വിദ്യാഭ്യാസം നിങ്ങള്‍ ജാഹിലിയ്യാ കാലത്തെ രക്ഷിതാവാണോ?


മകന്‍/മകള്‍ സര്‍ക്കാര്‍ സ്കൂളിലോ ബി എ/ ബി എസ് സി തുടങ്ങിയ പഴഞ്ചന്‍ കോഴ്സുകള്‍ക്കോ ആണ് പഠിക്കുന്നത് എന്ന് നാലാളറിയുമ്പോള്‍ നിങ്ങള്‍ ജാഹിലിയ്യാ കാലത്ത് പെണ്‍കുഞ്ഞ് ജനിച്ച രക്ഷിതാവിന്റെ സ്ഥിതിയിലാവുന്നു. ഈ മനോഭാവമാണ് നമ്മുടെ വിദ്യാഭ്യസ മേഖല ഇന്നു നേരിടുന്ന ഒരു വലിയ ദുരന്തം.

എ കെ അബ്ദുല്‍ മജീദ്

ഹൈ ഫാഷന്‍ ഹൈടെക് യുഗത്തില്‍ ചെലവേറുംതോറുമാണ് വരേണ്യ വര്‍ഗത്തിന് എന്തും സ്വീകാര്യമാവുന്നത്. കുറഞ്ഞ വിലയുള്ളതും ചെലവു കുറഞ്ഞതുമായ സംഗതികള്‍ എളുപ്പം പുച്ഛിക്കപ്പെടുന്നു. വീടോ വാഹനമോ വസ്ത്രമോ ഭക്ഷണമോ എന്തുമാവട്ടെ ഏറ്റവും ചെലവേറിയത് ആളുകള്‍ അന്വേഷിച്ചു ചെല്ലുന്നു. ഏറ്റവുമധികം ശമ്പളമുള്ള ജോലിയും ഏറ്റവും ലാഭം കൊയ്യുന്ന ബിസിനസുമാണ് എല്ലാവര്‍ക്കും വേണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന ഷോപ്പിംഗ് മാളുകള്‍ ഈ പുതിയ പ്രവണതയുടെ പ്രകടന പത്രികകളാകുന്നു. 20 രൂപയുടെ ഊണിനെക്കാള്‍ 200 രൂപയുടെ ഊണും 200 രൂപയുടെ ഷര്‍ട്ടിനെക്കാള്‍ 2000 രൂപയുടെ ഷര്‍ട്ടും 2000 രൂപയുടെ ഫോണിനെക്കാള്‍ 40000 രൂപയുടെ ഫോണും ആണ് അഭിജാത വര്‍ഗത്തിന് സ്വീകാര്യം. ആവശ്യം നടക്കുക എന്നതിനെക്കാള്‍ അന്തസ്സോടെ ഉയര്‍ത്തിക്കാണിക്കാവുന്ന ഒരു ചിഹ്നം ഉണ്ടാവുക എന്നതാവുന്നു എന്തിലും പരിഗണിക്കപ്പെടുന്ന ഘടകം. എത്ര വിലയുള്ള ചെരിപ്പാണ് നിങ്ങള്‍ ധരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങള്‍ക്കു ലഭിക്കുന്ന ബഹുമാനം. നിങ്ങളുടെ തലയില്‍ ഒരു ചുക്കുമില്ലെങ്കിലും നിങ്ങളുടെ സ്വഭാവം എത്ര തന്നെ മോശമാണെങ്കിലും നിങ്ങള്‍, നിങ്ങള്‍ ധരിച്ച വസ്ത്രത്തെയും നിങ്ങള്‍ താമസിക്കുന്ന മുറിയെയും നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തെയും പ്രതി ആദരിക്കപ്പെടുന്നു. 10000 രൂപ ശമ്പളം വാങ്ങി നിങ്ങള്‍ നല്ല കുടുംബജീവിതം നയിക്കുന്നു എന്നതല്ല, ഒന്നര ലക്ഷം ശമ്പളം വാങ്ങി അതെല്ലാം ആഡംബരങ്ങള്‍ക്കായി വ്യയം ചെയ്യുന്നു എന്നതാവുന്നു നിങ്ങള്‍ യോഗ്യനാണ് എന്നതിന്റെ സാക്ഷ്യപത്രം. ഇന്നത്തെ നാഗരികതയുടെ സവിശേഷമായ ഭാവം ഇപ്പറഞ്ഞതാണെന്നു പറഞ്ഞാല്‍ വളരെപ്പേര്‍ വിയോജിക്കുമെന്നു തോന്നുന്നില്ല.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കുറിപ്പിന് എന്തിനിങ്ങനെ ഒരു മുഖവുര എന്ന് അത്ഭുതപ്പെടാതിരിക്കുക. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് പൊതുവെ കണ്ടുവരുന്ന പ്രവണത മേല്‍ വിവരിച്ച സാമൂഹിക മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. അല്‍പ സ്വല്‍പം സാമ്പത്തിക സുസ്ഥിതിയുള്ള പ്രവാസികളുടെയും അല്ലാത്തവരുടെയും പൊതുവായ സ്ഥിതിയെക്കുറിച്ചാണു പറഞ്ഞു വരുന്നത്.
