ലക്ഷ്യം വെക്കുക എന്നര്‍ത്ഥമുള്ള ഹജ്ജ എന്ന പദത്തില്‍ നിന്നാണ് ഹജ്ജ് നിഷ്പന്നമായത്. അല്ലാഹുവിന്റെ പ്രീതിയും അവന്റെ ഭവനവും ലക്ഷ്യം വെച്ചുള്ളതാണ് ഹജ്ജ് യാത്ര. ഉടമക്ക് മുന്നില്‍ അടിമകള്‍ സമമാണ് എന്ന മഹത്വമേറിയ സന്ദേശമാണ് ഹജ്ജ് മുന്നോട്ടുവെക്കുന്നത്. നിശ്ചയിക്കപ്പെട്ട വിധത്തില്‍ നിര്‍ണയിക്കപ്പെട്ട ദിവസങ്ങളില്‍ അല്ലാഹു കല്പിച്ച സ്ഥലങ്ങളില്‍, അവസ്ഥയില്‍ ഉണ്ടാകുക എന്നതാണ് ഹജ്ജിന്റെ പ്രായോഗിക രൂപം. മറ്റെല്ലാ ആരാധനാ കര്‍മങ്ങളില്‍ നിന്നും ഹജ്ജ് വ്യത്യസ്തമാകുന്നത് പല കാരണങ്ങളാലാണ്. അതിന്റെ മാനവികമായ ഉള്ളടക്കം തന്നെ പരിശോധിക്കുക. ഒരേ കേന്ദ്രത്തിലേക്കും ഒരേ ലക്ഷ്യത്തിലേക്കും ഒരേ മനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് സമത്വത്തിന്റെ വലിയ ഉദാഹരണമാണ്. ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നും വരുന്നവര്‍ ഒരേ മുദ്രാവാക്യത്തിലും ഒരേ ഭാവത്തിലും ഒരേ വേഷത്തിലുമാണ് ഹജ്ജ് കര്‍മങ്ങളിലേക്ക് പ്രവേശിക്കുന്നത്. മാനവികതയുടെ ഉത്ഭവം മുതല്‍ മനുഷ്യ വികാസങ്ങളുടെ സര്വഘട്ടങ്ങള്ക്കും സാക്ഷിയാകാന്‍ ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട പുണ്യഭൂമികള്ക്ക് കഴിഞ്ഞിട്ടുണ്ട്. മേലെ ആകാശവും താഴെ ഭൂമിയും മനുഷ്യന്റെ മനസ്സ് സര്വാധിപതിയിലേക്കും എന്ന സന്ദേശമാണ് അറഫയിലെ നിര്‍ത്തം ഉദ്ഘോഷിക്കുന്നത്. ഭൗതികമായ വ്യത്യസ്തതകളുടെയും ഏറ്റക്കുറച്ചിലുകളുടെയും പേരില്‍ ഗര്‍വും ഗമയും ജാഡയും പ്രകടിപ്പിക്കുന്ന ജനതയില്‍ വിനയത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍ നിറക്കാന്‍ ഹജ്ജിന് സാധിക്കുന്നു. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക് എന്ന തല്‍ബിയതിലൂടെ വിശ്വാസപരമായി കേള്‍ക്കുകയും ഉള്കൊള്ളുകയും ചെയ്ത ഇലാഹീ ക്ഷണത്തിന് ഉത്തരം നല്‍കുകയാണ് അടിമ ചെയ്യുന്നത്. മേലാള, കീഴാള, വര്‍ഗ വിവേചനങ്ങള്‍ക്കെല്ലാം അതീതമായി നാഥന്റെ വിളി ലോകത്തെവിടെയും എല്ലാ ജനസമൂഹങ്ങളെയും പരിഗണിച്ചിരിക്കുന്നു എന്ന അതിമനോഹരമായ ഒരാശയം തല്‍ബിയതില്‍ മുഴങ്ങിക്കേള്‍ക്കാം. അറബികള്‍ക്കും അനറബികള്‍ക്കും കറുത്തവര്‍ക്കും വെളുത്തവര്ക്കുമിടയിലെ വകഭേദങ്ങള്‍ സ്രഷ്ടാവിനുമുമ്പില്‍ പരിഗണനീയമല്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് എല്ലാ ജനവിഭാഗങ്ങളിലേക്കുമെത്തിയ ഈ ‘വിളി.’
