പ്രപഞ്ചത്തിലെ സവിശേഷ സൃഷ്ടിയാണ് മനുഷ്യന്. അവനെ സൃഷ്ടിച്ച സ്രഷ്ടാവ് അവനുവേണ്ടിതന്നെ സംവിധാനിച്ചതാണ് ഇസ്ലാം. അതിനാല്‍ മനുഷ്യന്റെ ആലോചനകളും ആസ്വാദനങ്ങളും അനുഭൂതികളും ഇസ്ലാമിന്ന് വിഷയമാണ്. അങ്ങനെയാണ് കലയും സാഹിത്യവും മനുഷ്യജീവിതത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സര്‍ഗഭാവങ്ങളായിത്തീരുന്നത്. മൃഗീയചോദനകളുണ്ട് മനുഷ്യന്റെ ഉള്ളില്‍. മൂല്യങ്ങളുമുണ്ട്. ഇതിലേത് എന്ന തീരുമാനം മനുഷ്യന്റേതാണ്. മൃഗീയതക്ക് കളമൊരുക്കുന്നതിനോട് ഇസ്ലാമിന് വിയോജിപ്പാണ്. എന്നാല്‍ മൂല്യങ്ങളെയും വിവേകത്തെയും സമന്വയിപ്പിക്കുന്ന ആനന്ദാഘോഷങ്ങളെ അത് അനുഭാവപൂര്‍വം കാണുകയും ചെയ്യുന്നു.
ജീവപ്രപഞ്ചം മനോഹരമായ ഒരു കലാരൂപമാണ്. കലാസമ്പന്നമായ പദാവലികള്‍ കൊണ്ടാണ് ഖുര്‍ആന്‍ പ്രപഞ്ചത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. രാവ് പുതച്ചുമൂടിയാല്, പ്രഭാതം പൊട്ടിവിടര്‍ന്നാല്‍ എന്നൊക്കെയുള്ള പദാവലികള്‍ സുപരിചിതം. ഇതില്‍നിന്നൊക്കെയാണ് ഇസ്ലാമിന്റെ കലാസാഹിത്യ വിചാരങ്ങള്‍ ആവിര്‍ഭവിക്കുന്നത്. സ്രഷ്ടാവിന്റെ തന്നെ സംവിധാനമാണ് ഇസ്ലാം. അതുകൊണ്ട് ഇസ്ലാം സവിശേഷ സൃഷ്ടിയായ മനുഷ്യന്റെ എല്ലാ വിധ വ്യവഹാരങ്ങളെയും ഉള്‍കൊള്ളുന്നു. ആലോചനയുടെയും ആസ്വാദനത്തിന്റെയും അനുഭൂതികളുടെയും സകല ചോദനകളെയും മനുഷ്യനില്‍ സംവിധാനിച്ചവനും അവന് തന്നെയാണ്.
ഇസ്ലാമിക കല
ആത്മീയതയുടെ അനേകം ആവിഷ്കാരങ്ങളിലൊന്നാണ് ഇസ്ലാമിക കല. ആത്മീയമായ അന്വേഷണവും ആവിഷ്കാരവും ഇസ്ലാം ആരാധനയായി കാണുന്നു. അതിലൂടെ ഒരാത്മീയ രസതന്ത്രം രൂപപ്പെടുന്നത് കാണാം.
