ഈയിടെ ഏതാനും ദളിത് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ചെറായിയില്‍ നിന്ന് പേരാമ്പ്രയിലേക്കൊരു അന്വേഷണ യാത്ര നടന്നിരുന്നു. സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്ന സ്ഥലമാണ് ചെറായി. ഈയിടെ ആ ഓര്‍മയുടെ നൂറാം വാര്ഷികാഘോഷമുണ്ടായി. ഇപ്പോഴും അയിത്തം നിലനില്‍ക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ പേരാമ്പ്ര, പാലക്കാട്ടെ ഗോവിന്ദപുരത്തോടൊപ്പം. പേരാമ്പ്രയിലെ സര്‍ക്കാര്‍ സ്കൂളില്‍ ആകെ പതിനാല് കുട്ടികളാണുള്ളത്. പതിനാലുപേരും തൊട്ടടുത്തുള്ള ദളിത് കോളനിയിലെ കുട്ടികള്‍. ‘പറയ’ക്കുട്ടികളോടൊപ്പം പഠിക്കാന്‍ മറ്റാരും സന്നദ്ധരാവുന്നില്ല. കഴിഞ്ഞ വര്‍ഷമാണത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പുതുതായി സ്കൂളില്‍ ചേര്‍ന്നവര്‍ നാലുപേരും അതേ കോളനിയില്‍ നിന്നുള്ളവര്‍ തന്നെ. ‘പറയ’ സ്കൂള്‍ മറ്റാര്‍ക്കും വേണ്ട തന്നെ.
സാഹോദര്യ-സ്വാഭിമാന യാത്ര, കേരളം ചെറായിയില്‍നിന്ന് പേരാമ്പ്രയിലേക്ക് തിരിച്ചുനടക്കുകയാണോ എന്ന ചോദ്യമാണുന്നയിക്കാന് ശ്രമിച്ചത്. കഴിഞ്ഞ നൂറ്റാണ്ട് മിശ്രഭോജനത്തിലേക്കും മിശ്രവിവാഹത്തിലേക്കും മിശ്രജീവിതത്തിലേക്കുമാണ് കേരളത്തെ നയിക്കാന്‍ ശ്രമിച്ചത്. അങ്ങനെയാണ് മതേതര കേരളം രൂപപ്പെടുന്നത്. ഒരേ സ്കൂളില്‍, ക്ലാസ്മുറിയില്‍ മരബെഞ്ചിലിരുന്ന് വിവിധ മതസ്ഥര്‍, വിവിധ ജാതിയിലുള്ളവരും ഒരുമിച്ചിരുന്ന് പഠിക്കാനും പുറത്ത് ഇടകലര്‍ന്ന് അടുത്തടുത്ത വീടുകളില്‍ താമസിക്കാനും തുടങ്ങി. ആറാട്ടുപുഴ പൂരവും പാവറട്ടി പെരുന്നാളും ചാവക്കാട് ജാറവും വലിയ വ്യത്യാസമൊന്നുമില്ലാതെ ഏതാണ്ടെല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന പൊതുഉത്സവങ്ങളായി. നേര്‍ച്ചക്കഞ്ഞിയും പിറന്നാള്‍ കേക്കും ഓണസദ്യയും പരസ്പരം കൈമാറാവുന്നതും ക്ഷണിക്കാവുന്നതുമായി.
പക്ഷേ ഇതൊരു പഴങ്കഥയായി മാറുകയാണോ? മലയാളികള്‍ വീണ്ടും മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവുമായി മാറുകയാണോ? പുലയനും പറയനും നമ്പൂതിരിയും നമ്പ്യാരും വാര്യരും ഈഴവനുമായി മാറുകയാണോ? ഞങ്ങളിലില്ല ഹൈന്ദവരക്തം, ക്രൈസ്തവ രക്തം, മുസ്ലിം രക്തം എന്നിടം വരെ മതേതരത്വം വലിച്ചുനീട്ടിയതിന്റെ അതിശയോക്തി നമുക്ക് ബോധ്യപ്പെടുന്നത് നല്ല കാര്യം. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ് കേരളത്തിന്റെ ഗുരു മതേതര കേരളത്തെ അടയാളപ്പെടുത്തിയത്. മതദ്വേഷമില്ലാത്ത കേരളം, ജാതിഭേദമില്ലാത്ത കേരളം ഘോഷിക്കപ്പെട്ടു. എന്നാല്‍ മതേതരത്വത്തിന്റെ ആ കേരള മാതൃക വെറും കെട്ടുകഥയോ?
