മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലെ വളരെ നിര്‍ണായകമായ ഒരു ഘട്ടമാണ് കൗമാരം. ഏറെ മാറ്റങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു കാലം. ബുദ്ധിയും ശരീരവും വളരുകയും മനസുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയെന്നും പുരുഷനെന്നുമുള്ള പ്രത്യേകതകള്‍ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന കാലം.നമ്മുടെ നാട്ടില്‍ ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജുപഠനത്തിന്റെ തുടക്കം എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് കൗമാരം കടന്നുപോകുന്നത്. കൗമാരം അനുഭവിക്കുന്നവര്‍ക്ക് അത് ആഘോഷത്തിന്റെയും അടിച്ചുപൊളിക്കലിന്റെയും സന്ദര്‍ഭമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും ഇതിനെ ഒരു പ്രശ്‌നഘട്ടമായാണ് കരുതുന്നത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാലമായി കൗമാരത്തെ കാണുന്നു.
കൗമാരത്തിലെ ആകാംക്ഷകളെയും ആവേശങ്ങളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം അവയെ അതിമനോഹരമായി ചൂഷണം ചെയ്യാന്‍ വെമ്പുന്ന ഇരുട്ടിന്റെ ശക്തികളാണ് നമുക്ക് ചുറ്റുമുള്ളത്.
കൂട്ടുകെട്ടുകള്‍
ഏതൊരു മനുഷ്യനെയും നന്നാക്കുന്നതിലും ചീത്തയാക്കുന്നതിലും കൂട്ടുകെട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. മാതാപിതാക്കളെക്കാളും ബന്ധുക്കളെക്കാളുമൊക്കെ കൂട്ടുകെട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കാലമാണ് കൗമാരം. സമപ്രായ പ്രാധാന്യം കൊടുക്കുന്ന കാലമാണ് കൗമാരം. സമപ്രായക്കാരുടെ ഗ്രൂപ്പുകള്‍(ജലലൃ ഴൃീൗു) കുട്ടികളില്‍ വന്‍ സ്വാധീനം ചെലുത്തുന്നു. നാലോ അഞ്ചോ പേര്‍ മാത്രം ഒരുമിച്ചുകൂടി ഗ്യാങ്ങായിക്കഴിഞ്ഞാല്‍ അവര്‍ക്ക് പിന്നെ ലോകം തന്നെ കീഴ്‌മേല്‍ മറിച്ചിടാനുള്ള ധൈര്യം വരും. കൗമാരത്തെ ഒട്ടുമിക്ക തിന്മകളിലേക്കുമെത്തിക്കുന്നത് ഇത്തരം ഗ്യാങ്ങുകളാണ്. പുകവലി, മദ്യം, മോഷണം, കുറ്റകൃത്യങ്ങള്‍, അശ്ലീലത തുടങ്ങിയവയിലേക്കും കുട്ടികളെയെത്തിക്കുന്നതില്‍ പ്രധാനപ്പെട്ട് പങ്ക് ഗ്യാങ്ങുകള്‍ക്കുണ്ട്. ഗ്യാങ്ങിലെ ഏതെങ്കിലുമൊരാള്‍ ചെയ്യുന്ന സാഹസങ്ങള്‍ മറ്റുള്ളവര്‍ കൂടി അനുകരിക്കുന്നു. നിയമത്തെയും സാമൂഹിക വ്യവസ്ഥകളെയും വെല്ലുവിളിക്കാന്‍ ഗ്യാങ്ങുകള്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നു.
ഗ്യാങ്ങുകള്‍ തമ്മിലുള്ള കലഹങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ കലാലയങ്ങളില്‍ സാധാരണമാണ്. ഗ്യാങ്ങുകളെ അതിസമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന വമ്പന്‍ മാഫിയകളും സമൂഹബത്തില്‍ ധാരാളമുണ്ട്. സാമൂഹ്യസേവനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം ചെയ്യുന്ന ഗ്യാങ്ങുകളുമുണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ഭൂരിഭാഗം ഗാങ്ങുകളും കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് അനുഭവങ്ങള്‍ കാണിക്കുന്നത്.
