ഭാഷയില്‍ നിന്നുള്ള ഒളിച്ചോട്ടം; സംസ്കാരത്തില്‍ നിന്നും

ഭാഷയില്‍ നിന്നുള്ള ഒളിച്ചോട്ടം; സംസ്കാരത്തില്‍ നിന്നും

“ഒരു ഭാഷ മരിക്കുന്പോള്‍
മരിച്ചവര്‍ വീണ്ടും മരിക്കുന്നു.
പ്രസിദ്ധനായ ഒരു സ്വീഡിഷ് കവിയുടേതാണ് മേലുദ്ധരിച്ച വരികള്‍. പരിഭാഷ; സച്ചിദാനന്ദന്‍.
ഭാഷയുടെ മരണത്തെക്കുറിച്ചും, ഭാഷ ഒരു ജനതയുടെ ആത്മാവിന്‍റെ ഭാഗമാണെന്നതിനെക്കുറിച്ചും ഇത്രത്തോളം ശക്തമായി സൂചിപ്പിക്കുന്ന ഒരു കവിത എന്‍റെ ശ്രദ്ധയില്‍ വേറെ പെട്ടിട്ടില്ല.

ഒരു ജനതയുടെയും ഭാഷ കേവലം ശബ്ദങ്ങളുടെ സമാഹാരമല്ല; മറിച്ച് അതിന്‍റെ അളവറ്റ സാംസ്കാരികധ്വനികളുടെയും ചിഹ്നങ്ങളുടെയും കലവറയാണ്. മലയാള ഭാഷയെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പുതിയ കാലത്ത് ശക്തിപ്രാപിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ത്ഥ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാനുള്ള താല്പര്യം മലയാളി സമൂഹത്തിനുണ്ട്. അതേസമയം നമ്മുടെ സൈബര്‍ സ്പേസിലൂടെയും ബ്ലോഗ് ഇവായനയിലൂടെയും ഭാഷയ്ക്കു പുതിയ ശക്തി രൂപപ്പെടുന്നതായും നമുക്ക് കാണാം. ഇന്‍റര്‍നെറ്റിന്‍റെയും ടെലിവിഷന്‍റെയും വരവാണ് മലയാള ഭാഷയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയിരിക്കുന്നത് എന്നു പറയാതെ വയ്യ. നമ്മള്‍ മലയാളി ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വാക്ക് എന്താവും?

എനിക്ക് തോന്നിയിട്ടുള്ളത് ഒ.കെ എന്നാണ്. ഗള്‍ഫുകാരന്‍റെ ഒരു കാര്യവും വേണ്ടത്ര ഒ.കെ അല്ലാത്തതിനാല്‍ എല്ലാ കാര്യവും ഒ.കെ ആയിത്തീരാനുള്ള പ്രാര്‍ത്ഥന കലര്‍ന്ന അഭിവാഞ്ച കൊണ്ടാവുമോ ഇങ്ങനെ?
രണ്ടേരണ്ടക്ഷരം കൊണ്ട് പെട്ടെന്ന് രമ്യപ്പെടാന്‍ കഴിയുന്നതു കൊണ്ടാവുമോ?
ഒ കെ എന്ന വാക്കിനാല്‍ ഏതു രാജ്യക്കാരോടും പെട്ടെന്ന് വര്‍ത്തമാനം പറഞ്ഞു തീരാന്‍ കഴിയുന്നതു കൊണ്ടാവുമോ?
ഒ.കെ? ഈ ചോദ്യത്തിന് അതേ വാക്കുകൊണ്ടു (ഒ.കെ) മറുപടി പറഞ്ഞു തീരുന്പോഴേക്കും ഒട്ടേറെ ആശയങ്ങള്‍ രണ്ടക്ഷരങ്ങള്‍ കൊണ്ടു നിര്‍വ്വഹിക്കപ്പെടുന്നു. ഇതരഭാഷക്കാരനോടുള്ള ഒരു തര്‍ക്കം അവസാനിപ്പിക്കുന്നതും ഒ.കെയില്‍ത്തന്നെ.

