എന്‍റെ ചെറുപ്പകാലത്ത്, 1012 വയസ്സിനിടെ ഒരു അമ്മാവന്‍റെ വീട്ടില്‍ താമസിക്കാനിടയായി (ഊരും പേരും പറയുന്നില്ല). മാമയെ ഞാന്‍ വല്ല്യക്ക എന്നാണു വിളിക്കുക. ഇക്കാക്കയുടെ തൊഴില്‍ ഉറുക്കെഴുത്താണ്! അല്‍പം വ്യൈവും കാണും (യൂനാനിയാണെന്ന് തോന്നുന്നു). വീട്ടില്‍ പകലന്തിയോളം വലിയ തിരക്കാണ്. ഏതോ രോഗബാധയെത്തുടര്‍ന്ന് വല്ല്യക്കയുടെ കൈവിരലുകള്‍ക്ക് സ്വാധീനമില്ലാതായി. വല്ല്യക്കയുടെ നിര്‍ദ്ദേശപ്രകാരം ചെറിയ മാമനാണ് ഉറുക്ക് എഴുതിത്തയ്യാറാക്കുക. ഉറുക്ക് നിര്‍മാണത്തില്‍ എനിക്കും ഒരു സൈഡ്ജോലിയുണ്ട്. ചെറിയമ്മാമന്‍ എഴുതിയ ഉറുക്ക് ഭംഗിയായി മടക്കി നേരിയ നൂല് കൊണ്ട് കെട്ടുക! (ഈ കലയില്‍ ക്രമേണ എനിക്ക് കൈത്തഴക്കം സിദ്ധിച്ചുവെന്നത് മറച്ചുവെക്കുന്നില്ല). ആയിടെ, കേസുനടത്തിപ്പുമായി ചെറിയമ്മാമന് പലപ്പോഴും കോടതിയിലും മറ്റും കയറിയിറങ്ങേണ്ടതായി വന്നു. ചെറിയമ്മാമന്‍ വീട്ടില്‍ ഇല്ലാതിരിക്കുന്പോഴും ആളുകള്‍ ആവശ്യങ്ങളുമായി വന്നു കൊണ്ടിരുന്നു. വല്ല്യക്ക എന്നെ അടുത്തുവിളിച്ച് സാവധാനത്തില്‍ പറയും അബ്ദുല്ലാ, കുറച്ച് ഉറുക്കെഴുതിക്കൊണ്ടുവാ. ഉറുക്കിന്‍റെ ഉള്ളടക്കത്തെപ്പറ്റി ഒരു ചുക്കും എനിക്കറിയില്ല. എങ്കിലും കണ്ടാല്‍ ഉറുക്കാണെന്ന് ആര്‍ക്കും തോന്നുംവിധം ഉറുക്കെഴുതാന്‍ അറിയും. അങ്ങനെ പതിനൊന്നാം വയസ്സില്‍ ഞാന്‍ ചെറിയൊരു ഉറുക്കെഴുത്ത് തൊഴിലാളിയായി. ചതുരത്തില്‍ കള്ളികള്‍ വരച്ച് ഓരോ കള്ളിയിലും അറബി അക്കങ്ങളും അക്ഷരങ്ങളും ഇടവിട്ട് കുറിച്ച് കഴിയുന്പോള്‍ ലക്ഷണമൊത്ത ഒന്നാംതരം ഉറുക്കുകള്‍ പിറന്നു വീഴുകയായി. അങ്ങനെ ഞാന്‍ പടച്ചുവിട്ട കിടുകിടിലന്‍ ഉറുക്കുകള്‍ എന്തെല്ലാം ഹലാക്കുകളും ധമാക്കകളുമാണ് സൃഷ്ടിച്ചു വിട്ടിരിക്കുക എന്നോര്‍ക്കുന്പോഴെല്ലാം ചിരിയും പേടിയും ഒന്നിച്ചാണു വരിക!. (പ്രബോധനം 2014 മാര്‍ച്ച് 14)
പത്തുപന്ത്രണ്ടു വയസ്സായിരിക്കാം അന്ന് മൗലവിക്ക്. പക്ഷേ, ഹലാക്ക് പിടിച്ച മനുഷ്യനാവാന്‍ നിയോഗമുള്ളവര്‍ ചെറുപ്പകാലത്തേ അതിന്‍റെ ലക്ഷണം കാട്ടിയിട്ടുണ്ട്. അതുകണ്ടിട്ടാണ് വലിയ മനുഷ്യര്‍ അവരെക്കുറിച്ച് പ്രവചിക്കുന്നത്.
