വഴിയോരങ്ങളിലെല്ലാം അഭിനന്ദനങ്ങൾ വാരി വിതറിക്കൊണ്ടുള്ള ഫ്ലക്‌സുകളാണ്.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ, നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾ, പത്ര-മാധ്യമങ്ങൾ വഴിയുള്ള വാർത്തയും ഫോട്ടോയും പരസ്യങ്ങളും വേറെയും…
നൂറ് മേനിയുടെ മേനി പറച്ചിലിന് വേണ്ടി കൃത്രിമ വിജയം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും വാർത്തയുണ്ട്..
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ നന്നായി പഠിപ്പിച്ച് വിജയിപ്പിക്കുന്നതാണ് ഒരു സ്‌കൂളിന്റെ മിടുക്ക്.. അല്ലാതെ ചെറുപ്പം മുതലേ നന്നായി പഠിക്കുന്ന കുറച്ച് കുട്ടികളെ മാത്രം പരീക്ഷക്കിരുത്തി നൂറ് ശതമാനം എന്ന് അഹങ്കരിക്കുന്നത് അൽപ്പത്തരമാണ്. മിക്ക സ്‌കൂളുകളിലും ഒമ്പതാം ക്ലാസ്സിലുള്ള അത്ര ഡിവിഷനുകൾ പത്തിൽ ഉണ്ടാകാറില്ല. ഒമ്പതിൽ പഠിക്കുന്ന എല്ലാർക്കും പത്തിൽ അവസരമുണ്ടാകില്ലെന്നർത്ഥം. ഇക്കാര്യം ഓർമ്മപ്പെടുത്തി കുട്ടികളിൽ ചെലുത്തുന്ന സമ്മർദ്ദം ചില്ലറയല്ല.. ഈ കാരണം പറഞ്ഞ് ‘തോൽക്കാൻ സാധ്യയുള്ളവരെ’ ഒമ്പതിൽ തന്നെ ഇരുത്തി ‘ജയിക്കുന്നവരെ’ മാത്രം ജയിപ്പിക്കുന്നു.. പിന്നെയും ‘കുഴപ്പക്കാർ’ എന്ന് തോന്നുന്നവരെ ഏതെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിച്ച്, ഇപ്പോൾ ഒമ്പതിൽ പഠിക്കുന്ന കുട്ടിയെ സഹായി ആക്കി പരീക്ഷ എഴുതിക്കുന്നു. അടുത്ത വർഷം ഫുൾ A+ പ്രതീക്ഷിക്കുന്ന ഏതെങ്കിലും കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഇത്തരം സഹായികളെ രൂപപ്പെടുത്തുന്നത്. ഇപ്പറഞ്ഞെതൊക്കെ എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രം. അണിയറക്ക് പിന്നിൽ നടക്കുന്ന വിജയ ശതമാനം കൂട്ടുന്നതിനുള്ള സർക്കാർ സ്പോൺസേർഡ് നാടകങ്ങൾ എന്തൊക്കെയെന്ന് ആർക്കറിയാം..!! ഒടുവിൽ സ്‌കൂളിൽ നിന്ന് സർട്ടിഫികറ്റ് വാങ്ങി പുറത്തിറങ്ങുമ്പോൾ പ്രിൻസിപ്പാളിന്റെ മുന്നിൽ “സർട്ടിഫിക്കറ്റും ടി.സിയും കിട്ടി ബോധിച്ചു” എന്ന വാചകം പോലും മലയാളത്തിൽ എഴുതാൻ കഴിയാതെ വിയർക്കുന്ന നവ ജേതാക്കളുടെ നേരനുഭവങ്ങളുണ്ട്. ഇക്കാര്യം സുഹൃത്ത് Akbarali Charankav ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എങ്കിലും നന്നായി പഠിച്ച് പരീക്ഷ ജയിക്കുന്ന മിടു മിടുക്കരെയും, നന്നായി ഒരുക്കുന്ന സ്‌കൂൾ അധികൃതരേയും ആക്ഷേപിക്കുന്നതിനല്ല ഈ കുറിപ്പ്.. ഇതിനൊക്കെ ഇടയിലാണ്, അരീക്കോട് നിന്നും ഒരു കൊച്ചനുജത്തിയുടെ മരണ വാർത്തയെത്തുന്നത്. കൃത്രിമ വിജയത്തിന്റെ കപട ലോകത്ത് പത്താം ക്ലാസ്സിലെ പാഠ പുസ്തകത്തിന്റെ മുകളിൽ കയറി നിന്ന് സ്വയം തോൽക്കാൻ നീ തീരുമാനിച്ചപ്പോൾ തോറ്റത് ഞങ്ങളുടെ പൊള്ളയായ പൊങ്ങച്ചമായിരുന്നു…
You must be logged in to post a comment Login