‘ജീവിതം ഒരു മന്ദസ്മിതം പോല്‍’

‘ജീവിതം ഒരു മന്ദസ്മിതം പോല്‍’

ശൈഖുനാ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രമുഖര്‍ വിലയിരുത്തുന്നു.
'Rain Room' installation

അഡ്വ: പൂക്കുഞ്ഞ്
എ.പി. ഉസ്താദിനെ എന്നും ആദരവോടുകൂടി മാത്രം നോക്കിക്കാണുന്ന വ്യക്തിയാണ് ഞാന്‍. 1972ല്‍ കോഴിക്കോട് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതലേ ഉസ്താദുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന് പരമമായ പ്രാധാന്യം നല്‍കി രാജ്യത്തിന്റെ എ്യെവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന നേതാവാണ് കാന്തപുരം ഉസ്താദ്. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ശോഭിച്ച് കാണുന്നത്. മതരംഗത്തും ഭൗതിക രംഗത്തും ഉന്നതമായ ജ്ഞാനം നേടാനുള്ള അവസരമുണ്ട് എന്നതാണ് മര്‍ക്കസ് സ്ഥാപനങ്ങളുടെ വിജയ കാരണം.
എന്നും നല്ല വ്യക്തിബന്ധമായിരുന്നു എ.പി. ഉസ്താദുമായി എനിക്ക്. തൊണ്ണൂറുകളില്‍ മറ്റു ചിലരുടെ കുതന്ത്രം കാരണം ഉസ്താദ് സഊദി ജയിലിടക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി സഊദി ഗവണ്‍മെന്‍റിന് കത്തെഴുതിയ കേരളത്തിലെ ഏക മുസ്ലിം സംഘടനാ പ്രതിനിധിയാണ് ഞാന്‍. പല വേദികളിലും ഉസ്താദ് ഇക്കാര്യം അനുസ്മരിക്കാറുമുണ്ട്. ഞാന്‍ സെക്രട്ടറിയായ കേരള മഹല്ല് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉസ്താദില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മതരംഗത്ത് ഉജ്ജ്വലമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാകാം, ശത്രുക്കള്‍ എപ്പോഴും ഉസ്താദിനെ ആരോപണങ്ങള്‍കൊണ്ട് അവമതിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ സുന്നത്ത് ജമാഅത്തിനെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതാണ് ഇക്കാണുന്ന വലിയ വിജയങ്ങളുടെ നിദാനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ!
*****
അഡ്വ: ശ്രീധരന്‍ പിള്ള
പല അര്‍ത്ഥത്തിലും അനന്യമായ സവിശേഷതകള്‍ ഉള്ള വ്യക്തിയാണ് കാന്തപുരം. ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ഏറ്റവും ധിഷണാ ശാലിയായ മുസ്ലിം പണ്ഡിതന്‍ എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളത്.
രണ്ട് ദശാബ്ദം മുമ്പാണ് കാന്തപുരവുമായി ഞാന്‍ പരിചയപ്പെടുന്നത്; മാങ്കാവിലെ ഒരു വിവാഹ വീട്ടില്‍ വെച്ച്. അന്ന് മുതല്‍ നന്മ നിറഞ്ഞ ബന്ധമാണ് അദ്ദേഹവുമായുള്ളത്. 1998ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മുസ്ലിംകള്‍ക്ക് എങ്ങനെയെല്ലാം ഗുണകരമായി ആ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് ചിന്തിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം നേതാവായിരുന്നു കാന്തപുരം. സര്‍ഗാത്മകമായ പുരോഗതിക്ക് വേണ്ടിയായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ‘ആത്മീയതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസം’ എന്നതാണ് കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന വൈജ്ഞാനിക സന്ദേശം. ആത്മീയത ഭാരതത്തിന്റെ പാരമ്പര്യമാണ്. അതുള്‍ക്കൊള്ളുമ്പോഴേ വിദ്യാഭ്യാസത്തിന് സമഗ്രമായ അര്‍ത്ഥം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അത് കൃത്യമായി കാന്തപുരം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് മുസ്ലിം യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്ന അപകടകരമായ അവസ്ഥയുണ്ടായിരുന്നു. അന്ന് അതിനെതിരെ പ്രതികരിക്കാനും ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാനും കാന്തപുരത്തിനായിട്ടുണ്ട്. മനുഷ്യനിലെ നിസ്വാര്‍ത്ഥ വിചാരങ്ങള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ കേരള യാത്രകള്‍. കേരളത്തിലെ മതസൗഹാര്‍ദം ശക്തിപ്പെടുത്താനും ആ യാത്രകള്‍ സഹായകമായിട്ടുണ്ട്.
