തോഴരേ,
ധൈര്യമങ്ങട്
പൊരിച്ച് തിന്നാലോ?
ഉള്ളിലെ അങ്കക്കോഴിയെ?
വേണ്ടെടോ.
കണ്ണ് മങ്ങും.
നടു കൂനും.
വിറ പടരും.
ശ്ശെ!
കെ.ജി.എസ്. അശനം 1998.
കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ പിന്നെ കവിതയാവാം എന്നൊരു നടപ്പുണ്ട് പഴയ മലയാളത്തില്‍. കവി കടമ്മനിട്ട ലോകം മുഴുവന്‍ അശരണമായല്ലോ എന്ന് വിലപിച്ചിട്ട് എന്നാല്‍ ഇനി നമുക്ക് മത്തങ്ങയെപ്പറ്റി സംസാരിക്കാം എന്ന് പറഞ്ഞപോലെ ദുര്‍ബലമായ, എന്ന പ്രഹരശേഷി ആവോളമുള്ള താങ്ങ്. കവിത പശ്ചാത്തലത്തിലുണ്ട്. അതിനാല്‍ കാര്യത്തിലേക്ക് വരാം. കാര്യം നമുക്ക് അറിവുള്ളതാണ്. തിരുവനന്തപുരത്ത് അസ്വസ്ഥതയുടെ വാള്‍മുനകള്‍ പുളയുന്നു. ചോര വീഴുന്നു. ചത്തുവീഴുന്നു. തിരുവനന്തപുരം അശാന്തമാകുന്നു. അശാന്തമാകുന്ന ആ നാട് അങ്ങനെ ആകാന്‍ പാടുള്ളതല്ല. മുഴുവന്‍ കേരളത്തിനും അഭയമാണ് ആ സ്ഥലം. കാരണം അത് കേരളത്തിന്റെ തലസ്ഥാനമാണ്. അവിടെയാണ് ഭരണകേന്ദ്രം. മലയാളികളായ മനുഷ്യര്‍ മരുന്നിനും മാനത്തിനും ജീവിതത്തിനും വേണ്ടി നിരന്തരം കയറിയിറങ്ങുന്ന പട്ടണം. അവിടം സംഘര്‍ഷങ്ങള്‍ക്ക് വേദിയാവുകയാണ്. ഒരറ്റത്ത് സംഘപരിവാറാണ്. നമുക്കിപ്പോള്‍ പുതുമയുള്ള വാര്‍ത്തയല്ലാത്ത, ഇന്ത്യന്‍ ഫാഷിസത്തിന്റെ മൂര്‍ത്തരൂപമെന്ന് വിളിക്കപ്പെടുന്ന സംഘ്പരിവാര്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടി. പി. സദാശിവം എന്ന പഴയ സര്‍വന്യായാധിപനെ ഗവര്‍ണറായി നിയമിച്ച പാര്‍ട്ടി. മറ്റേ അറ്റത്ത് സി.പി.എമ്മാണ്. ഫാഷിസത്തെ നേരിടുക എന്നത് രാഷ്ട്രീയ പ്രയോഗമായി അംഗീകരിച്ച പാര്‍ട്ടി. അപ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത്, ലോകത്ത് മറ്റിടങ്ങളില്‍ എന്നപോലെ, കൃത്യമായ ആസൂത്രണങ്ങളോടെ, കൃത്യമായ നടപ്പാക്കലുകളിലൂടെ മൂര്‍ത്തരൂപം പ്രാപിച്ച ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തലസ്ഥാനത്തും സി.പി.എം നേരിടുകയാണ്. അതിന് വേണ്ടി ചോരചിന്തുകയാണ്. കയ്യടിക്കണ്ടേ. വേണം, പക്ഷേ വരട്ടെ. ഇത്തിരി ചരിത്രവും ഇത്തിരി സാമൂഹ്യശാസ്ത്രവും അതിലുമിത്തിരി രാഷ്ട്രീയ ചരിത്രവും വായിക്കാം.
