ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിവിധ കാമ്പസുകളില്‍ 2018ല്‍ നടത്തുന്ന മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2017ന് ഓഗസ്റ്റ് 9 മുതല്‍ അപേക്ഷിക്കാം. അഹമ്മദാബാദ്, അമൃത്‌സര്‍, ബെംഗളൂരു, ബോധ് ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലക്‌നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോഹ്തക്, സംബല്‍പുര്‍, ഷില്ലോങ്, സര്‍മനര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) ലഭ്യമാണ്. കൂടാതെ അഹമ്മദാബാദില്‍ ഫുഡ് ആന്‍ഡ് അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബെംഗളൂരുവില്‍ എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, പബ്ലിക് പോളിസി മാനേജ്‌മെന്റ്, ഇന്‍ഡോറില്‍ എക്‌സിക്യുട്ടീവ്, ഹ്യൂമണ്‍ റിസോഴ്‌സസ്, കാഷിപുരില്‍ എക്‌സിക്യുട്ടീവ്, റായ്പുറില്‍ വര്‍ക്കിങ് എക്‌സിക്യുട്ടീവ്‌സ്, റാഞ്ചിയില്‍ ഹ്യൂമണ്‍ റിസോഴ്‌സസ്, റോഹ്തക്കില്‍ എക്‌സിക്യുട്ടീവ്, ഷില്ലോങ്ങില്‍ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 നവംബര്‍ 26ന് നടത്തും.
അപേക്ഷകര്‍ക്ക് ബിരുദപരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി. ബിരുദ പരീക്ഷ പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുന്നവര്‍, 2018 മേയ് മാസത്തിനുള്ളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നവര്‍ എന്നിവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാന്‍ അര്‍ഹരാണ്. ക്യാറ്റിന് അപേക്ഷിക്കാന്‍ പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ 2017 സെപ്റ്റംബര്‍ 20 വൈകിട്ട് 5 മണിവരെ വേേു:െ//ശശാരമ.േമര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപ. എസ്.സി.,എസ്.ടി., അംഗപരിമിതവിഭാഗക്കാര്‍ക്ക് 900 രൂപ. ഈ തുക ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ അടക്കാം.
കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ നല്‍കിയശേഷം വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയശേഷം സബ്മിറ്റ് ചെയ്യണം.
അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 18 മുതല്‍, പരീക്ഷാദിവസം വരെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയായിരിക്കും ക്യാറ്റ്. ഇതിന് മൂന്ന് വിഭാഗങ്ങളുണ്ടാകും. ഭാഗം ഒന്നില്‍ വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍, രണ്ടാം ഭാഗത്ത് ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, മൂന്നാം ഭാഗത്ത് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ മേഖകളില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ആ രീതിയിലല്ലാത്ത ചോദ്യങ്ങളും പരീക്ഷക്കുണ്ടാകും. ഓരോതരത്തിലുള്ള ചോദ്യങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചുനല്‍കുന്ന ക്രമത്തിലാണ് മൂന്ന് സെക്ഷനുകള്‍ക്ക് ഉത്തരം നല്‍കേണ്ടത്. ഓരോ സെക്ഷനിലെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 60 മിനിറ്റ് അനുവദിക്കും. ഈ സമയത്ത് ഒരു സെക്ഷനില്‍നിന്ന് മറ്റൊന്നിലേക്ക് പരീക്ഷാര്‍ഥിക്ക് മാറാന്‍ കഴിയില്ല. പരീക്ഷക്ക് ഒരു നിശ്ചിത സിലബസ് ഇല്ല. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ശരിയുത്തരത്തിന് മൂന്നുമാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് നഷ്ടപ്പെടും.
ഓരോ ഐ.ഐ.എമ്മിനും അവരുടേതായ തിരഞ്ഞെടുപ്പുരീതിയുണ്ടാകും. അതിലെ ഒരു പ്രധാനഘടകമായിരിക്കും ക്യാറ്റ് സ്‌കോര്‍. അതുകൂടാതെ അക്കാദമിക് മികവ്, പ്രവൃത്തിപരിചയം, മറ്റ് ഘടകങ്ങള്‍ എന്നിവയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഗണിച്ചേക്കാം. തിരഞ്ഞെടുപ്പില്‍, പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും, പട്ടികവര്‍ഗത്തിന് ഏഴര ശതമാനവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 27 ശതമാനവും അംഗപരിമിതവിഭാഗക്കാര്‍ക്ക് 5 ശതമാനവും സംവരണമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimcat.ac.in എന്ന വെബ്‌സൈറ്റ് കാണുക.
ഐ.ഐ.എഫ്.ടിയില്‍ ഫോറിന്‍ ട്രേഡ് എം.ബി.എ.
