പുതിയ വിവര-വിനിമയ സംവിധാനങ്ങള്‍ സമുദായം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ അസ്ഥിരവും
ദുര്‍ബലവുമായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളെ കൂട്ടിച്ചേര്‍ക്കുമോ അതോ കൂടുതല്‍ വിഘടിപ്പിച്ചു
നിര്‍ത്തുമോ ? നുഐമാന്‍
‘ഇയ്യാംപാറ്റകള്‍ കണക്കെ പത്രങ്ങള്‍ ജനിക്കുന്ന മലയാളത്തിന് ഇന്ന് പത്രങ്ങളുടെ പഞ്ഞമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട് രിസാല വാരികയുടെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് 1983 നവംബറില്‍ വാരികയുടെ ഒന്നാംലക്കത്തില്‍ പത്രാധിപരെഴുതിയ കുറിപ്പ് ഇങ്ങനെ തുടരുന്നു; “രിസാലയുടെ നിറവും സ്വഭാവവും എന്തെന്നറിയാന്‍ പലര്‍ക്കും തിടുക്കം കാണും; കേരളത്തില്‍ വിശുദ്ധ ഇസ്ലാമിന്റെ, മുസ്ലിംകളുടെ ആധികാരിക സംഘടനയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശത്തോട് അത് പൂര്‍ണമായും കടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായി അതിനൊരു നിറവുമില്ല. ആരോടും വിധേയത്വവുമില്ലെന്നപോലെ വിദ്വേഷവുമില്ല. അതുകൊണ്ടു തന്നെ അധാര്‍മികതയും അരാജകത്വവും അനിസ്ലാമികതയും എവിടെ, ആരില്‍ നിന്ന് കണ്ടാലും രിസാല തിരിച്ചടിക്കും. അവിടെ ആളെ നോക്കാന്‍ സാധിക്കില്ല…. മുസ്ലിം സംസ്കാരത്തിന്റെ ചിഹ്നങ്ങളും ഇസ്ലാമിക നിയമ സംഹിതയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കാര്യങ്ങളും മാറ്റിമറിക്കാന്‍ ആര്, എന്തിന്റെ പേരില്‍ ശ്രമിച്ചാലും രിസാല കൈമെയ് മറന്ന് രംഗത്തിറങ്ങും. രാഷ്ട്രത്തിന്റെ മജ്ജയിലും മാംസത്തിലും ഇഴുകിച്ചേര്‍ന്ന ഒരു ജനവിഭാഗത്തിന്റെ സാംസ്കാരിക മഹിമ ചോദ്യം ചെയ്യപ്പെടുന്നത് നോക്കിനില്‍ക്കാനോ സാര്‍വ്വലൌകികമായൊരു പ്രസ്ഥാനത്തെ കാലത്തിനൊത്ത് പൊളിച്ചെഴുതണമെന്നു വിശ്വസിക്കാനോ രിസാലക്ക് കഴിയില്ല.”
ഇസ്ലാമിനോടും മുസ്ലിംകളോടും അതിലെ യാഥാസ്ഥിതികരെന്നു വിളിക്കപ്പെടുന്ന സുന്നികളിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആശയധാരകളോടും താല്‍പര്യങ്ങളോടുമാണ് തങ്ങളുടെ കടപ്പാട് എന്ന് വളച്ചുകെട്ടില്ലാതെ പറഞ്ഞുകൊണ്ടാണ് രിസാല പ്രസിദ്ധീകരണം ആരംഭിച്ചത്. അതുകൊണ്ടു തന്നെ പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ നിറവും സ്വഭാവവും എന്താണെന്ന് മനസ്സിലാക്കുക ഏറെ പ്രയാസമുള്ള കാര്യമൊന്നുമല്ല. വിവിധ കാലങ്ങളില്‍, വിവിധ വിഷയങ്ങളില്‍, സുന്നികളുടെ നിലപാടുകളോടും മുന്നേറ്റങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ ഈ നിറവും സ്വഭാവവും രിസാല പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും രിസാല അഭിമുഖീകരിക്കുന്നതും പ്രതിനിധീകരിക്കുന്നതും സുന്നികളെയാണ് എന്നുചുരുക്കം. ഒരു ‘ആധുനിക- മതേതര’ വായനക്കാരനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും സങ്കുചിതമെന്നു പേരു വിളിക്കാവുന്ന ഭാവങ്ങളെയും ഭാവനകളെയും പ്രതിഫലിപ്പിക്കുന്ന പ്രസിദ്ധീകരണം.
