കടന്നല്‍കൂട്

കടന്നല്‍കൂട്

വേലായുധേട്ടന്‍ ഇസ്തിരി ഇടാനുള്ള തയാറെടുപ്പിലാണ്. ഇസ്തിരിപ്പെട്ടി തുറന്ന് വെച്ച് ചിരട്ട ഒരുക്കൂട്ടി ഒരു ഗോപുരം പോലെ ഉയര്‍ത്തി വെച്ചിരിക്കുന്നു. ചിരട്ടകള്‍ക്ക് തീ പിടിച്ചു. അവ ഈര്‍ഷ്യയോടെ കത്താന്‍ തുടങ്ങി. കനലുകള്‍ വേലായുധേട്ടന്‍ മാറ്റി വെച്ചു. ഇസ്തിരിപ്പെട്ടി ഒരു ബിസ്‌കറ്റ് ടിന്നിന്റെ മൂടിയുടെ ചെറിയ എകരത്തില്‍ വെച്ചിരിക്കുന്നു. ചൂട് നഷ്ടപ്പെടാതിരിക്കാനാണ്. ഞങ്ങളുടെ വീടന്റെ പിന്‍ഭാഗത്താണ് വേലായുധേട്ടന്റെ വീട്. വീട് എന്ന് പറയാനൊന്നും ഇല്ല. ഇഷ്ടികകൊണ്ട് പടുത്തു വെച്ച ഒരു ഉയരത്തിന് മുകളില്‍ മുളയുടെ അലക് വെച്ച് ഓലകൊണ്ട് കെട്ടിയതാണ് വേലായുധേട്ടന്റെ വീട്. ചുമര് നനഞ്ഞ് വീണിരിക്കുന്നു. കവുങ്ങിന്റെ അലകില്‍ മറ്റു ഭാഗത്ത് ഒരു നെടും പെരയിട്ടിട്ടുണ്ട്.
വേലായുധേട്ടന്‍ ഇസ്തിരി തുടങ്ങിയിരിക്കുന്നു. കട്ടിലിന്റെ ചുവട്ടില്‍ നിന്ന് മര്‍ഫി റേഡിയോയും ചുമന്ന് അദ്ദേഹം ശ്രീലങ്കാ പ്രക്ഷേപണ നിലയം തിരയുകയാണ്. കുറച്ച് കഴിഞ്ഞ് നീലഗിരിയുടെ സഖികളേ..എന്ന ഗാനം മുഴങ്ങാന്‍ തുടങ്ങി. ഒരു പഴക്കഷ്ണവുമായി പൊന്നു ചിറകിട്ടടിക്കുന്നു. കടിപിടികൂടുന്നു.

തത്തയെ കിട്ടിയിട്ട് രണ്ട് മാസമായി. ഇപ്പോള്‍ പൂടയും തൂവലും വെച്ചു. പൊന്നു എന്ന വിളിപ്പേര് കേട്ടാല്‍ താഴേക്ക് ഇറങ്ങി വന്ന് തന്റെ വര്‍ത്തുള വൃത്തത്തില്‍ അത് കൂട്ടില്‍ കിടന്ന് ചിലക്കാന്‍ തുടങ്ങും. കണ്ടാരി കൊടുത്തയച്ച കരിമ്പനോലച്ചീളുകള്‍ പൊന്നുവിന് യഥേഷ്ടം തിന്നാന്‍ കൊടുത്തു. കൂട്ടിലേക്ക് നീട്ടുന്ന ചീളുകള്‍ അത് കടിച്ച് പിടിച്ച് വിഴുങ്ങും. പച്ചത്തൂവലിന്റെ മിനുസം തത്തക്കുട്ടി കൊക്കുകൊണ്ട് പിന്‍തിരിഞ്ഞിരുന്ന് ഒതുക്കുന്നത് കാണാം. കണ്ടാരിയുടെ അസുഖം ഭേദപ്പെട്ടുതുടങ്ങി എന്നും അവന്‍ തെങ്ങുകയറ്റക്കാരുടെ കൂടെയാണെന്നും രാധച്ചേച്ചി പറഞ്ഞു. അവന് ഒരു ഒത്ത ആളുടെ തേങ്ങാക്കൂലി കിട്ടാന്‍ തുടങ്ങിയത്രെ. വരുന്ന മിഥുനം ഏഴിന് കണ്ടാരിക്ക് പതിനെട്ട് വയസാകും. കേറ്റം ഇല്ലാത്ത സമയത്ത് കണ്ടാരി സ്ഥിരമായി തത്തയെ കാണാന്‍ വരാന്‍ തുടങ്ങി. കപ്ലേങ്ങാട്ടെ കയറ്റമായിരുന്നത്രെ കണ്ടാരിക്ക് ഇന്നലെ. ഒരു തെങ്ങ് കയറിയാല്‍ രണ്ട് തേങ്ങയാണ് കൂലി. നാല്‍പതും നാല്‍പത്തിയഞ്ചും തേങ്ങ കണ്ടാരിക്ക് കിട്ടും. കണ്ടാരിയുടെ പൊതിയല തേങ്ങകള്‍ തേങ്ങാക്കാരന്‍ കുറുമണിയന്‍ ബാപ്പുട്ട്യാക്കാക്ക് കൊടുക്കും. ഒരു നല്‍തേങ്ങക്ക് അഞ്ച് രൂപയാണ് വിലയെങ്കില്‍ കണ്ടാരിയുടെ തേങ്ങക്ക് ഏഴര രൂപ കിട്ടും. കണ്ടമാനം കടമുണ്ട് മോനെ. ഒരു ദിവസം മരുന്നിന് തന്നെ ഒരു സംഖ്യ വേണം. മരുന്നു പീടികയില്‍ പറ്റാണ്.