ഹജ്ജ് കര്‍മങ്ങളുടെ ഓരോ ഘട്ടവും സാര്‍വത്രികമായ ഏകീയ ഭാവങ്ങളെയാണ് കാട്ടിത്തരുന്നത്. നാട്ടില്‍ നിന്ന് പുറപ്പെട്ട് മീഖാത്തുകളില്‍ (നിശ്ചയിക്കപ്പെട്ട പ്രദേശങ്ങള്‍) എത്തി ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം ചെയ്യുന്നിടത്ത് നിന്ന് തുടങ്ങുകയാണ് പ്രത്യേകമായ ഈ ആരാധനയുടെ സാമൂഹികഭാവങ്ങള്. ഇഹ്റാമിലേക്ക് പ്രവേശിക്കുന്ന ഒരു വിശ്വാസിയുടെ ജീവിതം അതോടെ പുനഃക്രമീകരിക്കപ്പെടുകയാണ്. ഹജ്ജ് കര്‍മങ്ങളുടെ സ്വീകാര്യതയും മാറ്റും വിലയിരുത്തുന്നിടത്ത് മാനുഷിക പാരസ്പര്യങ്ങള്‍ക്ക് നല്കുന്ന വില വലിയ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. സ്വര്‍ഗം പ്രതിഫലമായി ലഭിക്കുവോളം വലിയ ശ്രേഷ്ഠത ഹാജിക്ക് കല്പിക്കപ്പെട്ടത് സഹജീവികളോടുള്ള പെരുമാറ്റത്തിന്റെ ഉയര്‍ന്ന ഭാവത്തെ പരിഗണിച്ചുകൊണ്ടുകൂടിയാണ്. കാപട്യങ്ങളും അനാവശ്യങ്ങളും ഇടപഴക്കങ്ങളിലെ അരുതായ്മകളും എല്ലാം മാറ്റി നിര്‍ത്തുന്ന ആളുകള്‍ക്കാണ് സ്വര്‍ഗം പ്രതിഫലമായി നല്‍കാമെന്ന് തിരുനബി വാഗ്ദാനം ചെയ്തിട്ടുള്ളത്. സാമൂഹിക സമ്പര്‍ക്കങ്ങളില്‍ നീതിപുലര്‍ത്തുക വഴി മാത്രമാണ് മനുഷ്യര്‍ക്ക് സ്വര്‍ഗം പ്രാപ്തമാകുന്നത് എന്ന് ഈ വാഗ്ദാനം ഉണര്‍ത്തുന്നു. സഹജീവികളോട് ഇണങ്ങാനും ഇഴുകിച്ചേരാനും ഹൃദയങ്ങള്‍ ചേര്‍ത്തുവെച്ച് ആരാധന ചെയ്യാനും എല്ലാവരും അല്ലാഹുവിന്റെ അടിമകളാണെന്ന ബോധം ജനിപ്പിക്കാനും ഹജ്ജിലെ ഓരോ കര്‍മവും പഠിപ്പിക്കുകയാണ്.
ഒരു കേന്ദ്രബിന്ദുവിന് ചുറ്റും ഒരേ ഭാവത്തിലും ഘടനയിലും ആളുകള്‍ പ്രദക്ഷിണം വെക്കുന്നു. ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണും പ്രോട്ടോണും പ്രദക്ഷിണം വെക്കുന്ന പ്രാപഞ്ചിക ഘടനയോട് ലോക മാനവികത മുഴുവനും ഒത്തുചേരുന്നതിന്റെ ഉദാഹരണം കൂടിയാണ് ത്വവാഫ്. ഹജ്ജ് കര്‍മങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് ത്വവാഫ്. ഒരു കല്ല് കൊണ്ടുള്ള കെട്ടിടത്തെ ചുറ്റുന്നതിനപ്പുറം, മറ്റെല്ലാം മറന്ന് പ്രപഞ്ചാധിപനെ മനസ്സില്‍ ധ്യാനിക്കാനും അതുവഴി ആത്മീയമായ ഔന്നത്യത്തിലേക്ക് നിര്‍മല മനസ്സുമായി എത്തിച്ചേരാനുള്ള പ്രചോദനമാണ് ത്വവാഫടക്കമുള്ള ഹജ്ജ് കര്‍മങ്ങളുടെ അന്തസത്ത.