മകന്‍/മകള്‍ എന്തിനാ പഠിക്കുന്നത്?
ചോദ്യം ന്യായമായും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അന്തസ്സോടെ എങ്ങനെ ഈ ചോദ്യത്തെ നേരിടാം എന്ന് ആളുകള്‍ കാലേക്കൂട്ടി ചിന്തിക്കുന്നു. കെ ജി(കിന്റര്‍ ഗാര്‍ട്ടന്‍) മുതല്‍ പി ജി (പോസ്റ് ഗ്രാജ്വേഷന്‍) വരെയുള്ള ഏതു ഘട്ടത്തിലുമാവാം നിങ്ങളുടെ മകന്‍ അഥവാ മകള്‍. ഏതു ഘട്ടത്തിലാണെങ്കിലും അന്തസ്സുള്ള ഒരു മറുപടി നാവിന്‍തുമ്പിലുണ്ടാവണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ ജീവിക്കുന്നത് നിങ്ങള്‍ പ്രസ്തുത ചോദ്യത്തിനു നല്‍കുന്ന മറുപടിക്കനുസരിച്ച് വിലയിരുത്തപ്പെടുന്ന നാഗരികതയിലാണ്. തെളിച്ചു പറഞ്ഞാല്‍ നിങ്ങളുടെ സ്ഥാപനത്തെയോ പാര്‍പ്പിടത്തെയോ മൊബൈല്‍ ഫോണിനെയോ ചെരിപ്പിനെയോ പോലെ നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസവും നിങ്ങള്‍ക്ക് അന്തസ്സിന്റെ പ്രശ്നമാവുന്നു. 300 രൂപയുടെ ചെരിപ്പ് നിങ്ങളുടെ അന്തസ്സ് എത്രത്തോളം ഇടിച്ചു കളയുന്നുവോ അത്രത്തോളം നിങ്ങളുടെ മക്കള്‍ പഠിക്കുന്ന കോഴ്സും നിങ്ങളുടെ കുലമഹിമയെ തകര്‍ത്തു കളയുന്നു. മകന്‍/മകള്‍ സര്‍ക്കാര്‍ സ്കൂളിലോ ബി എ/ ബി എസ് സി തുടങ്ങിയ പഴഞ്ചന്‍ കോഴ്സുകള്‍ക്കോ ആണ് പഠിക്കുന്നത് എന്ന് നാലാളറിയുമ്പോള്‍ നിങ്ങള്‍ ജാഹിലിയാ കാലത്ത് പെണ്‍കുഞ്ഞ് ജനിച്ച രക്ഷിതാവിന്റെ സ്ഥിതിയിലാവുന്നു. ഈ മനോഭാവമാണ് നമ്മുടെ വിദ്യാഭ്യസ മേഖല ഇന്നു നേരിടുന്ന ഒരു വലിയ ദുരന്തം.