സാര്‍വലൌകികം, ദേശീയം തുടങ്ങിയ ബൃഹദ്ഭാവനകളെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും പത്ര പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാറുള്ളത്. പൊതുസമൂഹത്തെ അഭിമുഖീകരിക്കുന്നു എന്ന് പറയാനാണ് അത്തരം പ്രസിദ്ധീകരണങ്ങള്‍ പൊതുവില്‍ തിടുക്കം കാണിക്കാറുള്ളതും. ഈ ‘പൊതു’വിനെ എതിര്‍ത്തു നില്‍ക്കുന്ന ഒരു ഭാവ മണ്ഡലത്തില്‍ നിന്നാണ് ഇടപെടലുകള്‍ നടത്തുന്നത് എന്നതാണ് രിസാലയെ വ്യത്യസ്തവും വ്യതിരിക്തവുമാക്കുന്ന പ്രധാന ഘടകം. ഇത്തരം മാധ്യമ പരിശ്രമങ്ങളെ പൊതുമണ്ഡലത്തെ ഇസ്ലാമാക്കാനുള്ള ശ്രമമെന്ന് വ്യാഖ്യാനിക്കാറുണ്ടെങ്കിലും, പൊതു മണ്ഡലത്തെ കുറേക്കൂടി ജനാധിപത്യവല്‍ക്കരിക്കാനും ബഹുസ്വരമാക്കാനുമുള്ള ശ്രമം എന്ന നിലയിലാണ് മറ്റു ചിലര്‍ കാണുന്നത്. അച്ചടിയുടെ ലോകത്ത് ഇത് അത്രമേല്‍ വ്യക്തമല്ലെങ്കിലും, മതകീയസ്വഭാവം പുലര്‍ത്തുന്ന മാധ്യമസംരംഭങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കുറേക്കൂടി തെളിഞ്ഞു നില്‍ക്കുന്നത് സാറ്റലൈറ്റ്, സൈബര്‍ ലോകത്താണ്.
പ്രാസ്ഥാനിക വാര്‍ത്തകള്‍ക്ക് സമുദായ പത്രങ്ങളില്‍ പോലും ഇടം നല്‍കാതിരുന്ന അവസ്ഥയുണ്ടായിരുന്നെന്നും അതാണ് സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും രിസാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടവര്‍ പറയുന്നു. (രിസാല; ഒരു യാഥാസ്ഥിതിക മുസ്ലിം പ്രസിദ്ധീകരണത്തിന്റെ അകം കഥകള്‍, രിസാല ആയിരം പതിപ്പ്) കേരളീയ മുസ്ലിം സമുദായത്തിനകത്തു നിലനിന്നിരുന്ന പടലപ്പിണക്കങ്ങളുടെയും താല്‍പര്യങ്ങളുടെയും തുടര്‍ച്ചയായിരിക്കണം ഈ വാര്‍ത്ത തമസ്കരിക്കുന്നതിലും പ്രതിഫലിച്ചിട്ടുണ്ടാവുക. അതായത് സമുദായത്തിനകത്തെ വ്യത്യസ്തമായ ആശയ സംവാദങ്ങളെ ഉള്‍കൊള്ളാന്‍ പോലും കഴിയാത്തവയായിരുന്നു ഇവിടുത്തെ ഓരോ സാമുദായിക പത്രമാധ്യമങ്ങളും. അങ്ങനെ നോക്കുമ്പോള്‍ കേരളീയ മുസ്ലിം പത്രപ്രവര്‍ത്തന ചരിത്രമെന്നത് സമുദായത്തിലെ ഉള്‍തകര്‍ച്ചകളുടെ കൂടി ചരിത്രമാണ്.
