസ്കാരങ്ങള്‍ നുകരാന്‍ ഇസ്ലാമിക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. പലര്‍ക്കും മൈലുകളോളം യാത്ര ചെയ്തെങ്കിലേ ഇത്തരമൊരു പഠനാലയത്തില് എത്തിപ്പെടാന്‍ പോലുമാകൂ. എത്ര പണച്ചെലവുണ്ടെങ്കിലും, വിദൂരത്താണെങ്കിലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമായതില്‍ തികഞ്ഞ സംതൃപ്തിയാണ് മുസ്ലിം രക്ഷിതാക്കളില്‍ കാണാന്‍ കഴിഞ്ഞത്. ടെലിവിഷന്‍ തുറന്ന് വെക്കുന്നത് പോലും മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി അനുഭവം പങ്കുവെച്ചവരുണ്ട്. ഒരു നിമിഷം ടി.വി തുറന്നു വെച്ചാല്‍ എന്തൊക്കെയാണ് കാണേണ്ടി വരിക? കൊമേഴ്സ്യല്‍ പരിപാടികള്‍, ഡാന്‍സ്, റാപ്പ് മ്യൂസിക്, ഡേറ്റിംഗ്.. ഇസ്ലാമിക കാഴ്ചപ്പാടനുസരിച്ച് ഇതൊന്നും കുട്ടികള്‍ക്ക് കാണാന്‍ പാടില്ലെന്ന് ഒരു സ്ത്രീ വികാരഭരിതയായി തുറന്നെഴുതി. ലോകത്തെ ഏറ്റവും വലിയ സൗകര്യങ്ങളില്‍ അഭിരമിക്കുകയും നവീകരണത്തിന്റെ എല്ലാ വേലിയേറ്റങ്ങളും കാണുകയും ചെയ്ത അമേരിക്കന്‍ ജനതയാണിത് പറയുന്നതെന്ന് കൂടി കൂട്ടിച്ചേര്‍ത്തു വേണം ഈ ഭാഗം വായിക്കാന്‍.
ഇസ്ലാമാശ്ലേഷത്തോടുകൂടി ആഡംബരം നിറഞ്ഞ ജീവിതം മറ്റൊരു തലത്തിലേക്ക് പറിച്ചു നട്ടവരാണ് അമേരിക്കയിലെ മുസ്ലിം സ്ത്രീകള്‍. ഇസ്ലാമിക സമൂഹങ്ങള്‍ കാലാന്തരേണ നിസ്സാരമായിക്കണ്ടണ്ട ചെറിയ ചെറിയ അധ്യാപനങ്ങള്‍ പോലും ഇവരെ അടിമുടി മാറ്റി എന്നതാണ് ആശ്ചര്യകരം! ഉദാഹരണത്തിന് പാര്‍ട്ടികളിലോ മറ്റോ നല്കാന് വേണ്ടി വാങ്ങുന്ന സമ്മാനങ്ങളില്‍ പോലും ഇവര്‍ ഇസ്ലാമിനെ പരിഗണിച്ചു. ജീവനുള്ള വസ്തുക്കളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അമേരിക്കയിലെ കളിപ്പാട്ടങ്ങളായ ബാറ്റ്മാന്, ടര്‍ട്ടില്‍, പവര്‍ റേഞ്ചേഴ്സ്, ബേബി ആന്റ് കെന്‍’ തുടങ്ങിയവയൊന്നും മുസ്ലിംകള്ക്ക് സ്വീകാര്യമല്ല. ജീവനുള്ള വസ്തുക്കളുടെയോ പണ്യവാളന്മാരുടെ ചിത്രപ്പണികള്‍ ചെയ്ത ബെഡ്ഷീറ്റുകളോ വസ്ത്രങ്ങളോ അവര്‍ സ്വീകരിക്കാത്ത സമ്മാനങ്ങളാണ്.
മുസ്ലിംകളായതോടെ വീടകത്തിന് അര്‍ഹിക്കുന്ന പരിഗണന കല്പിച്ച് ഷൂസുകള്‍ വെളിയിലഴിച്ചു വെക്കാനാരംഭിച്ചതും ടോയ്ലറ്റുകളില് ശൗച്യത്തിനായി പേപ്പറുകള്‍ക്ക് പകരം വെള്ളമാക്കിയതുമൊക്കെ മാറ്റത്തിന്റെ പരിണതികളായിരുന്നു. ഫോണെടുത്താല്‍ ആദ്യത്തെ അഭിവാദന വചനം ‘അസ്സലാമു അലൈക്കും’ എന്നായി മാറി. ഉറങ്ങുമ്പോഴും ഉണരുമ്പോഴും കുളിക്കാന്‍ കയറുമ്പോഴുമൊക്കെയുള്ള കൊച്ചു കൊച്ചു മന്ത്രങ്ങള്‍ അവര്‍ വിടാതെ ചൊല്ലി. പിറന്നു വീഴുന്ന കുഞ്ഞിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും വിളിക്കുന്ന ഇസ്ലാമിക ചര്യ അമേരിക്കയില്‍ സര്‍വ്വ വ്യാപകമായി. കുഞ്ഞ് പിറന്ന ആദ്യത്തെ മാസങ്ങള്‍ക്കുള്ളില്‍ ഒരാടിനെ ബലി കഴിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന പതിവും(അഖീഖ) അമേരിക്കന്‍ മുസ്ലിംകള്ക്കിടയില് വ്യാപകമായി.