ഇനി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഈയിടെ നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണത്തിലേക്കു വരിക. 2008 മുതല്‍ 2011 വരെയുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ വിജയ ശതമാനം പരിശോധിച്ച ജസ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടത്, സംസ്ഥാനത്തെ നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ ഒന്നടങ്കം അടച്ചു പൂട്ടണമെന്നാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ ചരിത്രത്തില്‍ നടാടെയാണ് ഇങ്ങനെ ഒരു കോടതി വിധി. നിലവാരമില്ലാത്ത കോളജുകളുടെ പെരുപ്പം ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ത്തു എന്നും കോടതി നിരീക്ഷിച്ചു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളുടെ പഠന നിലവാരം പരിശോധിക്കുന്നതിനു വേണ്ടി ഹൈക്കോടതി നേരത്തെ ചുമതലപ്പെടുത്തിയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് കോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചതെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ നാലു പ്രധാന സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 101 കോളജുകളുടെ പഠന നിലവാരമാണ് കമ്മിറ്റി പരിശോധിച്ചത്. ഈ സ്വാശ്രയ കോളജുകളില്‍ മിക്കതിലും യോഗ്യതയുള്ള അധ്യാപകര്‍ ഇല്ല. ലാബോറട്ടറികളോ ലൈബ്രറികളോ ഇല്ല. (കോടതി വിധിയുടെ വിശദാംശങ്ങള്‍ക്ക് 2012 ജൂണ്‍ 29 ന്റെ ദിനപത്രങ്ങള്‍ നോക്കുക).
എന്തുകൊണ്ടിത്രയും നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍? ഈ ചോദ്യത്തിനുള്ള ഉത്തരം വിദ്യാഭ്യാസത്തെ പൊങ്ങച്ചത്തിന്റെ ചിഹ്നമാക്കി മാറ്റിയ പുത്തന്‍പണക്കാരുടെ, നാം തുടക്കത്തില്‍ സൂചിപ്പിച്ച മിഥ്യാഭിമാന മനോഭാവത്തിലാണ് തിരയേണ്ടത്. മികച്ച സൌകര്യങ്ങളും പഠന നിലവാരവുമുള്ള എഞ്ചിനീയറിംഗ് കോളജുകള്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ട്. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അവിടങ്ങളില്‍ പ്രവേശനം നേടുകയും പഠിച്ചു പാസായി പുറത്തു വരികയും ചെയ്യുന്നു. പഠന മികവു കൊണ്ട് അത്തരം നിലവാരമുള്ള കലാലയങ്ങളില്‍ പ്രവേശനം കിട്ടാന്‍ സാധ്യതയില്ലാത്ത മേല്‍ സൂചിപ്പിച്ച മിഥ്യാഭിമാനികളുടെ മണ്ടശിരോമണികള്‍ എന്തു ചെയ്യും? മകന്‍/മകള്‍ പഠിക്കുന്നത് ബി ടെക്കിനാണ് എന്ന് അന്തസോടെ നാലാള്‍ കൂടുന്ന സഭയില്‍ പറയാന്‍ എന്തുവഴി? അതിനുള്ള ഉത്തരമായിരുന്നു സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍. എഞ്ചിനീയറിംഗ് മാത്രമല്ല ദന്തവൈദ്യവും വൈദ്യവുമെല്ലാം ഈ ഗണത്തില്‍ വരുന്നുണ്ട്. മക്കളുടെ വിദ്യാഭ്യാസം തന്ത/ തള്ളമാരുടെ അന്തസ്സിന്റെ മാത്രം അടയാളമായി മാറുമ്പോള്‍ പഠിക്കുന്നവരുടെ അഭിരുചിയും കഴിവും അവഗണിക്കപ്പെടുന്നു. ചേതന്‍ ഭഗതിന്റെ ‘ഫൈവ് പോയന്റ് സംവണ്‍’ ‘റവല്യൂഷന്‍ 20’ എന്നീ നോവലുകളില്‍ ഇന്ത്യന്‍ രക്ഷിതാക്കളുടെ മിഥ്യാഭിമാനത്തിന്റെ ഇരകളായി നശിക്കുന്ന പുതുതലമുറവിദ്യാര്‍ത്ഥികളുടെ നേര്‍ചിത്രമുണ്ട്. രക്ഷിതാക്കളുടെ ദുരഭിമാനത്തിന്റെ ഇരകളായി തോറ്റു പോവുന്ന എത്രയെത്ര ആള്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മയക്കു മരുന്നിന് അടിമകളായിത്തീരുന്നത്!