*****
കെ.ടി. ജലീല്‍
വിദ്യാഭ്യാസ രംഗത്താണ് കാന്തപുരത്തിന്റെ ധിഷണാ വൈമുഖം ഏറ്റവുമധികം പ്രകടമാകുന്നത്. കാന്തപുരത്തിന്റെ ഉദയം വരെ രണ്ട് സമാന്തര പാതകളിലൂടെയായിരുന്നു കേരള മുസ്ലിംകളുടെ വിദ്യാഭ്യാസം ചലിക്കപ്പെട്ടിരുന്നത്. എന്നാല്‍ സമുന്വിത വിദ്യാഭ്യാസം എന്ന സംരംഭം കാന്തപുരം ജനകീയമാക്കി. ആധുനിക കാലത്ത് മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാവണമിത്.
നാട്ടിലെ സമ്പന്നരും പ്രമാണിമാരും മതരംഗത്ത് ആലിമുകളെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു കാലമുണ്ടായിരുന്നു പണ്ട്. പലപ്പോഴും ഇവരുടെ കരുണാകടാക്ഷങ്ങള്‍ക്കുവേണ്ടി പഞ്ചപുച്ഛമടക്കി പ്രവര്‍ത്തിക്കേണ്ട ദുരവസ്ഥയുമുണ്ടായിരുന്നു പണ്ഡിതന്മാര്‍ക്ക്. ആ ഒരവസ്ഥയില്‍ നിന്ന് പണ്ഡിതരെ മുക്തരാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് കാന്തപുരം ഉസ്താദാണ്. ഉലമാഉമറാ ബന്ധം അടിമ ഉടമ ബന്ധമല്ലെന്ന് പ്രയോഗതലത്തില്‍ കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. ഇന്ന് മതപണ്ഡിതന്മാര്‍ സമൂഹത്തിന്റെ ആദരവും ബഹുമാനവും സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ക്കതീതമായി അനുഭവിക്കുന്നുണ്ടെങ്കില്‍, കാന്തപുരം നടത്തിയ ജാഗ്രതയുള്ള ഇടപെടലുകളാണതിന് കാരണം.
അദ്ദേഹത്തിന്റെ സംഘടിതമായ മതപ്രവര്‍ത്തനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും മതതീവ്രവാദ പ്രസ്ഥാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കാരണമായി. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എങ്ങനെയെല്ലാം ദേശീയോദ്ഗ്രഥന പ്രധാനമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാകും എന്ന് എ.പി. ഉസ്താദ് തെളിയിച്ചു.
അനന്യസാധാരണമായ നേതൃപാടവമാണ് ഉസ്താദിനുള്ളത്. അദ്ദേഹത്തിന് ശത്രുക്കളുണ്ടെങ്കില്‍ അവര്‍ പോലും സമ്മതിക്കുമിത്.
*****
പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍. ജന. സെക്രട്ടറി)
വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മുന്നേറ്റം നടത്താന്‍ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. കേവലമായ അറിവ് മാത്രമല്ല, ജ്ഞാനത്തിന്റെ അകക്കാമ്പ് കൃത്യമായി തിരിച്ചറിഞ്ഞ സ്വത്വ ഗുണമുള്ള വിദ്യാര്‍ത്ഥികളാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പുറത്ത് വരുന്നത്. പൂനൂരിലെ മര്‍ക്കസ് ഗാര്‍ഡന്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പോലും അവിടെയുള്ള കുട്ടികള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിരിക്കുന്നു. അറിവിന്റെ സമഗ്രവും സമൂലവുമായ ഇസ്ലാമൈസേഷന്‍ (islamisation) ആണ് സുന്നി സ്ഥാപനങ്ങളിലൂടെ കാന്തപുരം സൃഷ്ടിക്കുന്നത്.
