നബി(സ)യുടെ കാലത്ത് കുട്ടികള്‍ക്കു മാത്രമായി വിജ്ഞാനം നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നോ?
ആളുകള്‍ ഇസ്ലാമിലേക്കു പ്രായവ്യത്യാസമില്ലാതെ കടന്നുവന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. വിജ്ഞാനത്തിന്റെ കാര്യത്തില്‍ അക്കാലത്തെ കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നബി(സ)യുടെ സദസ്സില്‍ മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുമായിരുന്നു. കുട്ടികള്‍ക്കു മാത്രമായി പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത് ഉമര്‍(റ)വാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച മുഴുവനായും അവധി നല്കിയതും ഉമര്‍(റ) തന്നെ.
കേരളത്തിലെ മദ്റസാ സമ്പ്രദായത്തെ കുറിച്ച് പൊതുവില്‍ പ്രകടിപ്പിക്കാവുന്ന ഒരു അഭിപ്രായം എന്താണ്?
വര്‍ത്തമാനകാലത്തെ വലിയ കാലൂഷ്യങ്ങള്‍ക്കിടയിലും മദ്റസകള്‍ നിലനില്ക്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. സര്‍ക്കാറില്‍ നിന്നോ മറ്റോ സാമ്പത്തിക സഹായമോ പ്രോത്സാഹനമോ ഒന്നുമില്ലാതെ ഇത്രയും വ്യവസ്ഥാപിതമായി ഈ സംവിധാനം നാടുനീളെ നിലനില്ക്കുന്നു. അറിവിന്റെ ഈ കേന്ദ്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് നബി(സ)യുടെ അമാനുഷികതയായാണ് ഞാന്‍ വിലയിരുത്തുന്നത്.
കേരളത്തില്‍ ഉന്നത മതവിദ്യാഭ്യാസ സംവിധാനം വ്യാപകമായിട്ടും മതപരമായ ഉണര്‍വ്വ് ആനുപാതികമായി സൃഷ്ടിക്കപ്പെടുന്നില്ല എന്ന പരാതി ഉയരുന്നുണ്ടല്ലോ. എന്താണു പ്രതികരണം?
അതു ശരിയല്ല. പഴയകാലത്തെ അപേക്ഷിച്ച് മതരംഗത്ത് നല്ല ഉണര്‍വുണ്ടായിട്ടുണ്ട്. നിസ്കരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുമ്പ് നിസ്കാരം നിര്‍വ്വഹിക്കുന്നവരില്‍ ഭൂരിഭാഗവും അതിന്റെ കര്‍മശാസ്ത്രവും മറ്റും അറിയാതെയായിരുന്നു അത് നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് സാധാരണക്കാര്‍ക്കു പോലും നിസ്കാരത്തിന്റെ കര്മശാസ്ത്രമറിയാം. നോമ്പുകാരുടെ എണ്ണത്തിലും ഈ വര്‍ദ്ധനവു കാണാന്‍ കഴിയും. തെറ്റായ നിരവധി ശീലങ്ങളും ആചാരങ്ങളും മുസ്ലിം സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ശരീരം പൂര്‍ണമായും മറച്ചു പുറത്തിറങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ദഅ്വാ തല്പരതയുമൊക്കെ നമുക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ളതാണ് ഈ വിമര്‍ശനം.
ഭൗതിക വിദ്യാഭ്യാസം ജനങ്ങളുടെ ഹൃദയത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം ഈ രംഗത്തെ മുന്‍ഗണനാ ക്രമം തെറ്റിച്ചിരിക്കുന്നു എന്നത് ശരിയല്ലേ?
തീര്‍ച്ചയായും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘാടകരുമെല്ലാം ഈ സ്വാധീനത്തിലകപ്പെട്ടു പോയിരിക്കുന്നു.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എന്നത് ശരിയാണ്. സംഘാടകരെ സ്വാധീനിച്ചു എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിച്ചത്?
