വഴിമാറി പോകാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും വാപ്പയുടെ വിളി ഞാന്‍ കേട്ടു. “എടാ.”
ഞാന്‍ പിന്തിരിഞ്ഞു: “എന്താ വാപ്പാ?”
“ഞാനും ഉണ്ട്.” ഞാന്‍ ഒന്നു ഞെട്ടി.
പതറിയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു: “വാപ്പ എവിടേക്കാ?”
“നിന്റെ ഉസ്താദിനെ കാണാന്‍. കുറച്ചു കാലമായി അദ്ദേഹത്തെ ഞാന്‍ ഒന്നു കണ്ടിട്ട്.”
സിനിമാഷൂട്ടിംഗ് ഉണ്ടെന്ന് അറിഞ്ഞ് കൂട്ടുകാരനൊത്ത് അന്നത്തെ ക്ളാസ് കട്ട് ചെയ്ത് എടക്കഴിയൂര്‍ പഞ്ചവടിക്കടപ്പുറത്ത് ഷൂട്ടിംഗ് കാണുവാന്‍ പോയി. അന്നു ഞാന്‍ എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസയില്‍ അഞ്ചാം തരത്തില്‍ മൊയ്തുണ്ണി ഉസ്താദിന്റെ ക്ളാസിലായിരുന്നു. ഉസ്താദിനെ എല്ലാര്‍ക്കും വലിയ പേടിയാണ്. കഴിവതും ഉസ്താദ് ആരെയും അടിക്കാറില്ല. നിവൃത്തിയില്ലാന്ന് കണ്ടാല്‍ മാത്രമേ അടിക്കാറുള്ളൂ. അടി തുടങ്ങിയാല്‍ പിന്നെ അത് പൂരമായി മാറും. പൊതുപരീക്ഷ അടുത്തിരിക്കുന്ന അവസരമായിരുന്നു അത്. പരീക്ഷക്ക് ഒന്നരമാസം ഉണ്ട്. ആ സമയത്താണ് സിനിമാഷൂട്ടിംഗ് കാണാന്‍ കൂട്ടുകാരനൊത്ത് പോകുന്നത്. ഒരു ദിവസം ക്ളാസ്മുടങ്ങിയപ്പോള്‍ അടുത്ത ദിവസവും ക്ളാസില്‍ പോവാന്‍ മടി കാരണം ഉസ്താദിന്റെ അടി ഓര്‍മ വന്നതു തന്നെ കാരണം. രണ്ടാം ദിവസവും ക്ളാസില്‍ പോകാതെ ഷൂട്ടിംഗ് കാണാന്‍ തന്നെ പോയി. മൂന്നാം ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചു. പിന്നെ അത് തുടര്‍ച്ചയായി ഒരു മാസം വരെ നീണ്ടു. മദ്റസ വിട്ട് കുട്ടികള്‍ വീട്ടില്‍ വരുന്ന സമയം നോക്കി ഞാന്‍ വീട്ടില്‍ വരും. പുസ്തകം എടുത്തുവച്ച് ചായകുടിയെല്ലാം കഴിഞ്ഞ് സ്കൂളിലേക്ക് പോകും. മദ്റസയില്‍ എന്റെ ക്ളാസിലായിരുന്നു അനിയത്തിയും. പക്ഷേ അവള്‍ ഈ വിവരം വീട്ടിലാരോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ പറയരുതെന്ന് ഞാന്‍ തന്നെയാണ് അവളോടു പറഞ്ഞത്. സുഖമില്ലാതെ കിടക്കുകയാണെന്ന് ഉസ്താദിനോട് പറയാന്‍ പറഞ്ഞതും ഞാനാണ്. ഒരു ദിവസം അങ്ങാടിയില്‍ വച്ച് വാപ്പയെ ഉസ്താദ് കണ്ടു. “മകന്റെ അസുഖം മാറിയോ?” ഉസ്താദ് വാപ്പയോട് ചോദിച്ചു.
“അസുഖമോ?” വാപ്പ ഉസ്താദിന്റെ മുഖത്ത് നോക്കി.
“അതെ മകന്‍ ഒരു മാസമായി ക്ളാസില്‍ വന്നിട്ട്. മകളോട് ചോദിച്ചപ്പോള്‍ സുഖമില്ലാതെ കിടക്കുകയാണെന്നാണല്ലോ പറഞ്ഞത്.” ഉസ്താദിനോട് മറുപടി പറയാന്‍ കഴിയാതെ വാപ്പ തരിച്ചു നിന്നു. ഉസ്താദ് വാപ്പയോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു.
അന്നു സ്കൂള്‍ വിട്ട് ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ വാപ്പ എന്നോട് ചോദിച്ചു : “മദ്റസയിലെ പരീക്ഷ എന്നാണ് തുടങ്ങുന്നത്?”
