1.3 ബില്യണ്‍ ഡോളറിന്റെ സഹായം വീണ്ടുമുണ്ടാവുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ അമേരിക്ക ഒന്നുറപ്പുവരുത്താന്‍ വിട്ടിട്ടുണ്ടാവില്ല; ഇസ്രയേലിന്റെ സുരക്ഷിതത്വം. ഇതി•ല്‍ തൊട്ടാല്‍ ഇഖ്വാനിന്ന് കൈറോ കയ്യൊഴിയേണ്ടിവരും, തീര്‍ച്ച
ശാഹിദ്
എണ്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുസ്ലിം ബ്രദര്‍ഹുഡ് എന്ന ‘ഇഖ്വാനുല്‍ മുസ്ലിമൂന്‍’ സംഘത്തിന് ഈജിപ്തിന്റെ ഭരണം കൈവന്നിരിക്കുന്നു. ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സൈനബുല്‍ ഗസ്സാലിയും വിഭാവന ചെയ്ത മത രാഷ്ട്രമല്ല, മറിച്ച് കാലം തിരുത്തിപ്പഠിപ്പിച്ച സെക്കുലര്‍ ജനായത്തമാണ് ഇഖ്വാന്റെ രാഷ്ട്രീയാവതാരമായ ജസ്റിസ് ആന്റ് ഫ്രീഡം പാര്‍ട്ടി കാഴ്ചവെക്കാന്‍ പോകുന്നത്. തുര്‍ക്കിയില്‍ അര്‍ബക്കാന്റെ ശിഷ്യ•ാര്‍ പയറ്റിയ തന്ത്രങ്ങളും അടവുകളും അതേ പടി പകര്‍ത്തി, മതകീയ പരിവേഷം കുടഞ്ഞുമാറ്റി, പക്കാ രാഷ്ട്രീയപാര്‍ട്ടിയായി സ്വയം അവരോധിതമാകാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു എന്ന് വേണം വിലയിരുത്താന്‍. ബ്രദര്‍ഹുഡിന്റെ ‘മൌലികവാദം’ ഒരിക്കലും തങ്ങളുടെ താല്‍പര്യങ്ങളെ താലോലിക്കില്ല എന്ന ആശങ്കയില്‍ അമേരിക്ക നടത്തിയ അണിയറ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിച്ചത് കൊണ്ടാവണം, ഹുസ്നി മുബാറക്കിന്റെ തിരോധാനത്തിന് ശേഷവും ഏകാധിപത്യപാത പിന്തുടര്‍ന്നു പോന്ന സൈനിക നേതൃത്വത്തെ (ടൌുൃലാല രീൌിരശഹ ളീൃ വേല അൃാലറ എീൃരല) സമാധാനപരമായ ഒരട്ടിമറിയിലൂടെ പുറന്തള്ളാനായത്. സൈനിക അട്ടിമറി പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പ്രതിരോധ മന്ത്രി ഫീല്‍ഡ് മാര്‍ഷല്‍ തന്‍ത്വാവിയെയും ചീഫ് ഓഫ് സ്റാഫ് സാവി അനാനെയും ആഗസ്റ് 13ന് സ്ഥാനഭ്രഷ്ടരാക്കിയത്. ബ്രദര്‍ഹുഡിന്റെ വിമര്‍ശകനായ നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് അല്‍ ബറാദിയുടെപ്പോലും അഭിനന്ദനം ഏറ്റുവാങ്ങിയ ഈ ചുവടുവെപ്പ് ഈജിപ്തിന്റെ വരുംകാല പ്രയാണത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.
