ഖനാഅത്; സംതൃപ്തരുടെ ചവിട്ടുപടി


അനുഭൂതികളുടെ പുതിയ ആകാശങ്ങള്‍ തേടി യാത്ര ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സുഖത്തിന്റെ മധുരം നമ്മളറിയാതെ പോകുന്നു.. തിരുനബി(സ) അരുളി: വിഭവങ്ങളുടെആധിക്യമല്ല ഐശ്വര്യം, മനസ്സിന്റെ നിറവാണ് ഐശ്വര്യം.

ഫൈസല്‍ അഹ്സനി രണ്ടത്താണി

ഒരു കഥയുണ്ട്, ഒരു രാജാവിന് അസുഖം ബാധിച്ചു. ഒരുപാട് ഭിഷഗ്വര•ാര്‍ പരിശോധിച്ചിട്ടും അസുഖം പിടികിട്ടിയില്ല. അവസാനം ഒരാള്‍ വന്നു, പരിശോധിച്ചു. അദ്ദേഹം പറഞ്ഞു:
“രാജാവിന്റെ അസുഖം എനിക്ക് മനസ്സിലായി, അതിന് ഒരേ ഒരു പരിഹാരമേയുള്ളൂ.. ഈ നാട്ടിലെ ഏറ്റവും സംതൃപ്തനായ വ്യക്തിയുടെ കുപ്പായം രാജാവ് ധരിക്കുക.”
ഏറ്റവും സംതൃപ്തനായ വ്യക്തി ആര് എന്നറിയാന്‍ രാജാവ് ഉത്തരവിട്ടു. പരിവാരങ്ങള്‍ തല പോകുമോ എന്നു പേടിച്ച് സംതൃപ്തനായ വ്യക്തിയെയും അന്വേഷിച്ച് യാത്ര തുടര്‍ന്നു. ആദ്യമവര്‍ ധനികരെയാണ് സമീപിച്ചത്. കാണുന്നവരോടെല്ലാം ജീവിതത്തില്‍ വല്ല മനഃപ്രയാസങ്ങളുമുണ്ടോ എന്നവര്‍ അന്വേഷിച്ചു. അവര്‍ പരാതികളുടെ ഭാണ്ഡങ്ങള്‍ അഴിച്ചുവെക്കാന്‍ തുടങ്ങി. അവര്‍ക്ക് ഒട്ടും സംതൃപ്തിയില്ലായിരുന്നു. ഉള്ള സമ്പത്ത് പെരുപ്പിക്കുന്നതിനെക്കുറിച്ച്, അതാരെങ്കിലും കട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച്, തന്നെക്കാള്‍ കൂടുതല്‍ ആരെങ്കിലും സംഭരിക്കുന്നതിനെക്കുറിച്ച്… ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ആധികള്‍.
പിന്നീടവര്‍ ഇടത്തരക്കാരെ കണ്ടു. അവര്‍ക്കും പരാതികളേ ഉള്ളൂ. ധനികരാകാനുള്ള മാര്‍ഗങ്ങളന്വേഷിച്ച് തല പുകഞ്ഞിരിക്കുകയാണവര്‍. ധനികരുടെ പളപളപ്പ് കാണുമ്പോള്‍ അവരുടെ മനസ്സ് കരിയുന്നു. പൊങ്ങാത്ത മോഹങ്ങള്‍ സ്വപ്നം കണ്ട്, താങ്ങാനാവാത്ത കടങ്ങള്‍ പേറി നില്‍ക്കുകയാണ് പലരും.
മൂന്നാമതായി അവര്‍ ദരിദ്രരെ സമീപിച്ചു. അവര്‍ക്കും മനഃപ്രയാസങ്ങള്‍ മാത്രമേ പങ്കുവെക്കാനുള്ളൂ. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും കുടിക്കാനുമില്ലാത്തതിനെക്കുറിച്ചുള്ള അവരുടെ പരാതികള്‍ പാരാവാരം പോലെ പരന്നുകിടക്കുന്നു. അവര്‍ നിരാശരായി. ഇനി എന്തു ചെയ്യും?