ഈ യാത്ര ചെറായിയില്‍ നിന്ന് തുടങ്ങിയപ്പോള്‍ ഒരു റാഡിക്കല്‍ മുസ്ലിം ബുദ്ധിജീവി ചോദിച്ചത്രെ, ഞങ്ങള്‍ മുസ്ലിംകളെ കൂട്ടാതെയോ സാഹോദര്യ-സ്വാഭിമാനയാത്ര? ഈ ചോദ്യം പ്രധാനപ്പെട്ട ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ദളിത്-മുസ്ലിം ഐക്യത്തിന് ദളിതുകളാണോ മുന്‍കയ്യെടുക്കേണ്ടത്/ ദളിത്-മുസ്ലിം ഐക്യം ദളിതുകളുടെ ചെലവിലാണോ സംഭവിക്കേണ്ടത്? ആ യാത്രയിലേക്ക് മുസ്ലിം വിഭാഗം ക്ഷണിക്കപ്പെട്ടാലുമത് തീവ്രവാദത്തിന്റെയോ യാഥാസ്ഥിതികത്വത്തിന്റെയോ പേരില്‍ വിമര്ശിക്കപ്പെടുമായിരുന്നുതാനും.
മുത്തങ്ങക്കാലം ഒന്നോര്‍ത്തുനോക്കാം. ആദിവാസികളുടെ ഭരണഘടനാപരമായ അവകാശമായ ആദിവാസി സ്വയം ഭരണം ഉറപ്പുനല്‍കിയ സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് നടപ്പാക്കിക്കിട്ടാന്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്ര മഹാസഭ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്ന ദിവസങ്ങള്‍. കേരളം ആ സമരം ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, കാട്ടില്‍ കയറി അവരെ അടിച്ചിറക്കുമെന്ന് ചില പരിസ്ഥിതിവാദികള്‍ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. കാട്ടില്‍ കാടിന്റെ നേരവകാശികളായ ആദിവാസികള്‍ക്കെന്ത് കാര്യം? കാട് ഏല്പിക്കപ്പെട്ടിരിക്കുന്നത് നാഗരിക ബുദ്ധിജീവികളുടെ പാരിസ്ഥിതിക, കാല്പനിക ഔദാര്യത്തിലാണല്ലോ. അങ്ങനെയാണല്ലോ മുത്തങ്ങാ വെടിവെപ്പ് നടന്നത്. രണ്ടുഭാഗത്തുനിന്നും ഓരോ ദളിതര്‍ ബലിയര്‍പ്പിക്കപ്പെട്ട, ലോകം മുഴുവന്‍ തള്ളിപ്പറഞ്ഞ ആ വെടിവെപ്പിനെ നിരുപാധികം ന്യായീകരിച്ചിരുന്ന ഒരൊറ്റ പ്രസിദ്ധീകരണമെങ്കിലും മലയാളത്തിലുണ്ടായിരുന്നു. അതൊരു മുസ്ലിം പത്രമായിരുന്നു, ചന്ദ്രിക. അന്നത്തെ ഭരണ മുന്നണിക്ക് സ്വന്തമായൊരു പത്രമേ ഉണ്ടായിരുന്നുള്ളൂവത്രെ. ഇതായിരുന്നു അവരുടെ എഡിറ്റോറിയല്‍ ന്യായീകരണം. വെടിവെപ്പാനന്തരം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ചില മുസ്ലിം സംഘടനകളും ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ആദിവാസികള്‍ തെരുവിലിറങ്ങുന്നതിനെ ചെറുക്കുകയും അവരെ കൂട്ടത്തോടെ പോലീസ് സ്റ്റേഷനുകളിലേക്ക് ആട്ടിത്തെളിയിക്കുകയും ചെയ്ത വയനാടന്‍ ആള്‍ക്കൂട്ടത്തില്‍ വയനാട്ടിലെ മുസ്ലിംകളുമുണ്ടായിരുന്നു. ആദിവാസികളോടൊപ്പം നിരുപാധികം സജീവമായിരുന്ന ഒരൊറ്റ മുസ്ലിം സംഘടന പോലും അന്നില്ലായിരുന്നു.
