സത്യത്തില്‍ ഈ കുതിപ്പ് എങ്ങോട്ടാണ്?

സത്യത്തില്‍ ഈ കുതിപ്പ് എങ്ങോട്ടാണ്?

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളീയ മുസ്ലിംകളുടെ അവബോധത്തില്‍ വലിയ മാറ്റങ്ങളുണ്ടായി; കുതിപ്പുകളും. പക്ഷെ എന്തായിരുന്നു ആ കുത്തൊഴുക്കിന്റെ മറുവശം?
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം കൊണ്ട് മലയാളിയെ പഠിപ്പിക്കാനും മലയാളിക്ക് പഠിക്കാനുമായി നടത്തിയ ചുവടുവയ്പ്പുകളുടെ ചരിത്രമെഴുതുമ്പോള്‍ വാള്യങ്ങള്‍ മുന്നില്‍ കാണണം. അത്രക്ക് പരത്തിപ്പറയണം ഈ മുന്നേറ്റങ്ങള്‍. പഠിപ്പ് എന്നു പറയുമ്പോള്‍ സ്കൂള്‍, മദ്റസ, ദര്‍സ്, കോളേജുകള്‍ എന്നിവയൊക്കെ മാത്രമല്ല, മലയാളിയെ അവബോധമുള്ളവനാക്കി മാറ്റാനായിട്ട് ഈ കാല്‍നൂറ്റാണ്ടിനുള്ളില്‍ സ്വീകരിച്ചിട്ടുള്ള, കണ്ടെത്തിയിട്ടുള്ള, വികസിപ്പിച്ചെടുത്തിട്ടുള്ള എല്ലാ കാര്യങ്ങളെയും നാം അതിനകത്ത് കൊണ്ടുവരണം. അതൊക്കെക്കൂടി ചേര്‍ന്നിട്ടാണ് മലയാളി ഇന്നീ കാണുന്ന വളര്‍ച്ചയുടെ പടവുകള്‍ കയറി കൈവീശി നില്‍ക്കുന്നത്; ഇനിയുണ്ടോ ഉയരങ്ങള്‍ എന്ന ഭാവത്തില്‍. ഇതു പറഞ്ഞപ്പോള്‍ ഓര്‍മവന്നത് മറ്റൊരു സംഭവ വിവരണമാണ്ലോകാന്ത്യം കഴിഞ്ഞ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായിട്ട് തെമ്മാടികള്‍ നരകത്തിലേക്ക് നയിക്കപ്പെടും. നരകം നിറഞ്ഞു കവിയും. അന്നേരം പടച്ചവന്‍ ചോദിക്കും, നരകത്തോട്: ‘നിനക്ക് നിറഞ്ഞില്ലേ?’ അപ്പോള്‍ നരകം തിരിച്ചു ചോദിക്കും, പടച്ചവനോട്: ‘ഇനിയുണ്ടോ?’ നരകം പോലും നാണിക്കും; തെമ്മാടിക്കൂട്ടത്തിന്റെ ആധിക്യം കണ്ടിട്ട്. അതുപോലെ ഒരു നില്‍പാണ് മലയാളി ഉയരങ്ങളുടെ പടവുകളില്‍, ഇനിയുണ്ടോ കീഴടക്കാന്‍ എന്നും ചോദിച്ച്.
വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ നമ്മുടെ വര്‍ത്തമാന പത്രങ്ങളില്‍, ചാനലുകളില്‍, മാഗസിനുകളില്‍, സൈബര്‍ ലോകത്ത് ഒക്കെക്കാണാം. ‘സീറ്റുകള്‍ പരിമിതം, ഉടന്‍ ബന്ധപ്പെടുക’ എന്ന രീതിയിലുള്ള പരസ്യങ്ങളൊക്കെ വെട്ടിക്കളഞ്ഞ് പരസ്യങ്ങള്‍ കണ്ടാല്‍ കുട്ടികള്‍ തള്ളിക്കയറിവരുന്ന രൂപത്തില്‍ രൂപം മാറി. നെഞ്ചോട് ചേര്‍ത്ത് ഒരു പുസ്തകം പിടിച്ചിട്ട് കൂള്‍ ബാറില്‍ കയറി ജ്യൂസ് കുടിക്കുന്ന രണ്ടാണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. അവരുടെ ഉടയാട ഞാന്‍ വിശദീകരിക്കുന്നില്ല. ‘സത്യം, ലോകോത്തര യോഗ്യതകളുടെ കേളീരംഗത്തിലേക്ക് വരൂ!’ എന്നാണ് പരസ്യത്തിലെ ആഹ്വാനം, തെളി ഇംഗ്ലീഷില്‍. ഇതു കാണുന്ന കുട്ടികള്‍ പോയ്പ്പോവും കയ്യില്‍ നിന്ന്, ഈ കോളേജില്‍ ചേരാന്‍. നന്മകള്‍ കൊണ്ടുപോയി ചേര്‍ക്കുകയൊന്നും വേണ്ട. ഒരു മിഠായിക്ക് കരയുന്ന കുട്ടിയെ നന്മകള്‍ നിരാശപ്പെടുത്തില്ലല്ലോ. അതുപോലെ നന്മ ഇത് സാധിപ്പിച്ച് കൊടുക്കും മക്കള്‍ക്ക്. ആകെക്കൂടി ഒരു യുവത്വം, ചടുലത, അന്തര്‍ദേശീയ നിലവാരമുള്ള ലേണിംഗ് ഫാക്കല്‍റ്റി അങ്ങോട്ട് പറന്നുവരും. യൂറോപ്പില്‍ നിന്ന്, തെക്ക്കിഴക്ക് ഏഷ്യയില്‍ നിന്നൊക്കെ. ഇന്ത്യയിലും പുറത്തും ഒട്ടനവധി കാമ്പസുകള്‍, ഒരേ ഗ്രൂപ്പിന്. വിവിധ സംസ്ഥാനങ്ങളിലേയും വിവിധ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍. കാമ്പസ് സെലക്ഷന്‍. കോര്‍പ്പറേറ്റുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവില്ല. സ്പോര്‍ട്സ്, കല, എക്സ്ട്രാ കരിക്കുലം ആക്റ്റിവിറ്റീസ് ഇതിലൊക്കെ അന്തര്‍ദേശീയ നിലവാരം. കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും പഠിക്കണം. എണ്ണപ്പെടുന്ന ജോലിയില്‍ തന്നെ കേറണം. അതിനു വേണ്ടി എന്തു വേണമെങ്കിലും ചെയ്യും. വിദ്യാഭ്യാസ വായ്പക്ക് നോക്കും. കിട്ടിയില്ലെങ്കില്‍ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജില്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടും. അങ്ങനെ ഉയിരു കൊടുത്തും പഠിക്കുന്ന കുട്ടികളുണ്ടായി നമുക്ക്.
രക്ഷിതാക്കള്‍ക്കും ബോധം കൂടി. എങ്ങനെയെങ്കിലും കുട്ടികളെ നാല് മുക്കാല്‍ വാരിക്കൊണ്ടുവരുന്ന ഒരു നിലവാരത്തിലെത്തിക്കാന്‍ അവരും പരക്കംപായും. എവിടെയൊക്കെയാണ് കോഴ്സുള്ളത്? ഏതൊക്കെ കോഴ്സുകളാണ്? അന്വേഷണം നാല് വഴിക്കാണ്. പിന്നെ കോഴ്സുകളെപ്പറ്റി പറഞ്ഞുകൊടുക്കാന്‍ കോഴ്സുകള്‍. പത്രങ്ങള്‍ തടിച്ച പുസ്തകങ്ങള്‍ തന്നെ അതിനായിട്ട് ഇറക്കി. ഓരോ കോളേജിന്റെയും പ്രത്യേകതകള്‍. അവിടെ ചേരാനുള്ള യോഗ്യതകള്‍. എല്ലാം വെവ്വേറെ പറയുന്ന റഫറന്‍സ് ഗ്രന്ഥങ്ങള്‍. ഇതോരോ കൊല്ലവും മാറ്റിയിറക്കുകയും ചെയ്യാം. അഡ്രസും ഫോണ്‍നമ്പറും ഒക്കെ അതിനകത്തുണ്ടാവും. അതു കുട്ടി ഒന്നുക്ക് ഒന്ന്. മുമ്പ് ഒരു ഗ്രാമത്തില്‍ ഒരാള്‍ വാങ്ങിയാല്‍ പിന്നെ എല്ലാര്‍ക്കും അതു മതി. ഇന്നതില്ല, കോളേജുകളെപ്പോലെ കുട്ടികളും സ്വാന്ദ്രിയം. ഒരാള്‍ക്ക് ഒരു ബുക്ക്. പിന്നെ കുട്ടികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാന്‍ തരാതരം കോഴ്സുകള്‍. അതും വലിയൊരു രംഗം തന്നെ.