പോകുന്ന വഴിയില്‍ അവര്‍ ഒരു മനുഷ്യനെ ശ്രദ്ധിച്ചു; അദ്ദേഹം വഴിയോരത്ത് കിടന്നുറങ്ങുകയാണ്. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു: ‘നമുക്ക് ഇദ്ദേഹത്തോട് ചോദിച്ചു നോക്കാം.’ ‘ഒരു ശരാശരി ദരിദ്രനു പോലും പരാതികളേ പറയാനുള്ളൂ. എന്നിട്ടാണോ വഴിയോരത്ത് കിടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യന് സംതൃപ്തിയും സമാധാനവും ഉണ്ടാവുക’-മറ്റൊരാള്‍ ഇടപെട്ടു. ‘പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു തല’-മൂന്നാമന്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉറങ്ങുന്ന ആ മനുഷ്യനെ അവര്‍ ഉണര്‍ത്തി. അവര്‍ ചോദിച്ചു: “താങ്കള്‍ക്ക് വല്ല മനഃപ്രയാസങ്ങളുമുണ്ടോ?”
അദ്ദേഹം സ്വല്‍പം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു: ‘ഇല്ല.’
പരിവാരങ്ങള്‍ക്ക് അത്ഭുതമായി. അവരുടെ കണ്ണുകള്‍ വിടര്‍ന്നു. അവര്‍ വീണ്ടും ചോദിച്ചു:
“നിങ്ങള്‍ ജീവിതത്തില്‍ പരിപൂര്‍ണ്ണ സംതൃപ്തനാണോ?”
അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: ‘അതെ..’
നിറഞ്ഞ സന്തോഷത്തോടെ അവര്‍ അദ്ദേഹത്തോട് അയാളുടെ കുപ്പായം ആവശ്യപ്പെട്ടു. അദ്ദേഹം ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടി പറഞ്ഞു:
“എനിക്ക് കുപ്പായമില്ല…!”
ഒരു നട്ടുച്ച സമയം. കോണ്‍ക്രീറ്റു കാടുകള്‍ക്കു മുകളിലെ ശീതീകരിച്ച റൂമിനുള്ളില്‍ ഭക്ഷണശേഷം അയാള്‍ ഉച്ച മയക്കത്തിനായി കിടന്നു. മുപ്പത് നിലകളുള്ള കെട്ടിടം….. നഗരത്തില്‍ തന്നെക്കാള്‍ വലിയ സമ്പന്നരില്ല. എന്നിട്ടും അയാള്‍ക്ക് ഉറക്കം വരുന്നില്ല. അസൂയാലുക്കള്‍ കെട്ടിടത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇന്നലെ പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ട്. അതിന് അമ്പത് ലക്ഷത്തിന്റെ കമ്മിയുണ്ട്. അത് പെട്ടെന്ന് ഉണ്ടാക്കണം. തൊട്ടടുത്ത് ഒരു കെട്ടിടം ഉയരുന്നുണ്ട്, അത് തന്നെ തോല്‍പിച്ചു കളയുമോ ആവോ… ഉറക്കം വരാതിരുന്നപ്പോള്‍ അയാള്‍ റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. താഴോട്ടു നോക്കിയപ്പോള്‍ ഒരു മനുഷ്യന്‍ ഭാണ്ഡവുമേന്തി നടന്നു വരുന്നതു കണ്ടു. തന്റെ കൂറ്റന്‍ കെട്ടിടത്തിനടുത്തുള്ള മരത്തണലില്‍ അദ്ദേഹം ഇരുന്നു. ഭാണ്ഡം തുറന്നു ബ്രഡും വെള്ളവും കഴിച്ചു. അടുത്തുള്ള അരുവിയില്‍നിന്ന് അംഗശുദ്ധി വരുത്തി ഒരു മുസ്വല്ല വിരിച്ച് നിസ്കരിച്ചു.ഭാണ്ഡം തലയിണയായിവച്ച് അതില്‍ അദ്ദേഹം കിടന്നു.. സുഖനിദ്ര..
