2016 ആഗസ്റ്റ്. രോഷത്തിന്റെ തിരത്തള്ളലായിരുന്നു അഹമ്മദാബാദില്‍. ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിലുള്ള പ്രതിഷേധം. ഗിര്‍ സോമനാഥ് ജില്ലയിലെ ഉന ഗ്രാമത്തിലേക്ക് ആയിരങ്ങള്‍ നടത്തിയ മാര്‍ച്ചില്‍ അഹമ്മദാബാദിലെ തെരുവിലെ ചെരുപ്പുകുത്തിയായ മധ്യവയസ്കന് അണിയായി. വര്‍ഷങ്ങളായി തെരുവോരത്ത് ഉറങ്ങുന്ന ഒരാള്‍. ദളിത് – മുസ്ലിം ഐക്യത്തിന് പ്രവര്‍ത്തിക്കുമെന്ന് അയാള്‍ പ്രഖ്യാപിച്ചു. അശോക് മോചി എന്നാണ് അയാളുടെ പേര്. പതിനാല് വര്‍ഷം മുമ്പ്, 2002ല്‍, അഹമ്മദാബാദിലെ തെരുവുകള്‍ വര്‍ഗീയവാദികള്‍ കൊളുത്തിവിട്ട അഗ്നിയില്‍ അമര്ന്നപ്പോള്, മുസ്ലിംകളായ അയല്‍ക്കാരുടെ വീടുകളും കടകളും കത്തിക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍, ആയിരങ്ങള്‍ കൊലചെയ്യപ്പെടുകയും ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തപ്പോഴാണ് ഈ മനുഷ്യന്റെ മുഖം ജനമനസ്സുകളില്‍ പതിഞ്ഞത്, പറിച്ച് മാറ്റാന്‍ പറ്റാത്ത വിധം. അതിനു ശേഷം ഇരുളില്‍ മറഞ്ഞ മോചിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കണ്ടു 2016 ആഗസ്റ്റില്‍.
2002 ഫെബ്രുവരിയിലെ ഭീകരദിനങ്ങളുടെ പ്രതീകമായി മാറിയ ഒരു ചിത്രം. അക്രമാസക്തമായ ആള്‍ക്കൂട്ടം അഹമ്മദാബാദിന്റെ തെരുവുകളില്‍ അഴിഞ്ഞാടി, മുസ്ലിംകളെ കൊന്നും ബലാത്സംഗം ചെയ്തും കൊള്ളയടിച്ചും. കാക്കി ട്രൗസറും കറുത്ത ടീ ഷര്‍ട്ടും ധരിച്ച, മുടി മധ്യത്തില്‍ വകഞ്ഞ് നെറ്റിയില്‍ കാവിത്തുണി കെട്ടിയ, വിരിഞ്ഞ കൈകളിലൊന്നില്‍ ഇരുമ്പുദണ്ഡുമായി നില്ക്കുന്ന യുവാവിന്റെ ചിത്രം. പിറകില്‍ ആളിക്കത്തുന്ന തീയും അവ്യക്തമായ പുരുഷാരവും. കത്തിയമരുന്ന വീടുകള്‍, കടകള്‍, കാറുകള്‍ എന്നിവയില്‍ നിന്നുയരുന്ന പുകയും.
വാര്‍ത്താ ഏജന്‍സിയായ ഏജന്‍സി ഫ്രാന്‍സ് പ്രസ്സിലെ (എ എഫ് പി) ഫോട്ടോഗ്രാഫര്‍ സെബാസ്റ്റ്യന്‍ ഡിസൂസയുടെ ഈ ചിത്രം ലോകത്താകെയുള്ള പത്രങ്ങളും മാസികകളും പ്രസിദ്ധീകരിച്ചു. ഗുജറാത്ത് വംശഹത്യാശ്രമത്തെക്കുറിച്ച് പിന്നീട് പുറത്തിറങ്ങിയ പുസ്തകങ്ങളിലും റിപ്പോര്‍ട്ടുകളിലുമൊക്കെ ഈ ചിത്രം പ്രസിദ്ധീകരിച്ചു. വിഭജനത്തിന് ശേഷം നടന്ന ഏറ്റവും രക്തരൂക്ഷിതമായ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായ വെറുപ്പിന്റെ അണപൊട്ടിയ ദിനങ്ങളുടെ ചിഹ്നമായി ഈ ചിത്രം മാറി.
