‘പഠിക്കാന്‍ മടിയന്മാരായ കുട്ടികളില്ല; അനുസരണക്കേടുള്ള കുട്ടികളുമില്ല; ശ്രദ്ധക്കുറവുള്ള കുട്ടികളും ഇല്ലേയില്ല. മടിയും അനുസരണക്കേടും ശ്രദ്ധക്കുറവും മറ്റെന്തൊക്കെയോ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. കുട്ടികളെ മടിയന്മാരായി മുദ്രകുത്തുന്നതോടുകൂടി നാം അദ്ധ്യാപകരുടെ ജോലി അവസാനിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ അവിടെയാണ് അദ്ധ്യാപകരുടെ ജോലി യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. ഇരുനൂറോളം അദ്ധ്യാപകര്‍ പങ്കെടുത്ത ഒരു ശില്പശാലയിലെ ആമുഖ പ്രസംഗത്തില്‍ നിന്നാണ് ഉദ്ധരണി. പ്രതികരണത്തിനുള്ള അവസരം കിട്ടിയപ്പോള്‍ ഒരു ടീച്ചര്‍ എഴുന്നേറ്റുനിന്നു. ‘എന്റെ ക്ലാസില്‍ ഒരു കുട്ടിയുണ്ട്. മഹാ വികൃതിയാണ്. വായിക്കാന്‍ അവന്നു ബുദ്ധിമുട്ടില്ല. എന്നാല്‍ മറ്റുള്ള കുട്ടികളെ സദാ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അദ്ധ്യാപകരെയും അവന് വെറുതെ വിടുകയില്ല. അവനെ അടിക്കുകയല്ലാതെ എന്തുചെയ്യും മാഷേ?’ ആമുഖ പ്രസംഗകാരന്റെ വാദത്തെ ടീച്ചര്‍ നേര്‍ക്കുനേരെ വെല്ലുവിളിച്ചു. മുഴുവന്‍ അദ്ധ്യാപകരും ടീച്ചറുടെ വെല്ലുവിളിയെ പൂര്‍ണമായും പിന്തുണക്കുന്നവരായിരുന്നു.ടീച്ചറുടേത് ഒരു വിലാപമാണ്: ‘ഇങ്ങനെയുള്ള കുട്ടികളെ അടിക്കാനേ ഞങ്ങള്ക്കറിയൂ. സത്യത്തില്‍ എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. അവനെ വല്ല വിധേനയും സഹായിക്കണമെന്നുണ്ട്. ഞാനതിന് സന്നദ്ധയുമാണ്. എന്നാല്‍ ഒരു വഴിയും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു ഞാന്‍ തീര്‍ത്തും നിസ്സഹായയാണ്.’ ടീച്ചറുടെ മനസ്സിനെ കീറിമുറിക്കുന്ന ഈ വേദനയുടെ വിലാപമാണ് നാം കേട്ടത്. ആമുഖപ്രസംഗകന് വിശകലനം നിര്‍ത്തി ടീച്ചര്‍ക്ക് ഒരവസരം കൂടി കൊടുത്തു. അവര്‍ അയാളുടെ കൈ ചേര്‍ത്തു പിടിച്ച് വിതുമ്പിക്കൊണ്ട് പറഞ്ഞു: ‘മാഷേ, അവനെന്റെ മകനാണ്. എനിക്കവനെ ഏറെ ഇഷ്ടവുമാണ്. ഞാനെന്തുചെയ്യും?’
ഇത് ജോസഫ് മാഷിന്റെ അനുഭവക്കുറിപ്പാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി പഠനപ്രയാസമനുഭവിക്കുന്ന കുട്ടികളെക്കുറിച്ച് പഠിക്കുകയും പരിഹാരപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും അത് പ്രയോഗിക്കാന്‍ അധ്യാപകരെയും രക്ഷിതാക്കളെയും പരിശീലിപ്പിക്കുകയും ചെയ്യുന്ന തൃശൂര്ക്കാരന് വിവി ജോസഫിന്റെ അനുഭവം.
കേരളം പ്രബുദ്ധമാണെന്നാണു വെപ്പ്. ഒരു വിഭാഗമെന്ന നിലയില്‍ അദ്ധ്യാപകരാണ് ഏറ്റവും പ്രബുദ്ധര് എന്നാണു സങ്കല്പം. അവര്‍ ഓരോ ദിവസവും അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണ് പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുക എന്നത്. എന്നാല്‍ എന്താണു പഠനവൈകല്യം എന്നതിനെക്കുറിച്ച് ഏറ്റവും പ്രബുദ്ധരെന്നു കരുതുന്ന അദ്ധ്യാപകരുടെ സമൂഹത്തിന് ഇന്നും ഒരെത്തും പിടിയുമില്ല.