മതരംഗത്തും കിടിലന്‍ മാറ്റങ്ങള്‍. ദര്‍സുകളൊക്കെ സ്കൂളും കൂടി സൗകര്യപ്പെടുത്തി. മതപണ്ഡിതന്മാരില്‍ പലരും അഞ്ചക്ക ശമ്പളത്തിന്റെ അങ്ങേ തല തന്നെ നോക്കി സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ നോക്കുന്നു. നമ്മുടെ സമുദായം ഉയരണ്ടേ? പിന്നെ മറ്റ് ഭൗതിക സൗകര്യങ്ങളുടെ കാര്യം പറയണ്ട. ഏറെക്കുറെ എല്ലാവരും അതൊക്കെ കൈവരിച്ചു. ഒരുപാട് പേര്‍ മതസംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവാസികളുടെയും സഹായത്താല്‍ മെച്ചപ്പെട്ട നില എത്തിപ്പിടിച്ചു തുടങ്ങി.
മുമ്പ് സി.എച്ച് മുഹമ്മദ് കോയ ഓതിക്കൊടുത്തപോലെ യു ലേണ്‍, ഏണ്‍, ബോണ്‍ എന്നൊന്നും ഇന്നാര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. സ്വന്തം മനസ്സില്‍ നിന്ന് കുട്ടികള്‍ക്ക് പഠിക്കണമെന്നും ഉയരണമെന്നും തോന്നി. രക്ഷിതാക്കള്‍ക്ക് പഠിപ്പിച്ചേ അടങ്ങൂ എന്നുമായി. സംഘടനകള്‍ക്കൊക്കെ തങ്ങളുടെ കീഴില്‍ നിരക്ഷരനോ ഉഴപ്പനോ ഉണ്ടാവരുതെന്ന വാശി. അങ്ങനെ നാട് വെച്ചടി വെച്ചടി കേറ്റം തന്നെ.
വയോജന വിദ്യാഭ്യാസ രംഗവും പിന്നിലല്ല. വണ്ടി വിടാന്‍ മാഗസിന്‍. യാത്രക്ക് മാഗസിന്‍. ആണിനും പെണ്ണിനും മാഗസിന്‍. കുട്ടികള്‍ക്ക്, മുതിര്‍ന്നവര്‍ക്ക്. യുവാക്കള്‍ക്ക്. വീടുണ്ടാക്കാന്‍ മാഗസിന്‍. പാചകത്തിനുണ്ട്. ആരോഗ്യത്തിനുണ്ട്. ഇതിലും വലിയ മുന്നേറ്റം മതരംഗത്തുതന്നെ. ഒരു മതസംഘടനയുടെ സൈറ്റാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒരേ സമയം തുറന്ന് ആസ്വദിക്കുന്നത്. മതവിഷയങ്ങളും പഠിക്കുക തന്നെയാണ്; പ്രത്യേക പ്രചോദനങ്ങളൊന്നുമില്ലാതെ.
വാര്‍ത്തകള്‍ വിടാതെ കേള്‍ക്കുന്നു. വായിക്കുന്നു. പുതിയ ഒരൊറ്റ സിനിമയും വിടാതെ കാണുന്നു; വിലയിരുത്തുന്നു. ഫാഷന്‍ രംഗം പിടുത്തംവിട്ടാണ് പോവുന്നത്. പഠിപ്പിന്റെയും കച്ചവടത്തിന്റെയും സുവര്‍ണ ഘട്ടം തന്നെയായിരുന്നു ഇക്കഴിഞ്ഞ കാല്‍ നൂറ്റാണ്ട്. പാതിയെയും ഫുള്ളിനെയും തോല്‍പ്പിച്ച കാല്‍ നൂറ്റാണ്ടു തന്നെയാണ് കഴിഞ്ഞുപോയത്. സാക്ഷരത വന്നു. അക്ഷയ വന്നു. കുടുംബശ്രീ വന്നു. ഫ്രന്‍സ് ജനസേവന കേന്ദ്രങ്ങള്‍ വന്നു. പത്താംതരം, ഏഴാംതരം തുല്യതാ പരീക്ഷകള്‍ വന്നു. മദ്റസാ ക്ലാസുകള്‍ പത്താം തരത്തില്‍ നിന്ന് പന്ത്രണ്ടാം തരത്തിലേക്ക് നീണ്ടു. ഇപ്പോള്‍ പന്ത്രണ്ടില്‍ നിന്ന് ഗ്രാജ്വേഷന്‍ തലത്തിലേക്കും തലനീട്ടിത്തുടങ്ങുന്നു.
