സ്വാദിഖ് അന്‍വരി
ഈ ഭാഗ്യം നിനക്കു കിട്ടിയില്ലേ സഹോദരാ? വിശുദ്ധ നാട് നിന്നെ വിളിച്ചില്ലേ ഇതുവരെ? അതോ വിളി കേള്‍ക്കാത്ത വിധം നീ ബധിരനായോ; ഇഹലോകത്തെ നിന്ദ്യമായ പേക്കൂത്തുകള്‍ കേട്ടുകേട്ട്? ഇല്ലെങ്കില്‍ തിരുനബി(സ)യില്‍ ഏറെ സ്വലാത്തുകള്‍ അര്‍പ്പിക്കുക. നിനക്കാ ഭാഗ്യം കൈവരും; എന്നെങ്കിലും.
വിശുദ്ധ മണ്ണില്‍ എനിക്കിപ്പോള്‍ അനുവദിച്ചു കിട്ടിയ സമയം തീരുന്നു. ഇനി മടങ്ങുകയാണ്; ഇഷ്ടത്തോടെയല്ലെങ്കിലും. മടക്കം യാത്രയുടെ അനിവാര്യതയാണല്ലോ. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. ഇഹലോകത്തു നിന്നുള്ള യാത്രയും അങ്ങനെയാണ്. വന്നവര്‍ മടങ്ങിയേ പറ്റൂ.
യമനിലേക്ക് പ്രബോധക സംഘത്തലവനായി നിയമിതനായപ്പോള്‍ മുആദ്(റ)വിന്റെ സങ്കടം നബി(സ)യെ പിരിയണമല്ലോ എന്നായിരുന്നു. ഇനിയൊരിക്കലും കാണാനാവില്ലെന്നു കൂടി നബി(സ) പറഞ്ഞതോടെ മദീന വിടുക അസഹ്യമായി.
‘മുആദേ, ഈ വര്‍ഷത്തിനു ശേഷം നീ എന്നെ കണ്ടില്ലെന്നു വരും. എന്റെ പള്ളിക്കും ഖബ്റിനുമടുത്തുകൂടെയാവും ഇനി നീ വരിക.’ അതുകേട്ടു മുആദ്(റ) അന്നെത്രയാണു കരഞ്ഞത്. അവിടെയുണ്ടായിരുന്നവരെല്ലാം അപ്പോള്‍ കരഞ്ഞു. ആഖിറത്തില്‍ ലഭിക്കുന്ന ഉത്തമ പ്രതിഫലം പറഞ്ഞാണ് നബി(സ) അദ്ദേഹത്തെ സമാധാനിപ്പിച്ചത്.
സ്വഹാബികളുടെ ആ സങ്കടം മനസ്സിലാകാന്‍ നിങ്ങളിവിടെ വരണം. തിരുഖബ്റിനു മുമ്പില്‍ നിന്നു നിങ്ങള്‍ സലാം ചൊല്ലിപ്പിരിയുമ്പോള്‍ അടക്കാനാവാത്ത തേങ്ങലുയരും. ഖബ്ര്‍ പോലും ശരിക്കു നിങ്ങള്‍ കാണുന്നില്ല, എന്നിട്ടും. എങ്കില്‍ പൂര്‍ണ ചന്ദ്രന് തോല്‍ക്കുന്ന ആ പൂമുഖം കണ്ടു കൊണ്ടിരുന്ന സ്വഹാബത്തിന്റെ കാര്യം പറയണോ?
വന്നതു കൊണ്ടാണല്ലോ മടക്കം. വരാന്‍ കഴിഞ്ഞ ഭാഗ്യത്തെയാണ് ഓര്‍ക്കേണ്ടത് എന്നു മനസ്സ് ഉപദേശിച്ചു. ഈ ഭാഗ്യം ലഭിക്കാത്ത എത്രയേറെ പേര്. പണമില്ലാത്തവര്‍, ശേഷിയില്ലാത്തവര്‍. രണ്ടുമുണ്ടായിട്ടും മനസ്സില്ലാത്തവര്‍, ഇങ്ങനെ പലര്. ഇവരില്‍ ഏറ്റവും ദൌര്ഭാഗ്യവാന് മനസ്സില്ലാത്തവനാണ്. ധനം കൊണ്ടും ആരോഗ്യം കൊണ്ടും പരീക്ഷണത്തില്‍ തോറ്റുപോയവരാണവര്.
