ഈ പ്രാവുകള്‍ എത്ര ഭാഗ്യമുള്ളവര്‍! എന്നും നക്ഷത്രങ്ങളോടൊപ്പം വസിക്കാന്‍ കഴിയുന്നവര്‍. ബഖീഇലെ ഈ പ്രാവായിരുന്നെങ്കിലെന്ന് ഈ മനുഷ്യന്‍ വെറുതെ കൊതിച്ചുപോയി. നാളെ നാഥന്റെ ഔദാര്യത്താല്‍ സ്വര്‍ഗത്തില്‍ ഇടം കിട്ടിയെങ്കില്‍ മാത്രമേ പ്രാവുകളേ, നിങ്ങളെ തോല്‍പിക്കാന്‍ എനിക്കു കഴിയൂ.
ശീതീകരിച്ച ബസിലും ചിന്തയുടെ ചൂട്. മക്കയില്‍ നിന്നു പോവുകയാണ്. ദു:ഖവും സന്തോഷവും കലര്‍ന്ന വല്ലാത്തൊരവസ്ഥ. മക്കയില്‍ നിന്നു പിരിയുന്ന സങ്കടത്തോടൊപ്പം തന്നെ മദീനയിലേക്കു പോകുന്ന സന്തോഷവും. നബി(സ) സ്നേഹിച്ച നാടാണു മക്ക. മദീനയാകട്ടെ, നബി(സ)യെ സ്നേഹിച്ച നാടും. നബി(സ)യെ എന്നേക്കുമായി ലഭിച്ച സൌഭാഗ്യവതിയായ നാട്.
ബസില്‍ നിന്നു പുറത്തേക്കു കണ്ണോടിച്ചു. വന്‍ മലകള്‍ കണ്ണില്‍ പെട്ടപ്പോള്‍ ജബലുന്നൂറില്‍ കയറിയതോര്‍ത്തു. ധ്യാനനിരതനായിരിക്കാന്‍ തിരുനബി(സ) കണ്ടെത്തിയ ഇടം. ആ മഹാമലയുടെ മുകളിലൊരു ഗുഹ-ഹിറാ. അന്ന് ആ ശാന്തതയിലാണു വഹ്യ് ആദ്യമായി നബി(സ)ക്കെത്തിയത്. വഹ്യിന്റെ ഗരിമ ഉള്‍ക്കൊണ്ടെന്ന പോലെ ശാന്തഗംഭീരമായിത്തന്നെയാണ് ഇന്നും അതിന്റെ നില്‍പ്.
പടവുകള്‍ കൊത്തിയും കൈവരികള്‍ പിടിപ്പിച്ചും സൌകര്യപ്പെടുത്തിയിട്ടും എത്ര ക്ളേശിച്ചാണു ഞാനതിനു മുകളിലെത്തിയത്. അതൊന്നുമില്ലാതെ ഉരുളന്‍ കല്ലുകളിലൂടെയല്ലേ തിരുനബി(സ) അന്നു കയറിയത്. നബി(സ) മാത്രമല്ല, ഭര്‍ത്താവിന് അന്നവുമായി ഉത്തമപത്നി ഖദീജയും എത്ര തവണ ആ പെരുമല കയറിയിറങ്ങി! ധര്‍മം നിറവേറ്റുമ്പോള്‍ റബ്ബ് അപാര കഴിവുകള്‍ നല്‍കും. അസാധ്യമായതു സാധ്യമാക്കും. ധര്‍മബോധമില്ലാത്തപ്പോള്‍ സാധ്യതയുള്ളതും അസാധ്യമാകും.