ഇസ്ലാമും അമേരിക്കയും തമ്മില്‍
തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാമാണെന്ന് 1980ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയത്രെ! പടിഞ്ഞാറിന് എന്താണിത്ര ഇസ്ലാം ഭീതി? വാഷിംഗ്ടണിലെ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലിന്റെ പഠനമനുസരിച്ച് മത പരിവര്‍ത്തനം ചെയ്തവരും പാരമ്പര്യ മുസ്ലിംകളും കുടിയേറിപ്പാര്‍ത്തവരും എല്ലാം കൂടി 60 മുതല്‍ 80 ശതമാനം വരെയാണ്. 1985ലെ കണക്കനുസരിച്ച് മാത്രം 600ലേറെ ഇസ്ലാമിക സ്ഥാപനങ്ങള്‍ അവിടെയുണ്ട്. ക്രിസ്ത്യാനിസത്തില്‍ നിന്നുള്ള മതം മാറ്റവും, ഇസ്ലാമിക സംഹിതകള്‍ അമേരിക്കന്‍ ഉപഭോഗ സംസ്കൃതിക്ക് ഉടക്കായിരിക്കും എന്നതുകൊണ്ടും കൂടിയാണ് ഇസ്ലാമിനെ അമേരിക്കയിത്ര പേടിക്കുന്നത്. എന്തുകൊണ്ട് അമേരിക്കന്‍ പരിതസ്ഥിതിയില്‍ നിന്ന് ഇസ്ലാമിലേക്ക് എന്ന ചോദ്യത്തിന് പലരും ഇങ്ങനെയാണ് മറുപടി പറഞ്ഞത്: ”അച്ചടി ധാരണകളെ അവഗണിച്ച് അമേരിക്കക്കാര്‍ ഇസ്ലാമിനെ അറിയണം. സമാധാനമാണത്. ഇസ്ലാമില്‍ വരുന്നതു കൊണ്ട് ഞാനൊരു മതഭ്രാന്തിയായി എന്നോ ഭീകരവാദിയായി എന്നോ അര്‍ത്ഥമാക്കുന്നില്ല. മിക്ക അമേരിക്കക്കാരുടെയും വിചാരം, ഇസ്ലാം സ്ത്രീകളെ അടിച്ചമര്ത്തുന്നുണ്ടെന്നാണ്. മുസ്ലിം സ്ത്രീകളില്‍ പെട്ട ആരെങ്കിലും അങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് ശരിയായ ഇസ്ലാമിനെ മാറ്റി വെച്ച് നാട്ടാചാരങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ്. അമേരിക്കയിലെ സ്ത്രീകളുടെ വിചാരം അവരാണ് ഭൂമിയിലെ വിമോചിതര്‍ എന്നാണ്. എന്നാല്‍ ഭീകരമായ അടിച്ചമര്‍ത്തപ്പെടലില്‍ നിന്ന് അവര്‍ക്കൊരിക്കലും മാറിനില്‍ക്കാനാവില്ല. സ്വശരീരം ‘പെര്‍ഫെക്ട്’ ആയിട്ടില്ലെങ്കില്‍ നിരസിക്കപ്പെടുമെന്ന് ഭയമുള്ളവര്‍, മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാന്‍ വേണ്ടി മാത്രം ശരീരം തുറന്നിട്ട് നടക്കേണ്ടി വരുന്നവര്‍.. ഇവര്‍ അടിച്ചമര്ത്തപ്പെട്ടവരല്ലെങ്കില് പിന്നെയാരാണ് അടിച്ചമര്‍ത്തപ്പെട്ടവര്‍?”