മാനേജ്മെന്റുകളെയും മദ്റസ പഠനത്തെ ഏകോപിപ്പിക്കുന്ന പ്രസ്ഥാനങ്ങളെയുമാണ് ഉദ്ദേശിച്ചത്. മദ്റസകളുടെ സമയക്രമം അടിമുടി മാറിയില്ലേ? ആദ്യകാലത്ത് ഒരു ബാച്ചിന് രണ്ടുനേരം ക്ലാസുണ്ടാകുമായിരുന്നു. രാവിലെയും രാത്രിയും. പിന്നീട് രാവിലെ ഒരു ബാച്ചിനും രാത്രി ഒരു ബാച്ചിനും എന്ന രൂപത്തിലേക്ക് മാറി. ഇപ്പോള്‍ അത് ഒരു നേരത്തു തന്നെ രണ്ടു ബാച്ചും മൂന്നു ബാച്ചുമായി ചുരുങ്ങി. പലയിടത്തും ഒരു ക്ലാസിന് ലഭിക്കുന്ന പരമാവധി സമയം ഒരു മണിക്കൂറായി മാറി. മാത്രമല്ല അതിരാവിലെ ആരംഭിക്കുന്ന രീതിയും തുടങ്ങി. ഈ സമയമാറ്റങ്ങളിലെല്ലാം മാനേജ്മെന്റിനെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം കുട്ടികള്‍ക്കു സ്കൂളില്‍ പോകുന്നതിന് മദ്റസ തടസ്സമാകരുത്, സ്കൂളിലെ പാഠ്യവിഷയങ്ങള്‍ പഠിച്ചു തീരാന്‍ മദ്റസാ ക്ലാസുകള്‍ തടസ്സമാവരുത് തുടങ്ങിയ ചിന്തകളാണ്.
പാഠ്യപദ്ധതി തയ്യാറാക്കുന്നവരിലും ഈ സ്വാധീനം കാണാം. പാഠഭാഗങ്ങളുടെ അളവില്‍ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യയും മറ്റു സാഹചര്യങ്ങളും കുട്ടികളുടെ ധൈഷണികമായ വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മുമ്പ് ഒരു പതിനഞ്ച് വയസ്സുകാരന് മനസ്സിലാക്കിയിരുന്ന കാര്യങ്ങള്‍ ഇന്ന്, ഏഴുവയസ്സും എട്ടുവയസ്സുമുള്ള കുട്ടികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുന്നു. അതിനാല്‍ കൂടുതല്‍ കഠിനമായത് ഏറ്റെടുക്കാന്‍ കുട്ടികള്‍ പാകപ്പെട്ടിട്ടുണ്ട്. എന്നിട്ടും പഠിക്കേണ്ട വിഷയങ്ങള്‍ വെട്ടിച്ചുരുക്കുന്നത് ഭൗതിക വിദ്യാഭ്യാസത്തിന്ന് ഇടിവ് പറ്റുമെന്ന പേടികൊണ്ടു മാത്രമാണ്.
എല്‍കെജി മുതല്‍ തന്നെയും അറബി ഭാഷ പഠിക്കാവുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും നമുക്കിന്നുണ്ട്. എന്നാല്‍ മദ്റസയില്‍ അറബി ഭാഷയില്‍ പഠിപ്പിച്ചിരുന്ന ഗ്രന്ഥങ്ങള്‍ പോലും ഭാഷാന്തരം ചെയ്ത് പഠിപ്പിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. മുതിര്‍ന്ന ക്ലാസുകളില്‍ പോലും ഇത് കാണുന്നുണ്ട്. ഏഴാം തരത്തിനു മുകളിലുള്ളവര്‍ എല്ലാ ഗ്രന്ഥങ്ങളും അറബിയില്‍ തന്നെ പഠിക്കണം. അതവര്‍ക്ക് സാധിക്കും. എന്നാല്‍ സ്കൂള്‍ പഠനത്തിന് അതു തടസ്സമാണെന്ന ഭയമാണ് നമ്മെ പിന്തിരിപ്പിക്കുന്നത്.