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ ഡെന്റല്‍ കോളജുകളിലും എത്തിപ്പെടുന്ന വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രസ്തുത കോഴ്സ് പഠിച്ചു മുഴുമിപ്പിക്കാന്‍ വേണ്ടത്ര മുന്നറിവും മസ്തിഷ്ക ശേഷിയുമില്ലാത്തവരാണ് എന്നത് ഇന്നൊരു രഹസ്യമില്ല. എഞ്ചിനീയറിംഗ് കോളജുകളുടെ സ്ഥിതിയും തഥൈവ. വിജയ ശതമാനം താഴോട്ട് കുതിക്കുന്നിന് ഇതും ഒരു കാരണമാണെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. “ആട്ടുന്നവനെ പിടിച്ച് നെയ്യാനാക്കുക” എന്ന നാടന്‍ പ്രയോഗത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാവുക മക്കള്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ തോറ്റ് തുന്നം പാടുമ്പോഴാണല്ലോ. അവനവന് ആവുന്നതേ ചുമക്കാവൂ എന്ന ഒരു ബോധം വിദ്യാര്‍ത്ഥിക്കും ഉണ്ടാവുന്നതില്‍ തെറ്റില്ല. കണക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത, എന്നാല്‍ ഭാഷയിലും സാഹിത്യത്തിലും ശോഭിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു സയന്‍സിനും കൊമേഴ്സിനും ചേര്‍ക്കുന്നു. ഫലം ഊഹ്യം. കൊമേഴ്സിനു പഠിക്കുന്നവനു പോലും ആഗ്രഹം ഡോക്ടര്‍ ആവണമെന്നാണ്. താന്‍ പഠിക്കുന്ന വിഷയം അതിനുള്ളതല്ല എന്ന പ്രാഥമിക വിവരം പോലും ആ കുട്ടിക്കില്ല. ഇതിനെയല്ലേ നാം മഹത്തായ വിദ്യാഭ്യാസ ദുരന്തം എന്നു വിളിക്കേണ്ടത്? ഈ ദുരന്തം നാം നമ്മുടെ പൊങ്ങച്ചത്തിനു കൊടുക്കുന്ന വിലയാണ്. ലക്ഷങ്ങള്‍ കൊടുത്ത് ബി ഡി എസിനു ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കാതെ കല്യാണം കഴിഞ്ഞ് വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളുടെ കണക്കെടുക്കാന്‍ ഒരു കോടതിയും ആവശ്യപ്പെടാത്തതു ഭാഗ്യം. ബി ടെകും ബി ഡി എസും വെറും അലങ്കാരമായി കൊണ്ടു നടക്കുന്നവരും അനവധി. അലങ്കാരത്തിന് ഒരു ബിരുദം വേണമെന്നുണ്ടെങ്കില്‍ അതിനെന്തിന് ഇത്ര പണച്ചെലവുള്ള ബിരുദം? ഇങ്ങനെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കഴുത്തിലണിയാന്‍ എന്തിന് 21 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ്? 40000 രൂപയുടെ സ്വര്‍ണച്ചെയില്‍ പോരേ എന്നു ചോദിക്കുന്നതു പോലെ നിരര്‍ത്ഥകം തന്നെ ഈ ചോദ്യവും.
കേരളത്തിന്റെ സ്വാശ്രയ വിദ്യാഭ്യാസത്തിന് ഒരു പതിറ്റാണ്ടിന്റെ ചരിത്രമേയുള്ളൂ. കേരളീയരായ ധനികരുടെ പണം കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പോകുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ സ്വാശ്രയ കോളജ് അനുവദിച്ചത്. എന്നാല്‍ മുട്ടിനു മുട്ടിനു തഴച്ചു വളര്‍ന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് തുടക്കത്തില്‍ വേണ്ടത്ര കുട്ടികളെ കിട്ടിയിരുന്നില്ല. ആറും ഏഴും ബാച്ചുകള്‍ അനുവദിച്ചു കിട്ടിയ പല സ്വാശ്രയ കോളജുകളിലും ഒരു ബാച്ചിനുള്ള കുട്ടികള്‍ പോലും തികച്ചുണ്ടായിരുന്നില്ല.