കേരളത്തിലെ പൊതുസമൂഹത്തില്‍ കാന്തപുരം വലിയൊരു ഇടമുണ്ടാക്കിയിട്ടുണ്ട്. അപാരമായ സംഘടനാ വൈഭവത്തിലൂടെയും നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയും സുന്നീ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. കേവലം ഒരാള്‍ക്കൂട്ടം എന്നതിനപ്പുറം കേഡര്‍ സ്വഭാവമുള്ള സമൂഹം എന്ന നിലയിലേക്ക് സുന്നികള്‍ വളര്‍ന്നത് കാന്തപുരത്തിന്റെ നേതൃവൈഭവം മൂലമാണ്. ഇതിന്റെ ഗുണം സുന്നി സംഘടനകളില്‍, പ്രസിദ്ധീകരണങ്ങളില്‍ഒക്കെ കാണാന്‍ കഴിയുന്നു. അപകര്‍ഷതയില്‍ തളക്കപ്പെട്ട ഒരു പഴയ കാലഘട്ടത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി ധൈഷണികമായ അവധാനതയുള്ള സമൂഹമായി സുന്നികള്‍ വികസിക്കാന്‍ മുഖ്യ കാരണം കാന്തപുരമാണ്.
സംഘടനാ തലത്തില്‍ സുന്നികള്‍ക്ക് ഐഡന്‍റിറ്റി ഉണ്ടാക്കിയത് കാന്തപുരമാണ്. പൗരാണിക മൂല്യങ്ങളെയും ആധുനിക ജനാധിപത്യമതേതര കാഴ്ചപ്പാടുകളെയും കൃത്യമായി റീഡിഫൈ ചെയ്യാന്‍ സുന്നി വിദ്യാര്‍ത്ഥികള്‍ക്കിന്ന് സാധിക്കുന്നു. മറ്റു സംഘടനകളുമായുള്ള ബന്ധത്തില്‍ തന്ത്രപ്രധാനമായ ഡിപ്ലോമസിയാണ് കാന്തപുരം സൂക്ഷിക്കുന്നത്.
അനിതര സാധാരണമായ വ്യക്തിത്വവും നേതൃ പാടവവും കാന്തപുരത്തില്‍ കാണാം. സ്വന്തം അണികള്‍ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു. ഈ രൂപത്തില്‍ അനുയായികളാല്‍ ആദരിക്കപ്പെടുന്ന മറ്റൊരു നേതൃത്വത്തെ എനിക്ക് കാണാനായിട്ടില്ല.
*****
കെ.ഇ.എന്‍
കേരളത്തിലെ മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ അനേകം സവിശേഷതകളുള്ള വ്യക്തിയാണ് കാന്തപുരം. എന്റെയൊക്കെ കുട്ടിക്കാലത്ത് മതപണ്ഡിതന്മാര്‍ പൊതുവെ നിസ്സഹായരായിരുന്നു. പ്രമാണിമാര്‍ക്ക് മുമ്പില്‍ അസ്തിത്വം പണയപ്പെടുത്തേണ്ട ഒരു അവസ്ഥ അവര്‍ അഭിമുഖീകരിച്ചിരുന്നു. മതപണ്ഡിതരുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതിലും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിലും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
മറ്റൊന്ന് മുസ്ലിം സമുദായത്തിന് പഴയകാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിലൊന്നും സജീവ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ സുന്നീ സമൂഹത്തിന് സാംസ്കാരികവും ധൈഷണികവുമായ താല്‍പര്യം സൃഷ്ടിക്കാന്‍ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘടനക്ക് കീഴില്‍ പുറത്തിറങ്ങുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഉള്ളടക്കത്തിലെ നിലവാരത്തിലും ഭാഷാ മികവിലും ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മാത്രമല്ല, കഥയും കവിതയുമൊക്കെ തെറ്റാണ് എന്നൊരു വിചാരം മുമ്പുണ്ടായിരുന്നു. എന്നാല്‍ രിസാല, പൂങ്കാവനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിലവാരമുള്ള സര്‍ഗ രചനകള്‍ നിരന്തരം ഉണ്ടാവാറുണ്ട്. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനും കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്.
