അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു ചര്‍ച്ചയില്‍ സുഹൃത്തായ ഇ എ സലീം പല കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം പുസ്തകത്തിലെ ഒരു രംഗവും വിവരിച്ചു. തന്റെ സ്ത്രീ സ്വത്വത്തെ തൃപ്തിപ്പെടുത്തുന്ന വിധം ഹിജഡയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ച, മുസ്ലിം കുടുംബത്തില്‍ ജനിച്ച, അഞ്ജും എന്ന മുഖ്യകഥാപാത്രം ഗോധ്ര കലാപത്തില്‍ തന്റെ സഹയാത്രികര്‍ വധിക്കപ്പെടുമ്പോള്‍ തന്നെ മാത്രം ഹിന്ദുവര്‍ഗീയവാദികള്‍ കൊല്ലാതെ വിട്ടത് താനൊരു ഹിജഡ ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കുകയും അതിനുശേഷം തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട തന്റെ സ്വത്വം ഉപേക്ഷിച്ച് പുരുഷനായി ജീവിക്കാന്‍ തീരുമാനിക്കുന്നതുമായ ഒരു സന്ദര്‍ഭം. അതേ ചര്‍ച്ചയില്‍ത്തന്നെ മറ്റൊരു സുഹൃത്തായ അനില്‍ വെങ്കോട് പരിചയപ്പെടുത്തിയത് ചെര്‍ണോബില്‍ പ്രെയര്‍ എന്ന പുസ്തകമാണ്. കൊടിയ ആണവാപായത്തിന്റെ അനന്തരഫലങ്ങളും പേറി കണ്ണുകളൊഴികെ മറ്റു നവദ്വാരങ്ങളേതുമില്ലാതെ ജനിച്ച് വീണ കുട്ടിയെ കണ്ട് ആകെത്തകര്‍ന്ന് ഇനി ഞാനൊരു കുട്ടിയെ ഗര്‍ഭം ധരിക്കില്ല എന്ന് തീരുമാനിക്കുന്ന സ്ത്രീ തുടര്‍ന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ”വീം രീൗഹറ ംല ഹീ്ല ലമരവ ീവേലൃ മഴമശി മളലേൃ വേമ?േ” എന്തുകൊണ്ടാണെന്റെ കവിത പൂക്കളെക്കുറിച്ച് പാടാത്തതെന്ന നെരൂദച്ചോദ്യം തന്നെ. അതുപോലെതന്നെയുള്ള മറ്റൊരാളാണ് ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുരന്തങ്ങളില്‍ മനംനൊന്ത്, എന്നിട്ടും അവര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയാതെപോകുന്നതിലെ തീവ്രമായ നിസ്സഹായതയും നിരാശയും പേറി, അങ്ങനെ ജീവിച്ചിരിക്കുന്നതിലെ അപമാനഭാരത്താല്‍, സ്വയം കഥാവശേഷനാകുന്ന ടി വി ചന്ദ്രന് കഥാപാത്രം.