ചരിത്രത്തിലേക്ക് പോകാം. ചരിത്രം പഠിക്കാന്‍ ചില പദപരിചയങ്ങള്‍ അനിവാര്യമാണല്ലോ? അലസവും അസ്ഥാനീയവുമായ പ്രയോഗങ്ങള്‍ വാക്കിനെ അതിന്റെ അര്‍ഥത്തില്‍ നിന്ന് പമ്പകടത്തും. ഗുജറാത്ത് കലാപം എന്ന് അലസമായി എഴുതുമ്പോള്‍ നമ്മള്‍ ഇങ്ങനെ കലാപം എന്ന വാക്കിനെ പമ്പകടത്താറുണ്ട്. കലാപമല്ല വംശഹത്യ. വംശഹത്യ കലാപത്തിനിടെ ആസൂത്രിതമായി നടത്തുന്ന മറ്റൊരു പണിയാണ്. അതിനാല്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ച് ചെയ്യേണ്ട ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് പദപരിചയം വേണം എന്ന് ആദ്യമേ പറഞ്ഞത്.
എന്താണ് ഫാഷിസം? സിംപിള്‍. ജര്‍മനിയില്‍ അത് ഹിറ്റ്‌ലര്‍, ഇറ്റലിയില്‍ മുസോളിനി. ഇന്ത്യയില്‍ ഇപ്പോള്‍ സംഘ്പരിവാര്‍. അതേ സംഘ്പരിവാര്‍. അപ്പോള്‍ എന്താണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം? അതും സിംപിള്‍. സംഘ്പരിവാറിനെതിരെ സി.പി.എം കണ്ണൂരിലും ഇപ്പോള്‍ തിരുവനന്തപുരത്തും ഉയര്‍ത്തുന്ന രക്തരൂക്ഷിതമായ പ്രതിരോധം. ഇത്ര സിംപിളായ ഉത്തരങ്ങള്‍ മതിയെങ്കില്‍ അടിപൊളി ബാ പോകാം എന്ന ഐ.സി.യു ട്രോളിന് കീഴെ ഒപ്പും വെച്ച് നമുക്കൊരു പാട്ടും കൂടി പാടി നിര്‍ത്താം. അത് പോരാത്തവര്‍ക്ക് വരാം. ബെനീറ്റോ മുസോളിനിയെ കേള്‍ക്കാം.
മുസോളിനി എന്നാല്‍ ബെനീറ്റോ അമില്‍കേര്‍ ആന്‍ഡ്രിയ മുസോളിനി. ഇറ്റലിയുടെ ഇരുപത്തിയേഴാമത്തെ പ്രധാനമന്ത്രി. അതും ചെറുപ്രായത്തില്‍. ബഹുമിടുക്കന്‍. പത്രപ്രവര്‍ത്തകന്‍. നാഷണല്‍ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ നേതാവ്. മുമ്പ് സോഷ്യലിസ്‌ററായിരുന്നു. ശ്രദ്ധിക്കണം, മുന്‍പ് ആരായിരുന്നു? സോഷ്യലിസ്റ്റ്. വെറും സോഷ്യലിസ്റ്റല്ല. ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം. അതും ഒക്‌ടോബര്‍ വിപ്ലവത്തിന് മുന്‍പ്. ഇറ്റലിയിലെ ‘ദേശാഭിമാനി’ ആയിരുന്ന അവന്തിയുടെ പത്രാധിപര്‍. ഒന്നാം ലോകയുദ്ധത്തിലെ സോഷ്യലിസ്റ്റുകളുടെ, കമ്യൂണിസ്റ്റുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് വര്‍ഗവിപ്ലവം ഉപേക്ഷിച്ച് തീവ്രദേശീയവാദിയാവുന്നത്. ഫാഷിസം കണ്ടുപിടിച്ചയാളാണ്.
സാക്ഷാല്‍ മുസോളിനി ഫാഷിസത്തെക്കുറിച്ച് പറഞ്ഞത് ”Fascism should more appropriately be called Corporatism because it is a merger of state and corporate power‑’ എന്നാണ്. അതായത് മൂലധനതാല്പര്യങ്ങളെയും ഭരണകൂടത്തെയും ഒന്നാക്കിത്തീര്‍ക്കുന്ന വ്യവസ്ഥ. വ്യക്തമാണല്ലോ അല്ലേ? ഭരണകൂടവും മൂലധന താല്‍പര്യങ്ങളും. അംബാനി, അദാനി, ആധാര്‍ എന്നിങ്ങനെ അക്ഷരമാലാക്രമത്തില്‍ ഓര്‍മകള്‍ പോരട്ടെ. സംശയം മാറിയില്ലേ? അതെ. അതുതന്നെ.