സംതൃപ്തിയും സമ്പത്തും തമ്മില്‍ പറയത്തക്ക ബന്ധങ്ങളൊന്നുമില്ല. പക്ഷേ സമ്പത്ത് കൂടുമ്പോള്‍ മോഹങ്ങള്‍ സഫലമാകുമെന്നും മോഹങ്ങള്‍ സഫലമാകുമ്പോള്‍ സംതൃപ്തി കിട്ടുമെന്നും മനുഷ്യന്‍ നിനക്കുന്നു. അങ്ങനെ സമ്പത്ത് വാരിക്കൂട്ടാനുള്ള ആക്രാന്തത്തിലേക്ക് വഴുതി വീഴുന്നു… ഓരോ നാണയവും പുതിയ മോഹങ്ങള്‍ നല്‍കുന്നു. ഓരോ മോഹങ്ങള്‍ക്കും നാണയങ്ങളുടെ ഇരട്ടിയിരട്ടി വലുപ്പമാണുള്ളത്. അങ്ങനെ ഒരു മരീചിക പോലെ സംതൃപ്തി അകന്നകന്നു പോകുന്നു.
തിരുനബി(സ്വ) പറഞ്ഞതത്രെ സത്യം: “മനുഷ്യന് സ്വര്‍ണ്ണത്തിന്റെ രണ്ടു മലഞ്ചെരുവുകള്‍ ലഭിച്ചാല്‍ അവന്‍ മൂന്നാമതൊന്ന് കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുമായിരുന്നു…. മണ്ണല്ലാതെ അവന്റെ ആഗ്രഹങ്ങളെ തടഞ്ഞു നിറുത്തുകയില്ല.” (മരണമാണ് അവന്റെ ആഗ്രഹത്തെ മുറിച്ചു കളയുന്നത്)
മരിക്കുന്നതു വരെ മനുഷ്യന്‍ മോഹിച്ച് കൊണ്ടിരിക്കുകയാണ്.
തിരുനബി(സ്വ) പറഞ്ഞു: “രണ്ട് കാര്യങ്ങളോടുള്ള പ്രണയം വൃദ്ധരുടെ മനസ്സില്‍ പോലും യുവത്വമുള്ളതാണ്; സമ്പത്ത് ശേഖരണവും ദീര്‍ഘായുസ്സുമത്രെ അവ..”
***
മരുമകന്‍ അമ്മായുമ്മയുടെ സമ്പത്തില്‍ കണ്ണുനട്ടിരിക്കുകയാണ്. തൊണ്ണൂറ് കഴിഞ്ഞ തന്റെ അമ്മായുമ്മ മരിച്ചിട്ട് വേണം അവരുടെ ഏക മകളുടെ ഭര്‍ത്താവായ തനിക്ക് ആ സ്വത്ത് മുഴുവന്‍ കൈക്കലാക്കാന്‍.അതിന് ജീവിത കാലത്ത് ഭാര്യാമാതാവിനെ സന്തോഷിപ്പിച്ചു നിര്‍ത്തണം. കക്ഷിക്ക് ഉണ്ണിയപ്പം പെരുത്ത് ഇഷ്ടമാണ്. ഓരോ സന്ദര്‍ശനത്തിലും കീശ നിറയെ ഉണ്ണിയപ്പവുമായി മരുമകന്‍ എത്തും, അമ്മായുമ്മ അതിനു വേണ്ടി മാത്രം മരുമകനെ കാത്തിരിക്കും. ഒരു ദിവസം, നിറകണ്ണുകളുമായി അവര്‍ പറഞ്ഞുവത്രെ-എനിക്കൊരു ബേജാറ്…. “മോനെങ്ങാനും മരിച്ചാല്‍ ഇനി ആരാണെനിക്ക് ഉണ്ണിയപ്പം കൊണ്ടു വന്നു തരിക?”