കഅ്ബാലയം പുതച്ചുനില്‍ക്കുന്ന കരിമ്പടത്തില്‍ ഒരു ഫാക്ടറിയിലെ ഒരു സംഘം കലാകാരന്മാരുടെ ഒരു വര്‍ഷത്തെ കലാ വിരുത് പ്രകടമാണ്. അതില്‍ നെയ്തുചേര്‍ത്ത സ്വര്ണനൂലുകള് പ്രകാശിപ്പിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ ആത്മീയമായ ആലോചനയുടെയും സര്‍ഗാത്മകമായ പ്രയത്നങ്ങളുടെയും ഫലശ്രുതിയാണ്. ആ കഅ്ബയോട് ചേര്‍ന്ന്, ഒരേ വികാരത്തോടെ, ഒരേ ലക്ഷ്യത്തിലേക്ക്, ഒരേ താളത്തോടെ പ്രദക്ഷിണം ചെയ്യുന്ന പരസഹസ്രങ്ങള്‍ കൂടിയാകുമ്പോള്‍ ഇസ്ലാമിക കലാസാഹിത്യാവിഷ്കാരങ്ങളുടെ ഒരുണര്‍വും ഒഴുക്കും ദേശാന്തരങ്ങളെയും രാപകലുകളെയും കടന്നുപോവുന്നത് കാണാം. ഇസ്ലാമിക കലയുടെ ഉറവിടം ആധ്യാത്മികമാണെന്ന് പറയുന്ന ഹുസൈന് നസ്റിന്റെ വരികള്‍ ഇങ്ങനെ:
‘ഇസ്ലാമിക പാരമ്പര്യത്തിന്റെ ആന്തരിക തലത്തിലും കലക്ക് ഉരുവം നല്‍കുകയും പരിപാലിക്കുകയും അത്യുത്കൃഷ്ടമായ ആകത്വവും അത്ഭുതകരമായ ഉള്‍സാരവും ഒരുക്കിച്ചേര്ക്കുകയും ചെയ്ത ഊര്‍ജ സ്രോതസ്സിനെയാണ് ഇസ്ലാമിക കലയില്‍ അന്വേഷികക്കേണ്ടത്.’
ഇസ്ലാമിക കലയെക്കുറിച്ച് പഠന തല്പരതയോടെ അന്വേഷണത്തിനിറങ്ങിയവരും ആ കലയുടെ ആഴങ്ങളറിഞ്ഞവരും മുസ് ലിം സാമൂഹിക വികാസത്തില്‍ കലാഭിമുഖ്യം വഹിച്ചുവെന്നും അതിന്റെ വൈപുല്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജോനാഥന് ബ്ലൂമറും ഷീലാ ബ്ലയറും എഴുതുന്നു: ഇസ്ലാമികമായ അനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി മാത്രം സംവിധാനിക്കപ്പെട്ടവയല്ല ഇസ്ലാമിക കല. പകരം മുസ്ലിംകള് ധാരാളമായി അധിവസിക്കുന്ന നാടുകളില്‍ അവിടുത്തെ ജനങ്ങള്ക്കുവേണ്ടിനിര്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന എല്ലാ കലാവിഷ്കാരങ്ങളും ഇസ്ലാമിക കലയില്‍ പെടുന്നു.’ ഇതേ ആശയം കാത്ലീന് കാപ് എഡിറ്റ് ചെയ്ത് ബ്രിട്ടാനിക്ക പ്രസിദ്ധീകരിച്ച ഇസ്ലാമിക് ആര്‍ട് ലിറ്ററേചര്‍ ആന്റ് കള്‍ചര്‍ എന്ന ഗ്രന്ഥത്തിലും പറയുന്നുണ്ട്.
ഇസ്ലാമിക സാഹിത്യം ഭാഷാ വൈവിധ്യങ്ങളെയും സാംസ്കാരിക വിഭിന്നതകളെയും സാഹചര്യ വ്യത്യസ്തകളെയും ഉള്‍കൊള്ളുന്ന ഒന്നാണ്. അഭിമുഖീകരിക്കുന്ന ഏത് വ്യവസ്ഥിതിയെയും സംബോധന ചെയ്യാനുള്ള ആശയോപാധികളും വിനിമയ മാധ്യമങ്ങളും മുസ്ലിംകള് നിര്‍മിച്ചെടുത്തു. എല്ലാ പ്രദേശങ്ങളിലും ലിഖിത ഭാഷ രൂപപ്പെടുത്തുകയും ഇസ്ലാമിക സാഹിത്യസംപ്രേഷണം സുതാര്യമാക്കുകയും ചെയ്തു. അറബി മലയാള സാഹിത്യത്തിന്റെയും നിമിത്തം ഇതുതന്നെയാണ്. അറബി ഭാഷയെ സാര്വദേശീയമാക്കുന്നതോടൊപ്പം ലോക ഭാഷകളുടെയെല്ലാം വളര്‍ച്ചയെ സ്വാധീനിക്കാനും സാഹിത്യ സമ്പുഷ്ടമായൊരു വിചാരലോകം കെട്ടിപ്പടുക്കാനും സംഭാവന ചെയ്യാനും ഇസ്ലാമിക സാഹിത്യ വ്യവഹാരത്തിന് കഴിഞ്ഞു.