അതവിടെ നില്‍ക്കട്ടെ. ഇനി ഒരു ബുദ്ധിജീവിയിലേക്ക് വരാം. അത് ഉംബര്‍ട്ടോ എക്കോ ആണ്. ഉംബര്‍ട്ടോ എക്കോ തികഞ്ഞ ബുദ്ധിജീവിയാണ്. വലിയ പോരാളി. മുസോളിനിയുടെ നാട്ടുകാരന്‍. ദാര്‍ശനികന്‍. എക്കോ, ഫാഷിസത്തിന് പതിനാല് നിര്‍വചനങ്ങള്‍ നല്‍കി. എല്ലാം പറയണ്ട. ചിലത് കേള്‍ക്കൂ. ഒന്ന് അന്ധമായ പാരമ്പര്യ ആരാധനയാണ്. ഭൂതകാലാഭിരാമം ഉള്‍പ്പടെയുള്ള പാരമ്പര്യാരാധന. കയ്യൂരും കരിവള്ളൂരും എന്ന് മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ ഓര്‍മിക്കുന്നത് നല്ലതാണ്. രണ്ട്, ആധുനികതയുടെ നിരാസം. എല്ലാത്തരം ആധുനികതയെയും തുടക്കത്തിലേ എതിര്‍ക്കുക. നിരസിക്കുക. വേണമെങ്കില്‍ കമ്പ്യൂട്ടറും ട്രാക്ടറും ചുമ്മാ ഓര്‍ക്കാം. അടുത്തത് ആക്ഷന്‍ ഫോര്‍ ആക്ഷന്‍ സേക്ക് ആണ്. ചെയ്യാന്‍ വേണ്ടിയുള്ള ചെയ്ത്ത്. മുന്‍ പിന്‍ വിചാരങ്ങളില്ല എന്ന് ചുരുക്കം. ഉദാഹരണങ്ങള്‍ വേണ്ടല്ലോ? വേണ്ട. അടുത്തത് Fear of Difference ആണ്. എല്ലാത്തരം വിയോജിപ്പുകളോടുമുള്ള ഭയം. വിയോജിക്കുന്നവരോടുള്ള ചിര വൈരം. തീര്‍ത്തുകളയും. അങ്ങനെ നീളുകയാണ് ലക്ഷണശാസ്ത്രം.
കളിക്കാരെയും കളിയെയും പരിചയപ്പെട്ട നിലക്ക് കാര്യത്തിലേക്ക് പോകാം. ക്ഷമിക്കണം. ചരിത്രത്തിലേക്ക് പോകാം. പറഞ്ഞുവന്നത് ഇന്ത്യന്‍ ഫാഷിസത്തിന്റെ, അതായത് മുസോളിനിയുടെയും ഉംബര്‍ട്ടോ എക്കോയുടെയും നിര്‍വചനപ്രകാരം പൂര്‍ണാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സ്ഥാപിതമായിക്കഴിഞ്ഞ ഒന്നിന്റെ, കേരളാപതിപ്പിനെയും അതിനെതിരായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ ചെറുത്തുനില്‍പിനെയും കുറിച്ചാണല്ലോ? അത് എത്രമേല്‍ ഫലപ്രാപ്തമാണ് എന്നതാണല്ലോ നമ്മുടെ ആശങ്ക? ചരിത്രം കേള്‍ക്കാം.
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ വെന്നിക്കൊടി സോവിയറ്റ് റഷ്യയില്‍ ഉയര്‍ന്നതിന്റെ എട്ടാം കൊല്ലമാണ് അതിന്റെ ഇന്ത്യന്‍ പിറവി. 1925-ല്‍. 1917-ലാണ് റഷ്യന്‍ വിപ്ലവം. 1922-ല്‍ ബെനീറ്റോ മുസോളിനി ചെറുപ്രായത്തില്‍ ഇറ്റലിയിലും 1933-ല്‍ റെയിസ്റ്റാഗ് എന്ന് പേരായ ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരം കത്തിച്ച് അത് കമ്യൂണിസ്റ്റുകാരുടെ തലയിലിട്ട് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും അധികാരത്തില്‍ എത്തുന്നതിന് മുന്‍പ്. ഉന്മൂലനമായിരുന്നു മൂന്ന് അധികാരമാറ്റങ്ങളുടെയും കാമ്പും കാതലും എങ്കിലും ആധുനിക മനുഷ്യ സമൂഹത്തെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഒരു രാഷ്ട്രീയ ദര്‍ശനത്തിന്റെ പിന്‍ബലമുണ്ടായിരുന്നു റഷ്യക്കും ലെനിനും. ആ ദര്‍ശനം മാത്രമായിരുന്നു കര്‍മശാസ്ത്രപരമായ ഏക വ്യത്യാസം. സംശയമുള്ളവര്‍ ഉംബര്‍ട്ടോ എക്കോയെ ആദ്യം മുതല്‍ വായിക്കുക. അതൊരു ചെറിയ വ്യത്യാസമായിരുന്നില്ല താനും.
