ക്ഷുദ്രവൃക്ഷം; ഖുര്‍ആന്റെ ഉപമ മുജാഹിദുകള്‍ക്ക് ചേരുന്നതെങ്ങനെ?


നൂറ്റാണ്ടൊന്നായിട്ടും അസ്സല്‍ തൌഹീദ് ഉരുത്തിരിച്ചെടുക്കാനാവാതെ മുജാഹിദ് പ്രസ്ഥാനം ആടിയുലയുന്നു. വേറുറപ്പില്ലാതെ ഭൂമിയില്‍ നിന്ന് കടപുഴക്കപ്പെട്ട ക്ഷുദ്രവൃക്ഷത്തിന്റെ ഉപമ മുജാഹിദുകള്‍ക്ക് നന്നായി ചേരും.

എം പി മുഹമ്മദ് ഫൈസല്‍ അഹ്സനി രണ്ടത്താണി

മറഞ്ഞ മാര്‍ഗത്തില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അല്ലാഹു അല്ലാതെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വസ്തുവിനോ അങ്ങനെ വല്ല കഴിവും ഉണ്ടെന്ന് വിശ്വസിച്ചാല്‍ അത്, ആ വസ്തുവിനെ / വ്യക്തിയെ ദൈവമാക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ശിര്‍ക്കാണെന്നും (ബഹുദൈവാരാധന) പറഞ്ഞുകൊണ്ടാണ് കേരളത്തില്‍ വഹാബിസം പ്രവര്‍ത്തനമാരംഭിച്ചത്.ഈ ആശയം കെ.എം. മൌലവിയും (ഫാതിഹയുടെ തീരത്ത്) എ പി അബ്ദുല്‍ ഖാദര്‍ മൌലവിയും (സംവാദങ്ങളിലൂടെ) പറഞ്ഞതുപോലെ ശബാബും വിചിന്തനവും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഗംഗാ ജലവും അരവണയും മന്ത്രവാദവും പ്രേതബാധയും മാന്ത്രികച്ചരടും അയ്യപ്പശരണവും പിശാച്സേവയും ബഹുദൈവാരാധനയായത് പോലെ സംസം വെള്ളവും തിരുകേശ വെള്ളവും സിഹ്റും ജിന്ന്ബാധയും ജിന്ന്സേവയും ജിന്ന്ചികിത്സയുമൊക്കെ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ബഹുദൈവാരാധനയായിരുന്നു. പിളര്‍പ്പിനു മുമ്പുതന്നെ അബ്ദുറഹ്മാന്‍ ഇരുവേറ്റി എഴുതിയ ‘ഇസ്ലാഹീ പ്രസ്ഥാനം വരുത്തിയ മാറ്റങ്ങള്‍’ എന്ന പുസ്തകത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ചില മൌലവിമാര്‍ മുജാഹിദ്പ്രസ്ഥാനത്തിന്റെ ഈ ‘പുരോഗമനമുഖം കീഴ്മേല്‍ മറിക്കുകയായിരുന്നു. അവര്‍ സുന്നി പണ്ഡിതര്‍ ഓതാറുള്ളതും ‘ഉല്‍പതിഷ്ണുക്കള്‍’അന്ധവിശ്വാസങ്ങളായി തള്ളിയിരുന്നതുമായ നബിവചനങ്ങള്‍ പൊടിതട്ടിയെടുത്ത് ഗവേഷണം ചെയ്തു, പ്രബലങ്ങളാണെന്ന് കണ്ടെത്തി. അങ്ങനെ ജിന്ന് ബാധയും ദൃഷ്ടി ബാധയും ജിന്ന് ചികിത്സയും സിഹ്റ് ചികിത്സയും ബര്‍കത്ത് എടുക്കലും സംസം വെള്ളവുമൊക്കെ മുജാഹിദ് പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. മറഞ്ഞ വഴികളെല്ലാം തെളിഞ്ഞു. യാഥാസ്ഥിതികരായ സുന്നികള്‍ക്കിടയില്‍ പോലും പറഞ്ഞുകേട്ടിട്ടില്ലാത്ത വാദങ്ങളും ചികിത്സാരീതികളും വഹാബികള്‍ക്കിടയില്‍ തലപൊക്കി. ഖുര്‍ആന്‍ സിഡി തെറാപ്പി, കോണക ചികിത്സ, മേശ വലിപ്പിനുള്ളിലെ ജിന്ന്, ജിന്ന് ക്ളിനിക്കുകള്‍ എന്നിവ ഉദാഹരണം. അവസാനം ജിന്നുകളും മലക്കുകളും അവരുടെ കഴിവുകളും ഭൌതിക കാര്യങ്ങളായി. അങ്ങനെ ‘അല്ലാഹു പോരേ അടിമക്ക്’ എന്നു ചോദിച്ച് വിപ്ളവം തുടങ്ങിയവര്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ജിന്നുകളോടും മലക്കുകളോടും അവരുടെ കഴിവുകളില്‍ പെട്ട കാര്യങ്ങള്‍ തേടിയാല്‍, അത് അഭൌതികമോ പ്രാര്‍ത്ഥനയോ ബഹുദൈവാരാധനയോ ആകില്ല എന്ന് വാദിക്കാന്‍ തുടങ്ങി. ടി പി യുടെ ഭാഷയില്‍ അല്ലാഹുവിനെ പോലെതന്നെ പിശാചിനും കഴിവുണ്ട് എന്നിടത്തേക്കു വരെ വാദങ്ങള്‍ എത്തി.