തപിക്കുന്ന മരുഭൂക്കാഴ്ച ചിന്തകളെ വീണ്ടും പുറത്തേക്കു വലിച്ചിട്ടു. ഇന്നു സുന്ദരമായ റോഡിലൂടെ സുഖകരമായ, തണുപ്പിച്ച ശകടത്തിലാണ് എന്റെ മദീന യാത്ര. ആരെയും ഭയക്കേണ്ടാത്ത സുഖയാത്ര. എന്നാല്‍ അന്നൊരിക്കല്‍, ഞാനിന്നാരുടെ സന്നിധിയിലേക്കു പോകുന്നോ ആ മഹാത്മാവ് ഇതു വഴിയെങ്ങോ മദീനയിലേക്കു പോയല്ലോ. എത്ര ക്ളേശകരായിരിക്കും ആ യാത്ര. സഞ്ചാരം പെരുവഴിയിലൂടെ വയ്യ. തലയെടുക്കുവാന്‍ കരുതിയിറങ്ങിയവര്‍ പിന്നാലെയുണ്ട്. മനസ്സില്‍ സന്തോഷമല്ല; കാരണം മക്കയെ പിരിയാന്‍ വിഷമമുണ്ട്. അകന്നു പോകുന്ന മക്കയിലേക്കു തിരിഞ്ഞു നിന്ന് അന്നു പുണ്യനബി(സ) പറഞ്ഞു: “ഓ ബക്കാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ ആളുകള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ പിരിയില്ലായിരുന്നു.”
കല്ലും മുള്ളും താണ്ടി, പാത്തും പതുങ്ങിയും ഗുഹയിലൊളിച്ചും മാടപ്രാവിന്റെയും ചിലന്തിയുടെയും സംരക്ഷണമേറ്റുവാങ്ങിയും അന്നാ യാത്ര. ബസിന്റെ വേഗതയെ തോല്‍പിച്ചു ചരിത്രവീഥിയിലൂടെ എന്റെ ഓര്‍മകള്‍ ഓടിക്കൊണ്ടിരുന്നു.
മണിക്കൂറുകള്‍ അഞ്ചാറു പിന്നിട്ട് മദീനയിലെത്തുമ്പോഴേക്കു ശരീരം തളര്‍ന്നു. പക്ഷെ മനസ്സ് തുടിച്ചു നിന്നു. പുണ്യവാ•ാരുടെ നാടാണിത്. ‘ത്വലഅല്‍ ബദ്റു…’ ചൊല്ലി തിരുനബി(സ)യെ സ്വീകരിച്ച, ചരിത്രത്തില്‍ തുല്യതയില്ലാത്ത ആതിഥേയരുടെ മണ്ണ്.
റൂമില്‍ നിന്നു മസ്ജിദുന്നബവിയിലെത്താന്‍ വൈകിയില്ല. മുറ്റത്തിനു തണുപ്പും പകിട്ടും പകരുന്ന വന്‍കുടകള്‍ ചിറകു താഴ്ത്തിയിട്ടുണ്ട്. എല്ലാം ഉള്ളിലൊളിപ്പിച്ചു പ്രകാശം പരത്തുന്ന വിളക്കുകാല്‍ മാത്രമാണിപ്പോള്‍. ഇങ്ങനെ ഉള്ളിലൊളിപ്പിച്ചല്ലേ പ്രകാശം ചൊരിയുന്ന നാടേ, നിന്റെയും കിടപ്പ്. എത്രയെത്ര പുണ്യപൂമാന്‍മാരെയാണു നീ നിന്റെയുള്ളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്! ഉലകത്തില്‍ ഒരു നാടിനും കിട്ടിയില്ലല്ലോ നിന്നോളം ഭാഗ്യം.
ഇവിടം ശാന്തമാണ്. ഗാംഭീര്യത്തില്‍ പൊതിഞ്ഞ ഒരു ശാന്തത എപ്പോഴുമുണ്ട്. ഇവിടെ കിടക്കുന്ന തിരുശരീരത്തിന്റെ പവിത്രതയോര്‍ത്ത് സകലരും സ്വയം അച്ചടക്കം പാലിക്കുന്നുണ്ട്.