എന്തു പരിഹാരം നിര്‍ദ്ദേശിക്കാനാവും?
നല്ല ബോധവത്കരണം നടത്തണം. വിദ്യാഭ്യാസ ബോര്‍ഡും നടത്തിപ്പു കമ്മിറ്റികളും ആര്‍ജ്ജവമുള്ള നിലപാടെടുക്കണം. സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രചാരണം നടത്തണം. നമ്മുടെ സമ്മേളനങ്ങളില്‍ മദ്റസപ്രസ്ഥാനം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം. രക്ഷിതാക്കളും പ്രവര്‍ത്തകരുമെല്ലാം മദ്റസയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്ന കാരണങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കണം. മദ്റസദിനാചരണം. വാര്‍ഷികാഘോഷങ്ങള്‍ എന്നിവയൊക്കെ അതിനു പറ്റും. വിജയികളെ അഭിനന്ദിക്കാന്‍ പലതും പ്രദേശങ്ങളിലും അനുമോദന സംഗമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എല്ലാം എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എന്ട്രന്സിനും മികച്ച വിജയം നേടിയവര്‍ക്കു മാത്രമാണ്. പഠനോപകരണ വിതരണവും ധനസഹായവും സ്കൂള്‍ പഠനത്തെ കേന്ദ്രീകരിച്ചായിരിക്കുന്നു. ഇതിനെല്ലാം മാറ്റം വരുത്തി ഭൗതിക പഠനത്തേക്കാള്‍ മദ്റസകള്‍ക്കു പരിഗണന ലഭിക്കും വിധം നമ്മുടെ മുന്‍ഗണനകളെ ക്രമീകരിക്കണം. മതപഠനം പരലോക വിജയത്തിന്നു കൂടിയുള്ളതാണ്.
ഏറ്റവും പരിഗണിക്കേണ്ട ഒരു കാര്യം സമയക്രമമാണല്ലോ? അതു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാനാവും?
ഒന്നാമതായി ഒരു ക്ലാസിലെ കുട്ടികള്‍ക്ക് ദിവസം രണ്ടുമണിക്കൂര്‍ സമയം മദ്റസയില്‍ ചിലവഴിക്കാനാവണം. ആ വിധം ക്ലാസുകള്‍ ക്രമീകരിക്കണം. പൂര്‍ണമായി ഇരിക്കാതെ നേരത്തെ പോകുന്നവരില്‍ നല്ലൊരു ശതമാനത്തിനും ട്യൂഷന് ക്ലാസുകളാണ് കാരണം. ട്യൂഷന് ക്ലാസുകള്‍ നിരുത്സാഹപ്പെടുത്തണം. അവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഒരു കുട്ടി ട്യൂഷന് ക്ലാസിനു പോകാന്‍ തുടങ്ങിയാല്‍ പിന്നെ റഗുലര്‍ ക്ലാസില്‍ ഉഴപ്പാന്‍ തുടങ്ങും. ട്യൂഷന് ക്ലാസുള്ളതിനാല്‍ ക്ലാസില്‍ ശ്രദ്ധിക്കാത്ത അവസ്ഥ. ഇത് അധ്യാപകരേയും സ്വാധീനിക്കുന്നു. കുട്ടികളെല്ലാം ട്യൂഷനു പോകുന്നുണ്ട്. അതുകൊണ്ട് അത്രയൊക്കെ പഠിപ്പിച്ചാല്‍ മതി എന്നവര്‍ ചിന്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ ട്യൂഷന് ക്ലാസ് നടത്തുന്നവരില്‍ ഭൂരിഭാഗത്തിനും കാര്യമായ യോഗ്യതകളൊന്നുമില്ല. ഒരു പരിശീലനവും കിട്ടുന്നില്ല. സ്കൂള്‍ അധ്യാപകര്‍ക്ക് യോഗ്യതയുടെ എത്രയോ കടമ്പകള്‍ കടന്നാല്‍ മാത്രമേ ആ തസ്തികയിലെത്താനാവൂ. മാത്രമല്ല നിര്‍ബന്ധമായും പങ്കെടുക്കേണ്ട പരിശീലനങ്ങളും അവര്‍ക്കുണ്ട്. ഇത്തരം നിപുണരായ അധ്യാപകരെ നിഷ്ക്രിയരാക്കി യോഗ്യതകള്‍ വേണ്ടത്രയില്ലാത്തവരുടെ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്കുന്ന രീതിയാണ് ട്യൂഷന് ക്ലാസുകള്‍ സൃഷ്ടിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
നേരത്തെ മദ്റസയില്‍ നിന്നിറങ്ങി പോകുന്നവര്‍ പറയുന്ന മറ്റൊരു കാരണം സ്കൂള്‍ ബസ്സിന്റെ കാര്യമാണ്. പലപ്പോഴും പത്തുമിനിട്ടോ പതിനഞ്ചു മിനുട്ടോ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തേക്ക് നാടുനീളെ ചുറ്റി കുട്ടികളെ കയറ്റിപ്പോവുന്നതു കാരണം ഒരു മണിക്കൂറോ അതിലധികമോ ഒക്കെ വണ്ടിയിലിരിക്കേണ്ടി വരുന്നു. ഈ നാടുചുറ്റലിന് ബലി നല്‍കേണ്ടി വരുന്നത് മതവിദ്യാഭ്യാസത്തിന് മാറ്റിവെക്കേണ്ട സമയവും. ഇതിനും പരിഹാരം കാണണം. ദൂരത്തുള്ള സ്കൂളുകളേ പറ്റൂ, അടുത്തുള്ള സ്കൂളിന് പേരും പെരുമയുമില്ല എന്ന ധാരണ തിരുത്താന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കണം.
പൊതുവിദ്യാഭ്യാസത്തേക്കാള്‍ നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നുണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍. നമ്മുടെ മാനേജ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളിലും ഇതു തന്നെയല്ലേ സ്ഥിതി.?
അതെ, പൊതുവിദ്യാലയങ്ങളേക്കാള്‍ നേരത്തെ ക്ലാസ് തുടങ്ങുന്നത് നമ്മുടെ ഇംഗ്ലീഷ് മീഡിയങ്ങളിലാണ്. അതു പ്രാദേശിക മദ്റസകളെ സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ മാനേജ്മെന്റില്‍ നടക്കുന്ന സ്കൂളുകളില്‍ മദ്റസാപഠനം നടക്കുന്നുണ്ട് എന്നു പറയാം. എന്നാല്‍ അതു കാര്യക്ഷമമായി നടക്കുന്നുവെന്നും ആവശ്യമായ സമയം ലഭിക്കുന്നുവെന്നും ഉറപ്പാക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാവണം. അല്ലാത്തപക്ഷം പ്രാദേശിക മദ്റസയും സ്കൂള്‍ മദ്റസയും രണ്ടും പേരിനുണ്ട്, ഒരു ഫലവുമില്ല എന്ന ദുരവസ്ഥയാണ് ഉണ്ടായിത്തീരുക. മത വിജ്ഞാനത്തിന്റെ പ്രാധാന്യം ഇതര വിജ്ഞാനത്തേക്കാള്‍ എത്രയോ വലുതാണെന്ന കാര്യം ബോധ്യപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ഗൗരവമായി മുന്‍കയ്യെടുക്കണം.
ഇംഗ്ലീഷ് മീഡിയങ്ങളിലെ മദ്റസകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എന്താണു ചെയ്യാവുന്നത്?