ആ ദര്‍ശനം പിന്‍മാറുകയും അധികാരം അവശേഷിക്കുകയും ചെയ്ത കാലത്ത് എന്തു നടന്നു എന്ന് അറിയാമല്ലോ? സ്റ്റാലിന്‍ മുതല്‍ പോള്‍പോള്‍ട്ട് മുതല്‍ ഉത്തരകൊറിയ വരെ ഉദാഹരണങ്ങളുടെ പൂരമുണ്ട് മുന്നില്‍. ഒന്നുകൂടി പറയാം, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അഭാവത്തില്‍ മാര്‍ക്‌സിസ്റ്റ് സംഘടനാശരീരം മാത്രം അവശേഷിച്ച ഇടങ്ങളില്‍ പച്ച ഫാഷിസം അരങ്ങേറിയെന്ന്. ഹിറ്റ്‌ലര്‍ക്ക് അത് വംശശുദ്ധി എന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രത്യയശാസ്ത്രത്തിന്റെ ക്രൂരമായ നടപ്പാക്കലായിരുന്നു എങ്കില്‍ സ്റ്റാലിനും പോള്‍പോള്‍ട്ടിനും അത് വിയോജിപ്പുകളുടെ കഴുത്തറക്കലായിരുന്നു എന്നുമാത്രം.
ദേശീയ സ്വാതന്ത്ര്യസമരം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലത്താണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ വിത്ത് വീഴുന്നത്. സി.പി.ഐ അംഗീകരിക്കുന്ന ചരിത്രമനുസരിച്ച് 1925-ല്‍. 1925 ഡിസംബര്‍ 26-ന് കാണ്‍പൂരില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം. മാനവേന്ദ്രനാഥ് റോയ് എന്ന എം.എന്‍ റോയിയുടെ കാര്‍മികത്വത്തില്‍. ഒക്‌ടോബര്‍ വിപ്ലവമായിരുന്നു ചാലകശക്തി. റോയ് ലെനിന്റെ സുഹൃത്തായിരുന്നു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു റോയ്. മാര്‍ക്‌സിസം എന്ന ദര്‍ശനവും തൊഴിലാളി വര്‍ഗത്തോടും അധസ്ഥിതരോടുമുള്ള അചഞ്ചലമായ കൂറുമാണ് റോയിയെ ഊരുചുറ്റല്‍ നിര്‍ത്തി ഇന്ത്യയിലെത്താന്‍ പ്രേരിപ്പിച്ചത്. അന്ന് സ്റ്റാലിന്‍ യുഗമായിട്ടില്ല. ലോകത്തെ കമ്യൂണിസമെന്ന നല്ലവനായ ഭൂതം പിടികൂടും എന്ന് മനുഷ്യര്‍ വിശ്വസിച്ചിരുന്ന കാലമാണ്. ക്രൂരമായ യാദൃച്ഛികത കേള്‍ക്കൂ. അതിനും കൃത്യം മൂന്ന് മാസം മുന്‍പ് സെപ്റ്റംബര്‍ 27-നാണ് രാഷ്ട്രീയ സ്വയം സേവക്‌സംഘം അഥവാ ആര്‍.എസ്.എസ് അവതരിക്കുന്നത്. കേശവ ബലിറാം ഹെഡ്‌ഗെവാറുടെ നേതൃത്വത്തില്‍. പ്രചോദനമോ മുസോളിനി. 1922-ലായിരുന്നല്ലോ മുസോളിനി ഇറ്റലിയുടെ പ്രധാമന്ത്രിയാവുന്നതും ഫാഷിസം അവതരിപ്പിക്കുന്നതും. 1940-ല്‍ ഗോള്‍വാള്‍ക്കര്‍ വരുന്നതോടെ ആര്യന്‍ വംശശുദ്ധി സിദ്ധാന്തത്തിന് താത്വികരൂപം പോലും ചമക്കപ്പെടുന്നുണ്ടല്ലോ? 1966 മുതല്‍ അത് വിചാരധാര എന്ന പുസ്തകമായി നമുക്ക് മുന്നിലുണ്ട് താനും.