മുസ്ലിം മാധ്യമങ്ങളെക്കുറിച്ചുള്ള മീഡിയ, കള്‍ച്ചര്‍ ആന്റ് സൊസൈറ്റി എന്ന ജേര്‍ണലിന്റെ പ്രത്യേക പതിപ്പിലെ ആമുഖ ലേഖനത്തില്‍ അച്ചടിയുള്‍പ്പടെയുള്ള പുതിയ വിവര-വിനിമയ സംവിധാനങ്ങള്‍ ഒരു സമുദായം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ അസ്ഥിരവും ദുര്‍ബലവുമായി കൊണ്ടിരിക്കുന്ന മുസ്ലിംകളെ കൂട്ടിച്ചേര്‍ക്കുകയാണോ അതോ കൂടുതല്‍ വിഘടിപ്പിച്ചു നിര്‍ത്തുകയാണോ ചെയ്യുക എന്ന സംശയം ഹാമിദ് മൌലാന ഉന്നയിക്കുന്നുണ്ട്. ദേശരാഷ്ട്രങ്ങള്‍ ‘ഉമ്മത്’ എന്ന സങ്കല്പത്തെ ഇല്ലാതാക്കിയത് പോലെ, മാധ്യമങ്ങള്‍ സമുദായത്തിനകത്ത് കൂടുതല്‍ ഉള്‍തകര്‍ച്ചകള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എന്നാല്‍ വിവരസാങ്കേതിക വിദ്യകള്‍ ഇസ്ലാമിനെ എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യത്തില്‍ തന്നെ മൌലികമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വിവരണാത്മകവും വികേന്ദ്രീകൃതവുമായ മാധ്യമങ്ങള്‍ മുസ്ലിം സമുദായങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്നും തുടര്‍ന്നുള്ള ലേഖനത്തില്‍ സിയാവുദ്ദീന്‍ സര്‍ദാറും നിരീക്ഷിക്കുന്നു.
കേരളീയ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം പ്രസിദ്ധീകരണങ്ങളെ വിലയിരുത്തുമ്പോള്‍ മേല്‍ ഉന്നയിച്ച രണ്ടു ഘടകങ്ങളും ഒരേ പോലെ പ്രവര്‍ത്തിക്കുന്നതായി കാണാം. ഇസ്ലാമിനെയും മുസ്ലിംകളെയും ആവിഷ്കരിക്കാനുള്ള പുതിയ വിവരണ തന്ത്രങ്ങള്‍ ചിട്ടപ്പെടുത്തിയെടുക്കുന്നതോടൊപ്പം തന്നെ, സമുദായത്തിനകത്തെ ഉള്‍ത്തകര്‍ച്ചകളുടെ ആഴവും ആക്കവും കൂട്ടാന്‍ അവ ശ്രദ്ധിക്കാറുമുണ്ട്. സമുദായത്തിനകത്തെ വൈവിധ്യമാര്‍ന്ന വ്യവഹാരങ്ങളെ പുറത്തുകൊണ്ടുവരാന്‍ ഇത് പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. മുസ്ലിം ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലയിരുത്തിക്കൊണ്ട് ഇതേ കോളത്തില്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചത് പോലെ, ഇസ്ലാമിനകത്തെ വൈവിധ്യങ്ങളെ കാണാതിരിക്കാനും അവരുടെ മാധ്യമ പരിശ്രമങ്ങളെ സമുദായത്തെ മൊത്തത്തില്‍ പ്രതിരോധിക്കാനുള്ള ശ്രമമായി ചിത്രീകരിക്കാനുമുള്ള പ്രവണത പലയിടങ്ങളിലും ഇപ്പോള്‍ വ്യാപകമായി കണ്ടുവരാറുണ്ട്. അതേ സമയം തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് കേരളം പോലുള്ള ഇടങ്ങളിലെ മുസ്ലിംകളുടേത്. സമുദായത്തിനകത്തെ ആശയ വ്യത്യാസങ്ങളെയും അഭിപ്രായ തര്‍ക്കങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണമാണ് ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന അജണ്ട. ഇതിനിടയില്‍ സമുദായത്തെ ‘പൊതുവില്‍’ പ്രതിനിധീകരിക്കാനോ, പ്രതിരോധിക്കാനോ പോലും ആരും മെനക്കെടാറില്ല. മറ്റു സാമുദായിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് മുസ്ലിം പ്രസിദ്ധീകരണ വേര്‍തിരിക്കുന്ന പ്രധാന ഘടകവും ഇത് തന്നെ. സാമൂഹിക/ സാമുദായിക പ്രശ്നങ്ങളില്‍ മറ്റു മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് ഓരോ മുസ്ലിം പ്രസിദ്ധീകരണവും പുറത്തിറങ്ങാറുള്ളത്. ഈ വൈവിധ്യം പക്ഷേ, ആരും കാണാന്‍ മിനക്കെടാറില്ല. രിസാല ഉള്‍പ്പടെയുള്ള മുസ്ലിം പ്രസിദ്ധീകരണങ്ങളുടെ സാമൂഹിക ചരിത്രത്തിലേക്ക് ചില സൂചനകള്‍ നല്‍കാനാണ് ഇത്രയും പറഞ്ഞത്.
