കൂടംകുളത്തില്‍ തട്ടിവീഴുന്ന വിപ്ളവം


രതീഷ് പി. എസ്

കേരളത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അത് നേടിക്കൊടുത്ത ഏതെങ്കിലും ഒരു പ്രസ്ഥാനത്തെപ്പറ്റി കാലം സംസാരിക്കുകയാണെങ്കില്‍ അത് സിപിഎമ്മിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ അതിനുമുമ്പുള്ള അവിഭക്ത കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചും. ഇതിനിടയിലോ അല്ലെങ്കില്‍ ഇതിനുശേഷമോ സാധാരണ ജനങ്ങളെ സ്വാധീനിച്ച ഒരു പ്രസ്ഥാനം കേരളത്തിലുണ്ടായിട്ടില്ല എന്നത് എഴുതപ്പെടാത്ത സത്യവും. വിപ്ളവവഴികളില്‍ അടിപതറാതെ അത്താഴപ്പട്ടിണിക്കാരില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് അവരുടെ സ്വപ്നമായി മാറിയ ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ് പ്രസ്ഥാനം പക്ഷേ, ഇന്നാരെയോ ഭയക്കുന്നു എന്നു പറഞ്ഞാല്‍ അതിലൊളിഞ്ഞിരിക്കുന്ന ഒരു ചെറുതരി സത്യമെങ്കിലും കേരളീയന്റെ മനസ്സില്‍ തട്ടും. ഉണ്ടോ? ഭയക്കുന്നുണ്ടോ?
സോവിയറ്റ് യൂണിയന്റെ ചെര്‍ണോബിലും ജപ്പാന്റെ ഹിക്കുഷിമയും മറ്റും പറഞ്ഞുതന്ന പാഠങ്ങള്‍ മനസ്സിലുണ്ടായതുകൊണ്ടാകാം ഭൂരിഭാഗം പേരും കൂടുംകുളം ആണവനിലയത്തെ എതിര്‍ക്കുന്നത്. ആണവായുധം എന്ന തത്വത്തിന് സിപിഎമ്മും എതിരായിരുന്നു. അത് അഞ്ചുവര്‍ഷം മുമ്പ്. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ ആണവക്കരാറിന്റെ പേരില്‍ സിപിഎം പിന്‍വലിച്ചപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് മനസ്സിലായതുമാണ്. ഇന്ന് ആ ഒരു സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? സിപിഎമ്മിന്റെ നിലപാട് മാറ്റാന്‍. ഇന്ത്യയിലെ മറ്റെവിടെയുമുള്ള ജനങ്ങളെപ്പോലെ തന്നെയല്ലേ കൂടംകുളത്തെ ജനങ്ങളും? ആണവക്കരാറിനെതിരെ വിപ്ളവമുയര്‍ത്തി സഭ വിട്ട അന്നത്തെ വിപ്ളവപാര്‍ട്ടിക്ക് ഇന്ന് തീരുമാനം മാറ്റിപ്പറയാന്‍ ഇതിനിടയില്‍ എന്താണ് സംഭവിച്ചത്?
ആണവ നിലത്തിനനുകൂലമായി നിലപാടെടുത്തത് സിപിഎം ആരെ ഭയന്നിട്ടാണ്? കേന്ദ്രകമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നിലപാടെങ്കില്‍ ആരാണ് സഖാവേ ഈ കേന്ദ്രകമ്മിറ്റി? കേരളത്തിലും ത്രിപുരയിലും പിന്നെ പശ്ചിമബംഗാളില്‍ വേരറ്റുകൊണ്ടിരിക്കുന്നതുമായ ഒരു പാര്‍ട്ടിയുടെ കുറച്ചാളുകള്‍ ഡല്‍ഹിയില്‍ കൂടുന്ന ഒരു കൂട്ടം. അവരെടുക്കുന്ന തീരുമാനം ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍, അങ്ങിനെയൊരു ഉദ്ദേശ്യമാണ് ആ കമ്മിറ്റിക്കുള്ളതെങ്കില്‍ നില്‍ക്കേണ്ടത് ജനങ്ങള്‍ക്കൊപ്പമല്ലേ? തീരുമാനം അവര്‍ക്കു വേണ്ടിയല്ലേ? പക്ഷേ, കണ്ണടിച്ചിരുട്ടാക്കുന്ന ഈ വിപ്ളവം ഭയത്തിന്റേതാണ്. ആരെയൊക്കെയോ ഭയന്ന് ശരിയെ തിരിച്ചരിയാതെ പോകുന്ന വിപ്ളവം.
ജനങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങളെടുത്ത് ജനങ്ങളെ മനസ്സില്‍ കയറിപ്പറ്റേണ്ട ഈ ഒരു സമയത്ത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ യാതൊരുവിധ ഗുണവും ചെയ്യാത്ത ഒരു തീരുമാനത്തിലൂന്നി നില്‍ക്കുന്ന സിപിഎമ്മിനോട് സഹതാപമാണ് തോന്നുന്നത്. കൂടുംകുളം വേണ്ട എന്നു പറയുന്ന പക്ഷം ജിഹ്വകള്‍ക്കു പകരം അതു വേണമെന്നു പറയുന്ന കുറച്ചു അധികാര ജിഹ്വകള്‍ക്കുവേണ്ടി വിപ്ളവം വളച്ചൊടിക്കുന്ന കേഡര്‍ പാര്‍ട്ടി – എന്തൊരു