*** *
ഒരു മരുഭൂമി.. അതിലൊരു മനുഷ്യന്‍. തണലില്ല,വെള്ളമില്ല, ഭക്ഷണമില്ല, വസ്ത്രമില്ല.. അവന്‍ ഓടുകയാണ്. അവന്റെ ആഗ്രഹമെന്തായിരിക്കും? ഒരേ ഒരു ആഗ്രഹം മാത്രം: ഒരു ഗ്ളാസ് ജലം. ഒരു ഗ്ളാസ് ജലത്തില്‍ ദുന്‍യാവ് മുഴുവനുണ്ട്. ജലം കിട്ടിയാല്‍ മാത്രം മതി എന്നവന്‍ കൊതിക്കുന്നു.(ആട് ജീവിതം….) പക്ഷേ കിട്ടിക്കഴിഞ്ഞാല്‍ സ്ഥിതി അതല്ല. അപ്പോള്‍ അവന്ന് വിശപ്പുണ്ടാകും, പിന്നെ തണല്‍ വേണ്ടി വരും. ശേഷം വസ്ത്രം, പിന്നെ ഒരു ഇടം, പരിചയക്കാര്‍, നാട്,കുടുംബം,ഭാര്യ,മക്കള്‍,ഒരു ചെറ്റപ്പുര, വീട്, വീട്ടിലേക്കുള്ള വഴി,സൈക്കിള്‍,ബൈക്ക്,കാര്‍,കാര്‍ പോര്‍ച്ച്,എസി,ബിസിനസ്സ്,കോടികള്‍,….. മോഹങ്ങള്‍ തീരുന്നില്ല.ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല.അതിനു മുമ്പേ മനുഷ്യന്റെ അവധിയെത്തും, അവന്‍ തീരും.
ലിയോപോള്‍ഡ് വെയ്സിനെ ഇസ്ലാമിലേക്കാകര്‍ഷിച്ച ആ ഖുര്‍ആനിക അധ്യായം ഇവിടെ പ്രസക്തമാകുന്നു:
“കുഴിമാടങ്ങളിലെത്തുന്നതു വരെ
ഭൌതിക ഭ്രമം നിങ്ങളെ അശ്രദ്ധരാക്കുന്നു
തീര്‍ച്ച.. നിങ്ങളതറിയും,
പിന്നീട് നിങ്ങളറിയുക തന്നെ ചെയ്യും.
തീര്‍ച്ച, നിങ്ങള്‍ പിന്നീട് ഉറപ്പായും അറിയും.
ഒന്നും ആഗ്രഹിക്കരുതോ?
ഒന്നും ആഗ്രഹിക്കരുതെന്നും ഭൌതിക സുഖങ്ങള്‍ അനുഭവിക്കരുതെന്നുമല്ല പറയുന്നത്. അല്ലാഹു മനുഷ്യര്‍ക്കായി സംവിധാനിച്ച സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. മനുഷ്യര്‍ക്ക് വേണ്ടിയാണ് ഭൂമുഖത്തുള്ളത് മുഴുവനും സൃഷ്ടിച്ചതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. സമ്പത്ത് ശേഖരിക്കണം- ജീവിതത്തിന്റെ നിലനില്‍പ്പിന്ന് പണം അനിവാര്യമാണ്. അത് മനുഷ്യന്‍ അന്വേഷിച്ചു കണ്ടെത്തണം. മതത്തിന്റെകൂടെ കല്‍പനയാണത്. പക്ഷേ, അനുഭൂതികളുടെ പുതിയ ആകാശങ്ങള്‍ തേടി യാത്ര ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സുഖത്തിന്റെ മധുരം നമ്മളറിയാതെ പോകുന്നു.. തിരുനബി(സ) അരുളി: “വിഭവങ്ങളുടെആധിക്യമല്ല ഐശ്വര്യം, മനസ്സിന്റെ നിറവാണ് ഐശ്വര്യം.”