അബൂ യസീദുല്‍ ബിസ്ത്വാമി(റ)വിന്റെ ശിഷ്യന് പാതിരാത്രിയില്‍ കഅ്ബാലയം ത്വവാഫ് ചെയ്യാന്‍ പോയി. മടങ്ങി വരുമ്പോള്‍ ഒരുപാടാളുകള്‍ കഅ്ബാലയത്തിന്റെ മുറ്റത്തേക്ക് നീങ്ങുന്നുണ്ട്. ഹജറുല്‍ അസ്വദ് ചുംബിക്കാനും കഅ്ബയോട് ചേര്‍ന്ന് ത്വവാഫ് ചെയ്യാനും ആഗ്രഹമുള്ള വിശ്വാസികള്‍ ഹറമില്‍ നിന്ന് മടങ്ങി വരുന്നവരോട് ‘അവിടെ തിരക്കുണ്ടോ’ എന്ന് സ്വാഭാവികമായും അന്വേഷിക്കാറുണ്ട്. ആ വിധത്തില്‍ അബൂ യസീദ് തങ്ങളുടെ ശിഷ്യനോടും ചോദിക്കപ്പെട്ടു, ‘കഅ്ബാലയത്തിനടുക്കല് തിരക്കുണ്ടോ?’. ഏറെ ചോദ്യങ്ങള്‍ക്ക് ശേഷവും ഉത്തരം പറയാതിരുന്ന അദ്ദേഹത്തോട് ചോദ്യകര്‍ത്താക്കള്‍ ദേഷ്യപ്പെട്ടു: ‘എന്തുകൊണ്ടാണ് നിങ്ങള്‍ മിണ്ടാതിരിക്കുന്നത്?’. ‘കഅ്ബയവിടെയുണ്ടോ’ എന്നായിരുന്നു പിന്നെയവരുടെ ചോദ്യം. നിര്‍വാഹമില്ലാതെ ആ ആത്മീയ ഗുരു മറുപടി പറഞ്ഞു: കഅ്ബ അവിടെ ഉണ്ടോ, ആളുകള്‍ എത്രയുണ്ട്, തിരക്കുണ്ടോ? ഇതൊന്നും എന്റെ മനസ്സിനെ അലട്ടിയിട്ടില്ല. ഞാന്‍ കഅ്ബാലയത്തിന്റെ നാഥനോട് എന്റെ കാര്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. അപ്പോള്‍ കഅ്ബയുടെ പരിസരം ഓര്‍ക്കാനും തിട്ടപ്പെടുത്താനും എനിക്ക് കഴിഞ്ഞിട്ടില്ല.’ ആത്മാവ് പ്രപഞ്ചാധിപനില് ലയിക്കുമ്പോഴുള്ള അത്യുദാത്തമായ ഒരു ഭാവത്തെ അനുഭവിച്ച ആത്മീയ ഗുരുവിന്റെ നേര് സാക്ഷ്യമാണിത്.
പ്രപഞ്ചത്തെ മുഴുവനും മറന്ന് പ്രപഞ്ചാധിപനിലേക്ക് ലയിക്കുന്ന ഒരു മനസ്സിനു മാത്രമേ ഹജ്ജിന്റെ നിര്‍വൃതി അനുഭവിക്കാനാവൂ.
ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഒത്തുകൂടുന്ന കഅ്ബയുടെ മുറ്റത്ത് അസ്വാരസ്യങ്ങളോ അശുഭകരമായ നടപടികളോ അരങ്ങേറുന്നില്ല. അരുതായ്മകള്‍ ഏറിയ ഈ കാലത്തും ആത്മീയ ശിക്ഷണത്തിലൂടെ ആര്‍ജിച്ച സംയമനത്തെയും സഹിഷ്ണുതയെയുമാണ് ഇത് പ്രകാശിപ്പിക്കുന്നത്. തിരുനബി(സ്വ)യുടെ ഹജ്ജ് വേളയില്‍ അവിടുന്ന് പറഞ്ഞു: ‘ഹജ്ജ് നിങ്ങള്‍ എന്നില്‍ നിന്ന് പകര്‍ത്തുക.’ പ്രായോഗികമായ ഒരു ഹജ്ജ് കര്‍മത്തിലൂടെ യുഗാന്തരങ്ങളില് മുഴുവനും തുടരേണ്ട ജീവത്തായ ഒരു ഹജ്ജിന്റെ പരിശീലനം നല്‍കുകയായിരുന്നു തിരുദൂതര്‍. ഏടുകളില്‍ വായിക്കുന്നതിനും ഗ്രന്ഥങ്ങളില്‍ നിന്ന് പകര്ന്നെടുക്കുന്നതിനും അപ്പുറം പ്രായോഗികമായ ഒരു ജീവിതത്തിന്റെ പ്രകാശനങ്ങള്‍ അണമുറിയാതെ അന്ത്യനാള്‍ വരെ ഉണ്ടാകണം എന്നും, അതാണ് ഇസ്ലാമിക ആദര്‍ശ കര്‍മ സംവേദനത്തിന്റെ അടിസ്ഥാന വഴിയെന്നും പഠിപ്പിക്കുകയായിരുന്നു തിരുനബി(സ്വ). മാനുഷിക മൂല്യങ്ങള്‍ക്ക് കല്പിക്കുന്ന പവിത്രതയും പരിശുദ്ധിയുമാണ് ലോകത്തിന്റെ മുഴുവനും നിലനില്‍പ്പിന്റെ നിദാനമെന്ന് കര്‍മത്തിലൂടെയും ഉപദേശത്തിലൂടെയും ഹജ്ജ് വേളയില്‍ തിരുനബി(സ്വ) പഠിപ്പിച്ചു.
ഒരൊറ്റ ഹജ്ജ് കര്‍മത്തിലൂടെ അന്ത്യനാള്‍ വരേക്കുമുള്ള വിശ്വാസികള്‍ക്ക് നിര്‍വഹിക്കാനുള്ള ഹജ്ജിന്റെ ഭാവങ്ങളത്രയും പ്രായോഗികമായി പഠിപ്പിച്ചു കൊടുത്തു എന്നത് മനുഷ്യ വിചാരങ്ങളില്‍ കാലാന്തരങ്ങളില്‍ വരാനുള്ള വ്യതിയാനങ്ങള്‍ മുഴുവനും പ്രവാചകര്‍(സ്വ) ദീര്‍ഘ ദര്‍ശനം ചെയ്തുവെന്നതിന്റെ കൂടി സാക്ഷ്യമാണ്. അല്ലാഹുവിന്റെ കല്പനകള് അനുസരിച്ചു കൊണ്ടുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിനാണ് ഹജ്ജ് പ്രാധാന്യം നല്‍കുന്നത്. ശാരീരിക സാന്നിധ്യവും ഇവിടെ നിര്‍ബന്ധമാണ്. ഏതൊക്കെ അരുതായ്മകള്ക്കെതിരെയാണോ തിരുനബി(സ്വ) തിരുത്തല്‍ ശക്തിയായി വന്നത്, അതുവഴി സ്ഥാപിച്ചെടുത്ത നന്മകളുടെ മുഴുവന്‍ പ്രതീകങ്ങളും ഹജ്ജ് ഏറ്റെടുത്തിട്ടുണ്ട്. മനുഷ്യരിലെ അടിമയും ഉടമയും സമമാണെന്ന പ്രഖ്യാപനം ഹജ്ജ് നല്‍കുന്നുണ്ട്. പുറമെ മനുഷ്യനെ അടക്കിവാണ അടിമത്വ സമ്പ്രദായത്തിലൂടെ സുഖമനുഭവിച്ച മേലാളന്മാരോടുള്ള പ്രതിഷേധത്തിന്റെ കൂടി സ്വരമായി അത് മാറുന്നു. മനുഷ്യനെ മനുഷ്യന് തന്നെ അടിമയാക്കുന്നതിനെതിരെ ഉയര്‍ന്നു വരുന്ന