പശ്ചിമേഷ്യന്‍ രാഷ്ട്രീയം കൊണ്ട് ഇതുവരെ വിവക്ഷിക്കപ്പെട്ടത് ഇസ്രയേലിന്റെ നിലനില്‍പ്പും ഭദ്രതയുമായി ബന്ധപ്പെട്ട ചില സമവാക്യങ്ങളാണ്. ജൂതരാഷ്ട്രത്തിന് എപ്പോഴെങ്കിലും ഭീഷണിയാവുന്ന സാഹചര്യം പിഴുതെറിഞ്ഞു കളയുക എന്ന ഏക അജണ്ട മുന്‍നിര്‍ത്തിയാണ് വൈറ്റ്ഹൌസും പെന്റഗണും എല്ലാ തന്ത്രങ്ങളും ഇതുവരെ മെനഞ്ഞതും ഇനി മെനയാന്‍ പോകുന്നതും. സയണിസ്റ് വാഴ്ചയുടെ നൈരന്ത്യം ഉറപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രബലരാഷ്ട്രം തൊട്ടരികെ കിടക്കുന്ന ഈജിപ്ത് തന്നെയാണ്. 1950 തൊട്ട് കൈറോവില്‍ സ്വേഛാധിപത്യ വാഴ്ചയെ താലോലിച്ചു നിര്‍ത്തിയതും ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്തിയതും അങ്കിള്‍സാമടക്കമുള്ള വന്‍ശക്തികളാണ്. ഈജിപ്തിലെ കാതലായ രാഷ്ട്രീയമാറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇസ്രയേലിനെ തന്നെയായിരിക്കും. അതുകൊണ്ടു തന്നെയാണ് ‘മുല്ലപ്പൂ വിപ്ളവം’ വിരിഞ്ഞിട്ടും ഹുസ്നി മുബാറക്ക് ചരിത്രത്തിലേക്ക് പോയി മറിഞ്ഞിട്ടും അന്നാട്ടിന്റെ ഭാഗധേയം ഒരുപിടി പട്ടാളമേധാവികളുടെ കൈകളില്‍ ഒതുങ്ങി നിന്നത്. മുസ്ലിം ബ്രദര്‍ഹുഡിനെപ്പോലുള്ള മതകീയ ശക്തികള്‍ ഭരണത്തിലേറുന്നത് ഇസ്രയേലിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് എങ്ങനെയെങ്കിലും ഭരണമാറ്റത്തെ തുരങ്കം വെക്കാനും ദുര്‍ബലപ്പെടുത്താനും പട്ടാളത്തെയും ജുഡീഷ്യറിയെയും ഉപയോഗിച്ച് ‘ബാഹ്യശക്തികള്‍’ ചരടുവലി നടത്തുന്നുണ്ടായിരുന്നു കഴിഞ്ഞ പതിനെട്ട് മാസം. നിഷ്പക്ഷമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയാലും അധികാരത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായി വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന സന്ദേശം പലതവണ മാര്‍ഷല്‍ തന്‍ത്വാവി കൈമാറിയെങ്കിലും തഹ്രീര്‍ സ്ക്വയറിലെ പ്രതിഷേധവും രോഷപ്രകടനവും ജനകീയ മുന്നേറ്റത്തിന്റെ ഔജ്ജ്വല്യം എടുത്തു കാണിച്ച് കൊണ്ടിരുന്നു. ഇഖ്വാന്റെ കൈയില്‍ അധികാരമെത്തുന്നത് ഇഷ്ടപ്പെടാത്ത വിഭാഗങ്ങള്‍ക്ക് പോലും പഴയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളെ സംരക്ഷിച്ചുപോന്ന പട്ടാള അജണ്ടയുടെ കുല്‍സിത ശ്രമങ്ങളോട് യോജിപ്പുണ്ടായിരുന്നില്ല. വിപ്ളവത്തിന്റെ ഫലപ്രാപ്തിയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളും (ബ്രദര്‍ഹുഡ് മാത്രമല്ല) തഹ്രീര്‍ സ്ക്വയറിനെ പുതിയ അരുണോദയത്തിന്റെ ചക്രവാളമായി കണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനാവില്ല. അതേ സമയം, അധികാരലബ്ധിയുടെ വഴിയിലെ കടമ്പകള്‍ തട്ടിമാറ്റാന്‍ യാങ്കി സാമ്രാജ്യത്വവുമായി