പക്ഷെ, എന്നിട്ടെന്ത്? സകലമാന ചൂഷണങ്ങളിലേക്കും സമുദായം ആട്ടിത്തെളിക്കപ്പെട്ടു. സകലമാന പ്രതിസന്ധികളിലും അവര്‍ ചെന്നു ചാടി ഇടങ്ങേറിലായി. ഒന്നാലോചിച്ചാല്‍ മതി നമ്മുടെ പഠിപ്പിന്റെയും പുരോഗതിയുടെയും മറുപുറ മറിയാന്‍. പത്തു സെന്‍റിന് രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരം സര്‍ക്കാര്‍ വിലയിട്ട സ്ഥലത്തില്‍ ഇന്നെത്രയാ വില? നമ്മുടെ നാട്ടില്‍ പാവങ്ങള്‍ക്കൊരു കൂര വെച്ചുകെട്ടാന്‍ ഭൂമി കിട്ടാനുണ്ടോ? മാനം മര്യാദക്കൊരു കൂര വെച്ചു കെട്ടാന്‍ മുത്തൂറ്റ് പോള്‍ ജോര്‍ജിന് മുന്നില്‍ പതിനാലു കുമ്പിടണം മുത്തുനബിയുടെ ഉമ്മത്തിന്! അവര്‍ക്ക് പഠിപ്പില്ലാഞ്ഞിട്ടോ, വിവരമില്ലാഞ്ഞിട്ടോ, അന്ധവിശ്വാസികളായിരുന്നിട്ടോ അല്ല ഈ പ്രശ്നം പറ്റിയത്.
മനുഷ്യന് അവനിലേക്ക് തന്നെ ഒതുങ്ങിക്കൂടാനുള്ള വാസനയേറിത്തുടങ്ങിയത് ഈ ഇരുപത്തഞ്ചു കൊല്ലത്തിനിടയിലാണ്. ഭൂമിക്കൊക്കെ തോന്നിയ വില. അത് വലിയവര്‍ വന്ന് വാങ്ങിക്കൂട്ടുന്നു. മണ്ണ് ദരിദ്രന് ഒളിഞ്ഞുനോക്കാന്‍ പോലും കിട്ടുന്നില്ല. ധിക്കാരമല്ലേ ഇത്? ഇതു പൊറുത്തുകൊടുക്കുകയല്ലേ ഇത് ചോദ്യം ചെയ്യാന്‍ കെല്‍പുള്ള സംഘടനകള്‍? അസംഘടിതരായ ജനം കുഴങ്ങുന്നു. ന്യായവിലക്ക് ഭൂമി ലഭ്യമാക്കാനുള്ള വര്‍ഗസ്നേഹം കിട്ടിയിരുന്നവരൊക്കെ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായി. അവരുടെ സംഭാവന കിട്ടാത്തവരാരുമില്ല, ഈ കുളിമുറിയില്‍. പിന്നെ അവരെ ആര് ചോദ്യം ചെയ്യും? നാല് പ്രസംഗം നീട്ടിപ്പരത്തിപ്പറഞ്ഞാല്‍, പൊതുവായിപ്പറഞ്ഞാല്‍ തീരുന്നതല്ല ഈ പ്രശ്നം. കൃത്യമായി പറയണം. വേദനയുള്ളിടത്ത് മരുന്നു പുരട്ടണം. മൂട്ടയുള്ളിടത്ത് മരുന്നു തെളിക്കണം. അതിനാരും ധ്യൈപ്പെടുന്നില്ല. മനുഷ്യര്‍ നിസ്സഹായരായിപ്പോയ കാലമാണിത്. പഠിപ്പുണ്ടായിട്ടെന്ത് എന്നു ഞാന്‍ ചോദിക്കുന്നില്ല. ഉള്ള പഠിപ്പ് കൊണ്ട് ചിലതൊക്കെ ഇവിടെ നടക്കുന്നുണ്ട്. പറ്റിച്ചവനെ തിരിച്ച് പറ്റിക്കുന്നു. പാര പണി തന്നവന് തിരിച്ച് പണി കൊടുക്കുന്നു. അതൊക്കെ നടക്കുന്നുണ്ട്. അതാണോ ധര്‍മം പുലരാനുള്ള വഴി? വഞ്ചനയെ ചതികൊണ്ട് നേരിടുക എന്നൊക്കെ പറയുംപോലെയുള്ള ഒരു തമാശ നിറഞ്ഞ പരിണതിയല്ലേ അതിനുണ്ടാവുക! പിന്നെ ഇപ്പോള്‍ നാല് മുക്കാലിനുള്ള ആധാരം പോള്‍ മുത്തൂറ്റിന് കൊണ്ടുകൊടുത്ത് താനും ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയ കെട്ടിപ്പടുക്കട്ടെ എന്നാലോചിച്ച് പരക്കം പായുന്ന ചിലരെ കാണാം. എഴുത്തുകാരെക്കാണാം. പ്രസംഗകരെക്കാണാം. ആളുകളെ ചുരണ്ടിത്തിന്നാനുള്ള പഠിപ്പാണ് ഇവിടെ ജഗപൊഗയായി നടക്കുന്നത് എന്നര്‍ത്ഥം.
കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിനോക്കിയാലും ഇതാണു സ്ഥിതി. പഠിക്കാന്‍ അവര്‍ക്ക് ഉത്സാഹമുണ്ട്. എങ്ങനെയെങ്കിലും നാല് പണം വാരണം.
സംസ്കാരികമായ ഗതിവേഗങ്ങളെ തളച്ചിടാന്‍ പോന്ന വിചാരങ്ങളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം കൊണ്ട് വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ളത്. ഉയരാനുള്ള വാസനയും ഉത്സുകതയും അഭിവാഞ്ജയും ഉണ്ടായി എന്നത് സത്യം. ഇവിടെയൊന്നും എത്തിയാല്‍ പോര എന്ന രീതിയില്‍ ചിന്താഗതികള്‍ പരുവപ്പെട്ടു എന്നതും സത്യം. പക്ഷെ കാടൊതുക്കി വന്ന ഈ ഉത്സുകതയുടെ റോള്‍ മോഡലുകള്‍ എന്തായിരുന്നു, ആരായിരുന്നു എന്നത് എവിടെയും വിലയിരുത്തപ്പെടില്ല. ധിഷണാശാലികളായ പണ്ഡിതന്മാരോ ആത്മാന്വേഷികളായ പരിഷ്കര്‍ത്താക്കളോ ത്യാഗോജ്ജ്വലരായ സാമൂഹ്യ പ്രവര്‍ത്തകരോ ഇസ്ലാമിക ചരിത്രത്തില്‍ കുറവല്ല. പക്ഷെ ഇമാം ശാഫിഈയോ മാലികിയോ അല്‍ ബിറൂനിയോ ഇബ്നു ബത്തൂത്ത പോലുമോ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ വേണ്ടത്ര വായിക്കപ്പെട്ടില്ല. മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങളില്‍ പോവുന്നവരുടെ എണ്ണം കൂടി. അവരുടെ ചരിത്രം മതപ്രസംഗങ്ങളില്‍ നിറഞ്ഞു. അവരുടെ തിസീസുകള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ പുനര്‍വായിക്കപ്പെട്ട് പലര്‍ക്കും ഡോക്ടറേറ്റുകള്‍ നേടാനായി. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് അവരുടെ തത്വദീക്ഷാപൂര്‍ണമായ ഉത്സുകതയല്ല പകര്‍ത്തപ്പെട്ടത്. അത് യൂറോ കേന്ദ്രിതമായി. അതല്ലെങ്കില്‍ കോര്‍പ്പറേറ്റ് മനസ്ഥിതിയുടെ ചേര്‍ത്തുവയ്പ്പായി. ആര്‍ത്തിയോടെയാണ് വിദ്യാഭ്യാസ രംഗം വീക്ഷിക്കപ്പെട്ടത്. നന്നായി ‘വിളവുള്ള’ രംഗത്തേക്ക് സമുദായമൊന്നടങ്കം ഒഴുകി. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് പ്രത്യേകിച്ച്. നല്ല സാധ്യതയുള്ള രംഗം.