യുവാക്കളുടെ ഈ അന്ധവിശ്വാസം തല മുതിര്‍ന്ന നേതാക്കള്‍ക്ക് സഹിച്ചില്ല. എന്നാല്‍ ‘മതത്തെ അറിയുക പ്രമാണങ്ങളിലൂടെ’ എന്ന പ്രമേയ മുയര്‍ത്തിയവരായത് കൊണ്ടും പ്രമാണങ്ങളില്‍ ആര്‍ക്കും ഗവേഷണം ആവാമെന്നതു കൊണ്ടും അവരുദ്ധരിക്കുന്ന ആശയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുന്നുമില്ല. അങ്ങനെയാണ് ജംഇയ്യത്തുല്‍ ഉലമ ഒരൊത്തു തീര്‍പ്പിലെത്താന്‍ തീരുമാനിച്ചത്. ജിന്ന് ബാധയും സിഹ്റും ദൃഷ്ടി ബാധയും ഉണ്ടെന്ന് സമ്മതിക്കാം. പക്ഷേ, ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്നത് കലര്‍പ്പില്ലാത്ത ബഹുദൈവാരാധനയാണ് എന്നായിരുന്നു ആ ഒത്ത് തീര്‍പ്പ്! എന്നാല്‍ ഇരിവേറ്റിയെപ്പോലുള്ള, പ്രമാണങ്ങളെക്കാള്‍ പുരോഗമനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ക്കോ പ്രമാണങ്ങളില്‍ ഗള്‍ഫ് സലഫികളുടെ സങ്കുചിത തൌഹീദിലധിഷ്ഠിതമായി പുതിയ ഗവേഷണം ആരംഭിച്ച യുവപണ്ഢിതര്‍ക്കോ ഈ ഒത്തു തീര്‍പ്പ് സ്വീകാര്യമായിരുന്നില്ല. സിഹ്റ് ബാധയും ജിന്ന് ബാധയും ബര്‍ക്കത്ത് എടുക്കലും സംസം വെള്ളവും തിരുകേശവുമൊക്കെ അംഗീകരിച്ചാല്‍ പിന്നെ നവോത്ഥാനം ആഘോഷിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് എന്ന് പുരോഗമന വിഭാഗം ചോദിച്ചു. സിഹ്റും ബര്‍ക്കത്തും മന്ത്രവുമൊന്നും അഭൌതികമല്ലെങ്കില്‍ ജിന്നിനോടുള്ള തേട്ടം മാത്രം എങ്ങനെ അഭൌതികമാവുമെന്ന് യുവനിരയും ചോദിച്ചു. അങ്ങനെ പൂര്‍ണ പുരോഗമന വാദികളുടെയും പൂര്‍ണ പ്രമാണ വാദികളുടെയും നടുവില്‍ ജംഇയ്യത്തുല്‍ ഉലമ മൂന്നാം നിലപാടുമായി രംഗത്ത് വന്നതോടെ ഇപ്പോള്‍ മൌലവി വിഭാഗം മുജാഹിദുകള്‍ തന്നെ ആശയപരമായി മൂന്നായി പിളര്‍ന്നിരിക്കുകയാണ്. ഇതില്‍ ആര് സംഘടന പിടിച്ചെടക്കും എന്നതു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.
