ഡാ. അബ്ദുല്ല മണിമ
നാമിന്ന് പണിതുയര്‍ത്തുന്ന മണിമാളികകളുടെ ചാവിടിക്ക് പകരം നില്‍ക്കുമോ ഫറോവയുടെയും ആദ് സമൂഹത്തിന്റെയും കൊട്ടാരങ്ങള്‍.
‘ഒരു വീട്, ഒരു വാഹനം, ഒരിണ’ – പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ഇത്രയും കേള്‍ക്കാനുള്ള ക്ഷമയേ നമുക്കുണ്ടായിരുന്നുള്ളൂ. അല്ലാഹു തന്ന അനുഗ്രഹങ്ങളില്‍ ‘ചമയുക’ എന്നും, ‘അവന് സുന്ദരനാണ്, സൌന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ്’ എന്നുമുള്ള ഹദീസുകൂടി കേട്ടുകഴിഞ്ഞാല്‍ നമ്മുടെ പകിട്ടാര്‍ന്ന ജീവിതത്തിനാവശ്യമായ തെളിവുകളെല്ലാം പ്രവാചക മുഖത്തു നിന്നുതന്നെ കിട്ടിക്കഴിഞ്ഞു. അതില്പിന്നെ ഉള്ളവന്റെ ആര്‍ഭാടം നിറഞ്ഞ ‘ഇസ്ലാമി’നു വേണ്ടി മിമ്പറുകളിലും പ്രസംഗപീഠങ്ങളിലും ആവേശത്തോടെ നാം വാദിക്കും. ഉസ്മാനുബ്നു അഫ്ഫാനെയും അബ്ദുറഹ്മാനുബ്നു ഔഫി(റ)നെയും സാക്ഷി വിളിക്കുക കൂടി ചെയ്താല്‍ പിന്നെ ചോദ്യങ്ങള്‍ക്കും വാദങ്ങള്‍ക്കുമുള്ള അവസാനത്തെ പഴുതും അടയ്ക്കപ്പെടും. അങ്ങനെ ഒറ്റത്തേക്കില്‍ തീര്‍ത്ത നമ്മുടെ പടുകൂറ്റന്‍ മാളികവാതിലുകളെ, ഒട്ടകക്കൂട്ടങ്ങള്‍ക്ക് മേയാന്‍ കഴിയുംവിധം വിശാലമായ മട്ടുപ്പാവുകളെ, കൊട്ടാരങ്ങള്‍ പോലെ ഒഴുകി നടക്കുന്ന സഞ്ചാരവാഹനങ്ങളെ, പതിനായിരങ്ങളും ലക്ഷങ്ങളും വിലകൊടുത്ത നമ്മുടെ ഉടയാടകളെയും ചമയങ്ങളെയും നമുക്ക് ന്യായീകരിക്കാം.
ഒരു ജനതയെ നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവരില്‍ സുഖലോലുപന്മാരെ കയറൂരി വിടുകയെന്നത് അല്ലാഹുവിന്റെ സുന്നത്താണെന്ന് വിശുദ്ധഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഫറോവയുടെയും ആദ് ജനതയുടെയും കൊട്ടാരങ്ങളെയാണ് ഖുര്‍ആന്‍ വിമര്‍ശിച്ചത് നാം കണ്ടത്. ചുറ്റുമൊന്ന് കണ്പാര്ത്തു നോക്കൂ, നാമിന്ന് എടുക്കുന്ന കൊട്ടാരങ്ങളുടെ ഒരു ചാവടിക്ക് തികയുമോ അവരുയര്‍ത്തിയ മുഴുവന്‍ മണിമന്ദിരങ്ങളും?