രക്തബന്ധം കൊണ്ടും സമാനമായ മനുഷ്യാവസ്ഥകള്‍ കൊണ്ടും സഹോദരരായിരിക്കുക എന്നതൊരു സ്വാഭാവികതയാണ്, പ്രകൃതിനിയമമാണ്. എന്നാല്‍ താനുമായി ഒരു ബന്ധവുമില്ലാത്ത ഒരാളോട് താദാത്മ്യം പ്രാപിക്കുക, അയാള്‍ക്ക് താനൊരു സഖാവായിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണെന്ന് സാര്‍ത്ര് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ തര്ക്കത്തിനിടയ്ക്ക് ആല്‍ബര്‍ട്ട് കമുവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അപരസ്നേഹം കൊണ്ട് മാത്രം മനുഷ്യന് സ്വയം ത്യജിക്കുന്ന സ്വന്തം സൗകര്യങ്ങളുണ്ട്. ഏറ്റെടുക്കുന്ന അല്പമാത്രങ്ങളെങ്കിലുമായ ബുദ്ധിമുട്ടുകളുണ്ട്. മുന്‍പ് പറഞ്ഞ കഥാപാത്രങ്ങളെല്ലാം അസാമാന്യമായ മനുഷ്യസ്നേഹത്തില്‍ നിന്ന് മറ്റൊരു മനുഷ്യാവസ്ഥയുമായി താദാത്മ്യം പ്രാപിക്കലിലേക്കു വളരുന്ന, സ്വയം കത്തിയമരുന്ന, പ്രതിരോധപ്രഖ്യാപനങ്ങളായി സ്വന്തം ചിതകള്‍ തിരഞ്ഞെടുക്കുന്ന വ്യക്തികളാണ്. തങ്ങളുടെ സ്വത്വങ്ങളിലെയും പ്രവൃത്തികളിലെയും നിസ്സഹായതകളില്‍ നിരാശരായി അവകളുടെ അസ്തിത്വങ്ങള്‍ ഉപേക്ഷിച്ചുകളയുന്ന, ഹോമിക്കുന്ന, ഇവ തങ്ങളുടേതല്ലായെന്നു പറയുന്ന മനുഷ്യര്‍. ആ ചിതകള്‍ രാഷ്ട്രീയപരമായി സാഹിത്യത്തിന്റെ, സൃഷ്ടികളുടെ ഉദാത്തമായ ഉദ്ബോധന താല്പര്യങ്ങളില് നിന്നുള്ളതാണ്. എന്നാല്‍ ദുരന്തങ്ങളുടെ പരാവര്‍ത്തനം തോല്‍വികളെ ശീലമാക്കാനോ തോറ്റു കളയാനോ വേണ്ടിയുള്ള ഉപദേശങ്ങളല്ല. അവയെ പ്രതിരോധിക്കാനുള്ള ആഹ്വാനങ്ങളാണ്.
നോട്ട് ഇന്‍ മൈ നെയിം എന്ന പൊതുവായ ഒരു മുദ്രാവാക്യം സ്വീകരിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം സാംസ്കാരിക പ്രവര്‍ത്തകരടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ തെരുവിലിറങ്ങി. കേരളമാധ്യമങ്ങള് പതിവു പോലെ മറ്റു വിഷയങ്ങള്‍ക്കു പിന്നാലെ പോയി. പൊതുവേ നവസമരങ്ങളെയും പ്രതിരോധങ്ങളെയും പിന്തുണയ്ക്കുന്ന മലയാളം സോഷ്യല്‍ മീഡിയ പ്രതിരോധത്തിന് അനുക്രമമായ തരംഗമുയര്ത്താതെ, ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, അത്ഭുതകരമായ മൗനം പാലിച്ചു. ഇനിയും ചിലര്‍ സ്വത്വവാദത്തിന്റെയും ശുദ്ധതാവാദത്തിന്റെയും വിശകലന കോളങ്ങളിലിട്ട് ആ പ്രതിരോധത്തെ ഇഴനാരിഴ കീറി, സൈദ്ധാന്തികമായി തള്ളിക്കളയേണ്ടുന്ന ഒരു തര്‍ക്ക വിഷയം മാത്രമാക്കി ചുരുക്കി. ജാഗരൂകരായിരിക്കാനും അത്തരം പ്രതിരോധങ്ങള്‍ പടര്‍ത്താനും ഉത്തരവാദിത്തമുള്ള ചില നവ മാധ്യമസംരംഭങ്ങള്‍ പകരം ആ സൈദ്ധാന്തിക ശസ്ത്രക്രിയയെ ആഘോഷിച്ചു പ്രോല്‍സാഹിപ്പിച്ചു. ചില നിലപാടുകള്‍ ആത്യന്തികമായി പക്ഷം നിര്‍ണ്ണയിക്കുന്നവ കൂടിയാണ്. ഫാസിസത്തിനെതിരെ വിശാലമുന്നണി വേണമെന്ന് നാം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്.