‘ഈ കുട്ടക്കുരുതിയെ അതിജീവിച്ചവരുടെ മുറിവുണക്കുന്നതിനും അവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനുമുള്ള ശ്രമങ്ങളാണ് പിന്നീടുള്ള ദശകത്തില്‍ പല സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പോലെ ഞാന്‍ നടത്തിയത്. ഈ കുരുതിക്ക് ഉത്തരവാദികളായവരുടെ പേരില്‍ നൂറുകണക്കിന് കേസുകള്‍. ഏതാനും കേസുകളില്‍ ഞങ്ങളുടെ പോരാട്ടം ജയിച്ചു. ഭൂരിപക്ഷം കേസുകളിലും പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ വിട്ടയക്കപ്പെട്ടു. എങ്കിലും രാജ്യത്തുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമായി താരമത്യം ചെയ്താല്‍, നീതിക്കു വേണ്ടി നടന്ന ഏറ്റവും വലിയ സംഘടിത ശ്രമമായിരുന്നു ഗുജറാത്തിലേത്.
സന്നദ്ധ സംഘടനയായ അമന് ബിരാദാരിയിലെ എന്റെ സഹപ്രവര്‍ത്തകര്‍ യുവാക്കളായ അഭിഭാഷകരായിരുന്നു. മിക്കവാറും ആളുകള്‍ വംശഹത്യാ ശ്രമത്തെ അതിജീവിച്ച വിഭാഗക്കാരും. ഇവരാണ് കേസുകളുടെ നടത്തിപ്പിന് സഹായിച്ചത്. കാലമേറെ നീണ്ട നിയമനടപടികളുടെ വിജയം അവര്‍ കണക്കാക്കിയത്, ശിക്ഷിക്കപ്പെടുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നില്ല, അക്രമികളെയും ആസൂത്രകരെയും നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ സാധിക്കുന്നുവെന്നതിനെ കൂടി കണക്കിലെടുത്തായിരുന്നു.
ഞങ്ങളുടെ ശ്രമഫലമായി നിയമത്തിന് മുന്നിലെത്തിയവരില്‍ ഭൂരിഭാഗവും അക്രമത്തിന്റെ കാലാള്‍ പടയാളികള്‍ മാത്രമായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നു. അതിന്റെ നേതാക്കളായിരുന്നില്ലെന്ന് തിരിച്ചറിയുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആ കാലാള്‍ പടയാളികള്‍ക്ക് എന്ത് സംഭവിച്ചു? എ എഫ് പി ചിത്രത്തിലെ, ഭീകരദിനങ്ങളുടെ പ്രതീകമായിരുന്ന ചെറുപ്പക്കാരനെ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചോദ്യമാണ്. അമന് ബിരാദരിയിലെ കിഷോര്‍ ഭായിയെ വിളിച്ചു. ആ ചെറുപ്പക്കാരനുള്പ്പെട്ട കേസിന്റെ കോടതി നടപടികള്‍ പിന്തുടര്ന്നിരുന്നത് കിഷോറായിരുന്നു. അശോക് മോചി എന്നാണ് അയാളുടെ പേരെന്ന് കിഷോര്‍ അറിയിച്ചു. അഹമ്മദാബാദിലെ ഷാപൂരില്‍ നിന്നുള്ള തൊഴിലാളി. മുഴുവന്‍ പേര് അശോക് കുമാര്‍ ഭഗവാന് ഭായ് പാര്‍മര്‍.
വംശഹത്യാനന്തരം നല്കപ്പെട്ട പരാതികളില്‍, അക്രമിക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പേരുകളൊന്നും പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാകണം ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ രേഖകളില്‍ ഇയാളുടെ പേരുണ്ടായിരുന്നില്ല. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അശോക് മോചിയുടെ പേരുള്പെട്ടത്.