ഒന്ന് കൂടുതല്‍ സമയം നല്‍കുക എന്നത് തന്നെയാണ്. ആത്മീയ പഠനവും ഭൗതിക പഠനവും ഒരേ ക്ലാസില്‍ വെച്ച് നടക്കുന്നതിനാലും ഇടകലര്‍ന്നു വരുന്നതിനാലും കുട്ടികള്‍ രണ്ടിനേയും ഒരേ കണ്ണോടെയാണ് കാണുന്നത്. അതിനാല്‍ മതവിജ്ഞാനത്തിനും മതഗ്രന്ഥങ്ങള്‍ക്കും മതാധ്യാപകര്‍ക്കും ലഭിക്കേണ്ട പരിഗണന കിട്ടാതെ പോകുന്നു. അതിനു മാറ്റമുണ്ടാകണം. സ്കൂള്‍ ബില്‍ഡിംഗിന്റെ പരിസരത്ത് രണ്ടോ മൂന്നോ റൂമുകളുള്ള ഒരു കെട്ടിടം പ്രത്യേകമായി തയ്യാറാക്കുക. മതപഠനത്തിനു മാറ്റിവെക്കുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവിടെ വരികയും ക്ലാസു കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്യുക. മതഗ്രന്ഥങ്ങള്‍ മറ്റു ഗ്രന്ഥങ്ങളുമായി ഇടകലര്‍ന്ന് പരിഗണിക്കപ്പെടാതെ പോകുന്നത് ഒഴിവാക്കാന്‍ പ്രസ്തുത കെട്ടിടത്തില്‍, സ്കൂളില്‍ വരുമ്പോള്‍ തന്നെ കൊണ്ടുവെക്കാന്‍ സൗകര്യപ്പെടുത്തുക. മതാധ്യാപകന്മാര്ക്ക് സ്ത്രീപുരുഷസങ്കലനത്തിനു സാഹചര്യമില്ലാത്ത വിധം അതേ കെട്ടിടം സൗകര്യപ്പെടുത്തുക. ഇങ്ങനെയെല്ലാം ചെയ്താല്‍ മതവിഷയങ്ങള്‍ മറ്റുള്ളവ പോലെയല്ല, ചില പ്രത്യേകതകള്‍ ഉള്ളതാണെന്ന ചിന്ത വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവും.
മദ്റസാരംഗത്തു പ്രായോഗികപഠനത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ട്?
ഈ ചര്‍ച്ചയിലും ആദ്യമാലോചിക്കേണ്ടത് സമയത്തെക്കുറിച്ചാണ്. പാഠഭാഗങ്ങള്‍ ഒരു തവണ പറഞ്ഞു തീര്‍ക്കാന്‍ സമയമില്ലാതെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയില്‍ ഇത് കൂടുതല്‍ പ്രയാസം സൃഷ്ടിക്കാനേ ഉതകുകയുള്ളൂ. വുളൂഅ്, സുജൂദിലേയും മറ്റും അവയവ ക്രമീകരണം തുടങ്ങിയവയെല്ലാം ചിലയിടങ്ങളിലെങ്കിലും പ്രായോഗികമായി പരിശീലിപ്പിക്കാറുണ്ട്. അതു മനസ്സില്‍ തങ്ങുമെന്നതില്‍ സംശയമില്ല.
സ്മാര്‍ട്ട് ക്ലാസ്റൂം സംവിധാനം?
വിദ്യാര്‍ത്ഥികളെ സ്വാധീനിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ശ്രദ്ധയോടെ തയ്യാറാക്കിയില്ലെങ്കില്‍ അതിന്റെ ഗൗരവം ചോരുകയും വിനോദമായി മാറുകയും ചെയ്യും. സ്കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ മെത്തേഡും മദ്റസയില്‍ ശരിയാവില്ല. പഠിക്കുമ്പോള്‍ പഠിക്കുക, കളിക്കുമ്പോള്‍ കളിക്കുക എന്നതാവണം മദ്റസയിലെ രീതി. സ്കൂളില്‍ അത് പഠിക്കുമ്പോള്‍ കളിക്കുകയും കളിക്കുമ്പോള്‍ പഠിക്കുകയും ചെയ്യുക എന്നതാണ്. മതപഠന രംഗത്ത് കാര്‍ട്ടൂണുകളും ചിത്രീകരണവും തെറ്റായ ഫലമുണ്ടാക്കും. ശ്രവ്യമായതിന് കൂടുതല്‍ പ്രാധാന്യം നല്‍കാം. ഖുര്‍ആന്‍ കേട്ടുപഠിക്കാന്‍ അവസരമുണ്ടാക്കിയാല്‍ നല്ല ഫലം ചെയ്യും.
