രത്നാകരന്‍

രത്നാകരന്‍

രത്നാകരന്‍ ജയിലിലാണെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ ശ്രദ്ധയില്‍ അത് പെട്ടില്ല എന്നതാണ് സത്യം. അവന്റെ കാര്യമായതുകൊണ്ടു തന്നെ ഞാന്‍ അറിയേണ്ടതായിരുന്നു. വീട്ടില്‍ അത്യാവശ്യമുണ്ടാകുന്ന പുറംജോലികള്‍ക്കൊക്കെ വിളിക്കാറുള്ളത് രത്നാകരനെയാണ്. അങ്ങിനെ എന്തെങ്കിലും ആവശ്യമുണ്ടാകുമ്പോള്‍ അവനെ വിളിക്കാറല്ല പതിവ്. അവസരം വരുമ്പോള്‍ അവന്‍ മുമ്പില്‍ എങ്ങിനെയോ പ്രത്യക്ഷപ്പെടുകയാണ്. എന്നിട്ട് ചോദിക്കും, ‘അത് ചെയ്യേണ്ടെ?’ ചെയ്യേണ്ട കാര്യം അവന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ നിന്നെ വിളിക്കുവാന്‍ വിചാരിക്കുകയായിരുന്നു. ഞാന്‍ പറയും. അടുത്ത കാലത്തൊന്നും അങ്ങിനെയൊരു ജോലിയും വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ടാകാം രത്നാകരനെക്കുറിച്ചു എനിക്കാലോചിക്കേണ്ടിവന്നില്ല. വൈകീട്ടത്തെ നടത്തം കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയും ചിലപ്പോള്‍ ഞാന്‍ രത്നാകരനെ കാണാറുണ്ട്. അപ്പോഴൊക്കെ, എന്റെ മുമ്പിലേക്ക് വരുന്നതിന് പകരം എന്റെ കണ്‍വെട്ടത്തുനിന്നും മാറാനാണ് അവന്‍ ശ്രമിക്കാറുള്ളത്. എന്നെ കാണാത്തതുകൊണ്ടുള്ള അപ്രത്യക്ഷമാകലാണെന്നാണ് ആദ്യമൊക്കെ ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങിനെയല്ല, എന്നെ കണ്ടയുടന്‍ പെട്ടെന്നവന്‍ മറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒന്നുകില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക്, അല്ലെങ്കില്‍ ഏതെങ്കിലും കടയുടെ മറവിലേക്ക്. ഒരുപക്ഷെ ഞാനവനെ കണ്ടിട്ടുണ്ടാകില്ല എന്നവന്‍ ധരിച്ചിരിക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ആ ധാരണയും മാറി. ഞാന്‍ കണ്ടുവെന്ന് അറിഞ്ഞതുകൊണ്ടുതന്നെ ബോധപൂര്‍വം എന്റെ മുമ്പില്‍ നിന്നും ഓരോ പ്രാവശ്യവും അവന്‍ മറയുകയായിരുന്നു. രത്നാകരന്‍ എന്തിനാണ് ഇങ്ങനെയൊരു ഒളിച്ചുകളി നടത്തുന്നത്? അവന്‍ മുമ്പില്‍ വന്നു പെട്ടാല്‍ ആദ്യം ചോദിക്കുന്നതും ഇതുതന്നെയായിരിക്കും. പക്ഷെ അങ്ങിനെ വിചാരിച്ച നേരത്തൊന്നും അവനെ മുമ്പില്‍ കിട്ടിയതുമില്ല. വീട്ടില്‍ വന്നു ജോലി ചെയ്തു പോവുമ്പോള്‍ ചോദിക്കണമെന്ന് പിന്നീട് വിചാരിച്ചു. എന്നാല്‍ അപ്പോഴത്തെ തിരക്കില്‍ ഞാനതു മറക്കുകയും ചെയ്തു.
