യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

ഉമര്‍ ഇസ്‌ലാമിന്റെ ബദ്ധവൈരിയായ കാലം. സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവും പിതൃവ്യ പുത്രനും കൂടിയായ സഈദും ഇസ്‌ലാമിലേക്ക് വന്ന വാര്‍ത്ത ഉമര്‍(റ)നെ ഞെട്ടിച്ചു. ഉമര്‍ സഈദിനെ വാളിനിരയാക്കാനായി അവിടെയെത്തി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഫാത്വിമക്ക് ഇടപെടേണ്ടിവന്നു. മല്‍പിടുത്തത്തില്‍ പെങ്ങള്‍ക്കാണ് പരിക്ക് പറ്റിയത്. അവളുടെ ശരീരത്തില്‍നിന്ന് ചോര വാര്‍ന്നൊലിക്കുന്നത് കണ്ടപ്പോള്‍ ആങ്ങളക്ക് ഹൃദയം പൊട്ടി. താനെന്തിനാണിവരെ വേദനിപ്പിച്ചത്; ഉമറിലെ മനുഷ്യന്‍ ഉണര്‍ന്നു. കാരുണ്യത്തിന്റെ ഭാവം തെളിഞ്ഞു. എനിക്കൊന്ന് ഖുര്‍ആന്‍ കേള്‍പിക്കുമോ? ഉമറിന്റെ അപേക്ഷ. ഒരേ സമയം സഹോദരിയെയും തന്റെ മനസ്സിനെയും സാന്ത്വനിപ്പിക്കാന്‍ പോന്ന എന്തൊക്കെയോ അതിലുള്ളതായി ഉമറിന്ന് ഒരുള്‍വിളി. ഫാത്വിമ ഖുര്‍ആന്‍ കേള്‍പ്പിച്ചു. ത്വാഹാ അധ്യായത്തിലെ ആദ്യ സൂക്തം തന്നെ ഉമറിനെ തഴുകി. സമാധാനം ആഗ്രഹിച്ച ഉമറിന് ആ സൂക്തങ്ങളില്‍ അതെമ്പാടും കിട്ടി. വിശ്വാസത്തിന്റെ വെളിച്ചം ഉമറിന്റെ മനസ്സിലേക്ക് ഒഴുകിയിറങ്ങി. ഈമാന്‍ എന്ന വാക്കിന്ന് വിശ്വാസം എന്നാണ് സാധാരണഗതിയില്‍ അര്‍ത്ഥം പറയാറുള്ളത്. ഈമാനാണ് ഉമറിന്റെ മനസിലേക്ക് ഒഴുകിയെത്തിയത്. സാധാരണ അര്‍ത്ഥത്തിലുള്ള ഒരു വിശ്വാസമല്ല അത്. മനുഷ്യനെ അവന്റെ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ സമാധാനലോകത്തേക്ക് കൊണ്ടുപോകുന്ന അസുലഭമായ ഒരു ദൃഢബോധമാണത്.
നേരത്തെ ആ മനസ്സ് പകയുടെ കയ്യിലായിരുന്നു. ഖുര്‍ആന്‍ അങ്ങോട്ട് എത്തിനോക്കിയതേയില്ല. ഇപ്പോള്‍ അങ്ങനെയല്ല, മനസ്സ് ശാന്തം, മൃദുലം. കരുണാമയം. അപ്പോള്‍ ഖുര്‍ആന്‍ ആ മനസ്സിലേക്ക് ഇറങ്ങിച്ചെന്നു. അവിടെയെങ്ങും വെളിച്ചത്തിനുമേല്‍ വെളിച്ചം പരന്നു.
സഹിഷ്ണുത തെല്ലുമില്ലാത്ത അവിശ്വാസികള്‍ക്ക് ഇതറിയാമായിരുന്നു. അതുകൊണ്ട് അവര്‍ അനുയായികളുടെ മനസ്സ് എപ്പോഴും പിരിമുറുക്കത്തിലും പ്രതിലോമതയിലും നിര്‍ത്താന്‍ ശ്രമിച്ചു. ശത്രുത വിളയുന്ന കാട്ടില്‍ ഖുര്‍ആനെന്ത്?
ഖുര്‍ആന്‍ ഒളിഞ്ഞുകേട്ടവര്‍ തന്നെ അതിന്റെ വശ്യതയെപ്പറ്റി അത്ഭുതപ്പെട്ടു. എത്ര മധുരതരം, ഫലദായകം. ഇതിനെ മറികടക്കാനാവില്ല… ഇതുതന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍. അത് മനുഷ്യമനസ്സിനെയാണ് ആകര്‍ഷിച്ചത്.