അധ്യാപകരെക്കുറിച്ച് പറയാനുള്ളത്?
പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അധ്യാപകരാണെന്നതില്‍ സംശയമില്ല. പരീക്ഷ മുന്നില്‍ വെച്ചുള്ള പഠനമല്ല മതരംഗത്ത് നടക്കുന്നത് എന്നതിനാല്‍ പഠിപ്പിക്കുന്ന ആളുടെ ജീവിതം പഠിതാക്കളില്‍ നല്ല സ്വാധീനം ചെലുത്തും. അതിനാല്‍ മാതൃകാപരമായ ജീവിതം നയിക്കുന്നവര്‍ക്കേ ഫലം സൃഷ്ടിക്കുന്ന അധ്യാപകരാവാന്‍ സാധിക്കുകയുള്ളൂ.
അധ്യാപനം മുഖ്യജോലിയായി കാണാത്തവരാണ് ഈ രംഗത്ത് ഇന്നു പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗമാളുകളും. ക്ലാസുകഴിഞ്ഞ് ധൃതിപ്പെട്ട് തങ്ങളുടെ തൊഴിലിടങ്ങളിലേക്കോ മറ്റോ ഓടുന്നവരാണ് അവരെല്ലാം. പഴയകാലത്ത് രണ്ടുനേരം മദ്റസയുള്ളതിനാല് ഉസ്താദുമാര്‍ അവിടെ തന്നെ താമസിക്കുന്നവരായിരുന്നു. മദ്റസയുടെ പുറത്തും കുട്ടികളെ കാണാനും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും അവര്‍ക്ക് സാധിച്ചിരുന്നു. ക്ലാസുകള്‍ ഒരു സമയത്തേക്ക് ചുരുങ്ങുകയും സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ അവരുടെ വേതനം മതിയാവാതെ വരികയും ചെയ്തതിനാല്‍ അവര്‍ മാറിച്ചിന്തിച്ചു. അതിന് അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ചെറിയ ക്ലാസുകളില്‍ സ്ത്രീകളെ അധ്യാപികമാരായി നിയമിക്കുന്നതിനെക്കുറിച്ച്?
അത് അല്പം കൂടി ആലോചിക്കേണ്ടതുണ്ട്. ഇസ്ലാമിക ചരിത്രത്തില്‍ അതിന് നല്ലൊരു മാതൃക കാണാനാവില്ല. അധ്യാപനത്തിനു വേണ്ട ശബ്ദഗൗരവം സ്ത്രീ ശബ്ദത്തിന്നില്ല എന്നതും കാണാതെ പോകരുത്. അറബി ഭാഷ സംസാരിക്കുന്ന ചില നാടുകളില്‍ അക്ഷരം പഠിപ്പിക്കാന്‍ അധ്യാപികമാരെ നിയമിച്ചതായും അത് ഫലം കണ്ടതായും ചിലര്‍ പറയുകയുണ്ടായി. അറബി മാതൃഭാഷയായ സ്ഥലങ്ങളില്‍ അതു പ്രായോഗികമായിട്ടുണ്ടാവാം. അതു പക്ഷേ, നമ്മുടെ നാട്ടില്‍ ധൃതിപ്പെട്ടു നടപ്പിലാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്.
നമ്മുടെ അധ്യാപനം വേണ്ടത്ര ശിശുസൗഹൃദ സ്വഭാവം ഇനിയും കൈവരിച്ചിട്ടില്ല?