പ്രണയം
കൗമാരം വീണുപോകുന്ന വലിയൊരു ചതിക്കുഴിയാണ് പ്രണയം. ചൂഷണങ്ങളുടെയും ചതിയുടെയും കഥകള്‍ മാത്രമാണ് കൗമാരത്തിലെ പ്രണയങ്ങള്‍ക്കേറെയും പറയാനുണ്ടാവുക. ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊന്നുമുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുവരുന്നതിന്നു മുമ്പെയുള്ള പ്രണയം പലപ്പോഴും അപകടങ്ങളിലാണവസാനിക്കാറ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കാലമെത്രയോ വികസിച്ചിട്ടും ഐസ്‌ക്രീമിന്റെയോ ചുരിദാറിന്റെയോ ഒക്കെ മോഹവലയത്തില്‍ കൗമാരം വീണുപോകുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
പുതിയകാലത്തെ പ്രണയം വളരെയേറെ മാംസനിബദ്ധമാണ് എന്നതാണ് അതിനെ അശ്ലീലമാക്കുന്നത്. അല്‍പനേരത്തെ പരിചയം പോലും ശാരീരികമായ ചൂഷണത്തിലേക്ക് വഴി തുറക്കുന്നു എന്നാണ് സംഭവങ്ങള്‍ നമ്മോട് പറയുന്നത്. മൊബൈല്‍ ഫോണും ക്യാമറയുമൊക്കെ വ്യാപകമായതോടെ ബ്ലാക്‌മെയിലിങ്ങിലൂടെ കാര്യം സാധിക്കാനുമെളുപ്പമാണിന്ന്.
മദ്യം, ലഹരി
കേരളത്തിലെ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ കൗമാരക്കാരെ, പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും പൊതുജനങ്ങളുമൊന്നും ഏറെയൊന്നും സംശയിക്കില്ല എന്നതിനാലാണ് ഈ റാക്കറ്റുകള്‍ കുട്ടികളെ ഇടനിലക്കാരാക്കുന്നത്. ലഹരി വില്‍പനയിലൂടെ പണമുണ്ടാക്കുകയും അതോടൊപ്പം ലഹരി നുണയാനുള്ള അവസരം കിട്ടുകയും ചെയ്യുമ്പോള്‍ കൗമാരം ഈ കെണികളില്‍ അതിവേഗം വീഴുന്നു.
കൗമാരക്കാരായ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. കഞ്ചാവും വിലകൂടിയ മരുന്നുകളും മുതല്‍ വേദനസംഹാരികളും പശയും വൈറ്റ്‌നറും വരെ ലഹരിയായുപയോഗിക്കുന്നതില്‍ വിദഗ്ധരാണ് പല കുട്ടികളും. ലഹരിയുടെ പുതുരൂപങ്ങളെക്കുറിച്ച് ധാരണയില്ലാത്ത രക്ഷിതാക്കളെയും അധ്യാപകരെയും പോലീസിനെയുമൊക്കെ അതിവിദഗ്ധമായി ഇവര്‍ കബളിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ വീണുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചുകയറാനാവാത്ത കുഴിയാണ് ലഹരി. ലഹരി റാക്കറ്റുകളില്‍ കണ്ണികളായിക്കഴിഞ്ഞ ഒരാള്‍ക്ക് അതില്‍നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ കഴിയില്ല. അങ്ങനെ പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ രഹസ്യങ്ങള്‍ ചോരുമെന്ന് പേടിച്ച് അത്തരക്കാരെ അപായപ്പെടുത്താന്‍ പോലും മടിയില്ലാത്തവരാണ് ഇത്തരം റാക്കറ്റുകള്‍.
സെക്‌സ് റാക്കറ്റ്
ലഹരി റാക്കറ്റുകള്‍ക്കൊപ്പം കൗമാരക്കാരെ വലവീശിപ്പിടിക്കാന്‍ സെക്‌സ് റാക്കറ്റുകളുമുണ്ട്. ലോകത്തെമ്പാടും ഏറ്റവുമധികം ലൈംഗിക പീഡനത്തിനിരയാകുന്നത് കുട്ടികളാണ്. നമ്മുടെ നാട്ടിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന കഥകള്‍ ഈയിടെയായി ഏറെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഛനും അമ്മയും രണ്ടാനഛനും സഹോദരനുമെല്ലാം കുട്ടികളെ ചൂഷണം ചെയ്യുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ചൈല്‍ഡ് ലൈനിന്റെയും മറ്റും ഇടപെടലുകളിലൂടെ പുറത്തുവരുന്ന കേസുകള്‍.