നിസ്സാരമെന്ന് കരുതി തള്ളിക്കളയാവുന്ന ഒരു പ്രശ്നമല്ല പഠനപ്പിന്നാക്കാവസ്ഥ. ശാരീരികമോ ബൗദ്ധികമോ വൈകാരികമോ ആയ കാരണങ്ങള്‍ കൊണ്ട് പഠിക്കാന്‍ പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം മുപ്പതു ശതമാനം വരുമത്രേ. 1994-ല്‍ തൃശൂരിലെ അദ്ധ്യാപകര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍, ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പരീക്ഷകളില്‍ തുടര്‍ച്ചയായി 33% മാര്‍ക്കുവാങ്ങാന്‍ കഴിയാത്ത പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ 30 ശതമാനം വരുമെന്നാണു കണ്ടെത്തിയത്. പത്താം തരം വരെയുള്ള കുട്ടികളെ മാത്രം പരിഗണിച്ചാല്‍ ലക്ഷക്കണക്കിനു വരും അവരുടെ എണ്ണം. അത്രയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഒരായുധവും കൈവശമില്ലാത്തവരാണ് നമ്മുടെ അദ്ധ്യാപകര്‍. നമ്മുടെ നാട്ടിലെ അദ്ധ്യാപകപരിശീലന വിദ്യാലയങ്ങളില്‍ ഇത് ഇന്നുമൊരു പ്രധാനപ്പെട്ട പഠനവിഷയമല്ല. അദ്ധ്യാപകര്‍ക്കു നല്കുന്ന തുടര്പരിശീലനങ്ങളില് പഠനവൈകല്യം കടന്നുവരാറുണ്ട്. അതിനെക്കുറിച്ച് കോഴ്സു കൊടുക്കുന്നവര്ക്കുപോലും കാര്യമായ ധാരണയില്ലാത്തതിനാല്‍ വൈകുന്നേരം മൂന്നര മണിക്കു ശേഷമാണ് അതിനെക്കുറിച്ചുള്ള ചര്‍ച്ചയാരംഭിക്കുക. അതുമിതും പറഞ്ഞ് എങ്ങനെയെങ്കിലും നാലുമണിയാക്കി മൊഡ്യൂള്‍ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്യും.
സാക്ഷരതയുടെ പേരില്‍ ലോകത്തിന്റെ ആദരം ജന്മാവകാശമായി കാണുന്ന നാട്ടില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശാരീരികമോ ബൗദ്ധികമോ വൈകാരികമോ ആയ കാരണങ്ങളാല്‍ പഠന പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ലക്ഷക്കണക്കായ കുട്ടികളെ അഭിമുഖീകരിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു ഫലപ്രദമായ സംവിധാനങ്ങളില്ല. അവരെ സഹായിക്കാന്‍ കഴിയുന്ന തരം പരിശീലനം അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നില്ല. അവരെക്കൂടി പരിഗണിക്കുന്ന കരിക്കുലമില്ല, പാഠപുസ്തകങ്ങളില്ല, പരീക്ഷാ സമ്പ്രദായമില്ല. ഇത്തരം കുട്ടികളുടെ എണ്ണമാകട്ടെ അനുദിനം പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആരും തോല്‍ക്കാത്ത പരീക്ഷകളിലൂടെ ഇത്തരം കുട്ടികളെ നാം നിരന്തരം തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ജോസഫ് മാഷിന്റെയും അദ്ദേഹത്തിന്റെ കാര്യദര്‍ശിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അസോസിേയഷന്‍ ഫോര്‍ ലേണിംഗ് ഡിസെബിലിറ്റീസ്, ഇന്ത്യ(ALDI) എന്ന പ്രസ്ഥാനത്തിന്റെയും മഹത്വം നാം തിരിച്ചറിയുക.
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് വളരെ യാദൃശ്ചികമായാണ് ജോസഫ് മാഷ് ഈ രംഗത്തേക്കു വരുന്നത്. കുടുംബ സുഹൃത്തായ തോമസ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെയും കൊണ്ട് 1987 ജൂലായ് മാസത്തില്‍ ജോസഫ് മാഷെ സമീപിക്കുന്നു. ‘മാഷ് ഇവനെ പഠിപ്പിക്കണം. എഴുതാനും കണക്കുചെയ്യാനും മോശാ കുട്ടന്.’ ഇതായിരുന്നു അയാളുടെ ആവശ്യം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിക്ക് കുഞ്ഞുകുഞ്ഞു വാക്കുകള്‍ കേട്ടെഴുത്ത് കൊടുത്തു. മുഴുവന്‍ തെറ്റി. പ്രായത്തില്‍ കവിഞ്ഞ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന, കളികളില്‍ മിടുക്കനായ കുട്ടനെന്താണ് കുഴപ്പം?
ജോസഫ് മാഷ് അവന്റെ നോട്ടുബുക്കില്‍ ഇരുപതും രണ്ടും കൂട്ടാനുള്ള ഒരു കണക്ക് എഴുതിക്കൊടുത്തു. ഒരു പാടുതവണ വിരലു മടക്കുകയും നിവര്‍ത്തുകയും ചെയ്തു. എഴുതിയതു പലതും പലകുറി കുത്തിക്കളഞ്ഞു. ഇരുപതു മിനുട്ട് കഴിഞ്ഞിട്ടും ഉത്തരമില്ല. മാഷ് അവന്ന് നിശ്ചിത എണ്ണം പുളിങ്കുരു കൊടുത്തിട്ട് എണ്ണാന്‍ ആവശ്യപ്പെട്ടു. അതെണ്ണിക്കഴിഞ്ഞ് ഇരുപത് എന്നു പറഞ്ഞു. രണ്ടെണ്ണം കൂടി കൊടുത്തിട്ട് മൊത്തം എണ്ണം ചോദിച്ചു: ഒരിക്കലൂടെ എണ്ണിത്തിട്ടപ്പെടുത്തിയിട്ട് ഇരുപത്തിരണ്ട് എന്നു പറഞ്ഞു. ആശ്വാസത്തോടെ മാഷ് ചോദിച്ചു: ഇരുപതും രണ്ടും കൂട്ടിയാലെത്ര? അവന്ന് ഉത്തരമുണ്ടായിരുന്നില്ല. ‘എന്നെ കളിയാക്കുകയാണല്ലേ?’ മാഷുടെ ചോദ്യം. അതുകേട്ടപ്പോള്‍ അവന്റെ മുഖം ചുവന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിലുള്ള രോഷം മുഖത്തു പ്രകടം. ‘ഇരുപതും രണ്ടും കൂട്ടിയാല്‍ ഇരുപത്തിരണ്ടല്ലേ കുട്ടീ കിട്ടുക’ മാഷ് ചോദിച്ചു. ‘ആ’ എന്ന് നിസ്സംഗമായ ഒരു മൂളല്‍. അദ്ധ്യാപകന്റെ നിയന്ത്രണം മുഴുവന്‍ തകര്‍ന്നിരുന്നു. കോപത്തോടെ ‘എന്നാല്‍ നീ പുസ്തകത്തില്‍ അതൊന്ന് എഴുതിക്കൂട്ടി നോക്ക്.’ വീണ്ടും മിനിട്ടുകള്‍ പലതും ഫലരഹിതമായി കടന്നുപോയി. നിയന്ത്രണം തകര്‍ന്നുപോയ മാഷില്‍ നിന്ന് പുറപ്പെട്ടത് ഒരാക്രോശമായിരുന്നു: ‘കടന്നു പോ എന്റെ മുമ്പീന്ന്. അപമാനിക്കുന്നതിനും വേണം ഒരതിര്.’ അവന് തലകുനിച്ച് എഴുന്നേറ്റു പോയി. പിറ്റേന്നും അവന് വന്നു. കൂടെ അച്ഛന് തോമസും അമ്മ ലിസിയുമുണ്ടായിരുന്നു. ‘മാഷോട് ഒരു കാര്യം പറയാനാ വന്നത്. അവന് ഒരു തരം ബുദ്ധിമുട്ടുള്ള കുട്ടിയാ. യു കെയില്‍ വെച്ചു ഡയഗ്നോസ് ചെയ്തതാ. ഡിസ് ലെക്സിയാ.’
അന്നാണു മാഷ് ആദ്യമായി ആ വാക്കു കേള്‍ക്കുന്നത്. അതും യു കെയില്‍ നടത്തിയ പരിശോധനയുടെ ഫലം. കുട്ടനാണ് മാഷ് തിരിച്ചറിവോടെ അഭിമുഖീകരിച്ച ആദ്യത്തെ പഠനവൈകല്യമുള്ള കുട്ടി. അന്നു തുടങ്ങിയതാണ് പഠനവൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന ജോസഫ് മാഷിന്റെ സേവനം.