ചൊട്ടയിലെ ശീലം ചുടലവരെയന്നല്ലേ?. ടി കെ അബ്ദുല്ല മൗലവി പിന്നെയും കിടുകിടിലന്‍ തരികിടകളുമായി മുന്നോട്ടു പോയി. വാഴക്കാട് ദാറുല്‍ഉലൂമിലും പുളിക്കല്‍ മദീനത്തുല്‍ഉലൂമിലും കാസര്‍കോഡ് ആലിയ അറബിക് കോളജിലും പഠിച്ച അബ്ദുല്ല മൗലവിയെ ഗുരുനാഥന്മാരായ കെ സി അബ്ദുല്ല മൗലവിയും എം സി സി അബ്ദുറഹ്മാന്‍ മൗലവിയും മറ്റും ചേര്‍ന്ന് ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ തൊഴിലാളിയാക്കി. വിദ്യാര്‍ത്ഥികാലത്തു തന്നെ മൗദൂദിയില്‍ ആകൃഷ്ടനായ ടി കെ, മൗദൂദിയുടെ മതരാഷ്ട്രവാദത്തിന്‍റെ ഏജന്‍റായി വര്‍ത്തിച്ചു. ഇസ്ലാമിനെ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ നാലു കള്ളികളാക്കി ഉള്ളടക്കമെന്തായിരിക്കണമെന്നറിയാതെ, ഖുര്‍ആനും ഹദീസും ഇജ്തിഹാദുമെന്ന പേരില്‍ കുറേ അറബിഅക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്ത് മൗദൂദി ചുരുട്ടിയുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയെന്ന ഉറുക്ക് ഭംഗിയായി മടക്കിക്കഴിഞ്ഞു. ജീവിക്കണമല്ലോ. എങ്ങനെയെങ്കിലും ഉറുക്കുണ്ടാക്കുന്നയാളല്ല മൗലവി. ആ കലയില്‍ ടികെ നേടിയ കൈത്തഴക്കം പ്രസിദ്ധമാണ്. ഈ ഉറുക്ക് ഏറ്റുവാങ്ങിയ ആളുകള്‍ക്ക് പിന്നെയെന്തെല്ലാം ഹലാക്കുകളും ധമാക്കകളുമാണ് സംഭവിച്ചിട്ടുള്ളതെന്ന് മൗദൂദീമൗലവിമാര്‍ക്ക് ഒരെത്തും പിടിയുമില്ല. അവര്‍ ഉറുക്കങ്ങനെ എഴുതിക്കൂട്ടുന്നു. നിരപരാധികളായ ചെറുപ്പക്കാര്‍ ഇന്ത്യാരാജ്യത്തെ ജയിലുകളില്‍ നാളെണ്ണി ഉരുകിത്തീരുന്നു. കാര്യമറിയാതെ ഒരുകൂട്ടം ആത്മീയക്കച്ചവടക്കാര്‍ കുത്തിയിരുന്നുണ്ടാക്കിയ ഉറുക്കുകെട്ടുകളുടെ ഗതികേട് പേറുന്ന ഹതഭാഗ്യരാണവര്‍. മൗദൂദിസത്തിന്‍റെ, ഭാവിയിലേക്കുള്ള വിശുദ്ധശേഷിപ്പുകള്‍!.