പറഞ്ഞുവന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചാണ്. അങ്ങനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിനകത്ത് സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് ഉണ്ടാകുന്നു. ജാതിഭ്രാന്തിന്റെ കൂത്തരങ്ങായിരുന്ന കേരളത്തില്‍ നവോത്ഥാനമുന്നേറ്റം ശക്തമാകുന്നു. ആ കാറ്റില്‍ കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി വരുന്നു. പിണറായിയിലെ പാറപ്രത്ത് 1939 ഡിസംബറില്‍ യോഗം നടക്കുന്നു. കേരളത്തില്‍ പാര്‍ട്ടി ജനിക്കുന്നു.
ചരിത്രം കഴിഞ്ഞു. ജനിച്ചത് കണ്ണൂരാണല്ലോ? വളര്‍ന്നതും കണ്ണൂരില്‍. അവിടെ നിന്നാണ് പടര്‍ന്നത്. 1964-ലെ പിളര്‍പ്പിന് ശേഷം സി.പി.എം ശക്തമാകാനും കാരണം കണ്ണൂരിലെ തിണ്ണമിടുക്കാണ്. തൊഴിലാളികളെ സംഘടിപ്പിച്ചും അവര്‍ക്ക് ചെറുത്തുനില്‍പിന് വീര്യം പകര്‍ന്നും അതങ്ങനെ തഴച്ചു.
ഇക്കാലത്താണ് ഇപ്പോള്‍ സംഘപരിവാര്‍ എന്ന് വിളിക്കാവുന്ന തീവ്രവലതരുടെ കണ്ണൂര്‍ പദ്ധതി വരുന്നത്. കണ്ണൂരില്‍ കേന്ദ്രീകരണമുണ്ടാകുന്നു. വെറുതെ ഉണ്ടായതല്ല. അതിന് ബീഡിത്തൊഴിലുമായി ബന്ധമുണ്ട്. ഗണേശ് ബീഡി എന്ന ഒരു ബീഡിക്കമ്പനി ഉണ്ടായിരുന്നു. കുത്തകയാണ്. കണ്ണൂരിലൊന്നും വേറെ കമ്പനിയില്ല. മംഗലാപുരത്താണ് ആസ്ഥാനം. അക്കാലം എക്കാലത്തെയും പോലെ മംഗലാപുരം സംഘ്പരിവാര്‍ കേന്ദ്രമാണ്. ഗണേഷ് ബീഡിക്കമ്പനി ഉടമക്ക് സംഘ്ബന്ധമുണ്ട്. ഗണേഷ് വഴി കണ്ണൂരില്‍, പ്രത്യേകിച്ച് ബീഡിത്തൊഴില്‍ തഴച്ചു നിന്നിരുന്ന തലശ്ശേരി, പാനൂര്‍ ഭാഗങ്ങളില്‍ സംഘ്പരിവാറിന്റെ കടന്നുവരവ് ഉണ്ടാകുന്നുണ്ട്. പക്ഷേ, എല്ലാവരും തൊഴിലാളികള്‍. അസ്വാരസ്യങ്ങള്‍ കുറവ്. ആയിടക്കാണ് ബീഡി സിഗാര്‍ നിയമം വരുന്നത്. അതോടെ കൂലി കൂടുതല്‍ അനിവാര്യമായി. കൂലി കൂടുതല്‍ ചോദിച്ച് സമരമായി. ബീഡി മേഖല സി.പി.