മറ്റൊരു തിരുവചനമിങ്ങനെ: “നേരം പുലര്‍ന്നു, ശാരീരികാസ്വസ്ഥതകളില്ല; ഭയപ്പാടുകളില്ല. ഇന്നത്തേക്കുള്ള ഭക്ഷണമുണ്ട്,എങ്കില്‍ പ്രപഞ്ചം മുഴുവന്‍ ലഭിച്ചവനെ പോലയാണവന്‍.”
ഉള്ളതു കൊണ്ട് തൃപ്തിയടയാന്‍ സാധിക്കുന്നവനെക്കാള്‍ വലിയ ധനികനില്ല-ആവശ്യക്കാരനാണ് ഫഖീര്‍(ദരിദ്രന്‍).. പണമില്ലാത്തവന് ചെറിയ ആവശ്യങ്ങളേ ഉള്ളൂ. പണമുള്ളവന് വലിയ ആവശ്യങ്ങള്‍.. അപ്പോള്‍ പണമില്ലാത്തവന്‍ ചെറിയ ഫഖീറും പണമുള്ളവന്‍ വലിയ ഫഖീറുമായിത്തീരുന്നു
തിരുനബി പഠിപ്പിച്ചുവല്ലോ :
“ആരെങ്കിലും ഒരു കൂട്ടുകാരനെ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന് അല്ലാഹു മതി. ഉപദേഷ്ടാവാണ് വേണ്ടതെങ്കില്‍ മരണചിന്ത മതി, നേരംപോക്കിന് ഖുര്‍ആന്‍ മതി. ഐശ്യര്യമാണ് വേണ്ടതെങ്കില്‍ ഉളളതുകെണ്ട് ത്യപ്തിപ്പെടല്‍ ധാരാളം മതി.ഈ നാല് ഉപദേശങ്ങള്‍ ഒരാള്‍ ചെവിക്കൊള്ളുന്നില്ലെങ്കില്‍ അയാള്‍ക്ക് നരകം മതി!”.
അതു തന്നെയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പഠിപ്പിച്ചത്:
വഖ്നഅ് ബിതര്‍ക്കില്‍ മുശ്തഹാ വല്‍ ഫാഖിരി
മിന്‍ മത്അമിന്‍ വമലാബിസിന്‍ വമനാസിലാ….
ഭക്ഷണത്തിലും വസ്ത്രത്തിലും വീടിലും ധാരാളിത്തം ഒഴിവാക്കി നീ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക..
ശാഫിഈ ഇമാമിന്റെ അധ്യാപനം എത്ര ശ്രദ്ധേയം :
ഇദാ മാ കുന്‍ത ദാ ഖല്‍ബിന്‍ ഖനൂഇ
അന്‍ത വമലാകു ദുന്‍യാ സവാഉ….
ഉള്ളതു കൊണ്ട് ത്യപ്തിപ്പെടാനുള്ള ഒരു മനസ്സ് നിനക്കുണ്ടെങ്കിന്‍ ദുന്‍യാവ് മുഴുവനും കൈവശമുള്ളവനും നീയും തുല്യനത്രെ!.
സംത്യപ്തിയുടെ രാജപാതയാണ് ഖനാഅത്. താഴേക്കിടയിലുള്ളവരിലേക്ക് നോക്കി തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ സന്തോഷിച്ച് ശുക്ര്‍ നിറഞ്ഞ മനസ്സുമായി രക്ഷിതാവിങ്കലേക്ക് കൈ ഉയര്‍ത്തിയാല്‍ അവന്‍ ഇവിടെയും അവിടെയും സംതൃപ്ത ജീവിതം നല്‍കും. തിരുനബി പഠിപ്പിച്ചു… “നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്, താഴേക്ക് നോക്കുക… നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം കൊച്ചായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമാണത്.”