മുസ്ലിം ഖലീഫയില്ലാത്തിടത്ത് ചത്തും കൊന്നുമാണ് ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതെന്ന് വിശ്വസിക്കുന്നവരാണ് മൗദൂദികള്‍. സാമിരിയുടെ പശുക്കുട്ടിയേക്കാള്‍ ഭീകരമാണവര്‍ക്ക് ജനാധിപത്യം. അല്ലാഹുവിന്‍റെ ഭരണത്തില്‍ കീഴിലല്ലാത്തതിനാല്‍ മൗദൂദികള്‍ ഇന്ത്യാരാജ്യത്ത് മുള്ളിമ്മേല്‍ നില്‍ക്കുന്നത് പോലെയാണ് കഴിയുന്നത്. ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീടാണവര്‍ക്ക് ഇന്ത്യ. ആശയറ്റ മനുഷ്യരായാണ് അവര്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. എന്നെങ്കിലും മൗദൂദിയുടെ സങ്കല്‍പത്തിലുള്ള രാജ്യം വരാതിരിക്കില്ല എന്നാണ് വിശ്വാസം. അതുവരെ തലയില്‍ മുണ്ടിട്ട് കഴിയണം. ശ്രീജയെയും പ്രിയയെയും മുന്നില്‍ നിര്‍ത്തി തല്‍ക്കാലം മുഖം മറച്ചു പിടിച്ചു കഴിയുകയാണ്. നിയമ നിര്‍മ്മാണം മൗദൂദികള്‍ക്കേ പറ്റൂ. അതിനാല്‍ ഇപ്പോഴുള്ള ഈ എംഎല്‍എമാരും എംപിമാരുമൊക്കെ വെറും വഴിമുടക്കികള്‍. പാര്‍ലമെന്‍റും കോടതികളും അവരുടെ ക്ഷേത്രങ്ങളുയര്‍ന്നുവരേണ്ട സ്ഥാനത്തു വന്നിട്ടുള്ള വ്യാജമഠങ്ങള്‍. ഈ വഴിമുടക്കി ബിംബങ്ങളെയും അവരെ അനുസരിച്ചു കൂടുന്ന വ്യാജ പൂജകരെയും മൗദൂദികള്‍ താഗൂത്തികള്‍ എന്നു വിളിക്കും. എന്നുവെച്ച് താഗൂത്തീ സ്ഥാനങ്ങള്‍ വെറുതെയാര്‍ക്കെങ്കിലും അലയാന്‍ അവര്‍ വിട്ടുകൊടുക്കില്ല. തല്‍ക്കാലം താഗൂത്തീ സ്ഥാനങ്ങളിലേക്ക് മത്സരിച്ചും നല്ല താഗൂത്തിയായും ഇരിക്കുക. അവസരം വരുന്പോള്‍ നിലവിലെ കണ്ടുകൂടാത്ത താഗൂത്തികളുടെ നടുപ്പുറത്ത് നല്ലോണം പെരുമാറി അവരെ തുരത്തുക. ഇതോടെ മൗദൂദീരാജ്യം പൂവണിഞ്ഞു. അങ്ങനെയൊന്നു വന്നാല്‍ ബംഗ്ലാദേശില്‍ ചെയ്ത പോലെ, പണ്ട് സഊദിയില്‍ ചെയ്തപോലെ ഈറയുള്ള മനുഷ്യരെ അവര്‍ അറുത്തുവറുക്കും. ഈ മൗദൂദിരാജ്യം പൂവണിഞ്ഞതിന്‍റെ ചെറിയ ചെറിയ അദില്ലതുകള്‍ മൗദൂദികളുടെ മനസ്സിലുണ്ട്. കുറ്റ്യാടിയില്‍ സുന്നിവിഭാഗത്തിന്‍റെ ഒരു പള്ളി പിടിച്ചത് അങ്ങനെയാണ്. ഒരു വെള്ളിയാഴ്ച ജുമുഅയുടെ നേരത്ത് ഒരുങ്ങിവന്നിട്ട് ഖതീബ് മിന്പറില്‍ കയറിയ പാടെ ആ വന്ദ്യവയോധികനെ പിടിച്ചു വലിച്ചു പുറത്തിട്ട് മൗദൂദികള്‍ പള്ളിപിടിച്ചു. കുറ്റ്യാടിയുടെ ചരിത്രം എന്ന പുസ്തകം വായിച്ചാല്‍ ഇക്കാര്യമറിയാം. ചേന്ദമംഗല്ലൂരില്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ കയ്യേറുന്നതും ഇക്കൂട്ടത്തില്‍ ചേര്‍ന്നതു തന്നെ. കൊയ്തൊഴിഞ്ഞ കട്ടപ്പാടം അവിടുത്തെ താഗൂത്തികുട്ടികള്‍ കളിച്ചു കളിച്ച് നല്ലൊരു നിലമാക്കി മാറ്റിക്കഴിഞ്ഞാല്‍ സ്ഥലത്തെ മൗദൂദി പ്രമാണിയും കുറച്ചു സോളിഡാരിറ്റി ഗുണ്ടകളും കൂടി വരും. ഈ പാടം ഞങ്ങളുടേതാണ്. ഇതോടെ ആ ഫുട്ബോള്‍ ഗ്രൗണ്ട് മൗദൂദീരാജ്യത്തിന്‍റെ ഒരു കൊച്ചു തുണ്ടമായി മാറി.