ഖുര്‍ആന്റെ ഭാഷയെ അറബികള്‍ ചോദ്യം ചെയ്തില്ല. ചില അധ്യായങ്ങള്‍ സവിശേഷമായ ചില അക്ഷരങ്ങളാല്‍ തുടങ്ങിയിട്ടുണ്ടല്ലോ. അലിഫ് ലാംമീം, ഹാമീം, എന്നിങ്ങനെ. ഇവയുടെ സാംഗത്യമെന്തെന്ന് അവര്‍ ചോദിച്ചില്ല. അവരുടെ സാഹിതീയ ഭാവനകളെ ആ അക്ഷരങ്ങള്‍ മുറിച്ചുകടന്നു.
അവര്‍ക്ക് ഒരിക്കല്‍ പോലും ഖുര്‍ആനുമായി തര്‍ക്കിക്കാന്‍ പറ്റിയില്ല. അതെന്തുകൊണ്ടായിരിക്കും. വരാനിരിക്കുന്ന ഏതു കാലത്തേക്കുമാണത് അവതരിച്ചിട്ടുള്ളത്.
ഖുര്‍ആന്‍, ഭാഷയിലും സാഹിത്യത്തിലും അറബികളെ അതിവര്‍ത്തിച്ചു. അനറബികളോടും സംവദിച്ചു. അന്നത്തെ വന്‍ ശക്തികളായിരുന്നു റോമും പേര്‍ഷ്യയും. ഖുര്‍ആന്‍ നിറഞ്ഞുനില്‍ക്കുന്ന അക്കാലത്താണ് ലോകത്തെ ഇളക്കിമറിച്ച ആ റോമിന്റെ രാഷ്ട്രീയ പരാജയത്തെ ഖുര്‍ആന്‍ ഏതാണ്ടിങ്ങനെ അടയാളപ്പെടുത്തിയത്: ‘അലിഫ്, ലാം, മീം. റോം സമീപ പ്രദേശത്ത് വെച്ച് പരാജയമടഞ്ഞിരിക്കുന്നു. എന്നാല്‍ ഈ തോല്‍വിക്കു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കകം അവര്‍ വിജയം കൈവരിക്കും. കാര്യങ്ങളുടെ നിയന്ത്രണം മുമ്പും ശേഷവും അല്ലാഹുവിനു തന്നെയാകുന്നു.'(മേല്‍ പ്രസ്താവന ഉള്‍ക്കൊള്ളുന്ന റൂം അധ്യായത്തിലെ ഒന്നുമുതല്‍ നാല് വരെയുള്ള സൂക്തങ്ങളുടെ ആശയമിങ്ങനെയാണ്).
ഖുര്‍ആന്‍ അവതരണ കാലത്തെ അനറബികള്‍ക്കിടയില്‍ ഈ ദൃഷ്ടാന്തം ചലനങ്ങളുണ്ടാക്കി. അടുത്ത ഘട്ടത്തില്‍ റോം ജയിക്കുകയും ചെയ്തു.
* * *
ഒരു വചനാംശം കാണുക: ‘ഭൂമിയാകട്ടെ, നാം വിശാലമാക്കുകയും ദൃഢീകൃത പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും വശ്യമായ സര്‍വവിധ സസ്യലതാദി ജോഡികളും മുളപ്പിക്കുകയും ചെയ്തു.’
‘മദദ്‌നാ’ എന്ന അറബി വാക്ക് ഉപയോഗിച്ചിട്ടുണ്ട് ഈ സൂക്തത്തില്‍. വിശാലമാക്കി, പരത്തി എന്നൊക്കെയാണ് അര്‍ത്ഥം. ഭൂമി ദീര്‍ഘ വൃത്താകൃതിയിലാണെന്ന കണ്ടെത്തലിനോട് ഇതെങ്ങനെയാണ് പൊരുത്തപ്പെടുക? ഭൂമി കാണപ്പെടുന്നതെങ്ങനെയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇത് ദീര്‍ഘ വൃത്താകൃതിയിലാണെന്ന കണ്ടെത്തലിനോട് വിയോജിക്കുന്നില്ല. പൂര്‍വ പശ്ചിമ സ്ഥാനങ്ങളിലോ ഭൂമധ്യരേഖയിലോ എവിടെ നിന്നാലും ഭൂമി പരന്നതായിട്ടാണ് കാണപ്പെടുക. ഒരു ദീര്‍ഘ വൃത്താകൃതിക്ക് വിശാലത അനുഭവപ്പെടുത്താനാകും. വക്കുകളില്ലാത്ത അനുഭവം അത്തരത്തിലൊന്നിനേ ഉണ്ടാകൂ. ത്രികോണം, ചതുരം, ഷഡ്ഭുജം തുടങ്ങി ഏത് ജ്യോമെട്രി രൂപത്തിനും പരപ്പ് അനുഭവപ്പെടില്ല. അരികുകളും വക്കുകളുമുണ്ടാകും.