മിനാരങ്ങളും വന്‍കവാടങ്ങളും സ്വാഗതം ചെയ്തു. വെണ്ണക്കല്‍ മിനാരങ്ങള്‍ക്കപ്പുറം അപ്പോള്‍ ആ കാഴ്ച കണ്ടു- പച്ചഖുബ്ബ! കഅ്ബ പോലെ കാലങ്ങളേറെ ചിത്രത്തില്‍ മാത്രം കണ്ട് മനസ്സില്‍ പതിഞ്ഞത്. ചിഹ്നമില്ലാത്ത മതത്തിന്റെ ചിഹ്നമായി ലോകം കണ്ടത് അവയെയായിരുന്നല്ലോ- കറുത്ത കഅ്ബ, പച്ചഖുബ്ബ, പിന്നെ വെളുത്ത ചന്ദ്രക്കലയും.
കഅ്ബയുടെ കറുപ്പു പോലെ ഈ ഖുബ്ബയുടെ പച്ചപ്പും മനസ്സിനെ ആകര്‍ഷിക്കുകയാണ്. പക്ഷേ അരനിമിഷം പോലും വേണ്ടി വന്നില്ല മനസ്സു താഴേക്കിറങ്ങാന്‍. ആ ഖുബ്ബയുടെ കീഴിലേക്ക്. അവിടെയുണ്ട് ലോകത്തിന്റെ ഹബീബ്(സ). ചുവപ്പ് കാര്‍പറ്റ് കടന്ന്, ഇളം പച്ച കാര്‍പറ്റിട്ട സ്വര്‍ഗത്തോപ്പില്‍. കാലിലൂടെ തരിപ്പ് മേലോട്ടു കയറി. ഈ പവിത്ര സ്ഥലത്ത് നിസ്കരിക്കാന്‍ നാഥാ, എത്ര കൊതിച്ചതാണ്.
ഇവിടെ എത്ര നിസ്കരിച്ചാലും മതിവരില്ല. പുറത്തിറങ്ങാന്‍ തോന്നില്ല. പക്ഷേ, ദൂരമനേകം താണ്ടി ഭൂഗോളത്തിന്റെ സകലദിക്കുകളില്‍ നിന്നും വന്നവര്‍ക്കെല്ലാം അവസരം വേണ്ടേ രണ്ടു റക്അത്തെങ്കിലും നിസ്കരിക്കാന്‍!
സ്വര്‍ഗത്തോപ്പില്‍ നിന്നു തിരുനബി(സ)യുടെ മുമ്പിലേക്ക്. കാലും മനസ്സും പിടയ്ക്കുകയാണ്. അസ്സ്വലാതു വസ്സലാമു അലയ്ക യാ റസൂലല്ലാഹ്…
നാഥാ, ദൂരെ ദൂരെ നിന്ന് എന്റെ ഹബീബിന് ഞാനെത്ര സലാം പറഞ്ഞു; ഓരോ നിസ്കാരത്തിലും. ഇന്നിതാ തൊട്ടു മുമ്പില്‍ നിന്ന്. നിനക്കായിരമായിരം സ്തുതി. സലാം പറയാന്‍ അടയാളപ്പെടുത്തിയ ഗ്രില്ലിലെ ദ്വാരത്തിലൂടെ നോക്കുമ്പോള്‍ ഖബ്റിനു മുന്നില്‍ തൂക്കിയ പച്ച വിരിയേ കാണുന്നുള്ളൂ.
കെട്ടിപ്പൊക്കിയ ഖബ്ര്‍ കാണാത്ത വിധം ചുറ്റും മറ കെട്ടി കാഴ്ച തടഞ്ഞിരിക്കുന്നു. മുമ്പൊരിക്കല്‍ അടച്ചിട്ട വാതില്‍ ഇശ്ഖിന്റെ കവിത ചൊല്ലി തുറന്നു എന്റെ നാട്ടുകാരന്‍, കേരളക്കാരന്‍ ഉമര്‍ ഖാസി. ഇന്നു താഴ്ത്തിയിട്ട വിരിയൊന്നു നീക്കാന്‍ പോലും എന്റെ വരികള്‍ക്കാവില്ല. കാരണം നാട് അടുത്തെങ്കിലും അകലെമേറെയാണ് അനുരാഗത്തില്‍.