മതേതര സര്‍ക്കാറിന്‍റെ ഏതു കുഞ്ചിക സ്ഥാനത്ത് പോവുന്നതും ശിര്‍ക്കാണ് എന്ന മൗദൂദിയുടെ ആഴത്തിലുള്ള കണ്ടെത്തലാണ് ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവവികാസമെന്ന് മൗദൂദികള്‍ ഉറച്ചു വിശ്വസിക്കുന്നു. നവോത്ഥാനത്തിന്‍റെ നാഴികക്കല്ലാണ് മൗദൂദികള്‍ക്കത്. മറ്റു ഗത്യന്തരമില്ലാത്തതുകൊണ്ടാണവര്‍ ഇപ്പോള്‍ സഹകരിച്ചു നില്‍ക്കുന്നത്. തല്‍ക്കാലം ഉറുക്കുകളുണ്ടാക്കി കാര്യം സാധിക്കുക. അവസരം ഒത്തുവന്നാല്‍ ഉറുക്കിനെതിരെ നീങ്ങുക. താഗൂത്തിന്നെതിരെയുള്ള സമരം ഒരാത്മീയ കലാപമായി മൗദൂദികളുടെ ഉള്ളില്‍ നുരയുന്പോഴും കുട്ടികള്‍ പട്ടിണികിടക്കരുതല്ലോ എന്ന വിചാരത്തില്‍ അവര്‍ വല്യമ്മാവന്‍റെ ഉറുക്കുകള്‍ ശരിയാക്കി ജീവിക്കും. അതുകൊണ്ടു അടുപ്പില്‍ അയക്കൂറ പൊള്ളിച്ചു പോവുന്നു.
മൗദൂദീവല്യമ്മാമന് ഇതുവല്ലതും അറിയുമോ? മൂപ്പര്‍ക്ക് കല്‍പന പുറപ്പെടുവിച്ചു പോയാല്‍ മതി. അദ്ദേഹം മരിച്ചു. ജീവിച്ചുപോവണ്ടേ എന്ന് ഉറ്റാലോചിച്ച മൗദൂദികള്‍ ഉറുക്കെഴുതി ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഇങ്ങനെ ഉറുക്കെഴുതി നീങ്ങാമെന്നു തീരുമാനിച്ചു ഇറങ്ങുന്നതിനു മുന്പ് കുറെ സാധുക്കള്‍ മതേതര രാജ്യത്തെ സ്കൂളില്‍ പോയാല്‍, കോടതിയില്‍ പോയാല്‍, തൊഴിലിന് പോയാല്‍, നരകത്തില്‍ പോവേണ്ടിവരുമെന്ന് പേടിച്ചു നരകിച്ചു ജീവിച്ചു മരിച്ചു പോയി. വടക്കെ ഇന്ത്യയില്‍ വെള്ളംകോരി, വിറകുവെട്ടി, റിക്ഷാവണ്ടി വലിച്ചു നടക്കുന്ന സാധുക്കളെ ഉണ്ടാക്കിയ പ്രസ്ഥാനമാണിത്. മൗദൂദിയെ യുഗനായകന്‍ എന്നൊരിക്കല്‍ ചീത്തവിളിച്ച ഖറളാവിപോലും ഇന്ത്യയിലെ മുസ്ലിംകളെ റിക്ഷാവണ്ടി വലിക്കാന്‍ വിട്ട, നായിക്കും നരിക്കുമല്ലാതെയാക്കി മാറ്റിയ മൗദൂദിയുടെ ദൈവിക ഭരണത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംകളെ പുറകോട്ട് വലിച്ച പ്രസ്ഥാനമാണ് മൗദൂദിസം ജമാഅത്തെ ഇസ്ലാമി. ഖറളാവിയുടെ അഭിപ്രായം മുന്പൊരിക്കല്‍ ശബാബ് കവര്‍ സ്റ്റോറിയാക്കിയിട്ടുണ്ട്. ഒ അബ്ദുല്ലക്കുമറിയാം, മതേതര രാജ്യത്ത് തൊഴിലെടുക്കാന്‍ കഴിയാതെ മരിച്ചുപോയ മനുഷ്യരെപ്പറ്റി. ശത്രുക്കളല്ല, സ്നേഹിതന്മാര്‍ എന്ന പുസ്തകത്തില്‍ അക്കഥകള്‍ കരളില്‍ നിന്നു പറിച്ചെടുത്തെഴുതിയിട്ടുണ്ട് ആ ഹതഭാഗ്യന്‍.
