‘ലവ് ജിഹാദി’ല്‍നിന്ന് ഹിന്ദു പെണ്‍കിടാങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് സമുദായത്തെ ഉദ്‌ബോധനം ചെയ്യുന്ന തൃശൂരില്‍നിന്നുള്ള ഒരു ആര്‍.എസ്.എസുകാരന്റെ വോയ്‌സ് മെസേജ് അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നാടാകെ പ്രചരിക്കുകയുണ്ടായി. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‌ലിം ‘ചെറുക്കന്മാരുടെ’ വലയില്‍ എങ്ങനെയാണ് കുടുങ്ങുന്നത് എന്നതിനെ കുറിച്ച് ‘ആധികാരിക’മായി ക്ലാസെടുക്കുന്ന അദ്ദേഹം ഊന്നിപ്പറയുന്ന ഒരുകാര്യം മോട്ടോര്‍ സൈക്കിളില്‍ ചെത്തിനടക്കുന്ന മുസ്‌ലിം യുവാക്കളെ കാണുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ വല്ലാതെ ആകൃഷ്ടരാവുന്നു എന്നാണ്. ഹിന്ദു യുവാക്കള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ കാശ് കൊടുത്ത് വാങ്ങി ചെത്തിനടന്നുകൂടേ എന്ന ചോദ്യം ഏതെങ്കിലും കോണില്‍നിന്ന് പൊന്തിവന്നേക്കാം എന്നത് കൊണ്ട് ആ മനുഷ്യന്‍ ഒരുകാര്യം തട്ടിവിടുന്നുണ്ട്: ഗള്‍ഫിലും മറ്റും കള്ളനോട്ടടിച്ചും മറ്റും കിട്ടുന്ന കാശ് കൊണ്ടാണ് ‘മുസ്‌ലിം ചെക്കന്മാര്‍’ ബൈക്ക് വാങ്ങുന്നതെന്ന്. ഗള്‍ഫില്‍നിന്ന് മാതാപിതാക്കള്‍ അയച്ചുകൊടുക്കുന്ന പണം കൊണ്ടെന്നോ അല്ലെങ്കില്‍ അവിടെ ജോലി ചെയ്തു വാരിക്കൂട്ടുന്ന കാശ് കൊണ്ടെന്നോ പറയുന്നതിനുപകരം, ഒറ്റ ശ്വാസത്തില്‍ മറുപടി കണ്ടെത്തുന്നത് കള്ളനോട്ടടിച്ച് കിട്ടുന്ന പണം കൊണ്ട് എന്നാണ്. മുസ്‌ലിംകള്‍ അടുത്തകാലത്ത് കരഗതമാക്കിയ സാമ്പത്തികാഭിവൃദ്ധി സമ്മതിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് മനസ്സില്ല.
മുസ്‌ലിംകളാണെങ്കില്‍ അവര്‍ കള്ളനോട്ടിന്റെയും കള്ളക്കടത്തിന്റെയും രാജ്യദ്രോഹചെയ്തികളുടെയും വൃത്തികെട്ട ഇടപാടുകളുമായി ജീവിക്കുന്നവരായിരിക്കുമെന്ന് അശേഷം സങ്കോചമില്ലാതെ സംഘ് പരിവാറിന് പറയാന്‍ സാധിക്കുന്നു. അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമില്ലെന്ന ബോധ്യത്തിന്റെ നിദാനം തങ്ങള്‍ മാത്രമാണ് ഉത്തമപൗരന്മാര്‍ എന്നുള്ള തലമുറകളായി കൈമാറുന്ന പിഴച്ച ധാരണകളാണ്. സിനിമകളിലും നാടകങ്ങളിലും കഥകളിലും പറഞ്ഞുപതിഞ്ഞ ആ കെട്ടുകഥ പൊതുസമൂഹത്തിന്റെ മനസ്സില്‍ ദൃഢമായി മുദ്രണം ചെയ്തത് കൊണ്ട് നേരെ മറിച്ചുള്ള ഏത് ന്യായത്തിനും മുസ്‌ലിംകള്‍ തെളിവ് ഹാജരാക്കേണ്ടി വരുന്നു. 500, 1000 രൂപ അസാധുവായി പ്രഖ്യാപിച്ച ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്ര എളുപ്പത്തിലാണ് അതിനു ന്യായീകരണം കണ്ടുപിടിച്ചത്.? അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് ഇതോടെ നിലക്കുകയും രാജ്യവും അതിര്‍ത്തിയും സുരക്ഷിതമാവുകയും ചെയ്യുമെന്നാണ് അദ്ദേഹം രാജ്യവാസികളോട് പറഞ്ഞത്. ഈയൊരു പ്രസ്താവത്തോടെ ‘ഡിമോണിറ്റൈസേഷന്‍’ എന്ന ബുദ്ധിശൂന്യവും ജനവിരുദ്ധവുമായ ഒരു തീരുമാനം തന്നെ രാജ്യദ്രോഹികള്‍ക്കെതിരായ പ്രഖ്യാപിതയുദ്ധമായി കൊണ്ടാടപ്പെട്ടു. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് കള്ളപ്പണം കൊണ്ട് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുന്ന, പാകിസ്ഥാനോട് കൂറുള്ളവരുടെ നെറികേടാണെന്ന് പറയാതെ പറഞ്ഞുപോയി. അതോടെ, ബാങ്കുകള്‍ക്കും എ.ടി എമ്മുകള്‍ക്കും മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിന്ന് തളര്‍ന്ന ആബാലവൃന്ദത്തിന്റെ ദുരിതം ഒരു മഹത്തായ ദേശസ്‌നേഹ കൃത്യമായി രാജ്യമാസകലം വാഴ്ത്തപ്പെട്ടു. മോഡിയുടെ നടപടികള്‍ക്ക് എതിരു പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. പാകിസ്ഥാന്റെ ആള്‍ക്കാരാണ് നോട്ട് അസാധുവാക്കുന്നതിനെ വിമര്‍ശിക്കുന്നതെന്ന് ധനമന്ത്രി പാര്‍ലമെന്റിലും പ്രസ്താവിച്ചു. എക്കാലവും അധോലോകനായകരായും കള്ളനോട്ടടിക്കാരായും അഴിമതിക്കാരായും കൊള്ളരുതാത്തവരായും മുസ്‌ലിംകള്‍ പൊതുസമൂഹത്തില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ എതിര്‍ത്തുനില്‍ക്കാന്‍ ആരും മെനക്കെടാത്തത് അത്തരം ഏത് നീക്കത്തെയും ദേശദ്രോഹപരമായി ചിത്രീകരിക്കുമെന്ന ഭീതിയിലാണ്.
ദേശസ്‌നേഹത്തിന്റെ മറക്കപ്പുറം
എക്കാലത്തും അഴിമതി പുഷ്‌ക്കലിച്ചുവളര്‍ന്ന മണ്ണാണ് നമ്മുടേത്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിറകെ, മാന്യനും സത്യസന്ധനുമായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യം വാണ നല്ല കാലത്ത് പോലും അഴിമതി രാജ്യത്ത് നടമാടിയിട്ടുണ്ട്. പക്ഷേ അത് വെച്ചുപൊറുപ്പിക്കാന്‍ നെഹ്‌റു തയാറായിരുന്നില്ല. സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയില്‍നിന്ന് 10,000രൂപ സംഭാവന സ്വീകരിച്ചതിനാണ് ആഭ്യന്തര എണ്ണ ഉല്‍പാദനത്തിന്റെ പിതാവും രാഷ്ട്രീയ നേതാവുമായ കെ.ഡി മാളവ്യയെ നെഹ്‌റു പുറത്താക്കുന്നത്. കുംഭകോണം എന്ന പ്രയോഗം തന്നെ വലിയൊരു അഴിമതിയുടെ പാരമ്പര്യത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് രാജ്യഭരണം നഷ്ടപ്പെടാനും ജനകീയ അടിത്തറ തകരാനും കാരണം അഴിമതിയുടെ കഥകള്‍ കേട്ടു ഞെട്ടിയ ജനത്തിന്റെ ന്യായമായ പ്രതികരണശേഷി മൂലമാണ് . 1984ല്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി അധികാരത്തിലേറിയ രാജീവ് ഗാന്ധി ഒന്നാമൂഴത്തില്‍ തന്നെ രാഷ്ട്രീയഗ്രഹണത്തിലേക്ക് തള്ളിവിടപ്പെട്ടത് ബോഫോഴ്‌സ് കോഴയുടെ മാലിന്യത്തില്‍ മുങ്ങിത്താണപ്പോഴാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകരാനും നരേന്ദ്രമോഡിയുടെ കൈകളിലേക്ക് അധികാരം പോവാനും സാഹചര്യമൊരുക്കിക്കൊടുത്തത് യു.പി.എ സര്‍ക്കാര്‍ നടത്തിയ എണ്ണമറ്റ അഴിമതികളും കുംഭകോണങ്ങളുമാണ്. അഴിമതിക്കെതിരെ പോര്‍മുഖം തുറന്നുവെക്കുകയാണെന്ന വീരസ്യത്തോടെ 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം ലേലം , ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങിയ കോഴ വിവാദങ്ങളെ മുഖ്യപ്രചാരണയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴാണ് ഒരുപരീക്ഷണമെന്ന നിലയില്‍ മോഡിയെയും കൂട്ടരെയും ജനം അധികാരത്തിലെത്തിക്കുന്നത്.