ആയിരാം പതിപ്പിലെ പത്രാധിപക്കുറിപ്പില്‍ രിസാല ചീഫ് എഡിറ്റര്‍ എഴുതിയത് പോലെ രിസാല പോലൊരു പ്രസിദ്ധീകരണത്തെ വിലയിരുത്തുമ്പോള്‍, പ്രാഥമികമായും മനസ്സിലാക്കേണ്ട ഘടകം, അത് പ്രസിദ്ധീകരിക്കുന്നവരുടെയും അത് പ്രാഥമികമായും അഭിസംബോധന ചെയ്യുന്ന വായനാ സമൂഹത്തിന്റെയും സവിശേഷതകളാണ്. വാരികയെ വിലയിരുത്തിക്കൊണ്ട് രിസാലയുടെ അണിയറ പ്രവര്‍ത്തകരും പുറത്തുള്ളവരും ഊന്നിപ്പറഞ്ഞ കാര്യവും രിസാല ഒരു യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമാണ് എന്നതും അതിന്റെ വായനക്കാര്‍ പ്രാഥമികമായും സുന്നികളാണ് എന്നതുമാണ്. ഈ ഊന്നല്‍ മുന്നറിയിപ്പാണോ അതോ വിശേഷണമാണോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അത് വേറൊരു സാഹചര്യത്തില്‍ വിലയിരുത്തേണ്ട കാര്യമാണെന്നതിനാല്‍ മാറ്റിവെക്കുന്നു.
പക്ഷേ, ഊന്നലിനു ചില പ്രത്യേകതകളുണ്ട്. മേല്‍ സൂചിപ്പിച്ച പത്രാധിപക്കുറിപ്പില്‍ പറയുന്നത് പോലെ മുസ്ലിംകളുടെ വ്യവഹാര ഭാഷയായിരുന്ന അറബി മലയാളത്തിന്റെ പിന്‍വാങ്ങല്‍ മുസ്ലിംകള്‍ക്കിടയിലെ മഹാഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികരെ ഭാഷാപരമായി അനാഥരാക്കുകയും നിരക്ഷരരാക്കുകയും ഉണ്ടായി. മുസ്ലിംകള്‍ക്കിടയിലെ പിന്നാക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഭാഷാപരമായ ഈ അനാഥത്വമായിരുന്നു എന്ന വിലയിരുത്തല്‍ ഒട്ടും അതിശയോക്തിപരമാവില്ല. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ പോലുള്ള നോവലുകളില്‍ ബഷീര്‍ മനോഹരമായി മുസ്ലിം സമുദായം നേരിട്ട ഈ സംഘര്‍ഷാവസ്ഥയെ വിവരിക്കുന്നുണ്ട്. ഈ സംഘര്‍ഷാവസ്ഥയില്‍ നിന്നും സമുദായത്തിനകത്തും പുറത്തും ഒരു പോലെ നിരക്ഷരരാക്കപ്പെട്ട കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ രക്ഷപ്പെടുത്തിയെടുത്ത് അവര്‍ക്ക് ഭാഷാപരമായ ദിശാബോധം നല്‍കി എന്നതാണ് രിസാല പോലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ സാമൂഹിക പ്രസക്തി. ഭാഷയുടെ നിഷേധം അറിവിന്റെയും അധികാരത്തിന്റെയും