2002 ഫെബ്രുവരി 28ന് കത്തികളും വടികളുമായി മുസ്ലിംകളുടെ വീട് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തില്‍ അശോക് മോചിയുമുണ്ടായിരുന്നുവെന്ന് മുഹമ്മ് ഹുസൈന് റമസാന്‍ ശൈഖ് മധേപൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) ബന്ദിന് ആഹ്വാനം ചെയ്തിരുന്നതിനാല്‍ മുസ്ലിംകളില് വലിയൊരളവോളം പേര് ഭയന്ന് വീടുകളില്‍ കഴിയുകയായിരുന്നു. ഷാപൂര്‍ ചൗക്കില്‍ അശോക് മോചി അടങ്ങുന്ന സംഘം തമ്പടിച്ചിരിക്കുന്നത് അവര്‍ വീടുകളിലിരുന്ന് കണ്ടു. അവിടെ നിന്നാണ് മോചിയുടെ ചിത്രം ഡിസൂസ പകര്‍ത്തിയത്. ആ ചൗക്കിലെ ഏതാനും ഓട്ടോറിക്ഷകള്‍ അവര്‍ കത്തിച്ചു. തന്റെ സഹോദരന്റെയും ബന്ധുക്കളുടെയും വീടുകളില്‍ അക്രമികള്‍ കടന്ന് സ്യൂട്ട് കേസുകളും ഗ്യാസ് സിലിണ്ടറുകളും ടെലിവിഷനുകളുമൊക്കെ എടുത്തുകൊണ്ടുപോകുന്നത് കണ്ടതായി ശൈഖിന്റെ പരാതിയില്‍ പറയുന്നു. കൊള്ളക്ക് ശേഷം അവര്‍ വീടുകള്‍ പെട്രോളൊഴിച്ച് കത്തിച്ചു. ഉയരമുള്ള വീടുകളിലേക്ക് ആസിഡ് നിറച്ച ബള്‍ബുകള്‍ എറിഞ്ഞു. കൊല്ലുമെന്ന് പ്രദേശവാസികളെ ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ അവിടുത്തെ മുസ്ലിംകളെല്ലാം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറി.
റമസാന്‍ ശൈഖിന്റെ മൊഴിയുണ്ടായിരുന്നിട്ടും പൊലീസ് അശോക് മോചിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. കൂട്ടക്കുരുതിക്ക് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടായിരത്തോളം കേസുകളില്‍ ആരോപണവിധേയരാവരില്‍ ഒരാള്‍ മാത്രമായിരുന്നു മോചി. കേസുകളില്‍ ഭൂരിഭാഗവും പൊലീസ് തന്നെ അവസാനിപ്പിച്ചു. ആസൂത്രകരുടെ പങ്ക് സംബന്ധിച്ച് വേണ്ടത്ര തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. കേസുകളില്‍ പകുതിയും അവസാനിപ്പിക്കാന്‍ ഒരു വര്‍ഷത്തിനകം പൊലീസ് ശിപാര്‍ശചെയ്തു. കീഴ്ക്കോടതികള്‍ അത് അംഗീകരിക്കുകയും ചെയ്തു. വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്ക് പ്രാഥമികമായ നീതി പോലും ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ ജസ്റ്റിസ് ജഗദീഷ് ശരണ്‍ വര്‍മ അധ്യക്ഷനായിരുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി പ്രകടിപ്പിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ആ കേസില്‍ ഞാനും കക്ഷിചേര്‍ന്നു. അക്രമത്തിന്റെ ആസൂത്രകരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ എന്റെ പരാതിക്കൊപ്പമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എന്റെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് കോടതിയില്‍ വാദിച്ചത്. പരാതി സുപ്രീം കോടതി സ്വീകരിക്കുകയും എല്ലാ കേസുകളിലും പുനരന്വേഷണവും പുനര്‍വിചാരണയും നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