വേണ്ട, കാണുന്നില്ലെങ്കിലെന്ത്! ഈ സാമീപ്യം എത്ര വലിയ ഭാഗ്യമാണ്. തമ്പുരാനേ, സ്വര്‍ഗത്തിലും…
തിരുമുമ്പിലാണീ പാപി നില്‍ക്കുന്നതെന്ന ചിന്ത പരവശനാക്കുന്നു. ഏറെ നില്‍ക്കാന്‍ കഴിയില്ല. കാവല്‍ക്കാര്‍ മുന്നോട്ടു നീക്കുകയാണ്. പിന്നെയും പിന്നെയും വരിയിലൂടെ കടന്നുവന്നു പരിഹാരം കണ്ടു. സ്വലാതും സലാമുമര്‍പിച്ചു. ഉറ്റ തോഴര്‍ക്കും സലാം.
നാവിനെ സ്വലാതേല്‍പിച്ചു കണ്ണുകളെ സ്വതന്ത്രമാക്കിയപ്പോള്‍ കണ്ടു; ഇരു വശത്തെയും തൂണുകളിലായി ഇന്നും ആ പ്രസിദ്ധ വരികളിലല്പമുണ്ട്. ‘യാ ഖയ്റ മന്‍ ദുഫിനത്ത്…..’ ‘അങ്ങ് കിടക്കുന്ന ഖബ്റിന് എന്റെ ദേഹം തെണ്ട’മെന്നു പാടി പാപം പൊറുപിച്ച ഗ്രാമീണന്റെ മനസ്സില്‍ നിന്നുതിര്‍ന്ന വരികള്‍ കഥയില്ലാത്തവര്‍ക്ക് ദഹിക്കായ്കയുണ്ടെങ്കിലും അതു മായ്ച്ചു കളയാതെ സൂക്ഷിക്കുന്നതിനു ഭരണകൂടമേ നന്ദി.
മുന്നു നാലു ദിവസമേ എനിക്കിപ്പോഴിവിടെ വിധിച്ചിട്ടുള്ളുവല്ലോ എന്നു സങ്കടം തോന്നി. മൂന്നോ നാലോ സഹസ്രാബ്ദം ഇവിടെ പാര്‍ക്കാന്‍ കഴിഞ്ഞാല്‍ പോലും തീരുമോ നബി(സ)യുടെ ചാരെയുള്ള ഈ താമസത്തിന്റെ സന്തോഷം?
ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ തീര്‍ത്ഥാടകന്‍ കാണേണ്ടതുണ്ട്. ഇങ്ങനെ ഏറെ ഉള്‍ക്കൊള്ളാനുണ്ട്. ഖുബാ മസ്ജിദും മസ്ജിദുല്‍ ഖിബ്ലതയ്നിയും ഉഹ്ദും ഖന്തഖും അങ്ങനെയങ്ങനെ. ഇസ്ലാം കടന്നുവന്ന വഴികള്‍ അവ നിങ്ങളോടു മൂകമായി പറയും.
കത്തിജ്വലിക്കുന്ന വെയിലിലും ജബലുറുമാനിനു മുകളില്‍ തീര്‍ത്ഥാടകര്‍ അനേകമുണ്ട്. അനുസരണയാണ് മുസ്ലിമിന്റെ വിജയരഹസ്യമെന്നു തലയുയര്‍ത്തി നില്‍ക്കുന്ന ഉഹ്ദ്പര്‍വതം വിളിച്ചു പറയുന്നതു പോലെയുണ്ട്.
ശുഹദാക്കളെ മറവുചെയ്ത മതില്‍ക്കെട്ടിനകത്തേക്കു നോക്കിയപ്പോള്‍ തലച്ചോറില്‍ മിന്നല്‍ പിണരുകള്‍. ദീനിനു വേണ്ടി പൊരുതി മരിച്ചവരാണിവിടെ. ചരിത്രത്തിലേക്കു മനസ്സൊന്നു തിരിഞ്ഞോടിയപ്പോള്‍ കണ്‍പോളകള്‍ക്കു തടഞ്ഞു നിര്‍ത്താനാവാതെ മിഴിനീര്‍ പുറത്തേക്കൊഴുകി. വെയിലിന്റെ ചൂടും മനസ്സിന്റെ കൊടുംചൂടും മത്സരിച്ചൊഴുക്കിയ വിയര്‍പ്പിലേക്കു ചേര്‍ന്നപ്പോള്‍ കണ്ണീര്‍പ്രവാഹത്തിനു ശക്തികൂടി.