മദീനയില്‍ നിന്നു ജിദ്ദ എയര്‍പോര്‍ട്ടിലേക്കാണ് യാത്ര. ഈ യാത്രക്കു നല്ല ദൈര്‍ഘ്യമുണ്ട്. മടക്കയാത്രയായതുകൊണ്ട് മനസ്സും ശരീരവും ദൈര്ഘ്യമറിയുന്നുമുണ്ട്.
വെള്ളിയാഴ്ചയാണ്. ജുമുഅക്കു സൌകര്യപ്പെടുന്നിടത്ത് ബസ് നിര്‍ത്താന്‍ ഡ്രൈവറോട് അപേക്ഷിച്ചു. സിറിയക്കാരന് ഡ്രൈവര്‍ നല്ലവനാണ്. നല്ല സഹകരണവും സ്നേഹപൂര്‍വമുള്ള പെരുമാറ്റവും. യാത്രികര്‍ക്കു സമാധാനം പകരുന്ന ഡ്രൈവിംഗ്.
മക്കയില്‍ നിന്നു മദീനയിലേക്കുള്ള യാത്രയില്‍ അനുഭവം മറിച്ചായിരുന്നു. അലസനായൊരു പയ്യന് വണ്ടിയെടുത്തപ്പോള്‍ കിളിയായിരിക്കുമെന്നു കരുതി. അടുത്തെവിടെ നിന്നെങ്കിലും ശരിയായ ഡ്രൈവര്‍ കയറുമെന്നു സമാധാനിച്ചു കയറി. അടുത്ത പമ്പില്‍ നിന്ന് മറ്റൊരു ബര്‍മുഡക്കാരന്‍. ഇതു കിളിയുമല്ല, പൈങ്കിളി!
പിന്നെ മാറി മാറി അവരുടെ ഡ്രൈവിംഗ് അഭ്യാസം. ഇടക്ക് എന്തൊക്കെയോ പൊടി വായിലിടുന്നു. കോള കുടിക്കുന്നു. ഒരു നിമിഷം പോലും വായക്ക് വിശ്രമം നല്‍കാതെ സംസാരിക്കുന്നു. സ്പീഡോ, മീറ്ററില്‍ നൂറ്റിയമ്പതിനു മേല്‍ കാണിക്കുമ്പോള്‍ തന്നെയാണ് ഡ്രൈവിംഗ് സീറ്റില്‍ ആളു മാറുന്നതും. ആ ഡ്രൈവര്‍മാര്‍ ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു. യാത്രക്കാര്‍ എന്നൊരു കൂട്ടര് ഇതിനകത്തുണ്ടെന്ന ഭാവമേ അവരുടെ പ്രവര്‍ത്തിയിലും സംസാരത്തിലും ഉണ്ടായിരുന്നില്ല.
ഈ ഡ്രൈവര്‍ വിപരീതം. പക്വതയുള്ളയാള്‍. ശരീരത്തിനു മാത്രമല്ല, മനസ്സിലും വെളുപ്പുണ്ടെന്നു തെളിയിക്കുന്ന പ്രകൃതം. ഉംറക്കാര്‍ എന്നതുകൊണ്ടും ഇന്ത്യക്കാര്‍ എന്നതുകൊണ്ടും സ്നേഹപൂര്‍വം പെരുമാറ്റം.
ജുമുഅക്കു സൌകര്യമുണ്ടെന്നു പറഞ്ഞ് ഡ്രൈവര്‍ ഒരു കൊച്ചുപള്ളിക്കു മുന്നില്‍ വണ്ടി നിര്‍ത്തി. പരിസരത്തൊന്നും മനുഷ്യരെ കാണാനില്ല. ജിന്നുകള്ക്കൊപ്പമാണോ ജുമുഅ? പിന്നെ പിടികിട്ടി; ആ പള്ളിയില്‍ ജുമുഅയില്ല. ‘നിങ്ങള്‍ ജുമുഅ നിസ്കരിച്ചോളൂ’ എന്നാണ് ഡ്രൈവര്‍ പറയുന്നത്. ഡ്രൈവറുടെ മദ്ഹബ് വേറെയായതു കൊണ്ടോ മദ്ഹബ് ഇല്ലാത്തതു കൊണ്ടോ ഒരു മദ്ഹബും അറിയാത്തതുകൊണ്ടോ എന്തോ.