സമുദായമൊന്നാകെ ദുഷ്ട ഭക്ഷണങ്ങള്‍ വിഴുങ്ങി പേരറിയുന്നതും അറിയാത്തതുമായ രോഗങ്ങളോട് മല്ലടിച്ച്, ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ അയച്ചു കൊടുക്കുന്ന നോട്ടുകെട്ടുകളുമായി, എടുത്താല്‍ പൊങ്ങാത്ത അനലൈസിംഗ് ഫയലുകളുമായി ആശുപത്രികളിലേക്കൊഴുകിത്തുടങ്ങിയിട്ടുള്ള ഇരുപത്തഞ്ച് വര്‍ഷങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ ഇരുപത്തഞ്ച് വര്‍ഷങ്ങളുടെ പ്രധാന പണിമൂറ്റ് കേന്ദ്രങ്ങള്‍ ആശുപത്രികള്‍ തന്നെ. അവിടെ ഇരുപത്തഞ്ച് കൂട്ടം രോഗങ്ങളുമായിട്ടാണ് ഒരു മുസ്ലിം വരുന്നത്. രോഗം നിര്‍ണയിക്കാത്തത് തന്നെ ഭാരിച്ചൊരു ദൗത്യമാണ്. പിന്നെ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നതും ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര കൊടുക്കുന്നതും പ്രൈവറ്റ് ആശുപത്രികളുടെ പരിഭവം തീര്‍ത്ത് ബില്ലടക്കുന്നതുമൊക്കെ തുടങ്ങിയ ലക്ഷങ്ങളുടെ കെട്ടുകളാണവിടെ മണിക്കൂറുകള്‍ കൊണ്ട് മറിയുന്നത്. അത്തരം ആശുപത്രികളിലേക്ക് അറ്റന്‍ഡര്‍ മുതല്‍ ചീഫ് ഫിസിഷ്യന്‍ വരെയുള്ള കസേരകളിലേക്ക് സമുദായത്തില്‍ നിന്നൊട്ടേറെ പേര്‍ കണ്ണുവെച്ച് തിക്കിത്തിരക്കി കേറിപ്പോയ ഇരുപത്തഞ്ചു വര്‍ഷങ്ങളാണിത്. അതേസമയം എഞ്ചിനീയറിംഗ് മേഖല ഇത്രക്ക് ചൂഷണാധിഷ്ഠിതമായി വളര്‍ന്നിട്ടില്ലെന്നാണ് തോന്നുന്നത്. നല്ലൊരു ആരോഗ്യാവബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ നമ്മുടെ നാട്ടിലെ മതസംഘടനകള്‍ക്കായാല്‍ ഇതുപോലൊരു കാല്‍നൂറ്റാണ്ടിനുള്ളില്‍ ഈ ആശുപത്രികളൊക്കെ പൂട്ടിപ്പോവേണ്ടിവരും. കാരണം, ആരോഗ്യപരമായി അത്രക്ക് നിരക്ഷരരായ സമൂഹമായി മുസ്ലിംകള്‍ മാറിക്കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങളാണ് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത്. ഇത്തരമൊരു വിചാരം മുസ്ലിം മതസംഘടനകള്‍ക്ക് ഇല്ലാതിരിക്കാന്‍ കോര്‍പറേറ്റുകള്‍ ആവുന്നതൊക്കെ ചെയ്യും. ചൂഷണം അവസാനിപ്പിക്കാനല്ല, ആ രംഗത്തുള്ള എല്ലാ വിവരക്കേടുകളും അങ്ങനെത്തന്നെ തുടര്‍ന്ന് അവിടെ നിന്ന് കിട്ടുന്നിടത്തോളം വലിച്ചടുപ്പിക്കാനുള്ള വഴികളാണ് സമുദായത്തിന്റെ വലിയ അജണ്ടകളിലൊന്നായി മുന്നിലുള്ളത്. മരുന്നു വെച്ചുള്ള ചൂഷണങ്ങള്‍, രോഗനിര്‍ണയം വച്ചുള്ള ചൂഷണങ്ങള്‍, ഡോക്ടര്‍രോഗി ബന്ധങ്ങളിലെ ചൂഷണങ്ങള്‍, ഡോക്ടര്‍നഴ്സ് ബന്ധങ്ങളിലെ ചൂഷണങ്ങള്‍, ആശുപത്രി മാനേജ്മെന്‍റും ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങളില്‍ വളരുന്ന ചൂഷണങ്ങള്‍ ഇതൊക്കെ പഠിക്കാന്‍ ഇസ്ലാമിക് എത്തിക്സും മെഡിക്കല്‍ എത്തിക്സും കൈവശമുള്ള ധീരന്മാരും ധീരകളുമായ ഡോക്ടര്‍മാര്‍ രംഗത്തു വന്നാല്‍ അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും നമ്മുടെ സമുദായത്തിനകത്തെ ആരോഗ്യ വീക്ഷണങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പറ്റും.