രാധച്ചേച്ചി മുറ്റമടിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കൃത്യമാകാന്‍ തുടങ്ങി. ഗള്‍ഫില്‍ നിന്ന് വല്യക്കാക്ക വന്നപ്പോള്‍ ഉമ്മ ഇരുന്നൂറ് രൂപ വാങ്ങി അവര്‍ക്ക് കൊടുത്തു. കണ്ടാരി തെങ്ങിന്മേല്‍ നിന്ന് വീണ കാര്യവും, അപസ്മാരത്തിന്റെ ശല്യവും അവരുടെ അച്ഛന്‍ പുണ്ടുവിന്റെ മരണവും കുടുംബത്തിന്റെ പ്രാരാബ്ധവും അവര്‍ വിശദമായി പറഞ്ഞു. കണ്ടാരിയെ കൊണ്ടുപോകേണ്ട ദിവസം അടുത്തിരിക്കുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കാണിക്കുന്നത്. ഞരമ്പിനാണത്രേ കണ്ടാരിക്ക് സൂക്കേട്. വേലായുധേട്ടന്റെ കൂടെയാണ് കണ്ടാരിയും രാധച്ചേച്ചിയും പോകുന്നത്. വേലായുധേട്ടന് ഇപ്പോള്‍ എരമംഗലത്ത് ഇസ്തിരിയിട്ടുകൊടുക്കുന്ന പീടികയുണ്ട്. കഴിഞ്ഞ വരവിന് നാലര കിലോ തൂക്കമുള്ള ഒരു ചെമ്പിന്റെ ഇസ്തിരിപ്പെട്ടി ഇക്കാക്ക വാങ്ങിച്ചുകൊടുത്തു. അഡ്വാന്‍സായി പീടിക മുറിക്ക് ആയിരം രൂപയും നല്‍കി.
ഇങ്ങനെ പൗഡറും ഇട്ട് ഇസ്തിരിയും ഇട്ട് കുളിച്ച് വെറുതെ നടന്നത് കൊണ്ട് കാര്യല്ല മോനേ..എന്ന് കാളമ്മുവേടത്തി വന്ന് ഇക്കാക്കയോട് പറഞ്ഞപ്പോള്‍ ഉമ്മയുടെ ശുപാര്‍ശയില്‍ ഇക്കാക്ക ഫണ്ട് അനുവദിക്കുകയായിരുന്നു. മൂന്ന് ദിവസം ഇസ്തിരിക്കട ഒഴിവാക്കി വേലായുധേട്ടന്‍ കണ്ടാരിയുടെ കൂടെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ബീവുമ്മയുടെ വീട്ടിലെ തത്തമ്മക്കുട്ടികളെ കാണാന്‍ പലരും ലക്ഷംവീടില്‍ നിന്നും വരാന്‍ തുടങ്ങി. തത്തക്കിപ്പോള്‍ ഒരു വയസ്സായി. ഒരു വര്‍ഷവും വേനലും കഴിഞ്ഞു. കുഞ്ഞടിമു നാല് പ്രാവശ്യം തെങ്ങ് കയറി പറമ്പില്‍ പുതിയ തുടിപ്പുകളും ഉയിര്‍പ്പുകളുമുണ്ടായി. തെങ്ങില്‍ നവംനവങ്ങളായ പൊട്ടലുകളുണ്ടായി. മടലിടിച്ചിലും കയറ്റങ്ങളും തെങ്ങിന്റെ നീളം വര്‍ദ്ധിപ്പിച്ചു. തെങ്ങുകള്‍ ഒന്നുകൂടി തലയുയര്‍ത്തി നിന്നു. കൊപ്രാകളങ്ങളിലും തേങ്ങാകൂട്ടിലും വിലയുടെ ഏറ്റിറക്കങ്ങളനുസരിച്ച് പല പുതിയ പ്രതീക്ഷകളും നാമ്പിട്ടു. കൈതക്കാട്ടെ കുഞ്ഞടിമു എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പനകയറാന്‍ ഇറാഖില്‍ നിന്നും വിസ വന്നു. നാട്ടിലെ തെങ്ങുകളെ നിര്‍ന്നിമേഷം നോക്കി മക്കളോടും ഭാര്യയോടും യാത്രാമൊഴി പറഞ്ഞു. തഴമ്പുള്ള കൈ കൂട്ടിയുരസി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ബാഗ്ദാദിലേക്ക് കുഞ്ഞടിമു പറന്നു. താഴെ കേരളം ഒരു ബിന്ദുവായും അതിലെ തെങ്ങുകള്‍ ഒരു മരീചികയായും മാറി.
തവള സുബ്രു എന്ന പുതിയ തെങ്ങുകയറ്റക്കാരന്‍ ഞങ്ങളുടെ പറമ്പിലേക്ക് തളപ്പും മൂര്‍ച്ചയുള്ള മടവാളുമായി തെങ്ങുയരങ്ങളിലേക്ക് കയറിപ്പോയി. അയാളുടെ ശ്വാസോച്ഛാസവും ചൂരും തെങ്ങിന്‍പറമ്പ് ഏറ്റു വാങ്ങി.

പൊന്നു എന്ന വിളിപ്പേരില്‍ തത്തമ്മ വിളികേള്‍ക്കാന്‍ തുടങ്ങി. സദാസമയവും കൂട്ടില്‍ നിന്ന് തത്തമ്മേ പൂച്ച തത്തമ്മേ പൂച്ച എന്ന വിളി കേള്‍ക്കാന്‍ തുടങ്ങി. ഒരു ദിവസം തത്തമ്മ പെറ്റമ്മൂ….തത്തമ്മക്ക് ചോറ്…
പെറ്റമ്മൂ…തത്തമ്മക്ക് ചോറ്..

എന്ന് പറയാന്‍ തുടങ്ങി. ഉമ്മ ഓടി വന്ന് കൂട്ടിലേക്ക് നോക്കി. തത്തമ്മ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നു. പെറ്റമ്മൂ…തത്തമ്മക്ക് ചോറ്… ഇജാസും സെലീനയും തത്തമ്മയുടെ നവഭാഷണം കേള്‍ക്കാന്‍ ഓടി വന്നു. വടി കുത്തി വന്ന് പെറ്റമ്മ ഉപ്പില്ലാത്ത ചോറ് തത്തമ്മക്ക് നല്‍കുന്നതുവരെ ഈ വിളിയും ചൂളം വിളിയും തത്തമ്മ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കരിമ്പനോലകള്‍ ഫലിച്ചു. തത്തമ്മ പഴക്കം പറയാന്‍ തുടങ്ങി. അനുദിനം തത്തമ്മയും ശബ്ദതാരാവലിയില്‍ പുതിയ വാക്കുകള്‍ സ്ഥാനം പിടിച്ചു. പെറ്റമ്മ ഉമ്മയെ വിളിക്കുന്നതു പോലെ തത്തമ്മയും വിളിക്കാന്‍ തുടങ്ങി. ബീവോ…ബീവോ… എല്ലാവരും മൂക്കത്ത് വിരല്‍ വെച്ചു. വര്‍ത്തമാനം പറയുന്ന തത്തകള്‍ ഇപ്പോള്‍ എരമംഗലം ദേശത്ത് രണ്ടെണ്ണമായി. ആദ്യത്തെ മൂത്തേരി കുഞ്ഞാപ്പുവിന്റെ വീട്ടിലെ തത്തയായിരുന്നു. മുറ്റമടിച്ച് മടങ്ങിപ്പോകുന്ന രാധച്ചേച്ചി തത്തയുടെ വിശേഷങ്ങള്‍ ലക്ഷംവീട് കോളനിയിലും പറമ്പിലും പാടത്തും വിതറി. തത്തയെ കാണാന്‍ ലക്ഷംവീട് കോളനിയില്‍ നിന്നും മണ്ണൂപ്പാടത്തെ നായാടിത്തറിയില്‍ നിന്നും പല പക്ഷി സ്‌നേഹികളും പക്ഷി നിരീക്ഷികളും വന്നും പോയുമിരുന്നു.