എന്നാല്‍, ആര്‍.എസ്.എസിന്റെ ഗുരുമുഖത്ത്‌നിന്ന് ‘നൈതികമൂല്യങ്ങള്‍’ ഓതിപ്പഠിച്ച കാവിരാഷ്ട്രീയക്കാര്‍ അഴിമതിയില്‍ ഒട്ടും പിറകിലല്ലെന്ന് 2001ല്‍ തെഹല്‍ക പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപ്പറേഷനിലൂടെ രാജ്യം മനസ്സിലാക്കിയതാണ്. 30വെള്ളിക്കാശിനുവേണ്ടി ഒറ്റുകാരന്റെ വേഷം കെട്ടാന്‍ ഏത് ആര്‍.എസ്.എസ് കാരനും ഉദ്യോഗസ്ഥ പ്രഭുവും പട്ടാളമേധാവിയും തയാറാകുമെന്ന് തരുണ്‍തേജ്പാലിന്റെ കീഴിലുള്ള ആണ്‍കുട്ടികള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സമര്‍ഥിച്ചു. അന്നത്തെ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ബങ്കാരു ലക്ഷ്മണ മുതല്‍ ആര്‍.എസ്.സ് ട്രസ്റ്റി ആര്‍.കെ ഗുപ്ത വരെ കോഴപ്പണം എണ്ണിവാങ്ങാന്‍ കാട്ടിയ ആക്രാന്തം തെഹല്‍ക ഡോട്ട് കോമിന്റെ ക്യാമറയിലൂടെ നാം വിസ്തരിച്ചു കണ്ടതാണ്. അക്കാഴ്ചകള്‍ വിസ്മൃതിയിലേക്ക് മാഞ്ഞുകഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇപ്പോഴിതാ കേരളത്തിലെ സംഘ്പരിവാര്‍ നേതാക്കള്‍ ഒന്നടങ്കം അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഉസ്താദുമാരാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതും സ്വന്തം പാര്‍ട്ടിക്കാരുടെ വായില്‍നിന്ന് തന്നെ. ആഭ്യന്തരജനാധിപത്യത്തിന്റെ സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി മൂന്നുവര്‍ഷം മുമ്പ് കുമ്മനം രാജശേഖരന്‍ എന്ന ഹിന്ദുഐക്യവേദി നേതാവിനെ ബി.ജെ.പിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുമ്പോള്‍ പലരും പ്രതീക്ഷിച്ചത് അഴിമതിമുക്തവും രാഷ്ട്രീയപ്രതിബദ്ധതയുമുള്ള ഒരു പാര്‍ട്ടി സെറ്റപ്പാണ്. കേരളത്തില്‍ ബി.ജെ.പി പച്ചപിടിക്കാതെ പോയത് നേതാക്കളുടെ കൊള്ളരുതായ്മകള്‍ കൊണ്ടാണ്. ചേരിപ്പോര് ഒഴിഞ്ഞ കാലഘട്ടം ഒരിക്കലും ഉണ്ടായിട്ടില്ല. പണം പിടുങ്ങുക എന്നതാണ് നേതാക്കളുടെ ആത്യന്തിക ലക്ഷ്യം. 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഭരണത്തില്‍ എത്തുന്നത് വരെ അധികാരപ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന കാലത്ത് വോട്ട് മൊത്തമായും ചില്ലറയായും വിറ്റാണ് ബി ജെ പി പണമുണ്ടാക്കിയിരുന്നത്. പഞ്ചായത്ത് ഇലക്ഷന്‍ മുതല്‍ ലോക്‌സഭ ഇലക്ഷന്‍ വരെ ഇത്തരം കച്ചവടം പൊടിപൊടിച്ചു. നേതാക്കളുടെ ഏറ്റവും വലിയ ധനാഗമന സീസണ്‍ തിരഞ്ഞെടുപ്പ് കാലമായിരുന്നു. വോട്ട് കച്ചവടത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത രണ്ടെണ്ണമാണ്. ഒന്ന്, ഇത്തരം ഇടപാടില്‍ തികച്ചും ‘സെക്കുലര്‍’ ആയാണ് നേതാക്കള്‍ പെരുമാറിയിരുന്നത് എന്നതാണ്. ജാതിമതഭേദം നോക്കാതെ വോട്ട് കച്ചവടം നടത്തി. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ്, ബി.ജെ.പി വോട്ട് വിറ്റിരുന്നത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കാണ്. പെരിങ്ങളത്ത് കെ.എം.സൂപ്പിയെയും കോഴിക്കോട്ട് എം.കെ മുനീറിനെയും ജയിപ്പിക്കാന്‍ ആവശ്യമുള്ള വോട്ട് ആര്‍.എസ്.എസ്സാണ് നല്‍കിയതെന്ന് ആരോപണമുയര്‍ന്നപ്പോള്‍ സംഘ്പരിവാര്‍ നേതാക്കളെ അറിയുന്നവരാരും അവിശ്വസിച്ചില്ല. കാരണം, പണത്തിനു വേണ്ടി പെറ്റമ്മയെ പോലും വില്‍ക്കാന്‍ മടിക്കാത്തവരാണ് ഇവരെന്ന് എല്ലാവര്‍ക്കുമറിയായിരുന്നു.
ഇപ്പോള്‍ ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴവിവാദം സാമാന്യജനത്തെ ഞെട്ടിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ് അടക്കമുള്ളവര്‍ അഴിമതിയുടെ കുളിമുറിയില്‍ നഗ്നനാണ് എന്ന് സത്യം പുറത്തുവന്നത് കൊണ്ടാണ്. രണ്ടുമെഡിക്കല്‍ കോളജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിക്കൊടുക്കാന്‍ രണ്ടു നേതാക്കള്‍ നടത്തിയശ്രമം പാളിയതില്‍നിന്നാണ് കോഴക്കഥയുടെ തുടക്കം. തിരുവനന്തപുരം വര്‍ക്കലയിലെ എസ്.ആര്‍.മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് സെന്ററിന് അംഗീകാരം നേടിയെടുക്കുന്നതിന് ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനറായ ആര്‍.എസ് വിനോദ് അഞ്ചുകോടി അറുപത് ലക്ഷം രൂപ കൈപറ്റി എന്നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചത്. പാലക്കാട് ചെര്‍പുളശ്ശേരിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മെഡിക്കല്‍ കോളജിന് അംഗീകാരം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ജന. സെക്രട്ടറിയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വലംകൈയുമായ എം.ടി രമേശ് വഴി അഞ്ചുകോടി കൊടുത്ത് ശ്രമം നടത്തിയെന്നാണ് മറ്റൊരു പരാതി. സംഭവത്തെ കുറിച്ച് മേയ് 19ന് പരാതി ലഭിച്ചെങ്കിലും അത് പൂഴ്ത്തിവെക്കാനാണ് കുമ്മനം ശ്രമിച്ചത്. ഒടുവില്‍ പാര്‍ട്ടി നേതാക്കളായ കെ.പി ശ്രീശന്‍, എ.കെ നസീര്‍ എന്നിവരെ അന്വേഷണച്ചുമതല ഏല്‍പിച്ചു. അവര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപാട് സ്ഥിരീകരിക്കുകയും ആരുവഴി എങ്ങനെയാണ് കോഴപ്പണം സഞ്ചരിച്ചതെന്നുവ്യക്തമായി ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്തു. അതോടെ, ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ കുമ്മനവും സംഘവും ഗൂഢാലോചന നടത്തി. എന്നാല്‍, കുമ്മനത്തിന്റെയും രമേശിന്റെയുമൊക്കെ രക്തത്തിനു വേണ്ടി ഓടിനടക്കുന്ന മുന്‍പ്രസിഡന്റ് മുരളീധരനും കെ. സുരേന്ദ്രനുമൊക്കെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു.