എന്താണു പഠന വൈകല്യം എന്നു തിരിച്ചറിയാനായിരുന്നു ആദ്യത്തെ ഉദ്യമം. യു കെയില്‍ നിന്ന് രണ്ടു വിദഗ്ധരെ കൊണ്ടുവന്ന് തൃശൂരില്‍ ഒരു പ്രോഗ്രാം നടത്തി. പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ഒരു ഓര്ഗനൈസേഷന് തുടങ്ങി. തൊണ്ണൂറ്റിരണ്ടു പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അതാണ് ആല്‍ഡി. അസോസിയേഷന് ഫോര്‍ ലേണിംഗ് ഡിസെബിലിറ്റീസ്, ഇന്ത്യ. പഠനവൈകല്യമേഖലയില് പ്രവര്‍ത്തിക്കാനായി രൂപീകരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സംഘടന. ഒരു പക്ഷേ, ഇന്ത്യയില്‍ തന്നെ ആദ്യത്തേത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു തൊണ്ണൂറ്റിരണ്ടില്, ആല്‍ഡിയുടെ തുടക്കം. മലയാളികള്‍ പഠനവൈകല്യത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത കാലത്ത് കേരളത്തിലെ അന്നത്തെ വിദ്യാഭ്യാസമന്ത്രിയുള്പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് തൃശൂരില്‍ വെച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചു.
അന്ന് ഇതു സംബന്ധമായ പുസ്തകങ്ങളോ പ്രബന്ധങ്ങളോ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമായിരുന്നില്ല. ലഭിക്കുന്നതുതന്നെ വിദേശരാജ്യങ്ങളിലെ സാഹചര്യങ്ങളില്‍ വെച്ച് അവിടത്തെ കുട്ടികളെ പഠനവിധേയമാക്കി രചിക്കപ്പെട്ടവയായിരുന്നു. അവ അതേപടി നമ്മുടെ നാട്ടില്‍ പ്രയോഗിക്കാനാവില്ല. അതിനാല്‍ സ്വന്തം നിലയില്‍ പഠനങ്ങള്‍ നടത്തി നിഗമനങ്ങളിലെത്തി പ്രയോഗിച്ച് ഉറപ്പുവരുത്തുക മാത്രമേ ഗതിയുണ്ടായിരുന്നുള്ളൂ. മുപ്പതാണ്ടു മുമ്പ് തുടങ്ങിയ ആ ഉദ്യമം ഇന്നും നിര്‍ബാധം തുടരുന്നതുകൊണ്ടാണ് ഈ വിഷയത്തില്‍ കേരളത്തിലെ ഏറ്റവും പ്രായോഗികമതിയായ പഠനവൈകല്യ വിദഗ്ധനായി മാറാന്‍ ജോസഫ് മാഷിനു കഴിഞ്ഞത്.
ശാരീരികമോ ബൗദ്ധികമോ ആയ ബുദ്ധിമുട്ടുകള്‍ കാരണം പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ വെളിയിലേക്കു കൊണ്ടുവരാനോ വിദ്യാലയങ്ങളില്‍ വിടാനോ രക്ഷിതാക്കള്‍ തയാറല്ലാതിരുന്ന കാലത്താണ് മാഷ് പ്രവര്‍ത്തനം തുടങ്ങുന്നത്. അതിനാല്‍ അത്തരം കുട്ടികളെ അവര്‍ താമസിക്കുന്ന വീടുകളില്‍ ചെന്നു പഠിപ്പിക്കുകയായിരുന്നു അന്നത്തെ രീതി. ഒരു സൈക്കിളുമായി രാവിലെ നാലുമണിക്കു വീട്ടില്‍ നിന്നിറങ്ങി രാത്രി പതിനൊന്നു മണി വരെ നീളുന്ന മഹായജ്ഞം.