മണ്ണിന്റെ തറയുള്ള വീടുകളിലേക്ക് നോക്കുക…സഹതപിക്കുക… സിമന്റ് തറയുള്ള തന്റെ വീടിന്റെ മൂല്യം മനസ്സിലാക്കുക…. സംതൃപ്തിപ്പെടുക….ശുക്ര്‍ ചെയ്യുക…. എങ്കില്‍ മാത്രമേ ആ അധ്വാനത്തിന്റെ സുഖം നമുക്ക് ലഭിക്കൂ… സിമന്റ് തറക്കാരന്‍ ടൈല്‍സ് വീട് നോക്കി തന്റെ ഹതഭാഗ്യം ഓര്‍ത്ത് സ്വയം ശപിച്ചാല്‍ അവന്റെ അധ്വാനഫലം അവന് ആസ്വദിക്കാനാവില്ല. അതോടൊപ്പം മനസ്സില്‍ ദുഃഖവും ദുര്‍വാശിയും തളം കെട്ടും. പണമുണ്ടാക്കാന്‍ കടം വാങ്ങേണ്ടിവരും…അത് കൊടുത്തു വീട്ടാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല….മാത്രവുമല്ല, ടൈല്‍സ് അവന് സുഖം നല്‍കില്ല. അപ്പുറത്ത് മാര്‍ബിള്‍ കാണുമ്പോള്‍ വീണ്ടും മോഹങ്ങള്‍ അവനെ പൊറുതി മുട്ടിക്കും…. മോഹങ്ങള്‍ അവസാനിക്കും മുമ്പ് ആയുസ്സും അവസാനിക്കും….അല്ലെങ്കില്‍ പലിശയോ കവര്‍ച്ചയോ കടക്കെണിയോ മോഹഭംഗമോ അവനെ അവസാനിപ്പിക്കും. ഒരു ഹദീസില്‍ ഇങ്ങനെ കാണാം:
തിരുനബി പറഞ്ഞു:
“ജനങ്ങള്‍ക്ക് ഒരു കാലം വരും; അന്ന് മതനിഷ്ഠയനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവന് ഒരു മലമുകളില്‍ നിന്ന് മറ്റൊരു മലമുകളിലേക്ക്, ഒരു മാളത്തില്‍ നിന്ന് മറ്റൊരു മാളത്തിലേക്ക് തന്റെ മതവുമായി ഓടേണ്ടി വരും. അന്ന് അല്ലാഹു വിലക്കിയ കാര്യങ്ങള്‍ കലരാതെ ജീവിതം ദുസ്സഹമാകും. അന്ന് വിവാഹം കഴിക്കാതിരിക്കല്‍ അനുവദനീയമാകും…” സ്വഹാബികള്‍ ചോദിച്ചു:
“അങ്ങ് ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പ്പിക്കുകയാണല്ലോ ചെയ്യുന്നത്…” തിരുനബി പ്രതികരിച്ചു: “ആ കാലത്ത് ഒരാളുടെ നാശം അയാളുടെ മാതാപിതാക്കളുടെ കൈ കൊണ്ടായിരിക്കും, അവരില്ലെങ്കില്‍ തന്റെ ഭാര്യയുടെ കൈ കൊണ്ട്, അല്ലെങ്കില്‍ മക്കളുടെ, മക്കളുമില്ലെങ്കില്‍ ബന്ധുക്കളുടെ, അയല്‍വാസികളുടെ…”
അവര്‍ ചോദിച്ചു:
“അത് എങ്ങനെ…” തിരുനബി പ്രതികരിച്ചു:
“തന്റെ ജീവിത നിലവാരം പറഞ്ഞ് അവര്‍ അവനെ വഷളാക്കും. തനിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ അവനെ നിര്‍ബന്ധിക്കും….. അങ്ങനെ നാശത്തിന്റെ പടുകുഴികളില്‍ അവന്‍ സ്വന്തത്തെ അകപ്പെടുത്തും.”
സ്വദഖ്ത യാറസൂലല്ലാഹ്………………..
പ്രലോഭനങ്ങളെ അതിജയിക്കുക

You must be logged in to post a comment Login