അങ്ങിനെ രത്നാകരന്‍ എന്റെ ചിന്തയില്‍ അത്ര സജീവമല്ലാതിരുന്ന അവസരത്തിലാണ് അവനെക്കുറിച്ചു ഞാന്‍ ഓര്‍ക്കാന്‍ ഇടയായത്.
മഴയും കാറ്റും വന്ന ഒരു നാള്‍ വീടിനോട് ചേര്‍ന്നുനിന്നിരുന്ന മാവിന്റെ കൊമ്പ് താഴോട്ടേക്ക് കൂടുതല്‍ അമരുകയും, വീടിന്റെ മേല്‍ക്കൂരയെ അപകടകരമായ വിധത്തില്‍ ഞെരുക്കുകയും ചെയ്തു. അതുടന്‍ വെട്ടിമാറ്റിയില്ലെങ്കില്‍ മേല്‍ക്കൂര തന്നെ തകരുന്ന അവസ്ഥയിലെത്തിയിരുന്നു. അയല്‍ക്കാരും, വഴിയിലൂടെ പോകുന്നവരും, മാവിന്റെ കൊമ്പ് വളരെ പെട്ടെന്ന് വെട്ടിമാറ്റുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ഞങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് രത്നാകരനെ ഓര്‍മ വന്നത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നല്ലോ പതിവ്. രണ്ടു ദിവസം കഴിഞ്ഞിട്ടും രത്നാകരനെ കാണാതിരുന്നപ്പോള്‍ ഞാന്‍ ഭാര്യയോട് പറഞ്ഞു:
ആ രത്നാകരനെ കാണാനെ ഇല്ലല്ലോ
പുറംലോകത്തെക്കുറിച്ചു ഒന്നുമറിയാത്ത ഒരു പൊട്ടനെ മുമ്പില്‍ കണ്ടതുപോലെ, തെല്ല് പരിഹാസത്തോടെ എന്റെ നേരെ നോക്കി ഭാര്യ പറഞ്ഞു:
ങ്ഹാ, നിങ്ങളതു മറന്നോ. ഓനിപ്പം ജയിലിലല്ലേ.
ജയിലിലോ.
രത്നാകരന്‍ എന്തു കുറ്റമാണ് ചെയ്തത്? കയ്യേറ്റം? മോഷണം? പീഡനം? കൊലപാതകം? ഞാന്‍ അന്തംവിട്ടു. അതു മനസ്സിലാക്കി ഭാര്യ വിശദീകരിച്ചു.
ഭാര്യക്കും, മക്കള്‍ക്കും ചെലവിന് കൊടുക്കാത്തതിന്റെ പേരില്‍ കോടതി ഓനെ ജയിലിലിട്ടിരിക്കുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ?
രത്നാകരന്‍ ഭാര്യയെയും മക്കളെയും ഈയിടെ കാണാറില്ലെന്നും ഞാനപ്പോഴാണ് ഓര്‍ത്തത്. അവന്റെ ഭാര്യയെയും മക്കളെയും എങ്ങിനെയാണ് ഞാന്‍ മറന്നുപോയത്? രത്നാകരന്‍ വീട്ടില്‍ വരുമ്പോഴൊക്കെ അവന്റെ ഭാര്യയും, മകനും ഒപ്പമുണ്ടായിരുന്നു. ആദ്യകാലത്ത് ഒന്നിച്ചായിരുന്നില്ല അവര്‍ വീട്ടില്‍ വന്നിരുന്നത്. അവന്‍ ജോലി കഴിഞ്ഞു പോകാറാവുമ്പോള്‍, എല്ലാ ദിവസവും രണ്ടു നിഴലുകള്‍ ഗെയിറ്റിന് പുറത്തു കാണും. ആ ദൃശ്യം പതിവായപ്പോള്‍ തിരക്കിയ അവസരത്തിലാണ് അത് രത്നാകരന്റെ ഭാര്യയും കുട്ടിയുമാണെന്നറിഞ്ഞത്. കൂലി വാങ്ങി അവന്‍ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ കയ്യോടെ വാങ്ങിയില്ലെങ്കില്‍ അവന്‍ അതു മുഴുവന്‍ കുടിച്ചു തീര്‍ക്കും. ഗെയിറ്റിറങ്ങി പടിഞ്ഞാറോട്ടേക്ക് കുറച്ചിട നടന്നാല്‍ മദ്യഷാപ്പാണ്. അങ്ങോട്ട് തിരിയുന്നതിന് മുമ്പെ ഭര്‍ത്താവിനെ പിടികൂടാന്‍ വേണ്ടിയാണ് ഭാര്യയും മകനും ഗെയിറ്റിന് മുമ്പില്‍ കാത്തുനില്‍ക്കുന്നത്.