കേന്ദ്രവാണിജ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി.) ഡല്‍ഹി, കൊല്‍ക്കത്ത, കാക്കിനാഡ കാമ്പസുകളില്‍ 2018 ല്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ബിസിനസിലെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പൂര്‍ണമായും സഹവാസരീതിയില്‍ നടത്തുന്ന 6 ട്രെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഈ എം.ബി.എ. പ്രോഗ്രാമിന് ഡല്‍ഹി ക്യാമ്പസില്‍ 220 സീറ്റും കൊല്‍ക്കത്തയില്‍ 140 സീറ്റുമുണ്ട്. അന്താരാഷ്ട്ര ബിസിനസ് മാനേജ്‌മെന്റില്‍ പരിശീലനം നല്‍കാനുള്ള പാഠ്യപദ്ധതിയനുസരിച്ചാണ് ഇവിടെ കോഴ്‌സ് നടത്തുന്നത്.
അപേക്ഷാര്‍ത്ഥിക്ക് കുറഞ്ഞത് 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു അംഗീകൃത ബാച്ചിലര്‍ ബിരുദം, 50 ശതമാനം മാര്‍ക്കോടെ നേടിയത്, ഉണ്ടായിരിക്കണം. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. അപേക്ഷിക്കാന്‍ പ്രായപരിധിയൊന്നുമില്ല. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, എഴുതാനുള്ള കഴിവിന്റെ മൂല്യനിര്‍ണയം, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നവംബര്‍ 28ന് രാവിലെ 10 മുതല്‍ 12 മണിവരെ നടത്തും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരൂ എന്നിവയും ഉള്‍പ്പെടുന്നു. ഇംഗ്ലീഷ് ഗ്രാമര്‍, വൊക്കാബുലറി ആന്‍ഡ് ക്രോംപ്രിഹെന്‍ഷന്‍, ജനറല്‍ നോളേജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ലോജിക്കല്‍ റീസണിങ്, ഡാറ്റ ഇന്റര്‍പ്രറ്റേഷന്‍, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് എന്നീ വിഷങ്ങളില്‍ നിന്നും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. എഴുത്തുപരീക്ഷയിലെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മറ്റ് തിരഞ്ഞെടുപ്പു ഘടകങ്ങള്‍ക്കായി ജനുവരി/ഫിബ്രവരി മാസങ്ങളില്‍ അപേക്ഷകരെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്ഹി, ഹൈദരാബാദ്, കൊല്ക്കത്ത, ലഖ്‌നൗ, മുംബൈ എന്നീ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കും.
അപേക്ഷ, ഓണ്‍ലൈനായി www.iift.edu എന്ന വെബ്‌സൈറ്റിലൂടെ നല്കാം. പ്രോസ്‌പെക്ടസ് അപേക്ഷാഫോം എന്നിവയുടെ ഫീസ് 1550 രൂപയാണ് (എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 775 രൂപ). അപേക്ഷാഫീസ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ന്യൂഡല്‍ഹിയില് മാറത്തക്കവിധം, ‘Indian Institute of Foreign Trade എന്ന പേരിലെടുത്ത ഡി.ഡി. വഴിയോ അടക്കാം. ഡി.ഡിയുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷാവേളയില്‍ നല്‍കേണ്ടിവരും. നവംബര്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട്/വോട്ടര്‍ ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്/പാന്‍കാര്‍ഡ്/ഡ്രൈവിങ് ലൈസന്‌സ്/കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൊന്നും സഹിതം, രാവിലെ 9 മണിക്ക് പരീക്ഷക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.iift.edu എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബര്‍ 8.
റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഡിപ്ലോമ
മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ പോസ്റ്റ് എം.എസ്സി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിന് എം.എസ്‌സി. പാസായവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. നോണ്‍ സ്‌പോണ്‍സേഡ് കാറ്റഗറിയില്‍ 25 സീറ്റുകളാണുള്ളത്. അഞ്ചു സീറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കായി നീക്കി വച്ചിരിക്കുന്നു. ഫിസിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
സ്‌പോണ്‍സേഡ് കാന്‍ഡിഡേറ്റുകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി പൊതുവിഭാഗത്തിന് 26 വയസ്. സെപ്റ്റംബര്‍ മൂന്നിന് മുംബൈയില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും തുടര്‍ന്ന് അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യാത്രാ ബത്ത ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9300 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഓണ്‍ലൈനായി ഓഗസ്റ്റ് 21നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 200 രൂപ. വെബ്‌സൈറ്റ്:www.bare.gov.in
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി./പ്ലസ്ടു/വി.എച്ച്.എസ്.ഇ. തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫസര്‍ ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് 2016-17 അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മുസ്‌ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷകര്‍ക്ക് എസ്ബിഐ ബാങ്കിലെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04712302090, 2300524. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.
റസല്‍
thozhilvazhikal@gmail.com
You must be logged in to post a comment Login