അവതരണ കാലത്തെ ബുദ്ധി വികാസത്തിനനുസരിച്ചല്ല ഖുര്‍ആന്‍. യുഗങ്ങളിലേക്ക് നീളുന്ന ആശയങ്ങളാണത്.
* * *
പാരായണം എന്നര്‍ത്ഥം വരുന്ന ഖറഅ എന്ന അറബി പദത്തിന്റെ ധാതുവാണ് ഖുര്‍ആന്‍. അത് വിശുദ്ധ വേദത്തിന്റെ നാമമായി. ഖുര്‍ആനിന് പാരായണത്തിന്റെ രണ്ട് വഴികള്‍ ഉണ്ട്. ഒന്ന് ഏടില്‍നിന്ന്, മറ്റൊന്ന് ഓര്‍മയില്‍നിന്ന്. ഗ്രന്ഥത്തിലും ഹൃദയത്തിലും സൂക്ഷിക്കപ്പെടുന്നു ഖുര്‍ആന്‍. തോലുകള്‍, എല്ലുകള്‍ തുടങ്ങി അവതരണ കാലത്തെ എഴുത്തുപാധികളില്‍ ഖുര്‍ആന്‍ രേഖപ്പെടുത്തി. ക്രോഡീകരണ കാലത്ത് എഴുത്തു രേഖകള്‍ക്ക് പുറമെ ഓരോ സൂക്തവും ഓര്‍മയുള്ള ചുരുങ്ങിയത് രണ്ട് പേരുടെ സാക്ഷ്യം കൂടി പരിഗണിച്ചു. അഹ്‌സാബ് അധ്യായത്തിലെ 23ാം സൂക്തത്തിന് പക്ഷേ ഒരു ഹാഫിളായ സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ. അത് ഖുസൈമത് ബിന്‍ സാബിത് എന്ന സ്വഹാബിയായിരുന്നു. എന്നാല്‍ ക്രോഡീകരണത്തിനത് തടസമായില്ല. പ്രവാചക തിരുവചനം ഒരു പ്രമാണമായി വന്നു. ഖുസൈമയുടെ സാക്ഷി മതിയായതാണ്- അഥവാ, രണ്ടാളുടെ സ്ഥാനത്താണ്- ബുഖാരി.
സൈദ് ബിന്‍ സാബിത്(റ), ഇക്കാര്യം ഒന്നുകൂടി വിശദമാക്കുന്നു. മുസ്ഹഫിനെ ഞങ്ങള്‍ പകര്‍ത്തിയെഴുതി. എന്നാല്‍ ഒരു സൂക്തം. ഞാനത് പ്രവാചകരില്‍നിന്ന് കേട്ടു. ഖുസൈമത്ത് ബിന്‍ സാബിതിന്റെ ഒരു സാക്ഷ്യം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. രണ്ട് സാക്ഷികളുടെ സ്ഥാനമാണ് ആ സ്വഹാബിക്ക്.
ഈ സാക്ഷിത്വയോഗ്യതക്ക് ഒരു പശ്ചാതലമുണ്ട്. തിരുനബി(സ്വ) ഒരു ആദിവാസിയില്‍നിന്ന് കുതിരയെ വാങ്ങി. വില നല്‍കാന്‍ അയാളെ പിന്തുടര്‍ന്നു. അയാള്‍ ശ്രദ്ധിച്ചില്ല. തിരുനബി(സ്വ)വാങ്ങിയതറിയാതെ വേറെ ചിലരും അതിന് വില പറഞ്ഞു. അപ്പോള്‍ അയാള്‍ നബിയോട് ഉറക്കെ വിളിച്ചുചോദിച്ചു: ഇത് അവിടുന്ന് വാങ്ങുന്നുണ്ടോ? അല്ല ഞാന്‍ വേറെ വില്‍ക്കുകയോ?