സെക്‌സ് മാര്‍ക്കറ്റില്‍ കുട്ടികള്‍ക്ക് വന്‍ ഡിമാന്റാണെന്നതിനാല്‍ത്തന്നെ കുട്ടികളെ വലവീശിപ്പിടിക്കുന്ന സംഘങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. പ്രായം എത്ര കുറയുന്നുവോ അത്രയും റേറ്റ് കൂടും എന്നതാണ് സെക്‌സ് മാര്‍ക്കറ്റിലെ തത്വം. പെണ്‍കുട്ടികളെപ്പോലെ ആണ്‍കുട്ടികളും ഇത്തരം കെണികളില്‍ വീഴുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളോടനുബന്ധിച്ചും മറ്റും ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള വേശ്യാവൃത്തി വര്‍ധിച്ചു വരുകയാണ്. കൗമാരത്തിന്റെ ചാപല്യങ്ങള്‍ മുതലെടുത്താണ് ഇത്തരം റാക്കറ്റുകള്‍ കെണിയൊരുക്കുന്നത്. മിക്ക കേസുകളിലും കുടുംബത്തിനകത്തുള്ളവരും വളരെയടുത്ത ബന്ധുക്കളുമൊക്കെയാണ് കുട്ടികളെ ഇത്തരം കെണികളില്‍ ചാടിക്കുന്നത്.
ഇന്റര്‍നെറ്റ്, അശ്ലീലം
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമൊക്കെ വ്യാപകമായതോടെ അശ്ലീലതയുടെ പടുകുഴികളിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുകയാണ് പുതിയകാലത്തെ കൗമാരം. പഠനാവശ്യങ്ങള്‍ക്കു വേണ്ടിയും മറ്റും ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ അശ്ലീല സൈറ്റുകളിലെത്തിപ്പെടാന്‍ വളരെയെളുപ്പമാണ്. സെര്‍ച്ച് ബോക്‌സിലെ നിസാരമായൊരു അക്ഷരത്തെറ്റോ, കമ്പ്യൂട്ടറില്‍ കടന്നുകയറിയ ഏതെങ്കിലും വൈറസോ ഒക്കെ കുട്ടികളെ അശ്ലീലതയുടെ ചുഴികളിലെത്തിച്ചേക്കാം. ഒരിക്കല്‍ ചെന്നുപെട്ടാല്‍ കൗമാരത്തിന്റെ കൗതുകം കൊണ്ട് വീണ്ടും വീണ്ടും ആ കെണിയില്‍ ചെന്നു വീഴുന്നത് സ്വാഭാവികം. ഇന്റര്‍നെറ്റിനു പുറത്തും അശ്ലീലത സുലഭമാണിന്ന്. സ്മാര്‍ട്ട് ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തും ഇന്റര്‍നെറ്റില്‍ സ്വന്തമായി മേയാന്‍ വിട്ടും കുട്ടികളെ സ്‌നേഹിക്കുന്ന രക്ഷിതാക്കള്‍ തന്നെയാണിതിനുത്തരവാദികള്‍. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന കൗമാരക്കാര്‍ ഇത്തരം സൈറ്റുകള്ിലൂടെ ബ്ലാക്ക്‌മെയിലിങ്ങിനിരയാവുന്നതും സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്കിരയാവുന്നതും സാധാരണമാണ്.
സോഷ്യല്‍മീഡിയ
പുതിയ കാലത്തെ കൗമാരത്തെ വഴിതെറ്റിക്കുന്ന മറ്റൊരു കെണിയാണ് സോഷ്യല്‍മീഡിയ. നന്മകള്‍ എമ്പാടുമുണ്ടെങ്കിലും കൗമാരത്തിന്റെ ചാപല്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വഴികേടുകളിലെത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമായ ഒന്നാണ് സോഷ്യല്‍ മീഡിയ. യഥാര്‍ത്ഥ ലോകത്തിലുള്ളതിലും വലിയ ഗ്യാങ്ങുകളും അധോലോക സംഘങ്ങളും ലഹരി പെണ്‍വാണിഭ മാഫിയകളും വിരാജിക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ.