നോട്ട് ഇന്‍ മൈ നെയിം, ഇസ്ലാമിനെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരു കൈകഴുകലാണെന്നാണു സ്വത്വവാദരാഷ്ട്രീയക്കാരുടെയും പ്യൂരിറ്റനുകളുടെയും പക്ഷം. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ഈ വിമര്‍ശനം ഉന്നയിച്ചുകണ്ടു. സ്വാഭാവികപ്രതികരണം. സംഘപരിവാരം ഇന്ത്യയില്‍ അവരുടെ പ്രഖ്യാപിതനയങ്ങള്‍ നിശിതമായി നടപ്പിലാക്കി തുടങ്ങിയ കാലം മുതല്‍ ഇവിടെ പ്രതിഷേധങ്ങളുമുണ്ട്. നാമമാത്രമായ, ചിതറിയ, ചെറുപ്രതിഷേധങ്ങള്‍. അക്രമങ്ങള്‍ക്കെതിരെ പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു വന്‍ ബഹുജനമുന്നേറ്റം രൂപപ്പെട്ടു വന്നില്ല. ഒരുപക്ഷേ നാം ശരിയായ രാഷ്ട്രീയ സൈദ്ധാന്തികയുക്തിക്കു വേണ്ടി കാത്തുനിന്നതിനാല്‍ മാത്രം സാധ്യമാകാതെ പോയ, ജനങ്ങളുടെ വലിയ രീതിയിലുള്ള പങ്കാളിത്തമുള്ള, ഗവണ്മെന്റിനെ പേടിപ്പിക്കുന്ന വിധത്തിലുള്ള, സംഘടിതപ്രതിഷേധം.
സബാ ദേവന് എന്ന ഡോക്യുമെന്ററി സംവിധായിക ഫെയ്സ്ബുക്കിലെഴുതിയ ഒരു പോസ്റ്റാണു നോട്ട് ഇന്‍ മൈ നെയിം എന്ന മുന്നേറ്റത്തിലേക്ക് നയിച്ചത്. ദളിതരും മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുമ്പോള്‍, സര്‍ക്കാര്‍ അതിനു മൗനാനുവാദം കൊടുക്കുമ്പോള്‍, അതിലിടപെടാതിരിക്കുമ്പോള് അതിനെതിരെ നമുക്ക് പ്രതിഷേധിക്കേണ്ടതില്ലേ എന്നതായിരുന്നു അവരുയര്‍ത്തിയ ചോദ്യം. അതിനു പിന്തുണയുമായി അനേകര്‍ രംഗത്തുവന്നു. നോട്ട് ഇന്‍ മൈ നെയിം എന്ന പേര് പൊടുന്നനെ തന്റെ മനസ്സിലേക്ക് വന്ന ഒന്നാണെന്ന് പറഞ്ഞ അവര്‍ അത് മുന്‍പ് അമേരിക്കയില്‍ ഉണ്ടായ വിയറ്റ്നാം വിരുദ്ധസമരത്തിന്റെ പേരിനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും വിശദമാക്കി. ‘ഞാനതിനെ അംഗീകരിക്കുന്നില്ല, ഞാനതിന്റെ ഭാഗമല്ല’ എന്ന പ്രഖ്യാപനമാണത്. സംഘപരിവാരത്തിന്റെ തീവ്രഹിന്ദുത്വത്തിന്റെ ഭാഗമായി അടുത്ത് കൊല്ലപ്പെട്ട ഹാഫിസ് ജുനൈദിന്റെയും പെഹ്ലു ഖാന്റെയും കുടുംബങ്ങളോട് അനുശോചനവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ദില്ലിയിലാരംഭിച്ച സമരം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സമാനമനസ്കരെ ഒരുമിച്ച് ഒരേ സമയം തെരുവുകളിലേക്കിറക്കി. ലോകത്തിന്റെ സിവില്‍ മനസിന്റെ ശ്രദ്ധ അതിലേക്ക് ക്ഷണിക്കപ്പെട്ടു. പിറ്റേന്ന് നാമമാത്രമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിച്ചു. സിവില്‍ മൂല്യങ്ങള്‍ കൊണ്ടാണു ലോകമനസാക്ഷിക്കു മുന്നില്‍ സിവില്‍ സമൂഹങ്ങളിലെ പ്രതിഷേധങ്ങളുടെ വിലപേശലുകളെന്നത് പുതിയ കാര്യമല്ല. ഇതുവരെ തെരുവിലൊരു സമരത്തിനും ഇറങ്ങിയിട്ടില്ലാത്ത ഒരു സാധാരണ പൗരപ്രതിനിധാനം മാത്രമാണു താന്‍ എന്ന് ഒരു അഭിമുഖത്തില്‍ പറയുന്ന സബാ എന്തുകൊണ്ടാണു നമുക്ക് ഈ അക്രമങ്ങള്‍ക്കെതിരെ ഒരു സംഘടിത പ്രതിഷേധവും പ്രതിരോധവും ഇതുവരെ സംഘടിപ്പിക്കാന്‍ കഴിയാതെ പോയതെന്ന് അത്ഭുതപ്പെടുന്നുമുണ്ട്. അതില്‍ അത്ഭുതം കൊള്ളേണ്ട കാര്യമില്ല എന്നതാണു വാസ്തവം.