ഒരുനാള്‍ ജോലി കഴിഞ്ഞു പോകുമ്പോള്‍ രത്നാകരനോട് ചോദിച്ചു:
നീ ഈ കൂലിയൊക്കെ എന്തു ചെയ്യുന്നെടോ?
ഓളുടെ കയ്യില്‍ കൊണ്ടുക്കൊടുക്കും.
രത്നാകരന്റെ വളരെ നിഷ്കളങ്കമായ മറുപടി. അവന്റെ നേരെ അവിശ്വസനീയതയോടെ നോക്കിയിട്ടു അവന്‍ വെറുതെ ചിരിച്ചു.
കിട്ടുന്നതു മുഴുവന്‍ കള്ളുഷാപ്പില്‍ കൊടുക്കുകയാണെന്ന് കേട്ടു. ശരിയാണോ. അവന്റെ ചിരിയില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നു.
അപ്പോഴും അവന്‍ ചിരിച്ചു. ഈ ചോദ്യമൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ അവന്‍ മൗനം പാലിച്ചു. പിന്നീടൊന്നും ചോദിക്കുവാന്‍ പോയില്ല. ആദ്യമൊക്കെ ഗെയിറ്റിന് പുറത്തു ഭര്‍ത്താവിന്റെ വരവും കാത്തു നിന്നിരുന്ന ഭാര്യ പിന്നെപ്പിന്നെ വീട്ടിന്റെ പിന്നാമ്പുറത്തെത്തി. അതു കഴിഞ്ഞു അവള്‍ അടുക്കളയില്‍ സഹായിക്കുവാന്‍ തുടങ്ങി. രത്നാകരന്റെ ഭാര്യ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു. പണിയെടുക്കുന്നതിനിടയിലും സംസാരിക്കും. ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ചാണ് അവള്‍ ഏറെയും പറഞ്ഞിരുന്നത്.
കുടിച്ചു വന്നാല് ഓര് ഒരു മ്റ്കമാണ്. എന്നെയും മോനെയും അടിച്ചാലെ ഓറ്ക്ക് ഒറക്കം കിട്ടൂ. അടികൊള്ളാത്ത ഒരു സ്ഥലോം എന്റെ മേത്തില്ല. മറ്റൊരു ഗതീല്ലെങ്കില് ഞാനും മോനും എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവും. അല്ലെങ്കില് ഓരെ കൊന്നിട്ട് ഞാനും മോനും തീവണ്ടിക്ക് ചാടിച്ചാവും.
അവളുടെ സംസാരം കേട്ടതോടെ എന്റെ ഭാര്യക്ക് രത്നാകരന്റെ ഭാര്യയോടുള്ള അനുകമ്പ കൂടിവന്നു. ഇതിനെക്കുറിച്ചു രത്നാകരനോട് സംസാരിക്കണമെന്ന് ഭാര്യ എന്നോടാവശ്യപ്പെട്ടു. മറ്റൊരാളുടെ കുടുംബകാര്യത്തില്‍ ഇടപെടുന്നതിനോട് എനിക്ക് തെല്ല് വിമുഖതയുണ്ടായിരുന്നു. എന്നാലും എന്റെ സംസാരം കൊണ്ട് രത്നാകരന്റെ ഭാര്യക്ക് കുറച്ചാശ്വാസം കിട്ടട്ടെ എന്ന് കരുതി ഞാന്‍ സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.
