ആര്യാടന്റെ പോയിന്റ് ബ്ളാങ്കായി…. എന്റെയും

തുളസി
“കഴിഞ്ഞ തവണ താങ്കള്‍ എതിര്‍ത്ത പദ്ധതി തന്നെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു; അത് ശരിയാണോ???”
മ് മ് മ് നജ് ന്ഹുണ്ഹു…. മൌെ…. മനസ്സിലായോ; താങ്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാവും. അതു മതി….
“എന്റെ ചോദ്യം ഇതാണ്.
കഴിഞ്ഞ തവണ വൈദ്യുതി മന്ത്രി ബാലന്‍ കൊണ്ടുവന്ന പദ്ധതി താങ്കള്‍ എതിര്‍ത്തിരുന്നു. ഇപ്പോള്‍ താങ്കളുടെ ഭരണത്തില്‍ ആ പദ്ധതി തന്നെ നടപ്പിലാക്കുന്നു. ബാലന്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടോ??”
“മ്മ് മ്മ് ങ്ങ് ണ്ഹു ഞ്ഞ് മുഒ… മനസ്സിലായോ???”
“ഇല്ല ഒന്നും മനസ്സിലായില്ല….”
“താങ്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ജനത്തിന് മനസ്സിലാകും. അവരിത് കാണുന്നുണ്ടല്ലോ…. അതുമതി.”
ആര്യാടനും പോയിന്റ് ബ്ളാങ്കും തമ്മിലുള്ള അങ്കം മുറുകുകയാണ്. ഒരു ചെകിട്ടത്തടിയാണ് പ്രതീക്ഷിച്ചതെങ്കിലും മൈക്ക് വലിച്ചെറിഞ്ഞ് ഒരു ഇറങ്ങിപ്പോക്കാണ് കാണാന്‍ സാധിച്ചത്.
അവന്റെയൊരു ഞെരങ്ങല്‍. തലമണ്ട അടിച്ചു പൊളിക്കണം. ചപ്പാത്തിക്കോല്‍ ടിവിക്കുനേരെ നീങ്ങുന്നുവെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ ഇടപെട്ടത്. “ചതിക്കല്ലേ… ജാനു, തവണ വ്യവസ്ഥയില്‍ വാങ്ങിയ ടിവിയാണ്. അടവ് ഇനിയും ബാക്കി കിടക്കുകയാ… ടിവി നശിപ്പിച്ചാല്‍ നഷ്ടം നമുക്ക് തന്നെയാണ്… പ്രതിഷേധം ഒരുവിധം തണുപ്പിച്ച് തലയൂരി.
ദൈവമേ, നാളെതന്നെ ടിവിയ്ക്ക് ചുറ്റും കമ്പിവല ഇടണം. നമ്മുടെ നേതാക്ക•ാരുടെ ജനസേവനങ്ങള്‍ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ തോന്നും. അതു നമുക്കുതന്നെ പാരയാവുകയും ചെയ്യും. ഇത്തരം പരിപാടികള്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ വേണം സംഘടിപ്പിക്കാന്‍. എന്നാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധം; നേതാവിനേ തിരിയൂ.
ഹോ… ഈ ചാനലുകാരുള്ളത് ഭാഗ്യമായി. നേരോടെ, നിര്‍ഭയം, നിരന്തരം ചാനലിന്റെ കടുത്ത ആരാധകനാകാന്‍ ഈ ഒറ്റ പരിപാടികൊണ്ട് കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും; സര്‍ദാര്‍ജി അടുത്ത പണിതുടങ്ങിയതായി വിവരം കിട്ടിക്കഴിഞ്ഞു. ‘പരേക്കര്‍’ എന്നൊരു കൊഞ്ഞാണന്‍ ഏതാണ്ടൊരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട് പോലും. ഉടുതുണി തലയില്‍ചുറ്റി നടക്കുന്ന നമ്മുടെ അലവലാതി ആലുവാലിയായുടെ മറ്റൊരു അവതാരമാണ് കക്ഷി. സബ്സിഡി മുഴുവന്‍ നിറുത്തലാക്കണം. ഡീസല്‍വില അഞ്ചുരൂപ കൂട്ടണം. റെയില്‍വേ, കറന്റ് ചാര്‍ജ് ഇനിയും കൂട്ടണം അങ്ങനെ പോകുന്നു… ഇഷ്ടന്റെ നിര്‍ദേശങ്ങള്‍. ഇവനെയൊക്കെ ഒന്ന് കയ്യില്‍ കിട്ടണം. കമ്മിറ്റിക്കുള്ള മറുപടി കരണക്കുറ്റിക്ക് തന്നെ കൊടുത്താലേ ബോധം നേരെ വീഴൂ….