നിസ്സഹായരായും നിസ്സംഗരായും കൊലപാതകങ്ങളും നീതിനിഷേധങ്ങളും കണ്ടുനിന്ന ഭൂരിപക്ഷജനത ലോകത്തിനു പുതിയതല്ല; ഇന്ത്യയ്ക്കുമതേ. ഇന്നത്തെ സ്വത്വരാഷ്ട്രീയക്കാര്‍ ആപാദം പുച്ഛിക്കുന്ന ഗാന്ധിയെന്ന ഒരു വയസ്സന് അഹിംസ, സത്യഗ്രഹം എന്നിങ്ങനെ ഏറ്റവും ദുര്‍ബലനു വരെ പങ്കെടുക്കാന്‍ കഴിയുന്ന ഒരു സമരരീതിയും ആയുധവും അതിന്റെ സ്വാതന്ത്ര്യസമരത്തിനു പകര്‍ന്നുതന്നു, പിന്നീടത് ലോകം കണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റങ്ങളിലൊന്നായി. അതിസാഹസികരായ ഒരു ജനത സമരങ്ങള്‍ ജയിപ്പിക്കാന്‍ ലോകത്തെവിടെയും കാറ്റത്ത് പറന്നിറങ്ങിയിട്ടില്ല. ഒന്നുകില്‍ വിപ്ലവകാരികളും സാഹസികരുമായ ഒരു ന്യൂനപക്ഷത്തിന്റെ ക്ഷണനേരം കൊണ്ടുള്ള വിപ്ലവപ്രവര്‍ത്തനം. അല്ലെങ്കില്‍ നീണ്ടകാലങ്ങളിലേക്ക് നീങ്ങുന്ന രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെയും അതിന്റെ ആശയമേധാവിത്തപരമായ വളര്‍ച്ചയുടെ സാധ്യതകള്‍ നല്കുന്ന സമാധാനപരമായ ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭം. അതിനു പാവപ്പെട്ട, ജീവസന്ധാരണത്തിന്റെ ദൈനംദിന ഓട്ടങ്ങളില്‍ വ്യാപൃതനായ തൊഴിലാളിക്കും വിദ്യാര്‍ഥിക്കും കര്‍ഷകനും എല്ലാ പാവപ്പെട്ടവനും വേണ്ടത് ഏറ്റവും ചെറിയ നഷ്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന, ഏറ്റവും ദുര്‍ബലനെ വരെ കൈകോര്‍ക്കാനായി ക്ഷണിക്കുന്ന ഒരു സമരമാണ്. നോട്ട് ഇന്‍ മൈ നെയിം എന്നത് അത്തരത്തിലൊരു ഉള്‍ക്കൊള്ളലിന്റെ മുദ്രാവാക്യമാകുമെങ്കില്, അത് വളരെ ശക്തവും യുദ്ധതന്ത്രപരവുമായ ഒരു മുദ്രാവാക്യമാണ്.
മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയം പ്രതിരോധത്തിന്റെ വഴിയറിയാതെ ഉഴറുമ്പോള്‍ സംഘപരിവാര്‍ നയങ്ങള്‍ക്കെതിരായ സിവില്‍ സമൂഹപോരാട്ടങ്ങളെല്ലാം തന്നെ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള, സാംസ്കാരികാധിനിവേശത്തിന്റെയും സ്വന്തമാക്കലിന്റെയും അജണ്ടകള്‍ക്കെതിരായുള്ള സമരം. സംഘപരിവാറിന്റെ പ്രതിനിധാനമായി മാറിക്കഴിഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും തോല്പിക്കുവാനുമുള്ള, ജനപങ്കാളിത്തമുള്ള പോരാട്ടം, പല തലങ്ങളുള്ളതാണ്. പ്രധാനമായിരിക്കെത്തന്നെ അതിലൊന്നുമാത്രമാണു മതത്തിന്റെ രാഷ്ട്രീയം. അതിനു പുറമെ മാനവിക ജനാധിപത്യ സാമൂഹ്യബോധങ്ങളുടെയും പ്രാതിനിധ്യരാഷ്ട്രീയത്തിന്റെ വിമര്ശനാധികാരത്തിന്റെയും മുഖങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും സാധാരണക്കാരനായ മനുഷ്യനോട് വരെ സംവദിക്കുന്ന സിവില്‍ ധാര്‍മ്മിക പ്രശ്നങ്ങളുണ്ടതില്‍.
ആധുനിക ഹിന്ദുമതത്തിന്റെ അനുഷ്ഠാനശീലങ്ങളുടെ അടരുകളില്‍ പെട്ടുപോയ ഒരു വലിയവിഭാഗത്തെ ഒരൊറ്റ ബ്രായ്ക്കറ്റിലേക്കാക്കി തങ്ങളുടെ തീവ്രഹിന്ദുത്വരാഷ്ട്രീയത്തിനു ലെജിറ്റിമൈസേഷന്‍ നല്കാന് ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് സമൂര്‍ത്തമായ സാഹചര്യത്തില്‍ സമൂര്ത്തമായിത്തന്നെ മറുപടിനല്കേണ്ടതുണ്ട്. ആ നിലയില്‍ അതിനെ തള്ളിപ്പറയാന്‍ എന്തു തന്നെയായാലും, ഇന്നിന്റെ യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന ഹിന്ദു എന്ന പുതിയകാലത്തിന്റെ അനുഷ്ഠാന മതബോധത്തിനും അതിനെ പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ക്കും ബാധ്യതയുണ്ട്. പൊളിറ്റിക്കല്‍ ഹിന്ദുമതം എന്ന പുതിയകാല യാഥാര്‍ത്ഥ്യം തന്ത്രപരമായ ഒരു നിലപാട് എടുത്തേ മതിയാകൂ എന്ന ഒരു സ്ഥിതിയിലേക്ക് നമ്മെ എത്തിക്കുന്ന ഒരു പരിസരമുണ്ട്. സംഘപരിവാര്‍ പതിയെ നടത്തിയത് ഹിന്ദുമതത്തിന്റെ സ്വന്തമാക്കലാണ്. ഗോരക്നാഥ് പോലെയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈ ഔട്ടുകളെക്കുറിച്ച് എ ജി നൂറാനിയുള്പ്പടെയുള്ളവര് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുക. വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല പിന്നോക്കസമുദായങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന പല ആത്മീയാന്വേഷണസംഘങ്ങളിലേക്കും മഠങ്ങളിലേക്കും സംഘപരിവാറും അതിന്റെ സവര്‍ണ്ണ ഉന്നതകുല ഹിന്ദുത്വരാഷ്ട്രീയവും നൂഴ്ന്നുകയറിയതും അവയെ സ്വന്തമാക്കിയതും കേരളത്തിലെയും യാഥാര്‍ത്ഥ്യമാണ്. ഹിന്ദുമതത്തെ തീവ്രഹിന്ദുഗ്രൂപ്പുകളില് നിന്ന് മുക്തമാക്കി സംവേദനക്ഷമതയും സമാധാനവുമുള്ള ഒരു കക്ഷിയെ തല്ക്കാലത്തേയ്ക്കെങ്കിലും ഏല്‍പ്പിച്ചുകൊടുക്കുക എന്നത് അതുകൊണ്ടെല്ലാം തന്നെ നീണ്ടുനില്‍ക്കുന്ന ഒരു പ്രതിരോധ യുദ്ധതന്ത്രത്തിന്റെ ഭാഗവുമാണ്.