ക്ളാസില്‍ പോകാത്ത എനിക്കുണ്ടോ കൃത്യമായി അറിയുന്നു! ഞാന്‍ ഒന്ന് ഉരുണ്ടു പറഞ്ഞു: “രണ്ടു മാസം ഉണ്ട്.”
“ഓ. നന്നായി പഠിക്കുന്നുണ്ടോ?”
“ഉണ്ട്…” ഞാന്‍ മറുപടി പറഞ്ഞു. ആ സമയം മനസ്സില്‍ എന്തോ ഭയം തോന്നി. പടച്ചവനേ, വാപ്പ വല്ലതും അറിഞ്ഞിട്ടുണ്ടാകുമോ? വാപ്പ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല. പിറ്റേന്ന് പതിവു പോലെ മദ്റസയിലേക്ക് പോകുന്നതു പോലെ കിതാബ് എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.
വഴിമാറി പോകാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും വാപ്പയുടെ വിളി ഞാന്‍ കേട്ടു. “എടാ.”
ഞാന്‍ പിന്തിരിഞ്ഞു: “എന്താ വാപ്പാ?”
“ഞാനും ഉണ്ട്.” ഞാന്‍ ഒന്നു ഞെട്ടി.
പതറിയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു: “വാപ്പ എവിടേക്കാ?”
“നിന്റെ ഉസ്താദിനെ കാണാന്‍. കുറച്ചു കാലമായി അദ്ദേഹത്തെ ഞാന്‍ ഒന്നു കണ്ടിട്ട്.”
എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഉള്ളില്‍ ഭയം കൂടി. ശരീരം വിറയ്ക്കാന്‍ തുടങ്ങി. തല ചുറ്റുന്നതു പോലെ. വയര്‍ തിളച്ച് ബാത്റൂമില്‍ പോകാനൊക്കെ തോന്നിത്തുടങ്ങി. ബാപ്പ മുന്‍കൂട്ടി കരുതിയുറപ്പിച്ചതു പോലെ മുന്നില്‍ നടന്നു. പിന്നില്‍ വിറയ്ക്കുന്ന കാലുകളുമായി അമാന്തിച്ച് ഞാനും നടന്നു. ഇടയ്ക്ക് ബാപ്പ പിന്തിരിഞ്ഞു നോക്കുന്നതും കാണാം. കാര്യം എനിക്ക് പിടികിട്ടി എന്ന് ബാപ്പാക്ക് മനസ്സിലായി. എന്തിനു പറയുന്നു; മദ്റസയുടെ മുറ്റത്ത് എത്തി. പേടിയും ലജ്ജയും എല്ലാം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ബാപ്പയെ കണ്ടപ്പോള്‍ ഉസ്താദ് ക്ളാസില്‍ നിന്നു പുറത്തേക്ക് വന്നു. ബാപ്പയും ഉസ്താദും മാറിനിന്ന് കുറെനേരം സംസാരിച്ചു നിന്നു. ഉസ്താദിനോട് സംസാരിച്ചു കഴിഞ്ഞ് എന്നോടൊന്നും പറയാതെ ബാപ്പ പോയി. ഉസ്താദ് എന്റെ അടുക്കല്‍ വന്നു; “ഉം ക്ളാസില്‍ പോ.”
ഗൌരവത്തോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു. ജാള്യത മറക്കാനാവാതെ ഞാന്‍ ക്ളാസില്‍ കയറിയിരുന്നു. കൂട്ടുകാരെല്ലാം എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അന്നത്തെ പേടി കാരണം എനിക്ക് വിറയലും പനിയും വന്നു. പിറ്റേന്നു ഞാന്‍ ക്ളാസില്‍ പോയില്ല. അതിന്റെ അടുത്ത ദിവസം ഞാന്‍ ക്ളാസില്‍ പോയി. “ഇന്നലെ ക്ളാസില്‍ വരാത്തവര്‍ എണീറ്റു നില്‍ക്കുക.” ഉസ്താദ് ക്ളാസില്‍ വന്നപാടെ പറഞ്ഞു. എല്ലാവരെയും ഒന്നു നോക്കി ഞാന്‍ എണീറ്റു നിന്നു. ഞാന്‍ ഒഴികെ എല്ലാവരും ക്ളാസില്‍ വന്നിട്ടുണ്ട്. വണ്ണം കുറഞ്ഞ നീളന്‍ ചൂരല്‍ എടുത്ത് “ഇവിടെ വാടാ…”