ഇറുകിയ പാന്റ്സിലും മിനിസ്കര്ട്ടിലും സ്വാതന്ത്ര്യമാണുള്ളതെന്നും സമത്വം വേണമെങ്കില്‍ ആണും പെണ്ണും കാഴ്ച്ചയില്‍ ഒരുപോലെയായിരിക്കണമെന്നും ഞങ്ങള്ക്കഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയ വനിതകളുണ്ട്. ബുര്‍ഖയെ ചൊല്ലി നിരവധി തര്‍ക്കവിതര്‍ക്കങ്ങള്‍ അമേരിക്ക അഭിമുഖീകരിച്ചിട്ടുണ്ട്. ‘ഇസ്ലാമിക് സിസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍’ എന്ന പ്രസിദ്ധീകരണത്തിന്റെ 1994 ജനുവരി ലക്കം ഹിജാബിനെക്കുറിച്ചുള്ള സ്പ്ലിമെന്റ് പുറത്തിറക്കി: ‘ഒശഷമയ; ഉലളലിശശേീി മിറ ഉലരെൃശാശിമശേീി'(ഹിജാബ്; നിര്‍വ്വചനവും വിവേചനവും) എന്ന ശീര്‍ഷകത്തില്‍. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ പൊതു നിരത്തുകളില്‍ അപഹസിക്കപ്പെടുന്നുവെന്നും ഇരട്ടപ്പേര് സ്വീകരിക്കേണ്ടി വന്നുവെന്നും മാഗസിന് പ്രസ്താവിക്കുന്നു. അമേരിക്കന്‍ സാഹചര്യത്തില്‍ ഹിജാബ് നിര്‍ബന്ധമാണെന്ന് കര്‍ക്കശമായി പറഞ്ഞവരുമുണ്ട്. വിവേചനങ്ങള്‍ മറികടക്കാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടാകണമെന്നാണ് മാഗസിന് എഡിറ്ററുടെ ആഹ്വാനം.
ഓരോ പരിഹാസാനുഭവങ്ങള്ക്കു ശേഷവും ഇനിമേല്‍ ഹിജാബ് അഴിച്ചുമാറ്റേണ്ടതില്ലെന്ന ഉറച്ച തീരുമാനമെടുക്കാന്‍ കഴിയുന്നതായി ഒരു യുവതി പറയുന്നു. ബുര്ഖയെക്കുറിച്ച കൗതുകം കാരണം ഇസ്ലാമിനെക്കുറിച്ച് പലരും പഠിക്കാനിട വന്നിട്ടുണ്ട്. ബുര്‍ഖ ധരിച്ചതുകൊണ്ട് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചവരാണ് പലരും. വിമാനത്തില്‍ നല്ല സീറ്റുകള്‍ ലഭിക്കാനും കച്ചവടക്കാര്‍ ഫ്രീയായി സാധനങ്ങള്‍ തരാനും ‘ക്യൂ’ നില്‍ക്കേണ്ടിടങ്ങളില്‍ തങ്ങളെ മുന്നിലേക്ക് കടത്തി വിടാനുമൊക്കെ ഈ ‘മാന്യതയുടെ മൂടുപടം’ സഹായിക്കുന്നു എന്ന് കുറിച്ചിട്ടവരുമുണ്ട്.
തന്റെ പഠനാടിസ്ഥാനത്തില്‍ ഇസ്ലാമിനെക്കുറിച്ച കുപ്രചരണം പടിഞ്ഞാറില്‍ കൂടുതലാണെന്ന് കരോള്‍ തെളിച്ച് പറയുന്നുണ്ട്. സത്യസന്ധമായ വാര്ത്തകള്ക്കവര് മറ സൃഷ്ടിക്കുന്നു. 1995ല്‍ ‘ഒക്ലഹോമ’യില്‍ നടന്ന സ്ഫോടനത്തിന് ഉത്തരവാദികള്‍ മുസ്ലിംകളാണെന്ന് മീഡിയ പ്രചരിപ്പിച്ചതും ഇക്കാരണത്താല്‍ സ്ട്രീറ്റുകളില്‍ നിരപരാധികള്‍ ഭര്ത്സിക്കപ്പെട്ടവരും മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പലുകള്‍ ഏല്‍ക്കേണ്ടി വന്നവരുമുണ്ടെന്ന് ഗ്രന്ഥകാരി വ്യക്തമാക്കുന്നു. കരോള്‍ എല്‍. ആന്‍വി ഒരമുസ്ലിം മാതാവാണെന്ന നിലക്ക് ഈ സര്‍വ്വേ നടത്തുമ്പോഴും ക്രോഡീകരിക്കുമ്പോഴും പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴുമൊക്കെ താനൊരു നിഷ്പക്ഷമതിയാണെന്ന ഉറപ്പിച്ച് പറയുന്നുണ്ട്. ഒരമേരിക്കക്കാരി എന്ന നിലക്ക് അമേരിക്കന്‍ മുസ്ലിം പരിതസ്ഥിതി വിശദീകരിക്കാന്‍ മറ്റാരെക്കാളും കടപ്പെട്ടവളും കരോള്‍ തന്നെ. ഇസ്ലാമിനെ നിഷ്പക്ഷമായി വിശകലനം ചെയ്യുന്നവര്‍ക്ക് ‘ഡോട്ടേഴ്സ് ഓഫ് അനദര്‍ പാത്ത്’ ഒരുത്തമ വഴികാട്ടിയാണ്.
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല
You must be logged in to post a comment Login