ആര്‍ത്തിയുടെ പിടിയിലാണ് സമൂഹമുള്ളത്. സ്വേഛകള്‍ എങ്ങനെയെങ്കിലും സാധിപ്പിച്ചെടുക്കാനുള്ള വാഞ്ഛയുള്ള സമൂഹം. സത്യത്തില്‍, ഇതു രണ്ടുമല്ലേ വ്യക്തിയുടെയും സമൂഹത്തിന്റെയും നട്ടെല്ലൊടിച്ചത്? സൂഫികള്‍ പറഞ്ഞത് ഈ രണ്ടു വികാരങ്ങള്‍ തച്ചുടക്കാനല്ലേ? അവനവന്റെ ഉള്ളിലെ വേണ്ടാത്തരങ്ങളുടെ പ്രതിഷ്ഠകള്‍ തകര്‍ത്തെറിയാതെ എങ്ങനെയാണ് നാട്ടില്‍ സമാധാന ജീവിതം പകരാന്‍ ഒരാള്‍ക്ക് കഴിയുക? കാണുന്നതൊക്കെ, ഇഷ്ടപ്പെടുന്നതൊക്കെ, കേള്‍ക്കുന്നതൊക്കെ കവരണമെന്ന കൊതി തന്നെയല്ലേ ജീവിതത്തെ ഇത്രമേല്‍ അസാധ്യമാക്കിയതും നിസ്സഹായമാക്കിയതും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ കഴിയാഞ്ഞതുകൊണ്ടാണിത്. തനിക്കത്യാവശ്യമുള്ളതില്‍ കവിഞ്ഞുള്ളത് കൂട്ടുകാരന് വേണ്ടി പങ്കുവെക്കാനുമുള്ള മനഃസ്ഥിതി വളര്‍ത്തിയെടുക്കാന്‍ നമ്മുടെ വളരുന്ന തലമുറയിലും വളര്‍ന്ന് നരച്ച തലമുറയിലും രണ്ടിനുമിടക്കുള്ള തലമുറയിലും ബോധോദയം വരുത്തിയിട്ടില്ലെങ്കില്‍ ഒരു തരത്തിലുള്ള പുരോഗതിക്കും നമ്മെ രക്ഷിക്കാനാവില്ല. തീര്‍ച്ച.
കാല്‍ നൂറ്റാണ്ട് കാലത്തിനുള്ളില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗവും അവബോധത്തിന്റെ ആകാശങ്ങളും നമുക്ക് മുന്നില്‍ വരച്ചിട്ടുള്ള ചിത്രമിതാണ്, ഇത്രമാത്രം. ഈ ചിത്രം കാണാതെ, കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിന്നിടയിലുണ്ടായിട്ടുള്ള വിദ്യാഭ്യാസ പുരോഗതിയുടെ പട്ടികയും പ്ലസ്ടു/എസ്.എസ്.എല്‍.സി. പരീക്ഷാ ഫലങ്ങളുടെ കയറ്റിറക്കങ്ങളും കാണിച്ച് കുത്തിയിരുന്നു പഠിച്ചാല്‍ പഴയ പല്ലവിയില്‍ തന്നെ നിന്നു വാഴേണ്ടിവരും. വിഷയത്തിന്റെ മര്‍മം കാണാതിരിക്കാനാണ് പലപ്പോഴും നമ്മുടെ തലച്ചോറിനും കമ്പം കാണുക.

ടി.കെ. അലി അശ്റഫ്

You must be logged in to post a comment Login