കുത്തിക്കീറി, മൂക്കും കാതുമരിഞ്ഞു, കരള്‍ പുറത്തേക്കു വലിച്ചിട്ടു ഹംസതുല്‍ കര്‍റാറിന്റെ പുണ്യദേഹം. വസ്ത്രം തികയാത്തതിനാല്‍ പുല്ലും കഫന്‍ പുടവയാക്കിയ മിസ്വ്അബ്(റ)വിന്റെ മയ്യിത്ത്. ചോരയില്‍ കുളിച്ച് അവര്‍ വീണു കിടന്നിടമല്ലേ ഇത്. നാഥാ, ഞാനിന്നിവിടെ വെറുമൊരു സന്ദര്‍ശകന്‍!
മദീനയിലെ ഒരു സായാഹ്നം ബഖീഇലേക്ക്. നബി പത്നിമാരും മക്കളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് സ്വഹാബികളും മറ്റു മഹാത്മാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ബഖീഉല്‍ ഗര്‍ഖദ്. വിശാലമായ ആ ഖബ്റിടങ്ങളില്‍ നിന്നു കണ്ണ് മറ്റൊരിടത്തേക്കും പോവില്ല. മനസ്സില്‍ മഹ്ശറയല്ലാതെ മറ്റൊരു ചിന്തയും വരില്ല. ചിറകടിച്ചുയരുന്ന അനേകമനേകം പ്രാവുകളല്ലാതെ ഒന്നും ശ്രദ്ധ തിരിക്കില്ല.
അടയാളമായി പരന്നു കിടക്കുന്ന കൊച്ചു കല്ലുകളെ മീസാന്‍ കല്ലുകളെന്നോ സ്മാരക ശിലകളെന്നോ വിളിച്ചോളൂ. അവയ്ക്കു താഴെ കിടക്കുന്നത് വെറും വ്യക്തികളല്ല, ഓരോ മഹാ ചരിത്രങ്ങളാണ്. ഇവിടെ വരും മുമ്പ് സ്വഹാബത്തിന്റെ, ഇമാമുകളുടെ ചരിത്രം നിങ്ങളൊന്നു വായിച്ചാല്‍ ഈ മണ്ണില്‍ നിങ്ങള്‍ തേങ്ങാതിരിക്കില്ല.
മണിക്കൂറുകളെടുത്തു, സിയാറത്തു ചെയ്ത് ഒന്നു ചുറ്റിയെത്താന്‍. മടങ്ങുമ്പോള്‍ ഗോതമ്പുമണികള്‍ കൊത്തിപ്പെറുക്കിയിരുന്ന പ്രാവുകള്‍ ഒന്നിച്ചു ചിറകടിച്ചുയര്‍ന്നു. കുറച്ചു മാത്രമകലെ ഒന്നിച്ചു പറന്നിറങ്ങി. സത്യവിശ്വാസിയുടെ സംഘബോധവും അച്ചടക്കവുമാണവയ്ക്ക്.
ഈ പ്രാവുകള്‍ എത്ര ഭാഗ്യമുള്ളവര്‍! എന്നും നക്ഷത്രങ്ങളോടൊപ്പം വസിക്കാന്‍ കഴിയുന്നവര്‍. ബഖീഇലെ ഈ പ്രാവായിരുന്നെങ്കിലെന്ന് ഈ മനുഷ്യന്‍ വെറുതെ കൊതിച്ചുപോയി. നാളെ നാഥന്റെ ഔദാര്യത്താല്‍ സ്വര്‍ഗത്തില്‍ ഇടം കിട്ടിയെങ്കില്‍ മാത്രമേ പ്രാവുകളേ, നിങ്ങളെ തോല്‍പിക്കാന്‍ എനിക്കു കഴിയൂ.
You must be logged in to post a comment Login