ഈ വയനാടനുഭവത്തില്നിന്ന് നമുക്ക് നേരെ ഗുജറാത്തിലേക്ക് പോകാം. ആദിവാസികളുമായി മുസ്ലിം കച്ചവടക്കാര്‍ക്കുള്ള വൈരുധ്യം മൂര്ഛിച്ചാണല്ലോ മുസ്ലിം വിരുദ്ധ കലാപങ്ങളിലെ കോടാലിക്കൈകളായി ആദിവാസി ദളിത് വിഭാഗങ്ങള്‍ ഉപയോഗിക്കപ്പെട്ടത്. ഏകീകൃത ഹിന്ദുമത നിയോജക മണ്ഡലമെന്ന സംഘികളുടെ മുദ്രാവാക്യം അവരെ നന്നായി തുണക്കുകയും ചെയ്തു. മുത്തങ്ങാനന്തരവും ഗുജറാത്താനന്തരവും കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ടെന്നത് ശരി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക കൂടി ചെയ്യുന്ന ചില മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ദളിത് ആക്ടിവിസ്റ്റുകളുമുണ്ടിപ്പോള്. എല്ലാ മുസ്ലിം പൊതുപരിപാടികളിലും പ്രധാന പ്രഭാഷകരായോ അതിഥി പ്രഭാഷകരായോ ദളിത് ബുദ്ധിജീവികള്‍ സ്ഥിരമായി ക്ഷണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ അംബേദ്കറൈറ്റ് ബുദ്ധിജീവികളും അംബേദ്കറിസത്തിലേക്ക് കൂറുമാറിയ മുന്‍നക്സലൈറ്റുകളും ഈ പ്ലാറ്റ്ഫോമുകള് എങ്ങനെയാണ്, എന്തിനുവേണ്ടിയാണുപയോഗിക്കുന്നത്? മിക്കവാറും ബ്രാഹ്മണിസത്തെ, ഹിന്ദുമതത്തെപ്പോലും അക്രമിക്കാനായി. ഗാന്ധിജിയെയും ഗാന്ധിസത്തെയും നിരുപാധികമായി അപലപിക്കാനും അപഹസിക്കാനും! ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സേ ഉന്നയിച്ച ന്യായങ്ങളില്‍ ഒന്നൊഴിച്ച് മറ്റെല്ലാം മുസ്ലിം പക്ഷപാതി എന്ന ആരോപണമാണെന്നിരിക്കെ, മുസ്ലിം പ്ലാറ്റ്ഫോമുകള് ഗാന്ധിവധം ഓട്ടന്‍ തുള്ളല്‍ അരങ്ങേറാനായി ഒഴിഞ്ഞുകൊടുക്കുന്നത് നന്ദികേടെങ്കിലുമാണ്. അംബേദ്കറൈറ്റുകളുടെ ഗാന്ധി വിരോധത്തിന് അവരുടേതായ കാരണങ്ങളുമുണ്ടാവാം. മുസ്ലിംകള്‍ക്കെന്ത്?