നിഷേധം കൂടിയാണല്ലോ. ആ അര്‍ത്ഥത്തില്‍ പല പരിമിതികളുണ്ടെങ്കിലും സുന്നികളെ അറിവിന്റെയും അതിനെ മുന്‍നിര്‍ത്തിയുള്ള അധികാരത്തിന്റെയും മണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ രിസാലക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളീയ മുസ്ലിം നവോത്ഥാനത്തെ മുന്‍ നിര്‍ത്തി രിസാല തുടങ്ങിവച്ച ചര്‍ച്ചകളെ ഈ പശ്ചാതലത്തില്‍ പലരും പരാമര്‍ശിക്കാറുണ്ട്. നവോത്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ച എന്നതിലുപരി, മുസ്ലിംകളുടെ ചരിത്രബോധത്തെ കീഴി•ല്‍ മറിക്കുക വഴി വൈവിധ്യവത്കരിക്കുന്നതില്‍ ഈ ചര്‍ച്ചകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ ചര്‍ച്ചകളില്‍ രിസാല പുലര്‍ത്തിയ അക്കാദമിക് സ്വഭാവം പൊതുവെ ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള മതത്തിനകത്തെ ആശയ സംവാദങ്ങളെ കുറേക്കൂടി സഹിഷ്ണുതാപരമായി മാറ്റിയെടുക്കുന്നതിലും ചില സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സമീപകാലത്തെ മുസ്ലിംകളെ ഏറ്റവും സ്വാധീനിച്ച ചര്‍ച്ചകളില്‍ ഒന്ന് നവോത്ഥാനത്തെകുറിച്ചുള്ളതായിരുന്നു വെന്നതിനു ഇത് സംബന്ധിച്ചു കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങിയ എഴുത്തുകളുടെ എണ്ണവും വണ്ണവും തന്നെ തെളിവ്. പക്ഷേ, ആ ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രിസാല എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നത് ആയിരം പതിപ്പിന്റെ ആഘോഷ വേളയില്‍ ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. നവോത്ഥാനത്തെ കുറിച്ചുള്ള ലേഖനങ്ങളും ചര്‍ച്ചകളും ആവര്‍ത്തനങ്ങള്‍ മാത്രമായിപ്പോകുന്നതായി തോന്നിയിട്ടുണ്ട്. പഴയകാല മുസ്ലിം നേതാക്കളെയും പണ്ഡിത•ാരെയും ‘തങ്ങളുടേതാക്കാനു’ള്ള ശ്രമമായി നവോത്ഥാന ചര്‍ച്ചകള്‍ വഴിമാറിപ്പോകാതിരിക്കാന്‍ ജാഗ്രത കാട്ടിയാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ രിസാല പ്രതിനിധീകരിക്കുന്ന യാഥാസ്ഥിതികര്‍ കൂടിയായിരിക്കും.