ഏതൊരു ശക്തിയും ശബ്ദവും മേലാളന്മാരെ സുഖിക്കാന്‍ അനുവദിക്കില്ല. ആ തിരിച്ചറിവ് ഉമയ്യത്തിന്റെയും ഇസ്ലാമിക വിരോധികളുടെയും ശത്രുതക്ക് ശക്തി പകര്‍ന്നിരുന്നു. അവിടെ നിന്നാണ് സര്‍വാത്മനാ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും മാനുഷിക മൂല്യങ്ങളുടെ ഉദ്ഘോഷവും മക്കാ വിജയത്തിലും ഹജ്ജ് കര്‍മത്തിലും നബി(സ്വ) നിര്‍വഹിച്ചത്. എല്ലാ മനുഷ്യരുടെയും രക്തത്തിന്റെയും ജീവന്റെയും അഭിമാനത്തിന്റെയും മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തിരുനബി(സ്വ) തങ്ങള്‍ നടത്തിയ പ്രസംഗത്തോളം പ്രാധാന്യം മറ്റൊരു മനുഷ്യാവകാശ പ്രഖ്യാപനത്തിനുമില്ല.
ആത്മീയവും ശാരീരികവുമായ വഴക്കവും ഗുണങ്ങളും ഏറ്റെടുത്ത് നല്ല ഒരു മനുഷ്യനാകുമ്പോഴാണ് ഹാജി എന്ന വിളിപ്പേരിന്റെ ശരിയായ അര്‍ത്ഥത്തിലേക്ക് എത്തിച്ചേരുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ മക്കയും പരിസരങ്ങളും മദീനയും സന്ദര്‍ശിച്ച് വരുമ്പോഴേക്ക് ഒരാള്‍ ഹാജിയാകുന്നില്ല. ഹജ്ജിന്റെ പാഠശാലയില്‍ നിന്ന് സ്വീകരിക്കുന്ന മാനുഷിക ഗുണങ്ങളുടെ അത്യുദാത്തമായ ഉന്നതിയിലേക്ക് അയാള്‍ എത്തുകയും നല്ല മനുഷ്യന്റെ അനുശീലങ്ങളിലേക്ക് ജീവിതത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ഹാജിയും ഹജ്ജുമ്മയും ഒക്കെയാവുന്നത്.
വകഭേദങ്ങളെ മുന്‍നിര്‍ത്തിയുള്ള മനുഷ്യവേട്ടകള്‍ ആവര്‍ത്തിക്കുന്ന ഈ കാലത്ത് പ്രായോഗികമായ സമത്വ സന്ദേശത്തെ ലോകത്തിന് മുമ്പില്‍ വിളംബരം ചെയ്യാന്‍ ഹജ്ജിന് കഴിയുന്നു. എല്ലാ തിന്മകളെയും മാറ്റിവെച്ച് നന്മയുടെ അത്യുന്നതിയിലേക്കെത്താന് ഒരു വിശ്വാസി അവന്റെ വിശ്വാസസംഹിതകളോടും അനുഷ്ഠാന കര്മങ്ങളോടും സമ്പൂര്‍ണ്ണ സമര്‍പ്പിതനാവുകയാണ് ഹജ്ജിലൂടെ ചെയ്യുന്നത്. അതുകൊണ്ടാണ് ഇസ്ലാം കാര്യത്തില്‍ അഞ്ചാമതായി ഹജ്ജിനെ എണ്ണിയിട്ടുള്ളത്.
ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് വിശ്വാസികള്‍ ആര്‍ത്തിയോടെ വന്നു ചേരുകയും സായൂജ്യത്തോടെ തിരിച്ചുപോവുകയും ചെയ്യുന്ന കാഴ്ച ഹജ്ജില്‍ കാണാം. സച്ചരിതരായ മുന്‍ഗാമികള്‍ ഹജ്ജ് വേളകളില്‍ അനുഭവിച്ച ആത്മീയ നിര്‍വൃതി മാതാപിതാക്കളോടും കുടുംബത്തോടും ബന്ധങ്ങളോടുമുള്ള കടപ്പാടുകള്‍ ശരിയാംവണ്ണം നിര്‍വഹിച്ചതിന്റെ കൂടി പ്രതിഫലനങ്ങളായിരുന്നു.