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് കാര്യങ്ങള്‍ കുറെക്കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ്, ദില്ലി സര്‍വകലാശാലകളില്‍ ദളിത് വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക സൗഹൃദം മുസ്ലിം സംഘടനകളുമായാണ്. ഇടതുപക്ഷ- മതേതര വേദികളെക്കാള്‍ കൂടുതല്‍ വേദികള്‍ പുതിയ ദളിത് ആക്ടിവിസ്റ്റുകള്‍ക്ക് ലഭിക്കുന്നത് മുസ്ലിം പരിപാടികളില്‍ തന്നെ, രോഹിത് വെമുലയുടെ അമ്മ മുതല്‍ ജിഗ്നേഷ് മെവാനി വരെ. എന്നാല്‍ അതിഥികളായി വന്നുപോകുന്നു എന്നതൊഴിച്ചാല്‍ ദളിത്-മുസ്ലിം ഐക്യത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകളെങ്കിലും തുടങ്ങിവെക്കാന്‍ മുസ്ലിം ആതിഥേയത്വത്തിനാവുന്നുണ്ടോ? മുസ്ലിം വേദികളില്‍ സ്ഥിരമായി പങ്കെടുക്കുന്നവരെക്കുറിച്ച് ബിരിയാണി എന്നൊരു പരിഹാസപ്പേര് ദളിത് സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിക്കുന്നുമുണ്ട്. അതായത് മുസ്ലിംകളുമായി ഐക്യദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ ദളിതുകള്‍ക്കിടയില്‍ വലിയൊരു ധ്രുവീകരണം നടന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന മുസ്ലിം അനുഭാവികളായ ദളിത് ബുദ്ധിജീവികള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് മുസ്ലിംകള്ക്ക് ദളിത് കാര്യങ്ങളിലോ ദളിതര്‍ക്ക് മുസ്ലിം കാര്യങ്ങളിലോ എന്തുകാര്യം എന്ന് പുറംതിരിഞ്ഞിരിക്കുന്നവരും. രണ്ടു ക്യാമ്പുകള്ക്കുമിടയിലാണ് ഭൂരിപക്ഷം വരുന്ന ദളിതര്‍.
ദളിത്- മുസ്ലിം ഐക്യം സ്ഥാപിക്കാന്‍ രണ്ട് മുന്‍കൈകള്‍ മുസ്ലിംകള്ക്കിടയില് നിന്നുണ്ടായിട്ടുണ്ടല്ലോ. ഒന്ന് മഅ്ദനിയുടേത്. തന്റെ ആവേശകരമായ പ്രഭാഷണങ്ങളിലൂടെ നാമൊന്നാണ്, ഒന്നായി നില്‍ക്കണം എന്ന വികാരം സൃഷ്ടിക്കാനാണ് മഅ്ദനി ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അറസ്റ്റും ദീര്‍ഘകാലത്തെ ജയില്‍വാസം മൂലം ആ ശ്രമങ്ങള്‍ തുടരാനാവാതെ പോയതുമാണ് ആദ്യാനുഭവം. ഉശിരന്മാരായ ഏറെ ദളിത് ആക്ടിവിസ്റ്റുകളെ മുസ്ലിം പക്ഷത്തേക്ക് നയിക്കാന്‍ ആ വൈകാരിക ഉദ്ബോധനങ്ങള്‍ക്ക് കഴിഞ്ഞു. പിന്നീടുണ്ടായ ഉദാഹരണം സോളിഡാരിറ്റിയുടേതാണ്. ഇടതുപക്ഷക്കാരെക്കാള് ഇടതുപക്ഷമാവാനായിരുന്നല്ലോ അവരുടെ ശ്രമം. ആളും അര്‍ത്ഥവുമുള്ള ഒരു സംഘടന ചെറുസമരങ്ങളിലിടപെടുമ്പോള് ആ സമരങ്ങളുടെ മൗലികത നഷ്ടപ്പെടുകയായിരിക്കും ഫലം. പന്തലുകെട്ടണോ, കൊടിപിടിക്കണോ, ബാനറെഴുതണോ, പോസ്റ്ററൊട്ടിക്കണോ, മുദ്രാവാക്യം വിളിക്കണോ, ഫോട്ടോ എടുക്കണോ, പത്രറിപ്പോര്‍ട്ട് കൊടുക്കണോ… ഇങ്ങനെയെല്ലാം ചെയ്തുകൊടുക്കുന്നതു വഴി സമരത്തിന്റെ പിന്നിലോ കൂടെയോ നില്ക്കുന്നവരാകുകയല്ല, മുന്നില്‍നിന്ന് നയിക്കുന്നവരാകുകയായിരുന്നു സോളിഡാരിറ്റി. പ്ലാച്ചിമട സമരം അവസാനിച്ചപ്പോള്‍ മയിലമ്മയെയല്ല, സോളിഡാരിറ്റി സെക്രട്ടറിയെയാണ് പ്രബോധനം ഇന്റര്‍വ്യൂ ചെയ്തത്! തങ്ങള്‍ നേതൃത്വം കൊടുത്തു വിജയിപ്പിച്ച ഒരു സമരം എന്നവര്‍ക്ക് സംഘടനാപരമായി സ്ഥാപിക്കേണ്ടതുണ്ട്. നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പുറത്തുനിന്നുള്ളവരുമായുള്ള ബന്ധത്തിന്റെ തുടരുപയോഗവും അവര്‍ക്കാവശ്യമുണ്ടായിരുന്നു.
ദളിത്-മുസ്ലിം ഐക്യത്തിന്റെ കാര്യത്തില്‍ മഅ്ദനിയുടെ ആവേശോജ്വലമായ പ്രഭാഷണങ്ങളും സോളിഡാരിറ്റിയുടെ സംഘടനാപാടവവും ഒരേപോലെ നിഷേധാത്മകമായിരുന്നു എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് നമുക്കാരംഭിക്കണം. മുസ്ലിം മഹാമഹങ്ങളിലെ ഒറ്റപ്പെട്ട ദളിത് സാന്നിധ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാണുപയോഗപ്രദമാകുന്നത്. കേരളത്തിലെ ദളിതുകളില്‍ ഭൂരിപക്ഷവും സി പി എമ്മിന്റെ കൂടെയോ കോണ്‍ഗ്രസിന്റെ കൂടെയോ സംഘികളുടെ കൂടെയോ ആണ്. സി പി എം തങ്ങളുടെ അധികാരമുപയോഗിച്ച് നല്കാന് കഴിയുന്ന നക്കാപിച്ച ഉപയോഗിച്ചാണ് ദളിതുകളെ കൂടെ നിര്‍ത്തുന്നത്. ഒരു കാഡര്‍ പാര്‍ട്ടി എന്ന നിലയിലുള്ള സംരക്ഷണവും അവര്‍ നല്കുന്നു. യു ഡി എഫിനുള്ള ദളിത് പിന്തുണ കാണെക്കാണെ കുറഞ്ഞുവരികയാണ്. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും കൈവിട്ടതുകൂടെയാണല്ലോ കഴിഞ്ഞ തവണ യു ഡി എഫ് മുന്നണിയുടെ പരാജയത്തിനുള്ള കാരണങ്ങളിലൊന്ന്. സെക്രട്ടറിയറ്റിനു മുമ്പിലെ കുടില്കെട്ട് സമരത്തിനുശേഷം ആദിവാസികളുമായി ഉണ്ടാക്കിയ കരാറിലേക്കു നയിക്കാന്‍ കെ ആര് ഗൗരിയമ്മയോടൊപ്പം കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും. കെ എം മാണിയുടെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാരുടെ ലോബിയെ മന്ത്രിസഭയില്‍തന്നെ ഒരു കൂറുമുന്നണി ഉണ്ടാക്കി നേരിടാനൊരുങ്ങുകയും ആദിവാസികളുമായി ഒത്തുതീര്‍പ്പ് കരാറിലൊപ്പിടാന്‍ അന്തരീക്ഷമൊരുക്കുകയും ചെയ്യുന്നതില്‍ ഗൗരിയമ്മയോടൊപ്പം കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. അതേ ലീഗിന്റെ മുഖപത്രമാണ് മുത്തങ്ങാ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഘോരഘോരം പത്രക്കടലാസ് ദുരുപയോഗം നടത്തിക്കൊണ്ടിരുന്നത് എന്നത് ലീഗിന്റെ രാഷ്ട്രീയ ദുരന്തമല്ലാതെ മറ്റെന്ത്?