മെഡിക്കല്‍ കൗണ്‍സിലില്‍ നല്ല പിടിപാടുണ്ട് എന്ന് അവകാശപ്പെടുന്ന ഡല്‍ഹിയിലെ സതീഷ് നായരെ ഇടനിലക്കാരനായി നിര്‍ത്തിയാണത്രെ കോഴ ഇടപാടിലേക്ക് കടക്കുന്നത്. സതീഷ്‌നായര്‍ക്ക് പണം എത്തിച്ചുകൊടുത്തതാവട്ടെ, പെരുമ്പാവൂരിലുള്ള ഒരു ഹവാല ഇടപാടുകാരന്‍ വഴിയായിരുന്നു. തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നല്ല സ്വാധീനമുണ്ട് എന്ന കാര്യം മോഡിയോടൊപ്പം എടുത്ത ഫോട്ടോ ഉപയോഗിച്ച് സതീഷ് നായര്‍ തെളിയിച്ചു. കുമ്മനം രാജശേഖരന്റെ ഡല്‍ഹിയിലെ പി.ആര്‍.ഒ ആണ് നായര്‍. തന്റെ ഭരണത്തണലില്‍ കേരള നേതാക്കള്‍ നടത്തിയ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രി മോഡി ഇന്റലിജന്‍സ് ഏജന്‍സിയോട് ഉടന്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിഷയം പൊന്തിവരുമെന്നും ചെളി തന്റെ മുഖത്തേക്കും തെറിക്കുമെന്നും മനസ്സിലാക്കിയാവണം. ഹവാല ഇടപാടിലൂടെയാണ് തന്റെ അനുയായികള്‍ പണം കൈമാറിയതെന്ന വാര്‍ത്ത പൂറത്തുവന്നതോടെ പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാക്കും നില്‍ക്കക്കള്ളിയില്ലാതെയായി. ഹവാലയും കള്ളക്കടത്തും മുസ്‌ലിംകളുടെ പേരില്‍ ചേര്‍ത്തുപറയുന്ന പാരമ്പര്യമാണ് സംഘ്പരിവാരത്തിന്‍േറത്. അത് ബൂമാറങ്ങായി മാറിയപ്പോള്‍ ദി ഹിന്ദുപത്രം അക്കാര്യം തുറന്നെഴുതി. ഹവാലാ ഇടപാടിന്റെ മൊത്തക്കച്ചടവക്കാരായി ഒരു പ്രത്യേക സമുദായത്തിന്റെമേല്‍ കുറ്റം ചുമത്തുക എന്നതാണ് ബി.ജെ.പി നേതാക്കള്‍ സ്ഥിരം ചെയ്യാറുള്ളത്. ഇപ്പോള്‍ രണ്ടു പ്രധാന നേതാക്കള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് ബി.ജെ.പിയുടെ സ്വന്തം നേതാക്കള്‍ അവിഹിത ഫണ്ട് കൈമാറിയതെന്ന് തെളിഞ്ഞിരിക്കയാണ്. ഹിന്ദു പത്രം നിരീക്ഷിച്ചു. സമീപകാലത്ത്, തൃശൂര്‍ മതിലകത്ത് സഹോദരങ്ങളായ ബി.ജെ.പി നേതാക്കളെ കള്ളനോട്ടും നോട്ടടി യന്ത്രവുമായി പിടികൂടിയതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പാണ് രാജ്യദ്രോഹ മുദ്രകള്‍ പേറി സംസ്ഥാന നേതാക്കള്‍ പിടികൂടപ്പെടുന്നത്. യുവമോര്‍ച്ച പ്രാദേശിക നേതാവ് ഈരാച്ചേരി രാജേഷും സഹോദരനും കയ്പമംഗലം ഒ.