തെങ്ങേറ്റമില്ലാത്ത ഒരു ദിവസം കണ്ടാരിയും തത്തയെ കാണാന്‍ വന്നു. കണ്ടാരി ഇപ്പോള്‍ ഒരു നികന്ന തെങ്ങുകയറ്റക്കാരനായിരിക്കുന്നു. അവന്റെ ശരീരം കൂടുതല്‍ ഉറച്ചു. വിങ് മസില്‍ പൊന്തി. ഷോള്‍ഡര്‍ മസില്‍ ഉയര്‍ന്നു നിന്നു. കൈപ്പള്ളയില്‍ ഒരു പിച്ചാത്തിയുടെ നീളത്തില്‍ തഴമ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. അവന്റെ മീശക്ക് കട്ടി കൂടി. കൃതാവ് നീണ്ടു. കുപ്പായമിടാതെ തന്നെയാണ് കണ്ടാരിയുടെ അകം വളഞ്ഞുള്ള നടത്തം. ഒരു തേങ്ങ കണ്ടാല്‍ അതിന്റെ കൊപ്രയുടെ തൂക്കം, വെളിച്ചണ്ണയുടെ ഗുണം അത് ഇത്ര ഗ്രാം കൊപ്ര വേണം എന്നൊക്കെ അസ്സലായി ഇപ്പോള്‍ കണ്ടാരി പറയും. തേങ്ങയുടെ മുഖം നോക്കി അതിന്റെ ലക്ഷണം പറയുന്നവരാണ് ഒരു ലക്ഷണമൊത്ത തെങ്ങേറ്റക്കാരന്‍.

പല പറമ്പുകളുടെയും തേങ്ങകളുടെ പ്രത്യേകതകള്‍ അവര്‍ക്ക് ഹൃദിസ്തം. ആമറ്റൂരേലെ പറമ്പിലെ തേങ്ങേടെ തൂക്കമല്ല കൈതക്കാട്ടേലെ പറമ്പിലെ തേങ്ങകള്‍ക്ക്. പിള്ളക്കാട്ടെ തേങ്ങകള്‍ക്ക് തൂക്കം കുറവാണ്. തേങ്ങാ കച്ചവടക്കാരും തെങ്ങ്‌കേറ്റക്കാരും തമ്മില്‍ പല രഹസ്യ ബാന്ധവങ്ങളുമുണ്ട്. തേങ്ങാ കച്ചവടക്കാര്‍ക്ക് ആവശ്യമായ പറമ്പുകളുടെ തേങ്ങാ വിവരങ്ങള്‍ നല്‍കുന്നത് തെങ്ങേറ്റക്കാരാണ്. കണ്ടാരി തെങ്ങേറ്റത്തില്‍ ശോഭിച്ചതോടെ രാധച്ചേച്ചിയുടെ ജീവിതവും പച്ചപിടിക്കാന്‍ തുടങ്ങി. ചെറിയ മോഹങ്ങളുടെ വള്ളിപ്പടര്‍പ്പില്‍ കയറി മെച്ചപ്പെട്ട ഒരു ജീവിതത്തിന്റെ വെണ്‍മ ഉജാല നിറത്തില്‍ അവരുടെ തുണിയിലും ജാക്കറ്റിലും പ്രകടമായി. കാതില്‍ ഇത്തിരി സ്വര്‍ണ്ണ കമ്മലും കഴുത്തില്‍ സ്വര്‍ണത്തിന്റെ ഒരു നൂല്‍മാലയും പ്രത്യക്ഷപ്പെട്ടു. ശോഭനയ്ക്ക് കണ്ടാരിയേക്കാള്‍ രണ്ട് വയസിന് ഇളപ്പമേയുള്ളു. പുണ്ടു മരിച്ചതിന് ശേഷം തുപ്പനില്‍ ജനിച്ച റീനക്ക് രണ്ട് വയസ്സുമായി.