അത്ഭുതമെന്നേ പറയേണ്ടൂ, പെട്ടെന്ന് പത്താം ക്ളാസിന്റെയും പന്ത്രണ്ടാം ക്ളാസിന്റെയും വിജയശതമാനം ശരാശരി 50-60 ശതമാനത്തില്‍ നിന്ന് 80-90 നിലവാരത്തിലേക്ക് ഉയര്‍ന്നു. അതോടെ സ്വാശ്രയ കോളജുകളുടെ വിശപ്പടങ്ങി. മാതമാറ്റിക്സിലെ കടുപ്പമുള്ള ഭാഗങ്ങള്‍ സിലബസില്‍ നിന്ന് അപ്രത്യക്ഷമായതും ചില ദോഷൈകദൃക്കുകള്‍ ഈ സ്വാശ്രയ പ്രതിഭാസത്തോട് കൂട്ടി വായിക്കുന്നുണ്ട്. അവരോട് പൊറുക്കുക. സ്വാശ്രയ കോളജുകള്‍ അവരുടെ മാന്ത്രിക ദണ്ഡ് ഇനിയും എടുത്തു വീശുകയും ബി ടെക്കിന്റെ വിജയ ശതമാനം 25 ല്‍ നിന്ന് 75 ആക്കി ഉയര്‍ത്തുകയും ചെയ്തേക്കാം. അതിനുള്ള നീക്കവും അണിയറയില്‍ തകൃതിയെന്നു ശ്രുതി. വിദ്യാഭ്യാസം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആത്മ വഞ്ചനയുടെ പുരാവൃത്തമായി മാറുന്നു എന്നര്‍ത്ഥം.
ആത്മ വഞ്ചനകളുടെ തുടക്കം സ്കൂള്‍ പ്രായത്തിനും മുമ്പേയാണെന്നു പറയാം. കുട്ടിക്ക് മൂന്നോ മൂന്നരയോ വയസ്സാവുന്നതോടെ അവന്‍/അവള്‍ സ്വാഭാവികമായും കളിച്ചു വളരേണ്ട മാതൃസാന്നിധ്യത്തില്‍ നിന്ന് ബലമായി പിടിച്ചു പറിച്ച് നാം കൃത്രിമമായ എല്‍ കെ ജി സാഹചര്യത്തിലേക്ക് നാടു കടത്തുന്നു. കുട്ടി ശാരീരികമായും മാനസികമായും പഠനസന്നദ്ധത കൈവരിക്കുന്നതിനു മുമ്പു തന്നെ വിദ്യാഭ്യാസ മര്‍ദ്ദനം ആരംഭിക്കുകയായി. മൂപ്പെത്തുന്നതിനു മുമ്പേ പഴുപ്പിച്ചെടുക്കാമെന്ന വാശിയില്‍ പറക്കമുറ്റാത്ത കുഞ്ഞിന്റെ വായില്‍ അര്‍ത്ഥരഹിതമായ എ ബി സി ഡിയും പിന്നെ ദഹിക്കാത്ത വിവരത്തുണ്ടുകളും തിരുകി വെക്കുന്നു. പഠനപ്രക്രിയയെ സംബന്ധിക്കുന്ന മന:ശാസ്ത്ര സമീപനത്തെ മുഴുവന്‍ കാറ്റില്‍ പറത്തുന്ന, കുട്ടികളുടെ സ്വാഭാവിക മാനസിക വളര്‍ച്ചയെ തടയുന്നുവെന്ന് ഇതിനകം തെളിയിക്കപ്പെട്ട നാട്ടുനടപ്പ് എല്ലാവരും തുടരുന്നു. ‘ചൊട്ടയിലെ ശീലം ചൂടല വരെ’ എന്ന ന്യായേന ഈ ആത്മവഞ്ചന കലാശിക്കുന്നത് പ്രൊഫഷണല്‍ കോഴ്സുകളിലാണ്. ഒരു വ്യക്തിയുടെ വിജയം തീരുമാനിക്കുന്ന