ഇത്തരം കുട്ടികളെ വീട്ടില്‍ തനിയെ ഇരുത്തി പഠിപ്പിക്കുന്നത് ശരിയല്ല എന്നതാണ് ജോസഫ് മാഷിന്റെ പക്ഷം. വിദ്യാലയത്തിലേക്കു വിടുമ്പോള്‍ അവര്‍ ധാരാളം ജീവിതനൈപുണികള്‍(ലൈഫ് സ്കില്‍സ്) നേടുന്നുണ്ട്. അതെല്ലാം വീട്ടില്‍ തനിച്ചിരുന്നു പഠിക്കുമ്പോള്‍ നഷ്ടപ്പെടുന്നു. എന്നാല്‍ പഠനവൈകല്യം ഏതോ തരം മാനസിക രോഗമാണെന്നു ധരിക്കുന്ന രക്ഷിതാക്കള്‍ അവരെ സ്കൂളില്‍ നിന്നു പിന്‍വലിക്കുകയായിരുന്നു പതിവ്. ആ അസുഖം മാറുകയില്ല എന്നും അവര്‍ക്ക് നേരെ ചൊവ്വേ പഠിക്കാനാവില്ല എന്നുമുള്ള വിശ്വാസം രക്ഷിതാക്കളില്‍ രൂഢമൂലമായിരുന്നു. അത്തരം ധാരണകളെ പൊളിച്ചെഴുതുന്ന തരത്തിലുള്ള ചില നിരീക്ഷണങ്ങള്‍ ജോസഫ് മാഷ് തുടക്കത്തിലേ നടത്തിയിട്ടുണ്ട്.
ലോകചരിത്രത്തിലെ തന്നെ അതിപ്രഗത്ഭരായ വ്യക്തികള്‍ പലരും ഡിസ്ലെക്സിക്കുകളായിരുന്നു. അവര്‍ ആ വൈകല്യത്തോട് പൊരുതി നിന്നുകൊണ്ടാണ് തങ്ങളുടെ നേട്ടങ്ങള്‍ മുഴുവന്‍ കൊയ്തെടുത്തത്. അതിനാല്‍ പഠനവൈകല്യത്തെ മറികടക്കാനാകും. അതെങ്ങനെ എന്നറിയുന്നതിന് അദ്ദേഹം സ്വീകരിച്ച ഒരു വഴി ഡിസ്ലെക്സിക്കുകളായിരുന്ന മഹാ പ്രതിഭകളുടെ ജീവിതത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുകയായിരുന്നു. ഒമ്പതാം ക്ലാസിലെത്തുന്നതു വരെ വായിക്കാനും എഴുതാനും കഴിയാതിരുന്ന, അതിനാല്‍ ‘മന്ദബുദ്ധി’യെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന ആല്‍ബര്‍ട്ട് ഐന്സ്റ്റീന്(1879-1955), ഹെലികോപ്റ്ററിന്റെ വര്‍ക്കിംഗ് സ്കെച്ച് ആദ്യമായി തയാറാക്കിയ മഹാനായ കലാകാരന് ലിയോനാര്‍ഡോ ഡാവിഞ്ചി(1452-1519), പഠിക്കാന്‍ വയ്യാത്തതുകൊണ്ട് നാലാം ക്ലാസിലെത്തുമ്പോഴേക്കും ആറു സ്കൂളുകള്‍ മാറേണ്ടി വന്ന, തലയിലൊന്നുമില്ലാത്തവന് എന്നു വിളിക്കപ്പെട്ട തോമസ് ആല്‍വ എഡിസണ്(1847-1931), ചെറുപ്പത്തില്‍ എഴുതാനും വായിക്കാനും പ്രയാസപ്പെട്ടിരുന്ന, 1953ല്‍ സാഹിത്യത്തിനുള്ള നോബേല്‍ പ്രൈസ് നേടിയ, രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വില്‍സ്റ്റണ്‍ ചര്‍ച്ചില്‍(1874-1965) തുടങ്ങിയവരുടെ ജീവിതത്തെ മാഷ് പലതവണ കിളച്ചുമറിച്ചു. പഠന വൈകല്യത്തെ അതിജീവിക്കാന്‍ അവര്‍ നടത്തിയ വിജയകരമായ പരിശ്രമങ്ങളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കി. അങ്ങനെയാണ് അദ്ദേഹം സ്വന്തമായി ഒരു ബോധനരീതി വികസിപ്പിച്ചെടുത്തത്. അത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ പ്രയോഗിച്ചു പരിഷ്കരിച്ചു. കൂടെയുണ്ടായിരുന്ന സത്താര്‍ മാഷ് പ്രധാനാധ്യാപകനായിരുന്ന തൃശൂര്‍ വിവേകോദയം സ്കൂള്‍ അഡോപ്റ്റ് ചെയ്ത് പരീക്ഷിച്ചു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നില്ക്കുന്ന സ്കൂളായിരുന്നു അത്. 13-20 ശതമാനമായിരുന്നു അന്നത്തെ എസ് എസ് എല്‍ സി വിജയം. മൂന്നു കൊല്ലത്തെ പ്രവര്‍ത്തന ഫലമായി അത് തൊണ്ണൂറ്റെട്ടു ശതമാനമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.