ഈ കേസുകളുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഏറ്റെടുത്തു. അമന് ബിരാദാരിയുടെ ചുമതലയിലുണ്ടായിരുന്ന നിരവധി കേസുകളില്‍ ഒന്നിലാണ് അശോക് മോചിയും ഉള്‍പ്പെട്ടിരുന്നത്. മധേപൂര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍. മുസ്ലിംകളുടെ വീടുകളും കടകളും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. പതിനാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം അയാള്‍ ജാമ്യത്തിലിറങ്ങി. കേസ് തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുത്തു. ആരോപണവിധേയരായ ഇരുപതിലധികം പേര്‍ക്കൊപ്പം മോചി എല്ലാ ദിവസവും കോടതിയിലെത്തി. പരാതിക്കാരുടെ മനോവീര്യം സംരക്ഷിക്കുന്നതിന് വേണ്ടി കിഷോര്‍ ഭായി കഴിയാവുന്ന ദിവസങ്ങളിലൊക്കെ കോടതിയിലെത്തിയിരുന്നു. കേസ് തുടര്‍ച്ചയായി മാറ്റിവെച്ചുകൊണ്ടിരുന്നു. വീടുകള്‍ പുനര്‍നിര്‍മിക്കാനും മറ്റ് ഉപജീവനമാര്‍ഗം കണ്ടെത്താനുമുള്ള തിരക്കിലേക്ക് പരാതിക്കാര്‍ മാറി. റമസാന്‍ ശൈഖിന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ച ദിവസം ഹാജരാകാന്‍ ശൈഖിന് സാധിച്ചില്ല. ശൈഖ് ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് മോചിയുള്പ്പെടെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കാണാന്‍ അശോക് മോചി സന്നദ്ധനാകുമോ എന്ന് കിഷോര്‍ ഭായിയോട് ചോദിച്ചു. അയാള്‍ തയാറായിരുന്നു. പഴയ അഹമ്മദാബാദിലെ ചുവപ്പ് കവാടത്തിന് (ലാല്‍ ദര്‍വാസ) സമീപം മോചിയുടെ ചെരുപ്പ് നന്നാക്കുന്ന ഇടത്തിലേക്ക് കിഷോര്‍ ഭായിക്കൊപ്പമാണ് ചെന്നത്. നാല്‍പ്പതിനടുത്തേ മോചിക്ക് പ്രായമുള്ളൂ, കാഴ്ചയില്‍ കൂടുതല്‍ തോന്നും. പഴയ ചിത്രം ഓര്മയിലുള്ളവര്ക്ക് പോലും തിരിച്ചറിയാനാകില്ല. നരച്ച മുടി, വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്ത് ചുളിവുകള്‍. താടിയില്ല. ജോലി ചെയ്യുന്നതിനിടെ സംസാരിക്കാമെന്ന് മോചിയോട് പറഞ്ഞു. കച്ചവടം കുറവാണെന്നും കടയടച്ച് ഹോട്ടലിലേക്ക് വരാമെന്നുമായിരുന്നു മറുപടി.
തെരുവോരത്തെ ചെരുപ്പുനന്നാക്കുന്ന ചെറിയ ഇടം പാരമ്പര്യമായി കിട്ടിയതാണ് മോചിക്ക്. കുറച്ചുകൂടി ഭേദപ്പെട്ട എന്തെങ്കിലും ജോലി ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ച ജോലി എന്നത് മറികടക്കാന്‍ അവനായില്ല. ദാരിദ്ര്യം അവനുമേല്‍ ഈ ജോലി അടിച്ചേല്‍പ്പിച്ചുവെന്നും പറയാം. ചുവന്ന കവാടത്തിലെ ഒറ്റമുറിക്കൂരയിലാണ് മോചിയുടെ കുടുംബം കഴിയുന്നത്. ദിവസക്കൂലിക്കാര്‍ മാത്രം ജീവിക്കുന്ന ഇടം. റോഡിന്റെ ഒരു വശത്ത് മുസ്ലിംകളുടെ വീടുകള്‍, മറുഭാഗത്ത് താണജാതിക്കാരായ ഹിന്ദുക്കള്‍. അശോകിന്റെ പിതാവിന്റെ കൂലി ചെലവിന് തികയുമായിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന് മരിച്ചു. ഒരു വര്‍ഷത്തിന് ശേഷം അമ്മയും. പിന്നെ മൂത്ത സഹോദരന്റെ സംരക്ഷണയിലായി മോചി.
ജ്യേഷ്ഠന് നാല് കുട്ടികള്‍. അവര്‍ അശോകിനെ കൂടെക്കൂട്ടിയെങ്കിലും പണത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനുമൊക്കെ വേണ്ടി മോചിക്ക് ജ്യേഷ്ഠത്തിയുമായി കലഹിക്കേണ്ടി വന്നു. പത്താം ക്ലാസ് പാസായതോടെ പഠനം നിര്‍ത്തി, പണിക്കിറങ്ങി. പല ജോലികള്‍ ചെയ്യാന്‍ ശ്രമിച്ചു. ഒരു മനുഷ്യന് ചെയ്യാവുന്ന എല്ലാ ചെറിയ ജോലിയും ചെയ്തുവെന്നാണ് മോചി പറയുന്നത്. വിദ്യാഭ്യാസമില്ലാത്ത, അവകാശങ്ങളില്ലാത്ത എല്ലാ ദരിദ്ര ഇന്ത്യക്കാരനും ചെയ്യുന്ന എല്ലാ ജോലികളും. തൂപ്പുകാരന്റെ, കാവല്‍ക്കാരന്റെ, പെയിന്ററുടെയൊക്കെ. ഒരിടത്തും കാലുറപ്പിക്കാനായില്ല. പലേടത്തും ജാതിയായിരുന്നു പ്രശ്നം. ഒരോരുത്തരും അവരവരുടെ ജാതിക്കാരെ മാത്രമേ പണിക്ക് വിളിച്ചിരുന്നുള്ളൂ.