മുസ്ലിമെന്ന സ്വത്വത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സംഘപരിവാരത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മുസ്ലിം വിശ്വാസികള്‍ അതിന്റെ മതരീതികള്‍ ഉപയോഗിക്കുന്നതില്‍ ഒരപാകതയുമില്ല. അത് വേണ്ടതാണു താനും. എന്നാല്‍ ഈ പ്രതിഷേധം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിം ജീവിതങ്ങള്‍ക്കു വേണ്ടി സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനോ നീതിന്യായ സംവിധാനങ്ങളില്‍ നീതിക്കായി ആവശ്യമുയര്ത്താനോ മെനക്കെട്ടിട്ടില്ലാത്ത പൊളിറ്റിക്കല്‍ ഇസ്ലാം ഗ്രൂപ്പുകളെ ഏതെങ്കിലും വിധത്തില്‍ പ്രീണിപ്പിക്കുന്ന തരത്തിലോ ഇടം കൊടുക്കുന്ന തരത്തിലോ പിന്തുണയ്ക്കുന്നതല്ല എന്നത് പ്രധാനമാണ്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന സങ്കല്പനം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വ്യാകരണനിയമങ്ങളില്‍ തന്നെ പടുത്തുയര്‍ത്തിയ ഒന്നാണെന്നുള്ളതില്‍ തര്‍ക്കമില്ല.
സംഘപരിവാരത്തിന്റെ ഇസ്ലാം വിരുദ്ധതയെ എതിരിട്ട് തോല്‍പ്പിക്കപ്പെടേണ്ടതാണ്. ബീഫിന്റെ പേരില്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ എങ്കിലത് തിന്നിട്ട് തന്നെയെന്ന് വെല്ലുവിളിക്കാനും ആളുവേണം. ആളുവേണമെന്ന് പറയുമ്പോള്‍ നിസ്സാരമല്ലാത്ത, വലിയ തോതിലുള്ള ഒരു സംഘടിതപ്രതിഷേധമായി സമരങ്ങള്‍ മാറണം. ഹൈന്ദവജീവിതം നയിക്കുന്ന, ശീലിച്ച ഒരു സാധാരണക്കാരന് മുസ്ലിം അല്ലെങ്കില്‍ മറ്റൊരു അരികുവല്‍ക്കരിക്കപ്പെട്ട സ്വത്വം പ്രഘോഷിച്ചുകൊണ്ടുവേണം സമരത്തിലേക്ക് ചേരുവാനെന്നത് ഐഡിയലായ ഒരു ആവശ്യമാണ്. മറ്റുമതസ്ഥരായവരും അവിശ്വാസികളുമടക്കം എല്ലാവരും തങ്ങള്‍ മുസ്ലിംകളാണെന്ന് പ്രതീതാത്മകമായി പ്രഖ്യാപിച്ചുകൊണ്ട് സമരത്തിലേക്കെത്തണമെന്ന് ആരെങ്കിലും വാശിപിടിച്ചാല്‍, ഇതുവരെ നിങ്ങള്‍ നിശബ്ദത പാലിച്ചില്ലേ, അതിനാല്‍ നിങ്ങള്‍ക്കിനി സമരം ചെയ്യാന്‍ അവകാശമില്ലെന്ന് വാദിച്ചാല്‍, ഐക്യദാര്‍ഢ്യങ്ങള്‍ക്ക് വിശ്വാസ്യതയും തീവ്രതയുമില്ലെന്ന് കെറുവുപറഞ്ഞാല്, അതില്‍ പങ്കെടുക്കുന്നവരുടെ ബൂര്‍ഷ്വാ ലിബറലും ലിബറലും ഇടതുമായ രാഷ്ട്രീയബോധത്തെ രാഷ്ട്രീയലക്ഷ്യങ്ങളാലും തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയബോധ്യങ്ങളാലും