മറഞ്ഞ വഴിക്ക് സഹായംതേടി എന്നതു കൊണ്ട് മാത്രം ബഹുദൈവാരാധനയാവുകയില്ല എന്നതിന് തെളിവായി സുന്നികള്‍ ഉദ്ധരിക്കാറുള്ള പല ലക്ഷ്യങ്ങളില്‍ ഒന്നാണ് ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ്. അത് ഇങ്ങനെ വായിക്കാം: “അല്ലാഹുവിന് ഹഫളതിന് (കാവല്‍ മാലാഖമാര്‍) പുറമെ ചില മലക്കുകള്‍ ഉണ്ട്. മരത്തില്‍ നിന്ന് ഇല പൊഴിയുന്നത് പോലും അവര്‍ എഴുതിവെക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വിജനമായ പ്രദേശത്തു വെച്ച് വല്ല അപകടവും പിണഞ്ഞാല്‍ ‘അല്ലാഹുവിന്റെ അടിമകളേ (യാ ഇബാദല്ലാഹ് ) എന്നെ സഹായിക്കുവീന്‍’ എന്ന് നിങ്ങള്‍ വിളിച്ചു പറയുക.” ബസ്സാര്‍ ഉദ്ധരിച്ച ഈ ഹദീസിലെ നിവേദക•ാര്‍ സത്യസന്ധരാണെന്നു ഹൈസമി മജ്മഉസ്സവാഇദില്‍ പറയുന്നു. വിജനമായ സ്ഥലത്തുവെച്ച് വാഹനം നഷ്ടപ്പെട്ടാലും വഴി അറിയാതെ വിഷമിച്ചാലും മറ്റും അല്ലാഹുവിന്റെ ഇഷ്ട ദാസ•ാരെ വിളിച്ച് സഹായം തേടാന്‍ പഠിപ്പിക്കുന്ന വേറെയും നിവേദനങ്ങള്‍ ഉണ്ട.് മുമ്പ് മുജാഹിദുകള്‍ പുഛിച്ചു തള്ളിയിരുന്ന ഈ ഹദീസ് ഇന്ന് അവരെ പിളര്‍ത്തിയിരിക്കുന്നു. ഈ ഹദീസ് പ്രബലമാണോ അല്ലേ, അതിലെ ശരണതേട്ടം ബഹുദൈവാരാധനയാണോ അല്ലേ എന്ന് ഉറക്കിലും ഉണര്‍വിലും സ്റേജിലും പേജിലും മറ്റും മറ്റും കേരളത്തിലെ മുജാഹിദ് പ്രവര്‍ത്തകര്‍ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്‍. ‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ സമ്മേളനം പ്രഖ്യാപിച്ചിട്ടും മുജാഹിദുകള്‍ മന്ദഗതിയിലായിരിക്കുന്നത് ഈ ഹദീസുമായി മല്‍പ്പിടുത്തത്തിലായതുകൊണ്ടാണ്.
ഈയടുത്ത് മൂവാറ്റുപുഴയില്‍ നടന്ന സുന്നി മുജാഹിദ് സംവാദം മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പിന്റെ പ്രഖ്യാപന വേദിയായത് അങ്ങനെയാണ്. ‘ജിന്നുകളോടും മലക്കുകളോടും ശരണം തേടാം എന്ന് വാദിക്കുന്ന മുജാഹിദുകള്‍ മുശ്രിക്കുകളാണോ എന്ന ചോദ്യത്തിന് കട്ടായമായും അതെ എന്ന മറുപടിയാണ് മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ച് ഹനീഫ് കായക്കൊടി നല്‍കിയത്. ‘മറഞ്ഞ വഴിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയുമെന്ന വിശ്വാസം ബഹുദൈവാരാധനയാണെങ്കില്‍ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നതും അങ്ങനെയാവില്ലേ? അങ്ങനെയാണെങ്കില്‍ പ്രസംഗിക്കുന്ന നിങ്ങളും ബഹുദൈവത്വ വിശ്വാസിയാകില്ലേ’ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ മുജാഹിദ് പക്ഷത്തിനായില്ല.
