പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി.
വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, സ്ഥിരം യാത്രചെയ്തുപോയി പഠിക്കാന്‍ കഴിയാത്ത അംഗവൈകല്യമുള്ളവര്‍… ഇവരൊക്കെ ഇന്ന് ആശ്രയിക്കുന്നത് വിദൂരവിദ്യാഭ്യാസത്തെയാണ്.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികള്‍ വിദൂരമേഖലയിലേക്കു ചേക്കേറിക്കഴിഞ്ഞു. ആദ്യമൊക്കെ റെഗുലര്‍ കോളേജുകളില്‍ സീറ്റുകിട്ടാതെവന്നവരുടെ അഭയകേന്ദ്രമായിരുന്നു വിദൂരവിദ്യാഭ്യാസമെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍പേര്‍ കോഴ്‌സുകള്‍ചെയ്യുന്നു.
വിദൂര വിദ്യാഭ്യാസരീതിയില്‍ വിവിധ സര്‍വകലാശാലകള്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നു. ഇഗ്‌നോയ്ക്കു പുറമെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളും വിവിധ കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. അണ്ണാമലൈ സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സര്‍വകലാശാലകളും ഇത്തരത്തില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.
വിദൂര വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയാണവ. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കലാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ലക്ഷ്യം. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാന്‍ ഇവ അവസരമൊരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് കേന്ദ്രങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഹ്രസ്വകാല വൊക്കേഷണല്‍ കോഴ്‌സുകളാണ് കറസ്‌പോന്‍ഡന്‍സ് യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നത്.
ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഓണ്‍ലൈന്‍ സപ്പോര്‍ട്ടോടുകൂടിയാണ് ഇതിലെ വിദ്യാഭ്യാസം. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.
ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ അംഗീകാരവും തൊഴില്‍ രംഗത്ത് ആ കോഴ്‌സുകള്‍ എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നതും കൃത്യമായി മനസ്സിലാക്കിയിരിക്കണം.
കേരള സര്‍വകലാശാല (www.ideku.nte)
1976 ലാണ് കേരള സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വിഭാഗം തുടങ്ങിയത്. മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സയന്‍സ്, ഭാഷ, സാഹിത്യം, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്യൂണിക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഭാഗങ്ങളിലായി 56 കോഴ്‌സുകളാണ് കേരളയുടെ വിദൂരവിദ്യാസവിഭാഗം നടത്തുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി/ പിജി പ്രോഗ്രാമിനൊപ്പം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമുണ്ട്. സര്‍വകലാശാലയുടെ റെഗുലര്‍ കോഴ്‌സുകള്‍ക്കുള്ള അതേ സിലബസ് തന്നെയാവും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും ഉണ്ടാവുക. പി.എസ്.സിയും മറ്റു സര്‍വകലാശാലകളും ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 132 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.
ബിരുദ കോഴ്‌സുകള്‍: അഫ്‌സലുല്‍ ഉലമ, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.സി.
പി.ജി. കോഴ്‌സുകള്‍: അറബി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളില്‍ എം.എ., എം.ബി.എ., മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എല്‍.ഐ.സി., മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, എം.കോം., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. ഇന്‍ ക്ലിനിക്കല്‍ ന്യുട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.
എം.ജി. സര്‍വകലാശാല (www.mgu.ac.in)
1990 ലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 73 ഓഫ് കാമ്പസ് സെന്ററുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം വിദേശത്താണ്. ഷാര്‍ജ, ദോഹ, മനാമ, ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി, കുവൈത്ത്, അബുദാബി, ഒമാന്‍ എന്നിവിടങ്ങളിലാണ് വിദേശ സെന്ററുകളുള്ളത്. കൂടാതെ വിവിധ വിഷയങ്ങളിലായി കേരളത്തില്‍ 122 ഓഫ് കാമ്പസ് സെന്ററുകളുമുണ്ട്. എം.ബി.എ., എം.സി.എ. കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം.
ബിരുദ കോഴ്‌സുകള്‍: ബി.എഫ്.ടി., ബിഎ സോഷ്യോളജി, ബി.ബി.എ., ബി.ബി.എം., ബിസിഎ, ബികോം, ബി.എല്‍.ഐ.എസ്‌സി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടി.എസ് – ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ്.