വിറകുപുരയുടെ മേല്‍ക്കൂര കെട്ടിമേഞ്ഞു പോകുന്ന ദിവസം വൈകുന്നേരം, കൂലി കൊടുക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു:
രത്നാകരാ, ഞാനെന്താണീ കേക്കുന്നത്. സ്വന്തം ഭാര്യയെ അടിക്കുന്നത് അത്ര മിടുക്കാണോ. അത് പാപല്ലെ. സഹികെട്ട് ഓളെന്തെങ്കിലും കടുംകൈ ചെയ്താല്‍ നിനക്കത് പൊറുക്കാന്‍ പറ്റ്വോ…?
ഒരു മറുപടിയും പറയാതെ രത്നാകരന്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു. എന്നാല്‍ അയാളുടെ മുഖത്ത് ചെറിയൊരു കുറ്റബോധം തെളിഞ്ഞു കിടപ്പുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഞാന്‍ സംസാരിക്കുന്നതൊക്കെ എന്റെ ഭാര്യയും കേട്ടുനില്‍ക്കുകയായിരുന്നു. രത്നാകരന് മാനസാന്തരമുണ്ടായതായി അവളും കരുതി. അവന്‍ പോയപ്പോള്‍ അവള്‍ പറഞ്ഞു:
ചിലപ്പോള്‍ ഓനിനി ഭാര്യയെ തല്ലില്ല.
ആ വിശ്വാസം തെറ്റി. രണ്ടാമത്തെ ദിവസം കേട്ടത് രത്നാകരന്റെ ഭാര്യയെയും, മകനെയും കാണാനില്ലെന്നതാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കുവാന്‍ കഴിയാതെ പുലര്‍ച്ചയിലെപ്പോഴോ അവള്‍ വീടുവിട്ടിറങ്ങിപ്പോയി. അവള്‍ വല്ല കടുംകൈ ചെയ്തേക്കുമോ എന്ന് ഞാന്‍ ഭയന്നു. അപ്പോള്‍ ഭാര്യ സമാശ്വസിപ്പിച്ചു.
ഓനെ കൊന്നിട്ട് ഓര് ചാവുന്നല്ലേ ഓള് പറഞ്ഞത്. ഓനെ കൊല്ലാതെ പോയതുകൊണ്ട് ഓള് കടുംകൈ ചെയ്യൂല്ലാന്ന് തോന്നുന്നു.
അവളുടെ ഊഹം ശരിയായിരുന്നു. രത്നാകരനോട് പിണങ്ങി അവന്റെ ഭാര്യ വീട്ടില്‍ പോയിരിക്കുകയാണ്. കൊറച്ചു കഴിഞ്ഞാല്‍ ഓര് നന്നാകും; മടങ്ങി വരികയും ചെയ്യും. എന്റെ ഭാര്യ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ നിഗമനം ശരിയായില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രത്നാകരന്, കോടതിയില്‍ നിന്നും വക്കീല്‍ നോട്ടീസാണ് ലഭിച്ചത്. ഭാര്യക്കും, മകനും ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട്. ഇതറിഞ്ഞപ്പോള്‍ ഞാന്‍ രത്നാകരനോട് ചോദിച്ചു:
അവരെ കൂട്ടിക്കൊണ്ടുവരാന്‍ പറ്റില്ലെ രത്നാകരാ.
അവനപ്പോഴും ചിരിക്കുക മാത്രം. അവനെ ഒന്നുകൂടി മയപ്പെടുത്താന്‍ ഞാന്‍ പറഞ്ഞു:
വയസ്സുകാലത്ത് നിനക്കാരുണ്ടാവും.
അപ്പോഴും അവന്‍ ചിരിച്ചു.