യാത്രക്കാര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെങ്കിലും ഇവിടെ ജുമുഅ കിട്ടിയാല്‍ നന്നായിരുന്നെന്ന ചിന്തയില്‍ വീണ്ടും മുന്നോട്ട്. മറ്റൊരു പള്ളിക്കു മുന്നില്‍ വണ്ടി നിന്നു. ജുമുഅയുണ്ട്. നല്ല തിരക്കുള്ള പള്ളി. പുറത്തു വിരിച്ച കാര്‍പറ്റിലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. പിന്നെയും വന്നു കൊണ്ടിരിക്കുന്നുമുണ്ട്.
സ്ത്രീകള്‍ക്കു നിസ്കരിക്കാന്‍ സൌകര്യമുണ്ട്. ഞങ്ങളുടെ കൂടെയുള്ള സ്ത്രീകള്‍ അവര്‍ക്കുള്ള ഭാഗത്തു കയറി. വലിയൊരു പള്ളിയുടെ ചെറിയൊരു ഭാഗമേ സ്ത്രീകള്‍ക്കായി തിരിച്ചിട്ടുള്ളൂ. നാട്ടിലെ ഇസ്ലാഹികള്‍ പറയുന്ന പോലെയെങ്കില്‍ പള്ളികളുടെ പകുതി ഭാഗമെങ്കിലും സ്ത്രീകള്‍ക്കു മാറ്റിവെക്കണ്ടേ എന്ന ശങ്ക ഇവിടെ കൂടുതലായി.
പെണ്ണ് പള്ളിയില്‍ പോകാന്‍ കോലാഹലമുണ്ടാക്കുന്നവര്‍ തന്നെ ഏറെയൊന്നും അവരെ കൊണ്ടു പോകാറില്ല.(അതോ അവരെയതിനു കിട്ടുന്നില്ല എന്നോ?). തുനിഞ്ഞിറങ്ങുന്ന ചില തരുണികള്‍ക്ക് അതിനു സൌകര്യപ്പെടുത്തുന്നുവെന്നു മാത്രം. അല്ലെങ്കില്‍ പള്ളിയുടെ പകുതിയും മതിയാവില്ല സ്ത്രീ സംവരണം. അത്രയ്ക്കില്ലേ നാട്ടിലവര്?
ഗള്‍ഫിലെ ഏതു പള്ളിയില്‍ ജുമുഅക്കു പങ്കെടുത്താലും നാട്ടിലെ സുന്നി പള്ളിയിലെ ഖുതുബയോടേ സാമ്യം തോന്നൂ. പരിഷ്കാരികളുടെ മലയാള ഖുതുബയുമായി ഒരു പൊരുത്തവുമില്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞത് രണ്ടു ഹറമുകളിലെ ജുമുഅയില്‍ പങ്കെടുത്തപ്പോഴും ഓര്‍ത്തിരുന്നു. സുഹൃത്ത് നാട്ടില്‍ വച്ച് സലഫിയിലേക്ക് കാലുമാറി ഗള്‍ഫില്‍ പോയി വീണ്ടും സുന്നിയായവനാണ്. ഹറം പള്ളിയില്‍ തറാവീഹ് ഇരുപത് കണ്ട് ഇസ്ലാഹിസം പുനരാലോചനക്കു വിധേയമാക്കി സുന്നിയിലേക്കു തിരിച്ചു വന്നു.