എല്ലാ സാമൂഹിക വിഭാഗങ്ങളില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്നൊരു പ്രവണത സുന്നികള്‍ക്കിടയില്‍ പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാന്തപുരം നേതൃത്വം നല്‍കിയ അനേകം സമ്മേളനങ്ങള്‍ വിവിധ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരുടെ ഒത്തുചേരലുകള്‍ വേദിയായിട്ടുണ്ട് എന്നത് സര്‍ഗാത്മകമായ സംവാദങ്ങള്‍ വികസിക്കാന്‍ കാരണമായിട്ടുണ്ട്.
കാന്തപുരം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ സാമൂഹിക വിഭാഗങ്ങളിലേക്കും വികസിപ്പിക്കണം എന്നെനിക്കഭിപ്രായമുണ്ട്. അതിലൂടെ സമൂദായങ്ങള്‍ക്കിടയിലുള്ള വിടവ് ലഘൂകരിക്കാന്‍ സാധിക്കും. മറ്റൊന്ന്, ആചാരപരതക്ക് പ്രാമുഖ്യം നല്‍കുംപോലെതന്നെ മതത്തിന്റെ അന്തസത്തക്കും പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. ഈ തലത്തില്‍കൂടി കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.
*****
കെ.സി. വര്‍ഗീസ്
ഒരു സമുദായ അധ്യക്ഷന്‍ എന്നതിലുപരി മുഴുവന്‍ ജനങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍ എന്ന നിലയിലാണ് ഞാന്‍ കാന്തപുരത്തെ കാണുന്നത്. ഇസ്ലാമിനെ കേവലമൊരു മതം എന്നതിലുപരി, സംസ്കാരമെന്ന നിലയിലേക്ക് കേരളീയ പൊതുസമൂഹത്തില്‍ പരിചയപ്പെടുത്തുന്നതില്‍ കാന്തപുരത്തിന്റെ പങ്ക് നിസ്തുലമാണ്.
ഇന്ത്യയിലെ മുസ്ലിംകള്‍ സാമൂഹികമായി പിന്നാക്കമാകാന്‍ കാരണം എന്ത് എന്നതിന് പല ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും, പ്രധാന ഉത്തരം ആധുനിക വിദ്യാഭ്യാസത്തോട് ഇസ്ലാം പ്രകടിപ്പിച്ച വിമുഖത തന്നെ ആയിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും അവസ്ഥ ഏറെക്കുറെ സമാനമായിരുന്നു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെപ്പോലുള്ള ചില നസ്രാണികള്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ സല്‍ഫലങ്ങളിലേക്ക് സമുദായത്തെ ഒന്നടങ്കം ആനയിച്ചതോടെ ക്രിസ്ത്യാനികള്‍ വന്‍തോതില്‍ പുഷ്ടിപ്പെട്ടു. വിദ്യാലയങ്ങളും മതകേന്ദ്രങ്ങളും സ്ഥാപിക്കല്‍, പത്രമാസികകളുടെ പ്രസിദ്ധീകരണം, സാംസ്കാരിക രംഗത്തെ മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും കേരള ക്രിസ്ത്യാനികള്‍ ശ്രദ്ധയൂന്നിയതോടെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവര്‍ ഉയര്‍ത്തപ്പെട്ടു. ഏതാണ്ടിതേ മാതൃകയിലുള്ള നവോത്ഥാന പരിവര്‍ത്തനത്തിനാണ് മുസ്ലിം സമുദായത്തില്‍ കാന്തപുരം നേതൃത്വം നല്‍കുന്നത്.