സന്പൂര്‍ണ്ണ മലയാളം എന്ന് ആവശ്യപ്പെടുന്ന കേരളത്തിലെ സ്ഥിതിയും വളരെ വ്യത്യസ്തമല്ല. ഹലോ എന്ന വാക്കിന് എന്താവും കൃത്യമായ മലയാളം? അറബിയില്‍ നിന്ന് ആറായിരത്തിലേറെ പദങ്ങള്‍ മലയാളത്തിലേക്കു ലയിച്ചു ചേര്‍ന്നിരിക്കുന്നു എന്നാണു പണ്ഡിതമതം. പക്ഷേ, പലതും മലയാളമായിക്കഴിഞ്ഞു. വക്കീല്‍ മലയാളമല്ലാതെന്താണ്? ഇംഗ്ലീഷിന്‍റെ സ്ഥിതി ഇതിനെക്കാള്‍ എത്രയോ ഇരട്ടിയായി. നമ്മുടെ ഭാഷയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ബസ്സും സൈക്കിളും മലയാളമല്ലാതെന്താണ്? കോളജിനു നമ്മുടെ മലയാളമെന്ത്? തമിഴനും അറബിയും ഇക്കാര്യത്തില്‍ കാണിക്കുന്ന ആര്‍ജ്ജവം മലയാളിക്ക് അന്യം തന്നെ. റഫ്രിജറേറ്ററിന് സല്ലാജ എന്ന മനോഹരമായ ബദല്‍ ഭാഷയുണ്ടാക്കി അറബി. തമിഴനും ഇക്കാര്യത്തില്‍ അറബിയെ വെല്ലുന്ന മിടുക്കുണ്ട്. തുലൈപേച്ചിയെന്ന് ലാന്‍റ്ഫോണിനും അലൈപേശിയെന്നും കൈപേശിയെന്നും മൊബൈല്‍ ഫോണിന്നും തമിഴര്‍ ഉപയോഗിക്കുന്നു. ബസ്സിന് പേരുന്തെന്നും ബസ്റ്റാന്‍റിന് പേരുന്ത് നിലയമെന്നും അവര്‍ വിളിക്കുന്നു. കോളജിന് കല്ലൂരിയെന്നും ഉയര്‍പാഠശാലയെന്നും തമിഴര്‍ സ്ഥിരമായി പറയുന്നു. ഒരു സാങ്കേതിക ഉപകരണം വരേണ്ട താമസം തമിഴര്‍ അത് അവന്‍റെ ഭാഷയുടെ ഭാഗമാക്കും. കന്പ്യൂട്ടറിന് കണിനിയെന്നും റോബോട്ടിന് യന്തിരന്‍ എന്നും അവിടെ സാര്‍വ്വത്രികമായി ഉപയോഗിക്കുന്നു. യന്തിരന്‍ എന്ന പേരില്‍ രജനികാന്ത് അഭിനയിച്ച ഒരു സിനിമപോലും വന്നുകഴിഞ്ഞു.

പക്ഷേ, മലയാളി ഉള്ള പദത്തെപ്പോലും ഉപേക്ഷിച്ച് ഇംഗ്ലീഷിലേക്ക് പോകാന്‍ കുതിക്കുന്നു. ഇടക്ക് നടത്തിയ ചില മുന്നേറ്റങ്ങള്‍ പോലും എങ്ങുമെത്തിയില്ല. കന്പ്യൂട്ടറിലെ മെമ്മറിസ്റ്റിക്കിന് ഒന്നാംതരം മലയാളമുണ്ടായി : ഓര്‍മത്തണ്ട്. പക്ഷേ, മലയാളി അത് കണ്ടെന്ന ഭാവം പോലും നടിച്ചില്ല. അറബി റഫ്രിജറേറ്റിന് സല്ലാജ എന്ന് പേരിട്ടപോലെ തമിഴനും ചെയ്തിട്ടുണ്ട്കുളിര്‍സാധനപ്പെട്ടി. എയര്‍ കണ്ടീഷന്‍ ചെയ്തമുറിക്ക് കുളിര്‍ സാധന വസതി എന്ന് അനായാസം അവന്‍ പറയുന്നു. തമിഴന്‍റെ സിനിമാപേരുകളില്‍ ഇംഗ്ലീഷ് അപൂര്‍വ്വമായി മാത്രം വരുന്പോള്‍ മലയാളി സിനിമക്കാര്‍ക്കു മലയാളത്തില്‍ പേരിടാന്‍ കൊല്ലുന്ന മടിയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളം പടങ്ങളില്‍ എത്ര മലയാളം പേരുണ്ട് എന്ന് അന്വേഷിച്ചാല്‍ മതി.