ബി.സി മോര്‍ച്ച സെക്രട്ടറിയുമായ രാഗേഷുമാണ് കള്ളനോട്ട് കേസില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങുന്നത്. 2000, 500, 100, 50 രൂപയുടെ 1.37ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. വായ്പക്ക് കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്ന പരാതികളെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയപ്പോഴാണ്, ‘ദേശസ്‌നേഹികള്‍’ കള്ളനോട്ടടിച്ച് രാജ്യത്തെ വഞ്ചിക്കുകയാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്.
കുമ്മനത്തിന്റെ തലകുത്തിമറിച്ചില്‍
മെഡിക്കല്‍ കോളജ് കോഴവിവാദമാവട്ടെ, കള്ളനോട്ടടി കൃത്യമാവട്ടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന നേതാക്കള്‍ കൈയോടെ പിടിക്കപ്പെട്ടിട്ടും അതൊന്നും അഴിമതിയായോ രാജ്യവഞ്ചനയായോ അംഗീകരിക്കാന്‍ ആര്‍ജവം കാണിക്കാതെ, ഇപ്പോഴും തങ്ങള്‍ പരിശുദ്ധാത്മാക്കളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതകളാണ് കുമ്മനം രാജശേഖരനെ പോലുള്ള തലനരച്ച നേതാക്കളില്‍നിന്ന് പോലും ഉണ്ടായിരിക്കുന്നത്. കോഴവിവാദം ഉയര്‍ന്നതോടെ ആലപ്പുഴയില്‍ ചേരാനിരുന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗവും സംസ്ഥാന കമ്മിറ്റി യോഗവും റദ്ദാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ കോഴ സംഭവം നിഷേധിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട എ.കെ നസീറിനെ ശിക്ഷിക്കാനും കോഴ വാങ്ങിയ എം.ടി രമേശിനെ കുറ്റവിമുക്തനാക്കാനുമുള്ള വിചിത്രമായ തീരുമാനമാണ് കൈകൊണ്ടത്. ഫലമുണ്ടായില്ല. പാര്‍ട്ടി നേതാക്കള്‍ കൈക്കൂലിയും അഴിമതിയും വഴി കോടികള്‍ വാരിക്കൂട്ടുകയാണെന്ന യാഥാര്‍ത്ഥ്യം സമ്മതിക്കേണ്ടിവന്നതോടെ ഇവരെല്ലാം ഇത്തിള്‍ക്കണ്ണികളാണെന്ന് പറഞ്ഞ് കുമ്മനം പുണ്യവാളനാവുകയാണ്.