ഈ പള്ളിയില്‍ തനി നുബാതിയ ശൈലിയില്‍ തന്നെയായിരുന്നു ഖുതുബ. ജുമുഅ കഴിഞ്ഞു ബസില്‍ കയറിയപ്പോള്‍ സ്ത്രീകള്‍ പറഞ്ഞു: ആ പള്ളിയില്‍ അവര്‍ക്കു പുറമെ യാത്രക്കാരികളായ രണ്ടു സ്ത്രീകള്‍ കൂടിയല്ലാതെ മറ്റൊരു പെണ്ണുമുണ്ടായിരുന്നില്ലെന്ന്.
വണ്ടി കുതിക്കുമ്പോള്‍ വഴിയോരത്തു ബോര്‍ഡു കണ്ടു; കുരങ്ങുകളുണ്ട്, സൂക്ഷിക്കണമെന്ന്. കാട്ടിലേ കുരങ്ങുകളുണ്ടാകൂ എന്നു തെറ്റിദ്ധരിച്ച ഞാന്‍ ജബലുന്നൂറില്‍ കയറിയപ്പോഴേ ആ ധാരണ തിരുത്തിയതാണ്. മണല്‍ക്കാട്ടിലും കുരങ്ങുകളുണ്ട്. കുറച്ചു മുന്നോട്ടു പോയപ്പോള്‍ റോഡു മുറിച്ചു കടക്കുന്ന കുരങ്ങിന് കൂട്ടം. നൂറുകണക്കിന് ചെറുതും വലുതും!
നിലമ്പൂര്‍ കാടുകളില്‍ കുരങ്ങുകളെ യഥേഷ്ടം കണ്ടിട്ടുള്ള എന്നെ ചിന്തിപ്പിച്ചത് ഇവരുടെ രൂപ വ്യത്യാസമല്ല; ജീവിത മാര്‍ഗമാണ്. കാട്ടില്‍ കായ്കനികള്‍ നല്കി ഇവയെ പോറ്റുന്ന തമ്പുരാന് നാട്ടിലും ഇവയ്ക്ക് അന്നമെത്തിക്കുന്നു; കനികള്‍ വിളയാത്ത മരുപ്പറമ്പിലും. ജബലുന്നൂറില്‍ തീര്ത്ഥാടകരിലൂടെ കിട്ടുന്നെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്താത്ത ഇവിടെയോ? സര്‍ക്കാര്‍ ഭക്ഷണം നല്കുന്നുണ്ടോ? അറിയില്ല. ഏതെങ്കിലും മാര്‍ഗത്തില്‍ ആഹാരമെത്തും. “ഭൂമിയിലുള്ള ഒരു ജീവിക്കെങ്കിലും ഭക്ഷണം നല്കുന്ന ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അവയുടെ വാസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്നറിയാം. എല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്”(ഹൂദ്: 6) എന്ന ഖുര്‍ആന്‍ വചനമോര്‍ത്തു.
മുമ്പില്‍ മണല്‍ക്കാറ്റ്, മണലിനെ പൂ പോലെ, പിന്നെ മല പോലെ ഉയര്‍ത്തി ചുഴറ്റിച്ചുഴറ്റി കടന്നുപോയി. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ കാറ്റൊന്നു കഷ്ടപ്പെടുത്തിയിരുന്നു. കണ്ണിലും ചോറിലും മണല്‍ വീഴാതിരിക്കാന്‍ പാടുപെട്ടു.
ഈ മണലും വെയിലും ചൂടുമേറ്റ് അധ്വാനിക്കുന്ന എത്രയെത്ര തൊഴിലാളികളെയാണു കണ്ടത്. നാട്ടില്‍ നമ്മുടെ പൊങ്ങച്ചത്തിന്റെ ഫ്യൂസ് പോകാതെ കാക്കുന്നത് ഇവരാണ്. വീട്ടില്‍ സസുഖം കഴിയുന്ന ഓരോരുത്തരും അനുഭവിക്കുന്നത് ഇവരുടെ വിയര്‍പ്പിന്റെ ഫലമാണ്. വെയിലേല്‍ക്കുന്നവര്‍ മാത്രമല്ല, തീയും പുകയുമേറ്റു കരിയുന്നവര്‍, ഒന്ന് ഇരിക്കാന്‍ പോലും സമയമില്ലാതെ യന്ത്രം കണക്കെ പ്രവര്‍ത്തിക്കേണ്ടവര്‍, മണിക്കൂറുകള്‍ മാത്രം വിധിച്ച ഉറക്കിനപ്പുറം ഒന്നുറങ്ങാന്‍ കൊതിക്കുന്നവര്‍… വീടിന്റെയും വീട്ടുകാരുടെയും മാത്രമല്ല, നാടിന്റെ, സംഘടനയുടെ, പാര്‍ട്ടിയുടെ കരുത്തിനു പിന്നിലും ഇവരാണ്.