അവസാനം അയാള്‍ പിതാവിന്റെ പാത തെരഞ്ഞെടുത്തു. കുറച്ചുകാലം കൂടി ജ്യേഷ്ഠനൊപ്പം താമസിച്ചു. കലഹങ്ങള്‍ ആവര്‍ത്തിച്ചതോടെ താമസം തെരുവിലേക്ക് മാറ്റി. തെരുവില്‍ മോചിക്കടുത്ത് നസീര്‍ ഭായിയായിരുന്നു. ഓട്ടോറിക്ഷകള്‍ നന്നാക്കുന്നയാള്‍. മറുപുറത്ത് പഴയ വസ്ത്രങ്ങള്‍ വിറ്റിരുന്ന മേല്ജാതിക്കാരനായ ഹിന്ദുവും. തെരുവില്‍ തന്നെ ഉറങ്ങിയിരുന്ന മോചിയാണ് ഇവരുടെയൊക്കെ സാധനങ്ങള്‍ രാത്രി സൂക്ഷിച്ചിരുന്നത്.
2002ലെ കൊടുങ്കാറ്റുവരെ ജീവിതം സാധാരണപോലെയായിരുന്നു. പല കലാപങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് മോചി പറയുന്നു. 1985ല്‍ അഹമ്മദാബാദ് നഗരം വര്‍ഗീയ സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നു. മാസങ്ങള്‍ നീണ്ട സംഘര്‍ഷം മുന്നൂറോളം ജീവനെടുത്തു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കിടെ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചു. ഇവയൊന്നും 2002ലെ വംശഹത്യാ ശ്രമത്തിന് സമാനമായിരുന്നില്ല. 2002 ഫെബ്രുവരി 28ന്റെ പ്രഭാതം മോചിയുടെ ഓര്‍മയിലുണ്ട്. തെരുവ് അശാന്തവും സംഘര്‍ഷഭരിതവുമായിരുന്നു. ഗോധ്രയിലെ ട്രെയിനില്‍ കത്തിക്കരിഞ്ഞ ശരീരങ്ങളുടെ ചിത്രം എല്ലാ പത്രങ്ങളിലുമുണ്ടായിരുന്നു, ഹിന്ദുക്കളുടെ രക്തം തിളപ്പിക്കാന്‍ പാകത്തില്‍. ടെലിവിഷനില്‍ വന്നതൊന്നും മോചി കണ്ടിട്ടില്ല. പക്ഷേ, കത്തിക്കരിഞ്ഞ ശരീരം ടെലിവിഷന്‍ സ്ക്രീനുകളില്‍ നിറഞ്ഞിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മുസ്ലിംകളോട് വിദ്വേഷമുള്ളവരായി ഹിന്ദുക്കള്‍ മാറിയെന്ന് മോചി പറയുന്നു. അയാളും രോഷാകുലനായിരുന്നു. വി എച്ച് പി ബന്ദിന് ആഹ്വാനം ചെയ്തതിനാല്‍ മുസ്ലിംകള് വീടിന് പുറത്തിറങ്ങിയില്ല. ഹിന്ദു പുരുഷന്മാര് തെരുവില്‍ തമ്പടിച്ചു, ആയുധങ്ങളും പെട്രോളുമായി. ഈ കലാപം ആഴ്ചകളോ മാസങ്ങളോ തന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന് മോചി ഭയന്നിരുന്നു.