ആശുപത്രിക്കിടക്കയില്‍നിന്ന് അണികള്‍ക്ക് എഴുതിയ കത്തിലെ വാക്കുകള്‍ ശ്രദ്ധിക്കുക:” കേന്ദ്രഭരണത്തിന്റെയും ബി.ജെ.പിയെന്ന വടവൃക്ഷത്തിന്റെയും തണലില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ് . അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അവയെ പിഴുതെറിയുകയും ചെയ്തു. ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ” പക്ഷേ ഈ ‘ഇത്തിള്‍ക്കണ്ണികള്‍’ നടത്തിയ കോഴ ഇടപാട് അഴിമതിയാണെന്ന് സമ്മതിക്കാന്‍ കുമ്മനം തയാറല്ല എന്നതാണ് ഏറ്റവും രസാവഹമായ വസ്തുത. കുമ്മനം വെള്ള പൂശുന്നത് നോക്കൂ: ”ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്രസര്‍ക്കാരിനോടോ ബി.ജെ.പിയോടോ ഇതിനു ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ ഒരു സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികള്‍ക്ക് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് തട്ടിപ്പിനു ഒരു പ്രവര്‍ത്തകന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ് ..” പാര്‍ട്ടിയുടെ ഡല്‍ഹിയിലെ അധികാര സ്വാധീനം കാണിച്ച് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ നടത്തുന്ന കോഴ ഇടപാടൊന്നും അഴിമതിയല്ലെങ്കില്‍ പിന്നെന്തിനാണ് അതിനെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചത്? പിന്നെന്തിനാണ് ആര്‍.എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഒരു നേതാവോ അെല്ലങ്കില്‍ ഒരു കൂട്ടം നേതാക്കളോ അവിഹിതമായി നടത്തുന്ന പണമിടപാടിനെയാണ് അഴിമതിയെന്നും കോഴയെന്നും പറയുന്നത്. നേതാക്കള്‍ നടത്തുമ്പോഴാണ് അത് പാര്‍ട്ടിയുടെ അഴിമതിയായി ഗണിക്കപ്പെടുന്നത്. ബോഫോഴ്‌സ് കോഴക്കേസും ലാവ്‌ലിന്‍ കേസുമൊക്കെ വ്യക്തിയധിഷ്ഠിത ഇടപാടല്ലേ ? മെഡിക്കല്‍ കോളജ് കോഴ കേരളത്തില്‍ ബി.ജെ.പി കുറെ നാളായി തുടരുന്ന അഴിമതി ശൃംഖലയുടെ ചെറിയൊരു കണ്ണിമാത്രമാണ്. എന്തെല്ലാം അഴിമതികളാണ് ഈ ചെറിയ കാലത്തിനിടയില്‍ ഇവര്‍ നടത്തിയിരിക്കുന്നത്. 2016ല്‍ കോഴിക്കോട് പാര്‍ട്ടി ദേശീയസമിതി യോഗം ചേര്‍ന്നപ്പോള്‍ വ്യാജരസീതി അടിപ്പിച്ചാണത്രെ ഒരു യുവനേതാവ് കോടികള്‍ കീശയിലാക്കിയത്. പട്ടാളത്തില്‍ ആളെ ചേര്‍ക്കാമെന്ന് പറഞ്ഞ് കോഴിക്കോട്ടെ മറ്റൊരു നേതാവ് പറ്റിച്ചത് ആര്‍.എസ്.എസ്‌കാരനെതന്നെ. മലപ്പുറത്ത് ബാങ്കിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ ജില്ലാ നേതാവ് വെട്ടിയത് പത്തുലക്ഷം. തെരഞ്ഞെടുപ്പ് ഫണ്ട് പോലും പാതിവഴിക്ക് മുക്കി സ്വന്തം ദേശീയ നേതൃത്വത്തോട് വഞ്ചന കാട്ടിയവരാണ് കേരളത്തിന്റെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് വാഗ്ദത്തം ചെയ്യുന്നത്. ബി.ജെ.പി അധികാരം കൈയാളിയ ഇടങ്ങളിലെല്ലാം ഞെട്ടിക്കുന്ന അഴിമതി നടമാടിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിരവധി പേരുടെ നിഗൂഢമായ മരണത്തില്‍ കലാശിച്ച ‘വ്യാപം ‘അഴിമതിയുടെ ചുരുളഴിയാതെ ദൂരുഹത നിലനില്‍ക്കുന്നത് തന്നെ , സംഘ്പരിവാറിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്. ആസുര ശക്തികളുടെ അന്ത്യം അതുകൊണ്ട് നടക്കുന്ന കാപട്യത്തിന്റെയും വഞ്ചനയുടെയും ദുഷ്‌കൃത്യങ്ങളുടെയും ശമ്പളമായി കൊടുത്തുതീര്‍ക്കാതിരിക്കില്ല.
ശാഹിദ്
You must be logged in to post a comment Login