തിരുനബി അയാളെ ഓര്‍മിപ്പിച്ചു: വേറെ വില്‍കരുത്; ഞാനത് വാങ്ങിക്കഴിഞ്ഞതല്ലേ.
ഇല്ല ഞാന്‍ താങ്കള്‍ക്ക് വിറ്റിട്ടില്ല.
അല്ലല്ല, ഞാന്‍ നിങ്ങളില്‍നിന്ന് വാങ്ങിക്കഴിഞ്ഞതാണല്ലോ?
എന്നാല്‍ സാക്ഷിയെ ഹാജരാക്കൂ.
ഉടനെ ഖുസൈമ(റ) എഴുന്നേറ്റ് തിരുനബിക്കനുകൂലമായി സാക്ഷി പറഞ്ഞു.
അതങ്ങനെ കഴിഞ്ഞു. പിന്നീട് തിരുനബി ഖുസൈമയോട് ചോദിച്ചു: ഞാനും അയാളും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ ഹാജറില്ലാതിരുന്ന നിങ്ങള്‍ എങ്ങനെയാണ് എനിക്കനുകൂലമായി സാക്ഷിപറഞ്ഞത്?
അങ്ങയോടുള്ള വിശ്വാസത്താല്‍ പറഞ്ഞതാണ്. ഉപരിലോകത്ത് നിന്ന് തങ്ങള്‍ എത്തിച്ചുതരുന്ന കാര്യങ്ങളെല്ലാം വിശ്വസിച്ചിട്ട് ഈ ചെറിയ കാര്യത്തില്‍ മാത്രമെങ്ങനെ ഞാന്‍ അവിശ്വസിക്കും?
സത്യം, ഖുസൈമ പറഞ്ഞതാണ്. അങ്ങനെയാണ് ഖുസൈമയുടെ സാക്ഷിത്വം ഒന്നല്ല, രണ്ടാണെന്ന് തിരുനബി അംഗീകരിച്ചത്. ഇരട്ട സാക്ഷിത്വം ഉള്ളയാള്‍ എന്ന പേരില്‍ പിന്നീട് ഖുസൈമ അറിയപ്പെടുകയും ചെയ്തു(സിയറു അഅ്‌ലാമിന്നുബലാഅ് 486).
* * *
ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ളതാണ്. അപ്പോഴത് മനുഷ്യരുടെ മാനദണ്ഡങ്ങളില്‍ പലതിനോടും യോജിക്കണമല്ലോ. അങ്ങനെ സാധാരണയില്‍ തുടക്കം, ഒടുക്കം, ശൈലി എന്നിങ്ങനെയൊക്കെയുള്ള ചില നിര്‍ണിതങ്ങളുണ്ടായി. ഫാത്വിഹയുടെ ബിസ്മിയില്‍ തുടങ്ങി സൂറത്തുന്നാസിന്റെ അന്നാസില്‍ അവസാനിക്കുന്നതാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ പാരായണം ചെയ്യും മുമ്പ് അല്ലാഹുവിനോട് പിശാചില്‍നിന്ന് കാവല്‍ ചോദിക്കണം. (നഹ്ല്‍ 98).
അല്ലാഹുവിന്റെ മാര്‍ഗം പരിചയപ്പെടുത്താന്‍ വെല്ലുവിളിയോടെയും അമാനുഷികതയോടെയും തിരുനബി(സ)ക്ക് അവതരിച്ച അല്ലാഹുവിന്റെ വചനം. ഖുര്‍ആനിനെ ഇങ്ങനെയാണ് പണ്ഡിതന്മാര്‍ നിര്‍വചിച്ചിട്ടുള്ളത്.
ഇലാഹി മാര്‍ഗമായി അല്ലാഹു നേരത്തെ അവതരിപ്പിച്ചതിനോട് അടിസ്ഥാനപരമായി ഖുര്‍ആന് യോജിപ്പാണ്. അതോടൊപ്പം അവകളില്‍ ഇല്ലാത്തത് ചേര്‍ത്തുവന്നിരിക്കുന്നു. നഷ്ടപ്പെട്ടുപോയവ പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തൗറാതും ഇഞ്ചീലുമെല്ലാം അല്ലാഹുവില്‍നിന്നവതരിച്ചതാണ്. അവ മാര്‍ഗദര്‍ശനങ്ങളായിരുന്നെങ്കിലും പ്രവാചകന്മാര്‍ക്കുള്ള പ്രമാണം ആയിരുന്നില്ല.