ഇന്റര്‍നെറ്റിന്റെ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഐഡന്റിറ്റി തെഫ്റ്റിന്റെ അപടകങ്ങളെക്കുറിച്ചൊന്നും ധാരണയില്ലാത്ത കൗമാരം ഇതിലൂടെ വളരെ വേഗം കെണിയിലകപ്പെടുന്നു. കുട്ടികളുടെ അജ്ഞത മുതലെടുത്ത് സോഷ്യല്‍മീഡിയയിലൂടെ അവരെ ചൂഷണം ചെയ്യുന്ന വന്‍ റാക്കറ്റുകളുമുണ്ട്. ഈയിടെ ‘പ്രേമം’ സിനിമ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത് ഇത്തരം കെണികളുടെ ഭാഗമാണെന്ന് വേണം കരുതാന്‍. എന്തിനും ലൈക്ക് കൊടുത്തും എന്തും ഷെയര്‍ ചെയ്തും കിട്ടുന്നതെന്തും അപ്പ്‌ലോഡ്/ ഡൗണ്‍ലോഡ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ രമിക്കുന്ന കൗമാരം അതിന്റെ അപകടങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. രക്ഷിതാക്കളില്‍ നല്ലൊരു ശതമാനം ഫെയ്‌സ്ബുക്കും വാട്‌സാപ്പും എന്താണെന്ന് പോലുമറിയാത്തവരാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു.
വേണം കരുതല്‍
ചുറ്റുപാടുമുള്ള കെണികളെക്കുറിച്ച് ഏറെയൊന്നും ധാരണയില്ലാത്തവരാണ് കൗമാരക്കാര്‍. ചതിക്കുഴികളാണെന്നറിഞ്ഞാലും അവരതിലൊന്ന് ചാടിനോക്കുകയും ചെയ്യും. കൗമാരത്തെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഒരു കരുതല്‍ കൂടി അവര്‍ക്കാവശ്യമാണ്. രക്ഷിതാക്കള്‍ക്കാണ് ഇതില്‍ ഏറെ ചെയ്യാനാവുക. ഓരോ പ്രായത്തിലും കുട്ടികളെ അവരുടെ ശരീരത്തെപ്പറ്റിയും ചുറ്റുപാടുമുള്ള ലോകത്തെപ്പറ്റിയും ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്. എല്ലാ കാര്യങ്ങളും തുറന്നു പറയാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന കൂട്ടുകാരായി മാറാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. നല്ല കൂട്ടുകെട്ടുകളുണ്ടാക്കാന്‍ പ്രേരിപ്പിച്ചും നല്ല പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തുമൊക്കെ അവരെ നേര്‍വഴിയിലാക്കണം. ടിവിയിലും കമ്പ്യൂട്ടറിലുമൊക്കെ അവര്‍ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. മൊബൈല്‍ഫോണിലെ അവരുടെ ബന്ധങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ അവരുടെ ഇടപാടുകളെക്കുറിച്ചും ശ്രദ്ധവേണം. സോഷ്യല്‍ മീഡിയയില്‍ മക്കളുടെ ഫ്രണ്ട് ലിസ്റ്റില്‍ രക്ഷിതാക്കള്‍ ഉണ്ടായിരിക്കുന്നതും ഗുണം ചെയ്യും. മക്കളുടെ കൂട്ടുകാരുമായും അധ്യാപകരുമായുമൊക്കെ നിരന്തര സമ്പര്‍ക്കം വേണം. ഏതു മുന്‍കരുതലും തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നു എന്ന തോന്നല്‍ മക്കളിലുണ്ടാക്കാതെ ചെയ്യാനും ശ്രമിക്കണം.
അധ്യാപകര്‍ക്കും ഏറെ ചെയ്യാനുണ്ട്. എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിയെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ അവര്‍ക്ക് പരിമിതികളുണ്ടാവും. ഉപദേശത്തിലൂടെയും ശാസനയിലൂടെയുമൊക്കെ കുട്ടികളെ നന്നാക്കിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. ഒരു റോള്‍മോഡലായി മാറിക്കൊണ്ട് കുട്ടികള്‍ക്ക് വഴികാട്ടാനും അവര്‍ക്കാകും. സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ എന്‍ എസ് എസ്, എന്‍ സി സി തുടങ്ങിയവക്കെല്ലാം കുട്ടികളില്‍ വന്‍ സ്വാധീനം ചെലുത്താനാവും. സ്‌കൂള്‍ കൗണ്‍സിലര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍െക്കൊക്കെ കുട്ടികളെ കെണികളിലകപ്പെടാതെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ട്. പോലീസിനും നിയമസംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇതിനോടടെല്ലാമൊപ്പം സമൂഹത്തില്‍ നിതാന്ത ജാഗ്രതയും കരുതലും കൂടിയുണ്ടെങ്കിലേ കൗമാരത്തെ കൈവിടാതെ സൂക്ഷിക്കാന്‍ കഴിയൂ.
റഹീം പൊന്നാട്
You must be logged in to post a comment Login