എം ശക്തികേന്ദ്രമാണല്ലോ? മുതലാളി ചെറുത്തുനിന്നു. ചെറുക്കാന്‍ മംഗലാപുരത്ത് നിന്ന് ആള്‍ക്കാര്‍ വന്നു. ചെറുത്തുനിന്നവര്‍ക്ക്, അത് വന്നവരായാലും തലശ്ശേരിക്കാരായാലും സംഘ്പരിവാര്‍ ആശ്രയമായി. തൊഴിലാളികളുടെ പ്രക്ഷോഭവും സര്‍ക്കാറിന്റെ ഇടപെടലുമായപ്പോള്‍ ഗണേഷുടമ സാഹസം കാട്ടി. കമ്പനി മംഗലാപുരത്തേക്ക് പോകുമെന്നായി. തൊഴിലാളികള്‍ വഴിയാധാരമാവും എന്ന ഘട്ടമായി. അങ്ങനെയാണ് സി.പി.എം മുന്‍ൈകയില്‍ ദിനേശ്ബീഡി വരുന്നത്. സംഘര്‍ഷം മൂര്‍ഛിച്ചു. തലശ്ശേരി മേഖലയില്‍ ഗണേഷ് അനുകൂലികളും ദിനേശ് തൊഴിലാളികളും ഏറ്റുമുട്ടലായി. അനുകൂലികള്‍ ആര്‍.എസ്.എസ് ആണല്ലോ? എതിര്‍ക്കുന്നവര്‍ സി.പി.എമ്മും. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട പ്രതിഭാസം ആരംഭിക്കുന്നതും തലശ്ശേരിയും പാനൂരും സംഘര്‍ഷമേഖലയാകുന്നതും അങ്ങനെയാണ്. ഏതുവിധേനയും ആളെപ്പിടിക്കുക എന്നത്, ക്യാച്ച് ദെം യങ് എന്നത് ഫാഷിസത്തിന്റെയും ഗോള്‍വാക്കറിസത്തിന്റെയും കര്‍മപദ്ധതിയാണ്. കായബലത്തിന്റെ കഥകേട്ട് വളരുന്ന കുട്ടികളെ കളിക്കളത്തില്‍ കിട്ടുമെന്ന് അവര്‍ക്കറിയാം. ഇതിനിടെയാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം എന്ന് വേണമെങ്കില്‍ പറയാം. മൊയാരത്ത് ശങ്കരന്‍േറത് മറ്റൊരു സാഹചര്യത്തില്‍ ആയിരുന്നല്ലോ? 1969 ഏപ്രില്‍ 28-നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി. കോടിയേരിയെയും മറ്റുചില പ്രവര്‍ത്തകരെയും അക്രമിച്ചതിന്റെ തിരിച്ചടിയായിരുന്നു സംഘര്‍ഷവും കലാപവും കൊലപാതകവും. 1971-ല്‍ തലശ്ശേരിയില്‍ കലാപം നടന്നു. കലാപം ആസൂത്രിതമായിരുന്നു. ആസൂത്രണത്തിന് പിന്നില്‍ ആര്‍.എസ്.എസും ജനസംഘവുമായിരുന്നു എന്ന് വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടും നല്‍കി. അങ്ങനെയങ്ങനെയാണ് വിതക്കലും കൊയ്യലും നടന്നത്. നൂറ് കണക്കിന് ജീവനുകള്‍, അതും പിന്നോക്ക ചെറുപ്പക്കാരുടെ ജീവനുകള്‍ ആ മണ്ണില്‍ പൊലിഞ്ഞു.