അന്ന് താടി വളര്‍ത്തിയിരുന്നു. പ്രണയ പരാജയത്തിന്റെ നിരാശയില്‍. താടി വളര്‍ത്തുന്ന ഹിന്ദുക്കള്‍ കുറവായിരുന്നു. താടിയുള്ളതിനാല്‍ മുസ്ലിമാണോ എന്ന്, അക്രമാസക്തമായ ആള്‍ക്കൂട്ടം തെറ്റിദ്ധരിക്കുമോ എന്ന ഭയം തോന്നി. തെരുവിലെ ക്ഷുരകന്മാരെ മോചി അന്വേഷിച്ചു. ആരുമുണ്ടായിരുന്നില്ല. ഹിന്ദുവാണെന്ന് തിരിച്ചറിയുന്നതിന് ഒരു കാവിത്തുണി നെറ്റിയില്‍ കെട്ടി. ഷാപൂര്‍ ചൗക്കില്‍ സംഘടിച്ചിരുന്ന യുവാക്കള്‍ക്കൊപ്പം ചേര്‍ന്നു മോചി. വി എച്ച് പി മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച, ഗുജറാത്ത് ഹിന്ദു രാഷ്ട്രമാണെന്ന് എഴുതിയ, ബോര്‍ഡിന് താഴെ. ഗോധ്രയില്‍ ഹിന്ദുക്കളെ കത്തിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് അവിടേക്കെത്തിയ ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചു. കൊടിയ കുറ്റമാണ് മുസ്ലിംകള് ചെയ്തതെന്നും താന്‍ രോഷാകുലനാണെന്നും മറുപടി നല്കി. ഒരു ചിത്രത്തിന് പോസ് ചെയ്യുമോ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചു. റോഡില്‍ കിടന്നിരുന്ന ഇരുമ്പു ദണ്ഡെടുത്ത് രണ്ട് കൈകളും വിടര്‍ത്തി ചിത്രത്തിന് പോസ് ചെയ്തു. അത് ചരിത്രമായി.
ചിത്രമെടുത്ത സെബാസ്റ്റ്യന്‍ ഡിസൂസക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. 2012ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഇന്ദ്രജിത് ഹസ്റക്ക് നല്കിയ അഭിമുഖത്തില്‍ ഡിസൂസ പറയുന്നത് ഇങ്ങനെയാണ് – ‘ആള്‍ക്കൂട്ടം കാറുകള്‍ കത്തിക്കുന്നുണ്ടായിരുന്നു. ആളുകളെ കുത്തി വീഴ്ത്തുന്നത് കണ്ടു. ഞാന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ഓടിപ്പോയി. ഈ മനുഷ്യന് ഒരാള്‍ക്കൂട്ടത്തെ നയിക്കുന്നത് കണ്ടു. ദൂരെ നിന്ന് ചിത്രങ്ങളെടുത്തു.’ മോചി ക്യാമറയിലേക്ക് തുറിച്ചു നോക്കുന്നതായാണ് കാണുന്നത്, ചിത്രമെടുക്കുന്നത് കണ്ട് പോസ് ചെയ്തതായിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഡിസൂസയുടെ മറുപടി.
ഉച്ചതിരിഞ്ഞതോടെ ആള്‍ക്കൂട്ടം ചെറുതായിത്തുടങ്ങി. രാത്രിയായതോടെ പൊലീസ് ബസ്സുകളില്‍ മുസ്ലിംകള് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പോയിത്തുടങ്ങി. കടകളെല്ലാം അടച്ചിരിക്കുന്നു. രാത്രി ഭക്ഷണം കിട്ടില്ലെന്നുറപ്പായി. തെരുവിലുറങ്ങുന്നത് അപകടമാണെന്ന് മോചിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ ആള്‍ക്കൂട്ടം വീണ്ടുമുണ്ടായി, അതിന് വലുപ്പം കൂടിയെന്ന് മോചി ഓര്‍ക്കുന്നു. അവിടെക്കൂടിയവരൊക്കെ ഒരേ കാര്യം പറഞ്ഞിരുന്നു. ‘മുസ്ലിംകളെ ആക്രമിക്കാനും കൊള്ളയടിക്കാനും കൊല്ലാനും കുറച്ചു ദിവസത്തേക്ക് നമുക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്’. മോചിയുടെ അക്രമം ഒരാഴ്ചയിലേറെ നീണ്ടു. മൂന്ന് മാസം ജ്യേഷ്ഠനൊപ്പം താമസിച്ചതിന് ശേഷമാണ് മോചി തെരുവിലേക്ക് മടങ്ങിയത്. മൂന്ന് മാസക്കാലം മിക്കവാറും വീട്ടില്‍ തന്നെയായിരുന്നു. പത്രങ്ങളിലൊക്കെ ചിത്രം വന്നതിനാല്‍ വി എച്ച് പിയുടെയോ ബജ്രംഗ് ദളിന്റെയോ നേതാവാണ് താനെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. പുതിയ ‘പ്രശസ്തി’ തന്നെ അപകടത്തിലാക്കുമെന്ന ഭയവുമുണ്ടായി. അതുകൊണ്ട് കൂടിയാണ് കുറച്ചുദിവസം തെരുവില്‍ താമസിക്കേണ്ടെന്ന് തീരുമാനിച്ചത്.