രിസാലയുടെ ഇടപെടല്‍ പക്ഷേ, പൂര്‍ണമാണെന്നോ പ്രശ്ന വിമുക്തമാണെന്നോ പറയുന്നത് സത്യസന്ധമാവില്ല. മേല്‍സൂചിപ്പിച്ചത് പോലെ, മുസ്ലിംകളുടെ അതില്‍ തന്നെ സുന്നികളുടെ ലോകമാണ് രിസാലയുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം. അതിനെ പോലും പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കാന്‍ രിസാലക്ക് കഴിഞ്ഞിട്ടില്ല. മുമ്പൊരിക്കല്‍ രിസാലയില്‍ തന്നെ ഒരു വായനക്കാരന്‍ എഴുതിയത് പോലെ, മുസ്ലിം ഫലസ്തീനും ഇസ്രയേലിനും ഇടയിലുള്ള നെട്ടോട്ടമാണ് പല മുസ്ലിം പ്രസിദ്ധീകരണങ്ങളുടേതും. അതിനപ്പുറത്തുള്ള മുസ്ലിം ലോകത്തെ പരിചയപ്പെടുത്തുന്നതിലോ, രാഷ്ട്രീയ മാറ്റങ്ങളെ നിരീക്ഷിക്കുന്നതിലോ രിസാല ഉള്‍പ്പെടെയുള്ള മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധ കാണിക്കാറില്ല. അതുപോലെ മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പൊതുവെ പുലര്‍ത്താറുള്ള ‘സാമ്രാജ്യത്വ വിരോധം’ എന്ന് പൊതുവെ പറയാറുള്ള രാഷ്ട്രീയബോധം പലപ്പോഴും സാമ്രാജ്യത്വത്തിനകത്തെ ഡൈനാമിക്സുകള്‍ മനസ്സിലാക്കുന്നതില്‍ നിന്നും ബോധപൂര്‍വം മാറി നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. എങ്കിലും ഒരു കാര്യത്തോടുള്ള എതിര്‍പ്പ് അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമത്തിനു തടസ്സമാകരുതല്ലോ. സാമ്രാജ്യത്വ വിരോധം/ എതിര്‍പ്പ് അതിനെ വിലയിരുത്തുന്ന ഒരു ലേഖനത്തിന്റെയോ പഠനത്തിന്റെയോ രീതി ശാസ്ത്രമായി മാറരുത്. അങ്ങനെ വരുമ്പോഴേ വിശകലനങ്ങള്‍ കനമുള്ളതാകൂ.
മലബാറിലെ ഒരു മാപ്പിള മുസ്ലിം ആഗോള മുസ്ലിം പൌരനാണോ, അതോ പ്രാദേശികമായ അസ്ഥിത്വങ്ങളില്‍ വേരുകളൂന്നിയ ഒരു വിശ്വാസിയാണോ? രിസാല പ്രതിനിധീകരിക്കുന്ന വിശ്വാസധാര രണ്ടാമത്തതിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഈ രണ്ടിനുമിടയിലുള്ള ചില അന്തഃസംഘര്‍ഷങ്ങള്‍ രിസാലയില്‍ വരാറുള്ള ലേഖനങ്ങളില്‍ പ്രതിഫലിച്ചു കാണാറുണ്ട്. ശാഹിദിന്റെ ലേഖനങ്ങള്‍ മുന്നോട്ടു വെക്കുന്ന പാന്‍ ഇസ്ലാമിക് പരികല്പനകള്‍ മാപ്പിള എന്ന പരികല്‍പനക്കും അതിനെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങള്‍ക്കും എതിരെയുള്ള മറുവാദങ്ങളാണ് ഉന്നയിക്കുന്നത്. ഇത് വാരികയുടെ ഉള്ളടക്കത്തെ വൈവിധ്യപൂര്‍ണമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷേ, ഒരേ സമയത്തുള്ള ഈ രണ്ടുതരം ഊന്നലുകള്‍ വാരികയുടെ പൊതു സ്വഭാവത്തെ കുറിച്ച് ചില അവ്യക്തതകള്‍ ബാക്കി വെക്കുന്നുണ്ട്.