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. ദളിത്-മുസ്ലിം ഐക്യത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലുമായിക്കഴിഞ്ഞിട്ടില്ല കേരളത്തില്‍. ജാതിയും ഭൂമിയുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ദളിതുകളും ആദിവാസികളും നടത്തുന്ന കാമ്പയിനുകളിലൊന്നിലും മുസ്ലിംകള് പ്രകടമായി താല്പര്യമെടുത്തുകാണുന്നില്ല. ചെങ്ങറയിലും പ്ലാച്ചിമടയിലും മുസ്ലിം പിന്തുണയുണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ ലേഖനത്തിന്നാരംഭത്തില് സൂചിപ്പിച്ച സാഹോദര്യ-സ്വാഭിമാന യാത്രയിലൂടെ ദളിത് പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ച അയിത്ത പ്രശ്നത്തിലൊന്നും മുസ്ലിം ശ്രദ്ധയുണ്ടായിട്ടില്ലല്ലോ, ഗോവിന്ദപുരത്തും പേരാമ്പ്രയിലുമടക്കം. തങ്ങളുടെ പത്ത് കുട്ടികളെ പേരാമ്പ്രയിലെ സാംബവ കുട്ടികളോടൊപ്പം ചേര്‍ത്ത് പഠിപ്പിക്കാന്‍ ഒരു മുസ്ലിം മുന്‍കൈ ഉണ്ടാവാത്തതെന്ത്? ദളിത്-ആദിവാസി കോളനികളുടെ അവസ്ഥയെക്കുറിച്ച് ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഒരു മുസ്ലിം ഗ്രൂപ്പും മുന്നോട്ടുവന്നിട്ടില്ലല്ലോ ഇതുവരെ. അട്ടപ്പാടിയിലെ ആദിവാസിഗ്രാമങ്ങള്‍ ദത്തെടുത്ത് മനുഷ്യോചിതമായ ജീവിത സാഹചര്യത്തിലേക്കവരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ മുസ്ലിം എന്‍ ജി ഒ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുമല്ലോ. പ്രവാസികളില്‍നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഒരു വിഹിതമെങ്കിലും ദളിത് ആദിവാസി വിഭാഗങ്ങളിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വഴിതിരിച്ചുവിടാമല്ലോ.
അറക്കലെ ബീവിയെ കെട്ടാന്‍ അരസമ്മതം മാത്രം മതിയാവില്ല. ദളിതുകള്‍ സംഘികളുടെ കൂടെയല്ല തങ്ങളുടെ കൂടെയാണ് നില്‍ക്കേണ്ടതെന്നും ഗുജറാത്ത് ആവര്ത്തിക്കാനിടവരരുതെന്നും യഥാര്‍ത്ഥത്തില്‍ മുസ്ലിംകള് ആഗ്രഹിക്കുന്നെങ്കില്‍ ദളിതുകളുടെ വിശ്വാസം നേടിയെടുക്കുക തന്നെ വേണം. അവരുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ അവരോടൊപ്പം ദൃഢമായി നില്‍ക്കണം. നിര്‍ണായകമായ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്നവരാണ് തങ്ങളെന്ന് പ്രവര്‍ത്തനങ്ങൡലൂടെ തെളിയിക്കണം. ദളിത്-മുസ്ലിം ഐക്യം ദളിതുകളുടെ മുന്‍കൈയ്യിലല്ല നടക്കേണ്ടത്, ദളിതരുടെ ചെലവിലുമല്ല.
സിവിക് ചന്ദ്രന്
You must be logged in to post a comment Login