ഇകഴ്ത്തിയാല്‍, ആ പറച്ചിലുകള്‍ ചരിത്രപരമായതും തന്ത്രപരമായതുമായ വിഡ്ഢിത്തങ്ങളാകും. സമരസാധ്യതകളെ നുള്ളിയെറിയുന്ന അത്തരം ശബ്ദങ്ങളെ അവഗണിച്ചുകൊണ്ടല്ലാതെ രാജ്യം മുഴുവന്‍ അണിനിരക്കുന്ന നിലയിലുള്ള വലിയ ബഹുജന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയില്ല. നോക്കൂ, നാം നിസ്സാരരായ, ഇതുവരെ അശക്തരെന്ന് സ്വയം കരുതിപ്പോരുന്ന, ജീവിതത്തിരക്കുകള്ക്കിടയ്ക്കൊരു സമരത്തിനു സമയമില്ലാത്ത, രാഷ്ട്രീയശരികളുടെ ഇഴകീറാനറിയാത്ത, നിസ്സംഗരും നിസ്സഹായരുമായ, മറ്റു മതസ്ഥരും മറ്റുവര്ഗ്ഗക്കാരുമൊക്കെയായ അനേകം മനുഷ്യരെക്കൂടി ഒരു വലിയ സമരത്തിനായി ഉള്ച്ചേര്ക്കുന്നതിനെക്കുറിച്ചും ഒരു സാംസ്കാരികപ്രതിരോധമായുള്ള അതിന്റെ വളര്ച്ചാസാധ്യതയെക്കുറിച്ചുമാണ് പറയുന്നത്.
നോട്ട് ഇന്‍ മൈ നെയിം അത്തരത്തില്‍ മാനവികതയെയും പൗരസാമൂഹ്യബോധങ്ങളെയും അഭിസംബോധനചെയ്യുന്ന വിശാലമായ ഒരു ആഹ്വാനമാണെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണു ഈ കൊലപാതകങ്ങള്‍ അപലപിക്കപ്പെടാതെ പോകുന്നത്, അപരാധികള്‍ ശിക്ഷിക്കപ്പെടാത്തത്, സര്‍ക്കാര്‍ ഇതിലൊന്നും ഇടപെടാത്തത് എന്നാണവര്‍ ചോദിക്കുന്നത്. പ്രതിരോധസൈദ്ധാന്തികതകളുടെ ഏറ്റവും വലിയ രാഷ്ട്രീയശരിക്കാരും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തന്നെയാണവ. സഹജീവികള്‍ ആക്രമിക്കപ്പെടുന്നത് പതിവായിമാറിയ ഒരു കാലത്ത് നിസ്സഹായതയുടെ ആള്പൊക്കങ്ങളില് നിന്നും, നിസ്സംഗതയുടെ തലപ്പുകളില്‍ നിന്നും സംഘടിതശക്തിയുടെ കരുത്തുമായി താഴെയിറങ്ങിവന്ന് ഉയര്‍ത്തുന്ന ആ ചോദ്യങ്ങള്‍ ഉയിര്‍ക്കുന്നത് മറ്റൊരു മനുഷ്യനെക്കുറിച്ചുള്ള ആകുലതയില്‍ നിന്നാണ്. മാനവികതയുടെ മണ്ണില്‍ നിന്നും പുതുതായി വീണ്ടും കണ്ടെത്തപ്പെടുന്ന പൗരസാമൂഹ്യബോധങ്ങളില് നിന്നുമാണ്. ഇവയ്ക്ക് ഉത്തരങ്ങള്‍ നേടുമെന്ന ഉത്തരവാദിത്തത്തില്‍ നിന്നുകൂടിയാണ്. അതിന്റെ സ്വാഭാവികമായ വളര്‍ച്ച തീര്‍ച്ചയായും ചെന്നു തട്ടി തടഞ്ഞുകളയുന്നതും ചോദ്യം ചെയ്യുന്നതും രാജ്യത്തിന്റെ ഭാഗധേയം തീരുമാനിക്കാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനുണ്ട് എന്ന് അവര്‍ സ്വയം കരുതിവശായ പ്രാമാണ്യത്തെയും അധികാരബോധത്തെയുമാണ്.