പി.ജി. കോഴ്‌സുകള്‍: എല്‍.എല്‍.എം., എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. മള്‍ട്ടിമീഡിയ, എം.എ. സോഷ്യോളജി, എം.സി.എ, എം.ബി.എ., എം.കോം, എം.എസ്.സി. ഐ.ടി., എം.എസ്.സി. മാത്തമാറ്റിക്‌സ്
കാലിക്കറ്റ് സര്‍വകലാശാല (www.universityofcalicut.info)
1981ലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വിഭാഗം ആരംഭിക്കുന്നത്. നിലവില്‍ 16 ബിരുദ കോഴ്‌സുകളും 13 ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇവിടെ നടത്തുന്നത്. രണ്ടു ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 18 വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ കോഴ്‌സുകള്‍ക്കായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഷാര്‍ജ, അബുദാബി, ദോഹ, കുവൈത്ത്, ബഹറിന്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.
ബിരുദകോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, തമിഴ്, സംസ്‌കൃതം, അഫ്‌സലുല്‍ ഉലമ, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബി.എ., ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.ബി.എ., ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍,ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ബി.എസ്‌സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി
പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, തമിഴ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം., എം.ബി.എ.
പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍: ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ടിവി ന്യൂസ് പ്രസന്റേഷന്‍ ആന്‍ഡ് ആങ്കറിങ്,മള്‍ട്ടി മീഡിയ, വെബ് ടെക്‌നോളജി, ഫോറിന്‍ ട്രേഡ്.
ഡിപ്ലോമ കോഴ്‌സുകള്‍: ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസേഷന്‍, മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജെമോളജി, ഹോട്ടല്‍ മാനേജ്‌മെന്റ്
കണ്ണൂര്‍ സര്‍വകലാശാല (www.kannuruniversity.ac.in)
ബിരുദ കോഴ്‌സുകള്‍: ഇംഗ്ലീഷ്, ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മലയാളം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, അഫ്‌സല്‍ ഉല്‍ ഉല്‍മ എന്നീ വിഷയങ്ങളില്‍ ബിഎ, ബി.കോം, ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.ബി.എ., ബി.സി.എ.
പി.ജി. കോഴ്‌സുകള്‍: ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എ, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.കോം.
പ്രധാന വിദൂരവിദ്യാഭ്യാസ സര്‍വകലാശാലകള്‍
1. അളഗപ്പ സര്‍വകലാശാല, 2. ആന്ധ്ര സര്‍വകലാശാല, 3. അണ്ണ സര്‍വകലാശാല, 4. അണ്ണാമലൈ സര്‍വകലാശാല
5. ബെഗളൂരു സര്‍വകലാശാല, 6. ഭാരതിയാര്‍ സര്‍വകലാശാല, 7. ഐ.സി.എഫ്.എ.ഐ. സര്‍വകലാശാല, 8. കകാതിയ സര്‍വകലാശാല, 9. മണിപ്പാല്‍ സര്‍വകലാശാല, 10. ഉസ്മാനിയ സര്‍വകലാശാല
കരുതലോടെ വേണം വിദൂര വിദ്യാഭ്യാസം
സാമ്പത്തികസാധ്യത ലക്ഷ്യമിട്ട് 90കളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വകലാശാലകള്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയത്. പ്രോഗ്രാമിങ് സെന്റര്‍, കൗണ്‍സലിങ് സെന്റര്‍ എന്നിങ്ങനെയുള്ള പേരുകളില്‍ സ്വകാര്യ സംരംഭകരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതിനുശേഷം അംഗീകാരം നല്‍കുന്നതാണ് രീതി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അപേക്ഷകള്‍ ആദ്യം സിന്‍ഡിക്കേറ്റില്‍ വെയ്ക്കും. സിന്‍ഡിക്കേറ്റ് സമിതി അപേക്ഷകരുടെ ചെലവില്‍ വിദേശകേന്ദ്രങ്ങളിലെത്തി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയശേഷം അനുമതി നല്‍കുകയുംചെയ്യും. ഓരോവര്‍ഷവും ഈ കേന്ദ്രങ്ങള്‍ പണമടച്ച് അംഗീകാരം പുതുക്കേണ്ടതുണ്ട്.
യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 24 പഠനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ 24 കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കോടതിയുടെ സഹായത്തോടെയാണ് നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ പരീക്ഷയെഴുതിയത്.