രിസാലയെകുറിച്ചുള്ള മറ്റൊരു വിമര്‍ശനം അതിലെ സ്ത്രീ സാനിധ്യമില്ലായ്മയാണ്. രിസാലയുടെ ആയിരം പതിപ്പിലെ ‘ഞാന്‍ വായിച്ച രിസാല’ എന്ന ഭാഗം വായിച്ച ഒരു സുഹൃത്ത് രിസാലക്ക് സ്ത്രീ എഴുത്തുകാര്‍ മാത്രമല്ല, സ്ത്രീ വായനക്കാരുമില്ലേ എന്ന് ചോദിക്കുകയുണ്ടായി. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നു പേരുള്ള നമ്മുടെ മതേതര പ്രസിദ്ധീകരണങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വിലയിരുത്തുമ്പോള്‍ അതിശയകരമായ ഒരു കാര്യമൊന്നുമല്ല രിസാലയിലെ സ്ത്രീ സാന്നിധ്യം. കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക വാരികയിലേക്ക് ലേഖനം അയച്ച മുസ്ലിം പെണ്‍കുട്ടിക്ക് ആ ലേഖനം പ്രസിദ്ധീകരിച്ചുകിട്ടാന്‍ കടക്കേണ്ടിവന്ന കടമ്പകളെപ്പറ്റി ഈയടുത്ത് ഒരു സുഹൃത്ത് പറയുകയുണ്ടായി. (അതേക്കുറിച്ച് വിശദമായി പിന്നീടെഴുതാം.) അത്രമേല്‍ സ്ത്രീ വിരുദ്ധമായ സമീപനം പുലര്‍ത്തുന്ന ഒരു പൊതുമണ്ഡലത്തില്‍ രിസാല പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാണിക്കുന്നത് പരിഹാസ്യമാണ്. സ്ത്രീകള്‍ക്ക് എഡിറ്റോറിയലുകളിലും റിപ്പോര്‍ട്ടിങ്ങിലും ജോലിചെയ്യാനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കാന്‍ പോലും മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ താരതമ്യേന വിപുലവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളുള്ള മാധ്യമം പത്രത്തിനു പോലും ഇരുപതു വര്‍ഷത്തോളം കാത്തുനില്‍ക്കേണ്ടി വന്നു (ഒ അബ്ദുറഹ്മാന്‍/ താഹ മാടായി, പച്ചക്കുതിര) പക്ഷേ, സ്വന്തം പ്രവര്‍ത്തന മണ്ഡലത്തെ വിപുലപ്പെടുത്താന്‍ അതൊക്കെ രിസാലക്ക് തടസ്സമാകേണ്ടതുണ്ടോ?
‘അല്ലാഹുവിന്റെ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചു തരുന്നു’ എന്നതാണ് രിസാലയുടെ അടിക്കുറിപ്പ്. അല്ലാഹുവിന്റെ സന്ദേശത്തിന്റെ വൈപുല്യവും വൈവിധ്യവും ബോധ്യപ്പെടുന്നതാണ് അതിന്റെ വിഷയ വൈവിധ്യങ്ങള്‍. എല്ലാ കാര്യങ്ങളും മതത്തിനകത്തേക്ക് കൊണ്ടുവരലാണ് അതിന്റെ ശൈലി. വിവരങ്ങളുടെ / വാര്‍ത്തകളുടെ ഇസ്ലാമികവത്കരണത്തിലൂടെ സാമൂഹിക വ്യവഹാരങ്ങളെ ഇസ്ലാമിന്റെ വിധിലോകത്ത് നിന്ന് വിലയിരുത്തുകയും പുനര്‍നിര്‍മിക്കുകയും ചെയ്യാനാണ് മുസ്ലിം മാധ്യമങ്ങള്‍ പൊതുവില്‍ ലക്ഷ്യമിടുന്നത്. അങ്ങിനെ പൊതു/ സ്വകാര്യം, മതം/ മതേതരത്വം, ആധുനികം/ പാരമ്പര്യം തുടങ്ങിയ വിഭജനങ്ങളെ ഇല്ലാതാക്കുകയും അത് വഴി മതത്തിന് മേല്‍കയ്യുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലുമാണ് അവയുടെ ലക്ഷ്യം. മതത്തിന്റെ സ്വകാര്യതയിലേക്കുള്ള പിന്‍വാങ്ങല്‍ ആവശ്യപ്പെടാത്ത നമ്മുടേത് പോലുള്ള സാമൂഹിക – രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് നമ്മുടെ പൊതു മണ്ഡലത്തെ വൈവിധ്യപൂര്‍ണമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനാവും. അങ്ങനെ മതത്തിനകത്തും പുറത്തുമുള്ള വ്യവഹാരങ്ങളെ വൈവിധ്യ പൂര്‍ണമാക്കുമ്പോഴാണ് ഒരു മുസ്ലിം പ്രസിദ്ധീകരണം അതിന്റെ ലക്ഷ്യം സാധൂകരിക്കുക.
You must be logged in to post a comment Login