വിരോധാഭാസം. ഏതുവഴി വിപ്ളവം വരും? കാല്‍ച്ചുവട്ടില്‍ മണ്ണൊലിച്ചു പോകുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത കേരള സംസ്ഥാന സെക്രട്ടറിയും ഇതൊന്നും നമുക്കു ബാധകമല്ലെന്ന മട്ടിലിരിക്കുന്ന കേന്ദ്ര സെക്രട്ടറിയും. എന്നാല്‍ പാര്‍ട്ടി ഒരു കാര്യം ചെയ്യുന്നില്ല. തങ്ങളെ താങ്ങിനിര്‍ത്തുന്ന ജനങ്ങളോട് ചോദിക്കുന്നില്ല. എന്താണ് നിങ്ങളുടെ നലപാടെന്ന്? സ്വയം നിലപാടെടുത്ത് അത് ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന കേഡര്‍ മനസ്ഥിതിയല്ല, ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സൌഹൃദ മനസ്ഥിതിയാണ് ഇന്ന് പാര്‍ട്ടിക്ക് വേണ്ടതെന്ന് ആരുമനസ്സിലാക്കാന്‍? എന്നു മനസ്സിലാക്കാന്‍?
കേരളത്തിലെ പാര്‍ട്ടിക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ഇന്ന് സെന്‍ട്രല്‍ കമ്മിറ്റിക്കു കഴിയും. കാരണം വിണ്ടുകീറിയ ബംഗാളിലുള്ളതിനേക്കാള്‍ ജനപിന്തുണയുള്ള ഘടകമാണ് കേരളത്തിലേത്. സെന്‍ട്രല്‍ കമ്മിറ്റി തീരുമാനമെന്നത് ഭൂരിപക്ഷമുള്ള പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയാകണം. പാര്‍ട്ടിക്കാരായ ജനങ്ങള്‍ ഏതായാലും കൂടംകുളത്തെ അനുകൂലിക്കുന്നില്ല. ജീവിക്കുന്നതും വര്‍ത്തമാനപരവുമായ ആണവ സ്മാരകങ്ങള്‍ കണ്‍മുന്നിലുള്ളിടത്തോളം കാലം അവരെന്നല്ല ഒരു മനസ്സിന്റെ ഉടമയും ആണവനിലയങ്ങളോട് ചേര്‍ന്നു നില്‍ക്കില്ല. അങ്ങിനെയുള്ള അണികളില്‍ നിന്നും അകലം പാലിച്ച് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന പാര്‍ട്ടി ഇനി മനസ്സില്‍ വേണമോ എന്ന് അവര്‍ ആലോചിക്കും. ഒരു പക്ഷേ, അങ്ങനെയൊരു സാഹചര്യം വന്നാല്‍ ‘ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍’ എന്ന ചോദ്യത്തിനുത്തരം ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാലം നിര്‍മിക്കും.
വേകിക്കകത്തു നിന്നുകൊണ്ട് പാര്‍ട്ടിയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് പുറത്തുചാടാന്‍ ശ്രമിക്കുന്ന വിഎസ് എന്ന പടക്കുതിരയെ (പഴയ പടക്കുതിര എന്ന വിശേഷണം ചേരില്ല. കുതി പഴയതാണെങ്കിലും അതിന്റെ പടനയിക്കുവാനുള്ള ശൌര്യത്തിന് കുറവൊന്നും വന്നിട്ടില്ല എന്നതു തന്നെ കാരണം) പാര്‍ട്ടി പേടിക്കുന്നില്ല എന്നു പറയുന്നു. ശരിയായിരിക്കാം. വിഎസ് കാര്യങ്ങള്‍ പറയുന്നു. പാര്‍ട്ടി ശാസിക്കുന്നു. വിഎസ് അനുസരിക്കുന്നു. വീണ്ടും വിഎസ് കാര്യങ്ങള്‍ പറയുന്നു. ഈ ചക്രം ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷേ, ഇവിടുത്തെ പ്രശ്നം അതല്ല. വിപ്ളവപാര്‍ട്ടി എന്നു പറഞ്ഞാല്‍ അതിലെ മുഖ്യഘടകം ജനങ്ങളാണ്. ജനങ്ങളില്ലാതെ വിപ്ളവമുണ്ടാകില്ല. അതു ജനങ്ങളിലൂടെ മാത്രമേ സാധിക്കൂ. ആ ജനങ്ങള്‍ ഇന്ന് വിശ്വസിക്കുന്ന പ്രസ്തുത വിപ്ളവപാര്‍ട്ടിയെ കാണുന്നത് വിഎസ് എന്ന രൂപത്തിലൂടെയാണ്. അത് ജനങ്ങളുടെ കുറ്റമല്ല. വിഎസിന്റെയും കുറ്റമല്ല. പക്ഷേ, അവിടെ കുറ്റം ചികയുമ്പോള്‍ ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വരും. അത് പാര്‍ട്ടിക്കതീതമായി വ്യക്തിക്കാണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ പാര്‍ട്ടിയുടെ അധികാരികള്‍ക്ക് കണ്ട് സഹിക്കുകയല്ലാതെ വേറൊരു മാര്‍ഗവും ഇല്ലതന്നെ.

You must be logged in to post a comment Login