ഉപദേശം നല്‍കുന്നതിലൂടെയോ കൈപ്പുസ്തകം അടിച്ചു നല്‍കുന്നതിലൂടെയോ നേടിയെടുക്കാവുന്നതല്ല അത്. നന്നായി ആലോചിച്ച് തയ്യാറാക്കുന്ന ശാസ്ത്രീയമായ പരിശീലനങ്ങള്‍ തന്നെയാണ് അതിനുള്ള മാര്‍ഗം.
പ്രായമാവും മുമ്പെ ആര്‍ത്തവ സംബന്ധമായ പഠനം നല്കുന്നതിനാല് അനാവശ്യമായ അശ്ലീലം കടന്നുവരുന്നു എന്ന വിമര്‍ശനമുണ്ട്?
ശ്ലീലവും അശ്ലീലവും നിര്‍ണയിക്കുന്നതിലെ അപാകതയാണ് വിമര്‍ശനത്തിനു കാരണം. അനിവാര്യമായും അറിയേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ അശ്ലീലമില്ല. ആര്‍ത്തവവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പ്രായമാവും മുമ്പേ പഠിക്കാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതിനാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്വീകരിക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു. എന്നാല്‍ മദ്റസാ പഠനത്തിന് അവസരം ലഭിക്കാത്ത സമൂഹങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ വലിയ സങ്കീര്ണതകളായി മാറുന്നു.
ഉപപാഠ പുസ്തകങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്?
നല്ല ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷമാണു നടപ്പാക്കുന്നതെങ്കില്‍ നല്ല ഒരു നീക്കമായിരിക്കും അത്. പ്രായത്തെ നന്നായി പരിഗണിച്ചു വേണം രചനകള്‍ നിര്‍വ്വഹിക്കാന്‍. കഥകളും സാരോപദേശങ്ങളും സ്വഭാവരൂപീകരണത്തില്‍ വലിയ ഫലം ചെയ്യും. വെറും കഥ പഠിക്കുമ്പോള്‍ ദീനില്ലാതെ പോകുന്ന ദുരവസ്ഥ ഉണ്ടാവരുത്. മതബോധമുള്ളവരുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ നടക്കണം.
പുരോഗതിക്കു നിര്‍ദേശിക്കാവുന്ന കാര്യങ്ങള്‍?
ഒന്നാമതായി മതാധ്യാപനരംഗത്ത് മുമ്പത്തേക്കാള്‍ പ്രാപ്തരായ ആളുകള്‍ ഇന്ന് ലഭ്യമാണ്. പലരും പ്രമുഖരായ ഉസ്താദുമാരുടെ അരികില്‍ നിന്നും സനദുനേടിയവരാണ്. അവരെ ആവശ്യമായ ട്രെയ്നിംഗ് നല്കി നിയോഗിക്കണം.
മദ്റസാധ്യാപകര്‍ക്ക് സമൂഹത്തില്‍ കല്പിച്ചുവരുന്ന രണ്ടാംകിട പരിഗണന മാറണം. ഖത്വീബും മുദരിസും പരിഗണിക്കപ്പെടുന്ന വിധം മുഅല്ലിംകളും പരിഗണിക്കപ്പെടണം. അവര്‍ക്ക് ആ രംഗത്ത് താല്പര്യം നല്കാന് ആവശ്യമായ പ്രോത്സാഹനങ്ങളെല്ലാം നല്‍കണം. ശമ്പളത്തില്‍ നല്ലമാറ്റം വരുത്തണം.
മദ്റസകള്‍ നാട്ടിലെ പ്രധാന സംഗതിയായി മാറണം. വാര്‍ഷിക സംഗമങ്ങളും മറ്റും സ്ഥിരമാകണം. പുരസ്കാരദാനവും മറ്റും മദ്റസാ രംഗത്തേക്കും വ്യാപിപ്പിക്കണം.
കോടമ്പുഴ ബാവ മുസ്ലിയാര്/
പി പി അബ്ദുറസാഖ് ദാരിമി, എം ടി ശിഹാബുദ്ദീന് സഖാഫി
You must be logged in to post a comment Login