എന്നെങ്കിലുമൊരിക്കല്‍ പുണ്യഭൂമിയിലെത്തുക എന്നത് സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന എത്രയോ മാതാപിതാക്കള്‍ ഇവിടെയെത്തി ഹജ്ജും ഉംറയും നിര്‍വഹിച്ചതും ഈ ത്യാഗം കൊണ്ടാണ്. എത്രയോ സഹോദരങ്ങള്‍ വിദ്യാസമ്പന്നരും പിന്നെ ഉദ്യോഗസ്ഥരും ബിസിനസുകാരുമായതും എത്രയോ സഹോദരിമാര്‍ സുമംഗലികളായതും തീ ചൊരിഞ്ഞ സൂര്യനു കീഴില്‍ ഇവര്‍ പൊരിഞ്ഞതു കൊണ്ടാണ്. ഇങ്ങനെയിങ്ങനെ ഓര്‍ക്കാനും അനുഭവിച്ചറിയാനും ഇവിടെ ഏറെയുണ്ട്. അതിനായി നിങ്ങള്‍ വരണം; ഒരിക്കലെങ്കിലും.
വാഹനം എയര്പോര്ട്ടിലെത്താറായി. മക്കയില്‍ നിന്നും മദീനയില്‍ നിന്നും അകലും തോറും നഗരക്കാഴ്ചകളുടെ പളപളപ്പു കൂടുന്നതിനൊപ്പം എന്തൊക്കെയോ മൂല്യവത്തായതു കുറയുന്നുമില്ലേ?
ജീവിതം സാര്‍ഥകമാകാന്‍ ഈയൊരു യാത്ര മതി; പുണ്യ മക്ക മദീനകളിലേക്ക് ഒരു തീര്‍ത്ഥാടനം. ലോകത്ത് മറ്റൊരിടവും നീ കണ്ടില്ലെങ്കിലും അതൊരു കുറവേയല്ല. ഇവിടം കാണാതെ നീ ലോകം മുഴുവന്‍ കണ്ടാലും അതൊരു കാഴ്ചയുമല്ല.
ജീവിതത്തിലൊരിക്കലെങ്കിലും തിരുനബി(സ)യുടെ റൌള ഒന്നു സന്ദര്‍ശിച്ചില്ലെങ്കില്‍ ആയുസ്സു പാഴായല്ലോ എന്ന മൌലിദിലെ വരികള്‍ മനസ്സു പിന്നെയും പിന്നെയും ചൊല്ലി.
ഈ ഭാഗ്യം നിനക്കു കിട്ടിയില്ലേ സഹോദരാ? വിശുദ്ധ നാട് നിന്നെ വിളിച്ചില്ലേ ഇതുവരെ? അതോ വിളി കേള്‍ക്കാത്ത വിധം നീ ബധിരനായോ; ഇഹലോകത്തെ നിന്ദ്യമായ പേക്കൂത്തുകള്‍ കേട്ടുകേട്ട്? ഇല്ലെങ്കില്‍ തിരുനബി(സ)യില്‍ ഏറെ സ്വലാത്തുകള്‍ അര്‍പ്പിക്കുക. നിനക്കാ ഭാഗ്യം കൈവരും; എന്നെങ്കിലും.
പണവും പത്രാസുമില്ലാത്ത ആശിഖീങ്ങള്‍ എത്രയോ ഇവിടെ വന്നല്ലോ. അവരുടെ പക്കല്‍ എന്താണുണ്ടായിരുന്നത്; ഇശ്ഖും സ്വലാതുമല്ലാതെ?
You must be logged in to post a comment Login