ചുരുക്കത്തില്‍ ആദ്യം മുഖ്യധാരാ മുസ്ലിംകളെയും പിന്നീട് തങ്ങളില്‍ നിന്ന് വേര്‍പെട്ടു പോയ മടവൂര്‍ വിഭാഗത്തെയും ശേഷം സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ഒരു വലിയ വിഭാഗത്തെയും ഇസ്ലാമില്‍ നിന്ന് പുറത്താക്കിയവര്‍ അവസാനം സ്വന്തം ഇസ്ലാം പോലും തെളിയിക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകും മുമ്പേ പൂര്‍ണ്ണമായ ഒരു മുസ്ലിമിനെ പോലും ലഭിക്കാതെ മുജാഹിദ് പ്രസ്ഥാനം ചക്രശ്വാസം വലിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. കാഫിറാക്കല്‍ കലയില്‍ ഗവേഷണത്തിന്റെ പുതിയ മാനങ്ങള്‍ അന്വേഷിച്ച് കൊണ്ടിരുന്ന മുജാഹിദുകള്‍ പ്രാര്‍ത്ഥനയെയും ആരാധനയെയും നിര്‍വ്വചിക്കുന്നതില്‍ തങ്ങള്‍ക്ക് അമളി പറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധന നടത്തുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാര്‍ത്ത: അദൃശ്യ സൃഷ്ടികളായ ജിന്നുകളും മലക്കുകളും സഹായിക്കട്ടെ എന്നു നിനച്ച് ‘അല്ലാഹുവിന്റെ അടിമകളേ സഹായിക്കണേ’ എന്നു വിളിച്ച് തേടിയാല്‍ അത് ശിര്‍ക്കല്ല എന്ന് ഒരു വിഭാഗവും ശിര്‍ക്ക് തന്നെയെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ശിര്‍ക്കല്ലെന്നു വാദിച്ച വിഭാഗത്തിന്റെ നേതാവ് സകരിയ്യാ സ്വലാഹിയെ മുജാഹിദുകള്‍ (മൌലവി വിഭാഗം) മുശ്രിക്കാക്കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അതേതുടര്‍ന്ന് ജില്ലകള്‍ തോറും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ വിഭാഗം തീരുമാനിച്ചുകഴിഞ്ഞു. ഐ എസ് എമ്മിന്റെയും എം എസ് എമ്മിന്റെയും പ്രവര്‍ത്തകരിലെ ഭൂരിപക്ഷവും ഗള്‍ഫ് മുജാഹിദ് പ്രവര്‍ത്തകരിലെ സിംഹഭാഗവും മുജാഹിദ് പ്രഭാഷകരിലെ മിക്കപ്രഭാഷകരും വഹാബികളുടെ ഓണ്‍ലൈന്‍ ക്ളാസ്റൂമും പ്രസിദ്ധീകരണമായ അല്‍ ഇസ്ലാഹും വിമത വിഭാഗത്തോടൊപ്പമാണ് എന്നതു കൊമ്പ് മരത്തിനെക്കാള്‍ വലുതാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഏതായാലും മൂവാറ്റുപുഴ സംവാദത്തില്‍ സുന്നികള്‍ നടത്തിയ പ്രവചനം പുലരുന്നു എന്നതാണിതിനര്‍ത്ഥം.
കൌതുകകരമായ കാര്യം, ജിന്നിനോടും മലക്കിനോടും സഹായം തേടല്‍ ശിര്‍ക്കല്ല എന്ന വാദക്കാരനായ സകരിയ്യ സ്വലാഹി തന്റെ വാദം സംഘടന സ്വീകരിക്കാത്തതു കൊണ്ട് സംവാദത്തില്‍ മുജാഹിദുകള്‍ അമ്പേ പരാജയപ്പെട്ടു എന്ന് പ്രചരിപ്പിച്ചു കൊണ്ട് പണ്ഡിത സംഘടനക്ക് കത്തയക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.