മുന്‍കാല പ്രവാചകന്മാരുടെ പ്രബോധന മാര്‍ഗങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യവുമായി നേരിട്ടുള്ള ബന്ധങ്ങള്‍ അവക്കുണ്ടായിരുന്നില്ല. പക്ഷേ തിരുനബി(സ്വ) യുടെ സമൂഹം സാഹിത്യത്തിലും സര്‍ഗാത്മകതയിലും മുന്നില്‍നിന്നവരായിരുന്നു. അതുകൊണ്ടാണ് മുഴുവന്‍ സാഹിത്യ വ്യവഹാരങ്ങളെയും അതിജയിക്കുന്ന ഖുര്‍ആന്‍ തിരുനബിയുടെ ഏറ്റവും വലിയ അമാനുഷികതയായി അല്ലാഹു നല്‍കിയത്.
കലാസാഹിത്യ പ്രകടനങ്ങള്‍ സാമ്പത്തിക, സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വഴിമാറുകയും ആഭാസവേദികളുടെ വിലാസമാവുകയും ചെയ്യുമ്പോള്‍ തനത് സാഹിത്യ കലകളെ വളര്‍ത്താനും ധര്‍മ സംസ്ഥാപനോപാധിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കണം. അത് കാലോചിതമായ ഒരു പ്രബോധന നിര്‍വഹണമാണ്.
കല്പിത കവിതകള്‍ പണ്ഡിതന്മാര്ക്ക് ഉചിതമല്ല. അങ്ങനെയായിരുന്നെങ്കില്‍ ലബീദിനെക്കാള്‍ വലിയ മഹാകവിയായി ഞാന്‍ മാറുമായിരുന്നുവെന്ന് കാവ്യരൂപത്തില്‍ ഇമാം ശാഫിഈ(റ) അവതരിപ്പിക്കുന്നുണ്ട്(വലൗലശ്ശഅ്റുലില്ഉലമാ ഇ യുസ്രീ, ലകുന്തുല്യൗമ അശ്അറ മിന്ലബിദീ)
ആവിഷ്കാര സൗന്ദര്യവും ആശയഗാംഭീര്യവും വിളിച്ചോതുന്ന, സമൂഹത്തെ തൊട്ടുണര്‍ത്തുന്ന കവിതകളായിരുന്നു ഇമാം ശാഫിഈയുടേത്. അത് ഭാവനാത്മകമായിരുന്നില്ല, യാഥാര്‍ത്ഥ്യബോധത്തോടെ രചിക്കപ്പെട്ടവയായിരുന്നു. ‘കാലം ശിക്ഷണം നല്കിയപ്പോഴെല്ലാം എന്റെ ധിഷണയുടെ പരിമിതി ബോധ്യമായി. വിജ്ഞാന വ്യുല്പത്തി എന്നിലെ അറിവുകേടിനെ ബോധ്യപ്പെടുത്തി’- ഇത്തരം കവിതകള്‍ എത്ര മനോഹരമാണ്. എവിടെയും നന്മയുടെ ബദലുകള്‍ വരണം. കലാസാഹിത്യ രംഗത്തെ നന്മയുള്ള ബദല്‍ തേടുകയാണ് സാഹിത്യോത്സവ്.
പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login