മാനവികതയുടെയും ജനാധിപത്യബോധത്തിന്റെയും കാരണങ്ങളാല്‍ നയിക്കപ്പെടുന്ന ഐക്യദാര്‍ഢ്യപ്പെടലുകളുടെ വലിയ സമരരൂപങ്ങളില്‍ മൂര്ത്തമായിരിക്കുന്നത് സ്വത്വബോധങ്ങള്‍ മാത്രമാല്ല. അങ്ങനെ ധരിക്കുന്നവര്‍ മനസിലാക്കാതെ പോകുന്ന, അതിനുള്ളില്‍ ലീനമായിരിക്കുന്ന ഒരു പ്രധാന സംഗതി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്ത ഇന്ത്യയിലെ എഴുപത് ശതമാനത്തോളമുള്ള അസ്വസ്ഥരായ മനുഷ്യരുടെ പ്രതിനിധാനത്തിന്റെ പ്രഖ്യാപനം കൂടി അതിലുണ്ടെന്നുള്ളതാണ്. മതസ്പര്‍ധ വളര്‍ത്തി, വൈവിധ്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭരണഘടനാപരമായ മൂല്യങ്ങള്‍ ഇല്ലാതെയാക്കി, അവയെ തല്ലിക്കെടുത്താനുള്ള ശ്രമങ്ങളും അതിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും എന്റെയും ഞങ്ങളുടെയും പേരിലല്ല എന്ന പ്രഖ്യാപനമാണ്. മുന്‍പ് പറഞ്ഞതുപോലെ പ്രതിരോധത്തിന്റെ വ്യാകരണം കണ്ടെത്തുന്നതിലും പ്രയോഗിക്കുന്നതിലും മുഖ്യധാരാപ്രതിപക്ഷം ഇരുട്ടത്ത് തപ്പിക്കൊണ്ടിരിക്കുമ്പോള്‍ സാമൂഹികമായ എതിര്‍പ്പുകള്‍ക്ക് പ്രകാശനത്തിന്റെ വഴികള്‍ വേണം, അവ അത് തേടുകയും ചെയ്യും.
തീവ്രബാലാരിഷ്ടതകളുടെ രാഷ്ട്രീയങ്ങള്‍ക്ക്, ശുദ്ധതാവാദികള്ക്ക്, അരാജകവാദികള്‍ക്ക്, തീവ്രസ്വത്വവാദത്തിന്റെ കള്ളികളില്‍ സ്വയം തളച്ചിട്ടവര്‍ക്ക് ഇവ മനസ്സിലായിക്കൊള്ളണമെന്നില്ല. സാധ്യതകളുടെ ഓരോ ഘട്ടത്തിലും നിമിഷത്തിലും ഒത്തൊരുമയുടെ വലിയ സാധ്യതകളെ ചിതറിക്കുക എന്നതല്ലാതെ അവകൊണ്ട് പ്രയോജനങ്ങളില്ലതന്നെ. ഒറ്റപ്പെട്ട കള്ളികളില്‍ പെടുത്താതെ മനുഷ്യരെ ഒരുമിച്ചു ചേര്‍ത്തുനിര്‍ത്തുന്ന പ്രതിഷേധങ്ങളിലൂടെ നിലനില്‍ക്കുന്ന ഭീഷണമായ ചിത്രം പതിയെ മാറുമെന്ന ശുഭാപ്തിവിശ്വാസമാണു മെച്ചമായത്. അതിനു ചെയ്യേണ്ടത് നോട്ട് ഇന്‍ മൈ നെയിം പോലെയുള്ള പ്രക്ഷോഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. ഇവ ഒറ്റയ്ക്ക് നില്‍ക്കേണ്ടവയല്ല. ഉയര്‍ന്നുവരുന്ന വിവിധങ്ങളായ പ്രതിഷേധങ്ങള്‍ പതിയെ പരസ്പരം തുന്നിച്ചേരേണ്ടതുണ്ട്. പുതിയവ നാമ്പെടുക്കേണ്ടതുണ്ട്. അവയെ സ്തുതിക്കേണ്ട. പക്ഷേ ഇകഴ്ത്തരുത്. സാധ്യതയുടെ ഒരടരിനെ ഉണക്കിക്കളയരുത്.
സ്വാതി ജോര്‍ജ്
You must be logged in to post a comment Login