ഇതിനിടെ ഭീകരമായ ഒരു ചോര്‍ച്ചക്ക് സി.പി.എം വിധേയമായത് നിങ്ങള്‍ക്കറിയാമല്ലോ? അതെ. അതുതന്നെ. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കമ്യൂണിസ്റ്റ് ആശയത്തിന്റെ ലോകവ്യാപകമായ നിഷ്‌കാസനവും. രാജ്യമാകെ പടര്‍ന്ന ജാതിരാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യയില്‍ ശോഷിച്ചുപോയിരുന്ന ഒരു പാര്‍ട്ടിക്ക് ആത്മാവിനേറ്റ പ്രഹരമായിരുന്നു അത്. ഒരു രാഷ്ട്രീയ ഭരണകൂട ദര്‍ശനമെന്ന നിലയില്‍ തങ്ങള്‍ക്ക് പ്രത്യയശാസ്ത്രം നഷ്ടപ്പെടുക. പുട്ടു വേണോ ദോശ വേണോ എന്ന സംശയത്തിന് പോലും റഷ്യയിലേക്കും കിത്താബിലേക്കും നോക്കി ജീവിച്ച പാര്‍ട്ടിക്ക് പിന്നീട് സ്വന്തം ഉത്തരങ്ങള്‍ കണ്ടെത്തേണ്ടി വന്നു. കാര്യങ്ങള്‍ പിടികിട്ടുന്നില്ല എന്ന അവസ്ഥവന്നു. തെറ്റുകള്‍, തിരുത്തലുകള്‍. എം.വി രാഘവന്‍ മുതല്‍ ഗൗരിയമ്മ വരെ അങ്ങനെ നീളുന്നു. ഒന്നിലും വ്യക്തതയില്ലാത്ത അവസ്ഥ. അവശേഷിക്കുന്നത് നേരത്തെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായി വന്ന കയ്യൂക്കുള്ള അണികള്‍. അവരെ പ്രചോദിപ്പിക്കാന്‍ കയ്യൂര്‍, കരിവള്ളുര്‍, പുന്നപ്ര എന്നിങ്ങനെ പില്‍ക്കാല ചരിത്രം യാദൃഛികമെന്നും അബദ്ധമെന്നും വിശേഷിപ്പിച്ച കുറേ സമരങ്ങള്‍. സുന്ദരനായ ചെഗുവേര. നെഹ്‌റു ഭരിക്കുന്ന നാട്ടില്‍ വേറെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിന് എന്ന് പച്ചക്ക് ചോദിച്ച ആളാണ് കേട്ടോ ഈ ചെഗുവേര. പണ്ട് ഡല്‍ഹിയില്‍ വന്നപ്പോള്‍. അതുപോട്ടെ.
ഈ സാഹചര്യമാണ് കയ്യൂക്കിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത്. പറയാന്‍ ആശയമില്ലാതായപ്പോള്‍ വാളിന്റെ വഴി. സംഘപരിവാരം കാത്തിരുന്നത് ഇതിനായിരുന്നു. കായബലം അവര്‍ക്ക് പണ്ടേ ഉണ്ട്. എളുപ്പം തീപിടിപ്പിക്കാവുന്ന ആശയബലവുമുണ്ട്. ആെക തടസം ഇവിടെ നവോത്ഥാന ഭൂതകാലത്തിന്റെ സ്മാരകമായി നില്‍ക്കുന്ന സി.പി.എം ആണ്. അവരെ തകര്‍ക്കാന്‍ പറ്റിയ സമയം ഇപ്പോഴാണ്. കണ്ണൂരിലെ വാള്‍ വഴികളുടെ കഥ ഇതാണ്.
ആ കളിയാണ് തലസ്ഥാനത്തേക്ക് പറിച്ചുനടുന്നത്. കോഴയില്‍ മുങ്ങി രാജ്യം ഭരിക്കുന്ന പാര്‍ട്ടി കൂപ്പുകുത്തിയപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമായിരുന്നില്ലേ ഇപ്പോള്‍ എന്തെങ്കിലും സംഘര്‍ഷം ഉണ്ടാകുമെന്ന്. അറിയാമായിരുന്നു. എത്ര തവണ ആവര്‍ത്തിച്ച നാടകമാണത്. കുന്നുകുഴി കൗണ്‍സിലറെപ്പോലെയുള്ള വീരശൂരപരാക്രമികളെ മുന്‍കൂര്‍ തടയാമായിരുന്നില്ലേ കോടിയേരിക്ക്. ചെയ്തില്ല. കാരണമുണ്ട്. കാരണമറിയാന്‍ മുസോളിനിയിലേക്ക് വരാം.