മച്ച്മുട്ടുന്ന ഒറ്റമുറി വീട്ടില്‍ ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകതിരുമേനി, മണല്‍വിരിച്ച് തറയ്ക്കു മീതെ ഈന്തപ്പനയോല കൊണ്ട് മേഞ്ഞ പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ പലപ്പോഴും ഇളകിയാടുന്ന ഒരു പനമ്പാത്തി മിമ്പറാക്കി ജനങ്ങളോട് സംസാരിച്ച പ്രവാചകന്, ‘നിങ്ങള്‍ക്കെന്തുപറ്റി, രാത്രിയിലുടുക്കാനൊന്നും പകലുടുക്കാന് വേറൊന്നും എന്ന നിലയില്‍ നിങ്ങളിത്ര ആഢംബരദാഹികളായോ’ എന്ന് പേര്‍ഷ്യയിലെയും ഇറാഖിലെയും നവവിശ്വാസികളെ നോക്കി അമ്പരന്ന അനുയായികളെ നയിച്ച പ്രവാചകന്, പ്രിയപ്പെട്ട മകള്‍ ഫാത്വിമയുടെ കഴുത്തില്‍ കിടക്കുന്ന ചെറിയൊരു സ്വര്‍ണ്ണമാല നോക്കി ‘മോളേ, നീ ഉപ്പയെ പറയിപ്പിക്കാനാണോ’ എന്ന് നൊമ്പരപ്പെട്ട, പ്രിയ പത്നി ആഇശയുടെ കൈയിലെ സ്വര്‍ണവള ഊരിയെടുത്ത് ‘നിനക്കിത് പോരേ’യെന്നു പറഞ്ഞ് ഒരു മഞ്ഞ മരവളയണിയിച്ചുകൊടുത്ത, ചിത്രത്തുണികളുള്ള ഒരുവിരിനോക്കി ‘കല്ലിനെയും മരത്തെയും ചമയിക്കാനല്ല അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തതെ’ന്ന് പത്നിമാരെ ശാസിച്ച, കമാനങ്ങളും പടിപ്പുരകളും വച്ചലങ്കരിച്ച വീടുകളുടെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങിപ്പോന്ന പ്രവാചകന്… നമുക്കവിടുന്ന് അന്യനാണ്, അപരിചിതനാണ്; അനേകം കാതങ്ങള്‍ അകലെ കിടക്കുന്ന അപരനാണ്.
ഈയടുത്ത കാലത്ത് ഒരു സുഹൃത്ത് പറഞ്ഞ കഥയോര്‍ക്കുന്നു: കടലോര മേഖലയില്‍ ഒരു പള്ളിനിര്‍മാണത്തിന് സഹായം ചോദിച്ചുവന്നു ഒരുകൂട്ടര്‍. പതിവിന്‍പടി ചോദ്യങ്ങളില്ലാതെ ദാനം കൊടുത്ത് തടിയൊഴിയുന്ന ആളല്ലാത്തതു കൊണ്ട്, ‘എന്തു വേണമെന്ന് വന്നു നോക്കാമെന്ന്’ പറഞ്ഞ് സുഹൃത്ത് അവരുടെ കൂടെപ്പോയി. പള്ളിപുതുക്കിപ്പണിയുകയാണ്; സാമാന്യം മോടിയില്‍. വാതിലുകള്‍ വെക്കാനുണ്ട്. നടന്നുനോക്കുമ്പോള്‍ ഒരു പഴയ മിമ്പര്‍ പൊളിച്ചുമാറ്റി മൂലക്കിട്ടിട്ടുണ്ട്; കാര്യമായ കേടുപാടുകളൊന്നുമില്ലാഞ്ഞിട്ടും. മിഹ്റാബില്‍ പുത്തനൊരു തേക്കുരുപ്പടി മിനുങ്ങുന്നു. നാലു ലക്ഷത്തിന് മീതെയാണത്രെ ചെലവ്. ഉമ്മയുടെ പേരില്‍ ഒരു നവമുതലാളി ഗള്‍ഫില്‍ നിന്ന് സ്പോണ്സര് ചെയ്തതാണ്. അതിന്ന് ഇടമൊരുക്കാന്‍ വേണ്ടിയാണ് പിടിയരി ഇരന്നും കയറുപിരിച്ചും പഴയകാരണവ•ാര്‍/ കാരണവത്തികള്‍ പണിത മിമ്പറുകള്‍ അവര്‍ വലിച്ചു പറിച്ചു കളഞ്ഞത്. എന്റെ സുഹൃത്ത് പറഞ്ഞത്രെ: ‘നില്ക്കട്ടെ, ആ മിമ്പറിന് വേണ്ടി നിങ്ങള്‍ അധ്വാനിച്ചിട്ടില്ല; പുതിയതിനു വേണ്ടിയും. ഏതെങ്കിലും സമയത്ത് പളുങ്കിലൊരു മിമ്പര്‍ ആരെങ്കിലും ഓഫര്‍ നല്കിയാല് ഈ നാലുലക്ഷത്തിന്റെ ഉരുപ്പടിയും നിങ്ങള്‍ വലിച്ചു പറിച്ചുകളയും. അത് തന്നെയാകും ഞാന്‍ തരുന്ന വാതിലിന്റെ ഗതിയും. (ചുറ്റിനും തലമുട്ടുന്ന ഇറയങ്ങളില്‍ കാല്‍സെന്റിലും അരസെന്റിലും ഒതുങ്ങുന്ന മുക്കുവക്കുടിലുകള്‍ അപ്പോള്‍ അദ്ദേഹത്തിന് കാണാമായിരുന്നു). അതുകൊണ്ട് നിങ്ങളുടെ അധ്വാനത്തിന്റെ പോരായ്മ നികത്താനല്ലാതെ നിങ്ങളാവശ്യപ്പെടുന്നത് നല്കി ഈ പള്ളി പൂര്‍ത്തിയാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.’ ഇറയങ്ങള്‍ ഉറക്കുത്തിയ, കട്ടകള്‍ ചിതലെടുത്ത, വാതിലുകള്‍ വിജാഗിരിനീങ്ങി തൂങ്ങിയാടുന്ന, ആണും പെണ്ണും വലുതും ചെറുതും പരസ്യങ്ങളും സ്വകാര്യതകളും തമ്മില്‍ വേര്‍തിരിവില്ലാതെ അട്ടിയിട്ട് കിടക്കുന്ന ഒട്ടനേകം വീടുകള്‍ ചുറ്റുമിരിക്കെയാണ് ചിലര്‍ തെല്ലഹങ്കാരത്തോടെ നല്ല പള്ളികള്‍പോലും പൊളിച്ചു പണിത് കാലത്തെ വെല്ലുവിളിക്കുന്നത്.
പണയങ്ങളിന്മേല് പടുത്തുയര്‍ത്തിയ ജീവിതമാണല്ലോ ഉത്തരാധുനികതയുടെ മഹത്തായ സംഭാവന. “ഇപ്പോള്‍ ആസ്വദിക്കൂ, പണത്തെക്കുറിച്ച് ചിന്തിക്കാതെ” – ഒടുവില്‍ ദുര ജീവിച്ചിരിക്കെതന്നെ തരകവാതിലുകള്ക്കു മുന്നില്‍ നമ്മെ കൊണ്ടുനിര്‍ത്തി. പ്രതാപികളായ സംരംഭകര്‍ പലരും ഒരു കുപ്പി വിഷത്തിലും ഒരു മുഴം കയറിലും ജീവിതമൊടുക്കി. ‘ലോണില്‍’ കിളിര്‍ത്ത ജീവിതങ്ങള്‍ പലതും കയറിലും പാളങ്ങളിലും അടങ്ങി. ഒടുവില്‍ മരുഭൂമിയില്‍ ആവിയായ വിയര്‍പ്പുപോലെ അലാവുദ്ദീന്റെ കിനാവുകളില്‍ പണിത മണിമേടകളും ആരാമങ്ങളും തേരുകളും ധൂപക്കുറ്റിയില്‍ പുകയും ഭസ്മവും മാത്രം ബാക്കിയാക്കി കൂടൊഴിഞ്ഞു. ഇണകള്‍ നിത്യ വൈധവ്യത്തിലേക്കും മക്കള്‍ കൊടിയ അനാഥത്വത്തിലേക്കും വിരുന്നുപോയി. തിരുമേനി (സ) ഒരിക്കലും വിരുന്നുപാര്‍ക്കാനെത്താത്ത നമ്മുടെ ഗൃഹാങ്കണങ്ങള്‍ ശൂന്യവും ദരിദ്രവുമായി.
“ദുര, കുഴിമാടങ്ങള്‍ എത്തുന്നത് വരെയും നിങ്ങളെ അന്ധരാക്കിക്കളഞ്ഞു. വേണ്ട, നിങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും, തീര്‍ച്ചയായും നിങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. സംശയിക്കാനില്ലാത്ത അറിവിലേക്ക് നിങ്ങളെത്തുമ്പോള്‍, അവിടെ നിങ്ങള്‍ നരകത്തീ കത്തിയാളുന്നത് കാണും. അന്ന് നിങ്ങള്‍ അശേഷം സംശയിക്കാനില്ലാത്ത ബോധ്യത്തിലേക്കുണരും. നിങ്ങള്‍ ഉ•ാദിച്ച നാളുകളെ സംബന്ധിച്ച് നിങ്ങളോട് കണിശമായി കണക്കു ചോദിക്കുകയും ചെയ്യും.” (വി.ഖു)
good one !നമ്മുടെ പല പണ്ഡിത ശിരോമാനികല്ക്കും ഇതൊരു മുന്നറിയിപ്പ് തന്നെ !