തവള സുബ്രുവിന് പകരം കണ്ടാരിക്ക് നമ്മുടെ പറമ്പിലെ തെങ്ങുകയറ്റം കൊടുത്തുകൂടെ എന്ന് ഉമ്മയോട് ഞാന്‍ പറഞ്ഞു നോക്കി.
ആ ചെക്കന്ക്ക് ഇളക്കമുള്ളതാ..

തെങ്ങില്‍ നിന്ന് വീണ് എന്തെങ്കിലും പറ്റിയാല്‍ പറമ്പിന്റെ ഒടമക്കാര് സമാധാനം പറയേണ്ടി വരും.
തവള സുബ്രു വേലായുധേട്ടന്റെ അളിയനായിരുന്നു. ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ല. തവള സുബ്രു കഞ്ചാവും ചാരായവും മൂക്കറ്റം വലിച്ചിട്ടും കുടിച്ചിട്ടുമാണ് തെങ്ങ് കയറാന്‍ വരിക. അമ്മയെ തല്ലിയും അച്ഛനെ വെട്ടിയുമാണ് സുബ്രു. പട്ടച്ചാരായത്തില്‍ മുക്കിയെടുത്തതാണ് തവള സുബ്രുവിന്റെ ചോരക്കണ്ണുകള്‍. എന്നാലും സുബ്രുവിന്റെ തെങ്ങ് കയറ്റം കാണാന്‍ നല്ല രസമാണ്. തളപ്പില്ലാതെയും തവളക്ക് തെങ്ങേറ്റം വഴങ്ങും. ഞങ്ങളുടെ പറമ്പില്‍ കുളത്തിന്റെ വക്കത്തെ ഒരു തെങ്ങ് രണ്ട് വര്‍ഷമായി കയറാതായിട്ട്. വീണ തേങ്ങയും പഴുത്തുണങ്ങിയ ഓലയും മാത്രമാണ് കിട്ടുക. തെങ്ങിന്റെ നടുക്കായി ഒരു വലിയ കടന്നല്‍കൂടുണ്ട്. കുഞ്ഞടിമു മാറി തവള സുബ്രു കയറ്റം തുടങ്ങിയിട്ടും ആ തെങ്ങ് ഒരസുരനായി അങ്ങനെ നില്‍ക്കുകയാണ്. അത് മലങ്കടന്നല് അല്ല.. കുത്തിയാല്‍ ചിലപ്പോള്‍ ആള് കാഞ്ഞ് പോകും. സുബ്രു ആ തെങ്ങ് കയറാതെ അടുത്ത തെങ്ങിലേക്ക് തടി തപ്പി. തത്തയുടെ പഴക്കം കേള്‍ക്കാന്‍ വന്ന കണ്ടാരിക്ക് അടുത്ത പ്രാവശ്യം ഈ തെങ്ങിനെ ഒന്ന് കാട്ടികൊടുത്താലോ. അങ്ങിനെ ഒരിക്കല്‍ കുളത്തിന്റെ വക്കത്ത് പോയി കണ്ടാരിക്ക് കടന്നല്‍കൂട് പൂത്ത് നില്‍ക്കുന്ന ആ ചമ്പത്തെങ്ങ് കാണിച്ചുകൊടുത്തു.

കണ്ടാരി നാലഞ്ച് പാള കൊണ്ട് വരാന്‍ പറഞ്ഞു.
നമുക്കൊരു കൈ നോക്കാം.. ഇരുമ്പാം പുളിയുടെ അടുത്തുള്ള കവുങ്ങിന്‍ കൂട്ടത്തില്‍ വീണ് കിടക്കുന്ന പാളകള്‍ അഞ്ചാറെണ്ണം എടുത്ത് കണ്ടാരിയുടെ അടുത്തേക്ക് ചെന്നു. കണ്ടാരി വെണ്ണീറും കാവത്തിന്റെ ഇലകളും നാലഞ്ച് ഒണക്ക മുളകും കൊണ്ടുവരാന്‍ കല്‍പിച്ചു. കാവത്തിന്റെ കുറെ ഇലകള്‍ പൊട്ടിച്ച് വെണ്ണൂറ്റിന്‍ പുരയില്‍ നിന്ന് ചിരട്ടയിലാക്കി കുറച്ച് വെണ്ണൂറും എടുത്തു. കണ്ടാരി കുളത്തിന്റെ വക്കത്തെ തെങ്ങില്‍ നിന്ന് കടന്നല്‍ കൂട്ടിന്റെ അടുത്തേക്ക് പതുക്കെ പതുക്കെ കയറാന്‍ തുടങ്ങി.