മൂസ നബിയുടെ പ്രമാണം. അത്ഭുത വടിയായിരുന്നു. തൗറാതല്ല. അത് മാര്‍ഗദര്‍ശനമായിരുന്നു. ഇഞ്ചീല്‍ മാര്‍ഗദര്‍ശനമായിരുന്നു അത്ഭുത ചികിത്സയായിരുന്നു. ഈസാനബിയുടെ പ്രമാണം. എന്നാല്‍ ഖുര്‍ആന്‍ ഇത് രണ്ടുമാണ്. ഒരേ സമയം മന്‍ഹജും മുഅ്ജിസതുമാണ്. അത് കാലഹരണപ്പെടില്ല.
മുന്‍കാല പ്രവാചകന്മാരുടെ പ്രമാണം അവരിരിക്കെ നിലനിന്നു. പിന്നീട് അവസാനിച്ചു. കണ്ടവര്‍ക്ക് ബോധ്യപ്പെട്ടു. അവരുടെ കാലശേഷം അവ നിലനിന്നില്ല.
തിരുനബിയുടെ ഖുര്‍ആന്‍ എന്ന പ്രമാണം എക്കാലവും ശേഷിക്കുകയാണ്. ഫുസ്സിലത്ത് അധ്യായത്തിലെ 53ാം സൂക്തമെടുക്കാം. ഇത് സത്യമാണെന്നവര്‍ക്ക് ബോധ്യമാകും വിധം ചക്രവാളങ്ങളിലും അവരില്‍തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം കാണിച്ചുകൊടുക്കുന്നതാണ്. ഏത് കാര്യത്തിനും സാക്ഷിയായി അവിടുത്തെ നാഥന്‍ തന്നെ പോരേ.’ ഇതാണ് മേല്‍ സൂക്തത്തിന്റെ സാരാംശം.
ഖുര്‍ആന്റെ അമാനുഷികതയുടെ രണ്ട് പ്രമാണതലങ്ങള്‍. ഒന്ന് ഉപരി ലോകത്ത്, മറ്റൊന്ന് നിങ്ങളില്‍തന്നെ.
ഉപരി ലോകത്തെക്കുറിച്ചുള്ള ഗവേഷണങ്ങളും മനുഷ്യ ശരീരത്തെ കുറിച്ചുള്ള പഠനങ്ങളും ഖുര്‍ആനെ ശരിവെക്കുന്നുവെന്നര്‍ത്ഥം.
ജാബിര്‍ ബിന്‍ അബീ ഹയ്യാന്‍ കെമിസ്ട്രിയുടെ അസ്ഥിവാരങ്ങള്‍ ശരിപ്പെടുത്തിയതങ്ങനെയാണ്. വൈദ്യശാസ്ത്രത്തിന്റെയും ഗോള ശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയ ഇബ്‌നു സീന മറ്റൊരുദാഹരണമാണ്. രക്ത ചംക്രമണത്തെ ഗവേഷണം നടത്തി മനോഹരമായി അവതരിപ്പിച്ച ഇബ്‌നുന്നഫീസിന്റെയും ഊര്‍ജ സ്രോതസ്സ് മറ്റൊന്നല്ല. വിവിധ ശാസ്ത്ര ശാഖയില്‍ നിപുണനായ ഇബ്‌നുഹൈസമും ഖുര്‍ആന്റെ ഉത്പന്നമാണ്. അദ്ദേഹമാണാദ്യമായി കണ്ണിന്റെ പ്രവര്‍ത്തന രീതികള്‍ പഠന വിധേയമാക്കിയത്. ശസ്ത്രക്രിയയില്‍ വൈദഗ്ധ്യം തെളിയിച്ച അബുല്‍ഖാസിം മറ്റൊരു സാക്ഷി.
അവിശ്വാസികള്‍ക്കല്ലാഹു പ്രാപഞ്ചിക രഹസ്യങ്ങള്‍ വെളിപ്പെടുത്തി. അതിന്റെ തുടര്‍ച്ചയാണ് പാശ്ചാത്യ ലോകത്തെ ശാസ്ത്ര പഠന വികാസങ്ങള്‍. ഖുര്‍ആന്‍ ജ്ഞാന രഹസ്യങ്ങള്‍ പഠിച്ച് ഇസ് ലാമാശ്ലേഷിച്ചവര്‍ എത്രയാണ്?
(തുടരും)

പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login