ഉസ്താദിന്റെ ടേബിളിന്റെ അടുത്തേക്ക് എന്നെ വിളിച്ചു. മുമ്പ് ഉസ്താദിന്റെ കയ്യില്‍ നിന്നും ഒറ്റ അടി പോലും ഞാന്‍ വാങ്ങിയിട്ടില്ല. കാരണം ക്ളാസില്‍ ഞാന്‍ മിടുക്കനായിരുന്നു. എല്ലാരേക്കാളും സ്നേഹം ഉസ്താദിന് എന്നോടായിരുന്നു. അതുകൊണ്ടാവാം ഒരു മാസം മുടങ്ങിയിട്ടും എന്നെ തല്ലാതെ വിട്ടത്. പക്ഷേ, ഈ പ്രാവശ്യം എന്റെ തുണി കൂട്ടിപ്പിടിച്ച് പുറം തിരിച്ചു നിര്‍ത്തി ചന്തിമേലും കാല്‍ തുടയിലും പൊതിരെ തല്ലി. എന്നെ തല്ലിയ പോലെ ക്ളാസില്‍ ഒരാളെയും തല്ലിയിട്ടില്ല. അടിയുടെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ഞാന്‍ വാവിട്ടു കരഞ്ഞു. എന്റെ കരച്ചില്‍ കേട്ട് അടുത്ത ക്ളാസില്‍ നിന്നെല്ലാം ഉസ്താദുമാരും കുട്ടികളും എത്തിച്ചു നോക്കി. എന്റെ അവസ്ഥ കണ്ട് ക്ളാസിലെ കുട്ടികളെല്ലാം കരഞ്ഞു പോയി. അടി കിട്ടിയ ഭാഗം തടിച്ചു വീര്‍ത്തു. നീറ്റലും പുകച്ചിലും വേദനയും ഞാന്‍ വല്ലാതെ അനുഭവിച്ചു. അടി നിര്‍ത്തിയ ഉസ്താദ് കിതയ്ക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ട് ഉസ്താദ് പറഞ്ഞു: “പരീക്ഷയില്‍ തോറ്റാല്‍ എന്റെ ക്ളാസില്‍ നീ ഉണ്ടാവരുത്. അതോടെ ഒഴിഞ്ഞു പോകണം.”
അതു പറഞ്ഞ് ക്ളാസില്‍ നിന്നും ഉസ്താദ് പുറത്തേക്ക് പോയി. അന്നത്തെ ദിവസം പിന്നെ പാഠമൊന്നും എടുക്കാന്‍ ഉസ്താദ് വന്നില്ല. ആ ദിവസം വെറുതെയങ്ങുപോയി. ദിവസങ്ങള്‍ കടന്നുപോയി. പരീക്ഷ കഴിഞ്ഞു. കാത്തിരിപ്പിനു ശേഷം റിസല്‍റ്റ് വന്നു. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന മാര്‍ക്കോടെ ഒന്നാമനായി ഞാന്‍ പാസായിരിക്കുന്നു. അല്‍ ഹംദുലില്ലാഹ്.
ഞാന്‍ പഠിച്ചിരുന്ന മദ്റസയുടെ മറ്റൊരു ബ്രാഞ്ചിലാണ് ആറാം ക്ളാസ്. ആയതിനാല്‍ അങ്ങോട്ട് മാറിയതില്‍ പിന്നെ ഉസ്താദിനെ കാണാന്‍ കഴിഞ്ഞില്ല. പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത് നബിദിന രാത്രിയിലാണ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ കഴിഞ്ഞ് സമ്മാന വിതരണം ഉണ്ടായിരുന്നു. ‘പൊതു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥി ജലാലുല്‍ അക്റം’ എന്നു വിളിച്ചു പറയുമ്പോള്‍ എനിക്ക് കോരിത്തരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സ്റേജിലേക്ക് കടന്നു ചെന്നു. സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഉസ്താദ് എന്റെ കൈയില്‍ തന്നു. പെട്ടെന്ന് ഉസ്താദ് എന്നെ അടക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എല്ലാവരെയും ആ കാഴ്ച വികാരഭരിതരാക്കി. എന്റെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞു. “എന്റെ വിദ്യാര്‍ത്ഥികളില്‍ ഇവനെ തല്ലിയതു പോലെ ഒരു കുട്ടിയെയും ഞാന്‍ തല്ലിയിട്ടില്ല. പഠിക്കാന്‍ മിടുക്കനായ ഇവന്‍ കൂട്ടുകാരൊത്ത് ഒരുമാസക്കാലം ക്ളാസില്‍ വരാതെ നടന്നു. അന്നു ഞാന്‍ അവനു നല്‍കിയ ശിക്ഷയാണ് ഇവനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.” ഒപ്പം ഉസ്താദിന്റെ കുറ്റബോധവും.
ബാപ്പയും ഉസ്താദും കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍, ഉസ്താദിന്റെ അടി എനിക്ക് കിട്ടിയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം പിഴച്ചു പോയേനെ. സര്‍വ ശക്തനായ അല്ലാഹുവേ, എന്റെ ഉസ്താദുമാരെയും മാതാപിതാക്കളെയും നീ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടണമേ. ആമീന്‍
You must be logged in to post a comment Login