ബ്രദര്‍ഹുഡ് നേതൃത്വം, രഹസ്യമായും പരസ്യമായും പലവട്ടം ചര്‍ച്ച നടത്തിയിരുന്നുവെന്നത് ആരും നിഷേധിക്കുന്നില്ല. ഇതുവരെ ഈജിപ്തിന്റെ മേല്‍ അമേരിക്ക കടിഞ്ഞാണ്‍ മുറുക്കിയിരുന്നത് പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയായിരുന്നു. പട്ടാളത്തിന് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ട്രിയര്‍ ഗ്യാസ് അടക്കമുള്ള ആയുധങ്ങളാണ് ഈ തുകക്ക് കൈമാറിയിരുന്നതെങ്കിലും വൈറ്റ് ഹൌസിന്റെ സഹായമില്ലാതെ ഒരടി മുന്നോട്ട് പോവാന്‍ സാധ്യമല്ലെന്ന ചിന്ത നട്ടുവളര്‍ത്തുന്നതില്‍ വിജയിച്ചിരുന്നു. ഇഖ്വാന്‍ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഈ സഹായ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നു; മുഖ്യമായ ഒരു വ്യവസ്ഥയുടെ മേല്‍. ഇസ്രയേലുമായി ഈജിപ്ത് മുമ്പ് ഒപ്പുവച്ച കരാറുകള്‍ പാലിക്കണം. ജൂതരാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ കൈറോവില്‍ നിന്ന് ഉണ്ടായിക്കൂടാ. ഈ വിഷയത്തില്‍ ബ്രദര്‍ഹുഡ് നേതൃത്വം ഒബാമക്കും ഹിലാരി ക്ളിന്റനും നല്‍കിയ ഉറപ്പ് എന്താണെന്ന് ലോകത്തിന് അറിയില്ല. ഇസ്രയേലിനെ ‘ശത്രുക്കള്‍’ക്ക് വിട്ടുകൊടുത്തുകൊണ്ട് പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്ക തലയൂരുമെന്ന് കരുതുന്നത് മൌഢ്യമാണ്. ആ നിലക്ക് നോക്കുമ്പോള്‍, ഏറ്റവുമൊടുവിലായി തന്‍ത്വാവിയെയും മറ്റും അധികാ
ര ഭ്രഷ്ടാക്കുന്നതിന് പോലും അങ്കിള്‍സാമിന്റെ മൌനാനുവാദം തേടിയിട്ടുണ്ടാവണം. അതല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് ഭാവിയില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മനസ്സിലാക്കാത്ത ആളല്ല പ്രസിഡന്റ് മുഹമ്മദ് മുര്‍സി.
ജനഹിതം പ്രതിഫലിക്കുന്ന ഭരണകൂടങ്ങള്‍ അറബ് ഇസ്ലാമികലോകത്ത് വേര് പിടിക്കുന്നതിനെ പടിഞ്ഞാറന്‍ ശക്തികള്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പട്ടാളത്തെയോ ജുഡീഷ്യറിയെയോ മീഡിയെയോ ഉപയോഗിച്ചു രാഷ്ട്രീയ ഋതുപ്പകര്‍ച്ചകളെ ഉ•ൂലനം ചെയ്യാന്‍ ഇവര്‍ ഗൂഢ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. കമാല്‍ അതാതുര്‍ക്കിന്റെ സെക്കുലര്‍ പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ എന്ന പേരില്‍ 1930കളില്‍ തുടങ്ങിയ കുല്‍സിത നീക്കങ്ങള്‍ അടുത്തകാലം വരെ തുടരാന്‍ സൈന്യത്തിന് തുര്‍ക്കിയില്‍ ഭൂമികയൊരുക്കിയത് പാശ്ചാത്യ ശക്തികളുടെ സഹായമായിരുന്നു. മതമൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ കൂട്ടായ്മകളെ നിരോധിച്ചും അധികാരത്തില്‍ നിന്ന് പുറന്തള്ളിയും പതിറ്റാണ്ടുകളോളം ജനായത്ത പ്രക്രിയകളെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തുര്‍ക്കിയുടെ എല്ലാ നിലക്കുമുള്ള മുന്നേറ്റത്തെയാണ് അത് തടഞ്ഞുനിര്‍ത്തിയത്. എല്ലാറ്റിനുമൊടുവില്‍, റജബ് ത്വയിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ജസ്റിസ് ആന്റ് ഡവലപ്പ്മെന്റ് പാര്‍ട്ടി സെക്കുലര്‍ ഉത്തരീയമെടുത്ത് തെരഞ്ഞെടുപ്പിലൂടെ മേധാവിത്വം സ്ഥാപിച്ചെടുത്തതോടെയാണ് സൈന്യവും കോടതിയും പഞ്ചപുച്ഛമടക്കി കീഴടങ്ങിയിരിക്കുന്നത്. ഈജിപ്തില്‍ അള്‍ജീരിയ ആവര്‍ത്തിക്കപ്പെടുമെന്നാണ് പലരും ഭയപ്പെട്ടിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറന്തള്ളി പട്ടാളം ഭരണം കൈക്കലാക്കുന്ന വൃത്തികെട്ട അടവുകള്‍ ആഗോള സമൂഹത്തിന്റെ ഒത്താശയോടെ നടപ്പാക്കിയപ്പോള്‍, ഇസ്ലാമിക ശക്തികളെ പരാജയപ്പെടുത്താന്‍ അതനിവാര്യമാണ് എന്ന ന്യായമാണ് ലോകമെമ്പാടും കേട്ടത്. മാറ്റങ്ങള്‍ക്കായി ജനം കാതോര്‍ത്തു നില്‍ക്കുന്ന അറബ് വസന്തത്തില്‍ ഇത്തരം ഗൂഢ പദ്ധതികള്‍ വിലപ്പോവില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്നിട്ടും വന്‍ശക്തികളുടെ ഒത്താശയോടെ മാര്‍ഷല്‍ തന്‍ത്വാവി പല കരുനീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും പൂര്‍ണ ലക്ഷ്യം കണ്ടില്ല എന്നത് ബ്രദര്‍ഹുഡിന്റെ കരുത്തല്ല; ജനഹിതത്തിന്റെ മഹിമയാണ് കാണിക്കുന്നത്. കാരണം, ഹുസ്നി മുബാറക്കില്‍ നിന്ന് തിരിച്ചുപിടിച്ച ഈജിപ്തിനെ വൃഥാവിലാക്കാന്‍ ഫറോവയുടെ നാട്ടുകാര്‍ തയ്യാറല്ല എന്ന് പലവുരു തഹ്രീര്‍ ചത്വരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ വ്യക്തമായിരുന്നു. മുഹമ്മദ് മുര്‍സിയുടെ കൈകളിലെത്തിയ അധികാരം ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയരുന്നില്ലെങ്കില്‍ കൈറോയിലെ കവലകള്‍ വീണ്ടും പ്രക്ഷുബ്ധമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. നാല് പതിറ്റാണ്ട് അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന മുബാറക്കിനെ പുറന്തള്ളിയ ജനരോഷത്തിന്, മുഹമ്മദ് മുര്‍സി ഒന്നുമല്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. വിപ്ളവാഗ്നി ആളിക്കത്തിയപ്പോഴും ജനഹിതം മാനിക്കാന്‍ പട്ടാളം തയ്യാറായിരുന്നില്ല എന്നത് സുഗമമായ പാതയല്ല പ്രസിഡന്റ് മുര്‍സിയുടെ മുന്നിലുള്ളതെന്ന് ഓര്‍മിപ്പിക്കുന്നു. തന്‍ത്വാവിയെ പുറന്തള്ളിയെങ്കിലും തങ്ങളുടെ (ഇസ്രയേലിന്റെയും) താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ മറ്റൊരു തന്‍ത്വാവിയെ അമേരിക്ക വിലക്കെടുത്തുകൂടായ്കയില്ല. ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിടാനും സൈനിക കൌണ്‍സിലിന്റെ അധികാരം ഉറപ്പിക്കാനും പട്ടാളം കൂട്ടുപിടിച്ചത് ജുഡീഷ്യറിയെയായിരുന്നു.