ഗള്‍ഫ് നിയമങ്ങളനുസരിച്ച് വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ മുഖേന പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ശ്രമം. എം.ജി. സര്‍വകലാശാലയിലും ഇതേ വിഷയമുണ്ടായി. യു.ജി.സി. നിര്‍ദേശപ്രകാരം ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ചാന്‍സലറായ ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും നിര്‍ദേശിച്ചു. ആകെയുണ്ടായിരുന്ന 133 ഓഫ് കാമ്പസ് സെന്ററുകളില്‍ 82 എണ്ണവും പൂട്ടി. ഇവയില്‍ ഏകദേശം 12,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. പാതിവഴിയില്‍ പഠനമുപേക്ഷിക്കേണ്ടനിലയിലാണ് ഇപ്പോള്‍ ഇവര്‍.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 29 സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള അണ്ണാമലൈ, മധുര കാമരാജ്, ഭാരതിയാര്‍ തുടങ്ങിയവയാണ് മുന്‍പന്തിയില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സംസ്ഥാനത്തിനുപുറത്ത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രോഗ്രാമിങ് സെന്ററുകളുണ്ട്.
കേന്ദ്രസര്‍വകലാശാലകള്‍ക്കുമാത്രമേ രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനസര്‍വകലാശാലകള്‍ക്ക് ഓഫ് കാമ്പസ് അനുവദിക്കാനധികാരമില്ലെന്നും പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഓഫ് കാമ്പസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ 2009 ഏപ്രിലില്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ നിര്‍ദേശം കഴിഞ്ഞ മാസവും യു.ജി.സി. ആവര്‍ത്തിച്ചു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ഇവയുടെ പ്രവര്‍ത്തനം.
വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച സര്‍വകലാശാലകളുടെ മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും അംഗീകരിച്ച കോഴ്‌സുകളാണോ എന്ന് നോക്കിയാവണം തിരഞ്ഞെടുപ്പ്. ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത ഏതെങ്കിലും സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സിന് ചേരുന്നതിനേക്കാള്‍ ഇഗ്‌നോയുടെ സെന്ററുകളില്‍ പഠിക്കുന്നതാണ് സുരക്ഷിതം.
ഇഗ്‌നോ (www.ignou.ac.in)
ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസ മുന്‍നിര സര്‍വകലാശാലയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്ന ഇഗ്‌നോ. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഗ്‌നോയ്ക്ക് 36 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 67 റീജ്യണല്‍ സെന്ററുകളും 3000 ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും 60 വിദേശ സെന്ററുകളും സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. യു.എ.ഇ., ഒമാന്‍, ബഹറിന്‍, ദോഹ, ശ്രീലങ്ക, മൗറീഷ്യസ്, മാലെ ദ്വീപ്, നേപ്പാള്‍, കെനിയ, ഫിജി, കരീബിയന്‍ ദ്വീപുകള്‍, സമോവ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സിംഗപ്പൂര്‍, ഖാന എന്നിവിടങ്ങളിലും ഇഗ്‌നോ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.
490 അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ജനുവരിയിലും ജൂലായിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നല്‍കുന്നു. ചില കോഴ്‌സുകള്‍ ജൂലൈ സെഷനില്‍ മാത്രമായിരിക്കും. കോഴ്‌സുകളുടെ സ്വഭാവം അനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തിയും നേരിട്ടും പ്രവേശനം നല്‍കുന്നു.
ജൂലൈ സെഷനുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ തുടങ്ങും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും റീജ്യണല്‍ സെന്ററുകളുണ്ട്.
ബിരുദ കോഴ്‌സുകള്‍: ബിഎ ടൂറിസം സ്റ്റഡീസ്, ബി.സി.എ., ബി.എ., ബി.കോം, ബി.കോം, ബി.എസ്.സി, ബി.എസ്.ഡബ്ല്യു, ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബി.ബി.എ ഇന്‍ റീട്ടെയിലിങ് വിത്ത് ദി മോഡുലര്‍ അപ്രോച്ച്.
പി.ജി. കോഴ്‌സുകള്‍: എം.ബി.എ, മാസ്റ്റര്‍ ഓഫ് കൗണ്‍സലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, എം.സി.എ, മാസ്റ്റര്‍ ഓഫ് സയന്‍സ് (ഡയറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസസ് മാനേജ്‌മെന്റ്), എം.എ. (റൂറല്‍ ഡെവലപ്‌മെന്റ്), എം.കോം, എം.എ. ടൂറിസം മാനേജ്‌മെന്റ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിന്ദി, എംഎസ്ഡബ്ല്യു, എം.എ. ഫിലോസഫി, എം.എ. എജ്യൂക്കേഷന്‍, എം.എ. ഇക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. സോഷ്യോളജി, എം.എ. സൈക്കോളജി, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എ. ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ്, എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ആപ്ലിക്കേഷന്‍സ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഇന്‍ ആന്ത്രപ്പോളജി.
റസല്‍
You must be logged in to post a comment Login