വീടുകളില്‍ ചെന്ന് പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച് തറവാട്ടുവീടിന്റെ ഒരു ഭാഗത്ത് ഒരു ക്ലിനിക്ക് തുടങ്ങി. അവിടെയെത്തുന്ന മുഴുവന്‍ കുട്ടികളെയും സഹായിക്കാന്‍ കഴിയാത്ത വിധം വിദ്യാര്‍ത്ഥികളുടെ ആധിക്യമുണ്ടായി. അതിനുള്ള പരിഹാരം കണ്ടെത്തിയത് അതേ കുട്ടികളുടെ രക്ഷിതാക്കളെ പരിശീലിപ്പിച്ചുകൊണ്ടാണ്. മിക്കപ്പോഴും ഒരാളെങ്കിലും ജോലിയില്ലാത്തവരായിരിക്കും. അവര്‍ക്ക് കുട്ടികളെ കൂടെയിരുത്തി ട്രെയിനിംഗ് കൊടുത്തു. ക്ലിനിക്കില്‍ നിന്ന് വേഗം തിരിച്ചുപോകുന്ന കുട്ടികളുടെ എണ്ണം കൂടി. അവര്‍ക്ക് സമയലാഭവും സാമ്പത്തിക ലാഭവുമുണ്ടായി. അവരെ ഉപയോഗപ്പെടുത്തി മറ്റുകുട്ടികളെയും സഹായിച്ചു. അങ്ങനെ രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതി തന്നെ തുടങ്ങി. ഇരുപതംഗങ്ങള് വീതമുള്ള പാരന്റ് സപ്പോര്‍ട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് പരിശീലനം നല്‍കിയത്. മാസത്തില്‍ ഒരു ദിവസം എന്ന കണക്കിനു ഇരുപത് മാസം നീളുന്ന പരിശീലനം. അതിനു പ്രത്യേകം സിലബസും തയാറാക്കി. നൂറ്റി ഇരുപതോളം ഗ്രൂപ്പുകള്‍ക്കാണ് കേരളത്തിന്റെ പലഭാഗങ്ങളിലായി ജോസഫ് മാഷ് പരിശീലനം നല്‍കിയത്.
പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വന്ന താല്പര്യം മൂലം സഹായം തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായപ്പോള്‍ പരിശീലകരെ പരിശീലിപ്പിക്കുന്ന പദ്ധതിയും തുടങ്ങി. ഇരുപതോളം പേര് പതിനഞ്ചു ദിവസത്തോളം ഒന്നിച്ചു താമസിച്ച് 2004-ല്‍ ആദ്യത്തെ ഫോര്മേഷന് പരിശീലനം പൂര്‍ത്തിയാക്കി. തൊട്ടടുത്ത വര്‍ഷം മുതല്‍ പരിഹാര ബോധനം നല്കാന് പ്രത്യേക പരിശീലനം നല്കി നൂറോളം പേരെ സജ്ജരാക്കി.
ഇത്രയൊക്കെ ശ്രമങ്ങള്‍ നടത്തിയെങ്കിലും പഠനപ്പിന്നാക്കാവസ്ഥയുടെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ പഠനം തുടരാന്‍ കഴിയാത്ത ധാരാളം കുട്ടികളുണ്ട്. അവരെ ഉള്‍കൊള്ളാവുന്ന തരത്തിലുള്ള രണ്ട് വിദ്യാലയങ്ങള്‍ തന്നെ തുടങ്ങുകയായിരുന്നു മാഷ്. അറ്റൈന്‍ ലൈഫ് സ്കൂള്‍ എന്ന പേരില്‍ ഒരെണ്ണം കോട്ടയത്തും ആല്‍ഡി ലൈഫ് സ്കൂള്‍ തൃശൂരിലും പ്രവര്‍ത്തിക്കുന്നു.