”Fascism should more appropriately be called Corporatism because it is a merger of state and corporate power” എന്നാണല്ലോ,
മൂലധനതാല്പര്യങ്ങളെയും ഭരണകൂടത്തെയും ഒന്നാക്കിത്തീര്‍ക്കുന്ന വ്യവസ്ഥ എന്നാണല്ലോ മുസോളിനി പറഞ്ഞത്. മൂലധനതാല്‍പര്യങ്ങള്‍ ഒട്ടും കുറവല്ലല്ലോ സി.പി.എമ്മിന്. ഭരണകൂടത്തെ അതില്‍ നിന്ന് മുക്തമാക്കിയിട്ടുമില്ലല്ലോ സി.പി.എം? ഉംബര്‍ട്ടോ എക്കോയിലേക്ക് വരാം. ആ ലക്ഷണങ്ങള്‍ എല്ലാം ഇവിടെയുമുണ്ടല്ലോ? അതേ. പറഞ്ഞത് പറഞ്ഞതാണ്. ഹിന്ദുത്വ രാഷ്ട്ര നിര്‍മിതി, ഇതരമത വിദ്വേഷം, തീന്‍മേശയിലെ കയ്യേറ്റം, തീവ്രവര്‍ഗീയത എന്നീ കാരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സംഘ്പരിവാരത്തില്‍ നിന്ന് സി.പി.എമ്മിലേക്കുള്ള ദൂരം കുറയുന്നത് കാണാം. അമ്പാടി മുക്ക് സഖാക്കളുടെ ശ്രീകൃഷ്ണ ജയന്തിയും പു.ക.സ. യുടെ മതേതര നാലമ്പല യാത്രയും ഓര്‍ക്കുമ്പോള്‍ ചെറിയ പേടി വരുന്നില്ലേ. പേടിക്കുന്നത് നല്ലതാണ്.
അപ്പോള്‍ അവസാനിപ്പിക്കാം. ഫാഷിസത്തിനെതിരില്‍ വടിവാളെടുക്കാം എന്ന് വ്യാമോഹിക്കുന്നത് അവര്‍ കുഴിക്കുന്ന കുഴിയിലേക്ക് ചാടലാണ്. നിലവിലെ പാര്‍ട്ടിഘടനയും അധികാര സ്വഭാവവും വെച്ച് സി.പി.എമ്മിന് ഫാഷിസത്തിനെതിരെ യുദ്ധം സാധ്യമാവില്ല. കാരണം ദര്‍ശനം ഇറങ്ങിപ്പോയ സി.പി.എമ്മിന് ഫാഷിസത്തിന്റെ ലക്ഷണങ്ങളുണ്ട്. നേതാക്കളുടെ ആക്രോശങ്ങളിലും ശരീരഭാഷയിലും അതുണ്ട്. കരണത്തടിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നത് ഫാഷിസവും കൈവെട്ടുമെന്ന് എം എം മണി പറയുന്നത് ഫാഷിസ്റ്റ് വിരുദ്ധതയുമാവില്ല. അതുകൊണ്ട് ആദ്യം നിങ്ങള്‍ അടങ്ങുക. ഉള്ളിലെ അങ്കക്കോഴിയെ പൊരിച്ച് തിന്നുക. അവരുടെ സംഘടിതവും ആസൂത്രിതവുമായ കളികള്‍ക്ക് മുന്നില്‍ തലവെക്കരുത്. പ്രതിരോധമെന്ന് കരുതി നിങ്ങള്‍ ചെയ്യുന്നത് പ്രതിരോധമല്ല. വളമിടലാണ്. നിങ്ങള്‍ ചൊരിയുന്ന ചോരമാത്രമല്ല നിങ്ങള്‍ ഒഴുക്കുന്ന ചോരയും അവര്‍ക്ക് വളമാണ്. അതിനാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കു. വിശാല ഐക്യങ്ങളില്‍ പങ്കാളിയാകൂ. ഒറ്റക്ക് കൂട്ടിയാല്‍ ഒന്നുമാവില്ല എന്ന് സ്വയം മനസിലാക്കൂ. കാര്യങ്ങള്‍ മനസിലാക്കുന്നതിലെ പരമ്പരാഗത കാലതാമസം ഇക്കാര്യത്തിലെങ്കിലും ഒഴിവാക്കുക. ലേഖനം കഴിഞ്ഞു. ഇനി ആദ്യം ഓര്‍മിപ്പിച്ച കെ.ജി.എസിന്റെ വരികള്‍ ഒന്നുകൂടി വായിച്ചുനോക്കാം. കവികള്‍ സൂക്ഷ്മദര്‍ശനം ചെയ്യുന്ന ദൈവജ്ഞരാണ്.
കെ കെ ജോഷി
വളരെ സന്തോഷം
ഇങ്ങനെ നിർഭയത്തോടുകൂടി ഭരണപക്ഷ പാർട്ടിക്കെതിരെ പറയാൻ ആർജവം കാണിച്ചതിൽ
എന്നും എല്ലാ വാരികകൾക്കും മാസികകൾക്കും രിസാല ഒരു മാത്രക യാണു.
Valare nalla oru article