ഈ ലഘുലേഖയില്‍ സ്വലാഹി ഉദ്ധരിക്കുന്ന ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക:
“മുജാഹിദ് പ്രവര്‍ത്തകര്‍ തന്നെ ശിര്‍ക്കിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിക്കുക, അതിനു ശേഷം അവരെ തൌഹീദില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ആദര്‍ശ സ്നേഹിയായ നേതാവാണ് അബ്ദുറഹ്മാന്‍ സലഫി എന്ന ഒരു പ്രതിഛായ ഉണ്ടക്കിയെടുക്കുക, ഈ ഒരു ദുഷ്ടലക്ഷ്യത്തോടെയാണ്, 2011 ലെ തെരഞ്ഞെടുപ്പിന് മുമ്പായി ‘യാ ഇബാദല്ലാഹ്’ എന്ന വിഷയം മുജാഹിദ് പണ്ഡിതര്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും സലഫി ടീം സജീവ ചര്‍ച്ചയാക്കിയത്. ഈ ചര്‍ച്ച 2012ലും തുടര്‍ന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ രണ്ടു തവണ ദൌറ കൂടുകയുണ്ടായി. രണ്ടാമത് നടന്ന ദൌറയില്‍ സൌദിയിലെ ഔഖാഫ് മന്ത്രിയായ ശൈഖ് സാലിഹ് ആലുശൈഖ് എഴുതിയ പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ജിന്നിനോടുള്ള എല്ലാ വിളികളും ശിര്‍ക്കല്ല എന്നു തീരുമാനിച്ചാണ് പിരിഞ്ഞത്. കുതന്ത്രക്കാരനായ എ.ആര്‍ സലഫി അത് പിന്നീട് ശിര്‍ക്കും ഹറാമുമാണ് എന്നാക്കി മാറ്റിയെഴുതി എന്നതാണ് വസ്തുത. തുടര്‍ന്ന് യാ ഇബാദല്ലാഹ് എന്നു വിളിച്ചാല്‍ ശിര്‍ക്കാണെന്നു തന്നെ ഉറപ്പിച്ചു പറയണം എന്ന സലാം സുല്ലമിയുടെ വാദം എ ആര്‍ സലഫി പക്ഷക്കാരായ ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, യാ ഇബാദല്ലാഹ് എന്ന് വിളിച്ച ഇമാമീങ്ങള്‍ക്ക് തൌഹീദ് മനസ്സിലായില്ല എന്നും, അവരെല്ലാം ശിര്‍ക്കന്‍ വിശ്വസക്കാരായിരുന്നു എന്നും ആരോപിക്കുന്ന സുല്ലമിയുടെ ഈ പിഴച്ച വാദം അംഗീകരിക്കാന്‍ പരലോക ബോധമുള്ള മുജാഹിദ് പണ്ഡിതര്‍ തയ്യാറായതുമില്ല. കെ എന്‍ എം തെരഞ്ഞെടുപ്പ് വരുമ്പോള്‍ തൌഹീദ് ശിര്‍ക്കാവുന്ന മറിമായം സമ്മതിച്ചു കൊടുക്കാന്‍ മുജാഹിദുകളെ കിട്ടുമോ!..”
മുസ്ലിംകളെ മുശ്രിക്കാക്കുന്ന മുജാഹിദുകളുടെ തൌഹീദ്-ശിര്‍ക്ക് നിര്‍മ്മാണങ്ങള്‍ എപ്പടി?
ഒരു ദിവസം ശിര്‍ക്ക്, അതേ കാര്യം പിന്നീട് തൌഹീദ്-! വീണ്ടും അത് ശിര്‍ക്കായി മാറുന്നു……ഇനിയും തൌഹീദ് ആകുമെന്ന് പ്രതീക്ഷിക്കാം.