ജോസഫ് മാഷിന്റെ ഏറ്റവും വലിയ സേവനം എന്നാല്‍ ഇതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം വിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കെ പഠനപ്പിന്നാക്കാവസ്ഥയുള്ളവരായി മനസ്സിലാക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള സംരംഭങ്ങളാണ്. എന്നാല്‍ മൂന്നോ നാലോ വയസ്സിനു മുമ്പ് തിരിച്ചറിയാനും പരിഹാര പരിശീലനം നല്‍കാനും കഴിഞ്ഞാല്‍ തൊണ്ണൂറു ശതമാനം കുട്ടികളെയും പഠനപ്പിന്നാക്കാവസ്ഥയില് പെടാതെ രക്ഷിക്കാനാവും. പ്രസവിച്ചു വീണതുമുതല്‍ കൈയോ കാലോ വളരുന്നത് എന്നു നോക്കുന്ന അമ്മമാര്‍ക്ക് ശരിയായ ധാരണയുണ്ടെങ്കില്‍ വരാനിരിക്കുന്ന ശാരീരികവും ബൗദ്ധികവും വൈകാരികവുമായ പ്രശ്നങ്ങളെയെല്ലാം മൂന്നര വയസ്സിനു മുമ്പേ കണ്ടെത്താനാകും. അങ്ങനെ യഥാസമയം പരിഹാര നടപടികള്‍ സ്വീകരിച്ചാല്‍ ആ കുട്ടികള്‍ രക്ഷപ്പെടും. അതിന്നുതകുന്ന സിലബസാണ് ജോസഫ് മാഷിന്റെ ഏറ്റവും വലിയ സംഭാവന. 1992 മുതല്‍ രണ്ടായിരം വരെയുള്ള കാലയളവിലെ നിരന്തര പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയെടുത്ത ‘ജോസഫ് അപ്രോച്ച് പ്രിവിന്റീവ് അഡോപ്റ്റീവ് പ്രീ സ്കൂള്‍ സ്കില്‍സ് ട്രെയിനിംഗ് പ്രോഗ്രാം’ ആണ് അത്. ആല്‍ഡി സിലബസ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. നൂറുകണക്കിനു പ്രീപ്രൈമറി വിദ്യാലയങ്ങളാണ് ഇന്ന് ജോസഫ് മാഷിന്റെ പ്രത്യേക സിലബസ് പ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി, പാതി വഴിയില്‍ വെച്ച് പഠനം വഴിമുട്ടിപ്പോകുമായിരുന്ന പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് എന്നെന്നേക്കുമായി രക്ഷപ്പെട്ടുപോകുന്നത്.
പഠനവൈകല്യത്തെയും പഠനപ്പിന്നോക്കാവസ്ഥയെയും ഇത്രമേല്‍ ഗൗരവത്തോടെ സമീപിക്കുന്ന വേറൊരു പ്രസ്ഥാനവും ആല്‍ഡിയെ പോലെ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. പഠനവൈകല്യമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കള്‍ എന്നുനാം കരുതുന്നുണ്ടെങ്കില്‍ അത് നമ്മുടെ അജ്ഞതകൊണ്ടാണ്. പഠനവൈകല്യമുള്ളവര്‍ വലിയ സാധ്യതകളുള്ളവരാണ് എന്ന് ജോസഫ് മാഷ് പറയുന്നു. ക്ലാസില്‍ വെച്ച് പുറത്താക്കപ്പെടാനിരുന്നവനാണ് മാഷ് ആദ്യം പരിഹാരബോധനം നല്കിയ കുട്ടന്. അവന്റെ അച്ഛന് സ്കൂളധികൃതരോട് ഒരവസരം കൂടി ഇരന്ന് വാങ്ങുകയായിരുന്നു. പിന്നീടുള്ള ഓരോ പരീക്ഷക്കും ആ പിതാവ് ഹാളിനു പുറത്ത് കാവലിരുന്നു. ‘സമയം തീരുന്നതിനു മുമ്പ് അവനെ പുറത്തുവിടല്ലെ’ എന്നു പരീക്ഷ നടത്താനെത്തുന്നവരോട് കെഞ്ചി. ആദ്യം അവന് കഷ്ടിച്ചു ജയിച്ചു. പിന്നെപ്പിന്നെ ചെറിയ മുന്നേറ്റങ്ങളുണ്ടായി. ബോര്‍ഡു പരീക്ഷയില്‍ ഒന്നാം ക്ലാസായി പാസായി. നല്ല സ്കൂളില്‍ പ്ലസ് ടു അഡ്മിഷന്. അതോടെ അവന്റെ തലവര മാറി. സ്കൂളില്‍ മാഗസിന് എഡിറ്ററായി, ഫുട്ബോള്‍ ടീം ക്യാപ്റ്റനായി, സ്കൂള്‍ ലീഡറായി. സാമൂഹ്യ സേവനത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയില്‍ ജോലി ചെയ്യുന്നു. ജോസഫ് മാഷ് പറയുന്നു: ‘കുട്ടന് ഇനിയും വളരും; ആകാശങ്ങളെ ഭേദിച്ച്. കാരണം അവന് ഡിസ്ലെക്സിയ ഉണ്ടല്ലോ.’