അവര്‍ക്ക് ചെലവിന് കൊടുത്തില്ലെങ്കില് നീ ജയിലില്‍ പോകേണ്ടിവരും.
അതിന് മാത്രം അവന്‍ മറുപടി പറഞ്ഞു:
ഞാന്‍ പോകും.
വാക്കുകളില്‍ മദ്യത്തിന്റെ മണം പുരണ്ടിരുന്നു.
അവന്റെ തീരുമാനം പോലെത്തന്നെയാണ് പിന്നീട് സംഭവിച്ചത്. ചെലവിന് കൊടുക്കുവാന്‍ കോടതി വിധിച്ചിട്ടും, അതിന് തയ്യാറാകാത്ത രത്നാകരനെ കോടതി രണ്ടു മാസത്തെ വെറുംതടവിന് ശിക്ഷിച്ചു.
ഇതിനിടയില്‍ രത്നാകരനെ ഞാന്‍ മറക്കുകയായിരുന്നു. ചിലപ്പോള്‍ അവനെക്കൊണ്ട് ചെയ്യിക്കേണ്ട പണി വീട്ടില്‍ ഇല്ലാത്തതുകൊണ്ടാകാം ഓര്‍മിക്കാതെ പോയത്. മാവിന്റെ കൊമ്പ് അപകടകരമായ വിധത്തില്‍ വീടിന്റെ മേല്‍ക്കൂരയെ ഞെരുക്കുന്നതു കൊണ്ടാകാം ഇപ്പോള്‍ രത്നാകരനെ ഓര്‍മിക്കാന്‍ ഇടയായത്. അതു വെട്ടിമാറ്റാന്‍ രത്നാകരന് പകരം ആരെയാണ് വിളിക്കുക? അങ്ങനെയൊരാളെ അവിടെയെങ്ങും കണ്ടെത്താന്‍ എനിക്കു കഴിയുമായിരുന്നില്ല. രാത്രി മുഴുവന്‍ മാവിന്റെ കൊമ്പിനെക്കുറിച്ചാണ് ഞാനോര്‍ത്തത്. നേരം പുലര്‍ന്നു കഴിഞ്ഞാല്‍ നിരത്തിലേക്കിറങ്ങും, എന്നിട്ടന്വേഷിക്കാന്‍ തുടങ്ങണം. ഇത്തരം ചിന്തകള്‍ രാത്രിയിലുടനീളം മനസ്സിനെ അലട്ടുകയായിരുന്നു.
കാലത്ത് പത്രത്തിലെ പലതരം വാര്‍ത്തകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കെ ഗെയിറ്റില്‍ ആരോ തട്ടുന്നതുപോലെ തോന്നി. അപ്പുറത്ത് ചില അനക്കങ്ങള്‍ കേട്ടു. ഞാന്‍ വിളിച്ചു പറഞ്ഞു.
പോന്നോളൂ.
എന്നിട്ടും അവര്‍ ഗെയിറ്റ് തുറന്നു അകത്തേക്ക് വന്നില്ല. തെല്ല് ഈര്‍ഷ്യയോടെ ഗെയിറ്റിന്നടുത്തേക്ക് ചെന്നപ്പോള്‍ കണ്ടു, രത്നാകരന്‍ ഗെയിറ്റിന്മേല്‍ കയ്യമര്‍ത്തി നില്‍ക്കുന്നു. അവന്‍ ആകെ മാറിയിരിക്കുന്നു. അവന് ചുറ്റും മദ്യത്തിന്റെ മണമുണ്ടായിരുന്നില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, അവന് തൊട്ടു പിറകില്‍, തണലിലായി അവന്റെ ഭാര്യയും മക്കളും. അവര്‍ ചിരിക്കുകയാണ്.
ഞാന്‍ ഗെയിറ്റ് മലര്‍ക്കെ തുറന്നു.

യു.കെ. കുമാരന്‍

You must be logged in to post a comment Login