രാജ്യത്തിനകത്ത് കാലുഷ്യം വിതക്കാനും രഹസ്യങ്ങള്‍ ബാഹ്യശക്തികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനും എണ്ണമറ്റ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നേരത്തെ കണ്ടുപിടിക്കപ്പെട്ടതാണ്. 43 പേര്‍ ഈ ഗണത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പത്തൊമ്പത് പേര്‍ അമേരിക്കക്കാരായിരുന്നു. ഇവരില്‍ ചിലരെ രാജ്യം വിടാന്‍ അനുവദിക്കാതിരുന്നത് അമേരിക്കയെ രോഷാകുലരാക്കി. ഏറ്റവുമൊടുവിലായി സൈനിക മേധാവികളുടെ സ്ഥാനചലനത്തിന് നിമിത്തമായ സിനായ് കൂട്ടക്കൊലപോലും വലിയൊരു ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 1999ലെ ഈജിപ്ത് – ഇസ്രയേല്‍ സമാധാന ഉടമ്പടിക്ക് ശേഷം സൈനിക മുക്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം അവികസിതമായി മാത്രമല്ല, ക്ഷുദ്രശക്തികളുടെ വിഹാരകേന്ദ്രമായും മാറിയിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യമാണ് പതിനാറ് ഈജിപ്ഷ്യന്‍ ഭട•ാരുടെ കൂട്ടക്കൊല നല്‍കുന്ന സന്ദേശം. ഹമാസ് തീവ്രവാദികളാണ് കൂട്ടക്കൊലക്ക് പിന്നിലെന്ന് പഴിചാരി രക്ഷപ്പെടാന്‍ തന്‍ത്വാവി ശ്രമിച്ചപ്പോഴാണ് പ്രസിഡന്റ് മുര്‍സി കൈയോടെ പിടികൂടിയത്. തങ്ങളുടെ വഴിക്ക് വരാത്ത ശക്തികളെ ആഭ്യന്തരവെല്ലുവിളികള്‍ കൊണ്ട് ശിഥിലമാക്കുന്ന സാമ്രാജ്യത്വ അജണ്ട ഈ അക്രമണത്തിന് പിന്നിലുണ്ടോ എന്ന് ബ്രദര്‍ഹുഡ് സംശയിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായി പോര്‍വിമാനങ്ങള്‍ അയച്ച് കൊലയാളികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചത്. നാട്ടില്‍ അരാജകത്വം വിതച്ച് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇതിനുമുമ്പും ചില ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ ജനത ഒറ്റക്കെട്ടായി അതിനെ നേരിട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് മെസ്പെറോ പട്ടണത്തിലെ ടെലിവിഷന്‍ കെട്ടിടത്തില്‍ തടിച്ചുകൂടിയ കോപ്റ്റിക് ക്രിസ്ത്യാനികളുടെ മേല്‍ ടാങ്കര്‍ ഇരച്ചുകയറിയപ്പോള്‍ ഇരുപത്തിയേഴ് പ്രതിഷേധകര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവം സൈന്യം സമാധാനമല്ല, കാലുഷ്യമാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ്. ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ തലവന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നുവെന്ന സൂചന കിട്ടിയ നിമിഷം ജൂണ്‍ 13ന് മാര്‍ഷല്‍ ലോ പ്രഖ്യാപനത്തിലൂടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ എടുത്തു കളഞ്ഞപ്പോഴും നൈലിന്റെ തീരത്ത് ശാന്തതയും ഭദ്രതയും കാംക്ഷിക്കാത്ത ക്ഷുദ്രശക്തികള്‍ അലയുന്നുണ്ട് എന്ന താക്കീതാണ് ലോകത്തിന് കൈമാറപ്പെട്ടത്.
സൈന്യത്തിന്റെ ചിറക് അരിഞ്ഞതോടെ എല്ലാം ഭദ്രമായി എന്ന് സമാധാനിച്ചിരിക്കാന്‍ പ്രസിഡന്റ് മുര്‍സിക്ക് സാധിക്കും എന്ന് ആരും വിചാരിക്കുന്നില്ല. ജനഹിതത്തിന് പുല്ലുവില കല്‍പിച്ച ഒരു വ്യവസ്ഥിതി നൂറ്റാണ്ടോളം വാണരുളിയ ഒരു നാട്ടില്‍ രാഷ്ട്രീയ ഋതുപ്പകര്‍ച്ച കൊച്ചു കൊച്ചു അഭ്യാസങ്ങള്‍ കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്നതല്ല. കാത്തിരുന്നു കൈവന്ന അവസരം ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്താന്‍ ബ്രദര്‍ഹുഡിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ബ്രദര്‍ഹുഡിന്റെ തലപ്പത്ത് അമ്മട്ടിലൊരു ജീനിയസ്സിനെ കാണാനില്ല എന്നത് ന്യൂനത തന്നെയാണ്. പഴയ മുരട്ട് വാദവും കാര്‍ക്കശ്യവും മുറുകെ പിടിച്ച് മാറിയ ലോകത്തെ അഭിസംബോധന ചെയ്യാന്‍ ഇഖ്വാന് സാധ്യമല്ലെന്ന തുണീഷ്യയിലെ റാശിദ് ഗനൂഷിയുടെ സുചിന്തിതമായ അഭിപ്രായം നമുക്കും പങ്കുവെക്കാം.
Dear Mr. Shahid,
Be optimistic. Iqwan al Muslimoon just new in power. Give them a chance before you write horoscope.
Most of their leaders were suffering in jail for years.
They are not mollas as you conclude your article.
They are Islamists and Brilliant.
Insha Allah, wait and see.