അത്രമേല്‍ സാധ്യതകളുള്ള പഠനവൈകല്യം എന്നാല്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന കാര്യം പൊതുവെ നമ്മുടെ ശ്രദ്ധയില്‍ പതിയാത്ത കാര്യമാണ്. ജോസഫ് മാഷ് ഉദ്ധരിക്കുന്ന രണ്ടു കണക്കുകള്‍ നാം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതാണ്. 2000-2001 വര്‍ഷം ബ്രിട്ടനില്‍ നിന്നു പുറത്തുവന്ന, അവാര്‍ഡു നേടിയ ഒരു വിദ്യാഭ്യാസ ഗവേഷണ പ്രബന്ധത്തില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി. ‘ബ്രിട്ടീഷ് ജയിലില്‍ കിടക്കുന്ന ക്രിമിനല്‍ തടവുപുള്ളികള്‍ 62% പേരും പഠനവൈകല്യമുള്ളവരാണ്’ എന്നതാണ് അത്. ഇത് അങ്ങ് ദൂരെ ബ്രിട്ടനിലെ കാര്യമാണെന്നു കരുതി സമാധാനിക്കാന്‍ മാഷ് നമ്മെ അനുവദിക്കുന്നില്ല. ഈ വായനാനുഭവത്തില്‍ നിന്ന് അദ്ദേഹം നമ്മെ സ്വന്തം ജീവിതാനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്. 1998-2001 കാലയളവില്‍ തൃശൂരിലെ വില്‍വട്ടം പഞ്ചായത്തില്‍ ആല്‍ഡി നടത്തിയ പരിഹാര ബോധന ക്ലാസുകളില്‍ പഠന വൈകല്യവുമായെത്തിയ കുട്ടികളില്‍ വലിയ വിഭാഗം തൃശൂരിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലെ കുട്ടികളായിരുന്നു എന്നതാണ് ആ അനുഭവം. ജയില്‍ശിക്ഷ അനുഭവിക്കാന്‍ പ്രായമായിട്ടില്ലാത്ത കുട്ടിക്കുറ്റവാളികള്‍ക്കായി സ്ഥാപിക്കപ്പെടുന്നതാണ് ദുര്‍ഗുണപരിഹാര പാഠശാല എന്നോര്‍ക്കണം.
ഇപ്പോള്‍ ചിത്രം വ്യക്തമാണ്. നമ്മുടെ ജയിലുകളുടെ 62 ശതമാനം നിറക്കാന്‍ സാധ്യതയുള്ള കുറ്റവാളികള്‍ ഉറങ്ങിക്കിടക്കുന്ന ആത്മാക്കളാണ് പഠനവൈകല്യമുള്ള കുട്ടികള്‍. അവരെ അഭിസംബോധന ചെയ്യാത്ത വിദ്യാഭ്യാസ വ്യവസ്ഥയും അധ്യാപക പരിശീലനവും പാഠപുസ്തകവും പരീക്ഷയും ഇവരെ ഒറ്റപ്പെടുത്തിയും അവഗണിച്ചും ആക്ഷേപിച്ചും അക്രമിച്ചും ക്രിമിനല്‍ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. അത്തരം കുട്ടന്മാരെ വലിയ സാധ്യതകളുള്ളവരാണെന്നു തിരിച്ചറിഞ്ഞ് പരിഹാര ബോധനം നല്കി ആകാശത്തിനും അപ്പുറത്തെ അനന്ത സാധ്യതകളിലേക്ക് ജോസഫ് മാഷും ആല്‍ഡിയും കൈപിടിച്ചാനയിക്കുന്നു. ഈ മഹാ സേവനത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നോ ആദരിച്ചിരിക്കുന്നു. കേരളത്തില്‍ ഇന്ത്യാവിഷന് 2012ല്‍ മാന്‍ ഓഫ് ദി ഇയര്‍ ആയി ജോസഫ് മാഷെ തെരഞ്ഞെടുക്കുകയുണ്ടായി. അദ്ദേഹത്തിനു നല്കാവുന്ന ഏറ്റവും മികച്ച അംഗീകാരം ഒന്നു മാത്രമാണിത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു സന്നിവേശിപ്പിക്കുക. അങ്ങനെ ചെയ്താല്‍ നമ്മുടെ ജയിലറകള്‍ പകുതി കാലിയായേക്കാം. പകരം കേരളം പ്രതിഭകളാല്‍ സമ്പന്നമാവുകയും ചെയ്തേക്കാം. അങ്ങനെയൊരാദരവ് അദ്ദേഹത്തെ വൈകാതെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.
കെ അബൂബക്കര്‍
You must be logged in to post a comment Login