ഒരു കുടുംബത്തെ ലോകം മുഴുവനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വര്ഷാവര്ഷങ്ങളില് ആഘോഷപൂര്‍വം അനുസ്മരിക്കുകയാണ് ഹജ്ജിലൂടെ. ലോക ജനതക്ക് ഒന്നാകെ മാതൃകാപരമായ ഒരു കുടുംബ ജീവിതത്തെയാണ് ഹജ്ജിന്റെ അന്തസാരം ഇബ്റാഹീമീ കുടുംബത്തിലൂടെ സമര്പിച്ചുകൊണ്ടിരിക്കുന്നത്. കുടുംബനാഥന്റെ ആത്മീയ വിശുദ്ധിയും ഗൃഹനായികയുടെ സമര്‍പ്പണ ബോധവും ഭര്‍ത്താവിനോട് പുലര്‍ത്തുന്ന നീതിബോധവും സന്താനത്തില്‍ നിന്ന് കുടുംബം പ്രതീക്ഷിക്കുന്ന നന്മയും സന്താനം മാതാപിതാക്കളോട് കാണിക്കുന്ന വിധേയത്വവും ഇതെല്ലാം ഇബ്റാഹീമീ കുടുംബത്തിലുണ്ട്. എല്ലാ ബന്ധങ്ങളെക്കാളും ചേര്ച്ചകളെക്കാളും വലുത് ലോകാധിനാഥനോടുള്ള ബന്ധമാണെന്ന്, അരുവിയോ സസ്യലദാതികളോ ഇല്ലാത്ത താഴ്വരയില് കുടുംബത്തെ ഉപേക്ഷിച്ച് മടങ്ങുന്ന ഗൃഹനായകന് കുടുംബിനിയുടെ ചോദ്യത്തിന് നല്കുന്ന മറുപടിയില്‍ നിന്ന് നാം അറിയുന്നു. ‘അല്ലാഹുവിന്റെ വിധിപ്രകാരമാണോ ഞങ്ങളെ ഇവിടെ ഉപേക്ഷിക്കുന്നത്’ എന്ന ചോദ്യത്തിന് ‘അതേ’ എന്ന മറുപടിയില്‍ എല്ലാം ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു എന്ന സമാധാനം. അല്ലാഹുവിന്റെ കല്പന അനുസരിക്കുന്നിടത്ത് താത്കാലിക താല്പര്യങ്ങളോ വിധേയത്വങ്ങളോ വിലങ്ങുതടിയാകരുത് എന്ന് ഇബ്റാഹീം (അ) സ്വജീവിതത്തിലൂടെ നിര്‍വചിച്ചും നിര്‍വഹിച്ചും കാണിച്ചുതരികയാണ്. അനുസരണബോധമുള്ള ഒരു ഭര്‍ത്താവിനോട് ആത്മീയതയില്‍ ലയിച്ചു ചേര്‍ന്നു നില്‍ക്കാനുള്ള ഒരു കുടുംബിനിയുടെ സമര്‍പ്പണമാണ് ഹാജറ (റ)യുടെ ജീവിതം. അല്ലാഹുവില്‍ നിന്ന് ദാനം ലഭിക്കണമെങ്കില്‍ നമ്മളില്‍ നിന്ന് പരിശ്രമമുണ്ടാകണമെന്നതിന്റെ സൂചനയാണ് സഫാ മര്‍വകള്‍ക്കിടയിലുള്ള പ്രയാണത്തിലൂടെ ഹാജറ (റ) നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എത്ര ഉയര്‍ന്നവരുടെയും ഏത് സല്‍കര്‍മത്തിന്റെയും മുമ്പില്‍ വിലങ്ങുതടിയാകാന്‍ പൈശാചിക ബോധം കടന്നുവരും. മിനായിലേക്കുള്ള സഞ്ചാര വേളയില്‍ പിശാച് നടത്തിയ ഇടപെടലുകള്‍ ഓര്‍ത്ത് ഗുണപാഠമുള്ക്കൊള്ളാന് ഹജ്ജ് അവസരം തരുന്നു.