പ്രതിസന്ധിഘട്ടങ്ങളില്‍ ‘അല്ലാഹുവിന്റെ അടിമകളേ സഹായിക്കണേ’’എന്ന് ഇമാം നവവിയും ഇമാം അഹ്മദ്ബ്നുഹമ്പലും വിളിച്ചിട്ടുണ്ട്. അത് ശിര്‍ക്കല്ലെന്ന് മുമ്പ് ശൌകാനിയും ഇപ്പോള്‍ ജബ്ബാര്‍ മൌലവിയും അടക്കമുള്ള മുജാഹിദുകളും പറയുന്നുണ്ട്. ഇങ്ങനെയുള്ള ഈ ഇമാമുമാരും മുജാഹിദ് നേതാക്കളും മുശ്രിക്കാണോ എന്നായിരുന്നു മൂവാറ്റുപുഴയില്‍ സുന്നികളുടെ സുപ്രധാന ചോദ്യം. അതിന് അതെ എന്ന മറുപടി പറഞ്ഞ കായക്കൊടി, ഇമാമുമാരെ മുശ്രിക്കാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇമാം നവവി മുശ്രിക്കല്ലെങ്കില്‍ ആ ശിര്‍ക്ക് ആരോപിച്ച ഈ മൌലവിമാരിലേക്കു തന്നെ മടങ്ങി വരുമെന്നാണ് തുടര്‍ന്ന് സകരിയ്യാ സ്വലാഹി സമര്‍ത്ഥിക്കുന്നത്! മുജാഹിദുകളുടെ ശിര്‍ക്കാരോപണത്തിന് ഒരു നിലയും വിലയുമില്ല, തൌഹീദിന്റെ കാര്യത്തില്‍ മുജാഹിദുകള്‍ വസ്വാസിലാണ് എന്നൊക്കെ വരുത്തിത്തീര്‍ക്കാനേ ഈ സംവാദം ഉപകരിച്ചിട്ടുള്ളൂ എന്നും സ്വലാഹി പരിഭവപ്പെടുന്നു! ഇങ്ങനെയൊക്കെയാണെങ്കില്‍ ഇസ്തിഗാസ തൌഹീദാകാന്‍ കുറെ ദൂരമൊന്നും സഞ്ചരിക്കേണ്ടിവരില്ല. കാരണം ഇസ്തിഗാസ ചെയ്യുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത ഇമാമുമാരുടെ ചരിത്രം എമ്പാടും ലഭ്യമാണല്ലോ.
അതിലേറെ കൌതുകമുള്ളത് അനസ് മൌലവിയുടെ കാര്യമാണ്. ‘ഔലിയാക്കളോട് തേടല്‍തന്നെ ശിര്‍ക്കല്ല’ എന്ന വാദക്കാരനായിരുന്നു അയാള്‍ ആദ്യം. പിന്നെ അല്ലാഹു അല്ലാത്ത ആരോടു തേടുന്നതും ശിര്‍ക്ക് തന്നെ എന്ന വാദക്കാരനായി. പിന്നീട് ജിന്നിനോടും മലക്കിനോടും തേടുന്നത് ശിര്‍ക്കല്ല എന്ന് തിരുത്തി. ഇപ്പോള്‍ അത് ശിര്‍ക്കാണെന്ന് മാറ്റി…..! അബ്ദുറഹ്മാന്‍ സലഫിയെപോലുള്ള പണ്ഡിതരുടെ-പണ്ഡിത സഭയുടെ സാരോപദേശങ്ങള്‍ കേട്ടിട്ടാണത്രെ അദ്ദേഹത്തിന്റെ ഈ മാനസിക പരിവര്‍ത്തനം! ഈ സലഫിയുടെ കാര്യമോ? ആദ്യം അദ്ദേഹവും ജിന്നിനോട് തേടല്‍ ശിര്‍ക്കല്ലെന്ന വാദക്കാരനായിരുന്നു!! അതായത് ഇപ്പോഴത്തെ വാദപ്രകാരം(2012 ലെ)മുശ്രിക്ക്! പിന്നീട് സെക്രട്ടറി പദം കിട്ടാന്‍ വേണ്ടിയാണത്രെ അന്നത്തെ തൌഹീദ് പിന്നീട് ശിര്‍ക്കായത്!! സകരിയ്യ സ്വലാഹിയുടെ കാര്യവും വ്യത്യസ്തമല്ല. അദ്ദേഹം ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്ന പഴയ തൌഹീദില്‍ നിന്നും തൌബ ചെയ്ത് ജിന്നിനോട് തേടല്‍ ശിര്‍ക്കല്ലെന്ന പുതിയ തൌഹീദ് സ്വീകരിച്ചയാളാണ്!