മുസ്ലിംകള് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് മടങ്ങിയെത്താന്‍ മാസങ്ങളെടുത്തു. വീടുവെക്കാനും മറ്റും അവര്‍ക്ക് മുസ്ലിം ദുരിതാശ്വാസ ഏജന്‍സികള്‍ പണം നല്കി. ആ സഹായം തീരെ കുറവായിരുന്നു. എങ്കിലും തലക്കുമേലൊരു ഷീറ്റ് വലിച്ചുകെട്ടാനെങ്കിലും അവര്‍ക്കായി. വൈകാതെ അവര്‍ ഉപജീവനത്തിന് മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തിത്തുടങ്ങി. നസീര്‍ ഭായിയുടെ വര്‍ക്ക്ഷോപ്പ് വീണ്ടും തുടങ്ങി. മോചിയുടെ തെരുവ് ജീവിതവും. വിവാഹം വേണ്ടെന്ന് തീരുമാനിച്ചു. ‘എനിക്ക് ഭക്ഷണമോ വിദ്യാഭ്യാസമോ വേണ്ടപോലെ നല്കാന് പിതാവിന് സാധിച്ചില്ല. അത് എന്റെ കുട്ടികളോട് ചെയ്യണോ? ഒറ്റക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി’ – ഇതാണ് വിവാഹം കഴിക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. മുസ്ലിംകളായ അയല്‍ക്കാര്‍ തനിക്കെതിരെ നല്കിയ മൊഴികള്‍ കള്ളമായിരുന്നുവെന്ന് മോചി പറയുന്നു. അക്രമികള്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നെത്തിയ അപരിചിതരായിരുന്നു. തങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ രോഷാകുലരായ മുസ്ലിംകള് തങ്ങള്‍ക്കറിയാവുന്ന ഹിന്ദുക്കളുടെ പേരുകളാണ് പൊലീസില്‍ പറഞ്ഞത്. വര്‍ഷങ്ങളെടുത്തു കേസ് തീരാന്‍. ദിവസങ്ങള്‍ കഴിയുന്തോറും ഹിന്ദുക്കളോട്, മുസ്ലിംകളിലുണ്ടായ വെറുപ്പ് കുറഞ്ഞുവന്നു. താനുള്‍പ്പെടെ ആരോപണവിധേയരായവരൊന്നും യഥാര്‍ത്ഥത്തില്‍ കുറ്റവാളികളല്ലെന്ന് അവരുടെ ഹൃദയത്തിന് അറിയാമായിരുന്നു. അവരൊന്നും ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കിയില്ല.
ചിത്രത്തില്‍ കണ്ട രോഷാകുലനായ യുവാവല്ല, മൃദുഭാഷിയായ മോചിയായിരുന്നു ഞാന്‍ കാണുമ്പോള്‍. ഗോധ്രയില്‍ ട്രെയിനിന് തീവെച്ചവരെപ്പോലുള്ള അഞ്ച് ശതമാനം ചീത്തയാളുകളുണ്ട് മുസ്ലിംകളില്. അതിന് ബാക്കി 95 ശതമാനം മുസ്ലിംകളെ ശിക്ഷിക്കുന്നത് ശരിയല്ല. 2001 മുതല്‍ 2014 വരെ നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ ഭരണം സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല. 2001ല്‍ ഞാന്‍ തെരുവിലാണ് ഉറങ്ങിയിരുന്നത്, ഇപ്പോഴുമതേ – മോചി സ്വന്തം കഥ അവസാനിപ്പിച്ചു.