പരീക്ഷണങ്ങളുടെ അതിജീവനത്തിന്റെ മുഴുവന്‍ കരുത്തും വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നാണ് നേടിയെടുക്കേണ്ടതെന്നു കൂടി ഹജ്ജ് പഠിപ്പിക്കുന്നു. രാജ്യങ്ങളുടെയും വ്യക്തികളുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും ഇടയില്‍ വൈവിധ്യമാര്‍ന്ന താത്കാലിക നിമിത്തങ്ങളാല്‍ വിടവ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക വഴി ഒന്നാകാനുള്ള അവസരങ്ങളുണ്ട് എന്നു കൂടി ഇബ്റാഹീമീ കുടുംബം ഓര്‍മിപ്പിക്കുന്നു.
മനുഷ്യരെ ഹജ്ജിന് വേണ്ടി വിളിക്കുക എന്ന അല്ലാഹുവിന്റെ കല്പന ഇബ്റാഹീം നബി(അ)യോടുണ്ടാകുമ്പോള്, സീമകളെയും അതിര്‍ത്തികളെയും ലംഘിച്ചു കൊണ്ടുള്ള മാനവികമായ ഏകീയ ഭാവത്തിന് കൂടി ശില പാകപ്പെടുകയാണ്. മനുഷ്യനാല്‍ നിര്‍മിതമായ മാനദണ്ഡങ്ങളുടെ വേര്‍തിരിവുകളും ഭൂപ്രദേശങ്ങളുടെ അതിര്‍വരമ്പുകളും ഭേദിച്ചതിന്റെ പേരില്‍ പരസ്പരം ശത്രുതയിലേക്കും കെടുതികളിലേക്കും ലോകരാജ്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രായോഗികമായി നിവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാഹോദര്യ പ്രഖ്യാപനങ്ങളെയും സമത്വ ഭാവങ്ങളെയും കൂടുതല്‍ ജനകീയവത്കരിക്കാന്‍ ഹജ്ജ് കാലത്തിന് കഴിയണം. വിടവാങ്ങല്‍ ഹജ്ജ് വേളയില്‍ പുണ്യ റസൂല്‍ (സ്വ) നിര്‍വഹിച്ച അനുഷ്ഠാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പ്രഭാഷണങ്ങളുടെയും മാറ്റൊലികള്‍ ലോക മനസ്സുകളിലേക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ സന്നിവേശിപ്പിക്കാനായാല്‍ ഒരു സമത്വ സുന്ദര ലോകം സ്ഥാപിച്ചെടുക്കാന്‍ കഴിയും. കേവലമായ അവകാശ വാദങ്ങള്‍ക്കപ്പുറം അനേകയുഗങ്ങളില് പ്രായോഗികമായി തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളാണിവ. ജീവിതത്തിന്റെ സകല തലങ്ങളെയും എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്ന് പഠിപ്പിച്ച ഇസ്ലാം മനുഷ്യന്റെ പെരുമാറ്റത്തിലുള്ള വിശുദ്ധിക്കും ഇടപഴക്കത്തിലെ സത്യസന്ധതക്കും വലിയ പ്രാധാന്യം നല്കുന്നു. നന്മയുടെ വസന്ത ലോകത്തെ ഉദ്ദീപിപ്പിക്കാനും ലോകോത്തരമായി അതിനെ വാഴ്ത്താനും തിന്മകളുടെ ഉപാസകന്മാരെ മാറ്റി നിര്‍ത്തി വിജയവഴിയിലേക്ക് ലോക ജനതയെ മാടിവിളിക്കാനുമുള്ള ഉത്തമമായ മനസും വിധേയപ്പെടുന്ന ശരീരവും പാകപ്പെടുത്താനുള്ള പര്ണശാലയായാണ് ഹജ്ജ് രൂപപ്പെടുത്തിയിട്ടുള്ളത്.
പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login