അതൊക്കെ കഴിഞ്ഞാണ് ഉറുക്കെഴുതിയെങ്കിലും ജീവിക്കണം എന്നു തോന്നിയത്. പിന്നെ റസൂല്‍ ചെയ്തോ, മൗദൂദി ചെയ്തോ എന്നു നോക്കിയില്ല. വെല്‍ഫയര്‍ പാര്‍ട്ടിയുണ്ടാക്കി. സ്ഥാനാര്‍ത്ഥിപ്പട്ടികയിറക്കി. ഇന്ത്യയാകെ അഴിമതി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുമെന്നുവരെ പറഞ്ഞു കഴിഞ്ഞു മലപ്പുറത്തെ ഇസ്മാഈല്‍ മാസ്റ്റര്‍!.
ഗുജറാത്തിലൊരു മീറ്റിംഗ് പേടികൂടാതെ നടത്താന്‍ കഴിയാത്തവര്‍ക്കെങ്ങനെയാണ് അഴിമതി നീക്കാന്‍ കഴിയുക? അല്ലെങ്കിലും വല്യമ്മാമന്നുവേണ്ടി കാര്യമറിയാതെ ഉറുക്കെഴുതിപ്പോന്ന പാര്‍ട്ടിക്ക് അഴിമതി ഇല്ലാതാക്കാനാവുമോ? ഡല്‍ഹിയിലെത്തിയാല്‍ മതി അഴിമതി രാജയോടൊപ്പം, സുഖ്റാമിനോടൊപ്പം ഇവരും ഉറുക്കെഴുതി വിറ്റ് പൈസയാക്കൂലേ? വടക്കെ ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു ട്യൂഷന്‍ ക്ലാസെങ്കിലും എടുത്തുകൊടുക്കാന്‍ ഇവരെക്കിട്ടുമോ? അപ്പോഴാണ് പഴഞ്ചന്‍ മുസ്ലിയാര്‍ എന്നു വിളിച്ചു നടന്ന കാന്തപുരം വടക്കെ ഇന്ത്യയിലിറങ്ങുന്നത്. ഇസ്ലാമിന്നും മുസ്ലിം പണ്ഡിതന്മാര്‍ക്കും എവിടെയാ ഇറങ്ങിക്കൂടാത്തത്? കാന്തപുരം ഇറങ്ങിക്കളിച്ചാല്‍ പിന്നെ മൗദൂദികള്‍ക്കും കളിക്കേണ്ടിവരും. പക്ഷേ, അവര്‍ക്കെന്തോ വടക്കേ ഇന്ത്യ പേടിയാണ്. അവിടെ പെറ്റു വളര്‍ന്നതാണെങ്കിലും പത്തുപന്ത്രണ്ടു വയസ്സില്‍ ചെയ്ത ചില അപരാധങ്ങള്‍കൊണ്ട് അവിടെ പോവാന്‍ വയ്യ. അപ്പോള്‍ കാന്തപുരത്തെ എങ്ങനെ തോല്‍പിക്കും? അതു കേരളത്തിലിരുന്ന് ഇന്‍റര്‍നാഷണല്‍ പത്രവും ചാനലും ഉപയോഗിച്ചു നോക്കാം. ഡ്രോണ്‍ വിമാനങ്ങളയച്ചു നോക്കാം. രക്ഷയില്ല. കാന്തപുരം വടക്കെ ഇന്ത്യ നേരെയാക്കിപ്പോരാനുള്ള പരിപാടിയിലാണ്. മൗദൂദികള്‍ സന്ദര്‍ഭമറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വളരുന്ന ജിഐഒ കുട്ടികളോടെങ്കിലും മറുപടി പറയേണ്ടി വരും. ഫറോവയെ നേരില്‍കണ്ട പ്രസ്ഥാനത്തിനെന്തേ നരേന്ദ്രമോഡിയെ നേരില്‍ കാണാന്‍ പേടി? ഗുജറാത്തില്‍ സ്കൂള്‍ തുടങ്ങാന്‍ നരേന്ദ്രമോഡിയെ കാണാതെ പറ്റുമോ? കണ്ടു കാര്യം സാധിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശമില്ലേ? മൗദൂദിയുടെ ഖുര്‍ആന്‍ വായിച്ചു പെണ്‍കുട്ടികള്‍ ചോദിക്കുന്പോള്‍ പുരുഷന്മാര്‍ എന്തു പറയും?