മുഖ്യഘടകം പഠിപ്പിനെക്കാള്‍ വൈകാരിക സന്തുലിതത്വമാണെന്ന് മന:ശാസ്ത്രം തെളിയിക്കുന്നു. എന്നിട്ടും നാം കുട്ടിക്ക് പഠന സമ്മര്‍ദ്ദം കുട്ടിക്കൊണ്ടേയിരിക്കുകയും അവന്റെ/അവളുടെ വൈകാരിക സന്തുലിതത്വം തകിടം മറിക്കുകയും ചെയ്യുന്നു. ഇതാണ് ആത്മവഞ്ചനയുടെ രണ്ടാംഘട്ടം. വിദ്യാഭ്യാസം കുട്ടിയുടെ ആവശ്യം എന്നതില്‍ കവിഞ്ഞ് രക്ഷിതാവിന്റെ അന്തസ്സിന്റെ മുദ്രയാവുന്നത് ആത്മ വഞ്ചനയുടെ അടുത്ത ഘട്ടമാവുന്നു. കലാലയങ്ങളില്‍ ഈ ആത്മവഞ്ചന പല രൂപത്തില്‍ തുടരാന്‍ സിസ്റം നിര്‍ബന്ധിക്കപ്പെടുന്നു. സ്വാശ്രയ കോളജുകളില്‍ പഠിപ്പിച്ചു മതിയായി വേറെ പണി നോക്കിപ്പോകുന്ന പ്രതിഭയുള്ള അധ്യാപകരോടു സംസാരിച്ചാല്‍ ഇതിന്റെ ആഴം മനസ്സിലാവും.
സ്വാശ്രയ കോളജുകളുടെ പഠനനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിയമിച്ചതു പോലെ ഒരു കമ്മീഷനെ നമ്മുടെ ഇതര വിദ്യാലയങ്ങളുടെ നിലവാരത്തെക്കുറിച്ചു കൂടി പഠിക്കാന്‍ കോടതിയോ സര്‍ക്കാറോ ചുമതലപ്പെടുത്തിയാല്‍ നാം കേള്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നുറപ്പാണ്. വെള്ളം ചേര്‍ത്ത റിസല്‍ട്ടിലൂടെ മേനി നടിക്കുമ്പോള്‍ ഒരു സമൂഹം ഒന്നാകെ ആത്മ വഞ്ചനയില്‍ അഭിരമിക്കുകയാണ്. ഒരു വിദ്യാലയത്തില്‍ നിന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ എവിടെ എത്തുന്നു എന്നതാവണം ആ വിദ്യാലയത്തെ വിലയിരുത്താനുള്ള മാനദണ്ഡം. അപ്പോഴറിയാം കൊട്ടിഘോഷിക്കപ്പെടുന്ന സ്വാശ്രയ/ അണ്‍ എയ്ഡഡ് സരസ്വതി ക്ഷേത്രങ്ങളുടെ യഥാര്‍ത്ഥ മാഹാത്മ്യം. ഒരു വിദ്യാലയവും കുട്ടിക്ക് ആത്യന്തികമായി നല്‍കേണ്ടത് കുറെ മാര്‍ക്കുകളല്ല, ജീവിത വിജയത്തിന്റെ അനുപേക്ഷ്യ പാഠങ്ങളാണ്. മാര്‍ക്ക് അതില്‍ ഒരു ഘടകം മാത്രമേയാവുന്നൂള്ളൂ. എ പ്ളസ്, എ പ്ളസ് എന്ന് മന്ത്രിക്കുന്ന രക്ഷിതാക്കളും അധ്യാപകരും ഇത് തിരിച്ചറിയുന്നില്ല എന്നു നടിക്കുന്നത് അവരുടെ ആത്മവഞ്ചന.

You must be logged in to post a comment Login