ആധുനിക വിദ്യാഭ്യാസ വിപ്ലവത്തിന്റെയും ഭൗതികമായ സംസ്കാരത്തിന്റെയും തിര തള്ളലില്‍ ആത്മീയ മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെയും പാരമ്പര്യത്തിന്റെ വിശിഷ്ട മാതൃകകള്‍ നഷ്ടപ്പെടാതെയും പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തിലാണ് ഉസ്താദ് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നത്. മതപരമായ അച്ചടക്കത്തിന്റെയും ആത്മീയസാമൂഹിക വികാസത്തിന്റെയും മികച്ച മാതൃകകളാണ് ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍.
*****
എന്‍.കെ. പ്രേമചന്ദ്രന്‍
കേരളത്തിലെ മുസ്ലിം നേതാക്കളില്‍ തികച്ചും മാതൃകാപരവും വ്യതിരിക്തവുമായ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന അനന്യമായ പണ്ഡിതനാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ വിശ്വാസധാരക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇതര സമുദായങ്ങളുമായി ഹൃദ്യമായ ബന്ധം സൂക്ഷിക്കാനും പാരസ്പര്യത്തില്‍ വര്‍ത്തിക്കാനും കാന്തപുരം ശ്രമിക്കുന്നു. സുദീര്‍ഘമായ ഈ ജീവിത കാലത്തിനിടയില്‍ അന്യസമുദായങ്ങളെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് സവിശേഷമായ സംഗതിയാണ്. ഇത് കേരളത്തിലെ ഇതര മതനേതാക്കള്‍ക്ക് മാതൃകയാകാന്‍ പറ്റുന്ന ഒന്നാണ്.
അനേകം വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇസ്ലാമിനെ തികച്ചും ആധികാരികവും സര്‍ഗാത്മകവുമായി നിര്‍വചിക്കാന്‍ കഴിയുന്ന പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനാണ് കാന്തപുരം. അദ്ദേഹത്തിനൊപ്പം നിരവധി വേദികളില്‍ പങ്കെടുക്കാനും ആകര്‍ഷകമായ ആ വാഗ്ധോരണി ശ്രവിക്കാനും എനിക്കവസരമുണ്ടായിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളിലും കാന്തപുരം ഊന്നിപ്പറഞ്ഞത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. കേവലമായ ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ധാര്‍മികാടിത്തറയുള്ള വിദ്യാഭ്യാസം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നതമായ ധിഷണയും ധാര്‍മിക മൂല്യങ്ങളും കൈമുതലാക്കിയവരാണ്.
ആയിരക്കണക്കിന് അനാഥ മക്കളെ ഏറ്റെടുത്ത് പാര്‍പ്പിടവും, വസ്ത്രം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സൗകര്യങ്ങളും ചെയ്യുന്ന ഉസ്താദിനെ എന്നും ആദരവോടെയാണ് ഞാന്‍ വീക്ഷിച്ചിട്ടുള്ളത്.
ആധുനിക കാലഘട്ടത്തില്‍ അനിവാര്യമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോലുള്ള ഭൗതിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കാതെ, അവ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ട് പോകാന്‍ കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
ജീവകാരുണ്യ മേഖലയില്‍ മത ജാതി ഭേദമന്യേ എല്ലാവര്‍ക്കും തണലാകാറുണ്ട് കാന്തപുരം ഉസ്താദ് പലപ്പോഴും. ആരോഗ്യ പരിപാലനത്തിനും വിവാഹ പ്രായമെത്തിയ കുട്ടികളെ സഹായിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ കാന്തപുരം ഉസ്താദ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും സമുദായത്തിന്റെ പേരില്‍ പ്രത്യക്ഷമായ രാഷ്ട്രീയ സമീപനത്തിലൂടെ മറ്റുള്ളവരെ പ്രകോപിക്കുന്ന ഒരിടപെടലും കാന്തപുരം നടത്തിയിട്ടില്ല.
ധിഷണയിലും നയതന്ത്രജ്ഞതയിലും സമാനതയില്ലാത്ത നേതാവാണ് കാന്തപുരം.
തയ്യാ: ലുഖ്മാന്‍ കരുവാരകുണ്ട്

You must be logged in to post a comment Login