ബാല്യത്തിലേ സത്യസന്ധത പുലര്‍ത്തി ജീവിച്ചവര്‍ക്കേ വലുപ്പത്തിലും അത് നിലനിര്‍ത്താനാകൂ. ചെറുപ്പം മുതല്‍ ശീലിച്ചുവന്ന കാര്യങ്ങള്‍ അബോധമനസ്സില്‍ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നു മനഃശാസ്ത്രം. കാന്തപുരത്തിന് ആളുകളെ പറ്റിച്ചു മുന്പേ ശീലമില്ല. പിന്നെ കാന്തപുരത്തിന്‍റെ വേഗത? അസൂയക്കു മൗദൂദീ മല്‍ഫൂളാതുകള്‍ ഉറുക്കെഴുതിക്കെട്ടിയാല്‍ മതി.
തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന ഇവിടെയുള്ള ഏതു സൗകര്യങ്ങളും അവരെ സംബന്ധിച്ചിടത്തോളം അനുവദനീയവും ഹലാലുമാണ്. മാത്രമല്ല, അത് സ്വീകരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, സെക്കന്‍റ്ക്ലാസ് ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്ന വ്യക്തിക്ക് യാത്രകഴിഞ്ഞ് തന്‍റെ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടനെത്തന്നെ തന്‍റെ അടുത്ത ജോലിയില്‍ മുഴുകാന്‍ സാധിക്കുന്നു. കാരണം അദ്ദേഹത്തെ ക്ഷീണമോ വിഷമങ്ങളോ ശല്യം ചെയ്യുന്നില്ല. എന്നാല്‍ തേര്‍ഡ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍, ഒരു ദിവസം കഴിഞ്ഞ് ലക്ഷ്യത്തിലെത്തുന്പോള്‍ നന്നേ പരിക്ഷീണിതനായി മാറുന്നു. ഒരു വിശാലമായ വിശ്രമം കൂടാതെ അയാള്‍ക്ക് തന്‍റെ ജോലിയില്‍ മുഴുകാന്‍ സാധിക്കില്ല. അതേ പോലെതന്നെ ഫാന്‍ ഉപയോഗിച്ചുകൊണ്ട് ഒരാള്‍ക്ക് തന്‍റെ ചിന്താവ്യവഹാരങ്ങളില്‍ വ്യാപൃതനാവാന്‍ കഴിയുമെങ്കില്‍ പിന്നെന്താണ് അയാള്‍ വിയര്‍പ്പില്‍ കുളിച്ച് പ്രയാസപ്പെടേണ്ടതിന്‍റെ ആവശ്യം? അല്ലാഹു ഈ അനുഗ്രഹങ്ങളൊക്കെ അവന്‍റെ നല്ലവരായ അടിമകള്‍ക്കായി ഒരുക്കിവച്ചതല്ലേ?
(മൗദൂദി, ഉദ്ധ വഹീദുദ്ദീന്‍ഖാന്‍, ചിന്തയിലെ വൈകല്യങ്ങള്‍. വിവ. മോയിന്‍ മലയമ്മ, നൂറുല്‍ഉലമ പ്രസിദ്ധീകരണം).
വേറെ പണിയൊന്നുമില്ലാത്തവര്‍ക്ക് തലപ്പാറ ഇറങ്ങി കൊളപ്പുറത്തേക്ക് കൈവീശി നടന്നാലും മതി.
You must be logged in to post a comment Login