എപ്പടി? ഇവരുടെ തൌഹീദ് എത്ര ചഞ്ചലം? അനുനിമിഷം അത് മാറിക്കൊണ്ടിരിക്കുന്നു! ഇന്നലത്തെ തൌഹീദ് ഇന്ന് ശിര്‍ക്കും ഇന്നലത്തെ ശിര്‍ക്ക് ഇന്ന് തൌഹീദുമാകുന്ന മായാജാലം മുമ്പ് ജമാഅത്തെ ഇസ്ലാമിയിലാണ് നമ്മള്‍ കണ്ടത്. ഇപ്പോഴത് മുജാഹിദുകള്‍ക്കിടയിലെ അഞ്ചു ഗ്രൂപ്പുകള്‍ക്കിടയിലും (സലഫി ഗ്രൂപ്പ്, സ്വലാഹി ഗ്രൂപ്പ്, ഇരിവേറ്റി ഗ്രൂപ്പ്, സുല്ലമി ഗ്രൂപ്പ്, ചെറിയമുണ്ടം ഗ്രൂപ്പ്) നാം കണ്ടുകൊണ്ടിരിക്കുന്നു!
മഖ്ബറയില്‍ ചെന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്, തിരുനബിയുടെ പ്രകീര്‍ത്തനം ഉള്‍ക്കൊള്ളുന്ന ബുര്‍ദഃ ആലപിച്ചതിന് മഹാ•ാരുടെ ചരിതങ്ങള്‍ അടങ്ങുന്ന കാവ്യാവിഷ്കാരങ്ങള്‍ ആസ്വദിച്ചതിന്, മുസ്ലിംകളെ ബഹുദൈവ വിശ്വാസികള്‍ (മുശ്രിക്കുകള്‍) എന്നു മുദ്രയടിച്ചവര്‍, ഇന്ന് തത്വത്തില്‍ അഞ്ച് കഷ്ണങ്ങളായി പരസ്പരം ശിര്‍ക്കാരോപിച്ച് ശിര്‍ക്കില്‍ നിന്ന് തൌഹീദിലേക്കും തൌഹീദില്‍ നിന്ന് ശിര്‍ക്കിലേക്കും ചായുകയും ചെരിയുകയും ചെയ്യുമ്പോള്‍ ആരും ചോദിച്ചു പോവും :
“അല്ലാഹു വിധികര്‍ത്താക്കളില്‍ അത്യുത്തമനല്ലേ !?”(വി:ഖു: അത്തീന്‍:8)
മുസ്ലിംകളുടെ തൌഹീദ് അചഞ്ചലമാണ്. ആദംനബി(അ) മുതല്‍ തിരുനബി (സ) വരെയും തിരുനബി മുതല്‍ വര്‍ത്തമാന കാലം വരെയും അത് അചഞ്ചലമായി തുടരുന്നു.വര്‍ത്തമാന കാലം മുതല്‍ അന്ത്യനാള്‍ വരെയും അത് ചാഞ്ചല്യമില്ലാതെ തുടരുക തന്നെ ചെയ്യും.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘”ഉല്‍കൃഷ്ട വാക്യത്തിനെ(കലിമത്തുത്തൌഹീദ്) അല്ലാഹു ഉപമിച്ചിരിക്കുന്നത് എങ്ങനെയെന്ന് നീ കണ്ടില്ലേ? ഭൂമിയില്‍ വേരുറച്ചതും ആകാശത്ത് പടര്‍ന്നതുമായ ഒരു വൃക്ഷം പോലെയാണത്. എല്ലാ സമയത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.അല്ലാഹു മനുഷ്യര്‍ക്ക് ഉപമകള്‍ എടുത്തു കാണിക്കുന്നു; അവര്‍ ചിന്തിക്കാന്‍ വേണ്ടി .എന്നാല്‍ ചീത്ത വചനത്തിന്റെ (സത്യ നിഷേധത്തിന്റെ) അവസ്ഥ ഒരു ചീത്ത വൃക്ഷം പോലെയാണ്. വേരുറപ്പില്ലാതെ, അത് ഭൂമിയുടെ മുകളില്‍ നിന്ന് കടപുഴക്കപ്പെട്ടിരിക്കുന്നു. (വി.:ഖു; 14/24-26)

 

One Response to "ക്ഷുദ്രവൃക്ഷം; ഖുര്‍ആന്റെ ഉപമ മുജാഹിദുകള്‍ക്ക് ചേരുന്നതെങ്ങനെ?"

  1. olavattur  January 18, 2013 at 10:37 am

    ഒരു നല്ല ലേഖനം…അഭിനന്ദനങ്ങള്‍.

You must be logged in to post a comment Login