ഏതായാലും ഇന്ന് നേരോടെ, നിര്‍ഭയം അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ച സംഘടിപ്പിക്കുമെന്നും അതുകേട്ട് നാല് തെറി ഉച്ചത്തില്‍ പറഞ്ഞു നിര്‍വൃതിയടയാമെന്നും വിചാരിച്ചാണ് ടിവി തുറന്നത്. ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ശബ്ദം ഉച്ചത്തിലാക്കി. സംഗതികേട്ടപ്പോള്‍ ഒരുവേള സംശയിച്ചു; സ്ഥലം മാറിപ്പോയോ? മലയാളം തന്നെയാണല്ലോ പറയുന്നത്. സ്ഥിരം മണങ്ങോട•ാര്‍ തന്നെയാണ് ചര്‍ച്ച നടത്തുന്നത്. പക്ഷേ, സംഗതി ഗുജറാത്താണ്; ഗുജറാത്തില്‍ മോഡി ജയിക്കുമോയെന്നാണ് ചര്‍ച്ച. ഗംഭീരന്‍ പരിപാടി. കേരളീയരാണല്ലോ മോഡിയെ ജയിപ്പിക്കുന്നത്; അപ്പോ പിന്നെ ഒരു ദിവസത്തെ പ്രധാന വാര്‍ത്താ പരിപാടിയെന്ന് ചാനല്‍തന്നെ പറയുന്ന ഈ സമയത്ത് ഇത്തരമൊരു ചര്‍ച്ച തന്നെ നടത്തണം. എങ്ങോ കിടക്കുന്ന മോഡിക്കുവേണ്ടി അവതാരകനും മറ്റു പണ്ടാരങ്ങളും തമ്മില്‍ കടിപിടി കൂടുന്നു. അവസാനം അവന്‍ പറഞ്ഞതും ശരി, ഇവന്‍ പറഞ്ഞതും ശരി, ഞാന്‍ പറഞ്ഞതും ശരി, മൊത്തം ശരി… എല്ലാവര്‍ക്കും നന്ദിയും പറഞ്ഞ് അവതാരകന്‍ പരിപാടി തീര്‍ത്തു. ഇത്രയും നേരം ഇവന്റെയൊക്കെ കൊണാരം കേട്ടിരുന്ന എന്റെ ശരിയൊന്നു കാണിച്ചു കൊടുക്കണമല്ലോ. അതു ശരി, രണ്ടെണ്ണം പറഞ്ഞിട്ടു തന്നെ കാര്യം. ഇവിടെ നൂറു നൂറു പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ അവന്റെയൊരു മോഡിയും ഗുജറാത്തും.
ഫോണെടുത്ത് നേരെ കറക്കി…..
ഹലോ… നേരോടെ നിര്‍ഭയം അല്ലേ?
അതെ സാര്‍; എന്താണ് വേണ്ടത്?
ഇത് ഞാനാണ്….
ഏതു ഞാന്‍….?
നമ്മുടെ പുളിമൂട്ടിലെ വിദ്യാധരന്‍…
അല്ല, അതു പിന്നെ… ഞാന്‍ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്; മാത്രമല്ല കടുത്ത ആരാധകനുമാണ്. ഇന്ന് നിങ്ങള്‍ എന്തൊരു പരിപാടിയാ കാണിച്ചത്? ഡീസലിന് വിലകൂട്ടുന്നു. റെയില്‍വേ കൂലിയും, കറന്റ് ചാര്‍ജുമൊക്കെ ഇനിയും കൂട്ടുന്നു. ഇതൊന്നും ചര്‍ച്ച ചെയ്യാതെ നിങ്ങള്‍ ഗുജറാത്തും മോഡിയുമൊക്കെ ചര്‍ച്ച ചെയ്തത് മോശമായിപ്പോയി കേട്ടോ. ഞങ്ങളാ നിങ്ങളുടെ റേറ്റിംഗ് കൂട്ടുന്നത്; അത് ഓര്‍മ്മ വേണം.
നല്ല ഗൌരവത്തില്‍ അടിച്ചങ്ങു വിട്ടു….
ഫൂ)))))…. നിറുത്തെടാ))))…. മരമാക്രി; അങ്ങേ തലയ്ക്കല്‍ നിന്ന് വന്ന ശബ്ദം കേട്ട് എല്ലാ വെടിയും തീര്‍ന്നുപോയി.
“നീയൊക്കെ എന്താ വിചാരിച്ചത്? നിന്നെപ്പോലെയുള്ള ഏഴാംകൂലികളുടെ പ്രശ്നം മാത്രം ഏതു നേരവും പൊക്കിപ്പിടിക്കുമെന്നോ? നിന്റെ കൈയ്യില്‍ എന്താടാ പുല്ലേ….? റിമോര്‍ട്ട് എന്നൊരു സാധനം ഇരിക്കുന്നത്? നിനക്ക് കാണുമ്പോള്‍ ചൊറിച്ചിലാണെങ്കില്‍ അങ്ങ് മാറ്റെടാ.. അല്ല പിന്നെ, അവന്റെയൊരു ഗുണപതികാരം…”
“സോറി… ആളു മാറിയതാ… റോങ്ങ് നമ്പര്‍…”
വയറു നിറഞ്ഞു. വിയര്‍ത്തു കുളിച്ച് ഫോണ്‍കട്ട് ചെയ്യുമ്പോള്‍ പിറകില്‍ നിന്നൊരു ചോദ്യം; “എന്തിനാ നിന്ന് വിയര്‍ക്കുന്നത്, ആരായിരുന്നു ഫോണില്‍?”
“ആരുമല്ല… ബാങ്കില്‍ നിന്ന് ലോണ്‍ പാസായെന്നു പറഞ്ഞ് വിളിച്ചതാണ്. അതിന്റെ സന്തോഷം കൊണ്ടാ വിയര്‍ക്കുന്നത്.”
“എത്രയും വേഗം എന്നെയങ്ങ് എടുത്തിരുന്നെങ്കില്‍ എന്റെ ദൈവമേ, ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. കഴിഞ്ഞ ജ•ത്തില്‍ എന്ത് പാപമാണോ ചെയ്തത്…..!”

You must be logged in to post a comment Login