തങ്ങളുടെ ഭാഷയുടെ പേരില്‍ തമിഴന്‍റെ അഭിമാന ബോധം മലയാളിക്കില്ല. മാത്രമല്ല, ആത്മപുച്ഛം അപാരവുമാണ്. തമിഴന്‍ എന്ന് ഒരു തമിഴ്സിനിമയുടെ പേര് വരുന്നത് അഭിമാനപൂര്‍വ്വമാണ്. മലയാളിമാമനുക്ക് വണക്കം എന്നാണ്് തന്‍റെ ഭാഷയെപ്പറ്റി പുച്ഛം കലര്‍ന്ന് മലയാളി സിനിമക്കാരനിടുന്ന പേര്. ഈ അടുത്ത കാലം വരെയും തമിഴ്നാട്ടില്‍ ഹിന്ദിഭാഷക്കു യാതൊരു പ്രവേശനവുമുണ്ടായിരുന്നില്ല. ഹിന്ദിഭാഷ അടിച്ചേല്‍പിക്കുന്നതിനെ ശക്തമായി പ്രതിരോധിച്ച ഒരേയൊരു ദ്രാവിഡ ഭാഷ തമിഴായിരുന്നു.

നമ്മുടെ ഭാഷയുടെ ആരോഗ്യത്തിനും ഉന്നമനത്തിനും ഒരു സര്‍ക്കാര്‍ സംവിധാനവുമിവിടെ ഉണ്ടായി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ് അതിന്‍റെ പേര് പോലും! ശുദ്ധമലയാളം കൊണ്ടുവരാന്‍ അതു നടത്തിയ യത്നങ്ങളൊക്കെ പരിഹാസ്യമായി. ഉദാഹണം സ്വിച്ചിന് നമ്മള്‍ ഒരു പേര് ഉണ്ടാക്കി. വ്യൈുത ആഗമന പ്രത്യാഗമനയന്ത്രം. വലിയ കഷ്ടം തന്നെ! റെയില്‍വേ സ്റ്റേഷനുമിട്ടു നല്ല ഒരു മലയാളം : അഗ്നിശകട ആഗമന പ്രത്യാഗമന കേന്ദ്രം! (പറഞ്ഞു തീരുന്പോഴേക്കും വണ്ടി പോയിട്ടുണ്ടാവും!) നമ്മുടെ പരിഷ്കരണങ്ങളൊക്കെ അങ്ങിനെയാണ്. ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത്, അതല്ലെങ്കില്‍ കളരിക്ക് പുറത്ത്.

മലയാള ഭാഷ ഇന്ന് ഇംഗ്ലീഷ് പദങ്ങള്‍ ഒട്ടിക്കാനുള്ള പശയുടെ ദൗത്യമാണ് പലപ്പോഴും നടത്തുന്നത്. ഏര്‍ളി മോണിങ്ങില്‍ അലാറം കേട്ട് സഡന്‍ എഴുന്നേറ്റ് റെഡിയാവുന്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തി എന്ന് മലയാളി തന്‍റെ പ്രഭാതത്തിന്‍റെ ആരംഭത്തെകുറിക്കുന്നു.

ഭാഷാപരമായ മൗലികവാദം പ്രകടിപ്പിക്കാനല്ല,
നാം ഒരു സാംസ്കാരികതയില്‍ നിന്ന് എത്ര പെട്ടെന്നാണ് ഒളിച്ചോടുന്നതെന്ന ചിന്ത പങ്കുവെക്കാനാണ് ഇത്രയും എഴുതിയത്.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

You must be logged in to post a comment Login