2002ലെ ഭീകരദിനങ്ങളെ നിര്‍വചിക്കുന്ന ചിത്രമായിരുന്നു അശോക് മോചിയെങ്കില് മറ്റൊരു ചിത്രം ഖുതുബുദ്ദീന്‍ അന്‍സാരിയായിരുന്നു. അഹമ്മദാബാദിലെ ദരിദ്ര തയ്യല്ക്കാരന്. നിറഞ്ഞ കണ്ണുകളോടെ, കൈകൂപ്പി ജീവന് വേണ്ടി യാചിക്കുന്ന ഖുതുബുദ്ദീന്റെ ചിത്രം റോയിട്ടേഴ്സിന്റെ ആര്‍കോ ദത്തയാണ് പകര്‍ത്തിയത്. സോനെ കി ചൗക്കിലെ വീട്ടില്‍ ബന്ദിയാക്കപ്പെട്ട അവസ്ഥയിലായിരുന്നു ഖുതുബുദ്ദീന്‍. പുറത്ത് ചോരക്ക് ആര്‍ക്കുന്ന ആള്‍ക്കൂട്ടം. അവിടെയെത്തിയ സുരക്ഷാ സൈനികരോടായിരുന്നു ഖുതുബുദ്ദീന്റെ യാചന.
2014ല്‍ ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ഖുതുബുദ്ദീന്‍ അന്‍സാരിയെയും അശോക് മോചിയെയും സി പി ഐ (എം) ഒരു വേദിയില്‍ കൊണ്ടുവന്നു, കണ്ണൂരില്‍. വേദി പങ്കിടുക മാത്രമല്ല, ഒരു മുറിയില്‍ താമസിക്കുകയും ചെയ്തു അവര്‍. ‘ഞങ്ങള്‍ രണ്ട് പേരും ഗുജറാത്തികളാണ്. പക്ഷേ, ഗുജറാത്തില്‍ വെച്ച് ഇതുപോലെ ഒന്നിച്ചുകാണാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’ എന്ന് ഖുതുബുദ്ദീന്‍ വികാരാധീനനായിരുന്നു ആ ചടങ്ങില്‍. കൂട്ടക്കുരുതിയുടെ പേരില്‍ തന്നോട് ക്ഷമ ചോദിക്കുന്ന ആദ്യത്തെ ഹിന്ദുവല്ല മോചിയെന്നും ഖുതുബുദ്ദീന്‍ പറഞ്ഞു.
യോഗത്തില്‍ സംസാരിക്കവെ, കലാപം വലിയ തെറ്റായിരുന്നുവെന്ന് മോചി പറഞ്ഞു. വലിയ അബദ്ധം. ‘ഇത്രയുമാളുകളോട് ഒരുമിച്ച് ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. മനുഷ്യത്വത്തെക്കുറിച്ച് മാത്രമേ ഇവിടെ പറയാനുള്ളൂ, അതാണ് ഈ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചത്.’
അശോക് മോചി, അയാള്‍ അവകാശപ്പെടുന്നത് പോലെ നിഷ്കളങ്കനാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. വെറുപ്പിന്റെ ആധിക്യമുണ്ടായിരുന്ന ആ നാളുകളില്‍ മുസ്ലിംകളുടെ വീട് കൊള്ളയടിക്കാനും കത്തിക്കാനും ഒരുമിച്ച അക്രമികളില്‍ ഒരാളായിരുന്നോ മോചി? അതിന്റെ നേതൃത്വമുണ്ടായിരുന്നോ മോചിക്ക്? അങ്ങനെയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. എങ്കിലും ഈ ക്രൂരതയില്‍ പരസ്യമായി പശ്ചാത്തപിക്കാനെങ്കിലും അയാള്‍ തയാറായി. അയാളുടെ പശ്ചാത്താപം ആത്മാര്‍ത്ഥമാണെന്ന് ഞാന്‍ കരുതുന്നു. ഈ കൂട്ടക്കുരുതി ആസൂത്രണം ചെയ്തവരില്‍ ഭൂരിഭാഗവും ഒരിക്കല്‍പ്പോലും ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ലെന്നത് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്.
(Fatal Accident of Birth എന്ന
പുസ്തകത്തില്‍നിന്നൊരു ഭാഗം)
ഹര്‍ഷ് മന്ദര്‍
വിവ. രാജീവ് ശങ്കരന്
You must be logged in to post a comment Login