തേനെടുക്കാന്‍ പോകുന്നു. ഇജാസും സലീനയും മൊയ്താക്കടെ വീടരും മാമദും കണ്ടാരി തേനെടുക്കുന്നതു കാണാന്‍ കുളത്തിന്റെ വക്കത്തേക്ക് വന്നു. പാള കോട്ടി കണ്ടാരി തലപ്പാവുണ്ടാക്കി. മുഖവെട്ടത്തില്‍ വെട്ടി കണ്ണിന്റെ ഭാഗത്ത് ഒരു ചെറിയ ദ്വാരമുണ്ടാക്കി. പിന്നീട് അത് മുഖത്തേക്ക് അമര്‍ത്തി വെച്ചു. കാലിലും കയ്യിലും പാള കെട്ടി മേത്താകെ കാവത്തിന്റെ നീര് തേച്ച് വെണ്ണീറ് കൊണ്ട് ഉരസി വറ്റല്‍ മുളക് ചുട്ട് ചിരട്ടയുടെ കണ്ണില്‍ വെച്ച് കത്തിച്ചു. അതിന്റെ ഉള്ളില്‍ നിറയെ ചകിരിപൂന്തലും കുത്തിച്ചീരി വെച്ചു. കണ്ടാരി തെങ്ങിന്റെ മുകളില്‍ കടന്നല്‍ കൂടിന് അടുത്തെത്തി. ഒരു പാളയും തോളിലുണ്ട്. തേനറ മുളക് കാട്ടി പുകച്ചു. കടന്നലുകള്‍ മേലേക്ക് പറക്കാന്‍ തുടങ്ങി. അറ മുഴുവന്‍ പാളയിലേക്ക് അടര്‍ത്തിയിട്ടു. ഞങ്ങള്‍ ദൂരേക്ക് മാറിനിന്നു. പാള തേനറ കൊണ്ട് നിറഞ്ഞു. കടന്നലുകള്‍ മൂളക്കത്തോടെ പാറി പറക്കാന്‍ തുടങ്ങി. റാണി കടന്നലിനെ അവന്‍ വേറെയാക്കി പാളയുടെ മൂലക്ക് വെച്ചു. കണ്ടാരി താഴെയിറങ്ങി. ഒരു ചെറിയ തേനറ പിഴിഞ്ഞ് കുടിക്കാന്‍ തുടങ്ങി. തേന്‍പുരണ്ട കൈകള്‍ അവന്‍ വിരലടക്കം നക്കിത്തോര്‍ത്തി. തലപ്പാവും മുഖത്തെ ആവരണവും മാറ്റി ഏതാനും കടന്നലുകള്‍ അവന്റെ കൈപ്പലയില്‍ കുത്തിയിരുന്നു. അവിടെ കാവത്തിന്റെ നീര് തേച്ച് കടന്നലിന്റെ ആരുകള്‍ പിഴുതെടുത്തു.
‘കടന്നലിന്റെ കുത്ത് കൊള്ളാതെ തേന്‍ കുടിക്കാന്‍ പറ്റില്ല മോനേ…’

കണ്ടാരി കുളത്തിലേക്ക് ചാടി മുങ്ങിപ്പൊന്തി. രണ്ട് നാഴി തേനുണ്ടായിരുന്നു. അത് കുപ്പിയിലാക്കി കള്ളിപ്പെട്ടിയിലെ നെല്ലില്‍ പൂഴ്ത്തി വെച്ചു. കണ്ടാരി അല്ലേലും നല്ല ഉപകാരൊള്ളോനാ,. എനിക്ക് ഉമ്മയോട് വല്ലാത്ത ദേഷ്യം തോന്നി.

(തുടരും)
ശൗക്കത്തലിഖാന്‍

You must be logged in to post a comment Login